കാലം കൈകൂപ്പിയ ഒരു വീട് – (ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ – Part2/Chapter2)
മരണവും കാലവും ഷേക്സ്പിയറെ കീഴടക്കില്ലെന്ന് ബെന്‍ ജോണ്‍സണ്‍ കരുതിയിരുന്നു. ഷേക്സ്പിയറുടെ സമകാലികനായിരുന്നു കവിയും നാടകകൃത്തുമായിരുന്ന ബെന്‍ ജോണ്‍സണ്‍. തന്‍റെ ജീവിതകാലത്ത് ഷേക്സ്പിയറേക്കാള്‍ പ്രസിദ്ധി നേടിയ ഒരാളായി ബെന്‍ ജോണ്‍സനെ പലരും കാണാറുണ്ട്. എങ്കിലും അദ്ദേഹത്തിന് ഷേക്സ്പിയറുടെ പ്രതിഭയുടെ അന്യാദൃശമായ മഹിമയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഷേക്സ്പിയര്‍ ഏതെങ്കിലുമൊരു കാലഘട്ടത്തിന്‍റേതല്ലെന്നും മുഴുവന്‍ കാലത്തിന്‍റേതുമാണെന്നും (He was not of an age, but for all time) ബെന്‍ ജോണ്‍സണ്‍ മടികൂടാതെ എഴുതി. തങ്ങളെപ്പോലുള്ള കവികള്‍ ചിലകാലയളവുകളുടെ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ ഷേക്സ്പിയര്‍ മനുഷ്യവംശത്തിന്‍റെ നിത്യതയോളം തുടരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കാലത്തിനു കെടുത്തിക്കളയാനാവാത്ത നിത്യതയുടെ പ്രകാശം പരന്നതാണ് ഷേക്സ്പിയറുടെ പ്രതിഭയെന്ന് ബെന്‍ ജോണ്‍സണ്‍ തിരിച്ചറിഞ്ഞിരുന്നു. പില്‍ക്കാലത്ത് അമേരിക്കന്‍ കവിയും ചിന്തകനുമായ എമേഴ്സണ്‍ ഷേക്സ്പിയറെക്കുറിച്ചെഴുതുമ്പോള്‍ മൃതിയെ മറികടക്കുന്ന ആ പ്രതിഭയെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. മൃതാത്മാക്കള്‍ക്ക് ശ്വാസം നല്‍കി അവരെ കാലത്തിലേക്കും ജീവിതത്തിലേക്കും മടക്കിക്കൊണ്ടുവരുന്നുവെന്ന് (He breathed upon bodies and brought them into life) ഷേക്സ്പിയറുടെ അനന്യമായ ഭാവനയെ മുന്‍നിര്‍ത്തി എമേഴ്സണ്‍ എഴുതുന്നുണ്ട്. മരണവും കാലവും ഷേക്സ്പിയറെ കീഴടക്കുന്നതില്‍ വിജയിക്കില്ലെന്ന് അദ്ദേഹത്തിനും തോന്നിക്കാണണം.
ഈസ്റ്റ് ഫിഞ്ച്ലിയിലെ മുരളിയേട്ടന്‍റെ വസതിയില്‍നിന്നും ഷേക്സ്പിയറുടെ വസതി കാണാനായി പുറപ്പെടുമ്പോള്‍ ഇങ്ങനെ പലതും ഓര്‍മ്മയിലുണ്ടായിരുന്നു. ജീവിതത്തിന്‍റെ പല പ്രകാരങ്ങള്‍ക്കും കൈവന്ന എക്കാലത്തെയും വലിയ ആവിഷ്കാരങ്ങള്‍ ഷേക്സ്പിയറിലാണെന്ന് അതിനകം പലയിടത്തും വായിച്ചിരുന്നു. പാഠപുസ്തകങ്ങള്‍ മുതല്‍ പഠനഗ്രന്ഥങ്ങള്‍ വരെ. അതുവഴി നൂറ്റാണ്ടുകള്‍ ഊറിക്കൂടി തിടം വച്ചു തെഴുത്ത ഒരു മഹാപ്രതിഭയെ ഷേക്സ്പിയറില്‍ ലോകം കണ്ടെടുത്തതിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ ഓര്‍മ്മകളുടെ ബലത്തിലായിരുന്നു ഷേക്സ്പിയര്‍ വസതിയിലേക്കു പുറപ്പെട്ടത്.
ഈസ്റ്റ് ഫിഞ്ച്ലിയില്‍ നിന്ന് ഷേക്സ്പിയറുടെ വസതി നിലകൊള്ളുന്ന സ്ട്രാറ്റ്ഫോഡ് അപോണ്‍ അവണ്‍-ലേക്ക് സാമാന്യം നല്ല ദൂരമുണ്ട്. 160 കിലോമീറ്ററോളം. ലണ്ടനിലെ കാര്‍ വേഗത്തില്‍ തന്നെ രണ്ടു മണിക്കൂര്‍ വരും. രാവിലെ എട്ടുമണിയോടെ ഈസ്റ്റ് ഫിഞ്ച്ലിയില്‍ നിന്നും ഞങ്ങള്‍ മൂന്നു പേരുടെ സംഘം കാറില്‍ പുറപ്പെട്ടു. മുരളിയേട്ടനും ജയിംസ് ബാര്‍ലോയും ഞാനും. ബാര്‍ലോയോടൊപ്പമാണ് മുരളിയേട്ടന്‍ പതിറ്റാണ്ടുകളായി ലണ്ടനില്‍ കഴിയുന്നത്. അസാധാരണവും അനന്യവുമായ ഒരു സൗഹൃദത്തിന്‍റെ കഥ അതിനു പിന്നിലുണ്ട്. ദുബായില്‍ നിന്ന് ലണ്ടനിലെത്തിയ ശേഷം ബാര്‍ലോയോടൊപ്പമാണ് മുരളിയേട്ടന്‍ ജോലി ചെയ്തത്. പിന്നീടത് ഒരു ആജീവനാന്ത സൗഹൃദമായി. പുറമേക്ക് നിര്‍മമായി തോന്നിക്കുന്ന ഒരു ബന്ധത്തിനടിയില്‍ അഗാധമായ സ്നേഹാനുഭവത്തെ അവര്‍ കൂടെ കൂട്ടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ഏറെ ദീര്‍ഘമായ സംഭാഷണങ്ങളോ വലിയ ചര്‍ച്ചകളോ അവര്‍ക്കിടയില്‍ അരങ്ങേറുന്നതായി കണ്ടിട്ടില്ല. ചെറിയ വാക്കുകള്‍. പുഞ്ചിരികള്‍. മുരളിയേട്ടന്‍റെ മൂര്‍ച്ചയുള്ള ഫലിതങ്ങള്‍. അതിനോടുള്ള മറുപടിയായി ബാര്‍ലോയുടെ സ്നേഹനിര്‍ഭരമായ ചെറുചിരികള്‍. ചുരുക്കം സന്ദര്‍ഭങ്ങളില്‍ പതിഞ്ഞ ശബ്ദത്തില്‍ ബാര്‍ലോ പറയുന്ന രസവീര്യമുള്ള മറുപടികള്‍…. അവര്‍ക്കിടയിലെ ബന്ധത്തെ ഞാന്‍ ഒട്ടൊക്കെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. അതിന്‍റെ രസതന്ത്രം വേണ്ടപോലെ എനിക്കു മനസ്സിലായോ എന്നുറപ്പില്ലെങ്കിലും.
