വായ്പ ഒരു പ്രഹേളിക ആണ്. വ്യക്തിയുടെതാവട്ടെ, സ്ഥാപനത്തിന്റേതാവട്ടെ, സ്റ്റേറ്റിന്റേത് ആവട്ടെ, വായ്പ എടുത്ത സാഹചര്യം അത് എന്തിനു വേണ്ടി ഉപയോഗിച്ചു എന്ന കാര്യങ്ങൾ വച്ച്, വായ്പ ഒരു പ്രശ്‌നം ആവാം, അല്ലെങ്കിൽ അത് അടുത്ത തലത്തിലേക്കുള്ള വളർച്ചയ്ക്ക് കാരണം ആവുകയും ചെയ്യും.  വായ്പയെടുപ്പ് അത് കൊണ്ട് തന്നെ വളരെ ആലോചിച്ച് വ്യക്തമായ ആസൂത്രണത്തോടെ ചെയ്യേണ്ട കാര്യമാണ്. നവലിബറൽ ലോകത്തിന്റെ അടിസ്ഥാനം ഒരു പരിധി വരെ എങ്ങനെ ഉപഭോക്താക്കളെ കൊണ്ട് വായ്പയെടുപ്പിച്ച് ഉപഭോഗം വർദ്ധിപ്പിക്കാം എന്നതാണ്. വിപണി വളർത്താൻ പണം വേണം, വായ്പയിലൂന്നിയ (credit driven) വിപണിക്കേ  വളർച്ചയും ഉള്ളു. സാമ്പത്തിക മൂലധനത്തിൽ (financial capital) വിപണി അടിസ്ഥാനം ആയി വരുമ്പോൾ, വായ്പയുടെ വ്യാപ്തി മാത്രമല്ല, വായ്പയുടെ ഉപകരണങ്ങളും (instruments) അർത്ഥ തലങ്ങളും പലതരത്തിൽ ആണ്. ഇത് മനസ്സിലാക്കണമെങ്കിൽ സ്റ്റേറ്റിന്റെ വികസന ഉപാധികൾ (instruments) എന്തൊക്കെയാണെന്നും, വിഭവ സമാഹരണ-വിഭജന തത്വ സംഹിതകൾ എന്തൊക്കെ ആണെന്നും മനസിലാക്കണം. ഇന്നത്തെ ഇന്ത്യയിൽ, ഇതെല്ലാം മനസിലാക്കാൻ ഉള്ള പ്രധാന ഉപാധി, സ്റ്റേറ്റിന്റെ വാർഷിക ബഡ്‌ജറ്റ്‌ ആണ്. ഈ പശ്ചാത്തലത്തിൽ 2023-24 ലെ കേന്ദ്ര ബഡ്‌ജറ്റിനെ അവലോകനം ചെയ്യുകയാണിവിടെ.

 

ഹ്രസ്വകാല വീക്ഷണത്തിലൂന്നിയ വിപണി വ്യവസ്ഥയിലെ ബഡ്‌ജറ്റ്.

വ്യക്തിയിൽ നിന്നും സ്റ്റേറ്റിലേക്ക് വരുമ്പോൾ കടമെടുക്കുന്നതിന്റെ വലുപ്പം മാത്രമല്ല, അതിന്റെ ഉദ്ദേശവും വലുതാവും, അതിന് പല അടരുകളും ഉണ്ടാവും. സ്റ്റേറ്റ്  ലാഭം ഉണ്ടാക്കുക എന്ന ഉദ്യേശത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അല്ല. ജനതയുടെ സുരക്ഷയും ജീവിതനിലവാരം ഉയർത്തുന്നതിനാവശ്യമായ വസ്തുക്കളും സേവനങ്ങളും എല്ലാവരിലിലും എത്തിക്കുക എന്നതാണ് സ്റ്റേറ്റിന്റെ ലക്‌ഷ്യം. ഇതിന് വേണ്ട നിയമങ്ങളും നയങ്ങളും ഉണ്ടാക്കുക, അവ നടപ്പിലാക്കാൻ വേണ്ട സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഉറപ്പാക്കുക, ഇവയ്‌ക്കൊക്കെ  അവശ്യമായ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്തുക എന്നതാണ് സ്റ്റേറ്റിന്റെ അടിസ്ഥാന കർത്തവ്യം. രാജ്യത്തെ വിഭവങ്ങളെ സൂക്ഷ്മതയോടെ അവലോകനം ചെയ്ത്, രാജ്യത്തിൻറെ ആവശ്യങ്ങളെ ഹ്രസ്വകാല-ദീർഘകാല വീക്ഷണത്തോടെ കൃത്യമായ ആസൂത്രണത്തോടെ വിഭജിച്ച് രാജ്യത്തിന്റെയും ജനങ്ങളുടേയും സുസ്ഥിര നിലനില്പിനും ജീവിത നിലവാര വർദ്ധനവിനും ആയി ഉപയോഗിക്കുമ്പോൾ ആണ് സ്റ്റേറ്റ് ഉത്തരവാദിത്തമുള്ള പൊതു സ്ഥാപനം ആവുന്നത്. ജനാധി പത്യ സ്റ്റേറ്റിന്റെ നിലനിൽപ് തന്നെ ഈ തരത്തിലെ കാര്യബോധമുള്ള വിവേചന ബുദ്ധിയും അധികാരവും ജനത്തിന്റെ സമഗ്ര ഉന്നതിക്കും സമാധാന ജീവിതത്തിനും ആയി ഉപയോഗിക്കുമ്പോൾ ആണ്. ഒരു ജനാധി പത്യ സ്റ്റേറ്റ് ഈ ലക്ഷ്യത്തിൽ പരാജയം നേരിടുമ്പോൾ ആണ് പലപ്പോഴും അധികാര ദുർവിനയോഗത്തിലൂടെ സ്റ്റേറ്റിന്റെ പ്രവർത്തനത്തിനെതിരെ ഉയരുന്ന ചോദ്യങ്ങളെ അടിച്ചമർത്തുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നത്ത്. ദീർഘകാല വീക്ഷണത്തിൽ ഒരു സ്റ്റേറ്റ് എങ്ങനെയാണ് വിഭവങ്ങൾ സമാഹരിക്കുന്നത് എന്നതും എങ്ങനെ ആ വിഭവങ്ങളെ സമൂഹത്തിലെ അസമത്വത്തെ കുറക്കാനാവുന്ന വിധത്തിൽ വിഭജിക്കുന്നത് എന്നത് ആ സ്റ്റേറ്റിന്റെ ഘടനയുടെ നേർകാഴ്ച ആവുന്നത് അത് കൊണ്ടാണ്.

