22. ഹിന്ദുത്വയുടെ ഉള്ളടക്ക വൈചിത്ര്യങ്ങൾ II
………………………………………………………………………………… 

ഒരു രാജ്യത്തിൻ്റെ / ദേശത്തിൻ്റെ നാമകരണം സ്വന്തം വീടിന് പേരിടുന്ന പോലെയോ മക്കൾക്ക് പേരിടുന്നപോലെയോ സ്വകാര്യതയുടെ പ്രകടനമല്ല. അല്ലെങ്കിൽ ഒരു റോഡിന് മഹാത്മാഗാന്ധി റോഡ് എന്ന് പേരിടുന്നപോലെ ഭരണപരമായ തീരുമാനവുമല്ല. അത് ഉരുത്തിരിഞ്ഞു വരുന്ന പൊതുബോധമാണ്. അതിൽ തൻ്റേതായ ഉറപ്പിക്കൽ അവകാശവാദത്തോടെ സ്ഥാപിക്കുകയാണ് സവർക്കർ ” ഹിന്ദുത്വ ” യിൽ ചെയ്യുന്നത്. ഒരു രാജഗുരുവിൻ്റെ അധികാരത്തോടെ. സവർക്കറുടെ ജീവിതത്തിലുടനീളം, മന:ശാസ്ത്രപരമായി നോക്കിയാൽ, ഈ ഗുരു കോംപ്ലക്സ് പ്രവർത്തിച്ചതായി കാണാം. ആൻഡമാനിലെ തടവറക്കാലമൊഴികെ. അവിടെ തടവിൻ്റെ ഭാഗമായി കയർമില്ലിലും കൊപ്ര മില്ലിലും ഒക്കെ പണിയെടുക്കേണ്ട കാലം വന്നപ്പോൾ, ശൂദ്രരും പഞ്ചമരും നിത്യജീവിതത്തിലുടനീളം അനുഷ്ഠിക്കുന്ന  അടിസ്ഥാനതലത്തൊഴിലിലേയ്ക്ക് വന്നപ്പോൾ, സവർക്കർ കീഴടങ്ങുന്നതും മാപ്പപേക്ഷകളിൽ നിന്ന് മാപ്പപേക്ഷകളിലേയ്ക്ക് ലജ്ജാലേശമന്യേ സഞ്ചരിക്കുന്നതും കണ്ടു. ഒരു പക്ഷേ, ബ്രിട്ടീഷ് വിരുദ്ധതയുടെ മേഖലയിൽ  വ്യക്തിപരമായി തൻ്റെ രാജഗുരു സ്ഥാനം തുടരാൻ കഴിയില്ലെന്ന ബോധം കൂടിയാണ് ” ഹിന്ദുത്വ ” എന്ന പുസ്തകത്തിലേയ്ക്ക് സവർക്കറെ തിരിച്ചു വിട്ടതെന്ന് കാണാം. ഒരു ദേശത്തെ നിർവ്വചിക്കുക. അതിന് പേരിടുക തുടങ്ങി ചരിത്രകാരരുടെ പണിയേ അല്ല ഹിന്ദുത്വ എഴുതിയ ആൾ ചെയ്യുന്നത്.

വീണ്ടും ഉള്ളടക്കത്തിലേയ്ക്ക് പോകുകയാണെങ്കിൽ ” എന്താണ് ആര്യൻ ” എന്ന ഉപശീർഷകം കൈകാര്യം ചെയ്യുന്നത് , നമ്മുടെ ബഹുസ്വര പാരമ്പര്യത്തെ കുഴിച്ചുമൂടാനാണ്. സിന്ധുസ്ഥാൻ / ഹിന്ദുസ്ഥാൻ എന്ന പേര് ഭൂമിശാസ്ത്രപരമായി എത്രമാത്രം അനുയോജ്യമാണോ അത്ര തന്നെ ദേശീയമായും അനുയോജ്യമെന്ന് സവർക്കർ പറയുന്നു. വേദകാലം മുതൽ അത് അവിടുത്തെ ജനതയേയും സംസ്കാരത്തേയും കുറിക്കുന്നു. സിന്ധുസ്ഥാൻ എന്നാൽ ആര്യരുടെ വാസസ്ഥാനമാണ്. മ്ലേച്ഛസ്ഥാൻ എന്നാൽ വിദേശരാജ്യവും. സവർക്കർ പറയുന്നത് ആര്യനെന്നാൽ വൈദികനെന്നോ അവൈദികനെന്നോ ബ്രാഹ്മണനെന്നോ ചണ്ഡാളനെന്നോ വ്യത്യാസമില്ലാതെ സിന്ധുവിൻ്റെ ഇങ്ങേക്കരയിൽ വസിക്കുന്നവർ എന്നാണ് . ഒരു പൊതുസംസ്കാരവും ഒരേ രക്തവും ഒരേ രാജ്യവും ഒരേ രാഷ്ട്രീയ ഗതിവിഗതികളും പങ്കിടുന്നവർ. മ്ലേച്ഛരെന്നാൽ  നമ്മുടെ ദേശീയതയും വംശീയതയും പങ്കിടാത്ത വിദേശി എന്നാണർത്ഥമെന്നും മതപരമല്ലെന്നും സവർക്കർ പറയുന്നു. ഇതെഴുതി വെയ്ക്കുന്ന 1923 ൽ മഹാരാഷ്ട്രയിൽ തന്നെ ദളിതർക്കും ബ്രാഹ്മണർക്കും ഒരു പന്തിയിൽ ഒന്നിച്ചിരിക്കാൻ പറ്റില്ലായിരുന്നു. 1925 ലാണ് കൊങ്കണിലെ മഹാഡിൽ ചൗദാർ തടാകത്തിലെ വെള്ളം ദളിതർക്ക് ഉപയോഗിക്കാൻ സവർണ്ണർ സമ്മതിക്കാത്തതിനാൽ അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതർ അവിടേയ്ക്ക് ബലം പ്രയോഗിച്ച് പ്രവേശിച്ചത്. ഈ പറയുന്ന ” സിന്ധുസ്ഥാനി ” ലാണ് പിറന്നതെങ്കിലും ബുദ്ധിസം തഴച്ചത് അതിന് പുറത്തുള്ള ദേശങ്ങളിലായതിനാൽ ” മ്ലേച്ഛരെ ” തരം തിരിക്കുമ്പോൾ മതത്തിൻ്റെ അടിസ്ഥാനം മാറ്റിവെയ്ക്കുന്നു. എന്നാൽ ബുദ്ധിസത്തെ വിമർശിക്കാൻ ഉപയോഗിച്ച പേജുകൾ ഫലപ്രദമായി ഏശുന്നതല്ല എന്ന് തോന്നിയിട്ടാകും ” ബുദ്ധനോടുള്ള ആദരവ് ” എന്ന തലക്കെട്ടിന് കീഴിൽ നേരത്തെ പറഞ്ഞ വാദഗതികൾ തന്നെ സവർക്കർ കുറിക്കുന്നത്. ബുദ്ധനും അദ്ദേഹത്തിൻ്റെ ഭിക്ഷുസംഘവും ആദരവ് അർഹിക്കുന്നുവെന്നും എന്നാൽ ലോകം അതിന് പാകമായിട്ടില്ലെന്നുമാണ് സവർക്കർ പറയുന്നത്. അതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നതോ മനുസ്മൃതിയും. “ചലിക്കാത്തവ ചലിക്കുന്നതിന് പെട്ടെന്ന് ഇരയായ് തീരും /പല്ലില്ലാത്തവ കോമ്പല്ലുള്ളവയുടെ ഇരകളാകും / കൈയ്യില്ലാത്തവ കൈകളുള്ളവർക്ക് കീഴടങ്ങും / ഭീരുക്കൾ ധീരർക്കും ” .  മുൻനിർത്തിയുള്ള ഈ  അവസ്ഥയിൽ നിന്ന് എത്ര മുന്നോട്ടുപോയി എന്നതാണ് ഒരു പക്ഷെ , നമ്മുടെ നാഗരികതയുടെ ആരോഗ്യത്തിൻ്റെ അളവുകോൽ എന്നിരിക്കേ, ഇതിനെ മുന്നോട്ടുവെയ്ക്കുന്നത് ബ്രാഹ്മണരാഷ്ട്രീയത്തിന്റെ സൂക്ഷ്മശ്രുതിയായ സ്മൃതികൾക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നൈയാമികതയുടെ അധികാരപ്രയോഗത്തിനല്ലാതെ മറ്റൊന്നിനുമല്ല എന്ന് മനസ്സിലാക്കാം.

