കെനിയയിലെ വമ്പൻ വനഭൂമികളെ അപേക്ഷിച്ച് അംബോസെലിയിലേത് അത്ര വലുതൊന്നുമല്ല. വെറും നാനൂറു ചതുരശ്രകിലൊമീറ്ററിനും താഴെ മാത്രം വിസ്തൃതി. കെനിയയിൽ ഏറ്റവും പേരുകേട്ട മാസയിമാര വനഭൂമിയാകട്ടെ ഇതിന്‍റെ നാലിരട്ടിയോളം വരും. അംബോസെലിയുടെ തൊട്ടുകിഴക്കുള്ള കിഴക്കൻ ത്സാവോയ്ക്ക് മുപ്പതിരട്ടിയാണ് വലിപ്പം. കിഴക്കൻ ത്സാവോയേക്കാൾ എത്രയോ വലുതാണ് പടിഞ്ഞാറൻ ത്സാവോ. അപ്പോൾ എന്തുകൊണ്ട് സഫാരിയ്ക്കായി അംബോസെലി തിരഞ്ഞെടുത്തു എന്നാരും സ്വാഭാവികമായും ചോദിച്ചുപോവും. അതിന് ഒരേയൊരുത്തരമേയുള്ളൂ. അതാണ് ഞാൻ കഴിഞ്ഞ അധ്യായത്തിൽ വിശദമായി പറഞ്ഞത്. കിലിമഞ്ചാരോയുടെ മാസ്മരികസാന്നിദ്ധ്യം!
ഒരു കാലത്ത് മൃഗങ്ങൾ മാത്രം വിഹരിച്ചിരുന്ന ഇടമായിരുന്നു അംബോസെലിയും കിലിമഞ്ചാരോയുടെ വടക്കൻ ചെരിവുകളും. നായാട്ടും തീറ്റതേടലുമായി മനുഷ്യരുടെ ഇങ്ങോട്ടുള്ള വരവ് തുടങ്ങിയിട്ട് ആയിരത്തിയഞ്ഞൂറു വർഷങ്ങളേ ആയിട്ടുള്ളൂ എന്നു കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. നരവംശശാസ്ത്രത്തെളിവുകൾ അതാണ് സൂചിപ്പിക്കുന്നതത്രെ. ചഗ്ഗ ഗോത്രക്കാരും കമ്പ ഗോത്രക്കാരുമാണ് ഇവിടേക്കാദ്യമായി എത്തിയ മനുഷ്യർ. ഒടുവിലായി വെറും മുന്നൂറോ നാനൂറോ വർഷങ്ങൾക്കു മുമ്പ് മാസയികളും. വടക്കുപടിഞ്ഞാറൻ കെനിയയിലെ തുർക്കാനോ തടാകത്തിന്‍റെ പരിസരത്തായിരുന്നു ഒരു ഗോത്രമായി അവർ രൂപപ്പെടുന്നത്. മാസയികൾ ഈ സമതലവനഭൂവിൽ എത്തിയതോടെ ചഗ്ഗകൾ കിലിമഞ്ചാരോയ്ക്ക് തെക്കോട്ടേയ്ക്കും, കമ്പകൾ കെനിയയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലേക്കും തീരദേശത്തേക്കും മാറിത്താമസിക്കാൻ തുടങ്ങി. അങ്ങനെ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകൾ കൊണ്ടാണ് മാസയികൾ ഈ വനപ്രദേശത്തിന്‍റെ ആധിപത്യം കൈക്കലാക്കിയത്.
വടക്കുനിന്നെത്തിയ മാസയികൾ ആദ്യം ശ്രദ്ധിച്ചത് ഇവിടത്തെ പൊടിക്കാറ്റായിരുന്നു. അങ്ങനെയൊന്നവർ മുമ്പു കണ്ടിട്ടില്ല. മാത്രവുമല്ല, കാറ്റിനും മണ്ണിനും ഒരുതരം ഉപ്പുരസമുള്ളതായും അവർക്കനുഭവപ്പെട്ടു. അതും അവർക്കാദ്യത്തെ അനുഭവമായിരുന്നു. ഈ പ്രത്യേകതകൾ ചേർത്തവർ ഈ വനഭൂമിയെ ഉപ്പുള്ള വരണ്ട പ്രദേശം എന്നു വിളിച്ചു. അല്ലെങ്കിൽ ഉപ്പുപൊടിക്കാറ്റിന്‍റെയിടം എന്നും പറയാം. മാസയികളുടെ ഭാഷയാണ് മാ. മാ ഭാഷയിൽ അത്തരമൊരു പ്രദേശത്തെ എമ്പുസെൽ എന്നാണ് പറയുക. അങ്ങനെ മാസയികൾ എമ്പുസെൽ എന്നു പറഞ്ഞു തുടങ്ങിയ സ്ഥലനാമമാണ് ബ്രിട്ടീഷുകാരുടെ വരവോടെ ഉച്ചാരണവികലീകരണം കൊണ്ട് അംബോസെലി ആയി മാറിയത്. ലേശം സംസ്കൃതീകരിച്ച് ലാവണോഷരഭൂമി എന്നും വിളിക്കാം. പക്ഷെ, എന്‍റെ കാഴ്ചയിൽ ഇതൊരു ലാവണ്യോഷ്മളഭൂമി മാത്രം.
കാടുകാണാൻ, പ്രത്യേകിച്ച് മൃഗങ്ങളെക്കാണാൻ ഏറ്റവും മികച്ച സമയം നേരം പുലർന്നുവരുന്ന നേരത്തും പിന്നെ സൂര്യാസ്തമയത്തിനുമുമ്പും ആണെന്നാണ് പൊതുവെ പറയുക. അംബോസെലിയിലെ കീബോ കാമ്പിൽ നിന്ന് രാവിലെ ആറരയ്ക്കിറങ്ങാനായിരുന്നു പരിപാടി. ലോകമെമ്പാടുമുള്ള വനയാത്രകളിലെല്ലാം അങ്ങനെത്തന്നെയാണ് പതിവ്. ആറരയ്ക്കു സഫാരികൾ തുടങ്ങണം. കിലിമഞ്ചാരോയുടെ ആകാശക്കാഴ്ച സമ്മാനിച്ച പുത്തനുണർവ്വ് എന്നെ സമയത്തിനു തന്നെ സാംസന്‍റെ വണ്ടിയിലെത്തിച്ചു.
