സത്യത്തെ തിരിച്ചറിയിക്കാൻ സഹായിക്കുന്ന അസത്യമാണ് കല എന്നു തുറന്നുപറഞ്ഞ കലാകാരനാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ചിത്രകാരനായ പിക്കാസോ. ചിത്രകലയിലും അതിന്‍റെ ചരിത്രത്തിലും നിരൂപണത്തിലും, പിന്നെ ചിത്രാരാധകരുടെ കാര്യത്തിലും ഇത്രയികം സ്വാധീനം പിക്കാസോയെപ്പോലെ മറ്റൊരു ചിത്രകാരനും സാധിച്ചിട്ടില്ല.
പോസ്റ്റ്-ഇംപ്രഷനിസ്റ്റ് കാലത്തെ തന്‍റെ സ്വതസിദ്ധമായ കഴിവുകളാൽ വിചിത്രവും നൂതനവുമായ പാതയിലൂടെ തിരിച്ചുവിട്ടയാൾ എന്ന നിലയിൽ ഈ സ്പാനിഷ് ചിത്രകാരൻ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.
ഷോർഷ് ബ്രാക്ക് ആണ് തുടങ്ങിവെച്ചതെങ്കിലും ക്യൂബിസത്തിന്‍റെ പ്രണേതാവായി അധികം അറിയപ്പെടുന്നത് പിക്കാസോ തന്നെ. ചെറുപ്പത്തിലേ ഗോയയുടേയും എൽ ഗ്രെക്കോയുടേയും ചിത്രങ്ങളിൽ ആകൃഷ്ടനായിരുന്നു അദ്ദേഹം. സ്പെയിനിലെ അരിഷ്ടത നിറഞ്ഞ ബാല്യ-കൗമാര കാലങ്ങൾക്കു ശേഷം ഫ്രാൻസിലേക്കു കുടിയേറിയ പിക്കാസോയുടെ ചിത്രങ്ങളെ കാലത്തിനനുസരിച്ച് പലതായി തിരിക്കാറുണ്ട്. വിഷാദം നിറഞ്ഞതായിരുന്നു ആദ്യകാല ചിത്രവിഷയങ്ങൾ.
ജീവിത നൈരാശ്യങ്ങളും ദാരിദ്യവുമെല്ലാം അക്കാലത്തെ ചിത്രങ്ങളെ ഏകവർണ്ണാത്മകമായി വരയ്ക്കാൻ പിക്കാസോയെ പ്രേരിപ്പിച്ചിരിക്കണം. നീലയായിരുന്നു വിഷാദത്തിന്‍റെ നിറമായി പിക്കാസോ കണ്ടത്. പിന്നീട്, ജീവിതാവസ്ഥകൾ മെച്ചപ്പെട്ടതോടെ ചിത്രങ്ങളുടെ നിറങ്ങളിലും മാറ്റം വന്നു. ഇളം ചുവപ്പും, പാടല, പിംഗല വർണ്ണങ്ങളും പിക്കാസോയുടെ പ്രത്യാശയുടേതായ കാലത്തെ സൂചിപ്പിക്കുന്നു. അക്കാലത്തുതന്നെയായിരുന്നു ഫെർനാന്ദ് ഒലീവിയർ എന്ന ചിത്രകാരി അദ്ദേഹത്തിന്‍റെ പ്രേയസിയും മോഡലുമൊക്കെയായി മാറുന്നത്. കാമുകഹൃദയത്തിന് ശ്വേതരക്തവർണ്ണങ്ങളോടുള്ള പ്രിയം പറയേണ്ടതില്ലല്ലോ.
തുടർന്ന്, അക്കാലത്തെ പ്രസിദ്ധരായ സെസാൻ, ഗൊഗാൻ, മറ്റീസ് എന്നിവരുമായൊക്കെ അടുത്തിടപഴകുകയും ആ കാലത്തിന്‍റെ പ്രത്യേകതയായിരുന്ന ആഫ്രിക്കൻ ഗോത്രകലാസ്വാധീനം പിക്കാസോയുടെ വരകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു.