ഹിന്ദുക്കൾ : എല്ലാവരും ഒന്നാണ്, ഏക രാഷ്ട്രമാണ് ” എന്ന തലക്കെട്ടിനടിയിലാണ് ചാതുർവർണ്യവ്യവസ്ഥയെക്കുറിച്ച് എന്തെങ്കിലുമൊക്കെ ഒഴുക്കനായെങ്കിലും പറയാൻ സവർക്കർ മുതിരുന്നത്. ആ വ്യവസ്ഥ സമൂഹത്തിന് വേണ്ടിയാണെന്നും സമൂഹം അതിന് വേണ്ടിയല്ല എന്നുമാണ് വാദം. അതിൻ്റെ ധർമ്മം അനുഷ്ഠിച്ചു കഴിഞ്ഞാൽ അത് പിന്മാറും. ചാതുർവർണ്യവ്യവസ്ഥയെ അനുസരിക്കാത്ത സംന്യാസിമാരും ആര്യസമാജക്കാരും സിഖുകാരും മറ്റനേകം പേരും രക്തബന്ധം കൊണ്ടും വംശീയത കൊണ്ടും രാജ്യത്തെയും ദൈവത്തെയും മുൻനിർത്തിയും നമ്മുടേതാണ് എന്ന് സവർക്കർ പറയുന്നു. ഹിന്ദുക്കൾ എല്ലാം ഒന്നും ഒരുരാജ്യക്കാരുമാണ്. എന്ന് പറഞ്ഞാൽ ബ്രാഹ്മണിസത്തിൻ്റെ തത്വപരമായ ഊന്നലുകൾ ദേശ രാഷ്ട്ര കാലത്ത് ചാതുർവർണ്യം പോലുള്ള സ്മൃതിനിയമങ്ങളിലല്ല മറിച്ച് ദേശീയതയും വംശീയതയും പോലുള്ള സങ്കല്പനങ്ങളിലാണ് ഊന്നേണ്ടത് എന്നാണ് സവർക്കർ ചൂണ്ടിക്കാണിക്കുന്നത്. ആര്യസമാജത്തിൻ്റേയും ദയാനന്ദസരസ്വതിയുടേയും ഹിന്ദു രാഷ്ട്രീയ അനുഭവങ്ങൾ ആണ് ഇവിടെ സവർക്കർക്ക് തുണ വരുന്നത്. ഹിന്ദു സംഘടന എന്ന ആശയം മുൻ നിർത്തി ആദ്യം ഇന്ത്യയിൽ പ്രവർത്തിച്ച പ്രമുഖനാണ് ദയാനന്ദസരസ്വതി എന്ന് നാം കണ്ടു. ആധുനിക യുഗത്തിൽ പ്രാകൃതനിയമങ്ങളിൽ വർത്തിക്കുന്ന ബ്രാഹ്മണമതത്തിന് നിലനിൽക്കാനാവില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞ ആൾ. അതു കൊണ്ട് ഗോസംരക്ഷണം പോലെ ഒരു കാർഷിക ജനതയ്ക്ക് എളുപ്പം താദാത്മ്യപ്പെടാവുന്ന പ്രതിബിംബങ്ങളെ മുൻനിർത്തിയാണ് ഹിന്ദുവിനെ സംഘടിപ്പിക്കാൻ അദ്ദേഹം മുതിർന്നത്. ജാതിഭേദങ്ങളെ താത്ക്കാലികമായി പുന:സംവിധാനം ചെയ്യാതെ ഹിന്ദുവിനെ മതാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം കണ്ടു. സവർക്കറുടെ ഹിന്ദു സംഘടനാബോധം കുറേക്കൂടി വംശീയമായ ഒന്നായിരുന്നു. അതിനാൽ ആര്യൻ എന്ന ആശയത്തെ വികസിപ്പിക്കാനാണ് അദ്ദേഹം തുനിയുന്നത്.


അതോടൊപ്പം ഇന്ത്യയുടെ ബഹുസ്വരത ഏറ്റവുമധികം പ്രതിഫലിക്കുന്നത് ഭാഷാമണ്ഡലത്തിലാണ് എന്ന വസ്തുതയും സവർക്കറെ അലട്ടിയിരുന്നു. ജാതികളെ മതത്തിൻ്റേയും വംശീയതയുടേയും ദേശീയതയുടേയും വാങ്മയങ്ങൾ ഉപയോഗിച്ച് ഒറ്റച്ചാക്കിലേക്ക് കുത്തിക്കയറ്റാൻ നടത്തിയ പരിശ്രമം പോലെ ഹിന്ദിയെ ഹിന്ദുസ്ഥാൻ്റെ ഭാഷയാക്കാനുള്ള പരിശ്രമം ” ഹിന്ദുസ്ഥാനി ഭാഷ ” എന്ന തലക്കെട്ടിനടിയിൽ സവർക്കർ ശ്രമിക്കുന്നു. ബുദ്ധിസത്തിൻ്റെ വളർച്ചയോടെ സംസ്കൃതം ശോഷിക്കുകയും പ്രാകൃതഭാഷ വളരുകയും ചെയ്തു. നമ്മുടെ വംശത്തിൻ്റെ (ആര്യൻ /ഹിന്ദു ) സ്വന്തം ഭാഷ സംസ്കൃതമാണെങ്കിലും , അത് ജനങ്ങളുടെ അടിസ്ഥാന ഏകതയ്ക്ക് വളരെ സംഭാവനകൾ അർപ്പിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭാഷ എന്ന പദവി പ്രാകൃതം ഏറ്റെടുത്തിരുന്നു എന്ന് സവർക്കർ ചൂണ്ടിക്കാട്ടുന്നു. അതായത് സംസ്കൃതത്തിൻ്റെ തന്നെ ആദ്യപുത്രി എന്ന് വിളിക്കാവുന്ന ഹിന്ദി. ബ്രിട്ടീഷുകാർ എത്തും മുമ്പുതന്നെ അത് വികസിച്ചിരുന്നു. ഈ ഭാഷയിലൂടെ രാമേശ്വരത്ത് നിന്നും ഹരിദ്വാരിലേയ്ക്ക് പുറപ്പെടുന്ന സംന്യാസിക്ക് തൻ്റെ യാത്രയിലുടനീളം സാധാരണ ജനങ്ങളോട് കാര്യങ്ങൾ സംസാരിക്കാമായിരുന്നു. അതേ സമയം പണ്ഡിതരോടും രാജകുമാരരോടും സംസ്കൃതത്തിലും. “രാഷ്ട്രത്തിൻ്റെ മുഴുവൻ ജീവിതത്തേയും ദിവ്യം എന്ന് വിളിക്കാൻ കഴിയും വിധം ലയബദ്ധതയിലേയ്ക്ക് വരികയും ദേശീയ ഭാഷയുടെ വളർച്ച നമ്മുടെ ദേശീയ ജീവിതത്തിൻ്റെ ആന്തരികമായ ഒന്നിപ്പിൻ്റെ ബാഹ്യമായ ഒരു പ്രകടന സ്വഭാവം നൽകി” . സവർക്കർ പറയുന്നു. ഇന്നും അനേകം ഭാഷകൾ നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഭാഷകൾ ഉണ്ട്. 6 ഭാഷകൾക്ക് ക്ലാസ്സിക്കൽ പദവി ലഭിച്ചിട്ടുണ്ട്. 780 ഭാഷകൾ ഇന്ത്യയിൽ സജീവമായി ഉണ്ടെന്ന് ചില കണക്കുകൾ പറയുന്നു. ഒരു ഭാഷ സംസാരിച്ച് ഇപ്പോൾ പോലും രാമേശ്വരം മുതൽ ഹരിദ്വാർ വരെ പോകാനാകില്ല. സവർക്കർ ഉന്നംവെയ്ക്കുന്ന വംശീയതയുടെ ആഗ്രഹമാണ് ചരിത്രവസ്തുത എന്ന നിലയ്ക്ക് രേഖപ്പെടുത്തുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

അടുത്ത ഖണ്ഡത്തിൻ്റെ തലക്കെട്ട് “വിദേശ അധിനിവേശകർ” എന്നാണ്. മുഹമ്മദ് ഗസ്നി സിന്ധുനദി കടന്ന് ഇന്ത്യയിലെത്തിയ ദിവസം ഒരു പൊതുശത്രുവിനെതിരെ രാഷ്ട്രമെന്ന നിലയിൽ സിന്ധുസ്ഥാൻ ഉണർന്നു എന്ന് തട്ടിവിടുകയാണ് സവർക്കർ . അനേകായിരം നാട്ടുരാജ്യങ്ങളായി പിരിഞ്ഞുകിടന്നിരുന്ന ,ഒരിക്കലും ഒരു രാഷ്ട്രരൂപം പ്രാപിക്കാത്ത ഒരിടമായിരുന്നു ഇന്ന് നാം ഇന്ത്യ എന്ന് വിളിക്കുന്ന കര എന്നതാണ് സത്യം. തെക്കേ ഇന്ത്യയുടെ ഒരു ചരിത്ര പുസ്തകത്തിലും ഗസ്നി എന്ന പേരേ കാണില്ല. മറിച്ച് തൻ്റെ വംശീയ രാഷ്ട്രത്തിന് ചരിത്രത്തിൽ നിലനിൽപ്പുണ്ടാകണമെങ്കിൽ, താൻ ഉയർത്തുന്ന ഇന്ത്യയ്ക്കകത്തെ മുസ്ലീം വിരുദ്ധതയ്ക്ക് ആശയമായിപ്പോലും നിലനിൽക്കണമെങ്കിൽ ഒരു പാൻ ഇസ്ലാം ആക്രമണമായി ഗസ്നിയുടെ ആക്രമണത്തെ ചിത്രീകരിക്കണമായിരുന്നു. സവർക്കർ ഇതെഴുതുന്ന സമയത്ത് മുസ്ലീം രാഷ്ട്രങ്ങൾ പോലും അസ്ഥിരപ്പെട്ടിരുന്നു എന്നോർക്കണം. തുർക്കിയിൽ തന്നെ മുസ്തഫ കെമാൽ പാഷെ പിടിമുറുക്കിയിരുന്നു. എന്ന് പറഞ്ഞാൽ ഖലീഫ പോലും അസ്ഥിരപ്പെട്ടിരുന്ന കാലത്താണ് സവർക്കർ ” ഇരയുടെ ഊർജ്ജ്വസ്വലത വിജയിയുടെ ഊർജ്ജ്വ
സ്വലതയേക്കാൾ ശക്തിയുള്ളതാണെന്ന് തെളിയിച്ചു ” എന്നൊക്കെ എഴുതിവിടുന്നത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ചിലതിൻ്റെ ചരിത്രത്തെ പൊതുവല്ക്കരിക്കുന്നത്. സവർക്കർ എഴുതുന്നു;

ഇന്ത്യയ്ക്ക്  തനിച്ച് അറബികളെ, പേഴ്സ്യക്കാരെ, പത്താനുകളെ, ബലൂചികളെ, ടാർട്ടാറുകളെ, തുർക്കികളെ, മംഗോളിയരെ  അഭിമുഖീകരിക്കേണ്ടി വന്നു. ഒരു മുഴുവൻ മനുഷ്യസഹാറയും അക്രമാസക്തമായ ലോകച്ചുഴലിയുടെ രൂപത്തിൽ വന്നു. മതമായിരുന്നു ശക്തമായ പ്രേരണ.

