ഇനിയെന്ത് എന്ന ആകാംക്ഷയാണ് വായിച്ചുകഴിഞ്ഞ വരിയിൽ നിന്നും അടുത്തതിലേക്ക് പോകാൻ വായനക്കാരിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഒരു കഥ, അല്ലെങ്കിൽ ഒരു പുസ്തകം, വായിച്ചു തീർന്നിട്ടും അതുയർത്തിയ ആകാംക്ഷകൾ ബാക്കിയാവുകയാണെങ്കിലോ? ആ ആകാംക്ഷയുടെ പുറത്തു നിങ്ങൾ പിന്നെയും പിന്നെയും ആ കഥയെക്കുറിച്ചു ചിന്തിക്കുകയാണെങ്കിലോ? ഇത്തരത്തിൽ ആകാംക്ഷയുടെ ചരടിൽ സംഭവങ്ങളെ കൊരുത്തു കഥയുണ്ടാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് രാജേന്ദ്രൻ എടത്തുംകരയുടെ എഴുത്തുകൾ. എടത്തുംകരയുടെ “അതിരാണിപ്പൂക്കളുടെ അമ്മ” എന്ന കഥയും “ഞാനും ബുദ്ധനും”, “കിളിമഞ്ജാരോ ബുക് സ്റ്റാൾ” എന്നീ നോവലുകളും കൗതുകത്തിന്റെ നൈരന്തര്യം നിലനിർത്തുന്നത് എങ്ങനെയെന്നാണ് ഈ കുറിപ്പ് അന്വേഷിക്കുന്നത്. ഈ മൂന്നു കൃതികളുടേയും രചനാതന്ത്രത്തിലെ സമാനതകളും കഥയ്ക്കുള്ളിലെ കഥകളും അവയുടെ സവിശേഷതകളും ഈ ലേഖനം വിഷയമാക്കുന്നു.
1) അതിരാണിപ്പൂവുകളുടെ അമ്മ
മനോനില തെറ്റിയ ഒരു വൃദ്ധയാണ് കൊല്ലോരുന്തി. നാവിൽ തെറിപ്പാട്ടിന്റെ മുറിക്കഷ്ണവുമായി നാടുതെണ്ടുന്ന കൊല്ലോരുന്തിയുടെയും അവർ ദേഹത്തു നിന്നും ഒരിക്കലുമഴിക്കാത്ത, മുഷിഞ്ഞു നാറിയ ഭാണ്ഡത്തിന്റെയും കഥയാണ് അതിരാണിപ്പൂക്കളുടെ അമ്മ. മുഷിഞ്ഞു നാറിയ ഭാണ്ഡത്തിൽ എന്താണ് എന്ന ആകാംക്ഷയാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
“കൊല്ലോരുന്ത്യേ, ഇന്റെ പൊക്കണത്തിലെന്താ?,
ആണുങ്ങൾ അവരോട് വിളിച്ചു ചോദിക്കും.
”ഇന്റെ കുഞ്ഞാ അല്ലേ?
ഇഞ്ഞി ആരുമറിയാണ്ട് പെറ്റ് പൊക്കണത്തിലാക്കി നടക്വാ ല്ലേ?”
കൊല്ലോരുന്തി തിരിഞ്ഞു നിന്ന് ഒരു മുട്ടന്‍ തെറി മറുപടിയായി നല്‍കും.
ആണുങ്ങള്‍ വിടില്ല. അവര്‍ പിറകെ കൂടും.”
”കൊല്ലോരുന്ത്യേ, ഇന്റെ പൊക്കണത്തിലെന്താ?” എന്ന ചോദ്യം തുടക്കമിടുന്ന ആകാംക്ഷ അവസാനിക്കുന്നത് “കാഞ്ഞിരത്തിന്റെ വേരുകൾ പടർന്ന കുന്നിൻചെരിവിൽ അന്നു സന്ധ്യയ്ക്ക് ആരോ ആ ഭാണ്ഡം കണ്ടു. നാറ്റം വകവെയ്ക്കാതെ, ഒരു രസത്തിനു തുറന്നു നോക്കി. അതു മുഴുവൻ അതിരാണിപ്പൂവുകളായിരുന്നു. വയലറ്റു നിറത്തിൽ ഞങ്ങളുടെ നടവഴികളിൽ കാത്തുകിടന്നിരുന്നവ. കാറ്റടിക്കുമ്പോൾ വേലിയേറ്റമായും കാറ്റൊടുങ്ങുമ്പോൾ വേലിയിറക്കമായും ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽ ഒഴുകിപ്പരന്നവ.” ഇങ്ങനെ കൊല്ലോരുന്തിയുടെ ഭാണ്ഡത്തിൽ അതിരാണിപ്പൂക്കൾ ആണെന്നു കണ്ട് നിരാശപ്പെട്ട ആണുങ്ങളിൽ കഥ അവസാനിക്കുന്നു. കൊല്ലോരുന്തിയെന്ന ആരുമില്ലാത്ത ഭ്രാന്തിയോട് ആണുംപെണ്ണുമടങ്ങുന്ന ഒരു നാടുചെയ്ത ക്രൂരതകളുടെ നിഴലിലാണ് കഥയിലെ സംഭവങ്ങൾ അരങ്ങേറുന്നത്. അതിൽ, കയ്യിൽവന്ന പലഹാരപ്പൊട്ടുകൾ കുഞ്ഞുങ്ങൾക്ക് നേരേനീട്ടുന്ന കൊല്ലോരുന്തിയേയും പേടിയോടെ അവരെ നോക്കുന്ന കുഞ്ഞുങ്ങളേയും, വെറുപ്പോടെ ആട്ടിപ്പായിക്കുന്ന അമ്മമാരേയും കാണാം. പെണ്ണുങ്ങളുടെ വെറുപ്പിനും കുഞ്ഞുങ്ങളുടെ പേടികൾക്കും കഥയ്ക്കുള്ളിൽ കാരണമുണ്ട്. എന്നാൽ, കഥ അവസാനിക്കുമ്പോഴും ചില കൗതുകങ്ങൾ ബാക്കിയാകുന്നു. അതിരാണിപ്പൂക്കൾ നിറച്ചു വച്ച തന്റെ ഭാണ്ഡം കാണാതെ വന്നപ്പോൾ നാടൊട്ടുക്കും കരഞ്ഞു കൊണ്ടു തിരഞ്ഞ കൊല്ലോരുന്തി അതുവരെ ഇല്ലാതിരുന്ന ഒരു ചോദ്യമാണ്. ഭാണ്ഡത്തിൽ എന്തായിരുന്നു എന്നതിന്നേ ഉത്തരം ലഭിച്ചിട്ടുള്ളു. അതിനോട് ബന്ധപ്പെട്ടു വരുന്ന ചോദ്യങ്ങൾ ശേഷിക്കുകയാണ്. കൊല്ലോരുന്തിക്കു എന്തായിരുന്നു അതിരാണിപ്പൂവ്? പോയകാലത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്ക് നിവർത്തികൊടുക്കാതെ കഥ തീരുന്നു.