പിക്കാസോയുടെ ആദ്യത്തെ മാസ്റ്റർപീസ് 1907ൽ വരച്ച ‘അവിന്യോനിലെ യുവതികൾ ‘ ആയിരിക്കണം. പിക്കാസോയുടെ ആദ്യകാല ക്യൂബിസ്റ്റ് പരീക്ഷണമായിരുന്നു. സാമ്പ്രദായിക ചിത്രരചനാരീതികളേയും കാഴ്ചപ്പാടുകളേയും അമ്പേ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു ഈ ചിത്രം വരയ്ക്കപ്പെട്ടത്. സ്പാനിഷ് ശില്പവേലയുടേയും ആഫ്രിക്കൻ ഗോത്രകലയുടേയും സ്വാധീനങ്ങൾ ഇതിൽ പ്രകടം. വരച്ചയുടനെ, അവിന്യോനിലെ ഗണികാഗൃഹം എന്ന പേരായിരുന്നു പിക്കാസോ മനസ്സിൽ കണ്ടതത്രെ. കണ്ണാടിച്ചീളുകളെന്നോണമുള്ള അടർന്നകന്ന പരന്ന തലങ്ങൾ കൂട്ടിച്ചേർത്ത് അഞ്ചു നഗ്നയുവതികളെ സൃഷ്ടിച്ചിരിക്കുകയാണ് പിക്കാസോ. അതുതന്നെ, ക്യൂബിസത്തിന്‍റെ കാതലും.
ചിലപ്പോൾ, മൺകലക്കഷണങ്ങൾ ചേർത്തുണ്ടാക്കിയ രൂപങ്ങളെപ്പോലെ തോന്നിപ്പിക്കും ഈ സുന്ദരികളെക്കണ്ടാൽ. അഞ്ചുപേരേയും അഞ്ചുതരത്തിലാണ് പിക്കാസോ വരച്ചിരിക്കുന്നത്. വലതുഭാഗത്തു യവനിക നീക്കുന്ന യുവതിയുടെ മുഖത്തിനു ഇരുൾവർണ്ണം. ഒരു കണ്ണിലാണെങ്കിൽ അതിനേക്കാളും കറുപ്പ് നിറയുന്നു. മുഖത്തേക്കാൾ മുലകൾക്കുണ്ടൊരു ജ്യാമിതീയഭാവം. തൊട്ടടുത്തു രണ്ടുകൈകളും പുറകിലേക്ക് കുത്തി നിൽക്കുന്നവൾക്ക് വിടർന്ന കണ്ണുകൾ. ആ സുന്ദരിയുടെ കടുത്ത ആഫ്രിക്കൻ ഛായയും, ഒറ്റപ്പുരികവും ഒരു നിഗൂഢത പകരുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും ഭാവരഹിതയും അവൾ തന്നെ.
