18 . കരയ്ക്കടുപ്പിച്ച മാപ്പ്
…………………………
മൊണ്ടേഗുവും ചെംസ് ഫോർഡും ചേർന്ന് നിർദ്ദേശിച്ച ഭരണപരിഷ്ക്കാര നടപടികൾ 1919 ൽ ബ്രിട്ടനിലെ രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ ഒരു രാജകീയ വിളംബരത്തിലൂടെ അംഗീകരിക്കുകയുണ്ടായി. അതിലെ ആറാം വകുപ്പ് രാഷ്ട്രീയത്തടവുകാർക്ക് മാപ്പുനൽകുന്നതിനെക്കുറിച്ചായി
മറ്റൊരു വൈരുദ്ധ്യം അഫ്ഗാൻ -തുർക്കി “തീവ്രവാദ” സഖ്യത്തിനെതിരെ പോരാടാൻ തനിക്കുള്ള സന്നദ്ധത അറിയിക്കുന്നതാണ്. ഇന്ത്യാഹൗസിലുണ്ടായ തൻ്റെ സഹപ്രവർത്തകർ, വീരേന്ദ്രനാഥ് ചട്ടോപദ്ധ്യായയും മറ്റും ജർമ്മൻ തുർക്കി സഖ്യത്തിനൊപ്പം ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ആൻഡമാൻസിലെത്തി സവർക്കറെ വിമോചിപ്പിക്കാൻ പദ്ധതിയുണ്ടാക്കി എന്ന സവർക്കർ ജീവചരിത്രരചയിതാക്കളുടെ എഴുത്തിനെ തകിടം മറിക്കുന്നതാണ് സവർക്കറുടെ ഈ സന്നദ്ധത. സവർക്കറുടെ വിശദമായ ജീവചരിത്രം എഴുതിയ വിക്രം സമ്പത്ത് തന്നെ ഈ മാപ്പപേക്ഷയെ സവർക്കർ പിൽക്കാലത്ത് എഴുതിയ ” എൻ്റെ നാടുകടത്തൽ ” (My Transportation for life ) എന്ന ആൻഡമാൻ ഓർമ്മക്കുറിപ്പിലെ ഭാഗങ്ങളുമായി ചേർത്തുവെച്ച് മറ്റ് ചില വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാപ്പപേക്ഷയിൽ ബ്രിട്ടീഷുകാരുടെ ഭരണഘടനയോടുള്ള കൂറും അഹിംസയോടുള്ള മമതയും വെളിപ്പെടുത്തുന്ന സവർക്കർ ഓർമ്മക്കുറിപ്പിൽ മറ്റൊരു തരം രാഷ്ട്രീയചോദനകളെയാണ് വെളിപ്പെടുത്തുന്നത് എന്ന് വിക്രം സമ്പത്ത് ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഇത്തവണ ജയിൽ അധികൃതർ സവർക്കറുടെ അപേക്ഷ മുകളിലേയ്ക്ക് അയച്ചു. സവർക്കറും ബാബാറാവുവും ജയിലിലെ “നല്ല കുട്ടികൾ” ആയാണ് അവർ റിപ്പോർട്ട് ചെയ്തത്. പക്ഷെ, ബോംബെ ഗവണ്മെൻറ് അത് നിരാകരിച്ചു.
2021 ൽ പുറത്തിറങ്ങിയ ഉദയ് മഹൂർക്കറും ചിരായു പണ്ഡിറ്റും ചേർന്നെഴുതിയ, ആർ എസ് എസ് സർവ്വസംഘ് ചാലക് മോഹൻ ഭാഗവത് അവതാരികയെഴുതിയ, വീർ സവർക്കർ ദ മാൻ കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ഗാന്ധിയുടെ ഉപദേശമനുസരിച്ചാണ് സവർക്കർ മാപ്പപേക്ഷകൾ എഴുതിയത് എന്ന് പ്രസംഗിച്ചത് വൻവിവാദമുണ്ടാക്കി. ലണ്ടനിൽ വെച്ച് ഏറ്റവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ഗാന്ധിയും സവർക്കറുമായി കണ്ടിട്ടുള്ളതായി ചരിത്രം പറയുന്നു. ഈ രണ്ടുതവണയും അവർ തമ്മിൽ അഭിപ്രായങ്ങളിൽ ഒരു യോജിപ്പും ഉണ്ടായിരുന്നില്ല. നാം വിശദമായി പരിശോധിച്ച 1911 മുതൽ 1920 വരെയുള്ള കാലയളവിൽ സവർക്കർ എഴുതിയ മാപ്പപേക്ഷയുടെ പശ്ചാത്തലത്തിലൊന്നും ഗാന്ധി ഇല്ല. അതായത് മുടിയനായ പുത്രൻ തിരിച്ചു വരുമ്പോൾ ഗവണ്മെൻ്റിൻ്റെ വാതായനങ്ങളല്ലാതെ മറ്റെന്താണ് തുറന്നിടുക എന്നും സാമ്രാജ്യത്തിൻ്റെ അഭിവൃദ്ധിക്കായി ഒന്നാം ലോകയുദ്ധത്തിൻ്റെ പടനിലങ്ങളിൽ ബ്രിട്ടീഷുകാർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പൊരുതാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും ബ്രിട്ടീഷ് ഭരണഘടനയ്ക്കനുസൃതമായി പ്രവർത്തിക്കാമെന്ന് വീണ്ടും വീണ്ടും ആണയിടുമ്പോഴും ബ്രിട്ടീഷുകാർ ആവശ്യപ്പെടുന്ന കാലത്തോളം രാഷ്ട്രീയപ്രവർത്തനം നിർത്തിവെയ്ക്കാമെന്ന് താണുകേണ് പറയുമ്പോഴും ഗാന്ധി ചിത്രത്തിലേ ഇല്ല. ഈ സമയത്തെല്ലാം പ്രത്യേകിച്ച് 1919 മുതൽ ഗാന്ധി ബ്രിട്ടീഷുകാരുമായി സന്ധിയില്ലാ സമരത്തിലായിരുന്നു.