സ്ട്രാറ്റ്ഫോര്‍ഡിലേക്കുള്ള യാത്ര ബാര്‍ലോയുടെ കാറിലായിരുന്നു. അതിദീര്‍ഘവും സമ്പന്നവുമായ അഭിഭാഷകവൃത്തിയ്ക്കു ശേഷം വിശ്രമജീവിതത്തിലാണ് ബാര്‍ലോ. ഇടയ്ക്കദ്ദേഹം നാട്ടിന്‍പുറത്തെ ജന്മദേശത്തേക്കു പോകും. ബാക്കി സമയം ഈസ്റ്റ് ഫിഞ്ച്ലിയിലെ വസതിയിലും. ഇംഗ്ലണ്ടിലെ തന്‍റെ ദൂരയാത്രകള്‍ പലപ്പോഴും അദ്ദേഹത്തോടൊപ്പമാണെന്ന് മുരളിയേട്ടന്‍ പറഞ്ഞിട്ടുണ്ട്. യാത്രയുടെ കാര്യം നേരത്തെ പറഞ്ഞുറപ്പിക്കും. തന്‍റെ അതിഥികള്‍ക്കൊപ്പം കൂടാന്‍ ബാര്‍ലോക്കും സമ്മതമാണെന്ന് മുരളിയേട്ടന്‍ മുന്‍കൂട്ടി ഉറപ്പിക്കാറുണ്ടെന്നു തോന്നുന്നു.
ഈസ്റ്റ് ഫിഞ്ച്ലിയില്‍ നിന്നും രാവിലെ എട്ടുമണിയോടെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. യാത്രയ്ക്ക് അതിവേഗമുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടര മണിക്കൂറിലധികം സമയമെടുത്താണ് സ്ട്രാറ്റ്ഫോര്‍ഡിലെത്തിയത്. ഇടയ്ക്കൊരിടത്ത് ചായയ്ക്കായി നിര്‍ത്തിയതും അല്‍പ്പം വൈകാന്‍ കാരണമായി. സൗമ്യവും ശാന്തവുമായാണ് ബാര്‍ലോ ഡ്രൈവ് ചെയ്യുന്നത്. അഗാധമായ ഒരു സ്വാസ്ഥ്യം അദ്ദേഹത്തെ എപ്പോഴും വലയം ചെയ്യുന്നുണ്ട്. തിടുക്കമോ തിരക്കോ അതിന്‍റെ പരിഭ്രാന്തികളോ ഒട്ടുമില്ലാതെ, സ്വച്ഛമായ ഒരൊഴുക്കുപോലെ നീങ്ങുന്ന ജീവിതം. മുരളിയേട്ടന്‍റെ ഫലിതങ്ങള്‍ കൊണ്ട് യാത്ര നിര്‍ഭരമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ നടത്തിയ അതിക്രമത്തിനുള്ള പരിഹാരമാണ് താന്‍ ചെയ്യുന്നതെന്ന് യാത്രയ്ക്കിടയില്‍ ബാര്‍ലോയോട് മുരളിയേട്ടന്‍ പറയുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി അതു കേട്ട് ബാര്‍ലോ അല്‍പ്പം ഉറക്കെത്തന്നെ ചിരിച്ചു. ഞാനും ആ ചിരിയില്‍ പങ്കാളിയായി.
പതിനൊന്നോടെയാണ് ഞങ്ങള്‍ സ്ട്രാറ്റ്ഫോര്‍ഡിലെത്തി. അവണ്‍ നദിയുടെ തീരം. ഷേക്സ്പിയറുടെ വസതിയാണ് അതിനെ പ്രസിദ്ധമാക്കിയത്. നഗരത്തിരക്കില്‍ അവിടേക്കുള്ള വഴി കണ്ടെത്താന്‍ ഞങ്ങള്‍ അല്പം പ്രയാസപ്പെട്ടു. കാര്‍ ഒരിടത്ത് പാര്‍ക്കുചെയ്ത് ഒരു വഴിയിലൂടെ കുറെ നടന്നു. ആരോ നല്‍കിയ നിര്‍ദ്ദേശം പിന്‍പറ്റി നടന്നതാണ്. ഹെന്‍ലി സ്ട്രീറ്റിനു പകരം ചാപ്പല്‍ സ്ട്രീറ്റിലേക്കാണ് ഞങ്ങള്‍ തിരിഞ്ഞതെന്നു തോന്നുന്നു. കുറെ നടന്നപ്പോള്‍ തെറ്റായ വഴിയാണെന്ന് ബോധ്യമായി. പിന്നെ മറ്റൊരാളോട് ചോദിച്ചറിഞ്ഞ് തിരിച്ചു നടന്നു. ഏറെ ദൂരം പിന്നിടും മുന്‍പ് ഷേക്സ്പിയര്‍ വസതി നിലകൊള്ളുന്ന തെരുവിലേക്ക് തിരിഞ്ഞു. കാലവും ലോകവും കൈകൂപ്പി നില്‍ക്കുന്ന ഒരിടം!