കീബോ കാമ്പിൽ നിന്ന് അംബോസെലി പാർക്കിലേക്കു കടക്കാനുള്ള ഏറ്റവും അടുത്ത കവാടം കിമാനയാണ്. ഒന്നരക്കിലൊമീറ്ററിനു കഷ്ടി മേലെ വരും അവിടേയ്ക്കുള്ള ദൂരം. കൂടിവന്നാൽ ആറു മിനിറ്റ് വനപാതയിലൂടെ ഓടിച്ചാൽ മതി. അംബോസെലി വനഭൂമിയ്ക്കകത്തേക്ക് ഏറ്റവും തിരക്കുള്ള വഴിയും കിമാനയിലൂടെത്തന്നെ. അംബോസെലിയുടെ തെക്കുകിഴക്കെ മൂലയാണ് ഈ പ്രദേശം. കെനിയ വന്യജീവിസേവനകാര്യാലയം ഇതിനു തൊട്ടടുത്താണ്. മൊത്തത്തിൽ അഞ്ചു കവാടങ്ങളാണ് അംബോസെലിക്ക്. കിതിരൂവ, ഇരെമിത്തോ, മെഷനാന, നമങ്ക എന്നിങ്ങനെ വരും കവാടനാമങ്ങൾ. എല്ലാ കവാടങ്ങളും ആറുമണിക്കു തുറന്ന് ഏഴുമണിക്ക് അടയ്ക്കുന്നവ. യാതൊരു കാരണവശാലും മനുഷ്യർക്ക് രാത്രിയിൽ അകത്തോട്ടു പ്രവേശനവുമില്ല.
കിമാന കവാടം കടക്കുമ്പോൾത്തന്നെ ഒരു പൊടിക്കാറ്റ് ശക്തിയായി വീശിക്കൊണ്ടു ഞങ്ങളെ കടന്നുപോയി. കാറ്റിനു ഈർപ്പമോ കുളിർമ്മയോ ലവലേശമില്ല. അംബോസെലിയെന്ന നാമം ഇവിടെ അന്വർത്ഥമാവുന്നു. എങ്കിലും, ലാവണാംശത്തിന്‍റെ സാന്നിദ്ധ്യം കൂടി അറിയാനുണ്ട്. അതിനാൽ മൂക്കുകൾ വിടർത്തി നന്നായൊന്നു ഘ്രാണിച്ചും, നാക്കു നല്ലപോലെ നീട്ടിയൊന്നു ചുഴറ്റിയും ഞാൻ ആ പേരിലെ ഉപ്പുരസത്തെത്തേടി. ലാവണധൂളികളൊന്നും തടഞ്ഞില്ല വഴിയിലൊന്നും.
ആദ്യമായി കെനിയയിൽ വരുന്നവർക്കും ആദ്യമായി സഫാരി ചെയ്യുന്നവർക്കും പറ്റിയ വനഭൂമിയാണ് അംബോസെലി എന്നാണ് കേട്ടിട്ടുള്ളത്. അധികം വലിപ്പമില്ലാത്തതിനാൽ കുറച്ചുസമയം കൊണ്ട് കൂടുതൽ കാഴ്ചകൾ എന്ന ഗംഭീരപ്രലോഭനം ഈ സ്ഥലം മുന്നോട്ടുവെയ്ക്കുന്നു. ആഫ്രിക്കൻ വനാന്തരത്തിന്‍റെ തനതു പ്രകൃതിയായ സാവന്ന തന്നെയാണ് അംബോസെലിയിലേയും കാൻവാസുകൾ നിറയ്ക്കുന്നത്. സാവന്നയെന്നാൽ വിശാലമായ പുൽമേടുകളും ഒറ്റയ്ക്കും തെറ്റയ്ക്കുമായി കാണുന്ന മരങ്ങളും ചേർന്ന ഭൂപ്രകൃതി. അങ്ങു ദൂരെ ചക്രവാളം വരെ അതു നീണ്ടുകിടക്കുകയും ചെയ്യും. വിട്ടുവിട്ടുനില്ക്കുന്ന മരങ്ങളായതിനാൽ ഒരിക്കലും മരച്ചില്ലകളും ഇലകളും പരസ്പരാശ്ലേഷത്താൽ ആകാശത്തിനു കീഴെ വിതാനങ്ങൾ തീർക്കില്ല. നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള മഴക്കാടുകളിൽ നിന്ന് സാവന്നകൾ വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. ‘ഇതാണോ കാട്’ എന്നു നമുക്ക് ആദ്യകാഴ്ചയിൽ തോന്നുന്നതും അതുകൊണ്ടു തന്നെ. മാത്രമല്ല, എവിടെനിന്നു നോക്കിയാലും ആകാശവും ചക്രവാളവും സാഗരമധ്യത്തിലെന്നപോലെ കാഴ്ചയിൽ നിറയുകയും ചെയ്യും. പരന്നൊരു കാൻവാസിൽ ജലച്ചായത്തിൽ വരച്ചതെന്നോണമാണ് അംബോസെലിയുടെ വിശാലദൃശ്യം. ഏറ്റവും പുറകിൽ മങ്ങിയ നീലഛവിയാർന്ന മലകളും, സൂര്യന്‍റെ തലോടലേറ്റു തിളങ്ങുന്ന പുൽമേടുകളും, ആകാശത്തു ചിതറിക്കിടക്കുന്ന വെള്ളിമേഘങ്ങളും, വന്യജീവികളുടെ പുറത്തുതട്ടിത്തെറിക്കുന്ന പ്രകാശത്തുണ്ടുകളുമെല്ലാം ചേർന്നൊരു മനോഹരചിത്രം.
