14. സവർക്കറുടെ തടവുചാട്ടം
…………………………
സവർക്കറുടെ വിചാരണ ലണ്ടനിൽ ആരംഭിക്കുമ്പോൾ ,അദ്ദേഹത്തിനെതിരെ മൊഴി കൊടുക്കാൻ മുന്നോട്ടു വന്നത് സവർക്കറുടെ അനുയായികൾ തന്നെയാണ്. ഹിന്ദുത്വത്തിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ നാം പ്രത്യേകം പഠിക്കേണ്ട ഒന്ന് വിചാരണകളുടെ ചരിത്രം കൂടിയാണ്. ആശയസംവാദത്തിൻ്റെ ലോകത്തിലൂടെ വളർന്ന ഒന്നല്ല അത്. സംവാദങ്ങളിലൂടെ പൊതുബോധത്തിൽ സ്വാധീനം ചെലുത്തുകയല്ല, അത് ചെയ്തത്. പൊതുബോധം പിടിച്ചെടുക്കേണ്ട ഒരിടമാണ് എന്ന് മനസ്സിലാക്കിയുള്ള ഇടപെടലുകളാണ് അത് നടത്തിയത്. പുരാണവും ചരിത്രവും കൂട്ടിക്കുഴയ്ക്കുക എന്ന ദൗത്യം തിലക് തുടങ്ങിവെച്ചു. ഒരു ഗോത്രവികാരത്തിൻ്റെ തുടർച്ചയായി സ്വാതന്ത്ര്യസമരത്തെ നിർവചിച്ചു.
ഇതിൻ്റെ ഒരു ഫലമായാണ് രഹസ്യസംഘടനകളുടെ ആവിർഭാവവും. ഭൗതികമായി പിടിച്ചെടുക്കേണ്ട ഒന്നായി രാജ്യം എന്ന സങ്കല്‌പനം മാറി. സമരങ്ങളിൽ നിന്ന് ആധുനിക മനോഭാവത്തെ പിൻവലിച്ചാൽ യുദ്ധങ്ങൾ ആകും എന്ന് രഹസ്യസംഘടനകളുടെ ആവിർഭാവം തെളിയിച്ചു. യുദ്ധത്തിൽ വേണ്ടത് കൂറാണ്. ആശയങ്ങൾ അല്ല . ആധുനിക മൂല്യങ്ങൾക്ക് യുദ്ധത്തിൽ യാതൊരു സ്ഥാനവുമില്ല. അഭിനവ് ഭാരത് തുടങ്ങിയ സംഘടനകളിൽ അംഗമാകുന്നത് ഏതെങ്കിലും പരിപാടിയുടെ അടിസ്ഥാനത്തിൽ അല്ല. പ്രതിജ്ഞ ചെയ്ത് കുറുപുലർത്തിയാണ്.
എന്നാൽ കോടതി പോലുള്ള താരതമ്യേന ആധുനികമായ ഒരിടത്ത് എത്തുമ്പോൾ ഈ ഗോത്ര വികാരം പലപ്പോഴും ഉലഞ്ഞു പോകുന്നത് കാണാൻ കഴിയും. മാപ്പുസാക്ഷികളുടെ ഒരു പരമ്പര തന്നെ ഈ വിചാരണകളുടെ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും. മാത്രമല്ല, ഇത്തരം സംഘടനകളുടെ കുന്തമുനകൾ ആകുന്നവർ നാശത്തിൻ്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കാൻ തയ്യാറാകുന്ന മാനസികഘടന ഉള്ളവരായിരിക്കും. ഉദാഹരണമായി ദിംഗ്ര, വില്ലിയെ വധിച്ചതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കഴുമരമേറി. ഒരു വലിയ രഹസ്യ പദ്ധതിയുടെ അത്യാവശ്യഘടകം മാത്രമായിരുന്നു താനെന്ന് ഒരിക്കലും ദിംഗ്ര വെളിപ്പെടുത്തിയില്ല. തന്നിൽ ഉദിച്ച ഒരു ആശയചോദനയനുസരിച്ച് താൻ പെരുമാറിയതിൻ്റെ അനന്തരഫലം മാത്രമായി വില്ലിയുടെ വധത്തെ ദിംഗ്ര കോടതിയിൽ സംഗ്രഹിച്ചു. അതിൻ്റെ ശിക്ഷയും ഏറ്റുവാങ്ങി.
എന്നാൽ ജാക്സൺ വധക്കേസ് അങ്ങനെയായിരുന്നില്ല. അതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിൽ മാപ്പുസാക്ഷികൾ വലിയ പങ്ക് വഹിച്ചു. ഗാന്ധിവധം വരെയുള്ള ദുരഭിമാന,പ്രതികാരക്കൊലകളെപ്പറ്റി ഇന്ന് ലോകത്തിൻ്റെ മുന്നിൽ എന്തെങ്കിലും അറിവുകൾ ഉണ്ടെങ്കിൽ അതിൻ്റെ നിദാനം ഈ മാപ്പുസാക്ഷികളുടെ ഇടപെടലുകൾ ആണ്. വിചാരണ അവരിൽ ഉണ്ടാക്കിയ സംഘർഷങ്ങളുടെ പരിണിതഫലം കൂടിയാണിത്. ആധുനികതാവിരുദ്ധമായ ഒരു ഉള്ള് ആദ്യമായി ആധുനികതയോട് നേർക്കുനേർ അഭിമുഖീകരണത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസത്തിൻ്റെ ഒരു ഉപോത്പന്നമായിരുന്നു ഈ മാപ്പുസാക്ഷിത്വങ്ങൾ.
സവർക്കറുടെ കേസിൽ ഇത്തരം മാപ്പുസാക്ഷിത്വങ്ങളുടെ ഒരു പരമ്പര നമുക്ക് ദർശിക്കാൻ കഴിയും. അതിൽ ആദ്യത്തെ ആൾ ഹരിശ്ചന്ദ്ര കൃഷ്ണറാവു കൊരെഗാവോങ്കർ എന്ന മറാത്താ എഞ്ചിനീയർ ആയിരുന്നു. ഗ്വാളിയർ സ്വദേശിയായ അദ്ദേഹം 1906 ൽ എഞ്ചിനീയറിംഗ് പഠനത്തിനായി ലണ്ടനിലെത്തി. ആ വർഷത്തിൽ തന്നെ ഗുരു ഗോവിന്ദ് സിംഗ് ജന്മവാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ആദ്യമായി ഇന്ത്യാഹൗസ് സന്ദർശിക്കുന്നത്. തുടർന്ന് അവിടെ അന്തേവാസിയായി. സവർക്കർ ഇന്ത്യാഹൗസ് അന്തേവാസികൾക്കായി നടത്തിയ രണ്ട് പ്രഭാഷണങ്ങൾ കൊരെഗാവോങ്കർ അനുസ്മരിക്കുന്നുണ്ട്. ഒന്നാമത്തേത് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ സംഭരിച്ചിട്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച് ബ്രിട്ടീഷുകാരെ തോല്പിക്കുന്നതിനെ കുറിച്ചാണ്. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിൽ നാട്ടുരാജ്യങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ച് സവർക്കർ വളരെ മുമ്പേ തന്നെ കണക്കുകൂട്ടിയിരുന്നു എന്ന് കൊരെഗാവോങ്കറുടെ ഈ മൊഴി തെളിയിക്കുന്നു.
രണ്ടാമത്തേത്, അങ്ങനെയുണ്ടാകുന്ന രാഷ്ട്രത്തിൻ്റെ ഘടന എപ്രകാരമാകണം എന്നതായിരുന്നു. നാട്ടുരാജാക്കൾ അംഗങ്ങളായ ഒരു ഉപരിസഭയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന അധോസഭയും ആയിരുന്നു സവർക്കർ വിഭാവനം ചെയ്തിരുന്നത്. അതോടൊപ്പം ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രാജാവിനെ ഇന്ത്യൻ രാജാവായി അവരോധിക്കുക.
സവർക്കറുടെ ദേശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്പം ഫാഡ്കേയും മറ്റും വെച്ചുപുലർത്തിയിരുന്ന പേഷ്വാഭരണത്തിൻ്റെ പുന:സ്ഥാപനം എന്ന ആശയത്തിൽ നിന്ന് വലുതായൊന്നും വ്യത്യസ്തമായിരുന്നില്ല എന്ന് കൊരെഗാവോങ്കറുടെ ഈ വെളിപ്പെടുത്തലുകൾ കാണിച്ചു തരുന്നു. മാത്രമല്ല അങ്ങനെ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രത്തിൻ്റെ ഭാഷയായി ഹിന്ദിയെ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട് സവർക്കർ. വിശ്വാസവും ആയുധവും ചേർത്തിണക്കിക്കൊണ്ടുള്ള മറ്റൊരു പ്രഭാഷണത്തെപ്പറ്റിയും കൊരെഗാവോങ്കർ ഓർമ്മിക്കുന്നുണ്ട്.
കൊരെഗാവോങ്കറും ദിംഗ്രയും ഒരേ കപ്പലിലാണ് ലണ്ടനിലെത്തിയത്. വില്ലി വധിക്കപ്പെട്ട അന്ന് ദിംഗ്ര റസ്സൽ സ്ക്വയറിലെ കൊരേഗാ വോങ്കറുടെ വസതിയിലെത്തുകയുണ്ടായി. ദിംഗ്രയെ സംഭവദിവസം പിന്തുടരണമെന്നും ദൗത്യം നിർവ്വഹിക്കുന്നതിൽ ദിംഗ്ര പരാജയപ്പെടുകയാണെങ്കിൽ അത് കൊരെഗാവോങ്കർ ഏറ്റെടുക്കണമെന്നും വിനായകും വി വി എസ് അയ്യരും അദ്ദേഹത്തെ ധരിപ്പിക്കുകയുണ്ടായി. വില്ലി കൊല്ലപ്പെടുന്ന ഹാളിൽ വില്ലിയുടെ കടന്നു വരവിനെ സംബന്ധിച്ച് സൂചന നൽകിയതും കൊരെഗാ വോങ്കർ ആയിരുന്നു.
