തൊണ്ണൂറുകളോടെ, മുഖ്യധാരാ മലയാള സിനിമ നിർമ്മിച്ചുണ്ടാക്കി, വ്യവസ്ഥാവൽക്കരിച്ച മനകളുടെയും നല്ല മലയാളം എന്ന് മഹത്വവത്ക്കരിക്കപ്പെട്ട വള്ളുവനാടൻ ഭാഷാഭേദത്തിന്റെയും കേരള സാരി/കസവു മുണ്ടുകളുടെയും തമ്പുരാന്മാരുടെ തിരിച്ചുവരവുകളുടെയും അവരുടെ ഉത്സവം പുനരാരംഭിക്കലുകളുടെയും കേരളപ്രതീതിയെ പുതിയ കാലത്തെ സിനിമ കീഴ്‌മേൽ മറിച്ചിരിക്കുന്നു. ലോകം മനകളല്ല ഭായ് എന്ന ആഷിക്ക് അബുവിന്റെ ഉറച്ച പ്രസ്താവന മുതൽ, സന്ദേശത്തിലൊരു സന്ദേശവുമില്ല എന്നും വരവേൽപ്പ് ഇഷ്ടമില്ല എന്നുമുള്ള ശ്യാം പുഷ്‌ക്കരന്റെ തുറന്നു പറച്ചിൽ വരെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതും മലയാള സിനിമാ വിചാരങ്ങളിലേക്ക് ശുദ്ധവായു കടന്നു വരുന്ന രീതികളും നമ്മെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ദശകങ്ങൾ നീണ്ടു നിന്ന സൂപ്പർ താരാധികാരപരവും ആണധികാരപ്രമത്തവും ആയ തമ്പുരാൻ വാഴ്ചയെ കളിയാക്കിയും കല്ലെടുത്തെറിഞ്ഞും കൂക്കി വിളിച്ചും വഴി മാറി നടക്കുന്നവരാണ് ഈ ന്യൂജെൻ പിള്ളേർ. ആ  പ്രക്രിയയിൽ അവർക്ക് അല്ലറ ചില്ലറ (ചിലപ്പോഴൊക്കെ ഗുരുതരവുമായ) പിഴവുകളൊക്കെ സംഭവിക്കുന്നുണ്ടാവും. അതു കൊണ്ടു മാത്രം അവരുടെ വഴി തിരിച്ചുവിടലുകൾ പാഴാകുന്നില്ല. അതിനു നാം പിന്തുണ കൊടുത്തേ തീരൂ. അതേ സമയം, അവരുടെ സിനിമകളെ സംബന്ധിച്ച് സാമാന്യവും സൂക്ഷ്മവുമായ വിശകലനങ്ങളും വിമർശനങ്ങളും നടത്താൻ പഴയ തലമുറക്കാരും പുതുക്കക്കാരും ആയ നിരൂപകരും സാധാരണ ജനങ്ങളും നടത്തുന്ന പരിശ്രമങ്ങളെയും സഹിഷ്ണുതയോടെയും ക്ഷമയോടെയും അഭിമുഖീകരിക്കേണ്ടതുമുണ്ട്. അതേ സമയത്തു തന്നെ, നവമാധ്യമങ്ങളുടെ ഉടനടി പ്രതികരണങ്ങൾ വ്യാപകമായ സാഹചര്യം സൃഷ്ടിക്കുന്ന പുകമറകളും അതിശയോക്തികളും കാര്യങ്ങളെയും നിലപാടുകളെയും അവധാനതയോടെ സമീപിക്കാനാവാത്ത വിധത്തിൽ സാമാന്യ ബോധം നമ്മെ പൊതിയുന്ന സ്ഥിതിയുമുണ്ട്. മുതിർന്ന നിരൂപകനായ ഡോ. സി എസ് വെങ്കിടേശ്വരന്റെ അവലോകനത്തോടു  വരെ അസഹിഷ്ണുത പ്രകടിപ്പിക്കപ്പെടുന്നത് ആശാസ്യമാണെന്നും കരുതുന്നില്ല. എഡിറ്റർ അപ്രത്യക്ഷമായതോടെ, എല്ലാവർക്കും സമചിത്തത നഷ്ടമാകുന്നതും സൂക്ഷ്മതയോടെ കാര്യങ്ങളെ സമീപിക്കാനും പരാമർശിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നുണ്ടെന്നതും പറയാതിരിക്കാനാവില്ല.