അംബോസെലിയുടെ സ്ഥായിയായ നിറം മഞ്ഞകലർന്ന തവിട്ടാണ്. ചിത്രകാരന്‍റെ ചായത്തട്ടിൽ മഞ്ഞനിറത്തിന്‍റെ വിവിധഛായകൾ തയ്യാറാകണമതിനെയൊന്നു പകർത്തിയെടുക്കാൻ. ചിത്രമായി മാറുമ്പോഴേക്കുമതിൽ പച്ചയുടേയും നീലയുടേയും നിഴലുകൾ കൂടി വീണുകിടക്കുന്നുണ്ടാവും. നേരം പുലർന്നുവരുന്നതേ ഉള്ളൂ എന്നതിനാൽ ഒരു ഇരുളിമയുണ്ട് നിറങ്ങൾക്ക്. പക്ഷെ, അല്പം കഴിഞ്ഞതോടെ സൂര്യപ്രകാശം ചാലിച്ചെടുത്ത തെളിച്ചം അതിനു പകർന്നുകിട്ടിത്തുടങ്ങി. അഭൂതപൂർവ്വമായ വർണ്ണാവിഷ്കാരത്തിന്‍റെയും ഭാവനാസമ്പന്നമായ ദൃശ്യപ്രകൃതികളുടേയും നേർപ്പകർപ്പുകൾ ജലച്ചായത്തിൽ വരച്ചിരുന്ന ഇംഗ്ലീഷ് ചിത്രകാരൻ വില്യം ടേണറുടെ കാൻവാസുകളാണ് മനസ്സിലേക്കന്നേരം ഓടിയെത്തുക.
ഞങ്ങളുടെ വണ്ടി കൂടുതൽ വനാന്തരത്തിലേക്കു നീങ്ങുകയായിരുന്നു. കാഴ്ചകൾക്ക് കൂടുതൽ പച്ചനിറം കലർന്നുതുടങ്ങി. പൊടിക്കാറ്റും കുറഞ്ഞു. അന്തരീക്ഷമാകട്ടെ ഒരു നനുത്ത തണുപ്പാർന്നും നിന്നു. വനപാതകൾക്കിരുവശത്തും പുൽമേടുകൾ പാതിയുണങ്ങിയാണ് നില്ക്കുന്നത്. കാഴ്ചയുടെ അങ്ങേയറ്റത്തോളം അതു നീണ്ടുപരന്നു കിടക്കുകയും ചെയ്യുന്നു. അംബോസെലിയുടെ നൈസർഗ്ഗികകാന്തിയ്ക്ക് പ്രധാനനിറം പകർന്നുകൊടുക്കുന്നതും ഈ തൃണവിശാലത തന്നെ. പക്ഷെ, ഇതു മാത്രമല്ല, അംബോസെലിയുടെ കാഴ്ചയെന്നാൽ. അവിടെ സാവന്ന മാത്രമല്ല. ചതുപ്പുകളുണ്ട്, ചേറുനിലങ്ങളുണ്ട്, നീർത്തടങ്ങളുണ്ട്, തടാകങ്ങളുണ്ട്, വൃക്ഷനിബിഡതയുമുണ്ട്. കെനിയയിലെ മറ്റു വനഭൂമികളെ അപേക്ഷിച്ച്, അംബോസെലിയെ വേറിട്ടു നിർത്തുന്നതും ഈ വൈവിധ്യമാണ്. ഒപ്പം തെക്കൻ ചക്രവാളത്തെ അത്യപൂർവ്വവും വശ്യമനോഹരവുമാക്കുന്ന കിലിമഞ്ചാരോയുമുണ്ട്. കിലിമഞ്ചാരോയ്ക്ക് അല്പം കിഴക്കായി മറ്റൊരു കൊച്ചുപർവ്വതം കൂടികാണാം. അതും ഒരു കുഞ്ഞൻ അഗ്നിപർവ്വതം തന്നെ. ച്യൂലു എന്നാണ് പേര്. ലാവയൊഴുക്കിലൂടെ സൃഷ്ടിക്കപ്പെട്ട ആഗ്നേയശിലകൾ വടക്കോട്ടു നീണ്ട് ത്സാവോ വനഭൂമി വരെ നീണ്ടുകിടക്കുന്നു. അംബോസെലിയുടെ വടക്കൻ അതിരുകളിലുമുണ്ട് ചെറുമലകൾ. ലൊസോയിത്തോ, ലെമിപോത്തി, ഇല്ങ്കാരുന്യോനി, ലെമോമോ എന്നിങ്ങനെ നാട്ടുഭാഷയിൽ അവയ്ക്കു പേരുകളും.
അംബോസെലിയുടെ പടിഞ്ഞാറായി ഇതേ പേരിൽത്തന്നെ ഒരു വലിയ തടാകമുണ്ട്. ആ തടാകപരിസരം ഈ ഭൂമിക്കു പകർന്നുകൊടുക്കുന്ന ഈർപ്പം ഈ വനവൈവിധ്യത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്നാണ്. തടാകങ്ങൾ ഭൂഗർഭജലത്തിന്‍റെ നിരപ്പിനെ ഉയർത്തിവെയ്ക്കുമെപ്പോഴും. മാത്രവുമല്ല, കിലിമഞ്ചാരോയടക്കമുള്ള തെക്കൻ മലകളിൽ നിന്നൊലിച്ചിറങ്ങുന്ന ഭൗമജലപാതകൾ അംബോസെലിയെ എപ്പോഴും അണിയിച്ചൊരുക്കുകയും ചെയ്യുന്നു. പക്ഷെ, ഇപ്പറഞ്ഞ കാരണങ്ങളെക്കാളേറെ വിസ്മയകരം ഈ വേറിട്ട പ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുള്ള ജന്തുവൈവിധ്യമാണ്. പ്രത്യേകിച്ച് സസ്തനികളുടെ എണ്ണവും തരങ്ങളും കൊണ്ട്. ആന, സിംഹം, പുള്ളിപ്പുലി, ചീറ്റ, ജിറാഫ്, കഴുതപ്പുലി, വിൽഡബീസ്റ്റ്, കുഡു, ഹിപ്പോ, സീബ്ര, കാണ്ടാമൃഗം, ബബൂൺ, കാട്ടുനായ്, കുറുക്കൻ എന്നിവയെ കൂടാതെ ടോപ്പി, ഡിക്ക്ഡിക്ക്, ഗസൽ, ഇംപാല, ജെരനൂക്, ഓരിബി എന്നീ മാനുകളുമെല്ലാം ഈ സസ്തനികളിൽപ്പെടുന്നു. അതിനേക്കാളൊക്കെ എന്‍റെ മനസ്സിൽ പ്രതീക്ഷക്കോട്ടകൾ തീർത്തത് പക്ഷികളായിരുന്നു. അംബോസെലിയിൽ മാത്രമായി അഞ്ഞൂറോളം പക്ഷിസ്പീഷീസുകൾ ഉണ്ടെന്ന അത്ഭുതകരമായ അറിവിനെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞല്ലോ. അവയിൽ ചിലതിനെയെങ്കിലും ജീവിതത്തിലാദ്യമായി കാണാനായേക്കാം എന്ന ചിന്ത കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്.