ബഡ്‌ജറ്റിന്റെ രാഷ്ട്രീയം, വികസനത്തിന്റേയും

ഇന്ത്യയെ പോലെ നവലിബറൽ തത്വസംഹിതയെ ഒന്നാകെ ഉൾകൊണ്ട ഒരു രാജ്യത്ത് വാർഷിക ബഡ്‌ജറ്റിന് മുൻപിലുള്ളതിനേക്കാളും പ്രാധാന്യം ഉണ്ട്.  2014 ൽ, പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെ പാതി വഴി ഉപേക്ഷിക്കുകയും, കേന്ദ്ര ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗിനെ കൊണ്ട് വന്നപ്പോൾ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രിത നയരൂപീകര പ്രക്രീയയെ ആണ് ഇന്ത്യ വേണ്ടെന്ന് വച്ചത്. പഞ്ചവത്സര പദ്ധതികൾ പൂർണ്ണമായും കറകളഞ്ഞ ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണം ആണ് നടത്തിയിരുന്നത് എന്നൊന്നും അവകാശപ്പെടാൻ പറ്റില്ല. എന്നിരുന്നാലും, ഒരു രാജ്യത്തിൻറെ വികസന വെല്ലുവിളികളെ തിരിച്ചറിഞ്ഞു, വികസന സ്വപ്നങ്ങളെ അത് വ്യക്തതയോടെ  പകർത്തി വച്ചിരുന്നു. പിഴച്ചിരുന്നത്, അതിന്റെ നടപ്പിലാക്കൽ പ്രക്രീയയാണ്. പലപ്പോഴും ആവശ്യത്തിന് പണമില്ലാത്തതും, നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെ, നിരുത്തരവാദിത്ത പ്രവർത്തനങ്ങളും കാരണമായി പറയാം. 1991 ൽ ഇന്ത്യ നവലിബറൽ നയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തന്നെ കേന്ദ്രികൃത ആസൂത്രണ പ്രക്രീയയിൽ നിന്നും വ്യതിചലിക്കാൻ തുടങ്ങി. വ്യക്തമായി പറഞ്ഞാൽ നവലിബറലിസം കേന്ദ്രികൃത ആസൂത്രണ വ്യവസ്ഥയുടെ അടിത്തറ ഇളക്കുകയും വിപണി വ്യവസ്ഥയുടെ അടിത്തറ ഇടുകയും ചെയ്തും. അതിന്റെ സ്വാഭാവികമായ അവസാനം ആയിരുന്നു 2014 നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയത്. ഇവിടെ ഉയരുന്ന ഒരു ചോദ്യം ഒരു കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സർക്കാർ ഇനി വന്നാൽ ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും തിരിച്ച് വരുമോ എന്നതാണ്. അതിനുള്ള ഉത്തരം യാതൊരു സാധ്യതയും ഇല്ല എന്നതാണ്. കേന്ദ്രികൃത ആസൂത്രണത്തിലൂന്നിയ നെഹ്രുവിയൻ ദേശിയതയെന്ന ആശയം കോൺഗ്രസ് സർക്കാരുകൾ തന്നെ കാലാകാലം ആയി ഇല്ലാതാക്കിയിരുന്നു. നെഹ്‌റു എന്ന വികാരം പോലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കോൺഗ്രസ് കൈവിട്ടിട്ടുണ്ടെന്ന് പറയേണ്ടി വരും, നെഹ്രുവിയൻ ഭാവനയിലും തത്വസംഹിതകളും ഉൾകൊണ്ട സ്ഥാപനങ്ങളെ ഒന്നൊന്നായി കഴിഞ്ഞ ഒൻപത് വർഷങ്ങൾ കൊണ്ട് ഇല്ലാതാക്കിയപ്പോൾ ഉയർന്നത് നാമമാത്രമായ പ്രതിരോധങ്ങൾ മാത്രമാണ്.