രണ്ടാമത്തെ മാപ്പുസാക്ഷി ചഞ്ചേരി രാമറാവു ആയിരുന്നു. ദേശസ്ഥ ബ്രാഹ്മണനായിരുന്ന അദ്ദേഹം 1909 ആഗസ്റ്റിൽ സാനിറ്ററി സയൻസ് പഠിക്കാൻ ലണ്ടനിലെത്തി. താമസംവിനാ വിനായകിനെ പരിചയപ്പെടാനിടവരികയും പ്രതിജ്ഞയെടുത്ത് അഭിനവ് ഭാരതിൽ അംഗമാകുകയും ചെയ്തു. ജാക്സൻ്റെ കൊലപാതകത്തിന് ശേഷം വിനായക് , മാഡം കാമയുടെ വസതിയിൽ പാരീസിൽ കഴിയുന്ന കാലത്ത് രാമറാവു അവിടെയെത്തി. അദ്ദേഹത്തിൻ്റെ കൈയ്യിൽ തോക്കുകൾ പാരീസിൽ നിന്നും ഇന്ത്യയിലേയ്ക്ക് കൊടുത്തയച്ചു. ഒപ്പം സവർക്കർ എഴുതിയ “1857ലെ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധ”ത്തിൻ്റെ 10 പ്രതികളും. അത് കൂടാതെ മദൻലാൽ ദിംഗ്രയുടെ ഛായാചിത്രം ഒരു ഷില്ലിങ്ങ് വില വാങ്ങിക്കൊണ്ട് സവർക്കർ രാമറാവുവിന് നൽകുകയും ചെയ്തു.
ബോംബെയിൽ എത്തിയ റാവു അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കടത്തിയ ആയുധങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ മാപ്പുസാക്ഷിയാക്കിയത്. ചതുർഭുജ് അമീൻ്റെ പ്രസ്താവനയും സവർക്കർക്ക് എതിരായിരുന്നു.
ലണ്ടനിലെ വിചാരണ മാസങ്ങൾ നീണ്ടുനിന്നു. ലണ്ടനിലെ നിയമങ്ങൾക്കനുസരിച്ച് ചെറിയ ശിക്ഷയേ ലഭിക്കൂ എന്ന സവർക്കറുടെ വിചാരത്തിന് അനുകൂലമായിരുന്നില്ല കാര്യങ്ങൾ. ഗൂഢാലോചനയിലെ ആദ്യഭാഗം സവർക്കറുടെ ഇന്ത്യൻ ദിനങ്ങളിൽ ആരംഭിച്ചിരുന്നു എന്ന് നാസിക്കിലും പൂനെയിലും അദ്ദേഹം മുമ്പ് നടത്തിയ, സായുധപ്പോരാട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ മുൻനിർത്തി പ്രോസിക്യൂഷൻ വാദിച്ചു. ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന് താൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സവർക്കർക്ക് അറിയാമായിരുന്നു. അതിനാൽ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള പദ്ധതികളെ കുറിച്ച് സവർക്കർ ആലോചിക്കാൻ തുടങ്ങി.
അവിടെ സവർക്കറുടെ സഹായത്തിനെത്തിയത് ഡേവിഡ് ഗാർനെറ്റ് എന്ന യുവാവായ എഴുത്തുകാരൻ ആണ്. സവർക്കർക്ക് രക്ഷപ്പെടാനുള്ള ഒരു പദ്ധതി ഗാർനെറ്റ് ആവിഷ്ക്കരിച്ചു. എല്ലാ ആഴ്‌ചയും ജയിലിൽ നിന്നും കോടതിയിലേയക്ക് സവർക്കറെ കൊണ്ടുപോകുമായിരുന്നു. രണ്ട് പോലീസുകാരാണ് സാധാരണഗതിയിൽ സവർക്കറെ അനുഗമിക്കുക. അങ്ങനെ കൊണ്ടു പോകുന്ന അവസരത്തിൽ ജയിൽ ഗേറ്റിൽ വെച്ചു തന്നെ പോലീസുകാരേയും ജയിൽ കാവൽക്കാരേയും ആക്രമിച്ച് സവർക്കറെ രക്ഷപ്പെടുത്തി ഒരു കാറിൽ ജെട്ടിയിലെത്തിക്കുക. എന്നിട്ട് അവിടെ നിന്നും ബോട്ടിൽ ഫ്രാൻസിൽ എത്തിക്കുക. ഇതായിരുന്നു ഗാർനെറ്റിൻ്റെ പദ്ധതി. ഇത് നടപ്പാക്കാൻ വേണ്ടി ലണ്ടനിലെ സവർക്കർ അനുയായിയുമായി ഗാർനെറ്റ് ബന്ധപ്പെട്ടു. ” സി.സി ” എന്നാണ് ആ സഹായിയെ ഗാർനെറ്റ് പരാമർശിക്കുന്നത്. അതോടൊപ്പം ഫ്രാൻസിലേയ്ക്ക് കൊണ്ടുപോകാനുള്ള ബോട്ട് ഏർപ്പെടുത്താൻ ഫ്രാൻസിൽ ഉണ്ടായിരുന്ന ” എ എ ” എന്ന വിപ്ലവകാരിയുമായും ഗാർനെറ്റ് ബന്ധപ്പെടുകയുണ്ടായി. വിക്രം സമ്പത്തിൻ്റെ പുസ്തകത്തിൽ പറയുന്നത് ആ ദൗത്യം പരാജയപ്പെട്ടത് വിധിയുടെ വിളയാട്ടം മൂലമാണെന്നാണ്. കാരണം എല്ലാ സംവിധാനങ്ങളും ശരിയായി. ജയിലിന് പുറത്തെത്തുന്ന സവർക്കറെ ബോട്ട് ജെട്ടിയിലെത്തിക്കാൻ ഐറിഷ് വിപ്ലവ സംഘടനയായ “സിൻഫിനി “ലെ രണ്ടംഗങ്ങൾ തയ്യാറായി നിന്നു. എന്നാൽ പുറത്തെത്തിയ കാറിൽ സവർക്കർ ഉണ്ടായിരുന്നില്ല. അന്നേരം ഇന്ത്യയിലേയ്ക്ക് വിചാരണക്കായി സവർക്കറെ അയക്കാൻ തീരുമാനമായിരുന്നു.
എന്നാൽ വൈഭവ് പുരന്ദരേ മറ്റൊരു ചിത്രമാണ് തരുന്നത്. പാരീസിലെ വിപ്ലവകാരിയായ “എ എ” ബോട്ട് ഏർപ്പെടുത്തുന്നതിൽ ഉഴപ്പുകയുണ്ടായി. യാതൊരു നടപടിയും അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് കണ്ട് ഗാർനെറ്റ് തന്നെ പാരീസിൽ എത്തുകയും ബോട്ട് ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ ഗാർനെറ്റിൻ്റെ പിതാവ് ഫ്രാൻസിൽ എത്തിയെന്നും അയാൾ ഫ്രഞ്ച് പോലീസിന് വിവരം കൊടുത്തിട്ടുണ്ടെന്നുമുള്ള വിവരം “എ എ” ഗാർനെറ്റിനെ അറിയിച്ചതിനെ തുടർന്ന്’ സവർക്കറെ രക്ഷപ്പെടുത്തുന്ന ദൗത്യം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. “എ എ” ആണ് ആ ദൗത്യം അട്ടിമറിച്ചതെന്ന് ഗാർനെറ്റ് വിശ്വസിച്ചു. “ഇന്ത്യൻ വിപ്ലവകാരി” കൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഒരു വിദൂഷകൻ്റെ റോളിലേയ്ക്ക് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും.
ധനഞ്ജയ് കീർ എഴുതിയ ജീവചരിത്രത്തിലും ഏതാണ്ട് ഈ ചിത്രമാണ് നൽകുന്നത്. മോഡ് ഗോൺ എന്ന വനിതയാണ് ജയിലിൽ നിന്ന് പുറത്തെത്തുന്ന സവർക്കറെ തട്ടിയെടുക്കാൻ വേണ്ട സന്നാഹപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് എന്ന് ധനഞ്ജയ് കീർ പറയുന്നു. നമുക്കറിയാവുന്നത് പോലെ ഡബ്ല്യു ബി യേറ്റ്സ് എന്ന മഹാകവിയുടെ പ്രേമഭാജനമായിരുന്നു മോഡ്ഗോൺ. ഈസ്റ്റർ 1916 എന്ന കവിതയിൽ മോഡ് ഗോണിൻ്റെ ഭർത്താവായിരുന്ന, പിന്നീട് വിവാഹബന്ധം പിരിഞ്ഞ മേജർ ജോൺ മക്ബ്രൈഡിനെ യേറ്റ്സ് എൻ്റെ ഹൃദയത്തിനോട് തൊട്ടു നിൽക്കുന്ന വ്യക്തിയോട് അങ്ങേയറ്റത്തെ തെറ്റ് ചെയ്ത ആൾ ” എന്നാണ് യേറ്റ്സ് സ്മരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ കലാപത്തിലാണ് ജോൺ മക് ബ്രൈഡ് കൊല്ലപ്പെടുന്നത്. എന്നാൽ പോലീസ് മണത്തറിഞ്ഞതിനാൽ മറ്റൊരു വഴിയിലൂടെ സവർക്കറെ കൊണ്ടുപോയി എന്ന് കീർ എഴുതുന്നു. എന്നാൽ അതിലും വലിയൊരു ആരോപണം കീർ സംശയരൂപേണ ഉന്നയിക്കുന്നുണ്ട്. “എ എ” എന്നത് അരുണാ ആസഫ് അലിയുടെ ഭർത്താവായിരുന്ന ആസഫ് അലി ആയിരുന്നുവെന്നാണ് ആ ചൂണ്ടിക്കാട്ടൽ. സവർക്കറുമായുള്ള നീണ്ട സംഭാഷണങ്ങൾക്ക് ശേഷമാണ് ജീവചരിത്രരചന നടത്തിയതെന്ന് ധനഞ്ജയ് കീർ പറയുന്നു. എതിരാളികളെ വ്യക്തിപരമായി തേജോവധം ചെയ്യുക സവർക്കറുടെ പതിവായതിനാൽ, സവർക്കർ തന്നെയാകും അത്തരമൊരു സംശയജനകമായ പരാമർശം നടത്തിയത് എന്ന് ഊഹിക്കാവുന്നതാണ്.
തൻ്റെ ശ്രമം പരാജയപ്പെട്ടത് ഗാർനെറ്റ് സവർക്കറെ അറിയിച്ചപ്പോൾ സവർക്കർ ഗാർനെറ്റിനെ സമാശ്വസിപ്പിക്കുകയാണുണ്ടായത്. രക്ഷപ്പെടാൻ മറ്റ് വഴികൾ താൻ അന്വേഷിക്കുന്നുണ്ടെന്ന സൂചനയും സവർക്കർ നൽകുന്നുണ്ട്. യഥാർത്ഥത്തിൽ ജയിലിൽ തന്നെ സന്ദർശിക്കുന്ന വേളയിൽ സവർക്കർ അത്തരമൊരു പദ്ധതി വി വി എസ് അയ്യരുമായി ചേർന്ന് മെനഞ്ഞുകൊണ്ടിരിക്കുകയായിരുന്നു
1910 ജൂൺ 29 ന് അന്നത്തെ ബ്രിട്ടനിൽ ആഭ്യന്തര സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ സവർക്കറെ പോലീസ് കസ്റ്റഡിയിൽ ബ്രിട്ടീഷ് ഇന്ത്യയിലേയ്ക്ക് വിചാരണ നടപടികൾക്കായി അയക്കാൻ കല്പന പുറപ്പെടുവിച്ചു.
ഇതനുസരിച്ച് 1910 ജൂലൈ 1 ന് സവർക്കറെയും വഹിച്ച് എസ് എസ് മോറിയ എന്ന കപ്പൽ ലണ്ടനിൽ നിന്നും ബോംബെയിലേയ്ക്ക് പുറപ്പെട്ടു. ലണ്ടൻ മെട്രോപോളിറ്റൻ ഇൻസ്പെക്ടർ ആയിരുന്ന എഡ്വാർഡ് ജോൺ പാർക്കർ, ബോംബെ ഡെപ്യൂട്ടി സൂപ്രണ്ട് സി.ജെ. പോവർ, ഇന്ത്യയിൽ നിന്നും പോവറിനൊപ്പം വന്ന മുഹമ്മദ് സിദ്ദിക്ക് എന്ന പൂനാപോലീസിലെ ഹെഡ് കോൺസ്റ്റബിൾ, അമർസിംഗ് സഖാറാം സിങ്ങ് എന്ന നാസിക് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കായിരുന്നു സവർക്കറെ ഇന്ത്യയിലെത്തിക്കാനുള്ള ചുമതല. അതിനാൽ കപ്പലിൽ ഇവരും കൂടെയുണ്ടായിരുന്നു.
വി വി എസ് അയ്യർ, ഇക്കാലയളവിൽ സവർക്കറുടെ സഹപ്രവർത്തകനായ ബ്രാഹ്മണൻ എന്ന നിലയിൽ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. വി വി എസ് അയ്യർ സവർക്കറെ രക്ഷപ്പെടുത്താനായി ഗൂഢപദ്ധതി മെനയുന്നു എന്ന സംശയവും പോലീസിൽ പ്രബലമായിരുന്നു. അതിനാൽ അയ്യർക്ക് മേൽ നിരീക്ഷണം ശക്തമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിന് യാതൊരു സ്വാധീനവും ഇല്ലാത്ത ഫ്രാൻസിൽ ശ്യാംജി കൃഷ്ണവർമ്മ, മാഡം ബിക്കാജി കാമ, സർദാർ സിംഗ് റാണ, ചട്ടോ എന്ന വീരേന്ദ്രനാഥ് ചട്ടോപദ്ധ്യായ തുടങ്ങിയവർ സജീവമായത് കൊണ്ട് അയ്യർ അവരുമായി ചേർന്നാണ് ഗൂഢപദ്ധതി രൂപപ്പെടുത്തുക എന്ന ഊഹവും പോലീസിനുണ്ടായിരുന്നു. അതിനാൽ അയ്യർ, ലണ്ടനിൽ നിന്നും ഫ്രാൻസിലേയ്ക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ലണ്ടൻ – ഫ്രാൻസ് യാത്രാപഥങ്ങളും ഉപാധികളും പോലീസിൻ്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. അയ്യരാകട്ടെ ഇത് മുൻകൂട്ടി കണ്ടുകൊണ്ട് അധികം ആരും ശ്രദ്ധിക്കാത്ത ഹോളണ്ടിലേയ്ക്കുള്ള കപ്പൽ തെരഞ്ഞെടുത്ത് ലണ്ടൻ വിട്ടു. സ്വതവേ സംന്യാസികളെപ്പോലെ നീണ്ട താടി വളർത്തിയിരുന്ന അയ്യർക്ക് സിക്ക് വേഷം ധരിക്കുക എളുപ്പമായിരുന്നു.
കപ്പലിൻ്റെ ഡക്കിൽ അയ്യരെ സംശയിച്ച ഒരു പോലീസുകാരൻ വി വി എസ് അയ്യർ എന്ന പേരിൽ ഒരു വ്യാജടെലഗ്രാമുമായി അയ്യരെ സമീപിച്ചെന്നും അയ്യർ അത് നോക്കി “ഇത് എനിക്കല്ല ,വേറെ ഏതോ അയ്യർക്കാണ് ” എന്ന് പറഞ്ഞ് തിരിച്ചുകൊടുത്തതായി ഒരു കഥ ‘ഹിന്ദുത്വ കഥാമാലിക’യുടെ ഭാഗമായി പ്രചരിക്കുന്നുണ്ട്. ടെലഗ്രാം വാങ്ങുകയാണെങ്കിൽ അത് വി വി എസ് അയ്യരെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിൻ്റെ പദ്ധതി. എന്നാൽ യാതൊരു ഭാവഭേദവും കൂടാതെ ടെലഗ്രാം തിരിച്ചു കൊടുക്കുക വഴി അയ്യർ ആ കെണിയെ അതിജീവിക്കുകയായിരുന്നു. അതോടൊപ്പം അയ്യരുടെ യാത്രാപ്പെട്ടിയിൽ പതിച്ചിട്ടുള്ള വി വി എസ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളിലേയ്ക്ക് വീണ്ടും സംശയത്തോടെ കണ്ണയച്ച പോലീസുകാരനോട് “എൻ്റെ പേർ വീർ വിക്രം സിംഗ് ” ആണെന്ന് അറിയിച്ചതോടെ വി വി എസിൻ്റെ ദീർഘരൂപം ലക്ഷണമൊപ്പിച്ച് കിട്ടിയ സംതൃപ്തിയിൽ പോലീസ് മടങ്ങിപ്പോയി എന്നാണ് കഥ.
എന്തായാലും അയ്യർ ഹോളണ്ടിലെത്തി. അവിടെ നിന്ന് കരമാർഗ്ഗം പാരീസിലും. അവിടെയുള്ള, നേരത്തെ ചൂണ്ടിക്കാട്ടിയ ആളുകളുമായി കൂടിയാലോചിച്ചു. ലണ്ടനിൽ നിന്നും ബോംബെയിലേയ്ക്കുള്ള യാത്രയിൽ എസ്.എസ്.മോറിയ ഫ്രാൻസിലെ മാഴ്സ് സെയിൽസിൽ നങ്കൂരമിടുമ്പോൾ കപ്പലിൽ നിന്നും സവർക്കറെ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി നിലവിലില്ലാത്തതിനാൽ സവർക്കർക്ക് ഫ്രാൻസിൽ രാഷ്ട്രീയാഭയം കിട്ടും എന്ന സാധ്യതയുടെ പുറത്താണ് അത്തരമൊരു ആലോചന അവർ നടത്തിയത്.
ജൂലൈ 7 ന് കപ്പൽ ഫ്രാൻസിലെ മാഴ്സെയിൽസിൽ അടുത്തു. അന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എന്നാൽ പിറ്റേന്ന് രാവിലെ 6.15 ന് ടോയ്ലറ്റിൽ പോകണമെന്ന് സവർക്കർ ആവശ്യപ്പെട്ടു. സാധാരണ രാവിലെ 8 മണിക്കാണ് സവർക്കറെ ടോയ്ലറ്റിലേയ്ക്ക് കൊണ്ടുപോകുക. പോവർ പാതിമയക്കത്തിലായത് കൊണ്ട്, പാർക്കർ ആണ് സവർക്കറെ അന്ന് ടോയ്ലറ്റിലേയ്ക്ക് ആനയിച്ചത്. രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ ടോയ്ലറ്റിൻ്റെ വാതിലിനടുത്ത് പതിവുപോലെ കാവൽ നിന്നു. അവിടെ നിന്നു കൊണ്ട് അവർ അവരുടെ ഔദ്യോഗിക വേഷവിധാനങ്ങൾ അണിയുന്ന പണിയിൽ ഏർപ്പെട്ടു. പാർക്കർ ആകട്ടെ ടോയ്ലറ്റിൽ തുറന്നു കിടക്കുന്ന കപ്പൽജാലകത്തെ (Porthole) ശ്രദ്ധിച്ചുമില്ല. സാധാരണഗതിയിൽ സവർക്കർ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയത്ത് ഈ ജാലകം പെട്ടെന്ന് തുറക്കാൻ പറ്റാത്തവിധം അടച്ചിടാറുണ്ട്.
ടോയ്ലറ്റ് ഉള്ളിൽ നിന്നും കുറ്റിയിട്ട ശേഷം സവർക്കർ 12 ഇഞ്ച് വ്യാസമുള്ള ഈ ജാലകത്തിലൂടെ കടലിലേയ്ക്കെടുത്തു ചാടി. തുറമുഖത്തിലെ കരപ്രദേശം എത്തുന്നതിന് 10-12 അടി ദൂരം കടലിലൂടെ നീന്തണമായിരുന്നു.