2) ഞാനും ബുദ്ധനും
ഞാനും ബുദ്ധനും വായിച്ചു അവസാനിപ്പിക്കാൻ ഉള്ള ഒരു നോവൽ അല്ല. കഥ അവസാനിച്ചതിന് ശേഷം ആണ് അലോചന തുടങ്ങുന്നത് തന്നെ. ആ തുടർവായന “ഞാനും ബുദ്ധനും” എന്ന ശീർഷകത്തിലെ “ഞാൻ” ആരാണ് എന്ന ചോദ്യത്തിൽ തുടങ്ങുന്നു. നോവലിൽ കാണുന്നത് സാമാന്യപരിചയത്തിലുള്ള ബുദ്ധനല്ല. മറിച്ച്, എല്ലാ വേദനകൾക്കും കാരണഭൂതനാണ് നോവലിലെ ബുദ്ധൻ. ബുദ്ധമതത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായ കരുണ ഒട്ടുമില്ലാത്ത ഒരു ഒളിച്ചോട്ടക്കാരനുമാണ് അയാൾ. അത്തരം ഒരാളിലേക്ക് കപിലവസ്തുവിലെ ജനങ്ങൾ എങ്ങിനെ ആകൃഷ്ടരായി എന്ന വലിയ ചോദ്യത്തിനു നോവൽ ഉത്തരം തരുന്നില്ല. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അരക്ഷിതാവസ്ഥയെ തെല്ലും വകവയ്ക്കാത്ത, തന്റെ പാതയിലേക്ക് ആളുകളെ വലിച്ചെടുക്കുന്ന ബുദ്ധന്റെ യഥാർത്ഥ ചോദന എന്തായിരിക്കാം എന്ന് നോവൽ പറയുന്നില്ല. ഇത്തരത്തിൽ, നോവലിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ബന്ധങ്ങൾ എല്ലാം തന്നെ പലതരം ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. ബുദ്ധനെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നവർ എല്ലാം പിന്നീട് ബുദ്ധന്റെ അനുഗാമികൾ ആകുന്നു. സ്ത്രീകൾ ബുദ്ധനെ പിന്തുടരുന്നത് പുരുഷന്മാർ ഒഴിഞ്ഞ അരക്ഷിതമായ രാജ്യത്തെയും കുടുംബത്തെയും ചൊല്ലിയാണ്; അതിജീവനത്തിന്നായി മാത്രം. ബുദ്ധൻറെ ആത്മീയ തേജസിലേക്കാണ് ആളുകൾ ആകർഷിക്കപ്പെടുന്നത് എങ്കിൽ അതിൽ ആൺപെൺ വേർതിരിവ് ഉണ്ടാകുമോ? അതേപോലെ, ആശ്രമത്തിൽ നിന്നും കൊട്ടാരത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന നന്ദന്, താഴെവീണ മരയോട് എടുത്തുകൊടുത്തുകൊണ്ട് മന്ദഹാസത്തോടെ ബുദ്ധൻ വരൂ എന്ന് പറയുമ്പോൾ നിഷേധിക്കാൻ ആകാത്തത് എന്തുകൊണ്ടാണ്? സന്യാസതാല്പര്യം ഇല്ലാത്ത ഒരാളെ ആണ് ബുദ്ധൻ നിർബന്ധിച്ചു കൂടെ കൊണ്ടുപോകുന്നത്. ബുദ്ധൻറെ അനുയായി ആനന്ദൻ പറയുന്നു: “ബുദ്ധനിലേക്കു ആളുകൾ എത്തിച്ചേർന്നത് മൂന്നു വഴികളിയൂടെയായിരുന്നു. ചിലർ ജ്ഞാനം കൊണ്ട്. മറ്റുചിലർ ഭക്തികൊണ്ട്. ഇനിയും ചിലർ ഉത്സാഹം കൊണ്ട്. പലയിടങ്ങളെ ചുറ്റിക്കറങ്ങി വന്ന വഴികൾ എല്ലാം അവസാനം ബുദ്ധനിൽ വിശ്രമം കൊണ്ടു.” നന്ദൻറെ വഴി ഏതായിരുന്നു എന്ന് ആനന്ദനോ നന്ദനോ പറയുന്നില്ല. നോവലിനൊടുവിൽ അരക്ഷിതരായി സ്ത്രീകൾ ആശ്രമത്തിൽ എത്തുമ്പോൾ ബുദ്ധൻ മുഖം തിരിക്കുന്നു. അവർക്ക് ആശ്രമത്തിൽ പ്രവേശനം ഉണ്ടെങ്കിലും അവരോട് കൂടുതൽ ബന്ധമൊന്നും പാടില്ലെന്നാണ് ബുദ്ധൻ അരുളുന്നത്. അതുവരേയ്ക്കും കരുണയുടെയുടെ സ്വരമായിരുന്ന ബുദ്ധൻ കർക്കശ്യങ്ങളിലേക്കു മാറുകയാണ്. ഈ പരിണാമം എന്ത് കൊണ്ടാണെന്ന് നോവൽ പ്രത്യക്ഷത്തിൽ പറയുന്നില്ല. കരുണ, ക്രൂരതയുമാകുന്ന ഈയൊരു വൈരുധ്യം നോവലിൽ പലയിടത്തും കാണാം.