രണ്ട്
ഷേക്സ്പിയറും ഷേക്സ്പിയര്‍ സാഹിത്യവും ബ്രിട്ടന്‍റെ ദേശീയപാരമ്പര്യത്തോട് കൂട്ടിവിളക്കപ്പെട്ടതാണ്. ആംഗ്ലോ സാക്സണ്‍ മതത്തിന്‍റെ വഴിയില്‍ നിര്‍മ്മിക്കപ്പെട്ട ദേശീയതാസങ്കല്പവും ദേശീയഭാവനയും ദുര്‍ബ്ബലമായ സന്ദര്‍ഭത്തിലായിരുന്നു ഇംഗ്ലീഷ് പഠനങ്ങള്‍ ആ സ്ഥാനം കയ്യാളിക്കൊണ്ട് ഉയര്‍ന്നുവന്നത്. പത്തൊമ്പതാം ശതകത്തില്‍ ഇംഗ്ലീഷ് പഠനങ്ങള്‍ വികാസം പ്രാപിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ടെറി ഈഗിള്‍ട്ടനെപ്പോലുള്ള പഠിതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നായി ഇംഗ്ലീഷ് സാഹിത്യപാരമ്പര്യം ഉയര്‍ന്നു വന്നു. ഷേക്സ്പിയറായിരുന്നു അതിലെ കേന്ദ്രബിംബം. മറ്റെന്തിലുമുപരിയായി ഷേക്സ്പിയര്‍ സാഹിത്യം ബ്രിട്ടീഷ് പൗരാഭിമാനത്തിന്‍റെ ആധാരബിംബമായി. ഷേക്സ്പിയറുമായി ബന്ധപ്പെട്ടതെന്തും ഷേക്സ്പിയറിനപ്പുറത്തേക്കു വളര്‍ന്നു. സ്ട്രാറ്റ്ഫോര്‍ഡ് അപോണ്‍-അവണ്‍-ലെ ഷേക്സ്പിയര്‍ വസതി മുതല്‍ അദ്ദേഹം ജീവിതം ചെലവിട്ട ഇടങ്ങള്‍ വരെ. ഗ്ലോബ് തിയേറ്റര്‍ മുതല്‍ ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന ഷേക്സ്പിയര്‍ കൃതികളുടെ ആദ്യപതിപ്പു വരെ. എല്ലാത്തിനും അവയേക്കാള്‍ കവിഞ്ഞ മൂല്യം കൈവന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും ഷേക്സ്പിയര്‍ സാഹിത്യമെത്തി. മൂന്നാം ലോകം എന്നറിയപ്പെട്ട പല രാജ്യങ്ങളിലെയും ക്ലാസ് മുറികള്‍ ഷേക്സ്പിയര്‍ സാഹിത്യത്താല്‍ മുഖരിതമായി. ഹാംലെറ്റും ഒഥല്ലോയും മാക്ബത്തും കിങ്ങ് ലിയറുമെല്ലാം നാട്ടിന്‍പുറങ്ങളിലെ നാടകശാലകളിലെ വരെ അഭിനേതാക്കളുടെ സ്വപ്നമായി. ഷേക്സ്പിയര്‍ പാണ്ഡിത്യത്തിന്‍റെ ഒരു സമാന്തരലോകം സാഹിത്യവിജ്ഞാനവേദിയില്‍ ഉയര്‍ന്നുവന്നു. ബ്രാഡ്ലിയെ പോലുള്ള ഷേക്സ്പിയറുടെ ദുരന്തനാടകവ്യാഖ്യാതാക്കള്‍ മുതല്‍ ഷേക്സ്പിയര്‍ മാത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ വരെയായി അതു പടര്‍ന്നു. ഷേക്സ്പിയര്‍ സാഹിത്യത്തിന്‍റെ പ്രസാധനം ഒരു ലോകാന്തര സംരംഭമായി. “ഷേക്സ്പിയര്‍ ഇന്‍റസ്ട്രി” എന്ന വിശേഷിപ്പിക്കപ്പെടുന്ന നിലയില്‍ പുസ്തകങ്ങളും വ്യാഖ്യാനങ്ങളും അനുബന്ധപഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ലോകത്തിന്‍റെ ഏതുകോണിലുമുണ്ടായ ഷേക്സ്പിയര്‍ പഠനങ്ങളും നാടകാവതരണങ്ങളും ചരിത്രപരമായി വലിയ മൂല്യമുള്ളവയായി. ഷേക്സ്പിയര്‍ കൃതികള്‍ ലോകത്തിന്‍റെ എല്ലാ കോണുകളിലുമെത്തി. ഷേക്സ്പിയര്‍ സാഹിത്യം വിവര്‍ത്തനം ചെയ്യപ്പെടാത്ത ഒരു ഭാഷയും ലോകത്തിലില്ലെന്ന നിലയിലേക്ക് അത് വളര്‍ന്നു. ഓരോ കൃതിക്കും എണ്ണമറ്റ വിവര്‍ത്തനപാഠങ്ങളുണ്ടായി. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഷേക്സ്പിയറുടെ സമ്പൂര്‍ണ്ണരചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് ലോകോത്തരമായ ചലച്ചിത്രഭാഷ്യങ്ങളുണ്ടായി. അതുല്യരായ നടീനടന്മാരും വിശ്വപ്രസിദ്ധരായ സംവിധായകരും ഷേക്സ്പിയറുടെ ഭാവനയുടെ സങ്കീര്‍ണ്ണപ്രകൃതിയെ അഭ്രപാളികളില്‍ വ്യാഖ്യാനിച്ചുകൊണ്ടേയിരുന്നു. ലോകത്തിന്‍റെ പല കോണുകളിലും പലതരം ആഖ്യാനങ്ങളുടെ പ്രേരണയായി ഷേക്സ്പിയര്‍ നിലനിന്നു. “ത്രോണ്‍ ഓഫ് ബ്ലഡ്” പോലെ എത്രയോ ലോകോത്തര സിനിമകളുടെ സ്രോതസ്സായി ഷേക്സ്പിയര്‍ അവശേഷിച്ചു. എല്ലാ കണക്കെടുപ്പുകള്‍ക്കു ശേഷവും പിന്നെയും ബാക്കിയാവുന്ന ഒന്നായി ഷേക്സ്പിയര്‍ സാഹിത്യവും അനുബന്ധലോകവും മാറിത്തീര്‍ന്നിരിക്കുന്നു. ലോകസാഹിത്യത്തിന്‍റെ ചരിത്രത്തിലെ മറ്റൊരെഴുത്തുകാരനും കൈവന്നിട്ടില്ലാത്ത പദവി. ചരിത്രത്തില്‍ എളുപ്പമൊന്നും മറികടക്കപ്പെടാനിടയില്ലാത്ത അതുല്യ പ്രഭാവമാണ് ഷേക്സ്പിയര്‍. പിന്നിട്ട നാലുനൂറ്റാണ്ടിലധികം വരുന്ന കാലയളവില്‍ ഊറിക്കൂടിയ വ്യാഖ്യാനബലം കൊണ്ടുകൂടി അടിയുറച്ചതാണ് ഇപ്പോഴത്തെ ഷേക്സ്പിയര്‍ സാഹിത്യം. കാലത്തിനും മുകളില്‍ ഉയര്‍ന്നുപാറുന്ന മനുഷ്യഭാവനയുടെ അധൃഷ്യതയുടെ പതാക.