പറഞ്ഞു വന്നത് ഇത്രമാത്രമാണ്, വിപണി വ്യവസ്ഥയിൽ ദീർഘ വീക്ഷണ ആസൂത്രണം എന്നൊന്നില്ല, പ്രശ്നങ്ങളെ ഹ്രസ്വകാല അടിസ്ഥാനത്തിലാണ് പ്രധാനമായും കാണുന്നത്, അതിനനുസരിച്ചാണ് വിഭവ സമാഹരണവും നിക്ഷേപങ്ങളും. വിഭവ കമ്മി അതിരൂക്ഷവും, വിഭവ സമാഹരണത്തിന് വളരെ കുറച്ച് മേഖലകൾ മാത്രമുള്ളപ്പോൾ അനുയോജ്യമായ ഏക വികസന ഉപാധിയായിരുന്നു പഞ്ചവത്സര പദ്ധതികൾ. നെഹ്രുവിന്റെ ഭാഷയിൽ പറഞ്ഞാൽ അനുസൂത സമ്പത്തും വിഭവങ്ങളും ഉള്ളവർക്ക് ആസൂത്രണത്തിന്റെ ആവശ്യം ഉണ്ടാവണമെന്നില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വർഷത്തിലും, ഇന്ത്യ അനുസൂതമായ സമ്പത്തും, വിഭവങ്ങളും ഉള്ള ഒരു രാജ്യം ആയിട്ടില്ല എന്ന് മാത്രമല്ല, ഇന്നും പല മാനുഷിക – സാമ്പത്തിക വികസന സൂചികകളിൽ വളരെ പുറകിൽ ആണ്. നഗരങ്ങൾ വളരുകയും അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും, 2019-21 കാലത്ത് അഞ്ചിൽ ഒന്ന് (21.2%) ഇന്ത്യക്കാർ ദരിദ്രരും, പാർപ്പിടവും വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള അടിസ്ഥാന സേവനങ്ങളും, സൗകര്യങ്ങളും ഇല്ലാത്തവർ ആയിരുന്നു (UNDP, 2022). ലോക ബാങ്കിന്റെ കണക്കിലാകട്ടെ പ്രതിദിനം 3.1 അമേരിക്കൻ ഡോളറിലും താഴെ വരുമാനമുള്ളവർ ആണ് 60 ശതമാനം ഇന്ത്യക്കാർ. എന്നാൽ മറുവശത്ത് പിരമിഡിന്റെ മുകളിലെ 10 ശതമാനം വരുന്ന ഇന്ത്യക്കാരുടെ കൈയിൽ  77 ശതമാനം ആസ്‌തിയാണുള്ളത്. അതിലെ ഒരു ശതമാനത്തിന്റെ കൈയിൽ ഏകദേശം 50 ശതമാനം ആസ്തിയുണ്ട്. ഇത്തരത്തിലെ വരുമാന അസമത്തതിനൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള വികസന വിടവും വളരെ വലുതാണ്.