ടോയ്ലറ്റിൻ്റെ വാതിലിന് അടിയിലും മുകളിലും ഒരു വിടവ് ഉണ്ടായിരുന്നു. കുറ്റവാളിയ്ക്ക് മേലുള്ള ശ്രദ്ധയുടെ ഭാഗം എന്ന നിലയ്ക്ക് ഹെഡ്കോൺസ്റ്റബിൾ അമർസിംഗ് വാതിലിന് അടിയിലുള്ള വിടവിലൂടെ പാളിനോക്കിയപ്പോൾ സവർക്കർ ടോയ്ലറ്റിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾ തറയിൽ കിടക്കുന്നത് കണ്ടു. ഒരിക്കൽ കൂടി നോക്കിയപ്പോൾ ജനലിനുള്ളിലൂടെ നൂണുകയറുന്ന സവർക്കറുടെ, ജനലിന് പുറത്തുള്ള പാതിഭാഗം ശ്രദ്ധയിൽ പെടുകയുണ്ടായി. ഒച്ചവെച്ച് അമർസിംഗ് ടോയ്ലറ്റ് തുറക്കാൻ ശ്രമിച്ചു. പക്ഷെ, ഉള്ളിൽ നിന്നും കുറ്റിയിട്ടതിനാൽ അത് സാധ്യമായില്ല. തുടർന്ന് വാതിലിനെ ചില്ലുപാളികൾ തകർത്തപ്പോഴേയ്ക്കും സവർക്കർ കടലിൽ ചാടിയിരുന്നു.
ഇതിനിടെ സവർക്കർ തുറമുഖത്തെ കരപ്രദേശത്ത് എത്തി ഓടാൻ തുടങ്ങിയിരുന്നു. കപ്പലിറങ്ങിവന്ന പോലീസ് ഹെഡ്കോൺസ്റ്റബിൾമാർ സവർക്കറെ പിന്തുടർന്ന് ഒച്ചവെച്ച് ഓടാൻ തുടങ്ങി. 200 വാര ദൂരം ഓടിയ സവർക്കർ ഒരു വാടകവാഹനം പിടിക്കാൻ ശ്രമിച്ചു. പക്ഷെ, കൂലി കൊടുക്കാനുള്ള പണം കൈയ്യിൽ ഉണ്ടായിരുന്നില്ല.
സവർക്കറെ രക്ഷപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്ത വി വി എസ് അയ്യർ, വീരേന്ദ്രകുമാർ ചട്ടോപദ്ധ്യായയ്ക്കും മാഡം കാമയ്ക്കുമൊപ്പം വാഹനത്തിൽ അവിടെയെത്താൻ വൈകി. ഒരു റെയിൽ ക്രോസിൽ കുടുങ്ങിയത് കൊണ്ടാണ് അവർ അവിടെയെത്താൻ വൈകിയത് എന്ന് പറയപ്പെടുന്നു. അതല്ല, വഴിയിൽ ചായ കുടിക്കാൻ അവർ എടുത്ത തീരുമാനമാണ് വൈകലിലേയ്ക്ക് നയിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും തൻ്റെ കൂട്ടാളികളെ കാണാത്തത് കൊണ്ട് സവർക്കർ അവിടെ കണ്ട തുറമുഖ പോലീസ് ഉദ്യോഗസ്ഥൻ്റെ നേർക്ക് ഓടിയെത്തി. ബ്രിഗേഡിയർ പെസ്ക്യു എന്ന ആ ഫ്രഞ്ചുകാരൻ്റെ അടുത്തുചെന്ന് തന്നെ അറസ്റ്റുചെയ്യാനും മജിസ്ട്രേട്ടിൻ്റെ മുന്നിൽ ഹാജരാക്കാനും സവർക്കർ അഭ്യർത്ഥിച്ചു. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന പതിവില്ലാത്തതിനാൽ ഫ്രഞ്ച് കസ്റ്റഡിയിലെടുത്താൻ ജാക്സൺ വധക്കേസിൽ നിന്നും രക്ഷപ്പെടാമെന്നായിരുന്നു സവർക്കറുടെ ഉദ്ദേശം. എന്നാൽ പെസ്ക്യു ഇംഗ്ലീഷ് ഭാഷയിൽ നിരക്ഷരനായതിനാൽ സവർക്കറുടെ അഭ്യർത്ഥന മനസ്സിലായില്ല. പിന്നാലെ ഓടിയെത്തിയ ഹെഡ്കോൺസ്റ്റബിൾമാരുടെ കൈയ്യിൽ പെസ്ക്യു സവർക്കറെ ഏല്പിച്ചു കൊടുത്തു. അങ്ങനെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട്, സവർക്കർ എസ്. എസ്. മോറിയയിൽ തന്നെയെത്തി.
15. ബ്രിട്ടീഷ് വിരുദ്ധതയുടെ അവസാനകാണ്ഡം
…………………………
സവർക്കറുടെ കപ്പൽച്ചാട്ടത്തെക്കുറിച്ച് പിന്നീട് പല കഥകളും പ്രചരിച്ചിരുന്നു. കടലിൽ നീന്തിയ മൈലുകളെക്കുറിച്ചും കരയിൽ ഓടിപ്പിന്നിട്ട ദൂരങ്ങളെക്കുറിച്ചും നിറം പതിപ്പിച്ച കഥകൾ. അവയെല്ലാം ധനഞ്ജയ് കീറുമായുള്ള സംഭാഷണത്തിൽ സവർക്കർ നിരാകരിക്കുകയുണ്ടായി. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്നും ചാടി കരപിടിക്കുകയായിരുന്നു താനെന്ന് അസന്ദിഗ്ദ്ധമായി സവർക്കർ പറഞ്ഞിട്ടുണ്ട്.
മാഴ്സെയിൽസിൽ നിന്നും ജൂലൈ ഒമ്പതിന് പുറപ്പെട്ട എസ്. എസ്. മോറിയ പതിനേഴിന് യെമനിലെ ഏഡൻ തുറമുഖത്തെത്തി.അവിടെ നിന്നും സാൽസെറ്റ് എന്ന കപ്പലിലാണ് സവർക്കറെ ബോംബെയിലെത്തിച്ചത്. 1910 ജൂലൈ 22 ന് അങ്ങനെ സവർക്കർ ബോംബെ പോലീസിൻ്റെ കസ്റ്റഡിയിലായി.
സവർക്കറെ ഫ്രഞ്ച് മണ്ണിൽ നിന്നും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തത് പക്ഷെ, വിവാദമായി. കാൾമാർക്സിൻ്റെ കൊച്ചുമകൻ ഴാങ്ങ് ലോംഗെറ്റ് ആണ് ഈ മനുഷ്യാവകാശലംഘനം ആദ്യം ഏറ്റുപിടിച്ച ഒരാൾ. പിന്നീട് ഫ്രഞ്ച് സോഷ്യലിസ്റ്റ് നേതാവ് ഴാങ്ങ് ജോറസും അത് മുന്നോട്ടു കൊണ്ടുപോകുകയുണ്ടായി. അത് പിന്നീട് ബ്രിട്ടീഷ് – ഫ്രഞ്ച് ഗവണ്മെൻറുകൾ തമ്മിലുള്ള തർക്കമായി മാറുകയുണ്ടായി. തർക്കം മുറുകിയപ്പോൾ രണ്ട് ഗവണ്മെൻ്റുകളും കൂടിയാലോചിച്ച് 1910 ഒക്ടോബർ 25 ന് മാഴ്സെയ്ൽസ് കേസിൽ തീർപ്പുകല്പിക്കാൻ ഒരു പ്രശ്നപരിഹാരസമിതിയെ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര സമിതിയിലെ 5 അംഗങ്ങളും ബ്രിട്ടനിൽ നിന്നും ഫ്രാൻസിൽ നിന്നും ഓരോ അംഗങ്ങളും ചേർന്നതായിരുന്നു ഈ സമിതി. അതേ സമയം ഈ തർക്ക പരിഹാരസമിതി മാഴ്സെയിൽസിലെ അറസ്റ്റിനെപ്പറ്റിയുള്ള കാര്യങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പായിത്തന്നെ സമാന്തരമായി ഇന്ത്യയിൽ സവർക്കറുടെ വിചാരണ നടത്താൻ ബ്രിട്ടീഷ് ഗവണ്മെൻ്റ് തീരുമാനിച്ചിരുന്നു. ഇതും മറ്റൊരു അന്താരാഷ്ട്ര തർക്ക വിഷയം ആയി മാറി.
സവർക്കർക്കെതിരെയുള്ള കേസുകളിൽ ആദ്യത്തേതായ നാസിക് ഗൂഢാലോചനക്കേസിൻ്റെ വിചാരണ 1910 സെപ്തംബർ 15 ന് ആരംഭിച്ചു. കാശിനാഥ് അങ്കുഷ്ക്കർ, ദത്താത്രേയ ജോഷി, ഡബ്ല്യു. ആർ. കുൽക്കർണി, ലണ്ടനിൽ നിന്നും ബോംബെയിലേയ്ക്ക് സവർക്കർക്ക് വേണ്ടി ആയുധം കടത്തിയ ചതുർഭുജ് അമിൻ തുടങ്ങിയവർ ആയിരുന്നു മാപ്പുസാക്ഷികൾ. സവർക്കറുടെ വക്കീൽ വാദിച്ചത് മാഴ്സെയിൽസിൽ നടന്ന സംഭവങ്ങളെ തെറ്റായി അവതരിപ്പിച്ചു കൊണ്ടാണ്. എസ് എസ് മോറിയ മാഴ്സെയിൽസിലെത്തിയപ്പോൾ സവർക്കർ തന്നെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നും അതുകൊണ്ട് തന്നെ കപ്പലിൽ നിന്നിറങ്ങാൻ തനിക്കവകാശമുണ്ടെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അത് നിഷേധിക്കപ്പെട്ടു. അതോടൊപ്പം തന്നെ രണ്ട് ഫ്രഞ്ച് ഓഫീസർമാർ സവർക്കറെ കാണുന്നതിനായി കപ്പലിലെത്തിയെങ്കിലും അവരെ അതിന് അനുവദിച്ചില്ലെന്നും ആ സാഹചര്യത്തിലാണ് സവർക്കർ കപ്പൽച്ചാട്ടം നടത്താൻ നിശ്ചയിച്ചതെന്നുമാണ് വക്കീൽ വാദിച്ചത്.
