ഗസയിലെ ഇസ്രയേലിന്റെ നടപടികൾ അതിന്റെ നിയമവിരുദ്ധമായ കയ്യേറ്റം നിലനിർത്തുവാൻ വേണ്ടിയുള്ളത്:
(പ്രഫ: ജോൺ ഡുഗാർഡ്. നെതർലാൻഡ്സിലെ ലേയ്ഡൻ സർവ്വകലാശാലയിൽ അന്താരാഷ്ട്രനിയമത്തിൽ എമെരിറ്റസ് പ്രൊഫസറാണു. അധിനിവേശ പലസ്തീൻ പ്രദേശത്തെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ സ്പെഷൽ റിപ്പോർട്ടറായും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അഡ് ഹോക് ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്.)
സ്വയം പ്രതിരോധത്തിനുള്ള നടപടികളാണു ഗസയിൽ നടത്തുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ഇസ്രയേൽ ഒരു ബലിയാടായി സ്വയം ചിത്രീകരിക്കുകയാണ്. പ്രസിഡന്റ് ഒബാമയും യു എസ് കോൺഗ്രസ്സിന്റെ രണ്ട് സഭകളും ബലം പ്രയോഗിക്കുന്നതിനായി നിരത്തിയിരിക്കുന്ന ഈ ന്യായം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ അത് വസ്തുതാപരമാണോ?
ഗസ ലെബനനെപ്പോലെയോ ജോർദാനെപ്പോലെയോ ഒരു സ്വതന്ത്ര രാഷ്ട്രമല്ല. ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും ഇസ്രയേൽ അതിനെ ഒരു “ശത്രുപ്രദേശം” എന്ന നിലയ്ക്കാണു കാണുന്നത്. അത്തരം ഒരു സങ്കൽപ്പം എന്താണെന്ന ധാരണ അന്താരാഷ്ട്ര നിയമങ്ങളെ സംബന്ധിച്ചില്ല. അതെന്താണെന്ന് വിശദീകരിക്കാൻ ഇസ്രയേലൊട്ട് തയ്യാറായിട്ടുമില്ല.
എന്നാൽ ഗസയുടെ പദവി കൃത്യമാണു. അത് കയ്യേറപ്പെട്ട ഒരു പ്രദേശമാണു – ഇസ്രയേൽ അധിനിവേശ പലസ്തീന്റെ ഒരു ഭാഗം. 2005-ൽ ഇസ്രയേൽ അവരുടെ കുടിയേറ്റക്കാരെയും ഇസ്രയേൽ പ്രതിരോധ സേനാവിഭാഗങ്ങളെയും ഗസയിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഇന്നും ഇസ്രയേൽ ഗസ നിയന്ത്രിക്കുന്നു. ഇടവിട്ടുള്ള ആക്രമണങ്ങളിലൂടെയും കയ്യേറ്റങ്ങളിലൂടെയും ഷെൽ വർഷങ്ങളിലൂടെയും മാത്രമല്ല വളരെ ഫലപ്രദമായി കരമാർഗ്ഗവും വായൂ മാർഗ്ഗവും ജലമാർഗ്ഗവും ഗസയിലേക്കുള്ള വഴികൾ നിയന്ത്രിച്ചുകൊണ്ടും അവരുടെ ജനസംഖ്യാ രെജിസ്റ്ററുകളിലൂടെയും ആർക്കൊക്കെ അവിടം വിടാം, അങ്ങോട്ടേയ്ക്ക് പ്രവേശിക്കാമെന്നത് ഇസ്രയേൽ തീരുമാനിക്കുന്നു.
ഫലപ്രദമായി ഒരു ഭൂമി നിയന്ത്രിക്കുന്നുണ്ടോ എന്നുള്ളതു വെച്ചാണു കയ്യേറ്റമാണോ എന്ന് തീരുമാനിക്കപ്പെടുന്നത്. അവിടുത്തെ സാന്നിദ്ധ്യമല്ല അതിനു നിദാനം. ഈയിടെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും ഉഗാണ്ടയും തമ്മിലുള്ള തർക്കത്തിൽ അന്താരാഷ്ട്ര നീതി ന്യായ കോടതി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മറ്റ് മാർഗ്ഗങ്ങളിൽ കൂടി ഫലപ്രദമായി ആ പ്രദേശം നിയന്ത്രിക്കുന്നുണ്ടെങ്കിൽ അത് കയ്യേറ്റമാണു എന്ന് നിശ്ചയിക്കാൻ ഇസ്രയേലിന്റെ ഭൗതികമായ സാന്നിദ്ധ്യം അവിടെ വേണമെന്നില്ല. അധിനിവേശപ്രദേശത്തിന്റെ പുറത്ത് നിന്നും വളരെ ഫലപ്രദമായി ഒരു ഭൂമി നിയന്ത്രിക്കാൻ ആധുനിക സാങ്കേതികവിദ്യകൊണ്ട് കഴിയും: ഇത് തന്നെയാണു ഇസ്രയേൽ അവിടെ ചെയ്യുന്നതും.