ആഫ്രിക്കയിലെ ഏതു വനപ്രദേശത്തിലും സഫാരിക്കിറങ്ങുന്നതിനുമുമ്പ് ആരുടെ മനസ്സിലും ഉണ്ടാവുന്ന ഒരു ചോദ്യമുണ്ട്. അത് വമ്പൻ അഞ്ചിനെ കാണാനാവുമോ എന്നതാണ്. കിമാനാ കവാടം കടക്കുമ്പോൾ എനിക്കും അച്ചോദ്യം സാംസനോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആഫ്രിക്കൻ ആന, സിംഹം, പുള്ളിപ്പുലി, കാട്ടുപോത്ത്, കാണ്ടാമൃഗം എന്നിവയെയാണ് പൊതുവെ വമ്പൻ അഞ്ചെന്നു വിളിക്കുക. എന്‍റെ ചോദ്യം കേട്ട് സാംസൻ പതുക്കെ ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
“അതെല്ലാം നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും. പ്രത്യേകിച്ചും പുള്ളിപ്പുലിയുടേയും കാണ്ടാമൃഗത്തിന്‍റെയും കാര്യത്തിൽ. പക്ഷെ, നിങ്ങളെ അതിൽ പരമാവധി എണ്ണത്തിനേയും കാണിക്കാൻ ഞാനെന്തായാലും ശ്രമിക്കും”. മിക്കവാറും സഫാരികളിലും എല്ലാ സാരഥികളും ഇതുപോലൊരു ഉത്തരം തന്നെയായിരിക്കും തരിക. പക്ഷെ, ഒന്നാലോചിച്ചാൽ എന്‍റെ ചോദ്യത്തിലെ മണ്ടത്തരം ആർക്കും ബോധ്യമാവും. പുള്ളിപ്പുലിയും കാണ്ടാമൃഗവും വളരെക്കുറവാണ് അംബോസെലിയിൽ. അതുകൊണ്ടുതന്നെ അവയെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തുക അത്ര എളുപ്പമല്ല. അതു സാധിക്കണമെങ്കിൽ ഭാഗ്യം ചെറുതൊന്നും പോരതാനും. എന്തായാലും അവ രണ്ടിനേയും ഞാൻ എന്‍റെ പ്രതീക്ഷാപ്പട്ടികയിൽനിന്ന് വെട്ടിമാറ്റി. പിന്നീട്, മാസയിമാരയിലെത്തുമ്പോൾ വീണ്ടും ചേർക്കാമെന്നുള്ള വിശ്വാസത്തിൽ. ആഫ്രിക്കൻ വനാന്തരങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ മനസ്സിലേക്കു കടന്നുവരാറുള്ള രണ്ട് വിചിത്രമാനുകളാണ് ജെരനൂക്കും ഒകാപ്പിയും. അവയെ കാണാനുള്ള സാധ്യതകളും കെനിയൻ സഫാരിയിൽ തീർത്തും വിരളമാണെന്നു സാംസൻ പറഞ്ഞതോടെ ആ ആഗ്രഹവും ഉപേക്ഷിച്ചു. വളരെ നീണ്ട കഴുത്തുള്ള മാനുകളാണ് ജെരനൂക് അഥവാ ജിറാഫ് ഗസെൽ. അവ വടക്കൻ കെനിയയിലുള്ള സമ്പൂരുവിലാണത്രെ കൂടുതലായും കാണാറ്. അംബോസെലിയിൽ ഇല്ലെന്നല്ല. പക്ഷെ, കണ്ടുകിട്ടാൻ ഒട്ടും എളുപ്പമല്ല. സീബ്രകളെപ്പോലുള്ള പിൻഭാഗമാണ് ഒകാപികളെ വേറിട്ടുനിർത്തുന്നത്. അവ കെനിയയിൽ അങ്ങേയറ്റം അപൂർവ്വം. കോംഗോയിലെ കാടുകളാണവരുടെ പ്രധാന ആവാസസ്ഥലം.