ഗാന്ധി സവർക്കറുടെ മോചനത്തിൽ മാനുഷികമായി ഇടപെടുന്നത് പിന്നീടാണ്. സവർക്കർമാരിൽ ഇളയവനായ നാരായൺ റാവു 1920 ജനുവരി 18 ന് ഗാന്ധിയ്ക്ക് എഴുതുകയുണ്ടായി. രാജകീയ വിളംബരത്തിൻ്റെ ഭാഗമായി സവർക്കർ സഹോദരരെ മോചിപ്പിക്കാൻ സാധ്യമല്ല എന്ന് ഗവണ്മെൻ്റ് അറിയിച്ചതിനെ തുടർന്നാണ് നാരായൺ റാവു ഗാന്ധിക്ക് എഴുതുന്നത്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് ഉപദേശം തേടിക്കൂടിയായിരുന്നു ആ കത്ത്. അവരുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചൊന്നുമായിരു
“അവരുടെ ശരീരഭാരം 118 പൗണ്ടിൽ നിന്നും 95- 100 പൗണ്ടായി കുറയുകയുണ്ടായി. ഇപ്പോൾ അവർക്ക് ആശുപത്രി നിർദ്ദേശിച്ച ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതായി യാതൊരു സൂചനയും ഇല്ല. ഏറ്റവും ചുരുങ്ങിയത് (ആൻഡമാനിൽ നിന്ന് ) മെച്ചപ്പെട്ട കാലാവസ്ഥയുള്ള ഏതെങ്കിലും ഇന്ത്യൻ ജയിലുകളിലേയ്ക്ക് മാറുന്നത് അവർക്ക് ഏറ്റവും അനുയോജ്യമായിരിക്കും. അവരിൽ ഒരാളുടെ കത്ത് ഈയടുത്ത കാലത്ത് എനിക്ക് ലഭിക്കുകയുണ്ടായി. അതിൽ ഇക്കാര്യങ്ങൾ എല്ലാം പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താങ്കൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയിക്കുമെന്ന് പ്രത്യാശിക്കുന്നു” എന്നിങ്ങനെയായിരുന്നു ആ കത്ത് അവസാനിച്ചിരുന്നത്. 1920 ജനുവരി 25 ന് ഗാന്ധി മറുകുറി എഴുതി. ഇക്കാര്യത്തിൽ എന്തെങ്കിലും ഉപദേശം തരിക ബുദ്ധിമുട്ടാണ് എന്നാണ് ഗാന്ധി എഴുതിയത്. താങ്കളുടെ സഹോദരൻ ജയിലിൽ പോയത് സമ്പൂർണ്ണമായും രാഷ്ട്രീയ കാരണത്താലാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരു ബൃഹദ് ഹർജി ഉണ്ടാക്കാനാണ് ഗാന്ധി ഉപദേശിക്കുന്നത്. അതോടൊപ്പം തൻ്റേതായ രീതിയിൽ ഇക്കാര്യത്തിൽ ഇടപെടാമെന്ന ഉറപ്പും ഗാന്ധി നൽകുന്നുണ്ട്.