ഗസ കൈവശപ്പെടുത്തി വച്ചിരിക്കുന്ന പ്രദേശമാണെന്ന് ഐക്യരാഷ്ട്രസഭയും എല്ലാ രാജ്യങ്ങളും, ഒരുപക്ഷേ ഇസ്രയേൽ ഒഴികെ, അംഗീകരിച്ചിട്ടുള്ളതാണു.
നിയമവിരുദ്ധമായ കൈവശപ്പെടുത്തൽ:
സൈനികമായോ യുദ്ധം വഴിയായോ ഉള്ള കൈവശം വയ്ക്കൽ അന്താരാഷ്ട്ര നിയമം അനുവദിച്ചിട്ടുള്ളതാണു. ഇസ്രായേലും കൂടി ഭാഗമായിരുന്ന 1949-ലെ നാലാം ജെനീവ കൺവെൻഷനിലെ ധാരണകളനുസരിച്ച്, ഒരു ഒത്തുതീർപ്പ് ഉടമ്പടിയിലൂടെ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതു വരെ സായുധമായ സംഘർഷത്തിലൂടെ നേടിയെടുത്ത ഭൂമി കൈവശം വയ്ക്കാൻ അതാത് രാജ്യത്തിനു അവകാശമുണ്ട്. എന്നാൽ ആ കൈവശം വയ്ക്കൽ താൽക്കാലികമായിരിക്കണം. മാത്രമല്ല, കൈവശം വയ്ക്കുന്നതിനുള്ള അധികാരം അധിനിവേശപ്രദേശത്തെ ജനങ്ങളുടെ ക്ഷേമവും സുരക്ഷാ ആവശ്യങ്ങൾക്കായി എടുക്കുന്ന നടപടികളും എങ്ങനെ തുലനം ചെയ്യപ്പെട്ടു നിൽക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കും. കൂട്ടായി അവരെ ശിക്ഷിക്കുക എന്നത് കർശനമായി നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഗസയിലെ കയ്യേറ്റം ഇപ്പോൾ അതിന്റെ 47-ആം വർഷത്തിലാണു. സമാധാനപരമായ ഒരു ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ എത്താതെപോയതിനു ഇസ്രയേലാണ് ഏറ്റവും വലിയ ഉത്തരവാദി. മാത്രവുമല്ല 2007 മുതൽ ഗസയിൽ അടിച്ചേൽപ്പിച്ച ഉപരോധത്തിലൂടെ നാലാം ജെനീവ കൺവെൻഷൻ പറയുന്ന പല മനുഷ്യാവകാശങ്ങളും ഇസ്രയേൽ ലംഘിക്കുന്നുണ്ട്. ചുരുക്കത്തിൽ ഗസ ഒരു കയേറ്റപ്രദേശം മാത്രമല്ല, നിയമവിരുദ്ധമായി കയ്യേറപ്പെട്ട ഒരു പ്രദേശം കൂടിയാണു.
ഗസയിൽ ഇപ്പോൾ നടക്കുന്ന സൈനിക നീക്കം – ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ്- അതിനാൽ ഒരു വിദേശ രാഷ്ട്രത്തിന്റെയോ പ്രദേശത്തിന്റെയോ ആക്രമണങ്ങൾക്കെതിരെ ഒരു രാജ്യം സ്വയം പ്രതിരോധിക്കാൻ നടത്തുന്ന നീക്കമായി കാണാൻ കഴിയില്ല. പകരം ഒരു അധിനിവേശ രാജ്യം അത് കൈയ്യേറിയ പ്രദേശം കൈവശം വയ്ക്കാൻ ശ്രമിക്കുന്നതായേ കാണാൻ കഴിയൂ – ഇസ്രയേൽ നടത്തുന്ന, ഗസയുടെ നിയമവിരുദ്ധമായ കൈവശം വയ്പ്പ്. ഇസ്രയേലല്ല ഇവിടത്തെ ഇര. അക്രമത്തിലൂടെ അവിടം കയ്യേറിയവർ തന്നെയാണു സൈനികമായി ആ നിയമവിരുദ്ധ അധിവാസം തുടർന്നുകൊണ്ടു പോകാൻ ശ്രമിക്കുന്നത്.