ഇത്രയും നുണനിറഞ്ഞ ചരിത്രപ്രസ്താവന വേറെയില്ല. അറബികൾ എന്നെങ്കിലും ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചില്ല എന്നതാണ് സവർക്കറുടെ ഭാഗ്യം. മുസ്ലീങ്ങൾക്കെതിരെ ഹിന്ദു ഇന്ത്യ പടപൊരുതി എന്ന് പറയുന്ന കാലത്ത് മലബാർ തീരങ്ങളിൽ കേരളീയരും അറബികളും തമ്മിൽ കച്ചവടം പൊടിപൊടിക്കുകയായിരുന്നു! ഈ ആക്രമണങ്ങൾ രാജ്യം രാജ്യത്തെ ആക്രമിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നുമായിരുന്നില്ല. സാമ്പത്തികതയും അധികാരപരിധിയും ഭൂവിസ്തൃതിയും വർദ്ധിപ്പിക്കുക എന്നതല്ലാതെ മതം ഇതിൽ ഒരു പങ്കും വഹിച്ചിരുന്നില്ല . വിജയത്തിൻ്റെ  പക്ഷത്തും തോൽവിയുടെ പക്ഷത്തും.

പിന്നെയും ചരിത്രവസ്തുതകളുടെ പിന്തുണയില്ലാതെ സവർക്കർ തൻ്റെ കഥനം തുടരുന്നു. അക്ബറും ദാരാഷുക്കോവും ഉണ്ടായത് ഹിന്ദുസ്ഥാൻ മുസ്ലീങ്ങൾക്ക് മേൽ നേടിയ ധാർമ്മികവിജയമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. രാജഭരണകാലത്ത് രാജാവിനായിരുന്നു പരമാധികാരം. ജനങ്ങൾ പലപ്പോഴും തീരുമാനമെടുക്കാൻ മാത്രം ശക്തിയുള്ള ഘടകം ആയിരുന്നില്ല. ജനാധിപത്യയുഗത്തിൽ മാത്രമാണ് പരിമിതമായെങ്കിലും ആ ശക്തി ജനങ്ങൾക്ക് ലഭിക്കുന്നത്. വാസ്തവം അതാണെന്നിരിക്കേ, അക്ബറുടെ നയത്തിൻ്റെ ഉടമസ്ഥത  അക്ബറിനും അദ്ദേഹത്തിൻ്റെ ദർബാറിനും വിട്ടുകൊടുക്കുകയായിരിക്കും ഭംഗി. അതിന് പകരം ഇല്ലാത്ത ഹിന്ദു ജനതയ്ക്ക് അത് വിട്ടുകൊടുക്കുക എന്നത് അസംബന്ധത്തിൻ്റെ ക്രൂര പ്രയോഗമാണ് എന്നേ പറയാൻ പറ്റു. ഷെർഷയെപ്പോലെ ഒരാൾ ഹുമയൂണിനെ ആക്രമിച്ച് കീഴടക്കുമ്പോൾ, തിരിച്ച് വീണ്ടും മുഗളർ രാജ്യഭരണം പിടിച്ചെടുക്കുമ്പോൾ മതത്തിനെ കൊണ്ടു വെയ്ക്കാൻ അതിനിടയിൽ ഇടം പോലും ഇല്ല. ഔറംഗസേബ് വരുമ്പോൾ വീണ്ടും ധാർമ്മികവിജയത്തിന് അടി പറ്റുന്നു.

സവർക്കറുടെ ഈ സത്യാനന്തരകഥനത്തിന് ഒരു ലക്ഷ്യമേ ഉള്ളു. അനേകായിരം നാട്ടുരാജ്യങ്ങളുടെ ചരിത്രം ഒറ്റ ഇന്ത്യയുടെ, ഹിന്ദുസ്ഥാൻ്റെ ചരിത്രമാക്കണം. അതിൻ്റെ ഏറ്റവും വലിയ ശത്രുവായി മുസ്ലീമിനെ, ഇസ്ലാം മതത്തെ നിർത്തണം. ഔറംഗസേബിനോട് ഏറ്റുമുട്ടിയ മറാത്താസാമ്രാജ്യത്തിന്റെ ചരിത്രത്തെ ഹിന്ദുസാമ്രാജ്യ ചരിത്രമാക്കിത്തീർക്കണം. അതോടെ ചിത്പാവൻ ബ്രാഹ്മണരുടെ സാമ്രാജ്യ നഷ്ടത്തിൽ നിന്നാരംഭിച്ച നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ വീണ്ടും കേന്ദ്ര അരങ്ങിലേയ്ക്ക് ആനയിക്കണം. അതോടെ ഹിന്ദുവംശീയത, ആ ബ്രാഹ്മണിസ്റ്റ് ചരിത്രത്തിൻ്റെ വികാസഘട്ടമായി സ്ഥാപിക്കപ്പെടും. മാത്രമല്ല, ബ്രിട്ടീഷുകാരുമായുള്ള ശനിവാർവാഡ യുദ്ധത്തിൽ തോൽക്കും മുമ്പ് മൂന്നാം പാനിപ്പറ്റ് യുദ്ധത്തിൽ അഫ്ഗാനികളോട് മറാത്തകൾ തോറ്റിരുന്നു. അതിനെ സവർക്കർ വ്യാഖ്യാനിക്കുന്നതും കേൾക്കുക. ” ഹിന്ദുക്കൾ പടയിൽ തോറ്റെങ്കിലും യുദ്ധത്തിൽ ജയിച്ചു. അതിന് ശേഷം ഒരു അഫ്ഗാൻ പോലും ഡെൽഹിയിലേയ്ക്ക് തുളഞ്ഞുകയറാൻ ധൈര്യപ്പെട്ടില്ല. നമ്മുടെ മറാത്തകൾ അട്ടക്കിലേയ്ക്ക് ഏറ്റിക്കൊണ്ടുപോയ ഹിന്ദുപതാക സിക്കുകാർ ഏറ്റെടുക്കുകയും സിന്ധുവിനപ്പുറം കാബൂൾ തീരങ്ങൾ വരെ ഏറ്റുകയും ചെയ്തു ” . തോൽവിയെ ജയമായി, അതും വലിയ ജയമായി സവർക്കർ ചിത്രീകരിക്കുന്നതിന് ഒരു കാരണമേ ഉള്ളു. അത് ചിത്പാവൻ പേഷ്വകളുടെ യുദ്ധമായിരുന്നു. മറ്റൊരു മതമായ സിക്കുമതം, അവരുടെ രാജ്യചരിത്രത്തിൽ വഹിച്ചിരുന്നത് ഹിന്ദുവിൻ്റെ പതാകയാണെന്ന് പറയാൻ ഒരു ഉളുപ്പും സവർക്കർ കാണിക്കുന്നില്ല എന്നത് അത്ഭുതാവഹമാണ്.

“പ്രവർത്തിക്കുന്ന ഹിന്ദുത്വം” എന്ന ശീർഷകത്തിനടിയിലും സത്യാനന്തര കഥനങ്ങളുടെ ഘോഷയാത്രയാണ് ഉള്ളത്. പലവട്ടം ആവർത്തിച്ച വാദം, വീണ്ടും വീണ്ടും സവർക്കർ ആവർത്തിക്കുന്നു. ആര്യാവർത്തമോ ദക്ഷിണാപഥമോ, ജംബുദ്വീപോ, ഭാരതവർഷമോ, ഹിന്ദുസ്ഥാൻ എന്ന സംജ്ഞ ചെയ്യുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ദൗത്യം ഏറ്റെടുക്കുന്നില്ല എന്നത്. തന്നെത്തന്നെ വിശ്വസിപ്പിക്കാനെന്നവണ്ണം അട്ടക്ക് മുതൽ കട്ടക്ക് വരെ ജനങ്ങൾ ഐക്യപ്പെട്ട് ഒറ്റജൈവ ഏകകമായി എന്ന കള്ളം വീണ്ടും വീണ്ടും ആവർത്തിക്കുന്നു. സവർക്കർ എഴുതുന്നത് നോക്കുക. “ഹിന്ദുത്വ എന്ന ആ വാക്ക് നമ്മുടെ മുഴുവൻ രാഷ്ട്രീയ ശരീരത്തിലൂടെയും ഒരു ജീവശക്തിയാർന്ന സുഷുമ്നാ നാഡി പോലെ പായുകയും മലബാറിലെ നായന്മാരെ  കാശ്മീരിലെ ബ്രാഹ്മണരുടെ സഹനത്തിൽ കരയാൻ പ്രേരിപ്പിക്കുകയും ചെയ്തു.” മലയാളിക്കെങ്കിലുമറിയാം, തിരുവിതാംകൂറിലെ നായന്മാർ തമിഴ് നാട്ടിലെ പട്ടന്മാർ, പരദേശി ബ്രാഹ്മണർ, തങ്ങളുടെ ഉദ്യോഗാവസരങ്ങൾ തട്ടിയെടുക്കുന്നതിനെപ്പറ്റി രാജാവിന് ഭീമഹർജി സമർപ്പിക്കുകയായിരുന്നു. ഇപ്പോൾ പോലും ജ്ഞാനപരമായല്ലാതെ കശ്മീരി പണ്ഡിറ്റുകളുമായി യാതൊരു വൈകാരിക ബന്ധവും മലബാറിലെ നായർക്ക് ഉണ്ടാകാൻ ഇടയില്ല.