ഇതിന് ഒരു പ്രധാന കാരണം നവലിബറൽ കാലത്തെ സ്വകാര്യ  സ്വത്തും, സ്വകാര്യ സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഘട്ടം ഘട്ടം ആയി ഉയർന്ന വരുമാനക്കാരുടെ നികുതിയും കോർപ്പറേറ്റ് നികുതികളിലും ഇളവുകൾ നൽകിയതും അതിന്റെ നിരക്ക് കുറച്ചതും കൊണ്ടാണ്. 30 ശതമാനമായിരുന്ന കോർപറേഷൻ നികുതി, ഇപ്പോൾ 22 ശതമാനം ആണ്. 2023-24 ലെ ബജറ്റിലെ പ്രതീക്ഷിത കോർപറേഷൻ നികുതി വരുമാനം 15 ശതമാനം ആണ്. വരുമാന നികുതിയും 15 ശതമാനം ആണ്. 77 ശതമാനം ആസ്തി, 10 ശതമാനത്തിന്റെ കൈയിൽ ആണെങ്കിൽ, നേരിട്ടുള്ള നികുതി വരുമാനം, മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിന് മുകളിൽ ആകേണ്ടതാണ്. ഈ അസമത്തത്തെ കുറക്കാൻ വേണ്ടി, ഏറ്റവും താഴേക്കിടയിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരാനുള്ള, നയങ്ങളും നടപടികളും കൊണ്ടുവരേണ്ട ഉത്തരവാദിത്തം ആണ് സ്റ്റേറ്റിനുള്ളത്. എന്നാൽ, നികുതി വരുമാനത്തിന്റെ 25 ശതമാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുമുള്ള ജിഎസ് ടി വരുമാനം ആകുമ്പോൾ, ആ വിടവ് നികത്തുന്നില്ല എന്ന് മാത്രമല്ല, അത് ഉളവാക്കുന്ന പണപ്പെരുപ്പം മൂലം ദാരിദ്ര്യം വീണ്ടും വർദ്ധിക്കുമെന്ന അടിസ്ഥാന സാമ്പത്തിക ശാസ്ത്ര ജ്ഞാനം പോലും വിദഗ്‌ധർ കാണിക്കുന്നില്ല എന്ന് പറയേണ്ടി വരും. രാജ്യത്തെ പുതുതായി ഉണ്ടാവുന്ന വരുമാനത്തിന്റേയും ആസ്തികളുടേയും ഉടമസ്ഥർ ഒരു ചെറിയ ശതമാനം ആവുമ്പോൾ രാജ്യത്തിൻറെ വികസന പെൻഡുലം അസ്ഥിരവും അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യതയും വളരെയേറേയാണ്.

സുസ്ഥിര -സന്തുലിത വികസനം ലക്ഷ്യമിടുമ്പോൾ വിഭവങ്ങളുടെ നീതിയുക്തമായ പുനർ വിതരണത്തിനാവശ്യമായ ഉപാധികൾ ഉപയോഗിക്കേണ്ടത് ഒരു ഉത്തരവാദിത്വമുള്ള സ്റ്റേറ്റിന്റെ ജോലിയാണ്. പുനർ വിതരണത്തിനായി വിഭവ ശേഖരണം നടത്തിയില്ലെങ്കിൽ, സ്റ്റേറ്റിന് അത് ഏതെങ്കിലും വഴിയിൽ കണ്ടെത്തേണ്ടി വരും, അത് പ്രധാനമായും വായ്പയിൽ അല്ലെങ്കിൽ സ്റ്റേറ്റിന്റെ കീഴിലുള്ള പൊതു സംരംഭങ്ങളുടെ ഓഹരി വില്പനയാകും. 1991 ന് ശേഷം ഇന്ത്യ ഒരുപാട് പൊതു സംരംഭങ്ങളെ വിറ്റ്, അത് ബഡ്‌ജറ്റിൽ വരുമാനം ആയി കാണിച്ചിട്ടുണ്ട്. ഇത്തവണത്തെ ബഡ്‌ജറ്റിലും 61000 കോടി രൂപയാണ് ഇത്തരത്തിൽ സ്വരൂപിക്കാൻ ശ്രമിക്കുന്നത്. പൊതു ഓഹരി വില്പന കൊണ്ടുള്ള പ്രയോജനം, അത് ആ വർഷത്തെ വരുമാന കമ്മി കുറയ്ക്കാനുതകും എന്നതാണ്  ഇന്നാൽ ഈ നടപടി തീർത്തും ഹ്രസ്വമാണ്, ആ പൊതു ആസ്തി അതോടെ തീരുകയാണ്

ധനകമ്മിയും വായ്പയും വിപണി വ്യവസ്ഥയിൽ

വിപണി വ്യവസ്ഥയിൽ വിപണിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും രാജ്യത്തിൻറെ ആവശ്യം ആകുമ്പോൾ, അത് ഹ്രസ്വകാല അജണ്ടകളെ  ആണ് പ്രൊത്സാഹിപ്പിക്കുക. ഈ പശ്ചാത്തലത്തിൽ എങ്ങനെയാണ് വായ്പ വഴിയുള്ള ബഡ്‌ജറ്റിലെ ധനകമ്മി കുറയ്ക്കുന്ന നടപടികളെ കാണാൻ പറ്റുക?

ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്, ഫെഡറൽ സിസ്റ്റം നിലനിൽക്കുന്ന ഇന്ത്യയിൽ, ഈ ചോദ്യം കേന്ദ്ര സർക്കാരിനാണ് പ്രധാനമായും  ബാധകം ആകുന്നത്. സംസ്ഥാന സർക്കാരുകൾക്ക് വിഭവ സമാഹരണത്തിൽ പരിമിതികൾ ഏറെയാണ്, പ്രത്യേകിച്ചും ജി എസ് ടി നടപ്പിലാക്കിയതിന് ശേഷം. അതിനാൽ പലപ്പോഴും സംസ്ഥാന സർക്കാരുകൾക് ഒരു ദീർഘകാല വീക്ഷണത്തിൽ വികസന അജണ്ട നടപ്പിലാക്കണമെങ്കിൽ കേന്ദ്ര നയങ്ങളുടെ കൂട്ട് പിടിക്കേണ്ടി വരുന്നു, അല്ലെങ്കിൽ കേന്ദ്ര നയത്തിന്റെ ഉള്ളിൽ നിന്ന് മാത്രമേ അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളു. കഴിവും വ്യക്തതയും ഉള്ള സംസ്ഥാനങ്ങൾ, ഒരു പരിധി വരെ ഈ പ്രതിസന്ധികളെ കേന്ദ്ര നയങ്ങൾക്ക് ഉള്ളിൽ നിന്ന് തന്നെ മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇതൊക്കെ  സാധ്യമാവുന്നത്, ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഒരു കേന്ദ്ര ഭരണം നിലനിൽക്കുമ്പോൾ മാത്രമാണ്. പ്രതിപക്ഷ പാർട്ടികൾ ഭരണ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സമീപനം ഒരു കൊളോണിയൽ സ്റ്റേറ്റിന്റേത് പോലാവുന്ന പ്രവണത ഈ അടുത്ത കാലത്ത് കാണുന്നുണ്ട്. കേരളത്തിന്റെ ധനകമ്മിയും, വായ്പ ആവശ്യങ്ങളെയും അവയുടെ വ്യവസ്ഥകളേയും ഈ അടിസ്ഥാനത്തിൽ ആണ് അവലോകനം ചെയ്യേണ്ടത്.

സ്വാതന്ത്ര്യനന്തര ഇന്ത്യയ്ക്ക് വായ്പയില്ലാതെ മുന്നോട്ട് പോകാൻ സാധ്യമല്ലായിരുന്നു. ഒരു കൊളോണിയൽ ഭരണവും നാടുവാഴികളും കൂടി തീർത്തും കാലിയാക്കിയ ട്രഷറിയായിരുന്നു ഇന്ത്യയുടേത്. വരുമാന ശ്രോതസുകൾ കാര്യമായി ഒന്നും ഇല്ലായിരുന്നു. എന്നാൽ ഒരു രാജ്യത്തിന്റെ അടിത്തറയിടാൻ വേണ്ട നിരവധി നിക്ഷേപങ്ങൾ വേണമായിരുന്നു. ആഭ്യന്തര വിപണിയിൽ നിന്നും വായ്പയെടുക്കാൻ ഒരു പാട് പരിധികളും ഉണ്ടായിരുന്നു. തുടക്കത്തിൽ വിദേശ സഹായത്താൽ ആണ് ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക് ചിറകുകൾ വിരിയിക്കാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചത്. ആഭ്യന്തര നിക്ഷേപം വലുതാവുന്നത് അനുസരിച്ച്  ഇന്ത്യയുടെ വിദേശ സഹായത്തിന്റെ അളവ് കുറയുകയും ആഭ്യന്തര നിക്ഷേപം വലുതാവുകയും ചെയ്തു. ആദ്യ പഞ്ചവത്സര പദ്ധതി മുതൽ തന്നെ ആഭ്യന്തര നിക്ഷേപം വളർത്താനുള്ള നയങ്ങളും നടപടികളും നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടങ്ങി വയ്ക്കുകയും പഞ്ചവത്സര പദ്ധതികൾക് അങ്ങനെ വിഭവങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ 1990 ലെ കുവൈറ്റ് യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ വിദേശ കറൻസിയുടെ അളവ്  ഒരാഴ്ചത്തെ ഇറക്കുമതിക്ക് എന്ന അളവിൽ കുറഞ്ഞപ്പോൾ അടിയന്തിരമായി വിദേശ കറൻസി നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് ഐഎംഎഫിൽ നിന്നും കടമെടുക്കേണ്ടി വന്നു, ആ വായ്പയുടെ ഉപാധികളെത്തുടർന്നാണ്  ഇന്ത്യ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ നിർബന്ധിക്കപ്പെടുന്നത്. 1991 ന് ശേഷം ഇന്ത്യയുടെ പൊതുകടം പതുക്കെ പതുക്കെ വർദ്ധിച്ച് 2022 ഡിസംബറിൽ ജിഡിപി യുടെ 89 ശതമാനമായി എങ്കിലും, ഈ വായ്പയുടെ 85 ശതമാനവും ആഭ്യന്തര വായ്പ ആണെന്നതും, ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലെ ബാലൻസ് ഓഫ് പേയ്‌മെന്റ് (BOP) വളരെ സുരക്ഷിത നിലയിൽ ആണെന്നതും, അതായത് ഏകദേശം 10 മാസം ഇറക്കുമതി നടത്താനുള്ള വിദേശ കറൻസി ഇന്ത്യയ്ക്കുണ്ട് എന്നതും, ഇന്ത്യ തൽകാലം ശ്രീലങ്കയുടേയോ, ഗ്രീസിന്റെയോ, പാകിസ്ഥാന്റെയോ വഴിയിൽ എത്തില്ല എന്ന് കണക്കുകൾ വച്ച് വാദിക്കാം. എന്നാൽ, 2023-24 ലെ കേന്ദ്ര ബഡ്‌ജറ്റിലെ ചില കണക്കുകളുടെ നേർകാഴ്ച അത്ര സുഖമുള്ളതല്ല.