3) കിളിമഞ്ജാരോ ബുക്സ്റ്റാൾ
പ്രകടമായിത്തന്നെ അർധോക്തികളെയും അപൂർണ്ണതകളെയും കൊണ്ട് ആകാംക്ഷ നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പുസ്തകമാണ് കിളിമഞ്ജാരോബുക്ക്സ്റ്റാൾ. “എന്നെങ്കിലുമൊരിക്കൽ ഞാനിത് ഉപേക്ഷിച്ചു പോകുക തന്നെ ചെയ്യും.” എന്ന അദ്ധ്യായത്തിൽ തുടങ്ങി “ഇതു കഴിഞ്ഞാൽ പിന്നെയും പിന്നെയും ചുരങ്ങൾ കാണും” എന്ന പതിനഞ്ചാമത്തെ അദ്ധ്യായത്തിൽ എഴുതപ്പെട്ട നോവൽ അവസാനിക്കുന്നു. കഥ കഴിയുമ്പോഴും ചുരങ്ങൾ ബാക്കിയാണ്. ആഖ്യാതാവാകുന്ന നായകനും പ്രണയിനിയായ റാഹേലിനും എന്താകും സംഭവിച്ചിരിക്കുക എന്ന, നോവൽ തീരുമ്പോഴും ബാക്കി നിൽക്കുന്ന, ആകാംക്ഷയാണ് നോവലിൽ നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്ന ഒരു ഘടകം. പോകെപ്പോകെ ആകാംക്ഷകളുടെ എണ്ണം കൂടുന്നു. എല്ലാ അദ്ധ്യായത്തിലും, നമ്മളെ മുന്നോട്ടു കൊണ്ട് പോകുവാൻ പകുതിയിൽ നിർത്തിയ ഒരു കഥയുണ്ട്. ചില കഥകൾ ആഖ്യാതാവ് ഇടപെട്ടു നിർത്തുന്നതാണെങ്കിൽ ചിലതു സാന്ദർഭികവശാൽ താനേമുറിഞ്ഞു പോകുന്നു. നിത്യചൈതന്യയതിയെ ഓർമ്മിപ്പിക്കുന്ന നിത്യയെക്കുറിച്ച് നിലീന ആഖ്യാതാവിനോട് പറയുന്ന സന്ദർഭം നോക്കുക. ബുക്സ്റ്റാളിൽ കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ആ കഥ മുറിയുന്നു. ഭാസ്കരേട്ടൻ നായകനോട് പറയുന്ന അമ്പാടിയുടേയും ഭാര്യ നളിനിയുടേയും അനുജൻ കൃഷ്ണന്റെയും കഥ നോക്കുക. കമ്മട്ടിക്കണ്ടലുകളുടെ ഇടയിൽ നിന്ന് കാലങ്ങൾക്കു മുന്നേ ആ സംഭവങ്ങൾക്ക് ദൃക്‌സാക്ഷി ആയ ആരോ ഒരാൾ ദുരൂഹതയുടെ കൊടിയുമായി അതിലും വരുന്നു. ഇതേകാര്യം, ഭാര്യയുടെ അവിഹിതം കോയിത്താറ്റിൽ കണ്ടു പിടിക്കുന്നിടത്തും കാണാം. ആ കഥയും പറയുന്നത് ഭാസ്കരേട്ടൻ ആണ്. എന്നാൽ ഭാസ്കരേട്ടൻ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം അവിടെയും ബാക്കി. ഭാസ്കരേട്ടന്റെ കഥകൾ അവിടെ തീരുന്നു. ഭാസ്കരേട്ടൻ അവസാനം പറയാൻ വച്ച നിലീനയുടെ കഥയും ഭാസ്കരേട്ടനും ഒടുവിൽ ചോദ്യങ്ങൾ ആകുന്നു. രമയും ലീനയും റാഹേലും നിലീനയും ഇതേപോലെ ദുരൂഹത്തിലേക്കുള്ള ചുരങ്ങളാകുന്നു. “അപൂർണ്ണതയുടെ പേരിൽ മുളപൊട്ടി വരുന്ന ആകാംക്ഷയായിരിക്കും ഒരു പക്ഷേ കഥകളെ ചിരഞ്ജീവികൾ ആക്കുന്നത്” എന്ന് നോവലിൽ ഒരിടത്തു എഴുത്തുകാരൻ പറയുന്നുണ്ട്. ഒരു പക്ഷെ തന്റെ ഏറ്റവും വലിയ ആയുധത്തെ ആണ് അലസമായി എഴുത്തുകാരൻ ഇങ്ങനെ തുറന്നു വയ്ക്കുന്നത്. ഒളിച്ചുവയ്ക്കപ്പെടുന്ന ഒന്നിനെപ്പോലെ അലസമായി സൂക്ഷിക്കുന്ന വസ്തു സംശയിക്കപ്പെടാറില്ലല്ലോ.
II) പുരാണ / ചരിത്ര പുനരാഖ്യാനം
ഞാനും ബുദ്ധനും മുഴുവനായും ചരിത്ര പുനരാഖ്യാനം ആയതു കൊണ്ടു കിളിമഞ്ജാരോബുക്സ്റ്റാളിലെ റഫറൻസുകൾ പരിശോധിക്കാം.
