“വേനലിൽ രാത്രി പുഴ നടുക്ക്
കൂട്ടമായോരിയിടുന്നു നായ്ക്കൾ
പേടിക്കിനാവൊന്നുറക്കത്തിൽ
ദേശം മുഴുവൻ നടക്കുന്നു.”
ആറ്റൂരിന്റെ രാമായണം കവിത കാൽ നൂറ്റാണ്ടിനിപ്പുറമിരുന്ന് വീണ്ടും കേൾക്കുകയാണ്. 2023 ജൂലൈ 30, ആറ്റൂർ അനുസ്മരണ വേദിയിൽ അതു് ചൊല്ലേണ്ടുംവിധം നീട്ടി, കുറുകി, മുറിച്ചു, മൂളി പത്രാധിപർ കെ.സി. നാരായണൻ ചൊല്ലുകയാണ്. ആറ്റൂർക്കവിതകളുടെ എക്കാലത്തെയും മികച്ച വായനക്കാരൻ. കെ.സി. അന്ന് വേറൊന്നും പറയാതെ രാമായണം വായിച്ചതേയുള്ളൂ. തൊണ്ണൂറുകളുടെ അവസാനം ആറ്റൂരിന്റെ രാമായണം വായിക്കുമ്പോൾ മിഴിച്ചും മിണ്ടാതെയും ഇരുന്നത് അതിന്റെ അസാധാരണമായ കാവ്യഭംഗികളിൽ, ശില്പഘടനയുടെ ആ അനന്യതയിൽ, ഒരു വാദ്യോപകരണം കൈകാര്യം ചെയ്യുമ്പോഴെന്നതു പോലെ വാക്കുകൾ വലിച്ചു മുറുക്കാൻ ആറ്റൂർ കാണിക്കുന്ന ശ്രദ്ധയിൽ ഒക്കെ ഉള്ളുടക്കിയിട്ടാണ്. കാൽ നൂറ്റാണ്ടിനിപ്പുറം, ജീവിതം തണുത്തു കെട്ടു പോയ പേടിക്കാലത്ത് അത് വീണ്ടും കേട്ടപ്പോൾ, അത്യധിക സ്ഫോടന ശേഷിയുള്ള ആയുധവീര്യം ഉള്ളിലൊളിപ്പിച്ചതു പോലെ ആ വാക്കുകൾക്കുള്ളിൽ പൊട്ടാറായ ഒരു മുഴക്കം ഇരുന്ന് തിടുക്കം കൂട്ടുന്നു എന്ന തോന്നലിൽ അനക്കമറ്റിരുന്നു പോയി. കാലത്തിന് ഏറ്റിക്കൊണ്ടു നടക്കാൻ ഇങ്ങനെ എത്രയോ മുഴക്കങ്ങളെ പേറുന്നവയാണ് ആറ്റൂരിന്റെ കവിതകൾ. വളരെ സാവധാനം നിന്നും നീങ്ങിയുമുള്ള ആറ്റൂരിന്റെ നടത്തത്തിൽ എത്തലുകൾ പക്ഷേ, കുറച്ചു നേരത്തേയാണ്. വെയിലും മഞ്ഞുതുള്ളികളും ചാറ്റലുമെന്ന പോലെ ശോകവും ഭയവും, ചിലപ്പോൾ സന്തോഷവും നനച്ചിരുന്ന ഊരിനെയാകെ ഇപ്പോൾ പണ്ടില്ലാത്ത വിധം ചോര നനക്കുന്നു എന്ന് നാടിന്റെ അകാലാവസ്ഥകളെ ആറ്റൂർ പിന്നീടും എഴുതിയിട്ടുണ്ട്. (അകാലാവസ്ഥ ). ഒരേ കടലിന്റെ ഇങ്ങേക്കരയിലിരുന്ന്, മറുകരയിലെ ചങ്ങാതി റോഡിൽ പെട്ടെന്ന് ഒരു കുടന്ന ചോരയായി മാറുന്നതും ആ ചോര ഒരു കൈപ്പത്തിയായി തന്റെ നേരെ നീളുന്നതും ആ ഭയാശങ്കകളിൽ ആധി കൊണ്ടു നില്ക്കുന്നതും നേരത്തേ ‘മറുവിളി‘ യിലും ആറ്റൂർ എഴുതിയിട്ടുണ്ട്. ആ ആധികൾ ഇപ്പോൾ പലതരത്തിൽ പെരുകി. ഊരിൽ ഇടമില്ലാതാകുമോ എന്ന രേഖകളില്ലാത്തവന്റെ ആധികൾ, നേരുകൾ വാക്കിൽ നിന്നറങ്ങിപ്പോയതിന്റെ ആശങ്കകൾ, പിടുത്തം തരാത്ത മഹാമാരി ജീവിതം വിലക്കി നിന്നതിന്റെ അനിശ്ചിതത്വങ്ങൾ, ആവിഷ്കാരത്തിൻ മേൽ വന്ന വിലക്കുകൾ – പേടിക്കിനാവുകൾ ഊരു മുഴുവൻ നടക്കുന്നു. ഉറങ്ങുമ്പോൾ മാത്രമല്ല, ഉണർന്നിരിക്കുമ്പോഴും.