23. ഹിന്ദുത്വയുടെ ഉള്ളടക്ക വൈചിത്ര്യങ്ങൾ – III
………………………………………………………………………………….
ഹിന്ദു സാമ്രാജ്യങ്ങൾ ഇവിടെയുണ്ടായിരുന്നു എന്ന് ഉറപ്പിക്കാൻ സവർക്കർ ഉപയോഗിക്കുന്നത് ഹിന്ദിയിലും മറാത്തിയിലും എഴുതപ്പെട്ട സാഹിത്യകൃതികൾ ആണ്. അവയിൽ ഭൂരിപക്ഷവും രാജസദസ്സിലെ അംഗങ്ങളുടെ, അല്ലെങ്കിൽ രാജാവിനെ പുകഴ്ത്താനായി ഉണ്ടാക്കിയ കൃതികളെ ആണ്. ചാന്ദ് ബർദായിയുടെ പൃഥിരാജ് രാസോ ആണ് സവർക്കർ എടുത്തുകാണിക്കുന്ന ആദ്യ കൃതി. ചാന്ദ് ബർദായ് പൃഥിരാജ് ചൗഹാൻ്റെ സദസ്സിലെ ആസ്ഥാന കവിയായിരുന്നു. ആസ്ഥാനകവികൾ നിർവ്വഹിച്ചിരുന്നത് പബ്ലിക് റിലേഷൻസ് ഓഫീസറുടെ പണിക്ക് സമാനമായിരുന്ന ഒന്നായിരുന്നു എന്ന് നമുക്കറിയാം. മാത്രമല്ല, പൃഥിരാജ് രാസോയുടെ ഒരു ചെറിയ ഭാഗം മാത്രമേ കണ്ടെടുത്തിട്ടുള്ളു എന്ന കാര്യം കൂടി ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട് .

അത് സാഹിത്യ കൃതിയാണ്, ചരിത്രമല്ല എന്ന കാര്യത്തിൽ എല്ലാത്തരം ചരിത്രകാരർക്കിടയിലും ഐക്യപ്പെടൽ നടന്നിട്ടുണ്ട്. അതിൽ പ്രതിപാദിക്കുന്ന സംഭവങ്ങളോരോന്നും പൃഥിരാജ് ചൗഹാന് അതിമാനുഷികമായ കീർത്തിയുടെ പരിവേഷം സൃഷ്ടിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിച്ചതാണ്. ഉദാഹരണത്തിന് മുഹമ്മദ് ഗോറിയുമായി യുദ്ധത്തിൽ തോറ്റ പൃഥിരാജ് ചൗഹാനെ ബന്ധനസ്ഥനാക്കി ഗോറിയിലേയ്ക്ക് കൊണ്ടു പോകുന്നു. ചാന്ദ് ബർദായ് അദ്ദേഹത്തെ രക്ഷിക്കുന്നതിനായി അവിടെയെത്തുന്നു. അവിടെ വെച്ച് പൃഥിരാജ് ചൗഹാൻ്റെ കണ്ണുകെട്ടി അസ്ത്രപരീക്ഷ നടത്തുന്നു. അദ്ദേഹം, കണ്ണുകെട്ടിയ അവസ്ഥയിലാണെങ്കിൽ പോലും, മുഹമ്മദ് ഗോറിയുടെ ശബ്ദം കേട്ട് അദ്ദേഹത്തിൻ്റെ സ്ഥാനം മനസ്സിൽ നിർണ്ണയിച്ച് അവിടേയ്ക്ക് അമ്പു പായിച്ച് അദ്ദേഹത്തെ വധിക്കുന്നു. ഇത് പൃഥിരാജ് രാസോയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. എന്നാൽ ചരിത്രത്തിൽ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് മാത്രമല്ല, ഗോറിയുമായുള്ള യുദ്ധത്തിൽ പൃഥിരാജ് ചൗഹാൻ വധിക്കപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല ഈ കവിത എഴുതപ്പെട്ടിട്ടുള്ളത് ബ്രജ് വിഹാരി എന്ന ഭാഷാഭേദത്തിലാണ്. ഹിന്ദിയിൽ ആണെന്ന് പറഞ്ഞുകൂടാ. എന്നാൽ ഒരു  രജപുത്രരാജ്യത്തിലെ രാജാവും ഗോറിയും തമ്മിലുള്ള യുദ്ധത്തെ, ഹിന്ദുരാഷ്ട്രവും ഇസ്ലാം അധിനിവേശവും തമ്മിലുള്ള പോരാട്ടമായി സവർക്കർ ചിത്രീകരിക്കുന്നു. ഹിന്ദി, ഹൈന്ദവൻ, ഹിന്ദ് എന്ന പദങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദുരാഷ്ട്രത്തിൻ്റെ അസ്തിത്വം ഭൂതകാലത്ത് ഉറപ്പിക്കുന്നു.

രാഷ്ട്രം എന്ന പരികല്പന തന്നെ അന്യമായിരുന്ന കാലത്ത്, ചരിത്രവുമായി നേരിട്ട് ബന്ധപ്പെടാത്ത സാഹിത്യകൃതിയെ ഉപജീവിച്ച് ഹിന്ദുരാഷ്ട്രത്തിന് ചരിത്രം ഉണ്ടാക്കിക്കൊടുക്കാനാണ് സവർക്കർ മെനക്കെടുന്നത് എന്ന് നാം കണ്ടു. ഹിന്ദി എന്ന ഭാഷയ്ക്ക് സവർക്കർ ഉദ്ദേശിക്കുന്ന ഹിന്ദുത്വയുമായി യാതൊരു ബന്ധവും ഇല്ല. നിരവധി ഭാഷാഭേദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണത്. ഹിന്ദുത്വത്തിൻ്റെ ഭാഷയായി അതിനെ പിടിച്ചെടുക്കുകയാണ് സവർക്കർ ചെയ്യുന്നത്. അതുപോലെത്തന്നെയാണ് ഹിന്ദ് എന്ന പദത്തിനും. 1909 ൽ ഗാന്ധി എഴുതിയ പ്രധാനപ്പെട്ട ഒരു പുസ്തകത്തിൻ്റെ പേര് “ഹിന്ദ് സ്വരാജ് ” എന്നാണ്. അതിലെ ഹിന്ദ് എന്ന പദത്തിന് ഹൈന്ദവതയുമായി യാതൊരു ബന്ധവുമില്ല. പൃഥിരാജ് രാസോ എഴുതുന്ന കാലത്ത് ഹൈന്ദവൻ എന്ന പദത്തിന് ഹിന്ദുമതമായി ഒരു ബന്ധവും കണ്ടെത്താനാകില്ല. സവർക്കർ തന്നെ പറയും പോലെ സിന്ധുതീരവാസി എന്ന അർത്ഥമേ അതിനുള്ളു. രാസോയിൽ പ്രത്യക്ഷപ്പെടുന്ന ഭാരത് എന്ന പദം മഹാഭാരതത്തെയാണ് കുറിക്കുന്നതെന്ന് സവർക്കർ തന്നെ സമ്മതിക്കുന്നുണ്ട്. അത് ഭാരതവർഷം എന്ന് പരിഗണിക്കാമെന്ന് വാദിക്കുന്നുണ്ടെങ്കിൽപ്പോലും.