തക്ഷകനും പരീക്ഷിത്തു രാജാവും
കുരുവംശ രാജാവായ പരീക്ഷിത്ത് തക്ഷകന്റെ ദംശനമേറ്റു ഏഴു ദിവസത്തിനുള്ളിൽ മരിക്കുമെന്ന് ശമീകപുത്രൻ ഗവിജാതന്റെ ശാപമുണ്ടാകുന്നു. അഷ്ടനാഗങ്ങളിലൊന്നായ തക്ഷകൻറെ ദംശനത്തിൽ നിന്ന് രക്ഷനേടാൻ, കാറ്റുപോലും കടക്കാത്ത അതിസുരക്ഷിതമായ ഏഴുനില മാളിക പണിത് അതിലിരിപ്പായി പരീക്ഷിത്ത് രാജാവ്. കശ്യപ മഹർഷി ഉൾപ്പെടെയുള്ള മഹാമുനിമാരെയും വിഷഹാരികളെയും മാന്ത്രികൻമാരെയും ശക്തരായ കാവൽ ഭടന്മാരെയും പരീക്ഷിത്ത് മാളികയ്ക്കു കാവൽ നിർത്തി. എന്നാൽ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി പരീക്ഷിത്തിനടുത്തേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിലൊന്നിൽ ചെറുപുഴുവായി തക്ഷകൻ ഒളിച്ചിരുന്നു. അങ്ങനെ എല്ലാ സുരക്ഷാസജ്ജീകരണങ്ങളെയും ഭേദിച്ചുകൊണ്ട് തക്ഷകൻ പരീക്ഷിത്തിനെ ദംശിച്ചു.
പരീക്ഷിത്തിനായി ഏഴുനാൾ കാത്തിരുന്ന തക്ഷകനെപ്പോലെയാണ് കടുത്ത പകയുമായി അമ്പാടി അനുജൻ കൃഷ്ണനെ കാത്തിരുന്നത് എന്ന് എഴുത്തുകാരൻ പറയാതെ പറയുന്നു. സംശയവിഷംനിറഞ്ഞ അമ്പാടിയുടെ മനസ്സിലെ കടുത്ത പക അനുജൻ കൃഷ്ണനെ ഒറ്റക്കണ്ണൻ ആകുന്നു. സഹോദരന്റെ ഭാര്യയെ കാമക്കണ്ണിലൂടെ നോക്കിയതിനാലാണ് കൃഷ്ണനെ അമ്പാടി കമ്മട്ടികണ്ടൽ നീരുതേച്ച് ഒറ്റക്കണ്ണനാക്കുന്നത്. സംശയത്തിന്റെ ആനുകൂല്യത്താലും നേരിട്ട് ഒന്നും കാണാത്തതിനാലും കൃഷ്ണന്റെ ഒരു കണ്ണ് ബാക്കിയാക്കുന്നു. തക്ഷകനെപ്പോലെതന്നെ നയത്തിലാണ് അമ്പാടിയും കൃത്യം നിർവഹിക്കുന്നത്. രംഗം ശ്രദ്ധിക്കുക: “അനിയന്റെ കൈ പിടിച്ചു അയാൾ പുറത്തിറങ്ങി. കരിയിലകൾ പാറിവീണ വഴി. കട്ടിൽ അടർന്നു വീണ ചില്ലകൾ. ചെളിപിടിച്ചു വഴുക്കുന്ന കല്ലുകൾ. അവ പിന്നിട്ട് അവർ നടന്നു. താഴെ കണ്ടലുകളുടെ ജടപിടിച്ച പുഴയോരത്ത ആ യാത്ര അവസാനിച്ചു. കണ്ടൽപ്പൊന്തകളിൽ കാറ്റ് ഉണ്ടായിരുന്നില്ല. നാനാദിക്കിലേക്കും കരുതലില്ലാതെ വളർന്ന ഇലകൾ തീർത്ത വിചിത്രഗോപുരത്തിന്റെ മറവിൽ പുഴയിറമ്പിലേക്ക് തുറക്കുന്ന പാറക്കെട്ടിൽ അമ്പാടി ഇരുന്നു”. പരീക്ഷിത്തിന്റെ ഏഴുനില മാളികയോട് സാദൃശ്യം തോന്നുന്ന കമ്മട്ടിയിലകളുടെ വിചിത്രഗോപുരത്തിൽ വച്ചാണ് അമ്പാടി കമ്മട്ടിക്കണ്ടലിന്റെ അഥവാ കണ്ണാമ്പൊട്ടിക്കണ്ടലിന്റെ തളിർത്തണ്ടു പൊട്ടിച്ചെടുത്തു കൃഷ്ണന്റെ കണ്ണിൽ അതിന്റെ പാൽ തേക്കുന്നത്. അമ്ലസ്പർശത്താൽ നീറിപ്പുകഞ്ഞ കൃഷ്ണൻ പുഴവെള്ളത്തിലേക്കു ചാടുന്നു. തുടർന്ന് “…അയാൾ മടികുത്തിലെ പൊതിയഴിച്ചു സാവകാശത്തിൽ വെറ്റില മുറുക്കി. വെറ്റില ഞരമ്പുകളിൽ ശ്രദ്ധയോടെ ചുണ്ണാമ്പു തേച്ചു പുഴുവായി മറഞ്ഞിരിക്കുന്ന തക്ഷകന്റെ കണ്ണു പൊട്ടിച്ചു.” ഇവിടെ പറയുന്ന തക്ഷകൻ അമ്പാടിയിലെ പകയാകാം. കമ്മട്ടിച്ചാറുതേച്ച് കൃഷ്ണന്റെ കണ്ണുപൊട്ടിച്ചപ്പോൾ അയാളുടെ പക അടങ്ങി. അമ്പാടിയുടെ പക, പ്രതികാരത്തിന്റെ ആശ്വാസത്തിൽ അടങ്ങുന്നതു ചുണ്ണാമ്പുതേച്ചപ്പോൾ കണ്ണു പൊട്ടിയ വെറ്റിലഞരമ്പിൽ ഒളിഞ്ഞിരിക്കുന്ന തക്ഷകനെപ്പോലെയാണെന്ന് പറയുന്നു.