ഞങ്ങൾ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂസറിന്‍റെ മുകൾഭാഗം പൂർണ്ണമായും മേലോട്ടു പൊക്കി നീക്കാവുന്നതായിരുന്നു. സഫാരിസമയത്ത് പ്രത്യേകിച്ച് പ്രിയകാഴ്ചകൾ മുന്നിൽ വരുമ്പോൾ നമുക്കു എഴുന്നേറ്റുനിന്ന് പുറത്തേക്കു നോക്കാം. ഫോട്ടോകളെടുക്കാനും സ്വതന്ത്രമായി കാറ്റൊക്കെക്കൊണ്ട് കാടാസ്വദിക്കാനും ഇത് നല്ല സൗകര്യം തന്നെ. മഴ പെയ്യാതിരുന്നാൽ മാത്രം മതി. സഫാരികളിലുടനീളം അങ്ങനെ നിന്നായിരുന്നു ഞങ്ങൾ കാഴ്ചകൾ കണ്ടിരുന്നത്. സാമാന്യം വലിയതരം വാഹനവർഗ്ഗത്തിൽപ്പെട്ട ലാൻഡ്ക്രൂസറിൽ ആറുപേർക്കു സുഖമായി സഞ്ചരിക്കാം. 4×4 വീൽ ഡ്രൈവ് ഇവിടെയോടിക്കുന്ന വണ്ടികൾക്കു നിർബന്ധമാണ്. കാരണം പലപ്പോഴും വനപാതകൾ വിട്ടും സഞ്ചരിക്കേണ്ടിവരും. ദുർഘടപ്രദേശങ്ങൾ താണ്ടുമ്പോൾ ഈ പ്രത്യേക ഗിയർ സംവിധാനം ഇല്ലെങ്കിൽ കുടുങ്ങിപ്പോയതുതന്നെ. നിയമപരമായി കാടിനുള്ളിൽ വനപാതകൾ വിട്ടുള്ള സഞ്ചാരം പാടില്ല എന്നാണ്. എങ്കിലും സാരഥികളുടെ ആവേശത്തിൽ അങ്ങനെയൊക്കെ സംഭവിച്ചുപോയെന്നിരിക്കും. ഞങ്ങളുടെ സാംസൻ തന്നെ പലപ്പോഴും ഔദ്യോഗികവനപാതകൾ വിട്ടിറങ്ങിയിട്ടുണ്ട്. കൂടെയുള്ളവരെ കൂടുതൽ കാഴ്ചകൾ കാണിക്കുക എന്ന ഉദ്ദേശ്യം മാത്രമാണതിനു പിന്നിലെന്നതിനാൽ ഞങ്ങളും അതു നന്നായി ആസ്വദിച്ചു. അതിന്‍റെ ഭവിഷ്യത്തുക്കളെക്കുറിച്ച് അറിയാമായിരുന്നിട്ടും. വനഭൂവിൽ റോന്തുചുറ്റുന്ന സർക്കാർ വനപാലകരെങ്ങാനും കണ്ടാൽ ഉടനടി മുന്നൂറു ഡോളർ പിഴയീടാക്കുമത്രെ. അതെന്തായാലും യാത്രക്കാർ തന്നെ കൊടുക്കേണ്ടിവരുമെന്നതിനാൽ സാരഥികൾക്ക് വലിയ നഷ്ടമൊന്നുമില്ലെന്നു തോന്നുമെങ്കിലും പ്രശ്നങ്ങളൊരുപാടുണ്ട്. ഫോർവീൽ ഡ്രൈവ് ആയിരുന്നിട്ടുപോലും മൂന്നുതവണയാണ് ഞങ്ങളുടെ വണ്ടി വഴിയിൽ പെട്ടുപോയത്. സിംഹവും ചീറ്റയും പുള്ളിപ്പുലിയുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന ഇടങ്ങളിൽ അങ്ങനെ കുടുങ്ങിപ്പോയാലുള്ള അവസ്ഥ ആലോചിച്ചാൽ മതി. ഇപ്പോഴും അതോർക്കുമ്പോൾ മനസ്സിനൊരു കിടുക്കവുമുണ്ട്. ആ കഥകൾ വഴിയേ പറയാം.
അംബോസെലിയിലെ വനസഞ്ചാരം തുടങ്ങിയപ്പോൾ ആദ്യം ഞങ്ങളുടെ കണ്ണിൽപ്പെട്ടത് ഒരൊറ്റ ഫ്രെയിമിൽത്തന്നെ അനുഭവപ്പെടുന്ന വന്യമൃഗവൈവിധ്യമാണ്. ദൂരേയ്ക്കു പരന്നുകിടക്കുന്ന സാവന്നക്കാഴ്ചയ്ക്കിടയിൽ സീബ്രകൾ, വിൽഡബീസ്റ്റുകൾ, എന്നിവ ഇടകലർന്നു മേയുന്നതുകാണാം. അവയ്ക്കിടയിലൂടെ നടന്നുനീങ്ങുന്ന ഈജിപ്ഷ്യൻ വാത്തകൾ. ചിലതിടയ്ക്കു പറന്നുപൊങ്ങുന്നുമുണ്ട്. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിലെ വിശുദ്ധപറവകളായിരുന്നു ഇവ. ചെമ്പൻനിറത്തിന്‍റെ ബഹുവിധ ചേരുവകൾ, പിന്നെ അല്പം വെളുപ്പും കറുപ്പും ഒപ്പം ചുകന്നുരുണ്ട കണ്ണുകളും ചേർന്ന ഈജിപ്ഷ്യൻ വാത്തകൾ അംബോസെലിയിലെ ഒരു സാധാരണകാഴ്ചയാണ്. അത്തരത്തിൽ രണ്ടെണ്ണം, ഇണകളാണോ എന്തോ, ചിറകടിച്ച് ഞങ്ങൾക്കു കുറുകെ പറന്നുപോയി.