അധിവാസം നടത്തുന്ന ശക്തികൾ തങ്ങളുടെ സൈന്യത്തെ കയ്യേറ്റത്തിനായി ഉപയോഗിക്കുന്നഉദാഹരണങ്ങൾ ചരിത്രത്തിൽ തിങ്ങിക്കൂടിക്കിടക്കുന്നു. അപ്പാർത്തീഡ് നടത്തിയ ദക്ഷിണാഫ്രിക്ക, നമീബിയക്ക് എതിരേ സൈന്യത്തെ പ്രയോഗിച്ചിരുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ജർമ്മനി നെതെർലാൻഡ്സിനും ഫ്രാൻസിനും എതിരേ സൈന്യത്തെ പ്രയോഗിച്ചിരുന്നു.
പാലസ്തീൻ വിമത സംഘടനകൾ നടത്തിയ മിസൈൽ വിക്ഷേപങ്ങൾ, അവർക്കുമേൽ നടക്കുന്ന അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പായും അവർ തിരിച്ചറിഞ്ഞ സ്വയം നിർണ്ണയാവകാശത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന വിധമായും വേണം വ്യാഖ്യാനിക്കപ്പെടാൻ.
2005-ൽ ഗസയിൽ നിന്നും സൈന്യത്തെ ഇസ്രായേൽ പ്രത്യക്ഷമായി പിൻവലിക്കുന്നതിന്മുന്നേ പാലസ്തീൻകാരുടെ ചെറുത്തു നിൽപ്പ് ഗസയുടെ അതിർത്തിക്കുള്ളിൽ ഉണ്ടായിരുന്ന സൈന്യത്തിന് എതിരെ ആയിരുന്നു.ഇത് രണ്ടാം ഇന്റഫാദയുടെ (intifada )സമയത്തായിരുന്നു. അന്നു മുതൽ പാലസ്തീൻ വിമതഭടന്മാർ അന്യായമായി ഇസ്രയേൽ ഗസയെ തങ്ങളോടു ചേർക്കാൻ ശ്രമിക്കുന്നതിനേയും ഗസ അധിനിവേശത്തെയും എതിർക്കുക എന്നതിന് നിർബന്ധരായി തീരുകയായിരുന്നു. ഒന്നുകിൽ ചെറുത്തുനിൽക്കുക അലെങ്കിൽ നിഷ്ക്രിയരായി നിൽക്കുക എന്നതായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന തെരഞ്ഞെടുപ്പുകൾ. എന്നാൽ ചരിത്രത്തിൽ ഒരിടത്തും കയ്യേറ്റം ചെയ്യപ്പെട്ട ഒരു ജനതയും അങ്ങനെ നിഷ്ക്രിയരായിരുന്നിട്ടില്ല.