ബാലിയും സുഗ്രീവനും
ഭാസ്കരേട്ടൻ പറഞ്ഞ കഥയിലെ കൃഷ്ണൻ തന്നെയാണ് വി. കെ കക്കോറ എന്ന് കഥാനായകൻ ഊഹിക്കുന്നത് കക്കോറയുടെ ഇടത്തേക്കണ്ണിനു മങ്ങൽ ഉള്ളതിനാലാണ്. എന്നാൽ കക്കോറയുടെ ആത്മകഥ കേട്ടെഴുതുമ്പോൾ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ വിട്ടുപറയാത്ത കക്കോറയെ നായകൻ കാണുന്നതിങ്ങനെ ആണ്. “ഞാൻ അക്ഷരാർത്ഥത്തിൽ നിരായുധനായി. പത്തുതലയുള്ള രാവണനായി സമുദ്രതീരത്തു ഞാൻ നിന്നതേ ഓർമ്മയുള്ളു. ഒറ്റനിമിഷം കൊണ്ടു ബാലിയുടെ വാലിൽച്ചുറ്റി, ഭൂമിയിലുമല്ല ആകാശത്തിലുമല്ലാതെ കിടക്കുകയാണ്.” വി. കെ. കക്കോറ ബാലിയായി അവതരിപ്പിക്കപ്പെടുന്നു. സഹോദരൻ സുഗ്രീവന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു ഭാര്യയാക്കി എന്നായിരുന്നല്ലോ ബാലിക്കുനേരേയുള്ള പ്രധാന ആക്ഷേപം.
നോവലിൽ കൃഷ്ണന്റെയും സഹോദര ഭാര്യ നളിനിയുടെയും അഗമ്യഗമനത്തെയും എഴുത്തുകാരൻ നേരെ എഴുതിവയ്ക്കുന്നില്ല. സൂചനകളിലൂടെയും ഗൂഢാർത്ഥങ്ങളിലൂടെയുമാണ് ആ ബന്ധത്തെക്കുറിച്ചു നാം മനസ്സിലാകുന്നത്. കുറഞ്ഞ വാക്കുകളിൽ കാവ്യാത്മകമായ ബിംബങ്ങളാലും സൂചനകളാലും അഗമ്യഗമനത്തിന്റെ സാധ്യതകളെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ഒ വി വിജയൻ വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടിരുന്നു. ഖസാക്കിലേതുപോലുള്ള ഭ്രമകൽപനകൾ ഇല്ലെങ്കിലും കിളിമഞ്ജാരോയിൽ ഗൂഢാർത്ഥങ്ങൾക്ക് പഞ്ഞമില്ല.
കുണാലയും തിഷ്യരക്ഷയും.
അശോക ചക്രവർത്തിയുടെയും പദ്മാവതി രാജ്ഞിയുടെയും മകനാണ് കുണാൽ. മൂത്തമകനായ മഹേന്ദ്രൻ ബുദ്ധമത പ്രചരണാർത്ഥം രാജ്യം വിട്ടതിനാൽ സാമ്രാജ്യത്തിന്റെ അവകാശിയാകേണ്ടിയിരുന്നത് കുണാൽ ആയിരുന്നു. എന്നാൽ അശോകന്റെ നാലാമത്തെ ഭാര്യയായ തിഷ്യരക്ഷയുടെ ഗൂഢാലോചനയുടെ പരിണതിയിൽ കുണാൽ അന്ധനാകുന്നു. തുടർന്ന് രാജ്യഭാരം ഏറ്റെടുക്കാനാവാതെ വരുന്നു.
തിഷ്യരക്ഷയ്ക്കു കുണാലയോടുള്ള വിരോധത്തിന്ന് ഒന്നിലധികം കാരണങ്ങൾ പറയപ്പെടുന്നുണ്ട്. രാജ്യാവകാശം കുണാലയ്ക്കു പോകുന്നതിലുള്ള എതിർപ്പ് ആണ് ഒരു കാരണം. തിഷ്യരക്ഷയ്ക്ക് കുണാലിനോട് ഉണ്ടായിരുന്ന പ്രണയം നിരസിക്കപ്പെട്ടതിലുള്ള ദേഷ്യം മറ്റൊന്ന്. കാരണം എന്തായാലും കുണാലയ്ക്കു കണ്ണു കഷ്ടപ്പെടുന്നു. അയാൾ അന്ധനാക്കപ്പെട്ടതിനെപ്പറ്റിയും പല കഥകളുണ്ട്. ഒരു കഥയിൽ. രാജ്യഭാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കുണാല പഠനം ആരംഭിക്കണമെന്ന് അദ്ധ്യാപകർക്ക് അശോകചക്രവർത്തി കത്തെഴുതുന്നു. പ്രാകൃത് ഭാഷയിൽ അശോകൻ എഴുതിയ കത്ത് തിഷ്യരക്ഷ കൈക്കലാക്കുകയും അതിൽ ഗുരുവിനു കീഴിൽ പഠനം നടത്തുക എന്നർത്ഥം വരുന്ന अधीयु (അധിയു) എന്ന വാക്കിനു മുകളിൽ ഒരു വിരാമഛിഹ്നം ചേർക്കുകയും അന്ധനാക്കപ്പെടണം എന്നർത്ഥം വരുന്ന अंधीयु (അന്ധീയു) ആക്കി മാറ്റുകയും ചെയ്യുന്നു. രാജാജ്ഞ അക്ഷരംപ്രതി പാലിക്കപ്പെടുന്നു. കുണാലയ്ക്കു കാഴ്ച നഷ്ടപ്പെടുന്നു.