നാലുകെട്ടുകളിലൂടെ പ്രോത്സാഹിപ്പിക്കപ്പെട്ട ഭൂതകാലാഭിരതി മുതൽ കോൺക്രീറ്റ് കൂടാരങ്ങളും ഡിസൈനർ വാഹനങ്ങളും കൊണ്ട് മോഹിപ്പിക്കുന്ന കോർപ്പറേറ്റ് അഭിരുചികൾ വരെ പ്രേക്ഷകരെ മോഹന സുന്ദര സ്വപ്ന ലോകത്തേക്ക് ഒളിച്ചുകടത്തി. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുകയോ അഥവാ അതിലേക്ക് തുറന്നു വിട്ടുകൊണ്ട് അനാഥമാക്കുകയോ ആണ് കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള ഒരു സിനിമയിലൂടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും സംവിധായകൻ മധു സി നാരായണനും ചെയ്യുന്നത്. തൊണ്ണൂറുകളോടെ മലയാള സിനിമയെ മലയാളിത്തം എന്നും കേരളീയത എന്നുമുള്ള വിശേഷണങ്ങളോടെ കൊണ്ടു ചെന്നു കുറ്റിയിട്ട ഷൊറണൂരു സ്വദേശമായുള്ള വ്യക്തിയാണ്  മധു സി നാരായണൻ എന്ന വസ്തുതയും കുമ്പളങ്ങി നൈറ്റ്‌സ് കാണുമ്പോഴുണ്ടാകുന്ന നമ്മുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നുണ്ട്.  ചുമരുകൾ ചെത്തിത്തേക്കാത്തതും വാതിലുകളും ജനാലകളും പിടിപ്പിക്കാത്തതും എന്ന്/എപ്പോൾ/എപ്രകാരം/എങ്ങിനെ പൂർത്തീകരിക്കുമെന്ന് യാതൊരു നിശ്ചയമില്ലാത്തതുമായ അച്ഛനമ്മമാർ ഇല്ലാത്ത വീടാണ് (അഥവാ വീടല്ലാത്ത വീട്) കുമ്പളങ്ങി നൈറ്റ്‌സിലെ നായകന്മാരുടെ വാസസ്ഥലം. നാലു  ആൺമക്കൾ, അതും കുടുംബമരം വരക്കേണ്ട വിധത്തിൽ അഛന്റെ മകനും അമ്മയുടെ മകനും പിന്നെ അച്ഛന്റെയും അമ്മയുടെയും മക്കളും എന്നിങ്ങനെ അവരാൽ നിർമ്മിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെട്ട, അനാഥത്വത്താൽ ബന്ധിക്കപ്പെട്ട നാലുപേരാണവർ.

പല തന്തക്കു പിറന്നവർ അല്ലെങ്കിൽ തന്തക്കു പിറക്കാത്തവൻ എന്നതൊക്കെ, നമ്മുടെ സിനിമയുടെ സ്ഥിരം അധിക്ഷേപനിഘണ്ടുവിലെ പ്രയോഗങ്ങളാണ്. കുമ്പളങ്ങി നൈറ്റ്‌സിൽ തന്റെ കാമുകനായ ബോബിയെ (ഷൈൻ നിഗം) ക്കുറിച്ച് ഇത്തരമൊരാക്ഷേപം ഉയരുമ്പോൾ കാമുകിയായ ബേബിമോൾ (അന്ന ബെൻ) പറയുന്നത്, പല തന്തക്കു പിറക്കുന്നത് ടെക്‌നിക്കലായി പൊസിബിളല്ല എന്നാണ്. നാടുവാഴിത്ത-ജാത്യധീശത്വ കാലത്ത് ബ്രാഹ്മണരിൽ താഴെയുള്ള  ജാതികളിൽ പെട്ട സ്ത്രീകളെ അതിനായി നിശ്ചയിക്കപ്പെട്ട ക്രമങ്ങളനുസരിച്ച് മേൽ ജാതിയിലുള്ളവർക്ക് പ്രാപിക്കാമായിരുന്നു. ഇതിനെ ദാമ്പത്യം, വിവാഹബന്ധം എന്നതിനു പകരം സംബന്ധം എന്ന പേരിലാണ് കേരള സമൂഹം വിളിച്ചിരുന്നത്. പിന്നീട് ഇന്ന് പരിചയമുള്ള തരത്തിൽ ഏക പതീ-പത്‌നിവ്രത ദാമ്പത്യം, അതും അതാത് ജാതിക്കകത്ത് നാട്ടു നടപ്പായപ്പോൾ, തൊട്ടു മുൻ കാലത്തെ ആളുകളെ; അതായത് പുതിയ കാലത്തെ കുട്ടികളുടെ അച്ഛനമ്മ, അമ്മാമൻ തലമുറയിൽ പെട്ടവരെ വിശേഷിപ്പിക്കാനാണ് തന്തയില്ലാത്തവൻ (ൾ), പല തന്തക്കു പിറന്നവൻ (ൾ) എന്നൊക്കെ അധിക്ഷേപം പ്രചാരത്തിലായത്. അതായത്, തങ്ങൾ യഥാർത്ഥവും വിശുദ്ധ-പരിശുദ്ധവും ആയ സദാചാരം നേടിയെടുത്തിരിക്കുന്നു എന്നും അതാണ് ശാശ്വതം എന്നും പ്രഖ്യാപിച്ചുറപ്പിക്കുന്നതിനു വേണ്ടിയാണ് തൊട്ടു മുൻ തലമുറയിൽ പെട്ടവരടക്കമുള്ള അപരരെ ഈ അധിക്ഷേപത്തിലൂടെ അപഹസിച്ചിരുന്നത്. ഭാഷയിലെ ഈ സദാചാര മർദനത്തെയാണ് ഒറ്റ മറുപടിയിലൂടെ കുമ്പളങ്ങി നൈറ്റ്‌സ് ചവറ്റുകുട്ടയിലിടുന്നത്.