ഗാന്ധി വാക്കുപാലിച്ചു. 1920 മെയ് 26 ൻ്റെ യങ്ങ് ഇന്ത്യയിൽ ”സവർക്കർ സഹോദരർ “ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ അവരുടെ മോചനം ഗാന്ധി ആവശ്യപ്പെട്ടു. രാഷ്ട്രീയത്തടവുകാർക്ക് പൊതുമാപ്പ് നൽകാനുള്ള രാജകീയ വിളംബരത്തെ ഗാന്ധി സ്വാഗതം ചെയ്തു. അതനുസരിച്ച് നിരവധി രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചതിലും. എന്നാൽ സവർക്കർ സഹോദരർക്ക് കൂടി ആ മോചനം ബാധകമാക്കണമെന്നും ഗാന്ധി ആവശ്യപ്പെട്ടു. ” ജ്യേഷ്ഠൻ സവർക്കറുടെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റവും പൊതുസ്വഭാവം ഉള്ളവയാണ്. അദ്ദേഹം നേരിട്ട് അക്രമങ്ങൾ നടത്തിയിട്ടില്ല. വിവാഹിതനായ അദ്ദേഹത്തിന് രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. അവർ മരിച്ചു പോയി. ഏതാണ്ട് പതിനെട്ട് മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചു പോയി. ….. മറ്റേ സഹോദരൻ ….. ലണ്ടനിൽ അദ്ദേഹത്തിനുണ്ടായിരുന്ന തൊഴിലിനെച്ചൊല്ലിയാണ് അറിയപ്പെടുന്നത് ……. അദ്ദേഹവും 1911 ൽ വധഗൂഢാലചനാ കേസിൽ കുറ്റം ചുമത്തപ്പെടുകയുണ്ടായി. അദ്ദേഹത്തിനെതിരെയും ഹിംസാത്മകമായ പ്രവൃത്തികൾ തെളിയിക്കപ്പെട്ടിട്ടില്ല. ”
നാരായൺ റാവു, തൻ്റെ ജ്യേഷ്ഠന്മാരുടെ മോചനം ലക്ഷ്യമാക്കി നിരവധി ഹർജികൾ അയച്ചു. നാം നേരത്തെ കണ്ടപോലെ 1915 ൽ വിനായകൻ്റെ ഭാര്യ യമുനയും ബാബാറാവുവിന്റെ ഭാര്യ യെശുവാഹിനിയും ഓരോ ദയാഹർജി അയച്ചിരുന്നു. 1920ൽ വിനായക് അയച്ച കഴിഞ്ഞ അദ്ധ്യായത്തിൽ നാം കണ്ട മാപ്പപേക്ഷയും ബ്രിട്ടീഷ് അധികൃതർ നിഷേധിച്ചു. പൊതുമാപ്പ് വീണ്ടും നീട്ടിനൽകുന്നതിനെ കുറിച്ച് തങ്ങൾ ആലോചിച്ചിട്ടില്ല എന്നാണ് ഗവണ്മെൻ്റ് അറിയിച്ചത്.
ആൻഡമാൻ ജീവിതത്തിൻ്റെ കാലത്ത് മുസ്ലീം വിരുദ്ധത ഉയർത്തിപ്പിടിച്ചിരുന്ന സവർക്കർക്ക് വേണ്ടി ബോംബെ ലജിസ്ളേറ്റീവ് അസംബ്ലിയിൽ ശബ്ദമുയർത്തിയത് മുസ്ലീം അംഗമായിരുന്ന മുഹമ്മദ് ഫയാസ് ഖാൻ ആണ്. അസംബ്ലി രേഖകൾ കാണിക്കുന്നത് 1921 ഫെബ്രുവരി 15ന് അലഹാബാദിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലീഡർ പത്രത്തിൽ സവർക്കർ സഹോദരരെ സംബന്ധിച്ചു വന്ന വാർത്ത മുൻനിർത്തിയാണ് ഫയാസ്ഖാൻ അസംബ്ലിയിൽ ചോദ്യങ്ങൾ ഉയർത്തിയത്. അസംബ്ലി രേഖകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ചോദ്യങ്ങൾ ഇതാണ്.
a ) കഴിഞ്ഞ പതിനൊന്നോ പന്ത്രണ്ടോ വർഷങ്ങളായി അവരെ സെല്ലിൽ കർക്കശമായി തടവിലിട്ടിരിക്കുകയാണ്.
b) അവർക്ക് കഠിനമായ ജോലികൾ ചെയ്യേണ്ടി വന്നു
c) രണ്ടുപേരിലും വെച്ച് മൂത്ത സഹോദരൻ, ഗണേഷ് ദാമോദർക്ക് പനിയും ഭാരക്കുറവും ദിനേന അനുഭവപ്പെടുന്നു
d) മെഡിക്കൽ ഓഫീസർ ക്ഷയത്തിനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകി വരുന്നത്
e) ആശുപത്രി നിർദ്ദേശിച്ച ഭക്ഷണം അദ്ദേഹത്തിന് നൽകുന്നുവെങ്കിലും, തൻ്റെ സെല്ലിൽ നിന്ന് പുറത്തിറക്കാതെ തടവിലിട്ടിരിക്കുകയാണ്.
മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ഗവണ്മെൻ്റിനോട് ആവശ്യപ്പെടുന്നു.
a .ഈ സഹോദരർക്ക് നേരെ നടക്കുന്ന മോശം പെരുമാറ്റം ഗവണ്മെൻ്റിൻ്റെ സമ്മതത്തോട് കൂടിയാണോ?
b. ഈ മോശം പെരുമാറ്റം ഗവണ്മെൻ്റിൻ്റെ നയത്തിനും ആഗ്രഹങ്ങൾക്കും വിരുദ്ധമാണെങ്കിൽ, അത് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുക്കാനാണ് ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നത്?
c. ആൻഡമാനിലേയ്ക്ക് കുടുംബത്തെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ലെന്നത് സത്യമാണെങ്കിൽ, പത്തുവർഷത്തെ തടവുജീവിതം അനുഭവിച്ചതിന് ശേഷം ശിക്ഷാ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ എപ്പോഴാണ് അദ്ദേഹത്തിന് ലഭിക്കുക?