സ്ട്രാറ്റ്ഫോര്‍ഡിലെ ഷേക്സ്പിയര്‍ വസതി കാണുമ്പോള്‍ ഈ ചരിത്രമത്രയും നമ്മുടെ ഓര്‍മ്മയിലേക്കു വരും. പതിനാറാം ശതകത്തില്‍ ബ്രിട്ടനിലെ വിദൂരഗ്രാമങ്ങളിലൊന്നില്‍ പിറന്ന പ്രതിഭയുടെ ഈ മഹിതാകാരം അവിടെ പല രീതികളില്‍ തെളിഞ്ഞുകാണാനാവും. ഇപ്പോള്‍ ഒരു മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ് ഷേക്സ്പിയര്‍ വസതി. അതിന്‍റെ പ്രത്യക്ഷമായ മിതത്വത്തിനുള്ളിലും ആ ചെറുവീട് നമ്മെ ആകര്‍ഷിക്കും. മധ്യകാല ബ്രിട്ടീഷ് ജീവിതനിലവാരം വച്ചുനോക്കിയാല്‍ അത് എത്രയും പ്രൗഢമായ വസതിയാണെന്ന് ഷേക്സ്പിയര്‍ പഠിതാക്കള്‍ പറയുന്നുണ്ട്. കാലം കെടുത്തിക്കളയാത്ത പ്രതിഭയുടെ വിളക്കുമാടം പോലെ നാലുനൂറ്റാണ്ടുകളുടെ ഗതിഭേദങ്ങളെ അതിജീവിച്ച് അതു നമ്മെ കാത്തുനില്‍ക്കുന്നു. ഇരുനിലകളിലായി തടിയില്‍ തീര്‍ത്ത ആ ചെറുഭവനത്തിലെ ഏറെ വിസ്താരമില്ലാത്ത മുറികളിലൂടെ നടക്കുമ്പോള്‍ പലപ്പോഴായി പഠിച്ച പാഠങ്ങളും, കേട്ട വരികളും, കണ്ട നാടകങ്ങളും അഭ്രപാളിയിലെ അതുല്യപ്രകടനങ്ങളുമായി ഷേക്സ്പിയര്‍ നമ്മെ വന്നു തൊടാന്‍ തുടങ്ങും. കാലത്തിനു കുറുകെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഒരു മഹാപ്രഭാവത്തെ നേരിട്ടറിയുന്നതുപോലെ തോന്നും. നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു കാലസ്മാരകത്തിനപ്പുറം വര്‍ത്തമാനത്തിന്‍റെ അനുഭവലോകമായി ഷേക്സ്പിയര്‍ വസതി നമ്മെ അഭിമുഖീകരിക്കും.
മൂന്ന്
പതിനാറാം നൂറ്റാണ്ടില്‍ പണിതതായി വിശ്വസിക്കപ്പെടുന്ന ഒരു ഇരുനില വീട്. ലോകസാഹിത്യത്തിന്‍റെ മറുകര കണ്ട വീടായി ഇന്നത് മാറിത്തീര്‍ന്നിരിക്കുന്നു. പണിതീര്‍ന്നതിനു ശേഷം നാലു നൂറ്റാണ്ടു കഴിഞ്ഞ് അവിടെയെത്തിയ ബ്രിട്ടീഷ് ഇന്ത്യയിലെ മഹാകവികളിലൊരാളായ മുഹമ്മദ് ഇഖ്ബാല്‍ എഴുതി. “നിന്‍റെ സ്വത്വം ലോകത്തിന്‍റെ കണ്ണില്‍ നിന്നും മറഞ്ഞിരിക്കുന്നുവെങ്കിലും നിന്‍റെ കണ്ണുകള്‍ ലോകത്തിന്‍റെ ആഴങ്ങളെ അനാവരണം ചെയ്യുന്നു”. പിന്നിട്ട പല നൂറ്റാണ്ടുകളായി ലോകമെമ്പാടു നിന്നും കവികളും എഴുത്തുകാരും, കലയിലും സാഹിത്യത്തിലും തത്പരരായവരും അവിടേക്ക് എത്തിച്ചേരുന്നു. ഭാവനയുടെ മറുകര കണ്ട ഒരാള്‍ പിറന്നുവീണ ഇടം നേരിട്ടു കാണുന്നു. ആദ്യകാലത്തെത്തിയവര്‍ ആ വീടിന്‍റെ ചുമരുകളിലും ജനല്‍പ്പാളികളിലുമെല്ലാം തങ്ങളുടെ പേരുകള്‍ കോറിവരച്ചിട്ടിരുന്നു. അങ്ങനെ കോറിവരയപ്പെട്ട പേരുകളില്‍ ചിലത് പില്‍ക്കാലം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ടര്‍ സ്കോട്ട്, തോമസ് കാര്‍ലൈല്‍….. സന്ദര്‍ശക ഡയറിയില്‍ വേറെയും പേരുകളുണ്ട്. ലോഡ് റെബറണ്‍, ജോണ്‍ കീറ്റ്സ്, വില്യം താക്കറെ….
ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയറിലെ സ്ട്രാറ്റ്ഫോര്‍ഡ് അപോണ്‍ അവണ്‍-ലെ ഹെന്‍ലി സ്ട്രീറ്റില്‍ വഴിയോരം ചേര്‍ന്നുനില്‍ക്കുന്ന തടിയില്‍ തീര്‍ത്ത ആ ചെറിയ ഇരുനില വീട് ലോകസാഹിത്യത്തിന്‍റെ ഹൃദയഭൂമിക പോലൊരിടമായി മാറിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. 1532-ല്‍ അതവിടെയുള്ളതായി രേഖകള്‍ പറയുന്നുണ്ട്. ഷേക്സ്പിയറുടെ പിതാവും കയ്യുറനിര്‍മ്മാതാവും കമ്പിളിക്കച്ചവടക്കാരനുമായ ജോണ്‍ ഷേക്സ്പിയര്‍ വീടിനു പുറത്ത് വഴിയരികില്‍ അവശിഷ്ടങ്ങളിലെന്തോ കൂട്ടിയിട്ടതിന് പിഴയൊടുക്കേണ്ടി വന്ന കാര്യം രേഖകളിലുണ്ട്. അക്കാലം മുതലേ ആ വസതിയവിടെയുണ്ടെന്നതിന് തെളിവതാണ്. വീടിന്‍റെ നിര്‍മ്മാണരീതിയെ മുന്‍നിര്‍ത്തി അതിനു ഒരു നൂറ്റാണ്ടിന്‍റെ കാലപ്പഴക്കം കല്പിക്കുന്ന പണ്ഡിതരുണ്ട്. അതിലെ വാസ്തവം എന്തുതന്നെയായാലും അഞ്ചു നൂറ്റാണ്ടോളം പഴക്കം ചെന്നതാണ് ആ വീടെന്ന് ഉറപ്പിക്കാം. ലോകചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭ അവിടെ പിറക്കാനിരിക്കുന്നുവെന്നോ പിറന്നുവെന്നോ ആര്‍ക്കും കരുതാനാവാത്തത്ര വിനീതവും സാധാരണവുമായി, മരത്തില്‍ പണിതീര്‍ത്ത താങ്ങുകളില്‍, സ്ട്രാറ്റ്ഫോര്‍ഡിലെ ഷേക്സ്പിയര്‍ വസതി നിലകൊള്ളുന്നു.