ടൂറിസവും ചവറുകളൊഴുകിയെത്തലും തീട്ടപ്പറമ്പും അച്ഛനമ്മമാരില്ലാത്ത ആൺവീടും ചുറ്റും പരക്കുന്ന കായലും മീൻപിടുത്തവും ഹോം സ്‌റ്റേയും എല്ലാമായി ശരാശരി മധ്യവർഗ മലയാളി അപരത്വം കല്പിച്ച ഭൂഭാഗവും ജീവിത സംസ്‌ക്കാരവുമാണ് കുമ്പളങ്ങി നൈറ്റ്‌സ് രേഖപ്പെടുത്തുന്നത്. പേരൻപിൽ വിഭിന്നശേഷിയുള്ള മകളെ നോക്കാനും പരിചരിക്കാനും ഉള്ള ജോലി അച്ഛനെ ഏൽപ്പിച്ച് അമ്മ മറ്റൊരു വിവാഹം കഴിക്കുന്നതു പോലെ, കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ മക്കളെ അവരുടെ പാട്ടിനു വിട്ട് ദൈവ (സുവിശേഷ) വഴിയിലേക്ക് പോകുന്നുണ്ട്. അമ്മയുടെ പോക്കിനെ, ബോബി വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്: നീ ഒരു കാര്യം ശ്രദ്ധിച്ചോ, അവരുടെ കിളി പോയിക്കിടക്കാണ്. ദൈവം അവരുടെ കിളിയേം കൊണ്ട് പോയിന്നാണ് തോന്നണത്. വിവേകത്തിനും വകതിരിവിനുമുള്ള പുതുകാല പദമായ കിളി എന്നത്  മനോഹരമായി സ്വന്തം ജീവിതത്തിൽ തന്നെ പ്രയോഗിച്ചു നോക്കുകയാണ് ഈ കഥാപാത്രം. കൃത്യമായ അച്ഛനും അമ്മയും രക്ഷാകർത്താക്കളാകുന്ന ദാമ്പത്യത്തിനകത്തെ സദാചാരക്കുഞ്ഞുങ്ങളാണ് കുലപുരുഷന്മാരും കുലസ്ത്രീകളുമാകുന്നത് എന്ന ഗതാനുഗതികത്വത്തെയാണ് ഇവിടെ പൊളിച്ചടുക്കുന്നത്.

അച്ഛൻ എന്നത് മകൾക്ക് ചിലപ്പോൾ എത്രമാത്രം അപകടകരമായ ഒരു സാമീപ്യമായിത്തീരാൻ സാധ്യതയുണ്ട് എന്ന യാഥാർത്ഥ്യം പല വാർത്തകളിൽ നിന്നും കേരളീയർക്ക് ബോധ്യപ്പെട്ടുകഴിഞ്ഞതാണ്. സുരക്ഷിത കുടുംബം എന്ന പുറം മോടിയോടു കൂടിയ സംവിധാനം അതിനകത്തു തന്നെയുള്ളവർക്ക്, പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക് എത്രമാത്രം മാരകമായ മർദ്ദന ഭരണഘടനയാണ് നിശ്ചയിച്ചു വെച്ചിരിക്കുന്നത് എന്നതിന്റെ നിരവധി വിശദാംശങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സിലുള്ളത്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുന്ന തീൻ മേശ എന്നത് മർദ്ദനത്തെയും പരപീഡനരതിയെയും (സാഡിസം)  നിർവഹിപ്പിച്ചെടുക്കുന്നതിനുള്ള ഒരു സ്ഥല/സംസ്‌ക്കാര രാശിയായി ഇവിടെ മാറുന്നുണ്ട്. പുതുക്കല്ല്യാണം കഴിഞ്ഞ് ചിറ്റപ്പന്റെ വീട്ടിൽ ഭർത്താവ് ഷമ്മിയോടൊത്ത് സിമ്മി(ഗ്രേസ് ആന്റണി)യുടെ കുടുംബം (അവളും അനിയത്തി ബേബിമോളും അമ്മയും) വിരുന്നിനെത്തുന്നത് നോക്കുക. വൈകീട്ട് ചിറ്റപ്പന്റെ വീട്ടിൽ വിരുന്നിന് പോണം എന്ന സിമ്മിയുടെ മസൃണമായ ഓർമ്മപ്പെടുത്തലിനെ വരെ പരിഹാസച്ചിരിയോടെയാണ് ഷമ്മി നേരിടുന്നത്. തനിക്ക് ഏറെ ഗൗരവമുള്ള ജോലിയാണുള്ളതെന്നും  കുടുംബവിരുന്ന് പോലുള്ള നിസ്സാരതകൾക്ക് വേണ്ടി അതിനെ വെട്ടിച്ചുരുക്കാനാവില്ലെന്നും അയാൾ ഉറച്ച് പ്രഖ്യാപിക്കുന്നുണ്ട്.  കുട്ടികളുടെ അയൽപ്പറമ്പിലെ പന്തുകളിയോടയാളെടുക്കുന്ന കർശന സമീപനവും സമാനമാണ്. ചിറ്റപ്പന്റെ വീട്ടിലെ തീൻമേശയിലെത്തുമ്പോഴാണ്, ചിറ്റപ്പൻ (ബൈജു ജോൺസൺ) നല്ലൊരു കുക്കാണെന്ന്  അയാളും മറ്റുള്ളവരും പറയുന്നത്. ഇതിനു പുറകെയാണ് നമ്മളൊക്കെ ഒരേ തൂവൽപ്പക്ഷികളാണെന്ന് ചിറ്റപ്പൻ, ഷമ്മിയെ സൂചിപ്പിച്ച്  വിശദീകരിക്കുന്നത്. അതായത്, തങ്ങൾ രണ്ടു പേരും ആ ഗ്രാമത്തിലെ വരത്തന്മാരാണെന്നും ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കിയവരാണെന്നുമാണ് ചിറ്റപ്പൻ സൂചിപ്പിച്ചത്. അങ്ങിനെയല്ല,  ഒന്നു രണ്ടു തൂവലുകൾ വ്യത്യാസമുണ്ട്, ഞാൻ മാന്യമായ ഒരു പണിക്കു പോകുന്നുണ്ട് എന്ന് ഷമ്മി, പുറത്തു ജോലിക്കു പോകാത്ത ചിറ്റപ്പനെ അടിച്ചിടുന്നു. എന്നാലപ്രകാരം പുറത്തു ജോലിക്കു പോകാത്ത സ്ത്രീകളെയാരെയും അയാൾ ഭർത്സിക്കുന്നുമില്ല. അത് ‘സ്വാഭാവികത’യാണല്ലോ? യഥാർത്ഥത്തിൽ പെണ്ണുലകമായിരുന്ന ആ വീടിനെയും കുടുംബത്തെയും തന്റെ അധീനതയിലാക്കി ആണുലകമാക്കി പ്രത്യക്ഷപ്പെടുത്തുകയാണ് ഷമ്മി ചെയ്യുന്നത്. ഇതിന്റെ മറ്റൊരു തുടർച്ചയാണ്, ഷമ്മിക്ക് ചൂടുള്ള പൂരി കഴിക്കാനാഗ്രഹമുണ്ടെന്ന് പറഞ്ഞതിന്റെ പിന്നാലെ കാലത്ത് അയാൾക്കുള്ള പൂരി ഭാര്യ സിമ്മിയും അവളുടെ അനിയത്തി ബേബിയും ചേർന്നുണ്ടാക്കുകയും അമ്മ അത് വിളമ്പുകയും ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്നത്. ആദ്യം അമ്മ ഇരിക്ക്, എന്നു പറഞ്ഞ് അടുത്ത കസാരയിലവരെ പിടിച്ചിരുത്തുന്ന ഷമ്മി ഒരു കസാര മാറി തീൻ മേശയുടെ തലസ്ഥാനത്തേക്ക് മാറിയിരിക്കുന്നു. ഈ മാറിയിരിക്കലിൽ രണ്ടു ജെസ്റ്ററുകളാണുള്ളത്. ഒന്ന്,  അമ്മായിയമ്മ അമ്മയുടെ സ്ഥാനത്താണുള്ളതെങ്കിലും സ്ത്രീയെന്ന നിലയിൽ താൻ അവരുടെ തൊട്ടടുത്തിരിക്കുന്നില്ല എന്ന് കാണിച്ച് തന്റെയും അതിലൂടെ കുടുംബത്തിന്റെയും സദാചാര പരിശുദ്ധിയും തന്റെ രക്ഷാകർതൃത്വപദവിയും ഉറപ്പിച്ചെടുക്കുന്നു. അതോടൊപ്പം, ഈ തീൻ മേശയെ തന്റെ സദാചാര/ ധാർമിക നിയമങ്ങൾ അടിച്ചേൽപ്പിച്ചു നടപ്പിൽ വരുത്താനുള്ള  ഒരു മർദനപ്പലകയായി അയാൾ പരിണമിപ്പിക്കുന്നു. വീട്ടിലെല്ലാവരും/കുടുംബത്തിലെല്ലാവരും ഒന്നിച്ചിരുന്ന് ഒരേ സമയത്ത് വേണം ഭക്ഷണം കഴിക്കാനെന്നുള്ള ഗീർവാണങ്ങളും ഉപദേശങ്ങളും വനിതാമാസികകളിലൂടെയും കൗൺസലിംഗ് ക്ലാസുകളിലൂടെയും നാം വേണ്ടത്ര ശ്രവിച്ച് ബോധ്യപ്പെട്ടു കഴിഞ്ഞു. ചിലർ ടിവി നോക്കിയും ചിലർ ഗെയിം കളിച്ചും ചിലർ ഫോൺ നോക്കിയും ചിലർ ഫോണിൽ സംസാരിച്ചും ചിലർ പാത്രം കൈയിൽ പിടിച്ചും ചിലർ പാത്രത്തിനകത്ത് കൈയിട്ടു വാരിയും ചിലർ നിലത്തിരുന്നും ചിലർ അടുക്കളയിൽ ഇരുന്നോ നിന്നോയും ഭക്ഷണം കഴിക്കുന്ന ശീലം കുടുംബഭദ്രതക്ക് നല്ലതല്ലെന്നുള്ള ഉപദേശ-മർദനങ്ങളാണ് ആധുനിക വിശുദ്ധ കുടുംബത്തിന്റെ മാനിഫെസ്റ്റോ നിർമ്മിക്കുന്നത്. എന്നാലത്തരമൊരു തീൻമേശ, വിശുദ്ധ കുടുംബത്തിനകത്ത് അധികാരം പിടിച്ചെടുക്കുന്ന ആൺപ്രമാണിക്ക് സ്വയം വിളയാടാനുള്ള ഒരു മർദ്ദനപ്പലക മാത്രമായിരിക്കുമെന്ന ചരിത്ര-വർത്തമാന യാഥാർത്ഥ്യം കുമ്പളങ്ങി നൈറ്റ്‌സ് വിളിച്ചു പറഞ്ഞിരിക്കുന്നു.

സുരക്ഷിത വീട് അഥവാ വിശുദ്ധ കുടുംബം എന്ന നമ്മുടെ ലക്ഷ്യം, ആൺ പ്രമാണിക്ക് നായകനാവാനുള്ള എന്നാൽ സത്യത്തിൽ വില്ലത്തരം പ്രയോഗിക്കാനുമുള്ള ഒരു പുകപ്പുരയാണെന്ന കാര്യമാണിവിടെ പുറത്തു വരുന്നത്. ഇവിടെയും സുരക്ഷിത വീട്ടിനകത്തു തന്നെ വില്ലനുള്ള കാര്യമാണ് രണ്ടാം പകുതിയിൽ കുടുതൽ കൂടുതൽ വ്യക്തമായി തെളിയുന്നത്. ഹിറ്റ്‌ലർ സിനിമയിലെന്നതു പോലെ ആൺപ്രമാണിത്തത്തിന്റെയും സദാചാര രക്ഷാകർതൃത്വത്തിന്റെയും നായകത്വമായി ഷമ്മി ബലിഷ്ഠനാകുന്നു. എ കംപ്ലീറ്റ് മാൻ എന്ന റെയ്മണ്ട്‌സിന്റെ പരസ്യവാചകം സ്വന്തം ശരീരം കണ്ണാടിയിൽ നോക്കി വിലയിരുത്തുന്ന ആത്മരതിക്കാരനാണയാൾ. ആരോ എഴുതിയതു പോലെ, മാട്രിമോണിയൽ തികവും വടിവുമുള്ള ഇയാൾ ഏതോ വലിയ ആപ്പീസറാണെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. എന്നാലയാൾ ഒരു ബാർബർ ഷാപ്പ് തൊഴിലാളിയാണ് എന്ന വസ്തുത കാണിയിൽ ഞെട്ടൽ ജനിപ്പിച്ചുകൊണ്ട് അവതീർണമാക്കുന്നത്, ജാതി-കുല-വംശ പ്രതിനിധാന രാഷ്ട്രീയത്തിന്റെ വിശകലനമനുസരിച്ച് അത്ര നിഷ്‌ക്കളങ്കമോ സ്വാഭാവികമോ ആണെന്നു കരുതാനും വയ്യ.