ഇങ്ങനെ ചരിത്ര സന്ദർഭങ്ങളുടെ ചെറു ചെറു മുഹൂർത്തങ്ങളിൽ നിന്ന്  കെട്ടിപ്പൊക്കിയ ഭാവനയുടെ സാഹിത്യ സാമ്രാജ്യങ്ങളെയാണ് ഹിന്ദുത്വയെ പുക പിടിപ്പിച്ച് പഴക്കിയെടുക്കാൻ സവർക്കർ ഉപയോഗിക്കുന്നത്. ഔറംഗസേബിനോട് പടപൊരുതുന്നതിനിടയിൽ ശിവജിയോട്  താൻ കണ്ട വിജയസ്വപ്നത്തെപ്പറ്റി പറയുന്ന രാംദാസ് ഹിന്ദുസ്ഥാൻ എന്ന് പ്രയോഗിക്കുന്നതാണ് മറ്റൊരു സന്ദർഭം. ശിവജിയെപ്പറ്റിയും ഛത്രശാലിനെപ്പറ്റിയും എഴുതിയ ഭൂഷൺ എന്ന കവി, ഛത്രശാലിനെപ്പറ്റി അദ്ദേഹത്തിൻ്റെ കല്പനയാൽ തന്നെ എഴുതിയ ലാൽകവി തുടങ്ങിയവരുടെ സാഹിത്യസംരംഭങ്ങളിൽ നിന്നെല്ലാമാണ് ഹിന്ദുസ്ഥാൻ, ഹൈന്ദവൻ തുടങ്ങിയ പദങ്ങൾ പ്രത്യക്ഷപ്പെട്ട ഇടങ്ങൾ സവർക്കർ ചൂണ്ടിയെടുക്കുന്നത്. ഹിന്ദു – പദ് പദഷാഹിയെ പൂരിപ്പിച്ച പേഷ്വാ ഭരണകൂടം വരെ സവർക്കർ എത്തുന്നു. അതായത് തൻ്റെ ചിത്പാവൻ ചരിത്രത്തിൽ. എന്ന് പറഞ്ഞാൽ തന്നിൽ നിന്ന് പുറത്തുനോക്കാനാകാത്ത ബ്രാഹ്മണമേൽക്കോയ്മാ ചരിത്രത്തെയാണ് ഇന്ത്യാ ചരിത്രമെന്ന മട്ടിൽ സവർക്കർ വ്യാഖ്യാനിക്കുന്നത്. ആ വ്യാഖ്യാനത്തിൽ ഒരിടത്തും ഇന്ത്യൻ ജനതയുടെ പ്രതിനിധി ഇല്ല. സ്ത്രീകൾ ഇല്ല. സവർണ്ണരല്ലാത്തവർ ഇല്ല. സവർണ്ണരും അവരെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥപ്പെടുത്തിയ മറ്റ് രാജ്യങ്ങളിലെ അധികാരികളും മാത്രം.

വിഡ്ഢിത്ത വിചാരങ്ങൾ പോകേണ്ടതുണ്ട് ” എന്ന തലക്കെട്ടിലെ അടുത്ത ഖണ്ഡത്തിൽ തൻ്റെ ഹിന്ദുത്വ വിചാരത്തിന് വിലങ്ങനെ കിടക്കുന്ന ഒരു കീറാമുട്ടിയെ അഭിമുഖീകരിക്കാൻ സവർക്കർ നിർബന്ധിതമാകുന്നു. കാരണം, പുരാതന സംസ്കൃതഗ്രന്ഥങ്ങളിലൊന്നും തന്നെ ഹിന്ദു എന്ന പദപ്രയോഗം ഇല്ല. അതിന് സവർക്കർ പറയുന്ന ന്യായം ഒരു തരത്തിൽ പരിഹാസ്യമാണ്. ബെനാറസ് എന്ന പദം സംസ്കൃതത്തിൽ ഇല്ല. പക്ഷെ, പ്രാകൃതത്തിൽ വാരണാസി എന്ന വാക്കുണ്ട്. ക്ലാസ്സിക്കൽ സംസ്കൃതത്തിൽ ഒരു പ്രാകൃതഭാഷയിലെ വാക്ക് പ്രതീക്ഷിക്കാൻ പാടുള്ളതല്ല. മറാത്ത, പാറ്റ്ന തുടങ്ങിയ വാക്കുകൾ സംസ്കൃതത്തിലില്ലെങ്കിൽ അതിനർത്ഥം അവ നിലനിൽക്കുന്നതല്ലേ എന്ന തർക്കിക്ക ന്യായമാണ് സവർക്കർ ഉന്നയിക്കുന്നത്. ഹിന്ദുത്വ അതിൻ്റെ ആസ്തിയായി ഉയർത്തിപ്പിടിക്കുന്നത് സംസ്കൃത സാഹിത്യമാണ് എന്നത് മറന്നുകൊണ്ടാണ് സവർക്കർ ഈ തർക്കം ഉന്നയിക്കുന്നത്. ‘സവർക്കർ തന്നെ ഹിന്ദുത്വത്തിൻ്റെ പിറവി ദിനമായി കണക്കാക്കുന്നത് രാവണനെ വെന്ന് ശ്രീരാമചന്ദ്രൻ അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണ് എന്ന് നാം കണ്ടു. സംസ്കൃതത്തിൽ ഹിന്ദു എന്ന പദപ്രയോഗമില്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് ശ്രീരാമചന്ദ്രനെ ഹിന്ദുരാഷ്ട്രപ്രതിനിധിയായി രാമനെ സവർക്കർ തെരഞ്ഞെടുത്തത്?

അതായത് ഹിന്ദു എന്ന വാക്ക് യഥാർത്ഥത്തിൽ ഇന്ത്യ എന്ന് ഇപ്പോൾ നാം വിളിക്കുന്ന ഭൂപ്രദേശത്തിന് വെളിയിൽ ഉള്ളവർ സമ്മാനിച്ചതാണ്. പ്രത്യേകിച്ചും സവർക്കർ ഏത് വിശ്വാസികൾക്കെതിരെയാണോ തൻ്റെ ഖഡ്ഗം ഉയർത്തുന്നത്, അതേ മുസ്ലീങ്ങളാണ് ആ വാക്ക് പ്രയോഗിച്ചത് എന്ന വസ്തുതയാണ് സവർക്കറെ അലട്ടുന്നത്. താൻ തന്നെ മുന്നോട്ടുവെച്ച ഒരു വാദത്തിൻ്റെ വളളികളിൽ കുരുങ്ങിക്കിടക്കുന്ന സവർക്കറെയാണ് നാം ഇവിടെ കാണുന്നത്. ഹിന്ദുത്വ എന്ന വാക്കും ഹിന്ദുയിസം അഥവാ ഹിന്ദുമതം എന്ന വാക്കും തമ്മിലുള്ള ബന്ധവൈജ്യാത്യങ്ങളാണ് ഇത്തരം പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കാൻ കാരണം എന്ന് സവർക്കർ പറയുന്നു. അതായത് നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ വംശീയതയായി പരിണമിപ്പിക്കാൻ വേണ്ടി സവർക്കർ ആവിഷ്ക്കരിച്ച പദ്ധതിയെ, ബ്രാഹ്മണേതരർക്കും സവർണ്ണേതരർക്കും മേൽ അടിച്ചേല്പിക്കാനുള്ള ഒരു രാഷ്ട്രീയ പദ്ധതിയാണ് സവർക്കർ ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. മാത്രമല്ല, ആ വംശീയതയിലേയ്ക്ക് ജൈനരേയും സിക്കുകാരെയും ഉൾപ്പെടുത്താനും.

“ഹിന്ദുത്വത്തിൻ്റെ അടിസ്ഥാന സംഗ്രഹങ്ങൾ” എന്ന ശീർഷകം കൊണ്ടടയാളപ്പെടുത്തിയ ഖണ്ഡത്തിൽ പൗരത്വത്തെക്കുറിച്ചുള്ള ആശയമാണ് സവർക്കർ മുന്നോട്ടുവെയ്ക്കുന്നത്. ഒരു അമേരിക്കൻ ഇന്ത്യൻ പൗരനായാൽ ഒരിക്കലും നമ്മുടെ ചോരയിലൂടെ പകർന്ന സംസ്ക്കാരത്തിൻ്റേയും ചരിത്രത്തിൻ്റേയും ഭാഗമായിത്തീരാൻ സാധ്യമല്ല എന്ന വാദമാണ് സവർക്കർ മുന്നോട്ടുവെയ്ക്കുന്നത്. അയാൾക്ക് നമ്മുടെ സംസ്ക്കാരത്തോട് സ്നേഹം തോന്നാം. ആരാധനപോലും വെച്ചു പുലർത്താം. പക്ഷെ ഹിന്ദു എന്ന മണ്ഡലത്തിനുള്ളിൽ അയാൾക്ക് ഒരിക്കലും തന്നെത്തന്നെ ചേർത്തുവെയ്ക്കാനാകില്ല. കാരണം ഹിന്ദുത്വത്തിൻ്റെ പ്രാഥമികമായ നിർണ്ണയങ്ങളിൽ ഒന്ന് താനോ തൻ്റെ മുൻഗാമികളോ ഹിന്ദുസ്ഥാനിലെ പൗരരായിരിക്കണം എന്നാണ്.അതേ സമയം അതുമാത്രമല്ല അതിൻ്റെ നിർണ്ണയത്തിൽ പങ്കു വഹിക്കുന്നത്.  കാരണം ഹിന്ദു എന്ന പദത്തിന് ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തേക്കാൾ അർത്ഥങ്ങൾ ഉണ്ട്. ആധുനികതാ വിരുദ്ധനും ശുദ്ധവാദിയുമായി തൻ്റെ ബ്രാഹ്മണ ദംഷ്ട്ര പുറത്തെടുക്കുന്ന സവർക്കറെയാണ് നമുക്ക് ഇവിടെ കാണാനാകുക. പൗരത്വത്തെക്കുറിച്ച് ” ഹിന്ദുത്വ ” യിൽ കുറേക്കൂടി വ്യക്തമായി പ്രതിപാദിക്കുന്നു എന്നതിനാൽ നമ്മുടെ വിമർശനത്തെ ആ പ്രതിപാദനത്തിൻ്റെ പ്രകരണത്തിലേയ്ക്ക് മാറ്റിവെക്കാവുന്നതാണ്.