നോവലിലെ ആഖ്യാനത്തിലേക്ക് വരാം. കിളിമഞ്ജാരോ ബുക്സ്സ്റ്റാളിൽ കുണാലയെ കുറിച്ച് മറ്റൊരു കഥയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു. അശോകന്റെ നാലാമത്തെ പത്നിയാകുന്നതിന്നു മുന്നേ തിഷ്യരക്ഷ കുണാലയുടെ കാമുകിയാണ്. പൂക്കൾ വരണമാല്യമാകുന്ന കാലത്തിനായി കാത്തിരിക്കുന്ന പ്രണയികളാണവർ. കുണാല യുവരാജാവായപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടി. ആയിടയ്ക്കാണ് അശോകന്റെ ഭാര്യ മരിക്കുന്നതും ചക്രവർത്തി തിഷ്യരക്ഷയിൽ ആകൃഷ്ടനാകുന്നതും. കാമുകൻ തനിക്കു വേണ്ടി പോരാടുമെന്നു പ്രതീക്ഷിച്ച തിഷ്യരക്ഷ കാണുന്നത് അവൾക്ക് മാതാവിന്റെ സ്ഥാനം നൽകി അകന്നു പോകുന്ന കുണാലയെ ആണ്. ഇത് തിഷ്യരക്ഷയെ പ്രതികാരമൂർത്തിയാക്കുന്നു. ഭർത്താവായ അശോകനെക്കൊണ്ട് അവൾ കുണാലയ്ക്കു ഒരു ദൂത് അയപ്പിക്കുകയും അതിൽ തക്ഷശിലയിലെ വിലയേറിയ രണ്ടു നീലക്കല്ലുകൾ പാടലിപുത്രത്തിലേക്ക് കൊടുത്തയക്കുവാൻ പറയിക്കുകയും ചെയ്തു. അശോകൻ ഒപ്പുവെച്ച ദൂത് തക്ഷശിലയിൽ കുണാൽ കൈപ്പറ്റി. കുണാലപ്പക്ഷിയുടെ കണ്ണുകൾക്ക് സമാനമായ കണ്ണുകൾ ഉള്ളതിനാൽ കുണാലയെന്ന പേരുകിട്ടിയ രാജകുമാരനു വിലയേറിയ രണ്ടു നീലക്കല്ലുകൾ തന്റെ കണ്ണുകളാണന്നു പെട്ടെന്നുതന്നെ മനസ്സിലാക്കി. പിതാവാണ് എഴുതിയത് എന്നു തെറ്റിദ്ധരിച്ച് തന്റെ രണ്ടുകണ്ണുകളും ചൂഴ്ന്നെടുത്ത് പാടലിപുത്രത്തിലേക്ക് അയച്ചുകൊടുത്തു. അങ്ങനെ കുണാല അന്ധനായി.
നോവലിൽ ഇതത്രയും പറയുന്നത് നിലീനയുടെയും ധർമേന്ദ്രയുടെയും കഥ വെളിവാക്കുവാനാണ്. ചരിത്രം ആവർത്തിക്കാൻ സമയത്തിലൂടെ യാത്രചെയ്തു വന്നവരായി കുണലായും തിഷ്യരക്ഷയും. അവർ മാത്രമല്ല അശോക ചക്രവർത്തിയായി നിലിനയുടെയും ധർമേന്ദ്രയുടെയും പ്രൊഫസർ ആയ സൂപ്പർവൈസിങ് ഗൈഡും കഥയിൽ വരുന്നു. മഗധ രാജവംശത്തെക്കുറിച്ചു ഗവേഷണം ചെയ്യുന്ന ആരോ ആണ് ഭംഗിയുള്ള കണ്ണുകൾക്കുടമയായ ധർമേന്ദ്രയെ കുണാല എന്ന് വിളിക്കുന്നത് എന്ന് നിലീന പറയുന്നു. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും പ്രോഫസറെ മുഷിപ്പിക്കാതിരിക്കാനും ധർമേന്ദ്ര നിലീനയെ ഉപേക്ഷിക്കുന്നു. അയാളെ പ്രണയിക്കുന്ന നിലീനയിൽ ഇത് പ്രതികാരബുദ്ധി ഉണർത്തുന്നു. നോവലിന്റെ അന്ത്യത്തിൽ, തന്നെ കാണാൻ ധർമേന്ദ്രവരും എന്നും താൻ പലതും നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട് എന്നും നിലീന പറയുന്നുണ്ട്. എന്നാൽ ധർമേന്ദ്ര വന്നോ? നിലീനയെ കണ്ടോ?അവളെന്തു ചെയ്തു? ഒന്നും വ്യക്തമല്ല. മുൻപ് പറഞ്ഞ കഥയുടെ വെളിച്ചത്തിൽ വായനക്കാരി യുക്തിസഹമായി പൂരിപ്പിച്ചെടുക്കുകയാണ് ഏക നിവൃത്തി. ചരിത്രത്തിലെ ഒരു കഥയ്ക്ക് നോവലിന്റെ ആഖ്യാനത്തിന് ഇണങ്ങും വിധം മറ്റൊരു ഭാഷ്യം ചമച്ചിരിക്കുന്നതു തന്നെ ഒരു കഥയെ മറ്റൊന്നു കൊണ്ട് പൂരിപ്പിക്കാനാണെന്നു കാണാം.
III) ആഖ്യാനവും ഘടനയും
സിദ്ധാർത്ഥ രാജകുമാരൻ കപിലവസ്തു ഉപേക്ഷിച്ചതിന് ശേഷം ഭാര്യ, അച്ഛൻ, അമ്മ, ഭാര്യാസഹോദരൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ തേരാളിയുടെയും ഭൃത്യരുടെയും വരെ ജീവിതം എങ്ങനെ മാറിമാറിയുന്നു എന്നതാണ് ഞാനും ബുദ്ധനും എന്ന നോവൽ അവതരിപ്പിക്കുന്നത്. ബുദ്ധനൊഴികെ എല്ലാരും അതിൽ സ്വന്തം കഥ പറയുന്നുണ്ട്. മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും മുൻപുണ്ടായ പുനരാഖ്യാനങ്ങളുടെ, യയാതി, കർണൻ, അഭ്യുദയം, ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയവയുടെ രൂപം ഞാനും ബുദ്ധനും ഉണ്ടെന്നു കാണാം.