പുല്ലുമേയുന്ന മൃഗസഞ്ചയത്തിന്‍റെ കൂട്ടത്തിൽ ധാരാളം ഗസെലുകളേയും കാണാം. സുന്ദരമൃഗങ്ങളാണ് ഗസെലുകൾ. അവരുടെയൊരു സാമാന്യം വലിയൊരു പറ്റം ഞങ്ങളുടെ വണ്ടിയുടെ തൊട്ടടുത്തുകൂടി കടന്നുപോയി. ഗസെലുകൾ ചെറുമാനുകളാണ്. ഏഷ്യയിലും ആഫ്രിക്കയിലും ഇവയെ കാണാം. കെനിയയിൽ കാണുന്നവയെ തോംസൻ ഗസെലുകൾ എന്നാണു പൊതുവെ പറയുക. ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന ജോസഫ് തോംസന്‍റെ ഓർമ്മയ്ക്കാണത്രെ ആ പേര്. സാഹസികനായിരുന്നെങ്കിലും, നാട്ടുകാരുമായോ, വന്യജീവികളുമായോ ഒരിക്കലും സംഘർഷങ്ങൾ സൃഷ്ടിക്കാതെ സഞ്ചരിച്ചയാളെന്ന ഖ്യാതി അദ്ദേഹത്തിനുണ്ട്. സൂക്ഷിച്ചും പതുക്കെയും പോകുന്നയാൾ കൂടുതൽ ദൂരം താണ്ടുന്നു എന്നത് ജോസഫ് തോംസന്‍റെ മുദ്രാവാക്യമായിരുന്നു. അദ്ദേഹമായിരുന്നല്ലോ അംബോസെലിയുടെ വന്യമനോഹാരിതയെക്കുറിച്ച് ആദ്യമായി എഴുതിയത്. 1883-ലായിരുന്നു തോംസന്‍റെ ഇവിടേയ്ക്കുള്ള ആദ്യവരവ്. ഒറ്റനോട്ടത്തിൽ ഊഷരവും വിജനവുമായ തരിശുനിലമെന്നു തോന്നിപ്പിക്കുമെങ്കിലും അംബോസെലിയിലെ വന്യജീവികളുടെ ആധിക്യം തന്നെ അമ്പരപ്പിച്ചുവെന്നാണ് തോംസൻ അന്നെഴുതിയത്.
ആ തോംസന്‍റെ പേരിലറിയപ്പെടുന്ന ഗസെലുകൾക്ക് പൊതുവെ പിംഗലമാണ് നിറമെങ്കിലും അടിഭാഗവും വയറും നല്ലപോലെ വെളുത്തിട്ടാണ്. വെളുപ്പിൽ ചെമ്പൻ നിഴലുകൾ വീണുകലർന്നിട്ടുമുണ്ട്. ശരീരത്തിനിരുവശത്തുമുള്ള കറുത്ത വലിയ പട്ടകൾ നോക്കി അവയെ ദൂരെനിന്നേ തിരിച്ചറിയാം. രംഗത്തേക്കു ചുവടുവെയ്ക്കാൻ തയ്യാറായി നില്ക്കുന്ന നർത്തകിയുടേതെന്നോണം ഏറെ സുന്ദരമാണ് മുഖം. നീളത്തിൽ വാലിട്ടെഴുതിയ കണ്ണുകൾ. കണ്ണെഴുതിയത് നല്ല കട്ടിയിൽ മൂക്കിനടുത്തേക്കു നീളുകയും ചെയ്യുന്നുണ്ട്. വാലും കറുപ്പു തന്നെ. അതിലൊരു വെള്ളച്ചുട്ടി കാണാമെങ്കിലും. ഞങ്ങളുടെ വണ്ടിക്കു നേരെ മുന്നിൽ ഒരു ആൺഗസെൽ ഓടിമാറാൻ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് ഭയത്തിന്‍റെ നിഴലാട്ടം വേണമെങ്കിൽ വായിച്ചെടുക്കാം. എങ്കിലും അവൻ ഓടിയില്ല. ലാന്‍റ് ക്രൂസറെന്ന യന്ത്രമൃഗത്തേയും അതിനു മുകളിലെ കാമറക്കണ്ണുകളേയും തുറിച്ചുനോക്കിക്കൊണ്ട് അവൻ നിശ്ചലനായി. ആണുങ്ങൾക്കു മാത്രമേ നീണ്ട കൊമ്പുകളുള്ളൂ. കടഞ്ഞെടുത്തപോലത്തെ ആ ഇരട്ടക്കൊമ്പുകൾക്ക് പ്രത്യേകഭംഗിയാണെന്നു പറയാതെ വയ്യ. ദക്ഷിണാഫ്രിക്കയിലെ ക്രൂഗറിൽവെച്ചു ഞാൻ കണ്ട സ്പ്രിംഗ്ബോക്ക് എന്ന മാനുകളും ഈ ഗസെലുകളും ഒറ്റനോട്ടത്തിൽ ഒരുപോലിരിക്കും.
പലപ്പോഴും ഗസെലുകൾ തങ്ങളേക്കാൾ വലിയ പുല്ലുതീനികളായ സീബ്രകളേയും വിൽഡബീസ്റ്റുകളേയും പിന്തുടരുന്നതുകാണാം. അതിലൊരു കാര്യമുണ്ട്. ഗസെലുകൾക്കിഷ്ടം പൊതുവെ തീരെ പൊക്കമില്ലാത്ത പുല്ലുകളാണ്. സീബ്രയും വിൽഡബീസ്റ്റും മേഞ്ഞുതീർത്തയിടങ്ങളിലാകട്ടെ അത്തരം പുല്ലുകൾ യഥേഷ്ടം ബാക്കിയും. വരൾച്ച വന്നുമൂടിയാലും ഇത്തരം പുല്ലുകളാണ് അവസാനം ഉണങ്ങിത്തീരുന്നത്. ചില ഗസെലുകൾ ദീർഘകാലം വെള്ളം കുടിക്കാതെയും കഴിയുമത്രെ. അതിനാൽ വെള്ളത്തിന്‍റെ അഭാവത്തിൽ ഒടുവിൽ സ്ഥലം വിടുന്നതും