1564 ഏപ്രില്‍ 23-ന് ഷേക്സ്പിയര്‍ ജനിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. ചരമദിനത്തിന്‍റെ കാര്യത്തില്‍ കൃത്യതയുണ്ട്. 1616 ഏപ്രില്‍ 23. സ്ട്രാറ്റ്ഫോര്‍ഡിലെ ഹോളിട്രിനിറ്റി ചര്‍ച്ചിലെ രേഖകള്‍ പ്രകാരം 1564 ഏപ്രില്‍ 26-നാണ് ഷേക്സ്പിയറുടെ ജ്ഞാനസ്നാനം നടന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ മൂന്നു ദിവസങ്ങള്‍ക്കു ശേഷം ജ്ഞാനസ്നാനം നടത്തുക എന്നതായിരുന്നു അന്നത്തെ പതിവ്. അതനുസരിച്ചാണ് ഏപ്രില്‍ 23 അദ്ദേഹത്തിന്‍റെ ജനനദിവസമായി തീരുമാനിക്കപ്പെട്ടത്. ഏപ്രില്‍ 23 ഷേക്സ്പിയറുടെ മരണദിനമാണ് എന്ന കാര്യം ആ ദിവസം അദ്ദേഹത്തിന്‍റെ ജനനദിവസമായി ഉറപ്പിക്കുന്നതിന് പ്രേരണയായിട്ടുണ്ടാവാം. ജനനവും മരണവും ഒരേ ദിവസം തന്നെയാവുന്നതുപോലുള്ള അപൂര്‍വതകള്‍ ഷേക്സ്പിയറില്‍ എന്തുകൊണ്ടും സ്വാഭാവികമാണ്. ആ പ്രതിഭയുടെ അപൂര്‍വതയിലേക്ക് അതൊരു വാതില്‍ തുറന്നിടുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ശിശുമരണ നിരക്ക് എത്രയും വലുതായിരുന്നു. പിറന്നുവീഴുന്ന മൂന്നിലൊരു കുഞ്ഞ് അക്കാലത്ത് മരണത്തിന്‍റെ പിടിയിലകപ്പെട്ടു. ഷേക്സ്പിയറുടെ മാതാപിതാക്കളായ ജോണിനും മേരിക്കും തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ അങ്ങനെ നഷ്ടമായിരുന്നു. ഷേക്സ്പിയറുടെ ജനനത്തിനു പിന്നാലെ സ്ട്രാറ്റ്ഫോര്‍ഡില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് ആ നഗരത്തിലെ ജനസംഖ്യയിലെ പതിനഞ്ചു ശതമാനത്തോളം പേരുടെ ജീവനെടുത്തതായി അതേക്കുറിച്ചുള്ള വിവരണങ്ങള്‍ പറയുന്നുണ്ട്. അക്കാലത്ത് ജീവരക്ഷയെ കരുതി ഷേക്സ്പിയറുടെ മാതാപിതാക്കള്‍ ആറു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമേഖലയായ വിംകോട്ടിലേക്ക് താമസം മാറ്റിയിരുന്നു. മരണത്തിന്‍റെ വായില്‍ നിന്നും എത്രയും ജാഗ്രതയോടെ അവരാ കുഞ്ഞിനെ പുറത്തുകൊണ്ടുവന്നു. ലോകചരിത്രത്തിന്‍റെ ശാശ്വതശ്രദ്ധയിലേക്കാണ് തങ്ങളാ കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുന്നതെന്ന് അവര്‍ കരുതിയിട്ടുണ്ടാവുകയുമില്ല!
ചെറിയൊരു സല്‍ക്കാരമുറിയും ഹാളും കിടപ്പുമുറിയും കൂടാതെ പിതാവായ ജോണിന്‍റെ വര്‍ക്ക്ഷോപ്പും ഉള്‍പ്പെട്ടതായിരുന്നു ഷേക്സ്പിയറുടെ വസതി. ഷേക്സ്പിയര്‍ ബര്‍ത്ത് പ്ലെയ്സ് കമ്മറ്റിയുടെ പുസ്തകം വിവരിക്കുന്നതുപോലെ ഷേക്സ്പിയര്‍ ജനിക്കുന്ന കാലത്ത്, ആ വസതി കുട്ടികളാല്‍ നിറഞ്ഞതായിരുന്നു. പത്തുവയസ്സുകാരനായ വില്ല്യമിനെക്കൂടാതെ ഗില്‍ബര്‍ട്ട്, ജോണ്‍, ആനി, റിച്ചാര്‍ഡ് എന്നിങ്ങനെ നാലുപേരും. ഷേക്സ്പിയറുടെ പിറവിക്കുശേഷം ആ ദമ്പതികള്‍ക്ക് എഡ്മണ്ട് എന്ന ഒരു മകന്‍ കൂടി പിറന്നു. ആദ്യം മരണമടഞ്ഞ മാര്‍ഗരറ്റ്, ജോണ്‍ എന്നിവരെ കൂടി കൂട്ടിയാല്‍ എട്ടു കുട്ടികളുടെ കളിക്കളമായിത്തീര്‍ന്ന വീടായിരുന്നു അത്.
പതിനാറാം നൂറ്റാണ്ടിലെ സ്ട്രാറ്റ്ഫോര്‍ഡിലെ പതിവുരീതിയില്‍ പണിതീര്‍ത്തതാണ് ഷേക്സ്പിയറുടെ ജന്മഗൃഹം. അവിടെ സുലഭമായിരുന്ന ഓക്കു മരംകൊണ്ടു പണിതീര്‍ത്ത ചട്ടക്കൂടില്‍ കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിര്‍മ്മിച്ച ഒന്ന്. കല്ലു പാകിയ തറകള്‍. ഷേക്സ്പിയര്‍ ജനിക്കുന്ന കാലത്ത് അത് അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയില്‍ എത്തിയിരുന്നതായാണ് കരുതപ്പെടുന്നത്. അതിനു മുന്‍പ് കുറെക്കാലം അദ്ദേഹം അവിടെ വാടകക്കാരനായി താമസിച്ചിരുന്നുവെന്നും. പിതാവിന്‍റെ മരണശേഷം, പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ (1601) വീടിന്‍റെ ഉടമസ്ഥത ഷേക്സ്പിയര്‍ക്കു കൈവന്നു. എങ്കിലും അപ്പോഴേക്കും ചാപ്പല്‍ സ്ട്രീറ്റിലെ പുതിയ വീട്ടിലേക്ക് ഷേക്സ്പിയര്‍ താമസം മാറിയിരുന്നു. 1597-ലാണ് അന്നത്തെ നിലയ്ക്ക് സാമാന്യം വലിയ തുകയായ 120 പൗണ്ടുകള്‍ക്ക് വില്യം അണ്ടര്‍ഹില്‍ എന്നൊരാളില്‍ നിന്ന് ചാപ്പല്‍ സ്ട്രീറ്റിലെ വീട് ഷേക്സ്പിയര്‍ വാങ്ങിയത്. അപ്പോഴേക്കും ഇംഗ്ലണ്ടിലെ ഏറ്റവും വിജയിച്ച നാടകകാരനായി ഷേക്സ്പിയര്‍ മാറിയിട്ടുണ്ടായിരുന്നു. മുപ്പത്തിമൂന്നാം വയസ്സില്‍ രണ്ടു നിലകളും ഇരുപതിലധികം മുറികളുള്ള ഒരു വസതി സ്വന്തം നിലയ്ക്ക് വിലകൊടുത്തു വാങ്ങാവുന്നത്ര വലിയ വിജയം ഷേക്സ്പിയര്‍ കൈവരിച്ചു കഴിഞ്ഞിരുന്നു.