രാമായണ ” ത്തിന്റെ അവസാനത്തിൽ എങ്ങോ പോകുന്ന ആ തീവണ്ടി ആറ്റൂരിന്റെ മറ്റു കവിതകളിലില്ല. ചിറവെള്ളവും കന്നും കരിഞ്ഞും കുരിപ്പു വന്നും പട്ടുപോകട്ടെയെന്ന് ശപിച്ച്, ഒരു ദേശത്തിന്റെ വയലും വിളയും കരിയിച്ച് കലിയടക്കുന്ന ആ പെണ്ണും മറ്റു കവിതകളിലില്ല. അവൾ സ്വയം പ്രതിക്രിയാസന്നദ്ധയാണ്. വിളനിലങ്ങളെ ഉണക്കുന്ന സൂര്യനിലേക്ക് അവളുടെ ശാപത്തെ അവളായിട്ടു തന്നെ ചേർത്തു വെയ്ക്കുകയാണ്. ഉച്ചാടനമല്ല, ക്രൗര്യവും വീര്യവും ഊരിലിറങ്ങുന്ന നരഭോജിക്കടുവയിൽ നിന്ന് അവൾ ആവാഹിച്ചെടുക്കുകയാണ്.

“കണ്ടതും കേട്ടതും കയ്ക്കുന്ന
ദേശം കടക്കുക തന്നെ നല്ലൂ
വളർന്നാൽ ചിരി പോകും നാട്ടീന്ന്
കരഞ്ഞിരുന്നീടാതെ പോക നല്ലൂ”

എന്ന് നേരായതെല്ലാം ചുരുണ്ടു പോയ, ദൈവങ്ങളെല്ലാം മറഞ്ഞുപോയ, പച്ചയായതെല്ലാം ഉണങ്ങിപ്പോയ, ഒറ്റയ്ക്കൊരു പെണ്ണിനു പാർക്കാൻ പറ്റാതായ നാട്ടിൽ അവളൊരു തീവണ്ടിക്കൂക്കിന് കാതോർത്തു നില്ക്കുന്നു. പാളത്തിന്മേൽ അല്ലെങ്കിൽ എങ്ങോട്ടോ പോകുന്ന തീവണ്ടിയുടെ ഏതെങ്കിലും മൂലയിൽ തലവെയ്ക്കാം. വിഭജനകാലത്തെ അഭയാർത്ഥിപ്രവാഹത്തിൽ, മഹാമാരിക്കാലത്തെ നാട്ടിലേക്കു മടങ്ങലിൽ, പിതൃഭൂമിയിൽ നിന്നുള്ള പറിച്ചെറിയലിൽ നമ്മളീ തീവണ്ടിക്കൂക്ക് കേട്ടിട്ടുണ്ട്. ജീവനെ വാരിപ്പിടിച്ച് അട്ടിയിട്ടു വെച്ച വണ്ടികൾ.

വേലുമ്മാൻ മാളുവിനെ സമ്മന്തം ചെയ്തുണ്ടായ സന്തതിപരമ്പരയിൽ ബാക്കിയായ ഒരേ ഒരുത്തിയാണവൾ. അച്ചടി പരക്കും മുമ്പ്, രമണൻ മരിക്കും മുമ്പ്, കറുത്തമ്മ ജനിക്കും മുമ്പ് പവിഴവായകളെല്ലാം പൂങ്കാതുകളോട് പറഞ്ഞ് പറഞ്ഞ് പരന്നതാണ് ആ സംബന്ധകഥ.
കാക്കക്കുറത്തി, കരിങ്കുറത്തിയായ മാളുവും കരിമ്പനക്കുറ്റിപോലുള്ള വേലുമ്മാനും അയൽക്കാർ. .ഒരുമിച്ച് കളിച്ചു വളർന്നവർ. ഒരേ തടുക്കിലിരുന്ന് പഠിച്ചവർ. എഴുതാനും ചൊല്ലാനും മാളു മിടുക്കത്തി. വേലുവിന് കൂട്ടിവായിക്കാൻ പോലുമായില്ലയ. ഇരുണ്ടും തെളിഞ്ഞും കാലം പോയി. മാളു കോലായത്തിണ്ണയിൽ തൂണും ചാരിയിരുന്ന് രാമായണം വായിക്കും. തൊഴുത്തിൽ കന്നിന് കാടി കലക്കുന്ന വേലു അത് കേൾക്കും. മരത്തിൽ മറഞ്ഞിരുന്ന് ഒരു കുയിൽ മധുരമായി വിളിക്കുന്നതു പോലെ . .

” തുള്ളുന്നു സീതയും മാളുവും വേലുവും
രാമൻ വില്ലുമുറിക്കുമ്പോൾ
ഏഴു മരവും മലയും പാരും
ഊരുന്ന കൂരമ്പിനേക്കാളും
മൂർച്ചയൊളിയമ്പിനാണെന്നോ
ഇരുപത്തിയെട്ടോളം ഗോപുരങ്ങൾ
ചുറ്റുമതിലും കിടങ്ങാഴവും പത്തു തലയുമിരട്ടി കൈയും
വളയാൻ കുരങ്ങപ്പടയെന്നോ”
വായനയിൽ വളരുന്ന സന്ദേഹങ്ങൾ. സ്നേഹത്തിലൂന്നുമ്പോൾ അവയ്ക്കു കിട്ടുന്ന നിവൃത്തികൾ . വേലു വായന കേട്ട് മരച്ചോട്ടിലിരിപ്പായി. മാളുവിന് മുഖം തുടുത്തു; ചൊടി വിറച്ചു. ഓല കൂട്ടിവായിക്കാറാക്കണം എന്ന് വേലു മാളുവിനോട്. മാനം വീണ്ടും വെളുത്തു, ഓണപ്പൂക്കൾ വിരിഞ്ഞു. രാമായണം കഥ തീർന്നു. മാളുവിന് നാളു തെറ്റി. എങ്കിലും കാട്ടിലെറിയപ്പെട്ടില്ല. പിന്നെയവർക്ക് പന്ത്രണ്ടു മക്കളുണ്ടായി. മക്കൾക്ക് മക്കളുണ്ടായി. പകലേ പരുന്തു പിടിച്ചിട്ടും രാത്രിയിൽ കുറുക്കൻ കടിച്ചിട്ടും അങ്ങാടിയിൽ അങ്കത്തിൽ പെട്ടിട്ടും ഓടുന്ന ചക്രം കയറീട്ടും ഒടുവിൽ ഒരുത്തി മാത്രം ബാക്കിയായി.
ആ ഒരുത്തിയാണ് ഇപ്പോൾ എങ്ങോട്ടിന്നില്ലാത്ത പുറപ്പാടിന് തയ്യാറായി നില്ക്കുന്നത്. അവൾ ഒരു കവിയുടെ ഉള്ളിൽ കിടന്ന് അളിഞ്ഞു നാറുന്ന ശവമല്ല (സംക്രമണം). അവൾക്കു പുറത്ത് ലോകമാണ് അളിഞ്ഞു നാറുന്നത്.

