13. വിചാരണാസാഹിത്യത്തിൻ്റെ തുടക്കവും ദുരഭിമാനക്കൊലയുടെ തുടർച്ചയും
………………………………………………………………………………………………..………………………………………

1909 ജൂലൈ 10 നാണ് മദൻലാൽ ദിംഗ്രയുടെ വിചാരണ ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് കോടതി തനിക്ക് മരണശിക്ഷ തരണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നുണ്ട്. കാരണം അങ്ങനെയൊരു ശിക്ഷ തൻ്റെ നാടിൻ്റെ സമരത്തെ മുന്നോട്ടു കൊണ്ടുപോകും. ” ജർമ്മനിക്ക് ഇംഗ്ലണ്ടിനെ കീഴടക്കാൻ  അവകാശമില്ലാത്ത പോലെത്തന്നെ, ഇംഗ്ലണ്ടിന് ഇന്ത്യയേയും കീഴടക്കാൻ  അവകാശമില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പുണ്യഭൂമിയെ അശുദ്ധമാക്കുന്ന ഇംഗ്ലീഷുകാരെ കൊല്ലുക എന്നത് ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ സമ്പൂർണ്ണമായി ന്യായീകരിക്കാവുന്ന ഒന്നാണ്. ഇംഗ്ലീഷുകാരുടെ കപടനാട്യത്തിലും പ്രഹസനത്തിലും പരിഹാസ്യതയിലും ഞാൻ അത്ഭുതം കൂറുന്നു

തികച്ചും സാമ്രാജ്യവിരുദ്ധമായിരിക്കേ തന്നെ ദിംഗ്രയുടെ പ്രസ്താവനയിൽ, ആ സാമ്രാജ്യവിരുദ്ധതയുടെ അടിസ്ഥാനം, ഏതാണ്ട് വംശീയതയിൽ അധിഷ്ഠിതമാണ്. ജർമ്മൻ വംശീയത ഇംഗ്ലീഷ് വംശീയതയെ കീഴടക്കുന്ന ന്യായമില്ലായ്മയാണ് ഇന്ത്യൻ ഹിന്ദുക്കളെ ഇംഗ്ലീഷുകാർ കീഴടക്കുന്നതിലും ദിംഗ്ര കാണുന്നത്. സാമ്രാജ്യത്ത ചൂഷണമോ അക്രമമോ അല്ല ദിംഗ്ര എടുത്തുകാണിക്കുന്നത്. പുണ്യഭൂമിയെ മ്ലേച്ഛമാക്കുന്നതാണ്. ഈ പുണ്യഭൂമി എന്ന സങ്കല്പനം പിന്നീട് ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പ്രധാനപ്പെട്ട ഘടകം ആകുന്നുണ്ട്.

ദിംഗ്രയുടെ ഈ പ്രസ്താവന അറസ്റ്റിലായ സമയത്ത് പോലീസിന് എഴുതിക്കൊടുത്തതാണ്. എന്നാൽ പോലീസ് ഇത് പുറത്തെത്തിച്ചില്ല. ദിംഗ്രയുടെ പ്രസ്താവനയിൽ ആകൃഷ്ടനായി ഇന്ത്യയിൽ നിന്ന് പുതിയ പുതിയ ദിംഗ്രമാർ ഉണ്ടാകുന്നത് കാണാൻ ഇംഗ്ലീഷുകാർ ആഗ്രഹിച്ചില്ല. ആ പ്രസ്താവനയിൽ ദിംഗ്ര തുടർന്നു പറയുന്നു