പാരമ്പര്യസ്വത്ത് എന്ന നിലയില്‍ ഹെന്‍ലി സ്ട്രീറ്റിലെ ജന്മഗൃഹത്തിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും ചാപ്പല്‍ സ്ട്രീറ്റിലെ പുതിയ വസതിയില്‍ താമസം തുടങ്ങിയതുകൊണ്ട് ഷേക്സ്പിയര്‍ അവിടെ താമസിക്കുകയുണ്ടായില്ല. ഇടക്കാലത്ത് അതൊരു സത്രമായി മാറി. പതിനാറാം നൂറ്റാണ്ടവസാനം ഷേക്സ്പിയര്‍ ലൂയി ഹിക്കോക്സ് എന്നയാള്‍ക്ക് തന്‍റെ ജന്മഗൃഹം പാട്ടത്തിനു കൊടുക്കുകയാണ് ചെയ്തത്. ഹിക്കോക്സ് ആ വസതി ഒരു സത്രമാക്കി മാറ്റുകയും അതിനോടു ചേര്‍ന്ന് ജോണ്‍ ഷേക്സ്പിയര്‍ പണിതീര്‍ത്തിരുന്ന ഒറ്റമുറിക്കെട്ടിടത്തില്‍ താമസിക്കുകയും ചെയ്തു. മെയ്ഡന്‍ ഹെഡ് സത്രം എന്നാണത് അക്കാലത്ത് അറിയപ്പെട്ടത്. ഷേക്സ്പിയറുടെ മരണസമയത്ത് (1616) അദ്ദേഹത്തിന്‍റെ സഹോദരിയായ ജോണ്‍ ഹര്‍ട്ടാണ് അവിടെ താമസിച്ചിരുന്നത്. ഷേക്സ്പിയറുടെ മരണശേഷം അദ്ദേഹത്തിന്‍റെ മകളായ സൂസന്നയ്ക്കും പിന്നാലെ അവരുടെ മകളായ എലിസബത്തിനും ആ വീടിന്‍റെ ഉടമാവകാശം കൈവന്നു. ഷേക്സ്പിയറുടെ മൂന്നു കുട്ടികളില്‍ ഏകമകനായ ഹാംനെറ്റ് പതിനൊന്നു വയസ്സില്‍ തന്നെ മരണമടഞ്ഞിരുന്നു. സൂസന്ന, ജൂഡിത്ത് എന്നീ രണ്ടു പെണ്‍കുട്ടികളാണ് പിന്നീട് അദ്ദേഹത്തിന്‍റെ അനന്തരാവകാശികളായി ഉണ്ടായിരുന്നത്. സൂസന്ന 1607-ല്‍ ജോണ്‍ഹാളിനെ വിവാഹം കഴിച്ചു. അവരുടെ മകളായ എലിസബത്ത് തോമസ് നാഷിനെയും അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് ജോണ്‍ ബര്‍നാഡിനെയും വിവാഹം കഴിച്ചു. രണ്ടു ബന്ധങ്ങളിലും അവര്‍ക്കു കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഷേക്സ്പിയറുടെ മറ്റൊരു മകളായ ജൂഡിത്ത് 1616-ല്‍ തോമസ് ക്വയ്നിയെ വിവാഹം കഴിക്കുകയും ആ ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ പിറക്കുകയും ചെയ്തു. ഒരുവയസ്സിലും പതിനൊന്നു വയസ്സിലും പത്തൊമ്പത് വയസ്സിലുമായി ആ കുട്ടികള്‍ മരണമടയുകയായിരുന്നു. 1870-ല്‍ എലിസബത്ത് മരണമടഞ്ഞതോടെ ഷേക്സ്പിയറുടെ വംശാവലി കുറ്റിയറ്റുപോവുകയാണുണ്ടായത്.
എലിസബത്തിന്‍റെ മരണത്തെത്തുടര്‍ന്ന് ഷേക്സ്പിയര്‍ ജന്മഗൃഹത്തിന്‍റെ ഉടമസ്ഥാവകാശം സഹോദരിയുടെ മകനായ തോമസ് ഹാര്‍ട്ടിലേക്കെത്തി. പത്തൊമ്പതാം ശതകത്തിന്‍റെ തുടക്കം (1806) വരെ, 136 വര്‍ഷം അതവരുടെ ഉടമസ്ഥതയില്‍ തുടര്‍ന്നു. തോമസ് കോര്‍ട്ട്, തോമസ് ഹോണ്‍ബി എന്നീ മാംസവ്യാപാരികളാണ് പിന്നീടതിന്‍റെ കൈകാര്യകര്‍ത്താക്കളായി മാറിയത്. അക്കാലമായപ്പോഴേക്കും ഷേക്സ്പിയറുടെ ജന്മഗൃഹം നാശോന്മുഖമായിരുന്നു. മറുഭാഗത്താകട്ടെ അതിനെ സംരക്ഷിക്കാനുള്ള ആഗ്രഹവും ബലപ്പെട്ടുവന്നു. ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ടര്‍ സ്കോട്ട്, തോമസ് കാര്‍ലൈല്‍ തുടങ്ങിയവരെല്ലാം അതില്‍ തല്‍പ്പരരായിരുന്നു. 1846-ല്‍ ഡിക്കന്‍സിന്‍റെ മുന്‍കയ്യില്‍ ഷേക്സ്പിയര്‍ ബര്‍ത്ത് ഡേ കമ്മറ്റി നിലവില്‍ വന്നു. തൊട്ടടുത്ത വര്‍ഷം മൂവായിരം പൗണ്ടിന് ആ സമിതി ഷേക്സ്പിയറുടെ ജന്മഗൃഹം രാഷ്ട്രത്തിന്‍റെ പൊതുസ്വത്ത് എന്ന നിലയില്‍ വിലയ്ക്കു വാങ്ങി ഒരു ട്രസ്റ്റിന് കീഴിലാക്കി. അപ്പോഴേക്കും പഴയ വീടിന് ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. പുതിയ സമിതി അതിനെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. 1762-ല്‍ റിച്ചാര്‍ഡ് ഗ്രീന്‍ തയ്യാറാക്കിയ ഒരു സ്കെച്ചിനെ മുന്‍നിര്‍ത്തി ഒരുനൂറ്റാണ്ടിനിപ്പുറം ഷേക്സ്പിയര്‍ വസതി പഴയ മാതൃകയില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. റിച്ചാര്‍ഡ് ഗ്രീനിന്‍റെ രൂപരേഖയ്ക്ക് ഷേക്സ്പിയറുടെ ജീവിതകാലത്തു നിന്നും ഒന്നര നൂറ്റാണ്ടിന്‍റെ അകലമുണ്ടായിരുന്നു. അതിനു മുന്‍പുള്ള രൂപരേഖകളൊന്നും ലഭ്യമല്ലാത്തതിനാല്‍ അതിനെ ആശ്രയിക്കാനാണ് ബര്‍ത്ത് പ്ലെയ്സ് കമ്മറ്റി തീരുമാനിച്ചത്. ഷേക്സ്പിയര്‍ വസതിയായി ഇന്നു നമുക്കു മുന്നിലുള്ളതും റിച്ചാര്‍ഡ് ഗ്രീന്‍-ന്‍റെ രൂപമാതൃകയെ മുന്‍നിര്‍ത്തി പുനഃസ്ഥാപിച്ച പഴയ ഇരുനില വീടാണ്. ഷേക്സ്പിയര്‍ താമസിച്ചിരുന്ന വീടിനും അതിനുമിടയില്‍ ചില അകലങ്ങലുണ്ടായേക്കും. കാലം അതിന്‍റെ അടയാളങ്ങളൊന്നും അവശേഷിപ്പിച്ചിട്ടില്ലെങ്കിലും!