രാമായണത്തിനു ശേഷമാണ് ആറ്റൂരിന്റെ കവിതയിലെ തിരിച്ചുനടത്തങ്ങൾ തുടങ്ങുന്നത്.

“ചൊല്ലുവാൻ വയ്യ ചങ്ങാതി
പൊള്ളുന്നുവോ കാലുകൾ?
മതിലോരനിഴലിൽ നടക്കുക,
നമുക്കിപ്പുഴ തുടങ്ങുന്നേടത്തു
പോവുക, കാലും മുഖവും
കഴുകി കുറച്ചിരുന്നീടുക ” എന്ന് വഴി കാട്ടിയിലും
” കൊതികളും സുഖങ്ങളും കിനാവുകളും
അടക്കിയ പെരും ചന്തകളുടെ
നീളനിടനാഴികൾ കണ്ണടയ്ക്കുമ്പോൾ
കടൽ കണ്ടു പുറപ്പെട്ടേടത്തേക്ക്
ഒഴുക്കിനെതിര
തിരിഞ്ഞു പോരുന്ന
സാൽമൺ മത്സ്യം ഞാൻ ”

എന്ന് അശാന്തസമുദ്രതീരത്തിലും ഹതാശമായ ഈ പിൻമാറ്റങ്ങളുണ്ട്. എന്നാൽ അങ്ങനെ ഒരു പുഴയോ നീരൊഴുക്കോ ഇപ്പോഴവിടെയില്ല. പുഴ തുടങ്ങുന്നേടത്ത് ഉറവകളില്ല. അടിയൊഴുക്കുകളും വറ്റി പെട്ടെന്നു വയസ്സായതു പോലെയാണ് പുഴയുടെ ചെരിഞ്ഞു കിടപ്പ്. ചിന്നൻ വലിക്കും പോലെ ഒഴുക്കു മുറിയുന്നു. പുഴവക്കിൽ പടർന്ന പുല്ലും ചെറൂളയും പ്രേതങ്ങളും. (ആറ്റുവെലി)

നാട്ടിൽ കെട്ടിക്കിടക്കുന്നവന്റെ കവിഞ്ഞൊഴുകലായി യാത്രയും പുറപ്പാടും നാടുവിട്ടു പോക്കുമൊക്കെ ആറ്റൂരിന്റെ പ്രിയവിഷയങ്ങളായി എന്നുമുണ്ട്. പഠിക്കാനും പണിക്കുമായി നാടുവിടുന്നവർ. ആണ്ടോടാണ്ടു പുതുക്കപ്പെട്ടില്ല എന്ന സങ്കടത്തെ കുടഞ്ഞുകളയൽ. 1980 കളുടെ അവസാനങ്ങളിൽ തുടങ്ങി ആറ്റൂർ എഴുതുന്ന പ്രവാസം വിഷയമാകുന്ന കവിതകൾ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതത്തിലുണ്ടായ അധിനിവേശങ്ങളെയും സമരസപ്പെടലുകളെയും കീഴടങ്ങലുകളേയും ക്രമികമായി രേഖപ്പെടുത്തുന്നുണ്ട്. മാവും പുളിയും പറമ്പും നിലാവും ഇരുട്ടും വിട്ട് നഗരങ്ങളിലേക്കുള്ള യാത്രകൾ, പകലന്തിയോളമുള്ള അധ്വാനം, നാട്ടിടവഴികളിൽ നിന്ന്, വയൽ വരമ്പിൽ നിന്ന് ഉള്ളംകാലിൽ പറ്റിപ്പിടിച്ച മണൽത്തരികളിൽ നിന്ന് നാടിനെ നിവർത്തിയെടുക്കൽ. പോകപ്പോകെ, കിനാവിന്നുറവകൾ വറ്റുന്നു. ജീവിതം യാന്ത്രികതയോട് സന്ധിചെയ്യുന്നു. ആ ചെന്നുപെടലിന്റെയും ഉൾപ്പെട്ടുപോകലിന്റെയും നേർചരിത്രം ആറ്റൂരിന്റെ കവിതകളിൽ രേഖപ്പെട്ടു കിടക്കുന്നു.