ഞാൻ ഏറ്റുപറയുന്നു. കഴിഞ്ഞ ദിവസം ഞാൻ ചൊരിഞ്ഞ ഇംഗ്ലീഷ് രക്തം രാജ്യസ്നേഹികളായ  ഇന്ത്യൻ യുവാക്കളെ മനുഷ്യത്വരഹിതമായി തൂക്കിലേറ്റിയതിനും നാടുകടത്തിയതിനുമുള്ള വിനീതമായ പ്രതികാരമാണ്. … ഞാൻ വിശ്വസിക്കുന്നത് ഒരു രാഷ്ട്രം വിദേശബയണറ്റുകളുടെ സഹായത്താൽ ബന്ധിതമായിട്ടുണ്ടെങ്കിൽ, ആ രാജ്യം തുടർച്ചയായ ഒരു യുദ്ധാവസ്ഥയിലാണ്. ആയുധമില്ലാത്ത ഒരു ജനതയ്ക്ക് തുറന്ന യുദ്ധം അപ്രാപ്യമായതിനാൽ, തോക്കുകൾ എനിക്ക് നിഷേധിക്കപ്പെട്ടതിനാൽ, ഞാൻ പൊടുന്നനെ ആക്രമിക്കുകയാണുണ്ടായത്. ഞാൻ എൻ്റെ പിസ്റ്റൾ വലിച്ചെടുക്കുകയും വെടിയുതിർക്കുകയും ചെയ്തു.” വീണ്ടും ദിംഗ്ര പറയുന്നു, “ഒരു ഹിന്ദുവെന്ന നിലയിൽ എൻ്റെ രാജ്യത്തോട് ചെയ്യുന്ന തെറ്റ് ഈശ്വരനോട് ചെയ്യുന്ന ഉപദ്രവമായി ഞാൻ കരുതുന്നു. ” അത് അവസാനിക്കുന്നത് ഇങ്ങനെയാണ്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഈ സ്വാതന്ത്ര്യയുദ്ധം ഇംഗ്ലീഷുകാരുടെ വംശവും ഹിന്ദുവംശവും നിലനിൽക്കുന്നിടത്തോളം തുടരും

ദിംഗ്രയുടെ മനസ്സിൽ സവർക്കർ അടിച്ചേല്പിച്ചത് ആധുനികമായ വിപ്ലവ സിദ്ധാന്തങ്ങളോ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഉദാത്ത സങ്കല്പങ്ങളോ അല്ല എന്ന് ഈ പ്രസ്താവന ബോധ്യപ്പെടുത്തുന്നു. അത് ഒരു യുദ്ധസങ്കല്പമാണ്. ഹിന്ദുക്കളും ഇംഗ്ലീഷുകാരും തമ്മിലുള്ള യുദ്ധത്തിൽ ഇംഗ്ലീഷുകാർ തോറ്റാൽ ഹിന്ദുരാഷ്ട്രമാണ് ഉണ്ടാകുക എന്നും ദിംഗ്ര പറയാതെ പറയുന്നുണ്ട്. യുദ്ധം ചെയ്യാൻ വേണ്ടത്ര ആയുധങ്ങൾ ഇല്ലെങ്കിൽ ഭീകരവാദം ആവർത്തിക്കുമെന്നും.

ദിംഗ്രയുടെ പേരിൽ പ്രസിദ്ധീകരിച്ച ഈ പ്രസ്താവന തന്നെ സവർക്കർ എഴുതിയതാണ് എന്ന് ഏറെക്കുറെ വ്യക്തമാണ്. തിലക് ഉയർത്തിക്കൊണ്ടു വന്ന നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം സവർക്കറിൽ ഹിന്ദുവാദമായി എങ്ങനെ പരിണമിച്ചു എന്ന് നാം കണ്ടു. ആ ആശയം സ്ഫുരിക്കുന്നത് കൊണ്ടോ സവർക്കറുടെ സ്ഫോടനാത്മക ശൈലി ഉൾക്കൊള്ളുന്നത് കൊണ്ടോ മാത്രമല്ല അങ്ങനെ അനുമാനിക്കുന്നത് സാഹചര്യത്തെളിവുകളിൽ കൂടിയാണ്. ഇംഗ്ലീഷുകാർ മൂടിവെച്ച ദിംഗ്രയുടെ പ്രസ്താവന, ദിംഗ്രയെ തൂക്കിലേറ്റും മുമ്പേ സവർക്കർ ഇംഗ്ലീഷ് പത്രങ്ങൾക്ക് അയച്ചുകൊടുത്തു. ഇംഗ്ലീഷ് പത്രങ്ങൾ അത് പ്രസിദ്ധീകരിക്കാതിരുന്നപ്പോൾ തൻ്റെ സുഹൃത്തായിരുന്ന ഡേവിഡ് ഗാർനെറ്റിൻ്റെ സഹായത്തോടെ ഡെയ്ലി ന്യൂസ് പത്രത്തിൻ്റെ താളുകൾക്കുള്ളിൽ പ്രത്യേകം അച്ചടിച്ച നോട്ടീസ് ആയാണ് ഈ പ്രസ്താവന വിതരണം ചെയ്തത്. തടവിലിരിക്കേ ദിംഗ്ര നൽകിയ പ്രസ്താവന പുറത്തുള്ള സവർക്കർക്ക് എങ്ങനെ കിട്ടി എന്നതിന് ഒരേ ഒരു ഉത്തരമേ യുക്തിസഹം ആയുള്ളൂ; ആ പ്രസ്താവനാസാഹിത്യം സവർക്കർ എഴുതിയതാണ്.

