സതീഷ് ദേശ്പാണ്ഡേ
വിവർത്തനം: ജെ ദേവിക
നെഹ്രുവിയൻ വിഘ്നഘട്ടം
ഹിന്ദുമതത്തെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്ന വിവിധ പ്രവണതകൾ കോൺഗ്രസ്സ് നേതൃത്വത്തിൽ രൂപമെടുത്ത ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നു. ഇക്കാര്യം പല പണ്ഡിതരും ഇന്ന് സമ്മതിക്കുന്നുണ്ട്. തിലകൻ, സവർക്കർ തുടങ്ങിയവരുടെ സമരസന്നദ്ധമായ വർഗ്ഗീയ നിലപാടുകൾ മുതൽ കൂടുതൽ സങ്കീർണ്ണമായ എന്നാൽ വ്യക്തമായും ഹൈന്ദവമായ, ഗാന്ധിയൻ സമീപനം വരെ അവ നീണ്ട് കിടക്കുന്നു. നെഹ്രു തന്റെ ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നത് പോലെ കോൺഗ്രസ്സിനുള്ളിലെ പ്രത്യക്ഷമായ മതേതര പ്രവണത (അതായത് സമുദായങ്ങൾ തമ്മിലുള്ള മുന്നണി സംവിധാനങ്ങളിൽ വിശ്വാസമർപ്പിച്ച – വിശേഷിച്ചും ഹിന്ദു – മുസ്ലിം ഐക്യത്തിൽ വിശ്വസിച്ച – ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ) താരതമ്യേന ദുർബലമായിരുന്നു. അതിന്റെ മുഖ്യ വക്താവ് നെഹ്രു തന്നെയായിരുന്നു. ഈ വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ രണ്ട് അതിപ്രധാന സംഭവങ്ങൾ നടന്നില്ലായിരുനെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരചരിത്രത്തിന്റെ സവിശേഷ ഗതി എന്താകുമായിരുന്നെന്ന് പറയാൻ എളുപ്പമല്ല.
മഹാത്മാഗാന്ധിയെ വധിച്ച നഥുറാം ഗോഡ്സേയുടെ ആർ.എസ്.എസ് ബന്ധം ഹൈന്ദവ വലതുപക്ഷത്തിനു മേൽ പതിപ്പിച്ച ദുഷ്കീർത്തി വലുതായിരുന്നു. ഇതോടെ ഒരു ദശകത്തോളം കാലം ദേശീയരാഷ്ട്രീയത്തിന്റെ വശങ്ങളിൽ ഒതുങ്ങി നിൽക്കാൻ ഈ ശക്തികൾ നിർബന്ധിതരായി. അതുപോലെ 1950ൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ആകസ്മിക മരണം കോൺഗ്രസ്സിനുള്ളീലെ വർഗ്ഗീയവലതുപക്ഷത്തെ തളർത്തി. പാർട്ടിയുടെ അനിഷേധ്യ നേതാവെന്ന നിലയിലേക്ക് നെഹ്രുവിനു ഉയരാനുള്ള വഴി തുറക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർണ്ണായക പങ്ക് വഹിക്കുവാൻ ഇതോടെ നെഹ്രുവിനു കഴിഞ്ഞു.
നെഹ്രുവിയൻ യുഗം എന്ന് നാം വിളിക്കുന്ന കാലത്തെ – സ്വാതന്ത്ര്യലബ്ദ്ധി മുതൽ 1960 കളുടെ മദ്ധ്യം വരെയുള്ള കാലത്തെ – ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ വേണം കാണാൻ. മതേതരത്വത്തിന്റെ സുവർണ്ണയുഗമായാണു നാം ഇന്ന് അതിനെ തിരിച്ചറിയുന്നത്. ഇക്കാലത്ത് മതവർഗ്ഗീയത, ഇന്ത്യയുടെ വടക്കൻ ഹൃദയഭാഗത്തും പടിഞ്ഞാറൻ ഭാഗങ്ങളിലും (വിശേഷിച്ചും) ഫലപ്രദമായി പ്രാദേശികവൽക്കരിക്കപ്പെട്ടതു മൂലമാണു ഈ തോന്നൽ ഉണ്ടായത്. മതേതരത്വത്തിന്റെ ഈ ‘സുവർണ്ണയുഗം’ വാച്യമായത് മതവർഗ്ഗീയതയുടെ പരാജയത്തിന്മേലല്ല. മറിച്ച്, ദേശീയ പൊതുമണ്ഡലത്തിൽ മതവർഗ്ഗീയതയെ ദമനം ചെയ്യുക (repress), അതിനു സ്ഥാനഭ്രംശം ഉണ്ടാക്കുക (displace) എന്നീ തന്ത്രങ്ങൾ പ്രാവർത്തികമായതു കൊണ്ടാണു മതേതരത്വത്തിന്റെ ‘സുവർണ്ണകാലം’ പുലരാനിടയായത്.