നാല്
സ്ട്രാറ്റ്ഫോര്‍ഡിലെത്തി അല്പം കറങ്ങിത്തിരിഞ്ഞ് ഷേക്സ്പിയറുടെ വസതിക്കു മുന്നില്‍ ഞങ്ങള്‍ എത്തുമ്പോള്‍ പതിനൊന്നുമണി കഴിഞ്ഞിരുന്നു. ചര്‍ച്ച് സ്ട്രീറ്റ് വരെ വഴിതെറ്റി ഞങ്ങല്‍ നടന്നുകാണണം. അവിടെ നിന്ന് മടങ്ങി ഹെന്‍ലി സ്ട്രീറ്റിലേക്ക് കയറുന്നിടത്തു തന്നെ ചെറിയ തോതിലുള്ള ആള്‍ത്തിരക്കു കണ്ടു. ലോകത്തിന്‍റെ പല കോണുകളില്‍ നിന്നെത്തിയ മനുഷ്യര്‍ വഴികളിലും കഫേകളിലും. ഉച്ചകഴിഞ്ഞാണ് തിരക്കേറുകയെന്ന് മുരളിയേട്ടന്‍ പറഞ്ഞു. വഴിവക്കിലെ കഫേകളിലൊന്നില്‍ കയറി ഞങ്ങള്‍ ചായ കഴിച്ചു. അവിടെയിരുന്ന് പുറത്തെ തെരുവിലേക്കു നോക്കുമ്പോള്‍ കല എന്ന നിത്യവിസ്മയത്തെക്കുറിച്ച് വെറുതെ ഓര്‍ത്തു.
അല്പനേരം അവിടെയിരുന്നതിനുശേഷം ഷേക്സ്പിയര്‍ വസതിക്കു മുന്നിലേക്കു നടന്നു. പുറമേ എത്രയും സാധാരണമായ ഒരു വീട്. പുറമേക്ക് ചെറുതെങ്കിലും പതിനാറാം ശതകത്തില്‍ അതൊരു പ്രൗഢഗൃഹമായിരുന്നു എന്ന് വിവരണങ്ങള്‍ പറയുന്നത് മനസ്സിലോര്‍ത്തു. വസതിക്കുള്ളിലേക്കു കടക്കാനുള്ള വാതിലുകള്‍ താരതമ്യേന ചെറുതാണ്. വീടിനകത്തെ നടവഴികളും. വലിയ ഗവേഷണങ്ങള്‍ക്കു ശേഷമാണ് വീടിനകവും സാധനസാമഗ്രികളുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. വീട്ടിനുള്ളിലെ ഫര്‍ണ്ണിച്ചറുകളും ഇതര സാമഗ്രികളുമെല്ലാം പതിനാറാം ശതകത്തിലേതുപോലെ ക്രമീകരിച്ചിരിക്കുന്നു. വലിയ ഗവേഷണപഠനങ്ങള്‍ക്കു ശേഷമാണ് അവ തയ്യാറാക്കിയിരിക്കുന്നത്. കിടക്കവിരികളും മറ്റു തുണിത്തരങ്ങളുമെല്ലാം പല ഷേക്സ്പിയര്‍ നാടകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടവയുടെ പകര്‍പ്പുകളും അനുകരണങ്ങളും മറ്റുമാണ്. ഷേക്സ്പിയര്‍ പിറന്നുവീണ മുറിയും കട്ടിലുമെല്ലാം അന്നത്തെ സമ്പ്രദായങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. കട്ടിലിനരികിലായി അന്നുപയോഗിച്ചിരുന്ന പാത്രങ്ങളും പ്ലെയ്റ്റുകളും. മുറികളിലെ ജനലുകള്‍ പുറത്തേക്കു തുറക്കുന്നവയാണ്. ഭക്ഷണമുറിയില്‍ മരപ്പലകകൊണ്ടുണ്ടാക്കിയ തീന്‍മേശയും സ്റ്റൂളുകളും. പതിനാറാം ശതകത്തിന്‍റെ പ്രതീതിയെ ഓരോ സ്ഥലവും പരമാവധി കൃത്യതയോടെ പകര്‍ത്തുന്നു. മനുഷ്യവംശത്തിന്‍റെ ഭാവനാചരിത്രത്തെ എത്രയും ആഴത്തില്‍ പണിതെടുത്ത ഒരാളുടെ ഓര്‍മ്മകളെ ചരിത്രത്തിന്‍റെ സഞ്ചാരപഥങ്ങള്‍ പതിഞ്ഞുകിടക്കുന്ന സാധനസാമഗ്രികളിലൂടെ അവ അടയാളപ്പെടുത്തിയിരുന്നു.
ഒരുമണിക്കൂറോളം സമയം ഞങ്ങള്‍ വീട്ടിനകത്തു ചിലവഴിച്ചുകാണണം. ബാര്‍ലോയും മുരളിയേട്ടനും ആ വസതി പലവട്ടം കണ്ടതാണ്. അവര്‍ പുറത്തിറങ്ങിയതിനു ശേഷവും ഞാന്‍ കുറെ നേരം കൂടി അവിടെത്തന്നെ തുടര്‍ന്നു. കുറച്ചു കഴിഞ്ഞ് മുകളിലെ നിലയില്‍ നിന്നും വീടിനു പിന്നിലെ ഉദ്യാനത്തിലേക്ക് ഇറങ്ങി. അവിടെ ഷേക്സ്പിയറുടെ നാടകഭാഗങ്ങളുടെ അവതരണം നടക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരായ നാലുപേര്‍ ഏതോ ഷേക്സ്പിയര്‍ നാടകത്തിന്‍റെ രംഗങ്ങള്‍ അവതരിപ്പിക്കുന്നു. വേഷവിധാനങ്ങളോ പശ്ചാത്തലസജ്ജീകരണമോ ഒന്നുമില്ല. വീടിനു പിന്നിലെ പൂന്തോട്ടത്തിനു നടുവിലെ ചെറിയ സ്ഥലത്ത് മൂന്നുനാലു പേര്‍ ചേര്‍ന്ന് നാടകഭാഗങ്ങള്‍ അരങ്ങേറുന്നു. ഷേക്സ്പിയര്‍ വസതി കാണാനെത്തിയവര്‍ ചുറ്റും കൂടിനില്‍ക്കുന്നുണ്ട്. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്ന് കുറെ നേരം ആ അവതരണം നോക്കിനിന്നു. നല്ല ശബ്ദക്രമീകരണത്തോടെ ഷേക്സ്പിയറുടെ ഭാവനാലോകങ്ങളിലൂടെ അവര്‍ അനായാസം കടന്നുപോകുന്നു. ഏതു നാടകമെന്ന് കൃത്യമായി മനസ്സിലാക്കാനായില്ല. മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം ആണോ എന്ന സംശയം തോന്നിയെന്നു മാത്രം.