ഈ ചോദ്യങ്ങൾക്ക് ലഭിച്ച മറുപടികൾ താഴെക്കൊടുക്കുന്നു
a) ആൻഡമാനിലെത്തിയ അന്ന് മുതൽ സവർക്കർ സഹോദരർ തടവിലാണെങ്കിൽപ്പോലും കർക്കശമായ തടങ്കലിൽ അല്ല. അവർ രാത്രി സെല്ലിൽ ഉറങ്ങുകയും പകൽ പുറത്ത് പണിയെടുക്കുകയും ചെയ്യുന്നു
b) അവരുടെ ജോലികൾ ചെറിയ അദ്ധ്വാനം ആവശ്യപ്പെടുന്നവ മാത്രമാണ്.
c) ഗണേഷ് വൈദ്യപരിശോധനയിലാണ്. ഒരു സായാഹ്നത്തിൽ അദ്ദേഹത്തിൻ്റെ ശരീരോഷ്മാവ് 99 ഡിഗ്രി വരെയെത്തി. അദ്ദേഹത്തിൻ്റെ തൂക്കം 110 പൗണ്ട് ആണ്. 10 വർഷം മുമ്പ് ഇവിടെയെത്തിയ കാലത്ത് അത് 113 പൗണ്ട് ആയിരുന്നു.
d) യും e) യും : അദ്ദേഹത്തിൻ്റെ രോഗം ക്ഷയം ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പക്ഷെ, മുൻകരുതൽ നടപടി എന്ന നിലയിൽ സെല്ലുകളോട് ചേർന്നുള്ള വരാന്തയിലാണ് അദ്ദേഹം കഴിയുന്നത്
തുടർന്ന് വിത്തൽ ഭായി പട്ടേൽ, ജി എസ് ഖപാർഡേ തുടങ്ങിയവരും 1921 – ) മാണ്ടിൽ സവർക്കറുടെ മോചനം അസംബ്ലിയിൽ ഉന്നയിക്കുകയുണ്ടായി. 1921 മാർച്ചിൽ രംഗസ്വാമി അയ്യങ്കാർ അവതരിപ്പിച്ച പ്രമേയത്തിൽ ഭരണഘടനയ്ക്ക് അനുസൃതമായി ജീവിക്കാൻ സവർക്കർ എടുത്ത തീരുമാനം അത്രമേൽ സത്യമാണെന്ന് പറയുന്നുണ്ട്. സവർക്കർ തന്നെയും പിന്നീട് സവർക്കറൈറ്റുകൾ എന്നറിയപ്പെടുന്ന ശിഷ്യഗണങ്ങളും നിരന്തരം നിഷേധിക്കുന്ന വസ്തുത ശരിയായിരുന്നു എന്നാണ് രംഗസ്വാമി അയ്യങ്കാർ പറയുന്നത്.
ഇതിനിടയിൽ ആൻഡമാൻ ജയിലിലെ പ്രധാന ഉത്പന്നങ്ങളിൽ ഒന്നായ വെളിച്ചെണ്ണ നിർമ്മാണത്തിൻ്റെ ഫോർമാനായി സവർക്കറെ നിയമിച്ചിരുന്നു. പ്രതിമാസം 1 രൂപ ശമ്പളമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടൊപ്പം ഹിന്ദിയാണ് ഇന്ത്യയുടെ രാഷ്ട്രഭാഷയാകേണ്ടത് എന്ന തരത്തിലുള്ള പ്രചാരണപ്രവർത്തനങ്ങളും ശുദ്ധിപ്രസ്ഥാനത്തിനൊപ്പം അദ്ദേഹം ജയിലിൽ നടത്തിയിരുന്നു. പിൽക്കാല ഹിന്ദുത്വത്തിൻ്റെ ശക്തമായ മുദ്രാവാക്യങ്ങളിൽ ഒന്നായ ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്നതിൽ ആദ്യത്തെ രണ്ടിൻ്റേയും പ്രവർത്തന പരിപാടികൾ അദ്ദേഹം ആൻഡമാനിൽ വെച്ചു തന്നെ ആവിഷ്ക്കരിച്ചിരുന്നു. അഭിനവ് ഭാരതിൻ്റെ ഭാഷാസമീപനത്തിൽ തന്നെ ഇത് നിഴലിച്ചിരുന്നു. ദേവനാഗരി ലിപി ഇന്ത്യയിലെ എല്ലാ ഭാഷകളും എഴുതാൻ ഉപയോഗിക്കണം എന്നായിരുന്നു അഭിനവ് ഭാരത് മുന്നോട്ട് വെച്ചിരുന്ന ലിപി സങ്കല്പനം. മറാത്താ പ്രവിശ്യയ്ക്ക് പുറത്ത് ഹിന്ദുസംഘടനാ പ്രസ്ഥാനത്തിന് മുൻകൈയ്യെടുത്ത ആര്യസമാജ് പോലുള്ളവയും ബെനാറസിലെ നഗര പ്രചാരിണി സഭയും വലിയ തോതിൽ ഹിന്ദിക്കും ദേവനാഗരിലിപിക്കും വേണ്ടി പ്രചാരണപ്രവർത്തനം നടത്തുകയുണ്ടായി.