സവർക്കറുടെ ഇംഗ്ലീഷ് ജീവിതം താറുമാറായ ഘട്ടം കൂടിയായിരുന്നു അത്. ദിംഗ്രയുടെ പ്രവൃത്തി സവർക്കറെ ജനകീയനല്ലാതാക്കി. അതിന് മുമ്പേ തന്നെ ഇന്ത്യാ ഹൗസിൻ്റെ ചുമതലയൊഴിഞ്ഞിരുന്ന സവർക്കർ ബിപിൻ ചന്ദ്രപാലിൻ്റെ വസതിയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ മകൻ നിരഞ്ജൻ പാൽ സവർക്കറുടെ സുഹൃത്തും ഒരു പരിധി വരെ അനുയായിയും ആയിരുന്നു. വില്ലിയുടെ വധത്തിലുണ്ടായ ജനരോഷം പാലിൻ്റെ വസതി തകർക്കും എന്ന നിലവന്നപ്പോൾ അദ്ദേഹം സവർക്കറെ അവിടെ നിന്നും ഒഴിവാക്കി. താമസിക്കാൻ ലണ്ടനിൽ ഒരിടത്തും സവർക്കർക്ക്  ഇടം കിട്ടിയില്ല. കൂട്ടുകാർ മിക്കവാറും സവർക്കറെ ഒഴിവാക്കി. അവസാനം റെഡ് ലയൺ പാസ്സേജിൽ താമസിച്ചിരുന്ന  ഒരു ജർമ്മൻ സ്ത്രീ കുറച്ചു നാൾ സവർക്കർക്ക് താമസ സൗകര്യം നൽകുകയുണ്ടായി.

ഈ ഘട്ടത്തിലാണ് “സാഗരതലമാലല” എന്ന ഗീതം സവർക്കർ രചിക്കുന്നത്. ഇംഗ്ലണ്ടിലേയ്ക്ക് വരും മുമ്പ് സ്വരാജ്യത്തെ കുറിച്ച് “ജയോസ്തുതോ” എന്ന ഗീതവും സവർക്കർ രചിച്ചിരുന്നു. പിൽക്കാലത്ത് സവർക്കറുമായി അടുപ്പത്തിലായിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ സംഗീതകാരനായ ഒരാൾ ആ ഗീതങ്ങൾക്ക് സംഗീതം നൽകുകയും അയാളുടെ പാട്ടുകാരികളായ സഹോദരിമാർ അവ ആലപിച്ച് പ്രസിദ്ധമാക്കുകയും ചെയ്തു . ആ സംഗീതകാരൻ്റെ പേര് ഹൃദയനാഥ് മങ്കേഷ്ക്കർ എന്നായിരുന്നു. സഹോദരിമാരുടെ പേര് ലത, ആശ, ഉഷ, മീന എന്നും. അതെ; ലതാമങ്കേഷ്ക്കറും സഹോദരിമാരും.