നാടകാവതരണം കണ്ട് കുറച്ചുനേരം അവിടെ നിന്നു. പിന്നാലെ തൊട്ടടുത്ത സുവനീര്‍ ഷോപ്പില്‍ കയറി. ഷേക്സ്പിയറുടെ ഓര്‍മ്മകളെ പല പ്രകാരങ്ങളില്‍ രേഖപ്പെടുത്തുന്ന സ്മാരകമുദ്രകള്‍. ടീഷര്‍ട്ടുകളും ചായക്കപ്പുകളും മുതല്‍ പല വലിപ്പത്തിലുള്ള ചിത്രങ്ങളും പുസ്തകങ്ങളും വരെ. ഷേക്സ്പിയര്‍ രചനകളുടെ നാനാതരം സമാഹാരങ്ങള്‍. ഒറ്റപ്പുസ്തകങ്ങള്‍ മുതല്‍ സമ്പൂര്‍ണ്ണ രചനകള്‍ വരെ അതിലുണ്ട്. പല വിലകള്‍. അലങ്കരണത്തിന്‍റെ കമനീയതയാല്‍ ഓരോന്നും മോഹിപ്പിക്കുന്ന വിധത്തില്‍ സുന്ദരമാണ്. ഷേക്സ്പിയര്‍ ഒരു അഭൗമഭംഗിപോലെ അവിടെയെത്തുന്ന ആരെയും വലയം ചെയ്യും. ഒരുപാടു നേരം അവിടെ ചുറ്റിക്കറങ്ങിയാണ് സുവനീര്‍ ഷോപ്പില്‍ നിന്നും ഞാന്‍ പുറത്തുവന്നത്. വിവിധ പ്രമേയങ്ങളെക്കുറിച്ചുള്ള ഷേക്സ്പിയര്‍ ഉദ്ധരണികള്‍ സമാഹരിച്ച ഒരു ചെറിയ പുസ്തകം ഞാനും വാങ്ങി. പ്രണയം മുതല്‍ മരണം വരെ ഷേക്സ്പിയര്‍ ഭാവന സഞ്ചരിച്ച വഴികളെ ഹൃദ്യമായി കോര്‍ത്തുവച്ച ഒരു കൃതി. ഇളം വയലറ്റു നിറത്തില്‍ ആകര്‍ഷകമായി തയ്യാറാക്കിയ പുറം ചട്ട. ഇരുപത് പൗണ്ടോ മറ്റോ ആയിരുന്നു വില. നാട്ടിലെ നിലയ്ക്ക് ഏറിയ വിലയായി തോന്നുമെങ്കിലും അവിടെ എത്രയും സാധാരണം. ഷേക്സ്പിയറുടെ അനശ്വരതയ്ക്ക് എത്രയാവും വില?
ഉച്ചഭക്ഷണം കഴിഞ്ഞാണ് സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്ന് ഞങ്ങള്‍ മടങ്ങിയത്. മടക്കയാത്രക്കിടയില്‍ അല്പം വഴിതിരിഞ്ഞ് വുഡ്സ്റ്റോക്കിലെ ബെനീം പാലസ് കാണാനിറങ്ങി. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വീടാണത്രേ അത്. പാലസ് എന്ന ഔദ്യോഗികപദവി ലഭിച്ച രാജകൊട്ടാരമല്ലാത്ത ഒരേയൊരു വസതി എന്നാണതിന്‍റെ പ്രശസ്തി. പതിനെട്ടാം ശതകത്തിന്‍റെ തുടക്കത്തില്‍ മാല്‍ബെറോയിലെ ഡ്യൂക്കായിരുന്ന വില്യം ചര്‍ച്ചിലിന് യുദ്ധവിജയത്തിന് സമ്മാനമായി ലഭിച്ച ഗൃഹം. മധ്യകാല വാസ്തുകലയുടെ എല്ലാ ആടയാഭരണങ്ങളും പേറിനില്‍ക്കുന്ന പടുകൂറ്റന്‍ കൊട്ടാരം. അല്പനേരം കൊണ്ടുതന്നെ അതെന്നെ മടുപ്പിച്ചു എന്നതാണ് വാസ്തവം. ബാരോക്ക് വാസ്തുശൈലിയുടെയും നിയോ ക്ലാസിക്കല്‍ എണ്ണച്ചായ ചിത്രങ്ങളുടെയും അലങ്കാരസമൃദ്ധിയില്‍ എനിക്ക് മടുപ്പാണ് തോന്നിയത്. അതിസമ്പത്തിന്‍റെ ആര്‍ഭാടശാലപോലൊന്ന്. കലയുടെ വിസ്മയങ്ങളോ പ്രാചീനതയുടെ പ്രൗഢഭംഗിയോ അതില്‍ കാണാനായില്ല. മധ്യകാലപ്രതാപത്തിന്‍റെ അവശിഷ്ടഭംഗികളെന്ന് ആരൊക്കെയോ അതിനെ വിലയിരുത്തുന്നുണ്ടാവണം. കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിലും സമയമെടുത്തു തന്നെ മുഴുവന്‍ നടന്നുകണ്ടു. കൊട്ടാരത്തെക്കാള്‍ എത്രയോ ഭംഗി മുറ്റത്തെ അതിവിസ്തൃതമായ പച്ചപ്പുല്‍പ്പരപ്പിനും പിന്നിലെ നദിയ്ക്കുമുണ്ടായിരുന്നു. മുന്നുമണിക്കൂറോളം അവിടെ ചെലവിട്ടതിനുശേഷം വൈകുന്നേരത്തോടെ അവിടെ നിന്നും മടങ്ങി. അപ്പോഴേക്കും അസ്തമനത്തിന്‍റെ നിഴല്‍ വീണുതുടങ്ങിയിരുന്നു. ഷേക്സ്പിയറുടെ പ്രതിഭയുടെ പ്രകാശം വിദൂരചക്രവാളത്തില്‍ ഒരു വര്‍ണ്ണപ്രപഞ്ചം പോലെ തെളിഞ്ഞുനിന്നു. അതിനു മുന്നില്‍ ബെനീം കൊട്ടാരം മങ്ങി നിന്നു. അല്ലെങ്കിലും ആ മഹാപ്രതിഭയെ ഏതു കൊട്ടാരക്കാഴ്ചയാണ് മറികടക്കുക? ഈസ്റ്റ് ഫിഞ്ച്ലിയിലേക്ക് ഇരുട്ടിലൂടെ കാര്‍ നീങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ആ ചോദ്യമുണ്ടായിരുന്നു.
Be the first to write a comment.