ധനമന്ത്രി നിർമല സീതാരാമൻ 45.03 ട്രില്യൺ രൂപയുടെ ബഡ്‌ജറ്റ് ആണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്.  കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനം അധിക ചിലവുള്ള ബഡ്‌ജറ്റ് ആണ്. വരുമാന വളർച്ച എന്നത് 11.7 ശതമാനവും. ധനക്കമ്മിയുടെ വളർച്ച, 1.8 ശതമാനവും ആണ്. ധനകമ്മി ആകട്ടെ, മൊത്തം ബഡ്‌ജറ്റ് അടങ്കലിന്റെ 39.66 ശതമാനം വരുന്നു. റവന്യൂ വരുമാനം എന്നത് റവന്യു ചിലവിന്റെ 75  ശതമാനം മാത്രമാണ്. അതായത് ശമ്പളവും, പെൻഷനും, പലിശയും, സബ്‌സിഡിയും, വികസന-വികസനേതര ഗ്രാന്റുകളും ഉൾപ്പെടുന്ന ചിലവ് നടത്താൻ കൂടി വേണ്ടിയാണ് കേന്ദ്രത്തിന് വായ്പയെടുക്കേണ്ടി വരുന്നത്. 11.1 ട്രില്ല്യൺ രൂപയുടെ കുറവാണ് ഈ കണക്കിൽ തന്നെ ഉണ്ടാവുന്നത്. ഒന്ന് കൂടി വ്യക്തം ആക്കിയാൽ വായ്പയെടുക്കുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം, 63.25 ശതമാനം ദൈന്യന്തിന ചിലവുകളാണ് പോകുന്നത്. അത്‌ കാര്യമായ ആസ്‌തി ഉണ്ടാക്കാനോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഉപയോഗിക്കുന്നില്ല. സബ്‌സിഡി ആണ് ധനകമ്മി ഉണ്ടാക്കുന്ന ഒരിനം എന്ന പഴകിയ വാദം ഇവിടെ നിലനിൽക്കില്ല, കാരണം ഭക്ഷണ-വള സബ്‌സിഡിയിൽ 25 ശതമാനം കുറവാണ് ഇത്തവണ ഉള്ളത്. പട്ടിണി അകറ്റാനും, കൃഷി ഉത്പാദന ചിലവ് കുറക്കാനും ആണ് സബ്‌സിഡി പ്രധാനം ആയും ഉപയോഗിക്കുന്നത്. അല്ലാതെയുള്ള ഗ്രാന്റുകൾ നാമമാത്രം ആണ്. എന്നാൽ, 2017 മുതൽ, 2022 ഏപ്രിൽ വരെയുള്ള കാലയളവിൽ, കേന്ദ്ര സർക്കാർ, 3.1 ട്രില്യൺ രൂപയാണ് ബാങ്കുകൾക്കു അധിക മൂലധനം ആയി നിർജീവ ആസ്തികൾ കൊണ്ടുള്ള ബാധ്യത കുറയ്ക്കാൻ നൽകിയത്. അതിന്റെ ഉപഭോക്താക്കൾ പ്രധാനമായും, കോർപ്പറേറ്റ് ഇന്ത്യയിലെ  ധനികരും ആണ്.

കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് വായ്പ കൊണ്ട്, ഉടനെയൊന്നും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാൻ പോകുന്നില്ല എന്ന് വച്ചാൽ പോലും, അതൊരു ആശ്വാസ ഘടകം അല്ല. വായ്പ തിരിച്ചടക്കാനും പലിശ അടക്കാനുമുള്ള ചിലവ് നൂറുരൂപയിൽ രണ്ടര രൂപയാവുന്നത്, അത്ര വലിയ പ്രശ്‌നം അല്ലായെന്ന് വാദിക്കുമ്പോൾ ഓർക്കേണ്ട ഒരുകാര്യം. നൂറു രൂപ ചിലവാക്കണമെങ്കിൽ, അറുപത് രൂപയെ കൈയിൽ, ഉള്ളു. ഉള്ള ആസ്തി വിറ്റിട്ടുപോലും. ബാക്കി നാല്പത് രൂപ വായ്പ എടുത്താണ് ചിലവാക്കുന്നത്. ഇത് ഒരു സമ്പത് വ്യവസ്ഥയെ സംബന്ധിച്ച് ഒട്ടും ആരോഗ്യകരമല്ല. റവന്യൂ വരുമാനം എന്നത് റവന്യൂ ചിലവിന്റെ 75 ശതമാനവും മൊത്തം ചിലവിന്റെ 58.45 ശതമാനവും ആകുന്നത് അത്ര നല്ല ലക്ഷണമല്ല എന്ന് മാത്രമല്ല വലിയ പ്രശ്നം തന്നെയാണ്. കോവിഡ് പോലത്തെ മഹാമാരിയോ, ഒരു യുദ്ധമോ, അല്ലെങ്കിൽ അത് പോലത്തെ അവസ്ഥയോ ഉണ്ടായാൽ കാര്യങ്ങൾ തകരാറിൽ ആകും. കഴിഞ്ഞ വർഷം ജിഎസ് ടി വരുമാനം വർദ്ധിക്കാൻ പണപ്പെരുപ്പം ഒരു കാരണം ആയിട്ടുണ്ട് എന്നത് സത്യമാണ്. അങ്ങനെ കരുതിയാൽ ഉത്പ്പാദനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും. ഉത്പ്പാദന വർദ്ധനവിനായി എന്തൊക്കെ സൗകര്യം ആണ് ബഡ്‌ജറ്റ് നൽകുന്നത് എന്ന് നോക്കിയാൽ, അടിസ്ഥാന സൗകര്യ നിർമാണത്തിനായി 10 ട്രില്യൺ നീക്കി വച്ചിട്ടുണ്ടെന്ന് കാണാം.

ധനമന്ത്രിയും, ഭരണ പക്ഷവും ശ്രദ്ധിക്കാതെ പോകുന്ന ഒന്ന്, നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം, സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇന്നില്ല എന്നതാണ്. പല പഠനങ്ങളും ഇത് വ്യക്തം ആക്കുന്നുണ്ട്. സാമ്പത്തിക വളർച്ച ഉണ്ടാവുന്നതിന് അനുകൂലമായ സാമൂഹിക-ശാസ്ത്രീയ-രാഷ്ട്രീയ അന്തരീക്ഷം വേണം. ഇന്നത്തെ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ പറയാൻ പറ്റുമോ, വികസന അജണ്ട സാമൂഹിക,  സാംസ്കാരിക, രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ ഉൾക്കൊണ്ടിട്ടുള്ളതാണെന്ന്? ശാസ്ത്രീയ അടിത്തറ എന്നത് നാൽകാലിയുടെ മഹത്വത്തിൽ അല്ല എന്ന്?  ജിഡിപി വളർച്ചയെ നാൽകാലിയുടെ തൊഴുത്തിൽ കെട്ടിയാൽ വായ്പകൾ വിഷയുക്തമാക്കാൻ അധിക സമയം വേണ്ട. കാരണം ആഭ്യന്തര വിപണിയിൽ നിന്നും കേന്ദ്രം വായ്പയെടുക്കുന്ന സ്ഥാപനങ്ങൾ അദാനി-ഹിൻഡർബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രശ്നത്തിൽ ആയിട്ടുണ്ട്. ദീർഘകാല നിക്ഷേപങ്ങൾ ഉള്ള ഇൻഷുറൻസ് കമ്പനികൾ, ദീർഘകാല നിക്ഷേപ സ്കീമുകൾ ഒക്കെ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്, ഓഹരി വിപണിയിലെ ഇടിവ് പലരുടേയും പെൻഷൻ കാല ജീവിതത്തെ ആണ് പ്രതികൂലം ആയി ബാധിക്കാൻ പോകുന്നത്. അത് ഉണ്ടാക്കാവുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളെ മുൻകൂട്ടി കാണേണ്ടത് അത്യാവശ്യം ആണ്.