നാസിക് ഗൂഢാലോചനക്കേസിൽ 38 പ്രതികൾ ആണ് ഉണ്ടായിരുന്നത്. നാസിക്, പൂനെ, ബോംബെ, ഔറംഗാബാദ് തുടങ്ങി ഡെക്കാൻ പീഠഭൂമിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രതികൾ. എന്നാൽ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു വലിയ ഘടകം ഉണ്ടായിരുന്നു. ഒരാൾ ഒഴികെ ബാക്കി എല്ലാവരും ചിത്പാവൻ ബ്രാഹ്മണർ ആയിരുന്നു. അതിൽ തന്നെ മൂന്നുപേരെ, ശങ്കർ ബൽവന്ത് വൈദ്യ, വിനായക് സദാശിവ് ബാർവേ, വിനായക് കാശിനാഥ് ഫുലംബ്രിക്കർ എന്നിവർ മാപ്പുസാക്ഷികളായതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അഭിനവ് ഭാരതത്തിലെ പുതിയ അംഗങ്ങളിൽ ഒരാളായ രഘുനാഥ് വെങ്കിടേഷ് ഗോസാവിയും സവർക്കർക്കെതിരെ മൊഴി നൽകുകയുണ്ടായി. അതിൻ്റെ പ്രത്യേകത, അഭിനവ് ഭാരത് എന്ന സംഘടനയുടെ യഥാർത്ഥ ഘടനയിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നായിരുന്നു അത് എന്നതാണ്. അഭിനവ് ഭാരത് മൂന്നു ഗ്രൂപ്പുകളെ ഉൾക്കൊള്ളുന്നു എന്നതായിരുന്നു അതിൻ്റെ കാതൽ. ഒന്നാമത്തെ കൂട്ടം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യേണ്ട വിപ്ലവകാരികളാണ്. വിനായക് ദാമോദർ സവർക്കറും ബാബാറാവുവും ആബാ ദരേക്കറും മറ്റും അക്കൂട്ടത്തിൽ പെടുന്നവരാണ്. രണ്ടാമത്തെ കൂട്ടർ കായികപരിശീലനങ്ങളിൽ താത്പര്യമുള്ളവർ. വിഷ്ണു മഹാദേവ് കേൽക്കർ, ധനപ്പ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തിൽ പെട്ടവർ. തീപ്പാറുന്ന പ്രഭാഷണങ്ങൾ വഴി കേൾവിക്കാരുടെ മനസ്സുമാറ്റുന്ന ഗണത്തിൽപ്പെട്ടവരാണ് നാരായൺ റാവു സവർക്കറും, ബാപ്പു ജോഷിയും മറ്റും. ഈ മൂന്നാം ഗണത്തിലേയ്ക്കാണ് പുത്തനായി ചേരുന്നവരെ ഉൾക്കൊള്ളിക്കുക. കാലക്രമേണ രണ്ടാം ഘടകത്തിലേയ്ക്കും അവസാനം ഒന്നാം ഗണത്തിലേയ്ക്കും വ്യക്തികളുടെ പ്രാപ്തി അനുസരിച്ച് ‘കയറ്റം’ കൊടുക്കും. ഒന്നാം ഗണത്തിലെത്തണമെങ്കിൽ പ്രതിജ്ഞയെടുക്കേണ്ടതുണ്ട്.
സവർക്കറെ ശരിക്കും കുടുക്കിയത് ഇന്ത്യാഹൗസിലെ കുശിനിക്കാരനായ ചതുർഭുജ് അമീൻ്റെ മൊഴിയാണ്. അഭിനവ് ഭാരതിൻ്റെ ബ്രാഹ്മണസ്വഭാവത്തെ വലുതായി കാണിച്ചു തരുന്ന ഒരു മൊഴിയായിരുന്നു അത്. ശിവജി മഹാരാജാവിൻ്റെ ചിത്രത്തിന് മുന്നിൽ ഒരു വിളക്ക് കത്തിച്ചുവെച്ച് അതിന് മുന്നിൽ ഇരുത്തിയാണ് ചതുർഭുജ് അമീന് സവർക്കർ അഭിനവ് ഭാരത് അംഗമാകാനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മാത്രമല്ല അമീൻ്റെ നീട്ടിപ്പിടിച്ച വലതു കൈയ്യിൽ വെള്ളം കുടഞ്ഞ് പത്ത് മിനിറ്റോളം സംസ്കൃത ശ്ലോകങ്ങൾ ചൊല്ലിക്കൊടുത്തതിന് ശേഷമാണ് അദ്ദേഹത്തെക്കൊണ്ട് അഭിനവ് ഭാരതിൻ്റെ പ്രതിജ്ഞ എടുപ്പിച്ചത്. ഒരു സംഘടനയിൽ അംഗമാകുന്നതിൻ്റെ ആധുനികരീതികളിൽ നിന്ന് ബഹുദൂരം പുറകിൽ കിടക്കുന്ന ഈ രീതി ഒരു ബ്രാഹ്മണാനുഷ്ഠാനത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്. തോക്ക് കൊടുത്തയച്ചത് ഹരി ആനന്ദ് തട്ടേയുടെ പേരിലാണ്. അധികം പരിശോധന ഇല്ലാതിരിക്കാൻ ഇറ്റാലിയൻ കപ്പൽ ആയിരുന്നു തെരഞ്ഞെടുത്തത്. തട്ടേ സ്ഥലത്തില്ലെങ്കിൽ വിഷ്ണു മഹാദേവ് ഭട്ടിന് തോക്കുകൾ ഏല്പിച്ചു കൊടക്കാനാണ് സവർക്കർ ആജ്ഞാപിച്ചത്. ഇതെല്ലാം നടത്തുന്നതിനായി 5 പൗണ്ട് കടം തരാനും വിനായക് തയ്യാറായി.
1910 ഡിസംബർ 23 നാണ് കോടതി വിധി പുറത്തുവന്നത്. അന്നത്തെ ഇന്ത്യൻ ശിക്ഷാനിയമം 121 എ പ്രകാരം വിനായക് ദാമോദർ സവർക്കറെ നാടുകടത്താനും (ജീവപര്യന്തം തടവോട് കൂടി) അദ്ദേഹത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് വിധിച്ചത്. നാരായൺറാവു സവർക്കർക്ക് ആറുമാസം കഠിനതടവും.
ജാക്സൺ വധപ്രേരണാ കേസിൻ്റെ വിചാരണ അത് കഴിഞ്ഞാണ് ആരംഭിച്ചത്. 1911 ജനുവരി 30 ന് പ്രഖ്യാപിച്ച വിധി പ്രകാരം ഒരു നാടുകടത്തൽ കൂടി (ജീവപര്യന്തം തടവോട് കൂടി )സവർക്കർക്ക് ശിക്ഷയായ് കിട്ടി. അന്നത്തെ നിയമപ്രകാരം ഒരു ജീവപര്യന്തം 25 വർഷമായിരുന്നു. അതായത് ഇരട്ട ജീവപര്യന്തം അഥവാ 50 വർഷത്തടവാണ് സവർക്കർക്ക് ലഭിച്ചത്.
ഏതാണ്ട് ഈ സമയത്ത് തന്നെ ഹേഗിൽ മാഴ്സെയിൽസ് സംഭവത്തെക്കുറിച്ചുള്ള ഫ്രഞ്ച് – ഇംഗ്ലീഷ് തർക്കങ്ങളെ തർക്ക പരിഹാര സമിതി പരിശോധിക്കുകയായിരുന്നു. 1911 ഫെബ്രുവരി 24 ന് സമിതി അവരുടെ വിധി പ്രസ്താവിച്ചു. അതും സവർക്കർക്ക് എതിരായിരുന്നു. “ബ്രിട്ടീഷ് ഗവണ്മെൻ്റ് വിനായക് ദാമോദർ സവർക്കറെ ഫ്രഞ്ച് റിപ്പബ്ലിക്കിന് ഏല്പിച്ചു കൊടുക്കേണ്ട കാര്യമില്ല” എന്നായിരുന്നു ആ വിധിയുടെ രത്നച്ചുരുക്കം.
1911 ജൂൺ 27 ന് വിനായക് ദാമോദർ സവർക്കർ എസ് എസ് മഹാരാജ എന്ന കപ്പലിൽ മദ്രാസ് തുറമുഖത്ത് നിന്നും ആൻഡമാനിലെ സെല്ലുലാർ ജയിലിലേയ്ക്ക് യാത്ര തിരിച്ചു. ഏതാണ്ട് 10 ദിവസത്തെ യാത്രയ്ക്ക് ശേഷം കപ്പൽ പോർട്ട് ബ്ലെയറിൽ എത്തി. സെല്ലുലാർ ജയിലിൽ അന്ന് ഉണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരിൽ പ്രമുഖർ ബാബാറാവു എന്ന ഗണേഷ് ദാമോദർ സവർക്കർ, വാമൻ റാവു ജോഷി, ഖുദിറാം ബോസിനെ തൂക്കിക്കൊന്ന ബോംബ് കേസിലെ പ്രതികളായ ഉല്ലാസ്ക്കർ ദത്ത്, അരബിന്ദ് ഘോഷിൻ്റെ ( പിൽക്കാലത്ത് മഹർഷി അരബിന്ദോ ) സഹോദരൻ ബാരിൻഘോഷ്, ഇന്ദു ഭൂഷൺ റോയി, ഹേംചന്ദ്രദാസ്, ബിഭൂതി ഭൂഷൺ സർക്കാർ, സച്ചീന്ദ്രനാഥ് സന്യാൽ തുടങ്ങിയവർ ആയിരുന്നു. ആകെ നൂറോളം രാഷ്ട്രീയത്തടവുകാർ അവിടെ ഉണ്ടായിരുന്നു. “കാലാപാനി ” യിലെത്തിയ സവർക്കർ അതിന് മുമ്പുണ്ടായിരുന്ന സവർക്കർ ആയിരുന്നില്ല. 50 വർഷത്തെ തടവുശിക്ഷ അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹം തന്നെ എഴുതിയ മാതിരി ” ഞാൻ ഉള്ളിൽ കടന്നു. പിറകിൽ വാതിലടഞ്ഞു. മരണത്തിൻ്റെ തനി വായിൽ അകപ്പെട്ട പോലെ എനിക്ക് തോന്നി “. ഡേവിഡ് ബാരി എന്ന അയർലൻ്റുകാരനായിരുന്നു ജയിലർ. 32778 എന്ന നമ്പർ സവർക്കർക്ക് നൽകപ്പെട്ടു. മിർസാഖാൻ എന്നയാൾ ആയിരുന്നു ബാരിയുടെ സഹായി.