ഹിന്ദി എന്ന ഭാഷയോടുള്ള സ്നേഹത്തേക്കാളുപരി ഉറുദു എന്ന ഭാഷയോടുള്ള എതിർപ്പായിരുന്നു ഹിന്ദുസംഘടനാ പ്രവർത്തകരുടെ ഹിന്ദി പ്രചാരത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. അതോടൊപ്പം ദേവനാഗരി ലിപിക്ക് വേണ്ടി വാദിച്ചതിന് പിന്നിൽ സംസ്കൃതാഭിമുഖ്യവും. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പ്രഭവകേന്ദ്രം എന്ന് വിളിക്കാവുന്ന നവ – യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ പ്രധാനപ്പെട്ട പ്രകടനങ്ങളിൽ ഒന്നായ് തിരിച്ചറിഞ്ഞിട്ടുള്ളത് മുസ്ലീം വിരുദ്ധതയാണല്ലോ. സാമൂഹികമായി മാത്രമല്ല, അത് പ്രവർത്തിച്ചത്. സംസ്ക്കാരത്തിൽ അധിനിവേശം നടത്തുക എന്നതായിരുന്നു, തുടക്കം മുതൽ അത് അവലംബിച്ചു വന്നിരുന്നത്. ഉറുദുവിലായിരുന്നു ഗവണ്മെൻ്റ് രേഖകൾ മുഴുവൻ സൂക്ഷിച്ചിരുന്നത്. ഉറുദു എഴുതപ്പെട്ടിരുന്ന പേഴ്സ്യൻ ലിപിയിൽ ആയിരുന്നു ഹിന്ദി പോലും എഴുതപ്പെട്ടിരുന്നത്. ഭാഷയ്ക്ക് മതസ്വത്വം ചാർത്തിക്കൊടുക്കുക എന്നതായിരുന്നു, നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക ഇടപെടൽ. ഈ ഇടപെടൽ ആയിരുന്നു സവർക്കർ ജയിലിൽ നടത്തിയിരുന്നത്. സ്കൂളുകളിൽ ഉറുദു ഒരു പ്രധാനഭാഷയായി പഠിപ്പിച്ചിരുന്നതിനെതിരെയും സവർക്കർ ഇക്കാലത്ത് ശബ്ദിക്കുന്നുണ്ട്.
1920 ആഗസ്റ്റ് 1 ന് ബാൽ ഗംഗാധർ തിലക് അന്തരിച്ചു. കോൺഗ്രസ്സിനെ നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ പൊതുപ്രസ്ഥാനമാക്കുക എന്ന സ്വപ്നം കൈവിട്ടു പോയിരുന്നു. ഗാന്ധി, അതിനെ ബഹുജന പ്രസ്ഥാനമായി വളർത്തിയെടുക്കാൻ കഠിനമായി പരിശ്രമിക്കുകയായിരുന്നു. മുസ്ലീങ്ങളെ ഉൾച്ചേർത്തുകൊണ്ട് മാത്രമേ അത് സാധ്യമാകു എന്ന് ഇന്ത്യയിലെ മത ബഹുസ്വരതയെപ്പറ്റി പ്രാഥമികജ്ഞാനമുള്ള എല്ലാവരും മനസ്സിലാക്കേണ്ട വസ്തുതയിലേയ്ക്ക് ഗാന്ധി എത്തപ്പെട്ടിരുന്നു. ഹിന്ദു സംഘടനാ പ്രസ്ഥാനങ്ങൾ വിവിധ ജാതികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാനുള്ള പരിശ്രമത്തിലേർപ്പെട്ടപ്പോൾ ഗാന്ധി ഇന്ത്യയുടെ ബഹുസ്വരതയെ ഒരു പൊതുസംഗീതത്തിലേയ്ക്ക്, സാമൂഹിക ജീവിതത്തിൻ്റേയും രാഷ്ട്രീയജീവിതത്തിൻ്റേയും പൊതുവിതാനത്തിനടിയിലേയ്ക്ക് സംഗ്രഹിക്കുന്ന ഒന്നിന് വേണ്ടിയാണ് ഏർപ്പെട്ടിരുന്നത്. ഇത് സ്വാഭാവികമായും, നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ ഒരു സംഘർഷത്തിൽ എത്തിച്ചു. സാമ്രാജ്യത്ത വിരുദ്ധത ഗാന്ധിയൻ രാഷ്ട്രീയത്തിൻ്റെ കാതൽ ആയി മാറിക്കഴിഞ്ഞിരുന്നു. അതേ സമയം ബ്രിട്ടീഷ് വിരുദ്ധതയെന്നത് നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ അജണ്ടയിൽ നിന്ന് ഒഴിഞ്ഞുപോയിരുന്നു.
തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തിൽ, ജർമ്മനി നയിക്കുന്ന അച്ചുതണ്ടുശക്തികളുമായി ചേർന്ന് ബ്രിട്ടൻ അംഗമായ സഖ്യകക്ഷികൾക്കെതിരെ യുദ്ധത്തിലേർപ്പെട്ടത് നാം നേരത്തെ ചർച്ച ചെയ്യുകയുണ്ടായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോർജ്ജും അമേരിക്കൻ പ്രസിഡണ്ട് വുഡ്രോ വിൽസനും യുദ്ധാവസാനത്തിൽ തുർക്കി സുൽത്താനും മുസ്ലീം ചരിത്രത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുമായ ഖലീഫയോട്, യുദ്ധത്തിൽ തോറ്റെങ്കിലും, മാന്യമായ ഒത്തുതീർപ്പു വ്യവസ്ഥകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവർ അതൊന്നും പാലിക്കാതെ തുർക്കിയെ വെട്ടിമുറിക്കുകയാണ് ചെയ്തത്. തുർക്കി വിഭജിക്കപ്പെടുകയും ഒരു ഭാഗം ഗ്രീസിനും മറ്റൊരു ഭാഗം ബ്രിട്ടനും ഫ്രാൻസിനും കൂടി ലഭിക്കുകയും ചെയ്തു. ഖലീഫ വെറും നിഴൽ ഭരണാധികാരി മാത്രമായി. ഇതിൻ്റെ അലയൊലികൾ ഇന്ത്യൻ മുസ്ലീങ്ങൾക്കുമിടയിൽ ഉണ്ടായി. മൗലാന മുഹമ്മദ് അലി ജൗഹർ, ഷൗക്കത്ത് അലി, മൗലാനാ അബുൾ കലാം ആസാദ്, ഹക്കിം അജ്മൽ ഖാൻ എന്നിവർ ചേർന്ന് ഇക്കാര്യത്തിലുണ്ടാക്കിയ സഖ്യത്തിനോട് ഗാന്ധിയും യോജിച്ചു. 1919 നവംബർ 23 ന് ഗാന്ധിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പ്രസിഡണ്ടായി ഐകകണ്ഠേന തെരഞ്ഞെടുത്തു. സ്വാതന്ത്ര്യസമര ചരിത്രം അതുവരെ ദർശിക്കാത്ത വിധത്തിൽ ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിക്കാരും മുസ്ലീങ്ങളും അടിസ്ഥാന തലത്തിൽ തന്നെ സാമ്രാജ്യത്ത വിരുദ്ധത മുൻനിർത്തി രാഷ്ട്രീയമായി കൈകോർത്തു. ഇത് തിലകൻ്റെ പിൻഗാമികളായ നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസ്റ്റുകൾക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. അവരോടും മറ്റുതരത്തിൽ വിയോജിപ്പുള്ളരോടും 1920 ജൂൺ 2 ന് ഇറങ്ങിയ യങ്ങ് ഇന്ത്യയിലൂടെ ഗാന്ധി മറുപടി നൽകി.
“ഇന്ത്യൻ മുഹമ്മദീയരിൽ എനിക്ക് താത്പര്യമില്ലായിരുന്നെങ്കിൽ തുർക്കിക്കാരുടെ ക്ഷേമകാര്യങ്ങളിൽ , ആസ്ത്രിയക്കാരുടേയോ പോളണ്ടുകാരുടേയും കാര്യത്തിലെന്ന പോലെ ,എനിക്കും യാതൊരു താത്പര്യവും ഉണ്ടാകില്ലായിരുന്നു. പക്ഷെ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ സഹ- ഇന്ത്യക്കാരുടെ സഹനങ്ങളും വിചാരണകളും പങ്കിടേണ്ടത് എന്റെ കടമയാണ്. ഹിന്ദുവിന് മുഹമ്മദീയരുമായി കൈകോർക്കാവുന്നതിൻ്റെ പരിധി …. അതിനുള്ള എളുപ്പവഴി എന്നത് …. എൻ്റെ മുഹമ്മദീയനായ സ്നേഹിതന് വേണ്ടി, നീതിയുക്തമായ ഒരു കാര്യത്തിൽ, അങ്ങേയറ്റം സഹിക്കുക എന്നതാണ്. ഞാനത് കൊണ്ട് പാതയുടെ അങ്ങേയറ്റം വരെ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കും. “
തിലകിൻ്റെ, പിന്നീട് സവർക്കറുടേയും എഴുത്തുകൾ പോലെ ചിത് പാവൻ ബ്രാഹ്മണരേയോ, ബ്രാഹ്മണ കുലത്തേയോ മാത്രം അഭിസംബോധന ചെയ്യുന്ന ഒന്നല്ല അത്. സാമൂഹിക മേലാളത്തം യാഥാർത്ഥ്യമായി കരുതിയ യാഥാസ്ഥിതിക ബ്രാഹ്മണരെ രാഷ്ട്രീയ മേലാളിത്തത്തിൻ്റെ രക്ഷാകർത്താക്കളും ഉപഭോക്താക്കളുമാകാൻ പ്രേരിപ്പിക്കുന്ന, പുരോഗമനത്തിൻ്റെ വ്യക്താക്കളെ ഭർത്സിക്കുന്ന, മറ്റ് മതങ്ങളുമായി സംവാദം സാധ്യമല്ലാത്ത, ഒരു ശബ്ദമോ ചിന്തയോ അല്ല അതിൽ ഉള്ളത്. അത് സംസാരിക്കുന്നത് ഹിന്ദു എന്ന അയഞ്ഞ സംവർഗ്ഗത്തിനുള്ളിൽ കഴിയുന്നവരോട് തന്നെയാണ്. പക്ഷെ, തങ്ങൾക്കുള്ളിൽ കേന്ദ്രീകരിക്കാനല്ല, പുറത്തേയ്ക്ക് വ്യാപിക്കാനാണ് അത് ആവശ്യപ്പെടുന്നത്. ഗോഖലേയുടേയും അഗാർക്കറുടേയും യുക്തിഭദ്രതയും അതിലില്ല. മറിച്ച്ആരിലാണ് തങ്ങൾ എത്തിച്ചേരേണ്ടത് ആ ഉരകല്ലിലാണ്, തങ്ങൾക്കുള്ളിലല്ല യുക്തി വിളയേണ്ടത് എന്ന പുതിയൊരു ദർശനം അതിൽ ഉണ്ട്. ശരീരം കൊണ്ടും ചിന്തകൊണ്ടും സഹിക്കുക വഴി തുല്യതയുടേതായ ഒരു സാംസ്കാരിക, സാമൂഹ്യ അന്തരീക്ഷ നിർമ്മിതി സാധ്യമാണ് എന്ന അപാരമായ ആത്മവിശ്വാസവും അതിൽ ഉണ്ട്.