നോർത്ത് 24 കാതത്തിലെ ഹരികൃഷ്ണന്റെ ചില സ്വഭാവങ്ങളോടെയാണ് ഷമ്മിയെ അവതരിപ്പിക്കുന്നത്. കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന അടിയിൽ പശയുള്ള ഒരിക്കലുപയോഗിച്ച പെൺനെറ്റിപ്പൊട്ട്, പാതി മുറിച്ച ബ്ലേഡ് കൊണ്ട് കൈ തൊടാതെ അയാൾ ചുരണ്ടിക്കളയുന്നു. ഈ പാതി മുറിച്ച ബ്ലേഡ് അയാൾ ബാർബറാണെന്ന് പിന്നീട് വെളിപ്പെടുത്തുന്നതിനുള്ള മുന്നോടിയാണ്. തനിക്കു കഴിക്കാനായി പ്രത്യേക പ്ലേറ്റ് സൂക്ഷിക്കുകയും അത് സഹപ്രവർത്തകനെക്കൊണ്ട് ഭാര്യവീട്ടിലെത്തിക്കുകയും ചെയ്യുന്ന ഷമ്മിക്ക്, പെണ്ണുങ്ങളും ആണുങ്ങളും ഇടകലരുന്നത് ഒട്ടുമേ ഇഷ്ടമല്ല. ഈ സഹപ്രവർത്തകനെ, തന്റെ സ്‌കൂട്ടിയിൽ കവലയിലെത്തിക്കാമെന്ന ബേബിയുടെ വാഗ്ദാനത്തെ അയാൾ സ്വീകരിക്കാത്തതു തന്നെ ഷമ്മിയെ പേടിച്ചാണ്. ഗിരിജ ഹോം സ്‌റ്റേ എന്നു പേരുള്ള തന്റെ ഭാര്യവീട്ടുകാർ നടത്തുന്ന സ്ഥാപനത്തിലെ മുളന്തട്ടിക കൊണ്ടുള്ള അതിഥി മുറിയിൽ വിദേശവനിതയായ നൈല, കൂട്ടുകാരനായ ബോണി(ശ്രീനാഥ് ഭാസി)യോടൊത്ത് ശയിക്കുന്നത് ഒളിഞ്ഞു നോക്കിയതിനു ശേഷം അവരെ പിടിച്ചു പുറത്താക്കുന്ന മാരകത്വം വരെ അയാൾ ചെയ്യുന്നുണ്ട്. ഇതൊക്കെ വലിയ കാര്യമാണെന്ന് ഭാര്യയെയും അമ്മായിയമ്മയെയും ബോധ്യപ്പെടുത്താനും അയാൾ ശ്രമിക്കുന്നു. എന്നാലിത് ബോറാണെന്ന് തുറന്നു പറഞ്ഞ ബേബിയെ അയാൾ ആധിപത്യപരമായ ശരീരഭാഷയോടെ തിരുത്തുകയും ചെയ്യുന്നു.

ബാർബർ എന്നത് മാന്യമായ ഒരു തൊഴിലാണോ എന്ന വിഷയത്തിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്ന കുമ്പളങ്ങി നൈറ്റസ്, കറുത്ത തൊലി നിറവും മുഖത്തിന്റെ ഷേപ്പും ചേർത്ത് പ്രശാന്തിനെ ബോഡിഷെയിം ചെയ്യുന്ന ആളെ തിരുത്തുന്നുമില്ല. അയാളെ പ്രേമിക്കുന്ന സുമിഷ (റിയ സൈറ)യോട് നിങ്ങൾ ബാഹ്യ സൗന്ദര്യത്തിലൊന്നും വിശ്വസിക്കാത്ത ട്രൂ ലവ് ടൈപ്പാണല്ലേ എന്നാണ് ബോബി ചോദിക്കുന്നത്. അതെന്റെ ഇഷ്ടം, നീ നോക്കണ്ട എന്നോ മറ്റോ അല്ല അവൾ മറുപടി പറയുന്നത്. ആ (കറുത്ത) കണ്ണടയൊന്നു വെച്ചേ, വിനായകന്റെ ലുക്ക് ഇല്ലേ എന്ന് പകുതി തമാശയായും പകുതി കാര്യമായും അവളുടെ ഇഷ്ടത്തെ സാധൂകരിക്കാൻ മിനക്കെടുന്നു. വരേണ്യതയുടെ സൗന്ദര്യാധികാര പദ്ധതിയെ വേണ്ടും വിധത്തിൽ വെല്ലുവിളിക്കാൻ കുമ്പളങ്ങി നൈറ്റ്‌സ് ഭയപ്പെടുകയോ അശക്തമാകുകയോ ചെയ്യുന്നതായാണ് ഈ ഘട്ടങ്ങളിൽ അനുഭവപ്പെട്ടത്.