ദിംഗ്രയുടെ വിചാരണ ആരംഭിച്ച ജൂലൈ 10 ന് മഹാത്മാഗാന്ധി ലണ്ടനിലെത്തുകയുണ്ടായി. ഇന്ത്യൻ ഒപ്പീനിയനിൽ എഴുതിയ ലേഖനത്തിൽ ഇത്തരം പ്രവൃത്തികളോടുള്ള സമീപനം ഗാന്ധി വ്യക്തമാക്കുകയുണ്ടായി. ദിംഗ്ര ഭീരുവിനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തോട് സഹതാപപ്പെടാൻ മാത്രമേ ഒരാൾക്കാകൂ എന്നും അർത്ഥശങ്കയില്ലാതെ ഗാന്ധി വ്യക്തമാക്കി. ” ഈ പ്രവൃത്തി നടപ്പിലാക്കാൻ വേണ്ടി അദ്ദേഹം (ദിംഗ്ര) അടയിരിക്കുകയായിരുന്നു. ഇത് അദ്ദേഹത്തിൽ കുത്തിവെച്ചവർ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ആണ്. മിസ്റ്റർ ദിംഗ്ര യഥാർത്ഥത്തിൽ നിഷ്ക്കളങ്കൻ ആണ്. കൊല നടന്നത് ലഹരിയുടെ അവസ്ഥയിലാണ്. അകത്താക്കിയ  മദ്യമോ ഭാംഗോ മാത്രമല്ല ഒരാളെ ലഹരിയിലാക്കുക. ഒരു ഭ്രാന്തമായ ആശയത്തിനും അങ്ങനെ ചെയ്യാൻ കഴിയും“. ഗാന്ധി അവിടെ നിർത്തുന്നില്ല. “ഇത്തരം കൊലകൾ ഇന്ത്യയ്ക്ക് നല്ലതുവരുത്തും എന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന മനുഷ്യർ തീർച്ചയായും യാതൊന്നുമറിയാത്ത മനുഷ്യരാണ്. … ഇത്തരം വധകൃത്യങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയാണെന്ന് തന്നെ വിചാരിക്കുക. ആരാണ് അവരുടെ സ്ഥാനത്ത് നമ്മെ ഭരിക്കുക? ഒരേ ഒരുത്തരം ഈ കൊലയാളികൾ തന്നെ എന്നായിരിക്കും. അത്തരം ഒരു ഭരണത്തിന് കീഴിൽ ഇന്ത്യ അങ്ങേയറ്റം നശിക്കും “. അത്തരം കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ ആ ചെറുപ്പക്കാരനിൽ  ചെലുത്തിയ മനുഷ്യർ ദൈവത്തിൻ്റെ കോടതിയിൽ വിളിക്കപ്പെടും ” എന്നു മാത്രമല്ല ” ലോകത്തിൻ്റെ കണ്ണുകൾക്ക് മുന്നിലും കുറ്റക്കാർ ആയിരിക്കും “.

ദിംഗ്രയുടെ പ്രവൃത്തി കലുഷിതമാക്കിയ ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് അന്ന് തൻ്റെ കർമ്മരംഗമായിരുന്ന ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങുമ്പോൾ ഗാന്ധി ആഴത്തിൽ കലങ്ങിയിരുന്നു. ഒരു വലിയ ധാർമ്മികപ്രശ്നമായാണ് ഗാന്ധി അതിനെ കണ്ടത്. കേപ് ടൗണിലേയ്ക്കുള്ള കപ്പലിലിരുന്ന്, ആ ധാർമ്മിക പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ, ഗാന്ധി രചിച്ച കൃതിയാണ് “ഹിന്ദ് സ്വരാജ് “. എഡിറ്ററും ഗാന്ധിയും വായനക്കാരനും തമ്മിലുള്ള ഇരുപത് സാങ്കല്പിക സംഭാഷണങ്ങൾ ആണല്ലോ ഹിന്ദ് സ്വരാജിൻ്റെ ഉള്ളടക്കം. പാശ്ചാത്യ നാഗരികതയ്ക്ക് എതിരെയുള്ള വലിയ വിമർശനം എന്ന പോലെത്തന്നെ ഹിംസയ്ക്കെതിരെയുള്ള കൊടിയ  വിമർശനം കൂടിയാണിത്. വായനക്കാരൻ എന്ന അക്രമത്തെ ന്യായീകരിക്കുന്ന സവർക്കർ മാതൃകയിലുള്ള കഥാപാത്രത്തോട് എഡിറ്റർ പറയുന്നു ” നിന്നെപ്പോലുള്ളവർ ഇന്ത്യ എന്ന വിശുദ്ധനാടിനെ അശുദ്ധമാക്കുകയാണ് “. അതോടൊപ്പം ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു .

കൊലകളിലൂടെ ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നാലോചിക്കുമ്പോൾ നിങ്ങൾ കിടുങ്ങുന്നില്ലേ?

എന്നാൽ സ്വാതന്ത്ര്യത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയും ദുരഭിമാനം വെച്ചുപുലർത്തുന്ന ഒരു സംഘം യുവാക്കളെ തിലകിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടിയ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റെ ചാവേറുകൾ ആയി സവർക്കർ അണിനിരത്തിയിരുന്നു. വില്ലിയെപ്പോലെ ചെറുചെറു ഇരകളെ കൊന്ന് മാത്രം തീർക്കാവുന്ന ഒന്നായിരുന്നില്ല, ബാബാറാവുവിൻ്റെ നാടുകടത്തൽ.

അതിൻ്റെ ഇരയായി തെരഞ്ഞെടുത്തത് ഏ എം ടി ജാക്സൺ എന്ന നാസിക് ജില്ലാ കളക്ടറേയാണ്. മറ്റ് കൊളോണിയൽ ഉദ്യോഗസ്ഥരുമായി താരതമ്യപ്പെടുത്തുമ്പോൾ ജാക്സൺ ഇന്ത്യയോടും ഇന്ത്യക്കാരോടും മമതയുള്ള ഒരാൾ ആയിരുന്നു. ഇന്ത്യൻ സംസ്ക്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള ഒരാൾ കൂടിയായിരുന്നു ജാക്സൺ. പണ്ഡിറ്റ് ജാക്സൺ എന്നാണ് അദ്ദേഹത്തിൻ്റെ ഇന്ത്യാപ്രേമത്തെ ദ്യോതിപ്പിക്കുവാനായി പലരും വിളിച്ചിരുന്നത്. നാസിക് എന്ന 25000 മാത്രം ജനസംഖ്യയുണ്ടായിരുന്ന പ്രാദേശിക നഗരത്തിൽ പൊതുവേ ജനകീയനായിരുന്നു ജാക്സൺ .അതിൽ 9000 പേരോളം ബ്രാഹ്മണർ ആയിരുന്നു. ആ 9000 ത്തിൽ 1000 പേർ മാത്രമേ ചിത്പാവൻ ബ്രാഹ്മണർ ആയിരുന്നുള്ളു. എങ്കിലും ആ ന്യൂനപക്ഷത്തിൽ ഒരു ന്യൂനപക്ഷമായിരുന്നു സവർക്കറുടെ അഭിനവ് ഭാരതിനെ നയിച്ചിരുന്നത്.

നാസിക്കിലെ ഔദ്യോഗിക പദവിയിൽ നിന്നും ബോംബെയിലേയ്ക്ക് കമ്മീഷണർ ആയി സ്ഥാനക്കയറ്റം ലഭിച്ചത് നാസിക്കിലെ പൊതുജനങ്ങളെ ദു:ഖിതരാക്കി. തങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് യാത്രയയപ്പു നൽകുന്ന നിരവധി പരിപാടികൾ നാസിക്കിൽ അരങ്ങേറുകയുണ്ടായി. അതിൻ്റെ ഭാഗമായി 1909 ഡിസംബർ 21 ന് വിജയാനന്ദ് തിയ്യേറ്ററിൽ  വെച്ച് നാസിക്കിലെ പൗരപ്രമുഖർ ഒരു യാത്രയയപ്പ് സമ്മേളനം  ഒരുക്കി. ബോംബെയിലെ കിർലോസ്ക്കർ നാടകസംഘം ശാരദ എന്ന നാടകം അവിടെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ബാലഗന്ധർവ്വ എന്ന അനുഗ്രഹീത നടൻ അതിൽ പാടി അഭിനയിച്ചിരുന്നു.സ്ത്രീവേഷങ്ങളായിരുന്നു ബാലഗന്ധർവ്വയുടെ പ്രത്യേകത. നാം നേരത്തെ അത് പരാമർശിച്ചിരുന്നു.