ആളുകളിൽ നിന്നും ആളുകളിലേക്ക് വാമൊഴിയായി കൈമാറി വന്ന ഒരു നാടോടിക്കഥപോലെ എഴുതപ്പെട്ട കഥയാണ് അതിരാണിപ്പൂക്കളുടെ അമ്മ എന്ന കഥ. ഒരു നാടോടിക്കഥ പോലെത്തന്നെയാണ് കിളിമഞ്ജാരോ ബുക്ക് സ്റ്റാളിൽ കൃഷ്ണന്റെയും അമ്പാടിയുടെയും കഥ എഴുതപ്പെട്ടിരിക്കുന്നത്. കഥ കേൾക്കുമ്പോൾ എന്നിട്ട്? എന്നിട്ട്? എന്ന് ചോദ്യങ്ങളുണരും. ചിലപ്പോൾ താളത്തിൽ ഒരു മുത്തശ്ശി പാടും. അതിരാണി പൂക്കളുടെ അമ്മയിൽ അത് പാടുന്നത് കൊല്ലോരുന്തിയാണ്. “ചിലപ്പോഴൊക്കെ കൊല്ലോരുന്തിയുടെ നാവില്‍ നാടോടിത്തം കുഴല്‍വിളിക്കുന്ന അശ്രുതപൂര്‍വ്വമായ ചില പാട്ടുകള്‍ തത്തിക്കളിച്ചു. അതിനുമുമ്പ് ആ പാട്ടുകള്‍ കേട്ടിരുന്നതായി ആര്‍ക്കും ഓര്‍മ്മ വന്നില്ല. ചെളിനിറഞ്ഞ പാടവരമ്പിലൂടെ നടന്ന് അവര്‍ പാടി മുഴുമിപ്പിച്ച ഒരു പാട്ട് ഞങ്ങളുടെ നാട്ടില്‍ അതിവേഗം പടര്‍ന്നു. ഇങ്ങനെയായിരുന്നു അത്.
“പാത്തുമ്മ പോറ്റിയ കോയി
അതാ മലകേറിപ്പോയി
ചിങ്കാരമുട്ടയുമിട്ടു
മുട്ടയ്ക്ക് തോടിട് കൊല്ലാ
കൊല്ലനിന്നപ്പണി വയ്യാ
കൊല്ലത്തിയപ്പണി ചെയ്യാ
ഇതിനിടയില്‍ മൂന്നോ നാലോ വരികൂടിയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. കൊല്ലോരുന്തിക്ക് എവിടെ നിന്നോ കിട്ടിയതാവണം. അപാരമായ കനിവോടെ അവര്‍ അത് നാട്ടുകാരെ ഏല്‍പ്പിച്ചു കൊടുത്തതുമാവണം. പാത്തുമ്മയെന്നു പേരുള്ള തരുണീമണികളെ മുഴുവന്‍ ലജ്ജയില്‍ ആറാടിക്കും വിധം ആ പാട്ട് ഞങ്ങളുടെ നാട്ടില്‍ കുറേക്കാലം ഒഴുകിനടന്നു”
കിളിമഞ്ജാരോയിലാകട്ടെ ഒരു ആസ്ഥാന കവിതന്നെ ഉണ്ട്; രാജീവൻ അമ്പലശ്ശേരി. നഷ്ടപ്രണയത്തെക്കുറിച്ചു അയാൾ ഇങ്ങനെ പാടുന്നു.
“മുന്തിരിക്കു വേണ്ടി ചാടിയ
ആ പഴയ കുറുക്കൻ
ഞാൻ തന്നെ ആണ്.
കിട്ടാതെ വന്നപ്പോഴും
പുളിച്ചില്ല
എപ്പോഴും
മധുരിക്കാൻ മാത്രമല്ലേ
നിനക്കറിയൂ
എന്നെ മറന്നു
പോയ ഇപ്പോഴും”
രാജീവൻ അമ്പലശ്ശേരിക്ക് പുറമെ നിത്യയുടെ ആരാധകൻ, കോയിത്താറ്റിൽ തുടങ്ങിയ പലരുടെയും കവിതകൾ കിളിമഞ്ജാരോ ബുക്ക് സ്റ്റാളിൽ കാണാം. കവിതകൾ മാത്രമല്ല കിളിമഞ്ജാരോ ബുക്ക് സ്റ്റാളിൽ കാണാൻ കഴിയുക. കഥ പറയുന്ന പേരില്ലാത്ത ആഖ്യാതാവ്, അയാൾ അനുഭവിക്കുന്ന, കാണുന്ന , കേൾക്കുന്ന, സങ്കല്പിക്കുന്ന കഥകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നു. വിശദമായി പറയുകയാണെങ്കിൽ നായകന്റെ ജീവിതം അഥവാ ഓർമ്മകൾ (റാഹേളുമായുള്ള പ്രണയം, കെ കെ സി യുടെ മരപ്പണിശാലയിലെയും പുസ്തകശാലയിലെയും സംഭവങ്ങൾ) ഭാസ്കരേട്ടൻ പറഞ്ഞു കൊടുക്കുന്ന കഥകൾ (കൃഷ്ണൻന്റെയും അമ്പാടിയുടെയും കഥ, കോയിത്താറ്റിലിന്റെ കഥ, പറയാൻ ബാക്കി വച്ച നിലീനയുടെ കഥ ) നിലീന പറഞ്ഞ കഥകൾ (കുനാലയുടെയും തിഷ്യരക്ഷയുടെയും കഥ, ആത്മകഥ), രാജീവൻ അമ്പലശ്ശേരിയുടെ കവിതകൾക്കു പുറമെയുള്ള, കഥകൾ / നിത്യയുടെ (പ്രസംഗങ്ങൾ, കത്തുകൾ ,സംഭാഷണങ്ങൾ) നായകൻ എഴുതുന്ന കഥകൾ (ഏകലോചനം, കോയിത്താറ്റിലിന്റെ കഥ), കാക്കോറയുടെ ആത്മകഥ, ഇങ്ങനെ നിരവധി സങ്കേതങ്ങൾ കഥപറച്ചിലിനായി എഴുത്തുകാരൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാം. നായകനു കഥകൾ കൈമാറുന്ന ഭാസ്കരേട്ടൻ നോവലിലെവിടെയും സ്വന്തം കഥ പറയുന്നില്ല. എല്ലാരുടെയും കഥകൾ അറിയുന്ന അയാളുടെ കഥകൾ ആരും അന്വേഷിക്കുന്നുമില്ല. എന്നാൽ പറയാതെ പറയുന്ന ഭാസ്കരേട്ടന്റെ കഥ, കടുക്കൻ ദാമോദരൻ മാസ്റ്റർ തന്റെ അച്ഛനാണെന്നത് വരികൾക്കിടയിൽ എഴുത്തുകാരൻ ഒളിപ്പിച്ചു വച്ച കഥയാണ്. നോവലിൽ നിറഞ്ഞു നിൽക്കുന്ന, കഥകൾ എല്ലാം കോർത്ത് വയ്ക്കുന്ന, രഹസ്യങ്ങളുടെ കാവൽക്കാരനായ ഭാസ്കരേട്ടൻ മരിക്കുന്നതോടു കൂടി ആഖ്യാതാവ് മറ്റൊരു പലായനം തുടങ്ങുന്നു. പുസ്തകശാലയേയും അതിനോട് ബന്ധപ്പെട്ട മനുഷ്യൻമാരെയും കോർത്ത ഒറ്റനൂലായിരുന്നു ഭാസ്കരേട്ടൻ. ആ നൂല് പൊട്ടിയതോടു കൂടി ആഖ്യാതാവ് അപ്രസക്തനാകുന്നു. മറ്റൊരിടം തേടി മറ്റൊരാളായി അയാൾ യാത്രയാകുന്നു.