കേരളത്തെയും മലയാളത്തെയും ഷൊറണൂരു നിന്നും ഒറ്റപ്പാലത്തു നിന്നും വിമോചിപ്പിച്ച് കുമ്പളങ്ങിയിലെത്തിക്കുന്ന തിരക്കഥാകൃത്തും സംവിധായകനും അവിടെയെത്തുന്ന മലയാളികളല്ലാത്തവരെ എപ്രകാരമാണ് പരിഗണിക്കുന്നത് എന്നതും കൗതുകകരമാണ്. 1. മുരുകൻ എന്ന വിജയ് (രമേഷ് തിലക്) എന്ന ഇസ്തിരിയിടലുകാരനായ തമിഴൻ, 2. അയാളുടെ ഭാര്യ സതി( ഷീല രാജ്കുമാർ) 3. നൈല (ജാസ്മിൻ മെറ്റിവിയർ) എന്ന വിദേശ ടൂറിസ്റ്റ്  എന്നിവരാണ് ചിത്രത്തിൽ മലയാളികളല്ലാത്ത  പ്രധാന കഥാപാത്രങ്ങൾ. പ്രണയപൂർത്തീകരണത്തിനായി ഒളിച്ചോടി കുമ്പളങ്ങിയിലെത്തിയപ്പോൾ, സജിയാണ് അവരെ സ്വീകരിച്ചതും സഹായിച്ചതും എന്നതിനാലാണ് അധ്വാനവരുമാനത്തിന്റെ പകുതി അയാളെ തീറ്റിപ്പോറ്റാനും കള്ളു കുടിപ്പിക്കാനുമായി മുരുകന് ചിലവിടേണ്ടി വരുന്നത്. അത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞതിനു തൊട്ടുപുറകെ സജി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും അവനെ രക്ഷപ്പെടുത്തുന്നതിനിടെ മുരുകൻ മരണപ്പെടുകയും ചെയ്യുന്നു. ഈ ദുരന്തത്തിൽ വികാരഭരിതയാവുകയോ ദുഃഖിതയാവുകയോ ചെയ്യാത്തവിധത്തിൽ സതിയുടെ കർതൃത്വത്തെ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ തിരക്കഥാകൃത്തും സംവിധായകനും നിർമ്മിച്ചെടുത്തിരിക്കുകയാണ്. തന്റെ ഗർഭത്തിനുത്തരവാദിയാരെന്നു തുറന്നു പറയാതെ സമുദായഭ്രഷ്ടയായി തെരുവിൽ കിടന്നു പ്രസവിച്ച് കുട്ടിയെ, നായകനായ നായരുടെ പശ്ചാത്താപത്തിനായി ബാക്കി നിർത്തി മരിച്ച നീലക്കുയിലിലെ നീലിയുടെ കർതൃത്വം നിർമ്മിച്ച പി ഭാസ്‌ക്കരൻ/ രാമുകാര്യാട്ട് തന്നെയായിരിക്കും ഇവർക്കും മാതൃക. സജിക്ക് പശ്ചാത്തപിക്കാനും, വിശുദ്ധേതര കുടുംബം എന്ന പുതുമോടി രൂപീകരിച്ചെടുക്കാനുമുള്ള  ഇൻഗ്രീഡിയന്റായി ഈ പെൺകഥാപാത്രത്തെ  തിരക്കഥാകൃത്തും സംവിധായകനും അക്കൊമഡേറ്റ് ചെയ്യുന്നു.  നൈലയാകട്ടെ, മൂകനായ ബോണിയുമായി ഡേറ്റിംഗ് നടത്തി ദ്വീപിൽ തന്നെ തങ്ങുന്നവളാണ്. കേരളീയ സദാചാര പരിശുദ്ധിക്കെതിരായി സങ്കൽപിക്കപ്പെട്ടവളാണ് നൈലയും.

സിനിമയുടെ തുടക്കത്തിലുള്ളത് സ്‌പോർട്‌സ് സ്‌കൂളിലെ വെക്കേഷനു തൊട്ടു മുമ്പത്തെ ദിവസമാണ്. ഫുട്‌ബോൾ പരിശീലനവും ഹോസ്റ്റലിനകത്ത് കുട്ടികൾ തമ്മിൽ മലപ്പുറം സ്ലാങ്ങിലുള്ള സംസാരവുമാണ് വിശദീകരിക്കുന്നത്. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയിൽ നിന്ന് കാണിയെ വിമോചിപ്പിച്ച് കുമ്പളങ്ങിയിലേക്കും പള്ളിത്തോടിലേക്കും കൊണ്ടു പോകുന്നതു പോലെയാണ് ഈ തുടക്കസീൻ അനുഭവപ്പെട്ടത്. മലപ്പുറത്തെ നന്മയുടെ തലസ്ഥാനമായി സുഡാനി ഫ്രം നൈജീരിയ മാറ്റിയെടുത്തു എന്നൊക്കെ വാഴ്ത്തു പാട്ടുകളുണ്ടായി. ഇപ്പോൾ, കുമ്പളങ്ങിയുടെ വാഴ്ത്തു പാട്ടു നേരമാണല്ലോ. നമുക്ക് കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയിലെ ഫ്രാങ്കിയുടെ വീട്ടിലേക്കു പോകാം, അവിടെ ലുലുമാളും വീഗാലാൻഡുമുണ്ടല്ലോ അതു കാണാം എന്നൊക്കെയുള്ള സംസാരം മുറുകലിനെയാണ്, ആദ്യം മിണ്ടാതിരുന്നും പിന്നീട് വീട്ടിലെല്ലാവർക്കും ചിക്കൻ പോക്‌സ് അടിച്ചു കടക്കാണ് എന്നു നുണ പറഞ്ഞും ഫ്രാങ്കി മുടക്കുന്നത്. പണി പൂർത്തിയാക്കാത്തതും അഛനമ്മമാർ മരിച്ചോ ദൈവവിളിയിലേക്ക് കിളി പോയോ പലായനം ചെയ്ത് ബാക്കിയായ മക്കളുടെ വെറും ആണുലകമായി മാറിയതിനാലാണ് ഫ്രാങ്കി അവരെ അവിടേക്ക് കൊണ്ടു പോകാത്തത്. സത്യത്തിൽ സഹപാഠികളെ അവിടേക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത് എന്നാണ് പിന്നീടുള്ള ആഖ്യാനം തെളിയിക്കുന്നത്.