സവർക്കറുടെ ഹിന്ദുത്വദേശത്തിന്റെ ആധാരം പാവനത്വമാർന്ന ഭൂമിശാസ്ത്രമായിരുന്നെങ്കിൽ നെഹ്രുവിയൻ ദേശീയ ഇടത്തെ രൂപപ്പെടുത്തിയത് ഒരുതരം സാമ്പത്തിക ഭൂമിശാസ്ത്രമായിരുന്നു. മത വർഗ്ഗീയത അടിസ്ഥാനപരമായി സാമ്പത്തിക പ്രതിഭാസമാണെന്ന നെഹ്രുവിയൻ ധാരണയോട് ചേർന്ന് നിൽക്കുന്ന കാഴ്ച്ചപ്പാടായിരുന്നു ഇത്. മതം, ജാതി, വിശ്വാസം, മറ്റു സാമൂഹ്യ സവിശേഷതകൾ എന്നിവയ്ക്ക് ഉപരിയായി തുല്യ പൗരത്വം വാഗ്ദാനം ചെയ്ത നിയമ വ്യവസ്ഥ. മതവർഗ്ഗീയതയെ അപ്രസക്തമാക്കിത്തീർക്കുമെന്ന് നെഹ്രു കരുതി. ഈ വാഗ്ദാനം നൽകാൻ വിസമ്മതിച്ച അധിനിവേശ ഭരണകൂടം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ അണി നിരത്താനുള്ള മാർഗ്ഗമായി മതവർഗ്ഗീയതയെ നിലനിർത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതിനു പരിഹാരം ദേശീയ ഭരണകൂടമാണെന്നും ദേശീയ ഭരണകൂടത്തിന്റെ വരവോടെ മത സംഘർഷങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു : ‘വർഗ്ഗ സംഘർഷങ്ങൾ ഉണ്ടായേക്കാം, പക്ഷേ മതസംഘർഷങ്ങൾ ഉണ്ടാകാനിടയില്ല – മതം തന്നെ ഏതെങ്കിലും സ്ഥാപിത താത്പര്യത്തെ പ്രതിനിധീകരിക്കുന്ന സാഹചര്യങ്ങളിലൊഴിച്ച്’. 1980കളിൽ ഹിന്ദുവർഗ്ഗീയവാദം വീണ്ടും തല പൊക്കിയപ്പോൾ തകർന്നത് ഭാവിയിൽ മതം ഒരു സാമൂഹ്യപ്രശ്നം ആകാനിടയില്ലെന്ന നെഹ്രുവിയൻ ആത്മവിശ്വാസമാണു.
സമകാലിക ഹിന്ദുത്വവും അതിന്റെ സ്ഥല തന്ത്രങ്ങളും
നെഹ്രുവിയൻ ദർശനത്തിന്റെ സ്ഥലപരമായ യുക്തിയെ പിന്നോട്ടടിക്കാനും അങ്ങനെ സവർക്കറുടെ ദേശീയ സ്ഥല ദർശനത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമാണു ഹിന്ദുത്വവാദത്തിന്റെ ആകെ മൊത്തമുള്ള സ്ഥല സ്വഭാവത്തിലെന്ന് ഒറ്റ നോട്ടത്തിൽ പറയാം. ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ അണക്കെട്ടുകളും ഉരുക്കുപണിശാലകളുമാണെന്ന് നെഹ്രു പറഞ്ഞെങ്കിൽ ഹിന്ദുത്വം അദ്ദേഹത്തിന്റെ ഈ വാദത്തെ തലകീഴായി നിർത്തുന്നു. നെഹ്രുവിന്റെ ഇന്ത്യയിൽ അണക്കെട്ടുകളും ഉരുക്ക് വ്യവസായ ശാലകളും എന്തു ധർമ്മമാണോ നിർവഹിച്ചിരുന്നത്, അതേ ധർമ്മമാണു സമകാലിക ഇന്ത്യയിൽ ക്ഷേത്രങ്ങൾ നിർവഹിക്കുന്നതെന്ന് ഹിന്ദുത്വവാദികൾ തറപ്പിച്ച് പറയുന്നു.