“ഇന്നു പഴയ കുതിരകൾ മാറ്റുക
ഇന്നു പുതിയ പാളങ്ങൾ വിരിക്കുക.
ദൂരവും കാലവും ദിക്കുമക്ഷാംശവും
രേഖയും നന്നായ് നിരൂപിക്കുക. ബാലകന്മാരേ നടക്കേണ്ടത് മണലാരണ്യകാണ്ഡത്തിലല്ലയോ?
നേർവരയായി വലിഞ്ഞു മുറുകിയ
ഞാണിഴ കാതിൽ ശ്രുതി ചേർത്തു കൊള്ളുക.
നേരേ നടന്നവരെന്നറിഞ്ഞീടുക
നേരത്തേയെത്തിയോരെല്ലാം”
ഭൂഗോളത്തിന്റെ ഏതു കാണാപ്പുറത്തും സ്വന്തം ഊരും ഇടവും ഉറപ്പിച്ചു നിർത്തൽ. നെഞ്ചിൽ മുഴങ്ങുന്ന ചൊല്ലുകളെ വിരലിനറ്റം കൊണ്ട് രേഖപ്പെടുത്തേണ്ട ആ വരുംകാല സാങ്കേതികവിദ്യ പോലും ആറ്റൂർ അന്നേ പുതുതലമുറയ്ക്ക് ചൊല്ലിക്കൊടുത്തു. ചെന്ന നാട്ടിൽ സ്വന്തം നാടിനെയും ഭാഷയെയും വീണ്ടെടുക്കാൻ വരുംകാലം ഈ തിരമൊഴിയെ കൊണ്ടുവരും എന്ന് അന്നേ ആറ്റൂർ കണ്ടു.

“പുലരിക്കുളിരൊടുങ്ങും മുന്നെ,
കടവിലെ വെള്ളം കെടും മുന്നെ,
കാവിലെ വേല പിരിയും മുന്നെ, നിങ്ങൾ മടങ്ങി വരികയില്ലേ ?”

എന്ന് പിൻവിളികളുമുണ്ട്. (മടക്കം).

നാട്ടിൽ തിരിച്ചത്തുന്ന പ്രവാസിയുടെ ദൂരങ്ങൾ പിന്നെ പരപ്പുകൾ കൊണ്ടല്ല ആഴങ്ങൾ കൊണ്ടാവും അടയാളപ്പെടുക. വിട്ടുപോന്ന നാടല്ല തിരിച്ചു ചെല്ലുമ്പോൾ. സസ്യമൃഗാദിജന്മങ്ങളൊന്നും അയാളെ തിരിച്ചറിയുന്നില്ല. മൊട്ടച്ച കുന്നും വരണ്ട തോടും പകച്ച നക്ഷത്രവും അയാൾക്ക് അപരിചിതം. ഊരിനും ഊരാർക്കും ഭാഷയ്ക്കു തന്നെയും താൻ അന്യനാണോ എന്ന് അയാൾക്ക് തന്നെയുണ്ട് ഒരു അകന്നു നില്പ്. (പാണ്ടി)

നാട്ടു തനിമകളും ജൈവസമ്പത്തും സാംസ്കാരിക മുദ്രകളും മറഞ്ഞുപോയ സ്വന്തം നാടുവിട്ട് ആഗോള സ്വപ്നങ്ങളിലേക്കുയർന്നു പൊങ്ങുന്ന ഇന്ത്യക്കാരന്റെ നിലയറ്റ നില്പാണ് നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരനിലെ സുന്ദരമൂർത്തിയുടെ നിൽപ്പ്.
” താനിങ്ങു ദേശകാലങ്ങളറ്റവൻ
. പുറത്തു നില്ക്കുന്നവൻ,
സദസ്സിന്നു കോമാളിയായവൻ
. കടൽകൊണ്ടമരംപോലെ
: കരയറ്റവൻ.”
പശിയോ വറുതിയോ കഥകളിലല്ലാതെ കണ്ടിട്ടില്ലാത്ത ലോകക്കലവറയുടെ പ്രലോഭനത്തിൽ വീണു പോയതാണ്. നടരാജന്റെ ഊർദ്ധ്വനിലയിൽ, കാഴ്ചപ്പണ്ടമായി പ്രഭാമണ്ഡലം വെച്ചുള്ള നില്പ്. സന്ദർശകർ, സൗന്ദര്യചർച്ച, പടം പിടുത്തം, വരകളിൽ പകർത്തൽ – ഒന്നു പകച്ചെന്നാലും സുഖിച്ചു പോയി, നടരാജൻ. കാലം പോകേ ആ നിന്ന നില, ആവർത്തനങ്ങൾ വിരസമായി. കാവേരിത്തീരത്തെ മധുരമൊഴികൾ, നന്ദികേശന്റെ അമറൽ, ഗണപതിയുടെ ചിന്നംവിളി എല്ലാം തിരികെ വിളിക്കുന്നതുപോലെ. പക്ഷേ, തനിക്ക് രക്ഷപ്പെടലോ മടക്കമോ ഇല്ല. മരണവുമില്ല. ചുറ്റും സന്ദർശകർ, ചിരി, കളി, മയക്കുവിദ്യകൾ, ഗ്രന്ഥങ്ങൾ, തന്ത്രങ്ങൾ, സിദ്ധാന്തങ്ങൾ, പടക്കോപ്പുകൾ പയറ്റുകൾ. മൃത്യുഞ്ജയനാകയാൽ കഴുത്തിലെ വിഷവും ഫലിക്കില്ല. ഇറക്കിവെക്കാൻ കഴിയാത്ത സങ്കടങ്ങൾ കടുന്തുടിയിൽ ഇടിവെട്ടാക്കി മുഴക്കുകയാണയാൾ. ഭൂഗോളത്തിനപ്പുറമിരുന്ന് എല്ലാറ്റിനോടും സന്ധിചെയ്യുന്നു, എല്ലാറ്റിനും വഴങ്ങുന്നു. എല്ലാം ശീലമാകുന്നു.