വലിയ പ്രയാസങ്ങൾ ആയിരുന്നു കൊളോണിയൽ അധികാരികളിൽ നിന്ന് സെല്ലുലാർ ജയിലിലെ രാഷ്ട്രീയത്തടവുകാർ അനുഭവിച്ചിരുന്നത്. കഠിനമായ ജോലികൾ അവർക്കെടുക്കേണ്ടി വന്നിരുന്നു. തുച്ഛമായ ഭക്ഷണമാണ് പലപ്പോഴും അവർക്ക് ലഭിച്ചത്. വേണ്ടത്ര ചികിത്സ രോഗികളായ തടവുകാർക്ക് ലഭിച്ചിരുന്നില്ല. അതിനിടയിൽ ബോംബെ യൂണിവേഴ്സിറ്റി കേസിൻ്റെ ഭാഗമായി സവർക്കറുടെ ബിരുദപദവി എടുത്തുകളഞ്ഞു.
1911 ഡിസംബറിൽ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ചക്രവർത്തിയായി അധികാരമേല്ക്കും എന്ന വാർത്ത മാധ്യമങ്ങളിൽ വരികയുണ്ടായി. പുതിയ അധികാരിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് രാഷ്ട്രീയത്തടവുകാർക്ക് മാപ്പുനൽകുവാൻ പോകുന്നു എന്ന ശ്രുതി പരന്നു. വിനായക് ദാമോദർ സവർക്കർ ഒരു മാപ്പപേക്ഷ അധികൃതർക്ക് സമർപ്പിക്കുകയുണ്ടായി. 1911 ആഗസ്റ്റ് 30 നാണ് അധികൃതർ ആ അപേക്ഷ സ്വീകരിച്ചത്. 1911 സെപ്തംബർ 3 ന് മാപ്പപേക്ഷ നിരസിച്ചതായി സവർക്കർക്ക് അറിയിപ്പു കിട്ടി.
ആലിപ്പൂർ കേസിലെ തടവുകാരൻ, ഇന്ദു ഭൂഷൺ റോയ്, ജയിലിലെ പീഡനങ്ങൾ താങ്ങാനാകാതെ 1912 ഏപ്രിൽ 29 ന് ആത്മഹത്യ ചെയ്തു.അതെ തുടർന്ന് ഹോട്ടിലാൽ വർമ്മ എന്ന തടവുകാരൻ കുറേ പേപ്പറുകൾ സംഘടിപ്പിച്ച് ജയിൽജീവിതത്തിൻ്റെ ദു:സ്സഹമായ അനുഭവങ്ങളെ കുറിച്ച് ഒരു കുറിപ്പെഴുതി. ആ കുറിപ്പ് വലിയ ത്യാഗങ്ങൾ സഹിച്ച് അദ്ദേഹം പുറത്തെത്തിച്ചു. കോൺഗ്രസ്സ് നേതാവ് സുരേന്ദ്രനാഥ് ബാനർജിയുടെ കൈയ്യിലെത്തിയ ആ കുറിപ്പ് അദ്ദേഹം തൻ്റെ “ബംഗാളി” പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതോടൊപ്പം അത് ലാഹോറിലെ “ട്രിബ്യൂണി”ലും അമൃത് ബസാർ പത്രികയിലും പ്രസിദ്ധീകരിക്കപ്പെട്ടു.
അതിന് ശേഷം സ്വരാജ് പത്രികയുടെ എഡിറ്റർ ആയിരുന്ന ലതാറാമും പതിനേഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബംഗാളി നാനി ഗോപാലും ജയിൽ പീഡനങ്ങൾക്കെതിരെ നിരാഹാരം ആരംഭിച്ചു. അതോടൊപ്പം തന്നെ പുറത്തേയ്ക്ക് ജോലി ചെയ്യാനയച്ച തടവുകാർ ബോംബുണ്ടാക്കുന്നുവെന്ന വാർത്ത പരന്നു. ഏതാനും ഗ്രാമഫോൺ സൂചികളും ഇരുമ്പു കഷണങ്ങളും അവരുടെ പ്രവൃത്തി സ്ഥലത്ത് നിന്ന് കണ്ടെടുത്തത് സവർക്കറെ ഭീതിയിലാഴ്ത്തി. സവർക്കർ തന്നെ ആ ഭീതിയെ രേഖപ്പെടുത്തിയിട്ടുണ്ട്.
“ അത് എനിക്കുവേണ്ടി കരുതിവെച്ച ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിൽ നിറച്ചു. ഞാനിപ്പോൾ തന്നെ ഒരു ഗൂഢാലോചനാ കേസിൻ്റെ സഹനത്തിലാണ്. ഇതും എന്നിൽ എത്തിച്ചേരുമെന്ന് ഞാൻ ഭയന്നു. ഞങ്ങൾ ഇപ്പോൾ തന്നെ ജീവപര്യന്തം തടവിലാണ്. എൻ്റെ ജീവപര്യന്തം തടവ് അമ്പത് വർഷങ്ങൾ ആയിരുന്നു. ദൈവങ്ങൾ തന്ന ദു:സന്ധിയിൽ ആയിരുന്ന ഞാൻ ഇതിൽ കൂടി അകപ്പെടുകയാണെങ്കിൽ കൂടുതൽ കുഴപ്പത്തിലാകും. ഞാൻ പുറത്ത് പോകുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ബോംബുകൾ നിർമ്മിക്കുന്നതോ രക്ഷപ്പെടാൻ ബോട്ട് ഏർപ്പെടുത്തുന്നതോ ആയ ചോദ്യം തന്നെ അവശേഷിച്ചിരുന്നില്ല. എന്നോട് മിതമായ രീതിയിൽ പെരുമാറിയിരുന്ന ഉദ്യോഗസ്ഥർ ഇനി അത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കരുതെന്ന് തുറന്ന് പറയുകയുണ്ടായി. ഇന്ത്യാ സർക്കാരിൽ നിന്നും അവർക്ക്, എൻ്റെ ശിക്ഷാകാലാവധി തീരുംമുമ്പേ മോചനം നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നു. അല്ലെങ്കിൽ അതിന് മുമ്പ് ഞാൻ മരിച്ചു പോകണം ”
മദൻലാൽ ദിംഗ്രയുടെ കൈയ്യിൽ പിസ്റ്റൾ കൊടുത്ത് വില്ലിയെ കൊല്ലാനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ നിൻ്റെ മുഖം എനിക്ക് കാണേണ്ടെന്ന് പറഞ്ഞ സവർക്കറെയല്ല ഇവിടെ കാണുന്നത്. രക്തസാക്ഷിത്വത്തെ പേർത്തും പേർത്തും ആദർശവല്ക്കരിച്ച് ചെറുപ്പക്കാരിൽ കുത്തിനിറച്ചിരുന്ന ബ്രാഹ്മണ വിപ്ലവകാരിയെയും അല്ല. ബ്രിട്ടീഷ് വിരോധവും പതിയെ പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങുന്നത് നമുക്ക് കാണാം.
ജയിലിലെ പീഡനകഥകൾ പുറത്തുവന്നതിനെ തുടർന്ന് ബ്രിട്ടീഷിന്ത്യൻ ഗവണ്മെൻ്റിൻ്റെ ഹോം മെമ്പർ ആയിരുന്ന സർ റെജിനാൾഡ് എച്ച് ക്രഡ്ഡോക്ക് ആൻഡമാൻ ജയിൽ സന്ദർശിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയത്തടവുകാരിൽ ചിലരെ നേരിൽക്കണ്ട് സംസാരിക്കുക എന്നതായിരുന്നു ക്രഡ്ഡോക്കിൻ്റെ ദൗത്യം. വി ഡി സവർക്കർ, ഹൃഷികേശ് കാഞ്ചിലാൽ, ബാരിൻ ഘോഷ്, നന്ദ് ഗോപാൽ, സുധീർകുമാർ സർക്കാർ എന്നിവരെയാണ് ക്രഡ്‌ഡോക്ക് തന്നെ വന്ന് കാണാൻ ക്ഷണിച്ചത്. കൂടാതെ ബീരേന്ദ്രസെൻ, ഉപേന്ദ്രനാഥ് ബാനർജി, ഹോട്ടിലാൽ വർമ്മ, പുലിൻ ബിഹാരി എന്നിവരെ അവരവരുടെ ജയിലറകളിൽ ചെന്ന് ക്രഡ്ഡോക്ക് സന്ദർശിക്കുകയുമുണ്ടായി.
ഈ സന്ദർശനത്തിലാണ് ബ്രിട്ടീഷ് വിരുദ്ധതയുടെ പാത താൻ വെടിയാൻ തയ്യാറാണെന്ന് വിനായക് ദാമോദർ സവർക്കർ തുറന്ന് പ്രസ്താവിക്കുന്നത്. സവർക്കറുടെ അത് വരെയുള്ള ചിന്താഗതികളും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന ആശയമണ്ഡലവും വെച്ച് നോക്കുകയാണെങ്കിൽ ബ്രിട്ടീഷ് വിരുദ്ധപാത വെടിയാനുള്ള കാരണങ്ങൾ ആയി സവർക്കർ ചൂണ്ടിക്കാട്ടുന്നത് ബാലിശമായി മാത്രമേ അനുഭവപ്പെടൂ. ബ്രിട്ടീഷ് സർക്കാർ നടത്തിയ പരിഷ്ക്കരണങ്ങളെ മുൻനിർത്തിയാണ് താനും തൻ്റെ കൂട്ടുകാരും സായുധസമരം ഉപേക്ഷിച്ച് സമാധാനത്തിൻ്റെ പാത സ്വീകരിച്ചുകൊള്ളാം എന്ന് സവർക്കർ ഉറപ്പുകൊടുക്കുന്നത്. ഇതിന് അദ്ദേഹം കൂട്ടുപിടിക്കുന്നത് എല്ലാക്കാലത്തും താൻ എതിർത്തുവന്നിരുന്ന ഗോപാലകൃഷ്ണ ഗോഖലെയെ ആണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാ ഇന്ത്യക്കാർക്കും ഉറപ്പുവരുത്തുന്ന ഒരു ബിൽ കൊണ്ടുവരാൻ ഗോഖലെ വളരെയധികം ശ്രമിച്ചിരുന്നു. അത് അംഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ ഈ ആവശ്യത്തിലേയ്ക്കായി 50 ലക്ഷം രൂപ ജോർജ്ജ് അഞ്ചാമൻ്റെ സംഭാവനയായി അനുവദിക്കപ്പെട്ടിരുന്നു. ഇതും മോർലി – മിൻ്റോ പരിഷ്ക്കാരവും മുൻനിർത്തിയാണ് സവർക്കർ സായുധ പാതയിൽ നിന്നും പിൻവലിയാനുള്ള സന്നദ്ധത അറിയിച്ചത്
ഗോഖലെയുടെ പരിഷ്ക്കരണ ശ്രമങ്ങളെ അതുവരെ പല്ലും നഖവും തോക്കും ഉപയോഗിച്ച് എതിർത്തിരുന്ന ഒരാളായിരുന്നു സവർക്കർ. സമുദായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതിനെതിരെ നിലപാട് എടുത്ത തിലകിൻ്റെ ഈ കടുത്ത അനുയായി, തരം കിട്ടുമ്പോഴൊക്കെ ഗോഖലെ അടക്കമുള്ള പരിഷ്ക്കരണവാദികളെ നിരന്തരം പരിഹസിച്ചിരുന്നു. അഭിനവ് ഭാരതിൻ്റെ രൂപീകരണം പോലും ബ്രിട്ടീഷുകാർക്കെതിരെയുള്ള നിലപാട് കൊണ്ട് മാത്രമല്ല സംഭവിച്ചത്. ഗോഖലെ അടക്കമുള്ളവരുടെ നിലപാടുകൾക്കെതിരെയുള്ള നവ- യാഥാസ്ഥിതിക രഹസ്യ ബ്രാഹ്മണിക സംഘടന കൂടിയായിരുന്നു അത് എന്നോർക്കണം.
