ട്രേഡ് യൂണിയനിസം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യുന്നതെ പാടാണ്. കാരണം, ട്രേഡ് യൂണിയനിസത്തിലെ ഏറ്റവും ആവേശകരമായ ഭാഗം എന്ന് പറയുന്നത് തൊഴിലാളിവർഗം വിചാരിച്ച പടി കാര്യം നടത്താൻ വേണ്ടിയുള്ള കരാറുകളും അനുബന്ധ സംവാദങ്ങളുമാണ്.

എന്തിനാണ് തൊഴിലാളികൾ സംഘടിക്കുന്നതും സമരം ചെയ്യുന്നതും എന്ന് ചോദിച്ചാൽ തൊഴിലാളികൾ സംഘടിക്കുന്നതും സമരം ചെയ്യുന്നതും പ്രയോജനപ്രദമായ കരാറുകളിൽ ഏർപ്പെടാനാണ്. ആദിയിൽ വചനം ഉണ്ടായിരുന്നെങ്കിലും അത് ദൈവീകമായ കരാറുകൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്.

പ്രകടനവും പണിമുടക്കവും ഒക്കെ വിജയകരമായി നടത്തിയ ശേഷം ഒപ്പിട്ട് വെക്കുന്ന കരാറിൽ കൊണ്ട് പോയി കലം ഉടച്ച് കളഞ്ഞാൽ ആ സമരത്തിന് വേണ്ടി ചിലവഴിച്ച സാഹസികമായ മനുഷ്യാദ്ധ്വാനമത്രയും പാളിപ്പോയെന്ന് പറയാം. ഒരിക്കൽ ഒപ്പിട്ട് കൊടുത്ത കരാർ നിയമവിധേയം നിലവിലായിട്ട് പിന്നെ നിലവിളിച്ചിട്ട് കാര്യമില്ല. തുറമുഖം എന്ന സിനിമ ചുറ്റിക്കറങ്ങുന്നതത്രയും കരാർ രൂപീകരണം എന്നൊരു സവിശേഷവിഷയത്തെ കേന്ദ്രീകരിച്ചാണ്.

എറിഞ്ഞ് കിട്ടിയ ചാപ്പ കൊണ്ട് തൊഴിൽ ചെയ്യാൻ നിർബന്ധിതരായ ഒരു വിഭാഗം തുറമുഖതൊഴിലാളികൾ, അവർ പണിയെടുത്ത് ലാഭം ഉണ്ടാക്കിക്കൊടുത്ത് പോരുന്ന കമ്പനികളുമായി പൊതുവായ ചില കരാറുകൾ ഉണ്ടാക്കാൻ പരിശ്രമിക്കുന്നതും അത് പരാജയപ്പെടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇരുപതുകളിൽ കൊളോണിയൽ ഫ്യൂഡലിസത്തിനെതിരായി ബ്രട്ടീഷ് മലബാറിലുണ്ടായ കാർഷികസംഘർഷങ്ങൾ ഹേതുവായി സ്വദേശം വിട്ട് ഓടി പോരേണ്ടി വന്ന ഒരു ദരിദ്ര മുസ്ലീം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ചരിത്രസംഭവങ്ങളും വ്യക്തിപരമായ വൈകാരികതകളും പലെ തരം ആത്മീയസങ്കല്പങ്ങളും ഇവിടെ കലാപരമായി ഇഴുകി ചേർന്നിരിക്കുന്നു.

ചാപ്പ ഒരു കരാറല്ലെന്ന് തീർത്തും പറയാനാവില്ല. എറിഞ്ഞ് കിട്ടുന്ന ചാപ്പയുള്ളവർക്ക് മാത്രം ജോലിയുണ്ട്, ആ ജോലിക്ക് കൂലിയുണ്ട് എന്നാണ് ചാപ്പയുമായി ബന്ധപ്പെട്ട അലിഖിതമായ കരാർ. ഇങ്ങനെയുള്ളതായ ചാപ്പ കിട്ടാൻ വേണ്ടി തൊഴിലാളികൾ തമ്മിലടിക്കുന്നു. ആ തമ്മിലടിയുടെ ചിലവിൽ മുതലാളിമാർക്ക് കുറഞ്ഞ ചിലവിൽ അദ്ധ്വാനം ലഭ്യമാവുന്നു. ആ തമ്മിലടിയുടെ ഫലമായി തൊഴിലാളിവർഗം അശക്തരായി തുടരുന്നു. അശക്തരായ തൊഴിലാളികൾ സ്വയം അശാക്തീകരിക്കും വിധം വീണ്ടും വീണ്ടും തമ്മിലടിക്കുന്നത് കാണാൻ മുതലാളിത്തത്തിന്റെ മൂപ്പന്മാർ അവരുടെ കമ്പനിപ്പടികളിൽ കസേര വലിച്ചിട്ട് അതിഗാംഭീര്യത്തോടെ വിരാജിക്കുന്നു.