“മാർഗ്ഗംകൂടിയവനിൽ പഴയ ദൈവങ്ങൾ പോലെ
അണിഞ്ഞ കൊമ്പനിൽ അരണ്ട കാടു പോലെ
ആത്മഹത്യ ചെയ്തവൻ വിട്ടുപോയ ശബ്ദങ്ങൾ പോലെ
ചില നേരങ്ങളിൽ ചില വേലിയേറ്റങ്ങൾ” (അശാന്തസമുദ്രക്കരയിൽ)
എവിടെയുമല്ലാത്തവനായും തെണ്ടിയായും ഉള്ള ശിവന്റെ തുടർച്ചകൾ ആറ്റൂർ കവിതകളിൽ കാണാം. താൻ തന്നെ തന്റെയുള്ളിൽ പണിത, എത്തലിനും തിരിച്ചു നടപ്പിനുമുള്ള മാർഗ്ഗങ്ങൾ.

കോവിലിനുള്ളിലെ കരിങ്കൽ തണുപ്പിൽ ആയിരത്താണ്ടുകളായി തന്റെ ഒരേ നില്പ്. കോവിലിനു പുറത്ത് ചൂടും പൊടിയും തിരക്കും. അകത്തെ കരിങ്കൽ നിലത്തിനും തട്ടിനും കട്ടിളക്കും തണുപ്പിനും മൗനത്തിനും ശിവലിംഗത്തിനും ആയിരത്താണ്ട് പ്രായം. തന്റെ ഈ നെടുംനില്പിൽ പുറത്ത് അയാൾ കാണുന്നത് തൊട്ടിലുകളിൽ നിന്ന് ചുടലയിലെത്തുന്നതുവരെ മാത്രം ദൈർഘ്യമുള്ള ആയുസ്സുകളെയാണ്. തന്റെ അന്യവും അപരിചിതവുമായ ജന്മം അയാൾക്ക് അസഹ്യമാകുന്നു. നെടുനില വിട്ട് അങ്ങാടിയിലെ ചൂടിലേക്കും പൊടിയിലേക്കും തിരക്കിലേക്കും ചേരുന്നു.
“താൻ കോണി
താൻ പാലം
ഗോപുരം
തുരങ്കപ്പാത
തോണി
തന്നിൽ കടന്നു കൊണ്ടേയിരിക്കുന്നു
അക്കരെയിക്കരെ”
(എവിടെയുമല്ലാത്തവൻ)
തന്നെത്തന്നെ കടന്നു തീരാത്ത മോക്ഷമില്ലാശിവൻ. തെണ്ടിയായ ശിവൻ സകല മാർദ്ദവങ്ങളേയും മധു രങ്ങളെയും പ്രണയത്തെയും ഉപേക്ഷിച്ചവനാണ്. പാരുഷ്യങ്ങളും മരണവും കയ്പും പഥ്യമായവൻ. പാതിരാ കൂമനായി മൂളുന്നവൻ. വിഷo പാനീയം, തോട് പാത്രം, തോല് ഉട, തലയ്ക്ക് ഓളം, ചുടലയിൽ ചോട് വെപ്പ്, നോട്ടത്തിൽ തീ. അവൻ സുന്ദരനായിരുന്നു. (തെണ്ടി). ഊരിനെ ശപിച്ച് നാടുവിട്ടോടുന്ന രാമായണത്തിലെ അവശേഷിച്ച ആ സന്തതിയുടെ അശരണത്വവും അതിജീവനവും കണ്ണിലെ തീയും ഇതിൽ ഏതെങ്കിലും ഒരു ശിവനിൽ നിന്ന് പങ്കിട്ടതാവാം.

അന്യാദൃശമായ കൊത്തു മികവ് തന്നെയാണ് ആറ്റൂരിന്റെ കവിത. സമുദ്ധമായുള്ള ഉരുപ്പടികളിൽ നിന്ന് അത്യാവശ്യത്തിനു മാത്രമെടുത്ത് സൂക്ഷ്മതയോടെ ചെയ്തത്. അതിന്റെ ക്ലാസ്സിക് ശില്പഘടനയും വാക്ക് ചേർത്തു വെക്കുന്നതിൽ ദ്രാവിഡ ശില്പകലയോട് – പ്രത്യേകിച്ച് ചോള ശില്പകലയോടുള്ള സാമ്യവും പഠിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ വിചാരഗതികളിൽ, മനോധർമ്മത്തിൽ അത് ഏറ്റവും ആധുനികവും അതും കടന്ന് ആധുനികോത്തരവും ആയി. വായിച്ചും പറഞ്ഞും കേട്ട വലിയ കാര്യങ്ങളോ, വലിയ സിദ്ധാന്തങ്ങളോ അല്ല, തന്റെ അനുഭവ പരിസരത്തുള്ളത്, നേരിട്ടറിഞ്ഞത്, നാട്, നടത്തം, നാട്ടാര് – ഇതൊക്കെയായിരുന്നു ആറ്റൂരിന് വിഷയം. ജീവിതത്തിന്റേതായ ഒരു താളം ആ കവിതയെ എപ്പോഴും പുതുക്കി നിർത്തി.