ജീവിതത്തിൽ താൻ ഉയർത്തിപ്പിടിച്ച നിലപാടുമൂലം വന്നു ഭവിച്ച ഒരു സ്ഥിതിയുടെ മൂർദ്ധന്യാവസ്ഥയിൽ അതെല്ലാം വലിച്ചെറിയാമെന്ന് വാഗ്ദാനം നൽകിയ സവർക്കറെ പക്ഷെ വിശ്വസിക്കാൻ ക്രഡ്ഡോക്ക് തയ്യാറായില്ല. കൗശലക്കാരനായ ക്രഡ്ഡോക്ക് ഈ പുതിയ നിലപാട് ഗവണ്മെൻ്റിനെ കത്തു വഴി അറിയിക്കാൻ സവർക്കറോട് ആവശ്യപ്പെട്ടു. എന്നാൽ അത് അനുയായികൾക്കിടയിൽ ഉണ്ടാക്കിയേക്കാവുന്ന അവമതിപ്പ് ഓർത്താകണം, മറ്റൊരു നിർദ്ദേശം സവർക്കർ മുന്നോട്ടുവെച്ചു. ഗവണ്മെൻ്റിനെ അറിയിക്കുന്നതിന് പകരം തൻ്റെ തന്നെ പ്രസ്താവനയായി പ്രസ്തുത മനംമാറ്റത്തെ വെളിപ്പെടുത്താം എന്നായിരുന്നു അത്. എന്നാൽ ക്രഡ്ഡോക്ക് അത് തള്ളിക്കളഞ്ഞു.
എന്തായാലും ഗവണ്മെൻ്റിന് മുന്നിൽ ഒരു മാപ്പപേക്ഷ വെയ്ക്കാനുള്ള അവസരം ക്രഡ്ഡോക്ക് വിനായകിന് നൽകുകയുണ്ടായി. ആദ്യത്തെ മാപ്പപേക്ഷ ജയിലിൽ വന്ന ആദ്യനാളുകളിൽ തന്നെ വിനായക് സമർപ്പിച്ചിട്ടുണ്ടായി. പക്ഷെ അത് തള്ളിപ്പോയിരുന്നു.
1913 നവംബർ 14 ന് സമർപ്പിച്ച മാപ്പപേക്ഷയുടെ പൂർണ്ണരൂപം ഇതായിരുന്നു.
” താങ്കളുടെ പരിഗണനക്കായി താഴെപ്പറയുന്ന കാര്യങ്ങൾ താഴ്മയോടെ സമർപ്പിച്ചു കൊള്ളുന്നു.
1. 1911 ജൂണിൽ ഞാൻ ഇവിടെ എത്തിയപ്പോൾ സംഘത്തിലെ മറ്റുള്ളവർക്കൊപ്പം എന്നെ ചീഫ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകുകയുണ്ടായി. അവിടെ വെച്ച് എന്നെ ഡി ക്ലാസ്സിൽ, അപകടകരമായ (Dangerous) വിഭാഗത്തിൽ, ആണ് ഉൾപ്പെടുത്തിയത്. എന്നാൽ മറ്റുള്ളവരെ ആ വിഭാഗത്തിലേയ്ക്കല്ല ഇനം തിരിച്ചത്. അതിന് ശേഷം ആറുമാസം ഏകാന്തത്തടവിൽ ഞാൻ കഴിയുകയുണ്ടായി. മറ്റുള്ളവർ അങ്ങനെയായിരുന്നില്ല. അക്കാലത്ത് കയർ തല്ലാൻ എന്നെ ഏർപ്പെടുത്തി. എൻ്റെ കൈകൾ പൊട്ടി ചോരയൊലിച്ചിട്ടു പോലും. പിന്നീട് എന്നെ എണ്ണമില്ലിലെ ജോലിയിൽ, ജയിലിലെ ഏറ്റവും കഠിനമായ തൊഴിലിൽ നിയോഗിച്ചു. ഇക്കാലത്തൊക്കെയും എന്റെ സ്വഭാവം അസാമാന്യമാം വിധം നല്ലതായിട്ടുപോലും ഈ ആറുമാസം കഴിഞ്ഞിട്ടും എന്നെ ജയിലറയ്ക്ക് വെളിയിൽ വിടുകയുണ്ടായില്ല. എന്നോടൊപ്പം വന്ന തടവുകാർക്ക് അത് അനുവദിച്ചെങ്കിൽ പോലും. അക്കാലം മുതൽ ഈ ദിവസം വരെ എൻ്റെ സ്വഭാവം കഴിയുന്നത്ര നന്നായ് സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
2. ഇളവ് ആവശ്യപ്പെട്ട് ഞാൻ നിവേദനം നൽകിയപ്പോൾ ഒരു സവിശേഷവിഭാഗത്തിൽപ്പെടുന്ന തടവുകാരൻ ആയതുകൊണ്ട് ഇളവ് തരാൻ സാധ്യമല്ല എന്നാണ് മറുപടി കിട്ടിയത്. ഞങ്ങളിൽ ആരെങ്കിലും കുറച്ചു കൂടി നല്ല ആഹാരമോ പ്രത്യേക പരിഗണനയോ ആവശ്യപ്പെടുന്ന സന്ദർഭത്തിൽ ഞങ്ങൾക്ക് മറുപടി കിട്ടിയത് നിങ്ങൾ സാധാരണ തടവുകാർ ആയതുകൊണ്ട് മറ്റുള്ളവർ കഴിക്കുന്ന ആഹാരം തന്നെ കഴിക്കേണ്ടതാണ്, എന്നാണ്. അങ്ങനെ ബഹുമാനപ്പെട്ട അങ്ങുന്ന് മനസ്സിലാക്കേണ്ടത് സവിശേഷ തടവുകാർ എന്ന നിലയിൽ ഞങ്ങൾക്ക് സവിശേഷമായ അസൗകര്യങ്ങളാണ് ലഭിക്കുന്നത്
3. കേസിൽ അകപ്പെട്ട ഭൂരിപക്ഷം പേരെയും പുറത്തേയ്ക്കയച്ചപ്പോൾ ഞാൻ എൻ്റെ വിടുതിയും അഭ്യർത്ഥിച്ചിരുന്നു. രണ്ടോ മൂന്നോ തവണ ചൂരൽ കൊണ്ടുള്ള അടി ശിക്ഷയ്ക്ക് വിധേയനായിട്ടു പോലും മറ്റുള്ളവർ ഒരു ഡസനിലും അതിൽ കൂടുതലും തവണ ജയിലറയ്ക്കുള്ളിൽ നിന്നും വിമോചിക്കപ്പെട്ടെങ്കിലും, ഞാനവരുടെ കേസിൽപ്പെട്ട ആളാണെങ്കിൽ പോലും, എന്നെ വിമോചിപ്പിച്ചില്ല. അതിന് ശേഷം ജയിലറയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള കല്പന എനിക്ക് കിട്ടിയപ്പോൾ പുറത്തുള്ള രാഷ്ട്രീയത്തടവുകാരിൽ ചിലർ ഉണ്ടാക്കിയ കുഴപ്പത്തിന് എന്നെ വീണ്ടും ജയിലറയിൽ പൂട്ടിയിട്ടു.
4. ഞാൻ ഇന്ത്യൻ ജയിലിലായിരുന്നെങ്കിൽ ഇക്കാലയളവിൽ എനിക്ക് കുറേക്കൂടി ഇളവുകൾ കിട്ടുമായിരുന്നു. കുറേക്കൂടി എഴുത്തുകൾ വീട്ടിലേയ്ക്ക് അയക്കാമായിരുന്നു. കുറേക്കൂടി സന്ദർശനങ്ങൾ അനുവദിക്കപ്പെടുമായിരുന്നു. ഞാൻ നാടുകടത്തപ്പെട്ടവൻ ആയിരുന്നെങ്കിൽ ഞാനിക്കാലയളവിൽ വിമോചിക്കപ്പെടുമായിരുന്നു. ടിക്കറ്റിനും അവധിയ്ക്കും വേണ്ടി കാത്തിരിക്കുന്ന ഒരാൾ ആകുമായിരുന്നു. പക്ഷെ ഇപ്പോൾ ഇന്ത്യൻ ജയിലുകളിലെ ആനുകൂല്യങ്ങൾ എനിയ്ക്ക് ലഭിക്കുന്നുമില്ല, കോളനി നിയന്ത്രണങ്ങൾ പ്രകാരമുള്ളവയും ലഭിക്കുന്നില്ല. മറിച്ച് രണ്ടിൻ്റേയും ആനുകൂല്യമില്ലായ്മകൾ അനുഭവിക്കുകയും ചെയ്യുന്നു.