2023-24 ലെ ബഡ്‌ജറ്റ് വ്യക്തി നികുതിയുടെ വരുമാന പരിധി ഉയർത്തിയപ്പോൾ, നികുതി ഇളവുകൾ നൽകുന്നത് പൂർണ്ണമായും ഇല്ലാതാക്കി. നികുതി ഇളവ് എന്നത്, നിക്ഷേപങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു പ്രോത്സാഹനം ആയിരുന്നു. നാഷണൽ സേവിങ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് പോളിസികളും ഗൃഹ നിർമാണ വായ്പയും ഒക്കെ ആയി മാറിയിരുന്നത്. അതില്ലാതായത് കൊണ്ട് പണം മുഴുവൻ വിപണിയിൽ വരും എന്ന കണക്ക് കൂട്ടൽ ആണ് കേന്ദ്രം നടത്തുന്നത്. ഒരു ലക്ഷത്തിനോടൊത്തോ, അതിനും മുകളിലോ പെൻഷൻ മേടിക്കാൻ സാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ ബഡ്‌ജറ്റ് നിർമാണ കമ്മിറ്റി മെമ്പർക്ക്, ഇനി അത്തരം നിക്ഷേപം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. അത് പോലെ, ഈ ഉപദേശം കൊടുക്കുന്ന ലോക ബാങ്ക് വിദഗ്‌ധർക്കും അതിന്റെ ആവശ്യം ഇല്ലാ, അവരുടെ വരുമാനത്തിന് നികുതിയെ ഇല്ലാത്തതാണ്. ഈ നില തുടർന്നാൽ വൈകാതെ ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ നിന്നുള്ള വായ്പയെടുപ്പിന് പരിധിയുണ്ടാകും. അതിന്റെ ഗുണഭോക്താവ്, അന്താരാഷ്ട്ര സാമ്പത്തിക സഹായ സംഘാംഗങ്ങൾ ആയ ലോക ബാങ്കും മറ്റുമാണെന്ന് പറയേണ്ടതില്ലല്ലോ? ഇവിടെയുണ്ടായ ആകെ ഒരു പോസിറ്റീവ് വശം എന്നത്, അവസാനം, പറയാതെ ധനമന്ത്രി അംഗീകരിച്ച, ഇന്ത്യൻ സമ്പത് വ്യവസ്ഥ ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നം ഉപഭോഗം കുറഞ്ഞത് കൊണ്ടാണെന്ന്. ഉപഭോഗം കൂട്ടാനുള്ള നയങ്ങളും പദ്ധതികളും കൊണ്ട് വരുന്നതിന് പകരം, ജനത്തിന്റെ കൈയിൽ നിന്നും അവസാന അരിമണിയും പെറുക്കാനുള്ള ശ്രമമാണിത്.

നവലിബറൽ കാലം ഘട്ടം ഘട്ടം ആയിട്ടാണ് ഒരു സമ്പത് വ്യവസ്ഥയെ വരുതിയിൽ നിറുത്തുന്നത്. കെ ആർ മീര, തന്റെ ഘാതകൻ എന്ന നോവലിൽ സ്റ്റേറ്റ്  നോട്ടുനിരോധനത്തെ എങ്ങനെയാണ് ജനത്തെ വരുതിയിൽ കൊണ്ടുവരാൻ ഉപയോഗിക്കുന്നത് എന്ന് വിശേഷിപ്പിക്കുണ്ട്. ആദ്യം കാലൊടിക്കുക, പിന്നെ കൈ, പിന്നെ ഓരോന്നായി ഇല്ലാതാക്കുക. പതുക്കെ പതുക്കെ ആവുമ്പോൾ, ജനം അതിനോട് സമരസപ്പെടും, ഒരു പക്ഷേ പ്രതിഷേധം പോലും ഉണ്ടാവില്ല. ഈ നയത്തെ സമ്പത് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് നേരെയുള്ള ഒളിയാക്രമണം തന്നെ ആയി കാണണം.

ഇന്ത്യയിലെ സാമ്പത്തിക അസ്ഥിരത ഉളവാക്കാനുള്ള അടുത്ത തലത്തിലെ തന്ത്രങ്ങൾ എന്തൊക്കെ എന്ന് വ്യക്തമാക്കുന്ന ഒന്നാണ് 2023-24 ലെ കേന്ദ്ര ബഡ്‌ജറ്റ്. ഇന്ത്യ ശ്രീലങ്ക ആവില്ല എന്ന് പ്രതീക്ഷിക്കുമ്പോളും മനസിലാക്കേണ്ട ഒന്ന് ക്രോണി ക്യാപിറ്റലിസം ഇവിടെ അടിയുറച്ചു എന്നതാണ്. ഭരണകൂടവും, മുതലാളിമാരും കൂടെ രാജ്യത്തിൻറെ ആസ്‌തികളെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളെ അധികാരം കൊണ്ട് നിശ്ശബ്ദരാക്കുക, താഴെക്കിടയിൽ ആണ് ആ ചോദ്യങ്ങൾ ഉയരുന്നതെങ്കിൽ അവയെ വർഗീയത കൊണ്ട് മറക്കുക, ഇതൊക്കെയാണ് ശ്രീലങ്കയിൽ സംഭവിച്ചത്. അത് കൊണ്ട് തന്നെ, ഇന്ത്യയ്ക്ക് ശ്രീലങ്കയാവാൻ കഴിയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സിവിൽ സമൂഹത്തിന്റെ, ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം ആണ്. ബഡ്‌ജറ്റിലെ കണക്കുകളെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതും ഒരു രാഷ്ട്രീയ പ്രവൃത്തി ആകേണ്ട സമയമാണിത്.


 

 

 

Comments

comments