“ഒരേ ചോരയുടെ ബന്ധനം” എന്ന അടുത്ത ഉപഖണ്ഡത്തിൽ സവർക്കർ ഈ വംശീയ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഹിന്ദുസ്ഥാനിൽ ജനിച്ചവർ എല്ലാവരും ഒരേ ചോരയാൽ ബന്ധിതരാണെന്നും, ഹിന്ദുച്ചോര എന്നത് ഇംഗ്ലീഷ് ചോര, ഫ്രഞ്ചുചോര എന്നൊക്കെപ്പറയും പോലെ ദേശീയതയുമായി ബന്ധപ്പെട്ട ഒന്നാണെന്നും സവർക്കർ പറയുന്നു. എന്നാൽ ഇംഗ്ലീഷ് ചോര എന്നതും ഫ്രഞ്ചുചോര എന്നതും ക്രിസ്ത്യൻ ചോര, മുസ്ലിം ചോര എന്ന് പറയും പോലെ മതാധിഷ്ഠിതമല്ലെന്നും മറച്ചു വെയ്ക്കുന്നു. അതായത് ഹിന്ദുച്ചോര എന്ന് പറയുന്നത് ക്രിസ്ത്യൻ ചോര, മുസ്ലീംചോര എന്നൊക്കെപ്പറയും പോലെ മതാധിഷ്ഠിതമാണ്. അത് ഇന്ത്യൻ ചോര എന്ന് പറയും പോലല്ല. ഈ വസ്തുതയാണ് സവർക്കർ പാടുപെട്ട് മറച്ചു വെയ്ക്കുന്നത്. ഒരേ ചോരയെപ്പറ്റി പറയുമ്പോൾ തന്നെ ബ്രാഹ്മണരുടെ ആരാധനാസ്ഥലങ്ങളിൽ ദളിതർക്കോ പിന്നോക്കക്കാർക്കോ പ്രവേശനമില്ല എന്ന തൻ്റെ സമകാലീനമായ അവസ്ഥയിലേയ്ക്ക് സവർക്കർ കണ്ണു പായിക്കുന്നില്ല. സവർക്കർ ഇതെഴുതുമ്പോൾ ഒരേചോരയിൽ പിറന്നവർക്ക് ഒന്നിച്ചിരുന്നുണ്ണാനോ, ഒന്നിച്ച് ഒരു പാതയിലൂടെ സഞ്ചരിക്കാനോ കഴിയില്ലായിരുന്നു. അവർ തമ്മിൽ മുഖാമുഖം തന്നെ കണ്ടിട്ടുണ്ടാകില്ല. അനുലോമ – പ്രതിലോമ വിവാഹങ്ങളെ വൈദികഗ്രന്ഥങ്ങൾ അംഗീകരിക്കുന്നു എന്ന് പറഞ്ഞാണ് ഈ കടുത്ത ജാതി യാഥാർത്ഥ്യത്തെ സവർക്കർ എന്ന ബ്രാഹ്മണവാദി നേരിടുന്നത്. മലബാറിലെ ബ്രാഹ്മണർ വിവാഹം കഴിക്കുന്നത് താഴ്ന്ന ജാതിയിൽ നിന്നാണ് എന്ന വസ്തുതയും സവർക്കർ മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ അക്കാലത്ത് നമ്പൂതിരി സമുദായത്തിലെ ഏറ്റവും മൂത്ത സഹോദരൻ സ്വജാതിയിൽ നിന്നാണ് വിവാഹം കഴിക്കുന്നതെന്ന വസ്തുത സവർക്കർ മറച്ചു വെയ്ക്കുന്നു. താഴെയുള്ള സഹോദരർ ഏർപ്പെടുന്ന സംബന്ധം എന്ന് പേരിട്ട, താഴേക്കിടയിലെ സവർണ്ണരുമായി നടത്തുന്ന ബാന്ധവത്തിന് നിയമപരമായ അംഗീകാരമോ അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വത്തവകാശമോ ഉണ്ടായിരുന്നില്ല എന്ന കാര്യം സവർക്കർ മിണ്ടുന്നില്ല. കേരളത്തിൽ നമ്പൂതിരി നവോത്ഥാനത്തിന് തന്നെ കാരണമായ പല കാരണങ്ങളിൽ ഒന്ന് ഈ വ്യവസ്ഥ ആയിരുന്നു എന്നതും. ശൂദ്രന് ബ്രാഹ്മണനാകാമെന്നും ബ്രാഹ്മണന് ശൂദ്രനാക്കാമെന്നുമൊക്കെയുള്ള, ഒരു തരത്തിലും വസ്തുതാപരമായ സമൂഹഘടനയെ തൊടാത്ത, വാചകമടികൾ മാത്രമാണ് സവർക്കർ ഇവിടെ നടത്തുന്നത്. സവർക്കർ പറയുന്നത് കേൾക്കുക : ” നമ്മളിൽ ചിലർ ആര്യരും മറ്റുചിലർ അനാര്യരും ആണ്. പക്ഷെ അയ്യർമാരായാലും നായൻമാരായാലും  – നമ്മളെല്ലാം ഹിന്ദുക്കളാണ്. ഒരേ ചോരയുടെ ഉടമസ്ഥർ . നമ്മിൽ ചിലർ ബ്രാഹ്മണരും മറ്റുചിലർ നാമശൂദ്രരും പഞ്ചമരുമാണ്. ബ്രാഹ്മണരായാലും പഞ്ചമരായാലും നമ്മളെല്ലാം ഹിന്ദുക്കളും ഒരേ ചോര പേറുന്നവരും ആണ്. നമ്മളിൽ ചിലർ ദക്ഷിണാത്യരും ചിലർ ഗൗഡരുമാണ്. പക്ഷെ, ഗൗഡരായാലും സാരസ്വതരായാലും നമ്മളെല്ലാം ഹിന്ദുക്കളും ഒരേ രക്തം പേറുന്നവരുമാണ്. ………………
……………………………………………………………………………………………………
നമ്മളിൽ ചിലർ ജൈനരും ചിലർ ജംഗമരുമാണ്. നമ്മളെല്ലാം ഹിന്ദുക്കളും ഒരേ ചോരയുടെ ഉടമസ്ഥരും. നമ്മളിൽ ചിലർ ഏകദൈവ വിശ്വാസികളും ചിലർ ബഹുദൈവ വിശ്വാസികളുമാണ്. ചിലർ വിശ്വാസികളും മറ്റ് ചിലർ നാസ്തികരുമാണ്. പക്ഷെ ഏകദൈവവിശ്വാസികളും നാസ്തികരും ഹിന്ദുക്കളും ഒരേ രക്തം പേറുന്നവരുമാണ്. നമ്മൾ ഒരു രാഷ്ട്രം മാത്രമല്ല, ഒരു ജാതികൂടിയാണ്. ജന്മനാ സഹോദരർ

ബഹുസ്വരമായ ഒരു ജനതതിയെ വംശീയതയിൽ യോജിപ്പിക്കാനുള്ള ത്വരയാണ് ഇതിൽ കാണുന്നത്. ബൗദ്ധനും ജൈനനും എല്ലാം ഹിന്ദുവംശീയതയിൽ ലയിക്കുന്നു. എന്നാൽ ഒരിക്കൽപ്പോലും ഈ ജാതി വ്യവസ്ഥ നിർമ്മാണത്തിന് അടിസ്ഥാനമായ  ബ്രാഹ്മണമേൽക്കോയ്മയെ സവർക്കർ എതിർക്കുന്നില്ല. എല്ലാം വന്ന് ലയിക്കുന്ന ഉദാത്തതയായി അതിനെ അങ്ങനെ തന്നെ നിലനിർത്തുന്നു. ഇന്ത്യയുടെ സവിശേഷസാഹചര്യത്തിൽ ഒരു വംശീയതയ്ക്ക് നിലനിൽക്കണമെങ്കിൽ അതിന് ജാതിഘടനയുടേതായ ഒരു പ്രവർത്തനശൈലി ആർജ്ജിച്ചേ പറ്റു. അതു കൊണ്ടാണ് “നമ്മൾ  ഒരു രാഷ്ട്രം മാത്രമല്ല, ഒരു ജാതി കൂടിയാണ് ” എന്ന് സവർക്കർ ഊന്നുന്നത്. ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ശരിക്കും നാം തിരിച്ചറിയുന്നത് സവർക്കറുടെ ഈ വാചകങ്ങളിൽ നിന്നാണ്. ഹിന്ദുയിസം അഥവാ ഹിന്ദുമതം ശ്രേണീബദ്ധമായ ഒരു ബഹുസ്വരതയെയാണ് ഉള്ളടക്കിയിരിക്കുന്നതെങ്കിൽ ഹിന്ദുത്വ ഏകശിലാത്മകമായ ജാതിയാണ്. ബ്രാഹ്മണ്യം എന്നത് ഹിന്ദുയിസത്തിൽ ഒരു മേൽക്കോയ്മയുടെ പേരായിരുന്നെങ്കിൽ ഹിന്ദുത്വയിൽ അത് ഫാസിസത്തിന്റെയും വംശീയമേധാവിത്വത്തിൻ്റേയും പേരാണ്.