മതവർഗീയതയെന്നാൽ ‘മൽസരാധിഷ്ഠിതമായ അപ– മതേതരവത്കരണ’മത്രെ (Competitive desecularisation) (Vanaik 1993). ഈ പ്രക്രിയയുടെ സാമൂഹ്യ– സ്ഥലപരമായ മാനങ്ങൾ ദേശീയ ഇടത്തെ വീണ്ടൂം പാവനവത്കരിക്കാനുള്ള ശ്രമത്തെയാണു ഉൾക്കൊള്ളുന്നത്. സത്താവാദത്തെ (essentialism) തന്ത്രപരമായി വിന്യസിക്കുന്ന രീതിയെ നേരിട്ട് ആശ്രയിക്കുന്ന പ്രക്രിയെയാണു ‘അപ–മതേതരവത്കരണം’. വിശ്വാസികളുടെ മനസ്സിൽ അപഗ്രഥനതിനപ്പുറം നിൽക്കുന്നതും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമായ ചില അവകാശവാദങ്ങളാണു മതസത്തകളെക്കുറിച്ചുള്ളത്. അവയുടെ പേരിലാണു എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കാൻ ശ്രമിക്കുന്ന ഭരണകൂട മതേതരത്വം അപലപിക്കപ്പെടുന്നത്. മതവർഗ്ഗീയത (ഹിന്ദുവോ മുസ്ലീമോ മറ്റേതെങ്കിലുമോ) ഈ തുല്യ പരിഗണനയെ തള്ളിക്കളയുന്നു. പകരം, നീക്കുപോക്കുകൾക്ക് അതീതവും കുത്തകസ്വഭാവമുള്ളതുമായ മത–സാംസ്കാരിക തന്മകളെ മുന്നോട്ട് വച്ചുകൊണ്ട് അവയ്ക്ക് പ്രത്യേകപരിഗണനകളും വിശേഷാനുകൂല്യങ്ങളും ആവശ്യപെടുന്നു. ഹിന്ദു വർഗ്ഗീയത ഭരണകൂട മതേതരത്വത്തെ ‘കപട മതേതരത്വം’ (pseudo- secularism) എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. ന്യൂനപക്ഷ പ്രീണനമാണു അതെന്നും ഇന്ത്യയിൽ ഹിന്ദുക്കൾ അർഹിക്കുന്ന മുൻഗണന നൽകാൻ അതു തയ്യാറാകുന്നില്ലെന്നുമുള്ള പരാതികൾ അത് ഉന്നയിക്കുന്നു. നെഹ്രുവിയൻ യുഗത്തിൽ ദേശീയതയുടെ പ്രബല മാതൃകയുടെ നിരാകരണഫലങ്ങൾ അദൃശ്യവും തീർച്ചയായും അധികം ഊന്നൽ ലഭിക്കാതെയുമാണിരുന്നത്. എന്നാൽ അപരസ്ഥാനത്ത് നിൽക്കുന്നവരെ – വിശേഷിച്ച് മുസ്ലീങ്ങളെ, അടുത്തിടെ ക്രിസ്തീയവിശ്വാസികളെയും – പ്രത്യക്ഷത്തിൽ, നിർബന്ധമായി, പുറംതള്ളിക്കൊണ്ടാണു ഹിന്ദു വർഗ്ഗീയത വേരു പടർത്തുന്നത്. ഉരുക്കുവ്യവസായശാല, ജലവൈദ്യുതപദ്ധതി മുതലായ നെഹ്രുവിയൻ രൂപകങ്ങൾ സാംസ്കാരിക സവിശേഷതകൾക്ക് അധികം പ്രാധാന്യം നൽകിയില്ല., അഥവാ, അവയ്ക്ക് ഏറിയ പ്രാധാന്യം നൽകാനുള്ള ശേഷി ആ മാതൃകയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഹിന്ദുത്വത്തിന്റെ പുതിയ സ്ഥല രൂപങ്ങൾ ചുരുക്കാനാകാത്ത വിധം എഴുന്ന് നിൽക്കുന്ന സാംസ്കാരിക വ്യത്യസ്തതയെ കുറിക്കുന്നവയാണു.