കയ്യേറ്റം ചെയ്യപ്പെട്ട ഒരു ജനതയും അവരുടെ അധിവസിക്കപ്പെട്ട പരിധികൾക്കു വെളിയിലേക്ക് ആക്രമണങ്ങൾ നടത്തിയതായി ചരിത്രമില്ല. അതുപോലെ തന്നെ കയ്യേറ്റം ചെയ്യുന്ന ഒരു രാജ്യം അതിന്റെ പരിധികൾക്ക് പുറത്ത് നിന്ന് ക്രൂരമായ അധിനിവേശം നടത്തുന്നതും പതിവിനു വിപരീതം ആണ്. ചെറുത്തു നിൽപ്പുകളെ തടയാൻ കയ്യേറ്റം നടത്തുന്ന രാജ്യം സൈന്യത്തെ ഉപയോഗിച്ച് അധിനിവേശത്തിനു ശക്തിപകരുമ്പോൾ, ഇസ്രയേൽ ഇപ്പോൾ ചെയ്യുന്നത്, അത് അധിനിവേശത്തിനു കൂടുതൽ കരുത്തു പകരാൻ മാത്രമേ ഉപകരിക്കൂ- അല്ലാതെ ഒരു രാജ്യം സ്വയം പ്രതിരോധിക്കുക എന്നതല്ല അവിടെ നടക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മ:
തങ്ങൾ നടത്തുന്ന കയ്യേറ്റം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം, സ്വയം-പ്രതിരോധിക്കുന്ന ഒരു രാജ്യം എന്നപോലെ പ്രവർത്തിക്കുമ്പോൾ, ആ രാജ്യം അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണ്. അനുപാതങ്ങൾ നിലനിർത്തുക, സാധാരണ പൗരന്മാരെ പരിഗണിക്കുക, സായുധസേനയുടെ ഇടങ്ങളും സാധാരണക്കാർ വസിക്കുന്ന ഇടങ്ങളും തമ്മിലുള്ള പരിധികൾ മാനിക്കുക, കൂട്ടായി ശിക്ഷിക്കാതിരിക്കുക എന്നിവ ആ നിയമത്തിലെ പാലിക്കേണ്ട ചില മര്യാദകൾ ആണ്. ഈ നിയമങ്ങളുടെ പരിധിയ്ക്കുള്ളിൽ നില്ക്കാൻ ഇസ്രയേലുംപലസ്തീനും ഒരു പോലെ ബാധ്യതയുള്ളവരാണ്.
സങ്കടത്തോടെ പറയട്ടെ, ഇസ്രയേൽ ആദ്യത്തെ മൂന്നു നിയമങ്ങളും തെറ്റിക്കുകയാണ്. ഇസ്രയേൽ നടത്തുന്നത് കൃത്യമായും ഗസയിലെ മനുഷ്യരെ കൂട്ടത്തോടെ ശിക്ഷിക്കുക എന്നതാണ്. മരിക്കുന്ന സാധാരണക്കാരുടെ എണ്ണവും നശിപ്പിക്കപ്പെടുന്ന സ്ഥാവരജംഗമ വസ്തുക്കളുടെയും അനുപാതം ഇസ്രയേലിനെഅപേക്ഷിച്ച് പാലസ്തീനിന്റെ വശത്ത് വളരെയധികമാണ്. സ്കൂളുകളും ആശുപത്രികളും ഭവനങ്ങളും മറ്റും ബോംബിടുന്നതിൽ നിന്ന് ഇസ്രയേൽ സൈനിക സ്ഥലങ്ങൾ സാധാരണക്കാരുടെ വാസസ്ഥലങ്ങൾ എന്നിവ തമ്മിലുള്ള അതിരുകൾ പാലിക്കുന്നതേയില്ല എന്ന് വ്യക്തമാണ്.
എന്താണ് ചെയ്യേണ്ടത്? ലോക രാഷ്ട്ര സംഘടന, അമേരിക്കയുടെ മുന്നിൽ എതിർത്തുകൊണ്ട് എന്തെങ്കിലും ചെയ്യാൻ തീർത്തും അശക്തരാണ്. ഇത്, യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുന്നതിനായി ഭാരിച്ച ചുമതലയാണ് അടിച്ചേൽപ്പിക്കുന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ഇതിനെതിരേ നടപടി എടുക്കാൻ ഉത്തരവാദിത്തം ഉള്ളവരാണ്. പാലസ്തീൻ, 2012-ലെ യു എൻ ജെനറൽ അസംബ്ലിയിൽ ഒരു അംഗമായി പ്രഖ്യാപിക്കപ്പെട്ട ശേഷം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമാധികാരങ്ങൾ അംഗീകരിച്ചവർ ആണ്. അമേരിക്കയുടേയും യൂറോപ്പിന്റെയും സമ്മർദ്ദം മൂലം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ പ്രോസിക്യൂട്ടർ ഇസ്രായേലിന്റെ കുറ്റങ്ങൾക്കെതിരെ മൌനം പാലിക്കുകയാണ്. ഈ മൌനത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും പേരിൽ ഈ പ്രോസിക്ക്യൂട്ടറെയും ആ സ്ഥാപനത്തെയും ചരിത്രം ദയയില്ലാതെ വിചാരണ ചെയ്യും, വിധിയ്ക്കും.
[translated and published with the consent of the author.
സമ്പാദനം വിവർത്തനം: സ്വാതി ജോർജ്]
Be the first to write a comment.