അടുത്തുനിൽക്കുന്നവൾക്കാകട്ടെ, കൂടുതൽ പ്രതീക്ഷകളുണ്ട്. നനുത്ത ഒറ്റവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മേനിവടിവുകൾ സുവ്യക്തം. എന്തുകൊണ്ടോ, ജ്യാമിതീയതയുടെ അളവ് ഇവിടെ കുറഞ്ഞുനിൽക്കുന്നു. ഏറ്റവും ഇടതുവശത്തുള്ളവളും ഒരു ശ്യാമസുന്ദരി തന്നെ. മറവില്ലാതെ, പൂർണ്ണമായും ദേഹം ചിത്രീകരിച്ചിട്ടുള്ളത് അവരുടേതു മാത്രം. മൺകലച്ചീളുകളുടെ അതിപ്രസരം ആ ശരീരത്തിനു ദൃഢതയും അധികാരഭാവവും പകരുന്നുണ്ട്. ഇനി കാലുകളകത്തി നിലത്തിരിക്കുന്ന യുവതിയെ നോക്കൂ. വല്ലാത്തൊരു ദൃശ്യാനുഭവമാണവൾ തരുന്നത്. ചിത്രകാരൻ തന്നെ അവളെ വരയ്ക്കുമ്പോൾ പൂർണ്ണമായും മനസ്സിലാക്കിയിരുന്നോ ആവോ എന്നു തോന്നും. മുഖത്താകട്ടെ, വരയിലും ഭാവത്തിലും ദ്വന്ദ്വാത്മകത നിറഞ്ഞു നിൽക്കുന്നു. ഏറ്റവും നഗ്നത അവൾക്കെങ്കിലും ഒട്ടുമതനുഭവപ്പെടാത്തതും അവൾക്കു തന്നെ. കാഴ്ചക്കാരുടെ കണ്ണുകൾ ഏറേപ്പതിയുന്നതും അവളിൽത്തന്നെ. ആ ചൂഴുന്ന കണ്ണുകൾ പരാജയപ്പെടുന്നതും മറ്റെവിടേയുമല്ല. കാമാന്ധതയെ പിച്ചിച്ചീന്തുകയാണോ പിക്കാസോ എന്നുതോന്നും. കപടസദാചാരികൾക്കെതിരായ കലാകാരന്‍റെ വിജയമായിരുന്നോ പിക്കാസോ ഇവിടെ കാംക്ഷിച്ചത്?അവളുടെ മുന്നിലെ കൊച്ചുമേശപ്പുറത്ത് കാമുക സൽക്കാരത്തിനായുള്ള ഫലാദികൾ. ചന്ദ്രക്കലപോലെ കൂർമ്പിച്ച തണ്ണിമത്തൻ കഷണവും, മുന്തിരിക്കുലയും മറ്റുപഴങ്ങളും. ആ മേശക്കു പോലുമുണ്ട് ഒരു വിച്ഛിന്നാവസ്ഥ. പിക്കാസോയുടെ ചിത്രത്തിലെ ഒരോ ഏകകങ്ങളും മറ്റൊന്നിനോടു വിഘടിച്ചു നിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും ഒരു വിദൂരവീക്ഷണം അതിനേയെല്ലാം ഇല്ലാതാക്കും. ഈ ചേരായ്മയിൽ നിന്നും, പിക്കാസോ സൃഷ്ടിക്കുന്ന ചിത്രാനുരൂപ്യമാണ് ആ മഹാനുഭാവനെ എക്കാലത്തേയും ചിത്രകാരന്മാരുടെ മുൻപന്തിയിൽത്തന്നെ നിർത്തുന്നത്.
ഇനി പിക്കാസോ 1921ൽ വരച്ച മൂന്ന് സംഗീതജ്ഞർ എന്ന ചിത്രം പരിശോധിക്കാം. സാമാന്യം വളരെ വലിയൊരു ചിത്രമാണിത്. രണ്ടുമീറ്ററിലേറെ പൊക്കവും വീതിയും. ന്യൂയോർക്കിൽ വെച്ച് ഈ ചിത്രം നേരിട്ടു കണ്ടപ്പോൾ അതിന്‍റെ വലിപ്പവും വർണ്ണകേളിയും മന:പൂർവ്വമായ സൃഷ്ടിച്ച രൂപാവതരണങ്ങളും ശ്രദ്ധിച്ച് ഞാൻ ഏറെ നേരം ഇതിനു മുന്നിൽ ഇരുന്നുപോയിട്ടുണ്ട്. പൊതുവെ ഇതിനെ സിന്തറ്റിക് ക്യൂബിസം എന്നാണ് പറയുക. അതായത് കടലാസ് കഷണങ്ങൾ വെട്ടിയൊട്ടിച്ചപോലൊരു ചിത്രം. ഏതാണ്ടൊരു ജിഗ്സോ പസ്ൽ പോലെ ഒരു കൊലാഷ്. ഈ ചിത്രത്തിൽ കടുത്ത വർണ്ണത്തിലുള്ളതും കുറേയൊക്കെ അമൂർത്തവുമായ മൂന്നു ദ്വിമാനരൂപങ്ങൾ പെട്ടിയിലിട്ടടച്ചപോലുള്ള ഒരു സ്ഥലത്ത് നിൽക്കുകയാണ്. അവർ സംഗീതജ്ഞരാണെന്നാണ് വെപ്പ്. ഇടത്തേയറ്റത്തേയാൾ നാഗസ്വരം പോലൊരു കുഴൽവാദ്യം വായിക്കുന്നു. നടുവിലെയാളുടെ കൈയ്യിൽ ഗിത്താർ. ഇനി മൂന്നാമത്തെയാളാകട്ടെ ഗീതങ്ങൾ പകർത്തിയ കടലാസുകൾ പിടിച്ചിരിക്കുന്നു.