നാടകത്തിൻ്റെ ഇടവേളയിലാണ് ജാക്സൻ്റെ യാത്രയയപ്പ് നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നത്. ജാക്സൺ അവിടെ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. വില്ലിയുടെ കാര്യത്തിലെന്ന പോലെ , ഒരു പതിനെട്ടുകാരൻ  ചെറുപ്പക്കാരൻ ഒരു ബ്രൗണിങ്ങ് പിസ്റ്റൾ ഉപയോഗിച്ച് ജാക്സണ് നേരെ വെടിയുതിർത്തു. അത് ജാക്സണ് ഏറ്റില്ല. തുടർന്ന് നാലു ബുള്ളറ്റുകൾ കൂടി ആ ചെറുപ്പക്കാരൻ ഉതിർത്തു. ജാക്സൺ അവിടെത്തന്നെ മരിച്ചു വീണു.

അനന്ത് ലക്ഷ്മൺ കൻഹാരേ എന്ന ചിത്പാവൻ ബ്രാഹ്മണനാണ് ജാക്സണെ വെടിവെച്ചത്. അനന്ത് ലക്ഷ്മൺ കൻഹാരേ പരാജയപ്പെട്ടാൽ ആ ദൗത്യം ഏറ്റെടുക്കാൻ രണ്ടുപേർ കൂടി അവിടെ സന്നിഹിതരായിരുന്നു. കൃഷ്ണാജി ഗോപാൽ കാർവേയും വിനായക് നാരായൺ ദേശ്പാണ്ഡേയും. ഇവർ എല്ലാവരും  അഭിനവ് ഭാരത് അംഗങ്ങളായിരുന്നു.

ഔറംഗാബാദിൽ ആയിരുന്നു കൻഹാരേ ജനിച്ചത്. ബാബാറാവുവിൻ്റെ വിചാരണ ജാക്സൻ്റെ സാന്നിദ്ധ്യത്തിലാണ് നടന്നത് എന്നതാണ് അഭിനവ് ഭാരത് ജാക്സണ് നേരെ തിരിഞ്ഞത്. കൻഹാരേ അവിടെ വെച്ചു തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് കാർവേയും ദേശ്പാണ്ഡേയും സോമനും വാമൻ ജോഷിയും ഗണുവും ദത്തുജോഷിയും അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരെല്ലാവരും അഭിനവ് ഭാരതുമായി ബന്ധപ്പെട്ടവരായിരുന്നു. കൂടാതെ സവർക്കർ സഹോദരരിൽ ഇളയവനായ നാരായൺ റാവു സവർക്കറും അറസ്റ്റ് ചെയ്യപ്പെട്ടു. 1910 മാർച്ച് 29 ന് ബോംബെ ഹൈക്കോടതി ഈ കേസിൽ വിധി പ്രഖ്യാപിച്ചു. അനന്ത് ലക്ഷ്മൺ കൻഹാരേയ്ക്കും  കാർവേയ്ക്കും ദേശ്പാണ്ഡേയ്ക്കും വധശിക്ഷ വിധിച്ചു. സോമനും വാമൻജോഷിയും ഗണുവും നാടുകടത്തപ്പെട്ടു.നാരായൺ സവർക്കർക്ക് 6 മാസം കഠിനതടവും. ഗണുവും ദത്തുവും പിന്നീട് മാപ്പുസാക്ഷികൾ ആയി മാറിയതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1910 ഏപ്രിൽ 19 ന് മൂന്നുപേരേയും തൂക്കിക്കൊന്നു.

വില്ലിക്ക് പുറമേ ജാക്സണും കൊല്ലപ്പെട്ടതോടെ ലണ്ടൻ ജനത ഇന്ത്യാഹൗസ് വിദ്യാർത്ഥികൾക്കെതിരായി. കൂടാതെ അന്വേഷണത്തിൽ കൊലയ്ക്ക് ഉപയോഗിച്ച ബ്രൗണിങ്ങ് പിസ്റ്റൾ ഇന്ത്യാഹൗസിലെ കുശിനിക്കാരനായ ചതുർഭുജ് അമിനെ ഉപയോഗിച്ച് വിനായക് ദാമോദർ സവർക്കർ ഇന്ത്യയിലേയ്ക്ക് കടത്തിയ ഇരുപത് തോക്കുകളിൽ ഒന്നാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഇതും  നേരത്തെ പറഞ്ഞ ലണ്ടൻ നിവാസികളുടെ എതിർപ്പും താത്ക്കാലികമായി ലണ്ടനിൽ നിന്നും മാറിനിൽക്കാൻ സവർക്കറെ പ്രേരിപ്പിച്ചു. 1910 ജനുവരി 5 ഓടേ സവർക്കർ പാരീസിലേയ്ക്ക് പോയി. അവിടെ മാഡം കാമയുടെ റൂ മോണ്ടേയ്നിലെ വസതിയിലാണ് സവർക്കർ കഴിഞ്ഞത്.