പഴമയും പുതുമയും എന്നതു പോലെ പലമകൾ പലതരത്തിൽ കലർന്നിരിക്കുന്ന ഒരു കല കൂടിയുണ്ട് ആറ്റൂരിന്റെ കവിതയിൽ. ഒട്ടു ചെടിയുടെ മേന്മ. നേരും നുണയും – കയ്‌പും മധുരവും കലർത്തിയതിന്റെ ചവർപ്പാണ് തന്റെ ഉള്ളുരകൾ (ഉള്ളൂര) . ജീവിതത്തിലെ മധുരാനുഭവങ്ങളോ സന്തോഷങ്ങളോ ആവിഷ്കരിക്കാൻ തുടങ്ങുമ്പോൾ പുറത്തുനിന്ന് – കാലത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് ചരിത്രത്തിൽ നിന്നെല്ലാം – കയ്പുകൾ കയറി വരുന്നു.
കലർപ്പില്ലാത്ത ഒന്ന് ഭാവനയിലേ ഉള്ളൂ. അടുത്തറിയുന്നതും അനുഭവിക്കുന്നതും ആയിത്തീരുന്നതുമൊക്കെ കലർപ്പുകളുള്ള ജന്മങ്ങൾ. രണ്ടുവായ(ന)കൾ എന്ന കവിതയിലെ ചൊറിയെന്ന ജലജീവിയുടെ ജീവിതം പോലെ. ഒരനുഭവവും, ഒരൊഴുക്കും ഉത്ഭവവത്തിലെ പരിശുദ്ധിയോടെ ഉള്ളിലേക്കെടുക്കാൻ പറ്റുന്നില്ല.

നീരിൽ കലർന്ന നറുംപാലിനെ അരയന്നം വേർതിരിച്ചു കുടിക്കുമെന്നത് കേട്ടിട്ടേയുള്ളൂ. അതിന്റെ പദം വെപ്പും മിന്നൽക്കൊടി പോലുള്ള പറക്കലും നടന്മാർ ആടിക്കണ്ടിട്ടേയുള്ളൂ. നേരിൽ കണ്ടത്.
മറ്റൊന്നാണ്.
“അരയന്നത്തെക്കുറിച്ചു ഞാൻ
വായിച്ചറിഞ്ഞതേയുള്ളു.
അടുത്തു കണ്ടതു പുഴയൊഴുക്കിൽ
പെട്ടുഴക്കും വേറൊരു ചെറിയ ജീവിയെ
അതിൻ വിളിപ്പേര് ” ചൊറി” യെന്നാണത്രേ
മലം വിടാനുള്ള തുള കൊണ്ടാണത്രേ
തെളിവെള്ളമതു കുടിച്ചിടുന്നതും.
അതിന്റെ ദുർവിധി! ഒഴുക്കേതും സ്വന്തം
മലം കലർത്താതെ രുചിക്കുവാൻ വയ്യ”

നാട് നിശ്ശബ്ദവിസ്താരത്തിലും പല ജാതി ഒച്ചകളെ പകർന്നു പോകുന്നുണ്ട്. മൗനം, മൂളൽ തുടങ്ങി ചെണ്ടമേളം വരെ. രാമായണത്തിൽ ഈ ഒച്ചകളുടെ കലർപ്പുണ്ട്. നീട്ടിയും കുറുകിയും മുറിച്ചും മൂളിയും മാളു രാമായണം വായിക്കുന്നതുപോലെ നാട്ടുജീവിതം പല സ്ഥായികളിൽ മടിപിടിച്ചും തിരക്കിട്ടും നീങ്ങുന്നു. ഉച്ച നിഴലിന്റെയും പൂമ്പാറ്റയുടെയും ഒച്ചയില്ലാത്ത അനക്കങ്ങൾ, കഴായയിലൂടെയുള്ള നീരൊഴുക്കിന്റെ നേർത്ത ഒലി, പല മരങ്ങളിൽ പലതായി വീശുന്ന കാറ്റ്, കൂമന്റെ മൂളൽ, പൂതനും തിറയും വരുന്നതിന്റെ ചെണ്ടമേളം, പൂരo, പാണ്ടി, പഞ്ചാരി കരിമരുന്ന്.

ഓരോന്നു വീതം ദേശത്ത് എല്ലാവരും – ഒരു കളളൻ, ഒരു കുള്ളൻ , കുടിയൻ, പ്രാന്തൻ , തെമ്മാടി , തേവിടിശ്ശി, വിഡ്ഢി, മരാശാരി, കല്ലാശാരി, മൂശാരി, കാവ്, കുളം, കോമരം , കൊടിമരം – എല്ലാം ഓരോന്ന്. കൈയൂക്കുള്ളവൻ ഒരു പാത വലിച്ചു കൊണ്ടുവരും മുമ്പ്, അവിടെ വലിയ മതിലുകളും ഇരുമ്പുവായകളും വരുന്നതിനു മുമ്പ് ജീവിതം ഇങ്ങനെ നീണ്ടും കുറുകിയും എല്ലാവരിലൂടെയും ഒഴുകി. (മണം) കൂമന്റെ മൂളലും നായയുടെ നിർത്താതെയുള്ള ഓരിയിലുമൊടുങ്ങുന്നു രാമായണത്തിലെ ഒച്ചകൾ. പൂങ്കാതുകൾ കൈമാറി മാറി ഒരു കഥ നാട്ടിൽ പരക്കുന്നില്ല. ഊമമൊഴികളാൽ എല്ലാവരും തന്നോടു തന്നെ മിണ്ടിക്കഴിയുന്നു.