ഇക്കൂട്ടരായിരിക്കും. സിംഹം, പുള്ളിപ്പുലി, ചീറ്റ, കഴുതപ്പുലി, മുതല, മലമ്പാമ്പ് തുടങ്ങി അസംഖ്യം അക്രമികളുടെ നടുവിലാണ് ഈ ഗസെലുകൾ ജീവിതം തേടുന്നത് എന്നോർക്കണം. കുഞ്ഞുങ്ങളെ തിന്നാൻ വരുന്ന പരുന്തുകളും ചെന്നായ്ക്കളും വേറെയും. അത്തരം അപകടസന്ദർഭങ്ങളിൽ ഗസെലുകളെ രക്ഷിക്കുന്നത് അവരുടെ പരിസരത്തെക്കുറിച്ചുള്ള അതീവശ്രദ്ധയും അസാമാന്യവേഗതയും മാത്രമാണ്. മണിക്കൂറിൽ എൺപതു കിലൊമീറ്റർ വേഗത്തിൽ പായുന്ന ഈ സുന്ദരമൃഗങ്ങളെ പിന്നിലാക്കാൻ ഒരു പക്ഷെ, ചീറ്റപ്പുലിക്കു മാത്രമേ സാധിക്കൂ. മാത്രവുമല്ല, നിന്നനില്പിൽനിന്ന് നാലടിയോളം ഉയരത്തിൽ ഉയർന്നുചാടി ശത്രുവിനെ ഞെട്ടിക്കാനും ഗസെലുകൾക്കു കഴിയും. ആ ചാട്ടത്തിനു മുന്നിൽ ശത്രു ഒന്നു പതറിനിന്നേക്കാവുന്ന രണ്ടേ രണ്ടു നിമിഷങ്ങൾ മതി മിന്നൽവേഗതയിൽ ഗസെലിനോടി മറയാൻ. കാഞ്ചിവലിച്ചു വെടിപൊട്ടാൻ തയ്യാറായി നില്ക്കുന്ന തോക്കെന്നോണമെന്നുള്ള കാലുകളും, ആൾപ്പെരുമാറ്റമില്ലാത്തിടത്ത് നീന്തിക്കൊണ്ടിരിക്കുന്ന പെൺകുട്ടി ഇലകളനങ്ങുന്നതുകേട്ടു തിരിഞ്ഞുനോക്കുംവിധം ശ്രദ്ധകൂർപ്പിച്ചുപിടിച്ച ശിരസ്സേന്തുന്ന കഴുത്തും എന്ന് മഹാകവി റില്ക്കെ ഗസെലുകളെ ഒരു കവിതയിൽ വർണ്ണിച്ചിട്ടുള്ളത് ഞാനോർത്തു. റില്ക്കെയുടെ ഭാവനയ്ക്ക് അക്ഷരംപ്രതി ചേരുന്നതാണ് ഏതുനിമിഷത്തിലും ഗസെൽ സൂക്ഷിക്കുന്ന കരുതൽ. അതേ സമയം പുസ്തകമടച്ചുവെച്ചശേഷം കണ്ണുകളൊന്നു ചിമ്മിയ ഒരാളുടെ മുഖത്തുവീണുകിടക്കുന്ന ലോലറോസാദലങ്ങളെന്നോണമുള്ള പ്രേമഗാനത്തോടും റില്ക്കെ ഗസെലിന്‍റെ കാഴ്ചയെ താരതമ്യം ചെയ്യുന്നുണ്ട്. ഇതിലും ഉദാത്തമായി എങ്ങനെ വിവരിക്കാം ഈ മനോഹരജീവിയെ.
സാംസൻ വണ്ടിയൊന്നു നിർത്തി. എഞ്ചിന്‍റെ മുരൾച്ച നിലയ്ക്കുമ്പോഴേ കാടിന്‍റെ ശബ്ദം കാതിൽ വന്നലയൂ. അപ്പോൾ മാത്രമേ വട്ടത്തിൽ ചുറ്റിവരുന്നൊരു പൊടിമണൽക്കാറ്റിന്‍റെയും, ദൂരെ മലഞ്ചെരിവുകളിൽ നിന്നു വീശിയെത്തുന്ന തണുത്ത മഴക്കാറ്റിന്‍റെയും താളാരവവും, അതിൽ ചാഞ്ചാടുന്ന പുൽക്കൂട്ടങ്ങളുടെ മർമ്മരവും ശ്രവണതന്തുക്കളെ ഉദ്ദീപിപ്പിക്കുകയുമുള്ളൂ. സീബ്രകളിൽ ചിലതൊന്നമറി. വിൽഡബീസ്റ്റുകൾ കൂട്ടത്തോടെയുടൻ തലയുമുയർത്തി. അപകടസൂചനയാണോ സീബ്ര തന്നത്. ഗസെലുകൾക്കു പക്ഷെ കൂസലൊന്നുമുണ്ടായിരുന്നില്ല. ആത്മവിശ്വാസത്തോടെ അവ പുല്ലുതീറ്റി തുടർന്നു. അതിനിടയിൽ പാറിപ്പറന്നെത്തിയ ഏതാനും വെള്ളക്കൊറ്റികളുടെ ചിറകടി ആ ശബ്ദചിത്രത്തിനു കൂടുതൽ മിഴിവേകുകയും ചെയ്തു. നിറക്കൂട്ടുകളും വന്യനിസ്വനങ്ങളും ഒന്നുചേർന്ന് മനസ്സിനെയിങ്ങനെ വേറൊരു തലത്തിലേക്കെത്തിക്കുന്നത് അനുഭവിച്ചറിയുകതന്നെ വേണം. അതൊരു ആവേശമായി മനസ്സിൽ അലയടിക്കുകയും ചെയ്യും. പിക്കാസോ പണ്ടു പറഞ്ഞിട്ടുണ്ട്. മനസ്സിലെ ആവേശങ്ങളെ ഉണർത്തിവിടുമ്പോലെ പ്രാധാന്യമുള്ള മറ്റൊന്നില്ല എന്ന്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഉപ്പുനിറഞ്ഞ വരണ്ട ഭൂമിയായല്ല നമുക്കിതനുഭവപ്പെടുക. മറിച്ച്, ഊഷ്മളവും ഉത്സാഹഭരിതവുമായ പ്രകൃതിമനോജ്ഞതയായതു പടരുകയാണ്. ആ രമണീയതയിൽ നമ്മളും ഇഴുകിച്ചേരുന്നപോലെയാണത്.