ബൗദ്ധരേയും ജൈനരേയും ഹിന്ദുവംശീയതയിൽ ലയിപ്പിച്ച സവർക്കർ, മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഇന്ത്യൻ ജനസമൂഹത്തിൽ നിന്ന് അതേ പ്രവർത്തനശൈലി ഉപയോഗിച്ച് മാറ്റി നിർത്തുന്നു. ലൈംഗിക ആകർഷണം എല്ലാ പ്രവാചകരുടേയും മുഴുവൻ കല്പനകളേക്കാളും ശക്തിമത്തായത് എന്ന് തെളിയിക്കപ്പെട്ടതിനാൽ ആൻഡമാനിലെ തദ്ദേശവാസികളുടെ രക്തത്തിൽ പോലും ആര്യരക്തത്തിൻ്റെ തുള്ളികൾ കാണാം എന്ന് അവകാശപ്പെടുന്നു സവർക്കർ. അതോടൊപ്പം ഒരു വംശീയത എന്ന നിലയിൽ ഹിന്ദുക്കൾക്കൊപ്പം ലോകത്തിൽ അവകാശപ്പെടാൻ കെല്പുള്ള മറ്റൊരു വംശീയത ജൂതർക്ക് മാത്രമേ ഉള്ളുവെന്നും .

അതേ സമയം, ഒരു രാഷ്ട്രവും ഒരു വംശവും എന്നതുകൊണ്ടു മാത്രം ഹിന്ദുത്വത്തിൻ്റെ അവകാശികൾ ആകാൻ കഴിയില്ലെന്ന് “പൊതു സംസ്ക്കാരം” എന്ന തലക്കെട്ടിന് കീഴെ സവർക്കർ കുറിക്കുന്നു. കാരണം, മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും അപരവല്ക്കരിച്ചു മാത്രമേ ബ്രാഹ്മണ ഹിന്ദു വംശീയതയ്ക്ക് പ്രവർത്തിക്കാനാകൂ.

ഇതിനിടയിൽ രസകരമായൊരു വിവരണം വരുന്നുണ്ട്. ആധുനിക പേഴ്സ്യനിൽ ( മുസ്ലീം വല്ക്കരിക്കപ്പെട്ട പേഴ്സ്യൻ എന്ന് സവർക്കർ ) ഹിന്ദു എന്നാൽ “കറുത്തവൻ / കറുത്തവൾ ” എന്നാണർത്ഥം. ഇത് സവർക്കറെ നന്നായ് പ്രകോപിപ്പിക്കുന്നുണ്ട്. സവർക്കർ പറയുന്നത് നോക്കുക . “ സെൻ്റ് അവസ്റ്റയുടെ കാലഘട്ടത്തിൽ പുരാതന ‘സപ്തസിന്ധുക്കൾ അതായത് ഹിന്ദുക്കൾ ഇറാനികളെപ്പോലെ സുന്ദരരും (വെളുത്തവരും) പ്രായോഗികമായി അവരോട് കൂടിക്കഴിഞ്ഞിരുന്നവരും ആണ്. ക്രിസ്ത്യൻ യുഗത്തിൻ്റെ തുടക്കത്തിൽ പോലും നമ്മുടെ അതിർത്തി പ്രദേശത്തെ പാർത്തിയൻമാർ വിളിച്ചിരുന്നത് ശ്വേതഭാരതം അഥവാ വെളുത്ത ഇന്ത്യ എന്നാണ്. അതിനാൽ മൗലികമായി ഹിന്ദു എന്നാൽ  അക്ഷരാർത്ഥത്തിൽ കറുത്തവൻ അല്ല “. ഇന്ത്യൻ ഹിന്ദുക്കളിൽ ഭൂരിഭാഗവും കറുത്തവർ ആയിരിക്കേ, അവർക്ക് അവരുടെ ചരിത്രം ഉണ്ടെന്നിരിക്കേ വെളുപ്പും ആര്യചരിത്രവും അടിച്ചേല്പിച്ചു കൊണ്ടാണ് ഹിന്ദുത്വയുടെ വംശീയ ഇഷ്ടികകൾ വെച്ച് സവർക്കർ ഒരു വ്യാജ ചരിത്രം കെട്ടിപ്പൊക്കുന്നത്. അവിടെ ആ പ്രകോപനം നിൽക്കുന്നില്ല. മുസൽമാനെ, ആഫ്രിക്കൻ സംജ്ഞയായ മുസാന്ത എന്ന് വിളിക്കാമോ എന്നൊക്കെയുള്ള അസംബന്ധങ്ങളിലേയ്ക്ക് അത് കയറിക്കയറി പോകുന്നു.

അടുത്ത ഉപഖണ്ഡം “എന്താണ് നാഗരികത ?” എന്ന ചോദ്യം ആണ്.  സവർക്കർ നാഗരികതയെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്.
നാഗരികത എന്നാൽ മനുഷ്യമനസ്സിൻ്റെ പ്രകടനം ആണ്. ദ്രവ്യത്തെ മനുഷ്യൻ എന്താക്കി എന്നതിൻ്റെ കണക്കാണ് നാഗരികത. ദ്രവ്യം ദൈവത്തിൻ്റെ സൃഷ്ടിയാണെങ്കിൽ നാഗരികത ചെറുതെങ്കിലും  മനുഷ്യരുടെ രണ്ടാം സൃഷ്ടികർമ്മമാണ്. ഏറ്റവും ഉന്നതമായ നിലയിൽ അത് ദ്രവ്യത്തിനുപുറത്തും മനുഷ്യനു പുറത്തും ആത്മാവിൻ്റെ ഉദാത്തമായ വിജയമാണ്. അവനവൻ്റെ ആത്മാവിൻ്റെ സന്തോഷത്തിന് വേണ്ടി ദ്രവ്യത്തെ എവിടെ, ഏത് പരിധിവരെ മെരുക്കിയെടുക്കാൻ ശ്രമിക്കുന്നുവോ ,അവിടെ നാഗരികത ജനിക്കുന്നു. ശക്തി, സൗന്ദര്യം, സ്നേഹം എന്നിവയുടെ നേർക്കുള്ള അവനവൻ്റെ ഉണ്മയുടെ ആത്മീയമായ ഉന്മുഖതകളെ തൃപ്തിപ്പെടുത്തും വിധം ഒരാൾ തൻ്റെ പരമോന്നതമായ ആനന്ദത്തിൻ്റെ എല്ലാ സ്റോതസ്സുകളേയും കറന്നെടുക്കുമ്പോൾ അത് വിജയിക്കുന്നു

ഗാന്ധിയുടെ പശ്ചാത്യ നാഗരിക വിമർശനത്തിന്, ഹിന്ദ് സ്വരാജിലെ, ഒരു മറുപടി എന്നോണമാണ് അമൂർത്തവും ധൂമിലവുമായ ഒരു നിർവ്വചനം സവർക്കർ കൊണ്ടുവരുന്നത്. ഈ നിർവ്വചനം ബ്രാഹ്മണമതത്തിന് പരിചിതമായ നിർവ്വാണ, മോക്ഷ സങ്കല്പങ്ങളെക്കൊണ്ടാണ് നിർമ്മിച്ചത് എന്നറിയാൻ പ്രത്യേകം ഗവേഷണം നടത്തേണ്ടതില്ല. ആത്മാവ്, ദൈവം എന്ന അമൂർത്തമായ രണ്ട് പരികല്പനകൾക്കുള്ളിലാണ് ഈ നിർവ്വചനം നിൽക്കുന്നത്. സാധാരണഗതിയിൽ നാഗരികതയുടെ നിർവ്വചനം മതാത്മകമല്ലാത്ത ഒന്നാണ്. സിന്ധുനദീതട നാഗരികത, മെസോപ്പൊട്ടേമിയൻ നാഗരികത തുടങ്ങി ഭൂമി ശാസ്ത്രഘടകത്തെയും ജീവനരീതിയേയും മറ്റ് ഘടകങ്ങളേയും  മുൻ നിർത്തിയാണ് നാഗരികതകളെ നിർവ്വചിക്കാറ്. ആരാധനാരീതികളും മറ്റും നാഗരികതയുടെ ഘടകങ്ങൾ ആയാണ് പരിഗണിക്കപ്പെടുക. ഇവിടെ മതാത്മകമായി, വംശീയമായി നാഗരികതയെ നിർണ്ണയിക്കാൻ വേണ്ടിയാണ് തൻ്റേതായ ഒരു നിർവ്വചനം സവർക്കർ കൊണ്ടുവരുന്നത്. അതായത് ഇന്ത്യ എന്ന വലിയ രാജ്യത്തിലെ, സവർക്കറുടെ രീതി അനുസരിച്ച് സിന്ധുനദി മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പ്രദേശത്തിലെ ഒരേ കാലഘട്ടത്തിലെ തന്നെ വ്യത്യസ്ത ജീവിത രീതികളെ “ഹിന്ദു നാഗരികത” യിൽ ഒരുമിപ്പിക്കണമായിരുന്നു.