തൊഴിലാളികൾ ചാപ്പ വ്യവസ്ഥയിലെ പ്രശ്നങ്ങൾ പതിയെ തിരിച്ചറിയുന്നു. അത് ജീവിതാനുഭവങ്ങളിൽ നിന്നും ഉണ്ടാവുന്ന ജൈവികമായൊരു അനുഭൂതിയായി അവരെ കിടിലം കൊള്ളിക്കുന്നു. ലോകമെമ്പാടുമുള്ള മാറ്റങ്ങൾ അവരുടെ തിരിച്ചറിവുകളുമായി പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു. പക്ഷേ ചാപ്പയിലൂടെ ഉളവാകുന്ന അസ്ഥിരമായ തൊഴിലവസ്ഥ അവരെ അവരുടെ മലിനമായ ആവാസവ്യവസ്ഥയിലേക്ക് തന്നെ വീണ്ടും വീണ്ടും ചവച്ച് തുപ്പുന്നു. അവർ അവിടെ കിടന്ന് നരകിക്കുന്നു. നരകിച്ച് കെട്ട് ചത്ത് പോവുന്നു.

ചാപ്പ വ്യവസ്ഥ കലാനുസൃതമായി പുതുക്കണം എന്ന് ഒരു വിഭാഗം മുതലാളിമാർ തന്നെ തീരുമാനിക്കയും അതിന് വേണ്ടി ഒരു യൂണിയൻ സൃഷ്ടിക്കയും ചെയ്യുന്നു. അതെ സമയം തന്നെ ചാപ്പ വ്യവസ്ഥ ഇല്ലായ്മ ചെയ്യണമെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രേഡ് യൂണിയനും അതിശക്തമായി ആവശ്യപ്പെടുന്നുണ്ട്. രണ്ട് കൂട്ടരും പഴയ ചാപ്പ വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്ന് ബൗദ്ധികമായി മനസിലാക്കുന്നുണ്ട്. ആ മനസിലാക്കലിന്റെ കവലയിൽ വെച്ച് രണ്ട് ജീവബിന്ദുക്കൾ എന്ന പോലെ അവർ വഴി പിരിഞ്ഞ് പോവുകയും പരസ്പരം സംഘർഷത്തിലാവുകയും ചെയ്യുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂണിയൻ പുതിയ തരം തൊഴിൽകരാറുകൾ ഉണ്ടാക്കാൻ വേണ്ടിയാണ് വാദിക്കുന്നത്. ചാപ്പ എന്ന ലിഖിതരൂപമില്ലാത്ത കരാറിന് പകരം ആധുനിക മട്ടിൽ, ഭരണകൂടത്തിന്റെ മദ്ധ്യസ്ഥതയിൽ, നിയതമായെഴുതി തയാറാക്കിയ, നിയമാനുസൃതമായ ഒരു കരാറിന് വേണ്ടി തൊഴിലാളികൾ സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നു. ഒടുവിൽ അവരെ കരാറിൽ ഏർപ്പെടാൻ ക്ഷണിക്കുന്ന ജനാധിപത്യപരമായ ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ പരുവപ്പെടുന്നുണ്ട്.

ഈ സിനിമയുടെ റിയലിസാത്മകമായ മൂലകങ്ങൾ ട്രേഡ് യൂണിയനിസവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഈ സിനിമ ഒരു തൊഴിൽകരാറിന്റെ കഥ പറയുന്നതിലൂടെയാണ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഈ കരാറിലേക്ക് സഞ്ചരിക്കുന്നവരോ അതിനെതിരായി ബലം പ്രയോഗിക്കുന്നവരോ ആണ്.

സിനിമയുടെ അവസാനം വരെയും അത് നിലവിൽ വരുന്നില്ല. കരാർ സംബന്ധിച്ച ചർച്ചയിൽ നിന്നും പുറത്തിറങ്ങി വരുന്ന തൊഴിലാളിനേതാവ്, എഴുതി ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞ കരാർ ഒരു വഞ്ചനയാണെന്ന് ഒരു വിളിച്ച് കൂവുന്നു. ഏകപക്ഷീയമായ ഒരു നീക്കത്തിലൂടെ അയാൾ അറസ്റ്റിലാവുന്നതോടെ തൊഴിലാളികളും പൊതു നിയമവ്യവസ്ഥയും തെരുവിൽ സംഘർഷത്തിലാവുന്നു. കയ്യാങ്കളിയും കല്ലേറും ഉണ്ടാവുന്നു. നിയമപാലകർ മൂന്ന് തൊഴിലാളികളെ വെടി വെച്ച് കൊല്ലുന്നു. അവരെ സ്നേഹിച്ചവർ അവർക്ക് വേണ്ടി വിലപിക്കുന്നു.

എന്തിനാണ് ഈ മൂന്ന് തൊഴിലാളികൾ നിയമപാലകരുടെ തോക്കിന് ഇരയായത് എന്ന് ചോദിച്ചാൽ അത് നീതിയുക്തമായൊരു കരാറിന് വേണ്ടിയായിരുന്നു എന്ന് പറയാം. ആ കരാറിലൂടെ ഭൂമിയിലെ ഇത്തിരിപ്പോന്ന ജീവിതത്തിലേക്ക് കുറച്ച് സുഖാനുഭൂതികൾ കൂടി കൊണ്ട് വരാമെന്ന് അവർ വിചാരിക്കുന്നു. അവർക്ക് വിശ്രമിക്കാനും വിനോദിക്കാനും ആവശ്യമായ കുറച്ച് മണിക്കൂറുകളും അതിന് ഉതകുന്ന സാമ്പത്തികനിലയും ആരോഗ്യവും വേണമായിരുന്നു. അതിന് വേണ്ടി പണിയെടുക്കാൻ അവർ ഒരുക്കമായിരുന്നു. യഥാർത്ഥ ഉത്പാദകരായ അവർ സമ്പാദിച്ച് കൊടുക്കുന്നതിൽ നിന്നും ന്യായമായൊരു പങ്ക് മാത്രമാണ് ആ കരാറിലൂടെ അവർ വാങ്ങിച്ചെടുക്കാൻ പരിശ്രമിച്ചത്.

സിനിമയുടെ കഥഗതിയിൽ പക്ഷേ അങ്ങനെയൊരു കരാർ ഉണ്ടായില്ല. അതിന്റെ സാങ്കേതികവും നിയമപരവുമായ ഉള്ളറകളിലേക്ക് സിനിമ പ്രവേശിക്കുന്നതും ഇല്ല. രൂപീകരിക്കപ്പെടാതെ പോയ ഈ കരാർ സിനിമയുടെ ഹൃദയമാണെങ്കിലും സിനിമയതിനെ അനാവരണം ചെയ്യാതെ ദുരൂഹമായി തന്നെ കാത്ത് സൂക്ഷിക്കുന്നു.

അങ്ങനെ, ഏറിയും കുറഞ്ഞും ലോകമെമ്പാടും നടമാടിയ ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ ഘട്ടം ഘട്ടമായി നേടിയെടുത്ത ലേബർ കോഡുകൾ ഏകപക്ഷീയമായി പുതുക്കി നിശ്ചയിക്കപ്പെടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ തേർവാഴ്ചക്കാലത്ത്, അസ്ഥിരവേതനവ്യവസ്ഥ ലിഖിതമായൊരു ഭരണകൂടലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഒരു (സാർവ)ദേശീയയാഥാർത്ഥ്യത്തിൽ, ട്രേഡ് യൂണിയനിസം പശ്ചാത്തലമാക്കി ഒരു സിനിമ എടുക്കുക എന്ന ശ്രമകരമായ നിയോഗം ഗംഭീരമായി നിർവഹിക്കുമ്പൊഴും ട്രേഡ് യൂണിയനിസത്തിന്റെ ഏറ്റവും ആവേശകരമായ ഭാഗമായി പ്രവർത്തിച്ച് പോരുന്ന കരാറുകളുടെ വിശദാംശങ്ങളെ ഈ സിനിമയും വിട്ട് കളയുന്നു.

കരാറുകൾ വിട്ട് ട്രേഡ് യൂണിയനിസത്തിനൊരു കളിയില്ല. കരാറുകൾ ഉണ്ടാക്കാനും, ഉണ്ടാക്കിയ കരാറുകൾ സംരക്ഷിക്കാനും കാലോചിതമായി പുതുക്കാനും വേണ്ടിയാണ് അവർ കൂട്ടം കൂടി കൊടി പിടിക്കുന്ന ഒരു കാര്യപരിപാടി കണ്ട് പിടിച്ചതും കൊണ്ട് പിടിച്ച് കൊണ്ട് നടക്കുന്നതും. നിയമഭാഷയുടെ ഒരു ഉപഭാഷയിൽ, വചനകേന്ദ്രീകൃതമായ ഒരു ബൗദ്ധിക കസർത്തായാണ് അത് എവിടെയും ഓടിപ്പോവുന്നത്. അതിന്റെ കാര്യകാരണങ്ങൾ വൈകാരികമായി ചിത്രീകരിക്കാമെങ്കിലും അതിനെ അതായി തന്നെ വിശദീകരിക്കാൻ പാടാണ്.

എന്നിരുന്നാലും, തുറമുഖം എന്ന സിനിമ അങ്ങനെയൊരു വിശദീകരണത്തിന്റെ തീരം വരെ എത്തുകയും ഒരു കലസൃഷ്ടിയെന്ന നിലയിൽ വളരെ നാടകീയമായി തന്നെ നങ്കൂരമിട്ട് അതിന്റെ സൈറൺ മുഴക്കുകയും ചെയ്തിരിക്കുന്നു.

Comments

comments