ഇറ്റാലിയൻ വിദൂഷകവേഷങ്ങളായ പിയെറോയും ഹാർലെക്വിനുമാണ് സംഗീതോപകരണങ്ങൾ വായിക്കുന്നവർ എന്നാണ് പൊതുവെയുള്ള അഭിപ്രായം. മൂന്നാമത്തേയാൾ ഒരു പുരോഹിതനും. പക്ഷെ, ഇവരെ വേറെയായും സങ്കല്പിക്കുന്നവരുണ്ട്. അതായത്, അത് പിക്കാസോയും അദ്ദേഹത്തിന്‍റെ കവിസുഹൃത്തുക്കളായ അപ്പോലിനേറും മാക്സ് ജേക്കബുമാണത്രെ. പിക്കാസോ സത്യത്തിൽ എന്തുദ്ദേശിച്ചോ എന്തോ? എന്തായാലും നടുവിലത്തേയാൾ തന്നെ പിക്കാസോ എന്നു കരുതാം. കാരണം അയാളുടെ വസ്ത്രത്തിൽ സ്പാനിഷ് ദേശീയ നിറങ്ങൾ ഇടകലരുന്നുണ്ട്. പിന്നെ, ഗിത്താറാകട്ടെ തീർത്തും ഒരു സ്പാനിഷ് ഉപകരണം തന്നെ. വേണമെങ്കിൽ, ദേശീയതയുടെ പ്രദർശനം എന്നൊക്കെപ്പറഞ്ഞാലും തെറ്റില്ല. സൂക്ഷിച്ചുനോക്കിയാൽ, പിയെറോയുടെ മുന്നിലെ മേശയ്ക്കടിയിൽ ഒരു ഭീമൻ നായയെ കാണാം. സംഗീതജ്ഞരെ പോലെ പരന്നു, നിലംപറ്റിയ രോമാവൃതനായ ശ്വാനൻ. പിക്കാസോയുടെ ശുനകപ്രേമം പ്രസിദ്ധമാണല്ലോ.
ഇവരിരിക്കുന്ന പെട്ടിമുറിയുടെ പിൻചുമർ ഇരുവശത്തും വെവ്വേറെ തലത്തിലാണ്. വലതുവശത്ത് അത് മുന്നോട്ട് കയറിക്കിടക്കുന്നു. മന:പൂർവ്വമായി സൃഷ്ടിച്ച വിഭ്രമം തന്നെ. എങ്കിലും അത്തരം പ്രശ്നങ്ങളൊന്നും തന്നെ സംഗീതജ്ഞരില്ല. അവരൊറ്റക്കെട്ടാണ്. സംഗീതം അവർക്കിടയിലൂടെ അലയടിച്ചുയരുന്നുണ്ടാവണം. അവരിലോരോരുത്തരും ചിത്രത്തിൽ എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നു പറയാനാവില്ല. അത്രമാത്രം ഏകതാനത ചിത്രകാരൻ അവർക്ക് സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്.