1887-ൽ കിലിമഞ്ചാരോയുടെ അടിവാരത്തിരുന്ന്, അംബോസെലിയെ വീക്ഷിച്ചുകൊണ്ട് ഹേണലിലെ സാമുവൽ തെലെക്കി പ്രഭുവെഴുതിയ ഒരു വിവരണമുണ്ട്. നൂറ്റിനാല്പതു വർഷം മുമ്പത്തെ ആ കാഴ്ചയുമായി ഞാനിക്കാണുന്നതിനെ ഒന്നു താരതമ്യപ്പെടുത്താൻ എനിക്കു തോന്നുന്നു. എന്‍റെ പ്രിയവായനക്കാർക്കുവേണ്ടി ഞാനത് ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം. “കറുത്ത പാറക്കൂട്ടങ്ങളും ചെറുമലനിരകളും കിഴക്കോട്ടു നീണ്ട് ച്യൂലുവിന്‍റെ ചെരിവിൽ ചെന്നു ചേരുകയാണ്. വളരെക്കുറച്ചേയുള്ളൂ പുല്ലുകൾ. ഉള്ളതുതന്നെ ശുഷ്കിച്ചതും വരണ്ടതും. ചതുപ്പിൻ പരിസരത്തെ ചെറുമുളങ്കൂട്ടങ്ങൾ പോലും ജീവനറ്റോ വന്യജീവികൾ ചവിട്ടിയരച്ചതോ ആയി നിലകൊള്ളുന്നു. ഇടയ്ക്കുണർന്നുനില്ക്കും കുറ്റിച്ചെടികളൊഴിച്ചാൽ ഇടയിലെ നിലമാകട്ടെ മണൽ നിറഞ്ഞതും ശൂന്യവുമായാണ് കാണപ്പെട്ടത്. മടുപ്പുളവാക്കുന്ന ഈ പ്രകൃതിയിൽ അത്ഭുതമെന്നു പറയട്ടെ, വിവിധതരത്തിലുള്ള അസംഖ്യം പക്ഷികളെ കാണാനായി. ഒപ്പം എണ്ണിയാലൊടുങ്ങാത്ത വന്യമൃഗജാലവും”.
അതായത് അന്നുമിവിടെ വൃക്ഷങ്ങൾ കുറവായിരുന്നു എന്ന്. ഈ പ്രകൃതിയാദ്യം നമുക്കു പകർന്നുതരുന്ന ഭാവത്തിനും വ്യത്യാസം വന്നിട്ടില്ല. തുടർന്നിവിടം ജന്തുവൈവിധ്യത്തിലൂടെ നമ്മെ അമ്പരപ്പിക്കുന്നതിലുമതെ. പക്ഷെ, ഭൂമിയുടെ നീണ്ട ചരിത്രം പരിശോധിച്ചാൽ ഒരു കാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല അംബോസെലിയിലെ മൂലപ്രകൃതി. ഒന്നരക്കോടി വർഷങ്ങൾക്കുമുമ്പ് ഇതിലൂടെ ഒരു മഹാനദിയൊഴുകിയിരുന്നു. വടക്കുകിഴക്കുനിന്നും ഒഴുകിയെത്തിയിരുന്ന ആ പുരാനിർഝരി തെക്കുകിഴക്കായി താൻസാനിയൻ തീരത്തെ ഇന്ത്യൻ സമുദ്രത്തിൽ ചെന്നുചേരുകയും ചെയ്തു. പിന്നെയായിരുന്നു കിലിമഞ്ചാരോയെന്ന അഗ്നിപർവ്വതത്തിന്‍റെ അവസാനത്തെ മഹാവിസ്ഫോടനം. അന്നുരുകിയൊലിച്ച ലാവയിലും ചെളിമണ്ണിലും ചാരക്കൂമ്പാരത്തിലും ആ ജലപ്രവാഹം വഴിമുറിഞ്ഞുപോയി. അംബോസെലിയെ മാറ്റിമറിച്ച നദീസ്തംഭനം. പിന്നീടത് ഒഴുകിയിട്ടേയില്ല. മറിച്ച് ആ പ്രാചീനനദി ഒരു തടാകമായി മാറുകയായിരുന്നു. ഒഴുക്കും ഉറവയുമില്ലാത്ത വനപുഷ്കരം. പതിനായിരം വർഷങ്ങൾക്കുമുമ്പു വരെ ആ മഹാതടാകമിവിടെ നിലനിന്നു. ഹിമയുഗാവസാനം മുതൽ, പതിയെ ഭൂമി ചൂടുപിടിച്ചു തുടങ്ങിയതോടെ അതു വറ്റിവരണ്ടു തുടങ്ങി. അങ്ങനെ പത്തു സഹസ്രാബ്ധങ്ങളായി തുടരുന്ന നിരന്തരമായ ബാഷ്പീകരണത്തിന്‍റെ ബാക്കിയാണ് ഇന്നിവിടെക്കാണുന്ന അംബോസെലിത്തടാകവും ചുറ്റുമുള്ള ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും. മരുഭൂമിക്കു സമാനമാം വിധം വെറും പന്ത്രണ്ടിഞ്ച് മഴ മാത്രം ലഭിക്കുന്ന ഈ ഊഷരഭൂമിയിലെ ജന്തുവൈവിധ്യം ഇന്നും നമ്മെ അമ്പരപ്പിക്കുന്നതിന്‍റെ രഹസ്യവും ഇപ്പോഴും ബാക്കിനില്ക്കുന്ന ഈ പയോശേഖരത്തിന്‍റെ സാന്നിധ്യം തന്നെ. ജ്വാലാമുഖിയാൽ ബന്ധനത്തിലാണ്ടു നിശ്ചലമായിപ്പോയെങ്കിലും, സ്വയം ആവിയായിത്തീർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും ആ പുരാതനപ്രവാഹം ഇന്നുമിവിടെ ചിതറിപ്പിരിഞ്ഞ തണ്ണീർത്തുണ്ടുകളുടെ രൂപത്തിൽ അംബോസെലിയുടെ ജീവന്‍റെ ജീവനായി നിലകൊള്ളുന്നു.
(തുടരും)
-ഡോ. ഹരികൃഷ്ണൻ
***
Be the first to write a comment.