1980കളിലും 90കളിലും ഹിന്ദുത്വവാദം വീണ്ടും സജീവമായിത്തീർന്നത് എന്തുകൊണ്ട്? മുമ്പു പറഞ്ഞതു പോലെ, നെഹ്രുവിയൻ ചിന്തയുടെ അടിസ്ഥാനങ്ങൾക്കുണ്ടായ ശക്തിക്ഷയമാണു ഒരു കാരണം – വിശദീകരണത്തിന്റെ ഋണാതമവശമാണിത്. ഗുണാത്മകവശത്തു നിന്നു നോക്കുമ്പോൾ കാണാൻ കഴിയുന്ന മുഖ്യകാരണങ്ങളിലൊന്ന്, വാർത്താ വിനിമയ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണു. ദേശീയവികസന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെഹ്രുവിയൻ കാലത്ത് ആരംഭിച്ച റേഡിയോ സംവിധാനവും – പ്രത്യേകിച്ച് ടെലിവിഷൻ ശൃംഖലയും – നെഹ്രുയുഗത്തിനു ശേഷം വലിയ മാറ്റത്തിനു വിധേയമായിരിക്കുന്നു. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിനു ശേഷം നാടകീയമായി വികസിച്ച ടെലിവിഷൻ പ്രക്ഷേപണം – ഇന്ത്യാ ചരിത്രത്തിലാദ്യമായി – അച്ചടി – റേഡിയോ മാധ്യമങ്ങളെ അപേക്ഷിച്ച് – അനേകമടങ്ങ് ശക്തമായൊരു മാധ്യമത്തിനു ചുറ്റും പുതിയൊരു ദേശീയ ശൃംഖല സൃഷ്ടിച്ചു. ഹിന്ദുത്വത്തിന്റെ ഉണർന്നെണീക്കലിനു ഇടയാക്കിയ അന്തരീക്ഷത് പാകപ്പെടുത്തുന്നതിൽ രാമായണത്ത ആസ്പദമാക്കിയ ടെലിവിഷൻ പരമ്പര നിർവ്വഹിച്ച പങ്കിനെ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ അധികപക്ഷവും മുൻകൂട്ടി കാണാത്തവയും മനഃപൂർവ്വമല്ലാത്തവയുമായിരുന്നു. എങ്കിലും, ഈ പരമ്പരയും അതിനെ അനുകരിച്ച മറ്റു പല പരമ്പരകളും അതു വരെ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലാതിരുന്ന ഒരു വൻ ജനവിഭാഗത്തെ ‘പൊതുവിൽ പങ്കുവയ്ക്കാവുന്ന കഥകളി’ ലേക്ക് ആകർഷിക്കുകയാണുണ്ടായത്. ഹിന്ദുത്വ കുതിച്ചുചാട്ടത്തിനു ഉതകുന്ന വിധത്തിലുള്ള കഥകളായിരുന്നു ഇവ.
ഈ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ നമ്മുടെ സമീപകാല ചരിത്രത്തിൽ ഹിന്ദുത്വം മൂന്നു തരം സ്ഥലതന്ത്രങ്ങളാണു വിന്യസിച്ചിട്ടുള്ളതെന്ന് കാണാം – സ്ഥലങ്ങൾ , മേഘലകൾ, മാർഗ്ഗങ്ങൾ എന്നിവയ്ക്ക് ഊന്നൽ കൊടുക്കുന്നവ.
(അടുത്ത ലക്കം: സത്താസ്ഥലങ്ങൾ: പുണ്യ ഇടങ്ങൾ)
ഹിന്ദുത്വവും അതിന്റെ സ്ഥല തന്ത്രങ്ങളും – ഭാഗം-1
ഹിന്ദുത്വവും അതിന്റെ സ്ഥല തന്ത്രങ്ങളും – ഭാഗം – 3
Be the first to write a comment.