പിക്കാസോയ്ക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. അവരാണ് ഏറ്റവും മികച്ച ചിത്രകാരന്മാർ/രികൾ എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ, ഈ ചിത്രത്തിൽ തന്‍റെ ആശയത്തെ കുട്ടികളുടെ കണ്ണുകളിലൂടെ കാണുകയായിരിക്കാം. സംഗീതജ്ഞരുടെ കൈകളുടെ ചിത്രണത്തിൽ ആ കുട്ടിത്തം തുളുമ്പുന്നുണ്ട്. എന്നെ ഈ ചിത്രത്തിൽ ഏറ്റവും ആകർഷിച്ച ഭാഗവും അതു തന്നെ.
കൃത്യമായ രാഷ്ട്രീയ ചിന്തകളുണ്ടായിരുന്ന, അതേസമയം ആ ചിന്തകളെ തന്‍റെ കലാമാധ്യമത്തിലൂടെ പൊതുജനസമക്ഷം വെച്ച കലാകാരനായിരുന്നു പിക്കാസോ
നാത്സി ജർമ്മനി ജനറൽ ഫ്രാങ്കോയ്ക്കു വേണ്ടി ഗ്വേർനിക്ക പട്ടണം ബോംബിട്ടു തകർത്തപ്പോൾ പിക്കാസോ അതിബൃഹത്തായ കാൻവാസിലൂടെ പ്രതികരിക്കുകയും അത് വിശ്വചിത്രകലയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തത് നമുക്കറിയാം.
അതുപോലെ, ലോകമഹായുദ്ധം കഴിഞ്ഞയുടനെ കൊറിയയിൽ അരങ്ങേറിയ അമേരിക്കൻ അധിനിവേശവും അതിക്രൂരമായ നരഹത്യകളും പിക്കാസോയുടെ ഹൃദയത്തെ പൊള്ളിച്ചു. 1950ൽ ഇരുകൊറിയൻ സൈന്യങ്ങളും അമേരിക്കക്കാരും സിൻചോനിൽ തുടർച്ചയായി നടത്തിയ പൈശാചികമായ കൂട്ടക്കൊലകളെ വിഷയമാക്കി മഹാനായ ആ ചിത്രകാരൻ വരച്ച ചിത്രമായിരുന്നു ‘ കൊറിയയിലെ കൂട്ടക്കുരുതി ‘. സിൻചോനിലെ പെരുംകൊലകൾക്കു പിന്നിൽ കമ്മ്യൂണിസ്റ്റുവിരുദ്ധരായിരുന്നല്ലോ. അതുകൊണ്ടുതന്നെ, പിക്കാസോയുടെ മേൽ കമ്മ്യൂണിസ്റ്റ് ചായ് വിന്‍റെ ആരോപണം വെച്ചുകെട്ടപ്പെടാൻ താമസമുണ്ടായില്ല. ഇവിടെ 1808 മെയ് 3 എന്ന ഗോയച്ചിത്രത്തിനോടുള്ള സാമ്യം എടുത്തു പറയേണ്ടതാണ്.