ഇതിനിടയിൽ  സവർക്കർക്കെതിരായി നിരവധി വിമർശനങ്ങൾ അനുയായികളിൽ നിന്നു തന്നെ ഉയർന്നുവരികയുണ്ടായി. സവർക്കർ മറ്റുള്ളവരിൽ ദുഷ്പ്രേരണ ചെലുത്തി കൊലപാതകങ്ങൾ ചെയ്യിക്കുന്നതല്ലാതെ ഒരിക്കലും മുന്നിൽ നിന്ന് നയിക്കുന്നില്ല എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. കൻഹാരേയും കൂട്ടരും തൂക്കിലേറ്റപ്പെട്ടതോടെ അത് ക്രമാതീതമായി വളരുമെന്ന് സവർക്കർ പേടിച്ചു. അതിനാൽ ലണ്ടനിലേയ്ക്ക് തിരിച്ചു പോകാൻ സവർക്കർ തീരുമാനിച്ചു. മറ്റൊരു കാരണം, ലണ്ടനിലെ നിയമങ്ങളെക്കുറിച്ചുള്ള സവർക്കർക്കുള്ള വിശ്വാസം ആയിരുന്നു. മനുഷ്യാവകാശങ്ങൾക്ക് ലണ്ടൻ കല്പിച്ചു പോന്നിരുന്ന മൂല്യമാണ് അക്കാലത്ത് ലോകമെങ്ങും ഉണ്ടായിരുന്ന വിപ്ലവകാരികളുടെ പ്രധാനപ്പെട്ട പാളയമായി ആ നഗരത്തെ മാറ്റിയത്. അതിനാൽ പിടിക്കപ്പെട്ടാൽത്തന്നെ പ്രേരണാകുറ്റത്തിനുള്ള ചെറിയ ശിക്ഷ മാത്രമേ തനിക്ക് ലഭിക്കയുള്ളു എന്ന് സവർക്കർ കരുതിക്കാണും.

എന്നാൽ അതേ സമയം തന്നെ സവർക്കർക്കെതിരെ ഇന്ത്യയിലെ കോടതി വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. 5 കുറ്റകൃത്യങ്ങളാണ് സവർക്കർക്ക് മേൽ ചാർത്തിയിരുന്നത്. ഒന്ന്, ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു. രണ്ട്, ബ്രിട്ടീഷ് ഇന്ത്യയിൽ രാജാവിനുള്ള പരമാധികാരത്തെ ചോദ്യം ചെയ്തു. മൂന്ന്, 1908 ൽ ലണ്ടനിൽ നിന്ന് ആയുധങ്ങൾ ശേഖരിക്കുകയും അത് വിതരണം ചെയ്യുകയും അങ്ങനെ ജാക്സൺ വധത്തെ പ്രേരിപ്പിക്കുകയും ചെയ്തു. നാല്, 1908 ൽ ലണ്ടനിൽ നിന്ന് ആയുധസംഭരണം നടത്തുകയും രാജാവിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അഞ്ച്, 1906 ൽ ഇന്ത്യയിൽ നാസിക്കിലും പൂനെയിലും രാജ്യദ്രോഹ പ്രഭാഷണങ്ങൾ നടത്തി. 1908 ൽ ലണ്ടനിലും.