ഈ “ഹിന്ദു നാഗരികത” യ്ക്ക് പിന്നിൽ പ്രവർത്തിച്ച ഹിന്ദുസംസ്കൃതിയെ സവർക്കർ അവതരിപ്പിക്കുന്നത് ഭാഷയുടേയും സാഹിത്യത്തിൻ്റേയും അടിസ്ഥാനങ്ങൾ ഉപയോഗിച്ചാണ്. നേരത്തെ ഹിന്ദു എന്ന സംജ്ഞ കണ്ടെത്താത്തതിന്റെ പേരിൽ പ്രാകൃതത്തിലൂന്നിയ സവർക്കർ ഇവിടെ സംസ്കൃതഭാഷയിൽ വലുതായി ഊന്നുന്നു. ” നമ്മുടെ വംശത്തിലെ മാതാക്കൾ സംസാരിച്ച ആ ഭാഷയാണ് വർത്തമാന ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ജന്മം നൽകിയത്. നമ്മുടെ ദൈവങ്ങൾ സംസ്കൃതത്തിൽ സംസാരിച്ചു. നമ്മുടെ മുനിമാർ സംസ്കൃതത്തിൽ ചിന്തിച്ചു. നമ്മുടെ കവികൾ സംസ്കൃതത്തിൽ എഴുതി. നമ്മിലെ ഏറ്റവും നല്ല എല്ലാം – നല്ല വിചാരം ,നല്ല ആശയം ,നല്ല വരി – പ്രേരണകൂടാതെ തന്നെ സംസ്കൃതത്തിൻ്റെ കുപ്പായമണിയാൻ കൊതിച്ചു. ലക്ഷക്കണക്കിന് പേർക്ക് ഇപ്പോഴും അത് അവരുടെ ദേവകളുടെ ഭാഷയാണ്. മറ്റുള്ളവർക്ക് അതവരുടെ പൂർവ്വികരുടെ ഭാഷയാണ്. എല്ലാവർക്കും അത് അങ്ങേയറ്റം ഉദാത്തമായ ഭാഷയാണ്. പൊതുവായ ഒരു പാരമ്പര്യമായി, പൊതുവായ നിധിയായി, അത് നമ്മുടെ സഹോദരീഭാഷകളുടെ കുടുംബങ്ങളെ സമ്പന്നമാക്കി. നാം എല്ലാവരിലൂടെയും കൂടിപ്പായുന്ന പോഷകനാഡീവ്യൂഹത്തെ നിർണ്ണയിച്ച ഗുജറാത്തിയും ഗുരുമുഖിയും, സിന്ധിയും ഹിന്ദിയും, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, ബംഗാളി, സിംഹളിയും നമ്മുടെ വികാരങ്ങളേയും വാഞ്ഛകളേയും ലയബദ്ധമായ ഒരു ആകെത്തുകയിലേയ്ക്ക് സമ്പന്നമാക്കുകയും ലയപ്പെടുത്തുകയും  ചെയ്തു. അതൊരു ഭാഷ മാത്രമായിരുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കൾക്കും അതൊരു മന്ത്രമായിരുന്നു. എല്ലാവർക്കും അതൊരു സംഗീതമായിരുന്നു

ഒരിക്കലും സംസ്കൃതം ജനകീയ ഭാഷ ആയിരുന്നിട്ടില്ല. ഇവിടെ സവർക്കർ ചെയ്യുന്നത് ഒരു ഭാഷ, മറ്റെല്ലാ ഭാഷകളേയും പോലെ തന്നെ ,അംഗീകാരം അർഹിക്കുന്ന ഒന്നായി ചിത്രീകരിക്കുകയല്ല. മറിച്ച് പവിത്രീകരിച്ചുകൊണ്ട് ഒരു ഭാഷയെ അതിനില്ലാതിരുന്ന  സ്ഥാനത്തേയ്ക്ക് കയറ്റിവെയ്ക്കുകയായിരുന്നു. സംസ്കൃതത്തെയല്ല, സംസ്കൃതത്തിൻ്റെ പ്രതിബിംബത്തെയാണ് സവർക്കർ സൃഷ്ടിക്കുന്നത്. അതിൻ്റെ ഫലമായി അതിൽ നിന്നും വസ്തുതകൾ ചോർന്നു പോകുന്നു. തമിഴ് പോലൊരു ദ്രാവിഡഭാഷയ്ക്ക്, സംസ്കൃതത്തിൻ്റെ സഹായമില്ലാതെ എഴുന്നുനിൽക്കാൻ കഴിയുന്ന ഭാഷയ്ക്ക് സംസ്കൃതത്തിൻ്റെ പാരമ്പര്യം നൽകുക എന്നത് ഭാഷാ ചരിത്രപഠനത്തിന് തന്നെ അപമാനമാണ്.

അടുത്തതായി സവർക്കർ ചെയ്യുന്നത് സാഹിത്യം ഉപയോഗിച്ച് ഒരു ഹിന്ദു സംസ്കൃതി ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുകയാണ്. ഇവിടെയും സാഹിത്യം എന്നാൽ ഉള്ളടക്കമോ ആഖ്യാനമോ അല്ല. രൂപകം ആണത്. അതിനാൽ താൻ പറയുന്നതിനപ്പുറം ആളുകൾ ചൂഴ്ന്ന് നോക്കും എന്നൊന്നും സവർക്കർ കരുതുന്നില്ല. ഒരു മതത്തിൻ്റേയും സ്വന്തമല്ലാത്ത വേദങ്ങൾ ജൈനർക്ക് ആധികാരികഗ്രന്ഥമല്ലെങ്കിൽ പോലും വേദങ്ങൾ സൃഷ്ടിച്ച അതേ ജനതയുടെ പാരമ്പര്യത്തിലാണ് ജൈനരുടെ സ്ഥാനമെന്ന് സവർക്കർ പറയുന്നു. ആദിപുരാണം എഴുതിയത് സനാതനഹിന്ദു അല്ലെങ്കിൽ പോലും ആദിപുരാണം ജൈനർക്കെന്നപോലെ സനാതനികൾക്കും പൊതുവായ പാരമ്പര്യമാണ്. ലിംഗായത്തുകളുടെ ബൈബിൾ ആയിട്ടുള്ള ” ബസവപുരാണം ” (വസവ്പുരാൺ എന്ന് സവർക്കർ ) ലിംഗായത്തുകൾക്കും അലിംഗായത്തുകൾക്കും കന്നഡത്തിലെ പ്രഥമവും , ചരിത്രപരവുമായി നിലനിൽക്കുന്ന ഒന്നാണ്.

സവർക്കർ ഇത് രേഖപ്പെടുത്തുമ്പോൾ  ബസവയുടേയും അക്കമഹാദേവിയുടേയും അല്ലാമ പ്രഭുവിൻ്റെയും എഴുത്തുകൾ ബ്രാഹ്മണമതത്തെ നിശിതമായി വിമർശിക്കുന്നവയാണ്. അല്ലെങ്കിൽ ജൈനരാമായണം ബ്രാഹ്മണരാമായണത്തെ നിരാകരിക്കുന്നതാണ്. എന്നാൽ സവർക്കർ അത്തരം സൂക്ഷ്മതകളിലേക്ക് പോകാതെ വൈരുധ്യങ്ങളുടെ കാമ്പ് കാണാതെ, വംശീയമായ ഒരു ആഖ്യാനത്തിൻ്റെ ഉള്ളടക്കമായി എല്ലാറ്റിനേയും മാറ്റുന്നു. മുസ്ലീങ്ങളെ ഒഴിച്ച് നിർത്തിയാൽ എല്ലാം സവർക്കർക്ക് ഹിന്ദു ചരിത്രം ആണെന്ന് പറയാം. കലയും വാസ്തുവിദ്യയും ഹൈന്ദവം, തൊഴിലാളിയും യജമാനനും ഹൈന്ദവം, നികുതി കൊടുക്കുന്നതും പിരിക്കുന്നതും ഹൈന്ദവം ഇങ്ങനെ പോകുന്നു സവർക്കറുടെ വാദം.

അടുത്ത ഖണ്ഡത്തിൽ ഇതിൻ്റെ കൂടെ കൂട്ടിച്ചേർക്കുന്നത് അനുഷ്ഠാനങ്ങളും ഉത്സവങ്ങളുമാണ്. ഹോളിയ്ക്കും രക്ഷാബന്ധനും കേരളത്തിലന്യമാണ്. ഓണം പഞ്ചാബിനന്യമാണ്. സവർക്കർ തൻ്റെ ഭാഷാപ്രയോഗങ്ങൾ കൊണ്ട് അവയെ ബന്ധിപ്പിക്കുകയാണ് ” പൊതുനിയമങ്ങളും ആചാരങ്ങളും ” എന്ന തലക്കെട്ടിന് കീഴെ. ഹിന്ദുക്കൾ ഒരു സാംസ്കാരിക ഏകകം ആണെന്ന് സമർത്ഥിക്കാനാണ് ഈ ഖണ്ഡവും ശ്രമിക്കുന്നത്. മുഹമ്മദിനെ പതിനൊന്നാമത്തെ അവതാരമായി കരുതുന്ന ബോറകളേയും ഖോജമാരേയും വരെ ഹിന്ദുസംസ്കൃതിയുടെ താളുകൾക്കിടയിൽ എഴുതി ചേർക്കുന്നു സവർക്കർ.

ആരാണ് ഹിന്ദു ” എന്ന തലക്കെട്ടിൽ തുടങ്ങിയ ഇടത്തേയ്ക്ക് തന്നെ തിരിച്ചെത്തുകയാണ് സവർക്കർ . ” ഹിന്ദുത്വ ” യുടെ തുടക്കത്തിൽ തന്നെ ഹിന്ദുയിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സവർക്കർ പറയുന്നത് നാം കണ്ടിരിക്കുമല്ലോ. അതിൻ്റെ വിശദീകരണം കൂടിയാണ് ഈ ഖണ്ഡത്തിൽ സവർക്കർ നടത്തുന്നത്


 

Comments

comments