ആ പുതിയ സ്വരം പുതിയ രാഷ്ട്രീയത്തെ നിർമ്മിച്ചു. അതുണ്ടാക്കിയ പുതിയ ഊർജ്ജമാണ് നിസ്സഹകരണ പ്രസ്ഥാനത്തിൽ ഇന്ത്യയിലെ വിവിധ ജാതികൾക്കൊപ്പം മുസ്ലീങ്ങളും അണിനിരന്നത്. പഴയ രാഷ്ട്രീയത്തെ അത് പുറം തള്ളി.
1921 ജനുവരി 19 ന് ഗുജറാത്തിൽ ഗാന്ധി നടത്തിയ പ്രസംഗത്തിലും ഈ പുതിയ ഭാഷ നമുക്ക് കേൾക്കാനാകും .
” ഹിന്ദു സംന്യാസിമാരോട് ഞാൻ പറയുന്നതെന്തെന്നാൽ അവർ അവരുടെ എല്ലാം ഖിലാഫത്തിന് വേണ്ടി ത്യജിക്കുകയാണെങ്കിൽ ഹിന്ദുമതം സംരക്ഷിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ കാര്യം ആയിത്തീരും. ഇന്ന് ഇസ്ലാമിനെ അപകടത്തിൽ നിന്ന് രക്ഷിക്കുക എന്നത് ഓരോ ഹിന്ദുവിൻ്റേയും കടമയാണ്. നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ ഹിന്ദുക്കളെ സുഹൃത്തുക്കളായി കാണാൻ ദൈവം തന്നെ അവരെ പ്രേരിപ്പിക്കും. ഹിന്ദുക്കൾ മുസ്ലീങ്ങളേയും സുഹൃത്തുക്കളായി കരുതും. “
തിലകും തിലകിസ്റ്റുകളും സവർക്കറും അഭിനവ് ഭാരതും ഭായ് പരമാനന്ദും ബംഗാൾ വിപ്ലവകാരികളിൽ പലരും സംസാരിച്ച ഭാഷയല്ലായിരുന്നു അത്. പിൽക്കാല മതേതരത്വത്തിൻ്റെ ഭാഷയും അല്ല. മറിച്ച് ജനാധിപത്യബോധത്തിൻ്റെ ആത്മീയതയായി സൗഹൃദത്തെ പ്രതിഷ്ഠിക്കുന്ന ഒന്നായിരുന്നു അത്. 1920 ലെ കോൺഗ്രസ്സിൻ്റെ നാഗ്പൂർ സമ്മേളനത്തിലും ഈ പുതിയ സ്വരം നാം കേൾക്കുന്നുണ്ട്.ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ രാഷ്ട്രീയമായി ആ സമ്മേളനം ഏറ്റെടുത്തു.
ഇതേ സമയം മാപ്പപേക്ഷകൾ വഴി ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിന് കിണഞ്ഞു പരിശ്രമിച്ചിരുന്ന വിനായക്, ഖിലാഫത്തിനെ തള്ളിപ്പറയുക വഴി ബ്രിട്ടീഷുകാരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാമെന്ന് കരുതിക്കാണണം. അല്ലെങ്കിൽ നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ താക്കോൽ സാരമായി മുസ്ലീം വിരുദ്ധതയെ സ്ഥാപിച്ച സവർക്കറിന് ഹിന്ദു – മുസ്ലീം മൈത്രി എന്ന ആശയത്തിൻ്റെ പ്രാഥമികമായ നടപ്പാകൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ടാകും. ഖിലാഫത്തിനെ ” ആഫത്ത് “ ( ആപത്ത് ) എന്നാണ് സവർക്കർ വിശേഷിപ്പിച്ചത്.
നിസ്സഹകരണത്തെ തുടർന്ന് ഗാന്ധി ജയിലിലായി. അദ്ദേഹത്തിൻ്റെ നേതൃത്വത്തോട് വിയോജിച്ച് മോത്തിലാൽ നെഹ്റുവും ചിത്തരഞ്ജൻ ദാസും കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. തിലകിൻ്റെ അനുയായികളായ ബ്രാഹ്മണർ സ്വരാജ് പാർട്ടി എന്ന പുതിയ പാർട്ടി 1922 ൽ രൂപീകരിച്ചു.