അതോടൊപ്പം ലണ്ടനിലേയ്ക്ക് തിരിച്ചുവരാൻ ഉള്ള സവർക്കറുടെ പ്രേരണകളെക്കുറിച്ച് പ്രത്യേകിച്ച് തെളിവുകളിലില്ലാത്ത ഒരു പാട് കാരണങ്ങളും പ്രചാരത്തിൽ ഉണ്ടായിരുന്നു. അവയിൽ ചിലത് സവർക്കറുടെ ജീവചരിത്രം എഴുതിയ വൈഭവ് പുരന്ദരേയും വിക്രം സമ്പത്തും വിവരിക്കുന്നുണ്ട്. ഒന്ന് ലോറൻസ് മാർഗരറ്റ് എന്ന സവർക്കറുടെ കാമുകിയെ കുറിച്ചാണ്. ബ്രിട്ടീഷ് ഏജൻസികൾ സവർക്കറെ കുടുക്കാൻ ഉപയോഗിച്ച മധുരക്കെണിയായിരുന്നു ആ കാമുകി എന്നാണ് വിക്രം സമ്പത്ത് പറയുന്നത്. എന്നാൽ അതെ സംബന്ധിച്ച തെളിവുകൾ ഒന്നും ഇല്ലെന്നും . അതോടൊപ്പം സവർക്കറുടെ ഓപ്പിയം ഉപയോഗത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും. ശ്യാംജി കൃഷ്ണവർമ്മ അടക്കമുള്ളവർ നൽകിയ നിരവധി മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് സവർക്കർ ലണ്ടനിലേയ്ക്ക് മടങ്ങാനുള്ള തീരുമാനമെടുത്തത് എന്നതാണ് ഇത്തരം വള്ളിപ്പടർപ്പുസംസാരങ്ങൾക്ക് നിദാനം എന്ന് കരുതാം.

ഗ്രേ ഇൻ സവർക്കർക്ക് ബാരിസ്റ്റർ പദവി നിഷേധിച്ചെങ്കിലും സവർക്കർ ബ്രിട്ടീഷ് നിയമങ്ങൾ പഠിച്ച് പരീക്ഷകൾ പാസ്സായിരുന്നു. ഈ നിയമപരിജ്ഞാനമായിരിക്കും സവർക്കറെ ലണ്ടനിലേയ്ക്ക് മടങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഒരിക്കലും ഒരു വലിയ ശിക്ഷ തനിക്ക് ലഭിക്കുമെന്ന് സവർക്കർ കരുതിയിട്ടുണ്ടാകില്ല. 1910 മാർച്ച് 13 ന് നമുക്കജ്ഞാതമായ കാരണങ്ങളാൽ സവർക്കർ പാരീസ് വിട്ടു. ലണ്ടനിലെത്തിയ ഉടൻ സവർക്കർ അറസ്റ്റിലായി.

വി വി എസ് അയ്യർ തന്നെ ജയിലിൽ കാണാൻ വന്നതിനെപ്പറ്റി സവർക്കർ പിൽക്കാലത്ത് ആത്മകഥയിൽ എഴുതി. “കണ്ണുനീർ പൊടിഞ്ഞു. അതിനെ അടിച്ചമർത്തി ഞങ്ങൾ പറഞ്ഞു. പാടില്ല. പാടില്ല. നമ്മൾ ഹിന്ദുക്കൾ ആണ്. ഗീത വായിച്ചവർ ആണ്. ഈ സഹതാപമില്ലാത്ത ആൾക്കൂട്ടത്തിൽ നാം തേങ്ങാൻ പാടില്ല.” ഇന്ത്യക്കാർ എന്ന നിലയിലോ ദേശീയവാദികൾ എന്ന നിലയിലോ അല്ല  കരച്ചിൽ, ദുർബലമെന്ന് സവർക്കറും അയ്യരും ഉറച്ചു വിശ്വസിച്ചിരുന്ന മനുഷ്യസംസ്ക്കാരത്തിൻ്റെ ഏറ്റവും അടിത്തട്ടിലെ ചോദനകളിൽ ഒന്ന്, കടിച്ചമർത്തപ്പെടുന്നത്. ഗീതയുടെ സഹായത്തോടെ  നിർമ്മിച്ച ഒരു ഹിന്ദുനിർമ്മിതിയിൽ നിന്നാണ്. അതും തിലക് തൻ്റെ “ഗീതാരഹസ്യം” എന്ന വ്യാഖാനം വഴി അനശ്വരമാക്കിയ പാഠം സ്വാംശീകരിച്ചു കൊണ്ട്.


 

Comments

comments