5. അതിനാൽ, ബഹുമാനപ്പെട്ട അങ്ങുന്ന് ദയവുണ്ടായി എന്നെ കൊണ്ടുവെച്ചിട്ടുള്ള ഈ അസാധാരണ സ്ഥിതിവിശേഷത്തിന് ഒരു അന്ത്യമുണ്ടാക്കിത്തരണം .ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയയ്ക്കുക. അല്ലെങ്കിൽ മറ്റ് തടവുകാരെപ്പോലെ നാടുകടത്തപ്പെട്ടവനായി പരിഗണിക്കുക. ഞാൻ ഒരു മുൻഗണനയ്ക്കും വേണ്ടി അഭ്യർത്ഥിക്കുന്നില്ല. ഒരു രാഷ്ട്രീയത്തടവുകാരനെന്ന നിലയ്ക്ക് ലോകത്തെ സ്വതന്ത്രരാഷ്ട്രങ്ങളുടെ നാഗരികമായ ഭരണസംവിധാനം അത് അനുവദിക്കുന്നുണ്ടെങ്കിൽ കൂടി. മറിച്ച് ഏറ്റവും ക്രൂരരായ തടവുകാർക്കും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന അക്രമകാരികൾക്കും നൽകുന്ന ഇളവുകളും ആനുകൂല്യങ്ങൾക്കും മാത്രമാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. ജയിലറയിൽ അടച്ചിടാനുള്ള ഇപ്പോഴത്തെ തീരുമാനം ജീവനും പ്രത്യാശയും നിലനിർത്താനുള്ള സാധ്യത പോലും ഇല്ലാത്തവണ്ണം എന്നെ നിരാശനാക്കുന്നു. ഒരു പ്രത്യേക കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടവരുടെ കഥ വേറെയാണ്. പക്ഷെ, സർ, എനിയ്ക്ക് എൻ്റെ മുഖത്ത് തുറിച്ചു നോക്കുന്ന 50 വർഷങ്ങൾ ആണ് മുന്നിലുള്ളത്. അങ്ങേയറ്റത്തെ കുറ്റവാളികൾക്ക് പോലും അവകാശപ്പെടാവുന്ന അവരുടെ ജീവിതത്തെ കുറച്ചുകൂടി മിനുസപ്പെടുത്തുന്ന ഇളവുകൾ പോലും നിഷേധിച്ച് എന്നെ അടച്ചിട്ടിരിക്കുമ്പോൾ എങ്ങനെയാണ് ആ വർഷങ്ങൾ താണ്ടാനുള്ള ഊർജ്ജം എനിക്ക് ലഭിക്കുക? ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലിലേയ്ക്ക് അയക്കുക. അവിടെ എനിക്ക് a) ഇളവ് കിട്ടും. b) ഓരോ നാലുമാസം കൂടുമ്പോഴും ഉറ്റവരേയും ഉടയവരേയും എന്നെ സന്ദർശിക്കാൻ അനുവദിക്കുക വഴി ദൗർഭാഗ്യവശാൽ ജയിലിലെത്തപ്പെട്ടവർക്ക് ഒരാളുടെ പ്രിയപ്പെട്ടവരെയും അടുപ്പമുള്ളവരേയും ഇടയ്ക്കിടക്ക് കാണുക വഴി ലഭിയ്ക്കുന്ന പറയാൻ പറ്റാത്ത ആശ്വാസം ലഭിക്കും. c) എല്ലാറ്റിനുമുപരിയായി പതിനാലു വർഷം കഴിയുമ്പോൾ മോചനം ലഭിച്ചേക്കുമെന്ന ധാർമ്മികമായ – നിയമപരമല്ല – അവകാശം ലഭിക്കും. d) അതോടൊപ്പം കൂടുതൽ കത്തുകളും കുറച്ച് ആനുകൂല്യങ്ങളും കിട്ടും. എന്നെ ഇന്ത്യയിലേയ്ക്ക് വിടുന്നില്ലെങ്കിൽ ജയിലറയ്ക്കുള്ളിൽ നിന്നും എന്നെ വിമോചിപ്പിച്ച് പുറത്തേയ്ക്ക് വിടുക. മറ്റ് ഏതൊരു തടവുകാരേയും പോലെ അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള സന്ദർശനങ്ങളും, ടിക്കറ്റ് ലീവും, എൻ്റെ കുടുംബത്തിന് ഇങ്ങോട്ട് വന്ന് സന്ദർശിക്കാമെന്നുള്ള പ്രത്യാശയും ലഭിക്കും. അത് അനുവദിക്കുകയാണെങ്കിൽ ഒരേ ഒരു ദു:ഖം മാത്രമേ അവശേഷിക്കൂ. ഞാനാണ് എൻ്റെ തെറ്റുകൾക്ക് ഉത്തരവാദി, മറ്റുള്ളവർ അല്ല എന്നത് മാത്രം. അത് ഏതൊരു മനുഷ്യജീവിയുടേയും മൗലികാവകാശം ആയിരിക്കേ അതിന് വേണ്ടി അഭ്യർത്ഥിക്കുക എന്നത് എത്ര ദയനീയമായ അവസ്ഥയാണ്. ഒരിടത്ത് ഇരുപതോളം വരുന്ന ചെറുപ്പക്കാരായ, സക്രിയരായ, അസ്വസ്ഥരായ രാഷ്ട്രീയത്തടവുകാരും മറ്റൊരിടത്ത് ഒരു തടവു കോളനിയുടെ നിയമങ്ങളും. അവയുടെ തനിസ്വരൂപം ചിന്തയുടേയും പ്രകടനത്തിൻ്റേയും സ്വാതന്ത്ര്യത്തെ പരമാവധി ചുരുങ്ങിയ സാധ്യതയിലേയ്ക്ക് കൊണ്ടുവരികയെന്നതും. ഇടയ്ക്കിടയ്ക്ക് അവരിൽ ഒരാൾ നിയമങ്ങളിൽ ഒന്നോ രണ്ടോ തെറ്റിയ്ക്കുക എന്നത് ഒഴിവാക്കാനാകാത്തതാണ്. എന്നാൽ അതിനുത്തരവാദികൾ എല്ലാവരുമായിത്തീരുക എന്നത്, ഇപ്പോൾ ചെയ്തത് പോലെ – എന്നെ സംബന്ധിച്ചിടത്തോളം പുറത്തെത്തുക എന്നത് അസാധ്യമാക്കിത്തീർക്കും.അവസാനമായി ബഹുമാനപ്പെട്ട അങ്ങുന്നിനെ ഓർമ്മിപ്പിക്കുന്നതെന്തെന്നാൽ 1911 ൽ ഞാൻ അയച്ച മാപ്പപേക്ഷയിലൂടെ കടന്നുപോകുന്നത് നന്നായിരിക്കും എന്നാണ്. അത് ഗവണ്മെൻ്റിലേയ്ക്കയക്കാനുള്ള അനുമതി അങ്ങ് നൽകുകയുണ്ടായോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളും ഗവണ്മെൻ്റ് മുന്നോട്ടുവെച്ചിട്ടുള്ള സൗഹൃദപരമായ നയങ്ങളും ഒരിക്കൽ കൂടി ഭരണഘടനാപരമായ മാർഗ്ഗം തുറന്ന് തരുന്നു. ഇപ്പോൾ ഇന്ത്യയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന, ഹൃദയത്തിൽ മാനുഷികതയുള്ള ആരും തന്നെ 1906- 1907 ലെ ഞങ്ങളെയൊക്കെ സമാധാനപാതയിൽ നിന്നും പുരോഗതിയിൽ നിന്നും പിന്മടക്കി പ്രചോദിപ്പിച്ച, മുൾനിറഞ്ഞ പാതയിലേയ്ക്ക് അന്ധമായി ചുവടുവെപ്പിക്കാൻ ആവേശപ്പെടുത്തിയ, ആ നിരാശ നിറഞ്ഞ അവസ്ഥ നിലവിലില്ല. അതിനാൽ സർക്കാർ അതിൻ്റെ ഉദാരമായ പാതയിൽ ഉൾപ്പെടുത്തി എന്നെ വിമോചിപ്പിക്കാൻ ദയ കാണിക്കുകയാണെങ്കിൽ എന്നെപ്പോലെ ഇംഗ്ലീഷ് ഗവണ്മെൻ്റിനോട് വിധേയനും ഭരണഘടനാ പുരോഗതിയുടെ ഏറ്റവും ശക്തനായ വ്യക്താവും ആയി മറ്റാരും ഉണ്ടായിരിക്കുന്നതല്ല. അതാണല്ലോ പുരോഗതിയുടെ പ്രാഥമികമായ സ്ഥിതിവിശേഷം. ഞങ്ങൾ ജയിലിലായിരിക്കുന്നിടത്തോളം കാലം ബഹുമാനപ്പെട്ട പൊന്നുതമ്പുരാൻ്റെ പ്രജകളിൽ നൂറുകണക്കിനും ആയിരക്കണക്കിനും വരുന്ന വീടുകളിൽ യഥാർത്ഥ സന്തോഷവും ആനന്ദവും വിളയാടുകയില്ല. കാരണം രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. പക്ഷേ, ഞങ്ങൾ മോചിതരാകുകയാണെങ്കിൽ ഈ മനുഷ്യർ, സ്വയം തിരുത്താനും മാപ്പു ചോദിക്കാനും ചീത്തവിമർശനം ഉയർത്തുന്നതിനേക്കാളും പ്രതികാരം ചെയ്യുന്നതിനേക്കാളും അറിവുള്ളവർ, സന്തോഷപ്രദമായ ഒരു അട്ടഹാസത്തിലേയ്ക്കും ഗവൺമെൻ്റിനോടുള്ള നന്ദിപ്രകടനത്തിലേയ്ക്കും തന്നത്താൻ ഉയർത്തപ്പെടും. അതിലുപരിയായി ഭരണഘടനാപരമായ മാർഗ്ഗത്തിലേയ്ക്കുള്ള എൻ്റെ മാറ്റം ഇന്ത്യയിലെയും വിദേശത്തേയും തെറ്റായി നയിക്കപ്പെട്ട, ഒരിക്കൽ എന്ന മാർഗ്ഗനിർദ്ദേശകനായിക്കണ്ട,ചെറു
Be the first to write a comment.