ആ ആണുലകത്തിലുള്ളത്, ആരെങ്കിലുമുണ്ടാക്കി ആരെങ്കിലും കഴിക്കുന്ന ചോറും മീൻകറിയും അതു പോലെ ആരെങ്കിലും വാങ്ങി വെച്ച് ആരെങ്കിലും കഴിക്കുന്ന മദ്യക്കുപ്പികളുമാണ്. വെള്ളിയാഴ്ച പടമിറങ്ങുമെന്ന് കരുതി അതിന്റെ അടുത്ത ഞായറാഴ്ചയിലെ ബോക്‌സാപ്പീസ് കളക്ഷൻ റിപ്പോർട്ട്  നേരത്തെ അടിക്കുകയും പിന്നീട് റിലീസ് മാറ്റിവെക്കുമ്പോൾ തലപൂഴ്‌ത്തേണ്ടി വരുകയും ചെയ്യുന്ന വെള്ളിനക്ഷത്രം വാരികയും; തകര, തമ്പുരാട്ടി, ജ്വലനം എന്നീ സിനിമകളുടെ കമ്പൈൻഡ് സിഡിയുമൊക്കെയാണവിടെയുള്ളത്. പോയ ദശകങ്ങളിലെ ആൺ ജീവിതത്തിന്റെ ഗൂഢ സന്തോഷങ്ങളാണ് ഈ സിനിമകളിലുണ്ടായിരുന്നത് എന്നാണ് ഡോക്കുമെന്റ് ചെയ്യുന്നത്. അതും നൊസ്റ്റാൽജിയക്കാരുടെ പറുദീസയായ പത്മരാജൻ/ ഭരതൻ സിനിമയെ തോപ്പിൽ ഭാസി എഴുതി ശങ്കരൻ നായർ സംവിധാനം ചെയ്ത സിനിമയായ തമ്പുരാട്ടിയോടും സതീഷ് കുറ്റിയിൽ എന്നാരും ഓർമ്മിക്കാത്ത സംവിധായകന്റെ  ജ്വലനം എന്ന സിനിമയോടും ഒപ്പം കൂട്ടിക്കെട്ടുന്ന സിഡി വിപണിയെ മിമിക്ക് ചെയ്തു കൊണ്ട് മലയാള ആനന്ദ സിനിമയുടെ ഒരു ഹൃസ്വ ചരിത്രം തന്നെ ശ്യാം പുഷ്‌ക്കരനും മധു സി നാരായണനും ചേർന്ന് രേഖപ്പെടുത്തുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഏറ്റവും വലിയ വിജയം അതിനെ സംബന്ധിച്ചുണ്ടായിട്ടുള്ള എഴുത്തുകളാണ്. റാസി കെ സലാം നിരീക്ഷിച്ചതു പോലെ നൂറെഴുത്തുണ്ടെങ്കിൽ നൂറും വ്യത്യസ്തം എന്ന നിലക്കുള്ള അതിശയിപ്പിക്കുന്ന എഴുത്തുകൾ ഫേസ്ബുക്കിൽ നിറഞ്ഞിരിക്കുന്നു. രശ്മി ഖയറുന്നിസ ജിതൻ, മിഥുൻ വിജയകുമാരി എന്നിങ്ങനെ പലരുടെയും എഴുത്തുകൾ ഏറെ ഉൾക്കാഴ്ചയുള്ളതും ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതുമാണ്. ഇതിനകം ഏറെ വൈറലായി മാറിയ മിഥുൻ വിജയകുമാരിയുടെ ഫേസ്ബുക്ക്  നിരൂപണം അവസാനിപ്പിക്കുന്ന വാചകങ്ങൾ കടമെടുത്തുകൊണ്ട് ഞാനും അവസാനിപ്പിക്കുന്നു. അധികമൊന്നും പറയാനില്ല. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കാണുമ്പോൾ ഇമ്പമുള്ളതാണ് കുമ്പളങ്ങി നൈറ്റ്‌സ്. NB: കുമ്പളങ്ങിയെ പറ്റിയുള്ള എഴുത്തുകൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.

Comments

comments