മാളുവിനെപ്പോലെ കാക്കക്കറുപ്പും കരിങ്കറുപ്പുമുള്ളവരാണ് ആറ്റൂരിന്റെ കവിതയിലധികവും. ചേറ്റുപാടങ്ങളെ പുതുക്കുന്നവർ . ഇരുമ്പിലും മരത്തിലും കല്ലിലും പണിയുന്നവർ. പരമശിവനും പനഞ്ചിക്കലമ്മയും കറുത്തവരാണ്. പാതിരാക്ക് നർത്തകന്റെ ചുവടുകളോടെ നടയിറങ്ങി വരുന്ന നടരാജൻ പുരവാസികൾക്ക് ആദിവാസിയാണ്. നടയിറങ്ങി വരുമ്പോൾ അറുപത്തിമൂന്നു നായനാർമാർ തൊഴിൽ, ജാതി, ലിംഗഭേദമറ്റവർ – മുക്കുവൻ മുതൽ രാജാവു വരെ അതിലുണ്ട്. കാട്ടുവക്കത്തെ മരച്ചോട്ടിൽ നന കൊണ്ട്, ഇരുളും മഞ്ഞും കൊണ്ട്, നിലാവും ഇരുളും കൊണ്ട് നാടാകെ മാറുന്നതു കണ്ട്, വാക്കുപോകുന്നതു കണ്ടുള്ള പനഞ്ചിക്കലമ്മയുടെ ഉറച്ചോ ഒളിച്ചോ ഉള്ള ഇരിപ്പ്.പനഞ്ചിക്കലമ്മകറുത്തവളാണ്. പാട്ടും കൂത്തും കളിയും ഇല്ലാത്തവളാണ് നെറ്റിയിൽ ഒരുത്തിയുടെ അരിവാൾത്തലപ്പിന്റെ കലയുള്ളവളാണ്.

കവികർമ്മം തന്നെ ഒരു കീഴാള വൃത്തിയാണ് ആറ്റൂരിന്.

“പുഴതൻ വക്കി
ലെക്കുന്ന കളിമണ്ണടർ,
കുശവനെപ്പോലേറ്റി വന്നു
കോലായിലിരുട്ടാകും
വരെ, കുഴച്ചുരുട്ടി
ഉരുവങ്ങളുണ്ടാക്കി,
ചുട്ടെടുത്തകത്തും പുറത്തുമുള്ള
ദുരിതങ്ങളൊക്കെയും പോക്കുമച്ഛനെ –
പ്പോലെ തട്ടി നീട്ടിയും
കുറച്ചും പരത്തിയു-
മിരിക്കുന്നു കാണാ-
പ്പുഴവക്കിൽ ഞാനും.”

കാലവുംചരിത്രവും എക്കലായി നിക്ഷേപിച്ചു പോയ വാക്കുകൾ. നാട്ടുചുണയും ചൂരും ജീവിതത്തിന്റെ പശിമയുമുള്ളത്. ജീവിതത്തെ നേർക്കുനേർ നിർത്തി പറയും വിധം അത്രക്കും സ്വാഭാവികവും സാധാരണവുമായ വാക്കുകളിലായിരുന്നു ആറ്റൂരിന്റെ ശ്രദ്ധയും കരുതലും. ചവിട്ടിക്കുഴച്ച് തട്ടി നീട്ടി ഊരുവങ്ങളുണ്ടാക്കുക. ഉള്ളിലെ സകല പേടികളും കയ്പും അറപ്പും പകയുമെല്ലാം അതിലേക്കാവാഹിച്ചെടുത്ത്ചുട്ടുനീറ്റി സകല ദുർമേദസ്സുകളും കളഞ്ഞ് ബലപ്പെടുത്തുക. എഴുത്തിലെ ആ കുംഭാരവേല ഒരു കുടംപിടിക്കൽ (അവർണ്ണർ ചെയ്യുന്ന ഒരു നാടൻ ഉച്ചാടന കർമ്മം) കൂടിയാണ് ആറ്റൂരിന്.

ഒഴുക്കുകളുടെ, ഭാഷയുടെ കാണാപ്പാതകൾ ഊരിൽ പണ്ടുണ്ടായിരുന്ന വാറുവിലെന്നപോല ആറ്റൂരിലും വിറയായി പടരുന്നു. കറുത്തവനും മെലിഞ്ഞവനും കുറിയവനുമായ വാറു. കൈയിലുള്ള ഇരുമ്പു കോലുകൊണ്ട് തപ്പിത്തപ്പി വാറു നടക്കും. ഒളിച്ചിരിക്കുന്ന വെള്ളം അയാളുടെ കാലിൽ വിറയായി. കിണറുകൾ, കുളങ്ങൾ, കുണ്ടുകൾ. ഓരോ ചെടിക്കടിയിലും ഒരു കുടം വെള്ളം, ഓരോഇലയിലും ഒരു തുടം വെള്ളം, തണ്ടിൽ നീർച്ചാട്ടം, വാറുവിന് ചെറുപ്പത്തിന്റെ ആവേശം . പിന്നെപ്പിന്നെ ദേശം വിദേശമായി, ആധുനികാനന്തരമായി. കുശിനികൾ ഇറ്റാലിയനും ചൈനീസും തിബത്തനുമായി. അടിയൊഴുക്കുകൾ വറ്റി. വാറുവിന് കാലിൽ വിറ വരാതായി. ഉടൽ കല്ലും മണലും പോലായി.