ബ്രിട്ടീഷുകാരോട് എതിരിട്ട ഗാന്ധിക്ക് ജയിലിലേയ്ക്ക് പോകാനുള്ള വഴിയൊരുങ്ങുന്ന സാഹചര്യത്തിൽ, സവർക്കർക്കാകട്ടെ തൻ്റെ ബ്രിട്ടീഷ് അനുരഞ്ജനം ജയിലിന് പുറത്തേയ്ക്ക് വഴിയൊരുക്കുകയായിരുന്നു. 50 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തിയ സവർക്കർക്ക് 1921 ൽ അവിടെ നിന്ന് മോചനം കിട്ടി. ഇന്ത്യാ വൻകരയിലേയ്ക്ക് സവർക്കറുടെ തടവുശിക്ഷ മാറ്റാനുള്ള ഉത്തരവാണ് കൈപ്പറ്റിയത്. മാപ്പപേക്ഷകളിലെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഒരു ഉപ ആവശ്യം അംഗീകരിച്ച് ഭാവിയിലേയ്ക്കുള്ള പച്ചക്കൊടി സവർക്കർക്ക് നേരെ ബ്രിട്ടീഷുകാർ ആദ്യമായി ഉയർത്തി. വില്ലിയുടേയും ജാക്സൻ്റേയും വധത്തെ, സാമ്രാജ്യത്തത്തിന് ഇന്ത്യയിൽ പ്രയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ഉപകരണമായി സവർക്കറെ തിരിച്ചറിഞ്ഞതോടെ അവരും മറക്കാൻ തയ്യാറായി.
1921 മെയ് 26 ന്, തന്നെ പോർട്ട് ബ്ലെയറിലേയ്ക്ക് കൊണ്ടുപോയ എസ് എസ് മഹാരാജ എന്ന അതേ കപ്പലിൽ വിനായക് ദാമോദർ സവർക്കറും സഹോദരൻ ഗണേഷ് ദാമോദർ സവർക്കർ എന്ന ബാബാറാവുവും കൽക്കത്തയിൽ എത്തി. അവരെ ആലിപ്പൂർ ജയിലാണ് ആദ്യം പാർപ്പിച്ചത്. അവിടെ വെച്ച് രണ്ട് പോലീസുകാരുടെ സംഭാഷണത്തിൽ നിന്നാണ് താൻ ആൻഡമാനിൽ കഴിഞ്ഞിരുന്ന കാലത്ത് ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്രമാത്രം നിറഞ്ഞു എന്നറിയുന്നത്. രാഷ്ട്രീയമണ്ഡലത്തിൻ്റെ അതിരുകൾക്കപ്പുറം ജനകീയമായ പുരാവൃത്തങ്ങളിലെ നായകനായി അദ്ദേഹം മാറിയതിൻ്റെ ദൃഷ്ടാന്തമാണ് പോലീസ് ശിപായിമാരുടെ സംഭാഷണത്തിൽ നിന്നും സവർക്കർ കേട്ടത്. മഹാനായ യോഗിയാണ് ഗാന്ധിയെന്നും ജയിലറകളെ ഭേദിക്കാനുള്ള യോഗശക്തി അദ്ദേഹത്തിനുണ്ടെന്നും അതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യം അകലെയല്ല എന്നുമായിരുന്നു ആ സംഭാഷണത്തിൻ്റെ കാതൽ.
ഒരാഴ്ചയ്ക്ക് ശേഷം ആലിപ്പൂർ ജയിലിൽ നിന്നും ബോംബെ പ്രസിഡൻസിയിലെ രത്നഗിരിയിലെ ജില്ലാജയിലിലേയ്ക്ക് 558- ) o നമ്പർ തടവുകാരനായി സവർക്കറെ മാറ്റി. കർണ്ണാടകത്തിലെ ബീജാപൂർ ജയിലിലേയ്ക്കാണ് ബാബാറാവുവിനെ കൊണ്ടുപോയത്.
സവർക്കർ കോൺഗ്രസ്സിനെയും ഗാന്ധിയേയും തന്റെ രാഷ്ട്രീയത്തിൻ്റെ എതിർ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരുന്നതെങ്കിലും മോചനത്തിനായി അവരെ ആശ്രയിച്ചിരുന്നു എന്നത് വ്യക്തമാണല്ലോ. നാരായൺ റാവു ഗാന്ധിക്ക് ഈ ആവശ്യത്തിലേയ്ക്ക് 6 കത്തുകൾ എഴുതിയിട്ടുണ്ട്. 1921 സെപ്തംബർ 15 ന് നാരായൺ റാവു അന്ന് യങ്ങ് ഇന്ത്യയുടെ പത്രാധിച്ചുമതല വഹിച്ചിരുന്ന ജമ്നാദാസ് ദ്വാരകാദാസിന് ഇതേ ആവശ്യം ഉന്നയിച്ച് എഴുതുകയുണ്ടായി. അതിന് മുമ്പ് വിനായക് സവർക്കർ തന്നെ ഒരു മാപ്പപേക്ഷ കൂടി ബ്രിട്ടീഷ് ഗവണ്മെൻ്റ് മുമ്പാകെ സമർപ്പിച്ചു. മുമ്പത്തെ മാപ്പപേക്ഷകളേക്കാളും താണുകേണുള്ള അപേക്ഷയായിരുന്നു അത്. തൻ്റെ ബ്രിട്ടീഷ് വിരുദ്ധ ഭൂതകാലത്തെ ചൊല്ലിയുള്ള പശ്ചാത്താപം അതിൽ നിറഞ്ഞു നിന്നിരുന്നു.
Be the first to write a comment.