ഗ്വേർനിക്കയുടെ ചുവടുപിടിച്ചു തന്നെയാണ് ഈ യുദ്ധവിരുദ്ധചിത്രവും വരച്ചിട്ടുള്ളതെങ്കിലും അത്രത്തോളം സങ്കീർണ്ണമല്ല ഇതിലെ രീതിയും പ്രതിപാദനവും. തോക്കിനു മുന്നിലൊടുങ്ങുന്ന നിരപരാധികളായ സാധാരണ ജനങ്ങൾക്കു വേണ്ടി വേദനിക്കുന്ന പിക്കാസോയെ നമുക്കിവിടെ കാണാം. ജനപക്ഷത്തിലൂന്നുമ്പോഴാണല്ലോ പൊതുവേ കമ്യൂണിസ്റ്റ് എന്ന വിമർശനങ്ങൾ ഉയർന്നു വരാറ്. തീർത്തും എക്സ്പ്രഷനിസനത്തിലൂന്നിയുള്ള ചിത്രീകരണമാണിതിൽ. ഇവിടെ ഗോയയുടെ ചിത്രത്തിലേതുപോലെ രണ്ടു ഭാഗങ്ങളുണ്ട്. അക്രമികളുടേയും ഇരകളുടേതുമായ രണ്ടു മനുഷ്യനിരകൾ. അകാരണവും ഒരിക്കലും ന്യായീകരിക്കാനാവാത്തതുമായ ഹത്യകൾക്കെതിരെയുള്ള ഉറച്ച നിലപാടു തന്നെയാണ് ഈ വ്യത്യസ്തനിരകൾ. വളരെ ശ്രദ്ധാപൂർവ്വമാണ് ഇരുവശത്തേയും വികാരഭാവഹാദികൾ പിക്കാസോ ഒപ്പിയെടുത്തിരിക്കുന്നത്. സാധുജീവിതങ്ങളൊടുക്കുന്ന വിനാശകാരികൾ തന്നെ, ഈ ആക്രമണകാരികൾ. അവരിൽ കല്പിച്ചിരിക്കുന്ന യന്ത്രമനുഷ്യസമാനത വെറുതെയല്ല. മനുഷ്യസഹജമായ മൃദുഭാവങ്ങൾ നഷ്ടപ്പെടാത്ത ആർക്കെങ്കിലും സ്വയം തോക്കും കത്തിയുമായി മാറാവാനാവുമോ? മുന്നിൽ നിൽക്കുന്നത് നിരായുധരായ അമ്മമാരും കൊച്ചുകുഞ്ഞുങ്ങളും ഗർഭിണികളുമാണെന്ന് തിരിച്ചറിയാത്തവർ എങ്ങനെ മനുഷ്യരാകും.
അതു കൊണ്ടു തന്നെ ഈ അക്രമിപ്പടയുടെ യന്ത്രക്കാലുകളും മുന്നോട്ടു തുറിച്ചു നിൽക്കുന്ന തോക്കിൻ കുഴലുകളും കവചിതശിരസ്സുകളുമൊക്കെ ചേർന്നാൽ, തകർത്തെറിയാൻ ഒരുങ്ങി നിൽക്കുന്ന, ഒരു വമ്പൻ നിഷ്ഠുരശകടം തന്നെ. അക്രമികളെല്ലാം ആണുങ്ങളും ഇരകൾ കുട്ടികളും സ്ത്രീകളുമാവുമ്പോൾ ഈ ചിത്രത്തിന് മറ്റൊരുമാനം കൂടി പിക്കാസോ വരച്ചിടുന്നുണ്ട്. പുരുഷരായി സങ്കല്പിക്കപ്പെടുന്ന തോക്കുധാരികൾക്കൊന്നും ലിംഗമില്ലെന്നത് വെറുതെയല്ല. എക്കാലവും ലൈംഗിക ഇരകളുടെ നേരെ ചൂണ്ടപ്പെടുന്ന ദുഷ്ടലിംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിലെ തോക്കിൻ കുഴലുകൾ.
ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍:
ചിത്രം | അവിന്യോനിലെ
യുവതികൾ
|
മൂന്ന്
സംഗീതജ്ഞർ
|
കൊറിയയിലെ കൂട്ടക്കുരുതി
|
വർഷം | 1907
|
1921
|
1951
|
മാധ്യമം | കാൻവാസിലെ
എണ്ണച്ചായം
|
കാൻവാസിലെ
എണ്ണച്ചായം
|
പ്ലൈവുഡിലെ എണ്ണച്ചായം
|
വലിപ്പം
|
244 X 234 സെ.മീ |
201x 223 സെ.മീ
|
110 x 210 സെ.മീ
|
പ്രദർശിപ്പി
ച്ചിരിക്കുന്ന സ്ഥലം |
മോഡേൺ
ആർട്ട് മ്യൂസിയം, ന്യൂയോർക്ക് |
മോഡേൺ
ആർട്ട് മ്യൂസിയം, ന്യൂയോർക്ക്.
|
പിക്കാസോ മ്യൂസിയം,
പാരീസ്
|
Be the first to write a comment.