” അയാൾക്കെപ്പോഴും
ദാഹം, വരൾച്ച, ഉണക്കം
കണ്ടാലൊരു കട്ടോടൻ ചാത്തൻ
വേനലിൽ പുഴ കടക്കുമ്പോൾ
വാറു വീണു കിടക്കുന്നു.
വായ പൊളിച്ചിരുന്നു
പൊട്ടിപ്പൊളിഞ്ഞ വക്കുകളുള്ള
വറ്റിയ കുളം പോലെ “(അടിയൊഴുക്ക്)
ഊറ്റു നിലച്ച ജലം, ഊറ്റു വറ്റിയ
ഭാഷ.
“എനിക്കു കച്ചീടുന്നു
പൊയ്യൻ ഞാൻ
പൊള്ള ഞാൻ
കോമാളി
എന്നിൽ കെട്ടിനിൽക്കുന്നവൻ
ഒഴുകാത്തോൻ
യുക്തിയാലകക്കാമ്പു
ചുരണ്ടിക്കളഞ്ഞൊരു
തൊണ്ടു ഞാൻ.” (നിഴൽ) എന്ന് എന്തൊരാളായ് പ്പോയ് ഞാൻ എന്ന ആത്മവിചാരണകളിൽ ആറ്റൂരിന്റെ തന്നത്താൻ പുതുക്കലുകളുമുണ്ട്. ചരിത്ര സ്തംഭത്തിനുതാഴെ അനന്തതയിലേക്ക് കണ്ണൂ നട്ടുനിന്നിട്ടേ ഉള്ളൂ എന്നോ ഒന്നിലുമിടപെട്ടില്ലെന്നോ തന്റെ സ്വാസ്ഥ്യത്തെ കുറ്റപ്പെടുത്തുമ്പോഴും കാലത്തിന്റെ നടുവൊഴുക്കിനെ മുറിച്ചു നീന്തുകയായിരുന്നു ആറ്റൂരിന്റെ കവിത. ആ നീന്തലിലും താൻ കടവോ കുറ്റിയോ പങ്കായമോ അല്ല, വെറും ഓളമാന്നെന്നും എപ്പോഴുമുണ്ട് തനിക്ക് സ്വകാര്യമായ ഒരു വിറയെന്നും ഉള്ളിലെ പകപ്പുകളെ പുറത്തു കാട്ടും. (വിറ)
ഭാഷയാടും തന്നിൽത്തന്നെയുള്ള അന്യനോടും കലഹിച്ചും തർക്കിച്ചും ചൊല്ലുകളും എഴുത്തും എന്നും പുത്തനാണ് ആറ്റൂരിൽ.

“ പോയവയെപ്പറ്റി പരാതിപ്പെടാൻ
ഞാൻ ‘ പി’ യല്ല
ഇന്നത്തെ പത്രം വായിക്കണം
വാർത്ത കാണുക
ഇന്നത്തെ സൂര്യോദയം
കാലാവസ്ഥ, ചൂട് അറിയുക.” (നാൾക്കുറിപ്പുകൾ). ഇന്നലെകളിലേക്കുള്ള അടയാളങ്ങൾ വീണു പോയിരിക്കുന്നു. ഇരുട്ടിലോ ഉറക്കത്തിലോ മാത്രം കടന്നുവരുന്നു പോയ കാലം. സുഖകരമായ നടുക്കമായിട്ട് ചിലപ്പോൾ ഓർമ്മകളുമുണ്ട്. എവിടെ എപ്പോഴെന്ന് ഉറപ്പിക്കാൻ വരപ്പടമോ വടക്കുനോക്കി യന്ത്രമോ വാച്ചോ പോരാ. എങ്കിലും പുതിയ കാലത്തിന്റെ വാക്കുകൾ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം ആറ്റൂരുണ്ട്.

ഇന്നലത്തേതു കൂടി അപരിചിതമാകുന്ന കാലത്തും എല്ലാം വിപണന വസ്തുവാകുന്ന കാലത്തും ആറ്റൂരിന് തന്റെ വായനക്കാരനെ പൂർണ്ണമായും അറിയാം. തനിക്ക് മനസ്സിലാകുമെങ്കിൽ ഏതു കാലത്തും അയാൾക്കും മനസ്സിലാകും. എവിടെയെങ്കിലും ഒരാൾ തന്റെ വായനക്കാരനായി ഉണ്ടാകും.

ഇനിയും എന്ന കവിത അടുത്ത വായനക്കാരനായുള്ള കാത്തിരിപ്പാണ്. തന്റേത് പഴയ കട. തൊട്ടടുത്ത് വലിയ കടകൾ, പുത്തൻ സാധനങ്ങൾ,, കേമമായ പൊതി, പരസ്യം, സൗജന്യങ്ങൾ. ഒരു ശീലം മാത്രമായി തന്റെ കട തുറപ്പ്. അവിടെ കളളവും പൊളിവചനവും എള്ളോളം മാത്രം. ഇന്നിനി ആരും വരില്ല എന്ന് അയാൾ കടപൂട്ടാൻ തുടങ്ങുമ്പോൾ അതാ ഒരാൾ . പലകകളുയർത്തി, വിളക്കിട്ട്, അളന്ന്, തൂക്കി പൊതിഞ്ഞു. അപ്പോളതാ വേറൊരാൾ. പുതിയ കാലത്തിൽ നിന്ന് പുതിയ ആളുകൾ. കവിത കൊണ്ട് എത്തേണ്ട ഇടങ്ങളിൽ അവർ ആറ്റൂരിലൂടെ എത്തുന്നു. ആറ്റൂർ ഇരുന്നിരുന്ന ഇടം കൂടുതൽ കൂടുതൽ ആറ്റൂരിടമാകുന്നു.


 

 

Comments

comments