” നേരം വെളുക്കുന്നു.
ഇരുളുന്നു .
പിന്നെയും വെളുക്കുന്നു .
ബസ് മറ്റൊരു ചുരം കയറുകയാണ്.
ഏതു കഴിഞ്ഞാൽ പിന്നെയും പിന്നെയും ചുരങ്ങൾ കാണും.
എന്റെ ഹൃദയം അക്ഷമമായി.
വേഗം പോകൂ വേഗം.”
രാജേന്ദ്രൻ എടത്തുംകര
ഒരു പുസ്തകശാലയുടെ കഥയായി പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുമെങ്കിലും അതിനോട് ബന്ധപ്പെട്ട നിരവധി മനുഷ്യരെ വായിക്കാൻ ശ്രമിക്കുകയുമാണ് നോവലിൽ എഴുത്തുകാരൻ. മനുഷ്യരെ വായിക്കാനുള്ള ഉപാധിയാണ് ഇവിടെ പുസ്തകങ്ങൾ. പുസ്തകശാലയിലെന്നപോലെ കഥകളായും, കവിതകളായും, ചരിത്രമായും, കത്തുകളായും, ഓർമ്മകളായും, ആത്മകഥകളായും ആ മനുഷ്യർ വെളിപ്പെടുന്നു. കണ്ടെടുക്കപ്പെടാത്ത പുസ്തകങ്ങൾ പോലെ ഇനിയും ചില മനുഷ്യരും അവരുടെ വായിക്കപ്പെടാത്ത കഥകളും മറഞ്ഞിരിക്കുന്നു. ഇതിനോടൊപ്പം വായിക്കേണ്ട കിളിമഞ്ജാരോ നോവലിന്റെ മറ്റൊരു സവിശേഷത നോവലിൽ നിന്ന് മാറ്റി നിർത്തിയാലും അതിലെ ഘടകങ്ങൾക്കെല്ലാം സ്വന്തമായി അസ്തിത്വം ഉണ്ടെന്നതാണ്. നോവലിൽ പ്രത്യക്ഷപ്പെടുന്ന രാജീവൻ അമ്പലശ്ശേരിയുടെ കവിതകൾ നോവലിൽ നിന്ന് അടർത്തിമാറ്റിയാലും വായനക്ഷമത ഉള്ളതാണ്. അതേപോലെ നിത്യ പ്രിട്ടോറിയയിൽ നടത്തിയ പ്രസംഗം, ഏകലോചനം എന്ന കഥ ഇങ്ങനെ നോവലിൽ ഉള്ള പല ഘടകങ്ങൾക്കും നോവലിന് പുറത്തും നിലനിൽക്കാൻ കഴിയുന്നതായി കാണാം. ഇങ്ങനെ നോക്കുമ്പോൾ പൂർണതയുള്ള പല പല ഘടകങ്ങളാൽ നിർമ്മിക്കപ്പെട്ട വലിയൊരു അപൂർണതയാണ് കിളിമഞ്ജാരോ ബുക്ക് സ്റ്റാൾ.
IV പ്രമേയം കഥാപാത്രങ്ങൾ
മേൽപ്പറഞ്ഞ ഘടകങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് രാജേന്ദ്രൻ എടത്തുംകരയുടെ എഴുത്തിനെ സജീവമാകുന്ന പ്രമേയങ്ങൾ. അതിരാണിപ്പൂക്കളുടെ അമ്മയിലും ഞാനും ബുദ്ധനിലും കിളിമഞ്ജാരോ ബുക്ക് സ്റ്റാളിലും സജീവമായ പ്രമേയങ്ങളിൽ മുഖ്യമായവ കരുണയുടെയും പ്രണയത്തിന്റേതുമാണ്. സ്ത്രീകളോട് കരുണ സൂക്ഷിക്കുന്ന എഴുത്തുകാരനെ ഈ മൂന്ന് എഴുത്തുകളിലും കാണാൻ കഴിയും. അതേപോലെ ഞാനും ബുദ്ധനിലും കിളിമഞ്ജാരോയിലെ പല കഥകളിലും കാണപ്പെടുന്ന മറ്റൊരു പൊതു ഘടകം പ്രണയമാണ്. സൂക്ഷിച്ചു നോക്കുമ്പോൾ കഥാപാത്രങ്ങൾക്കിടയിൽപ്പോലും പൊതുവായ ചില കാര്യങ്ങൾ കാണാം. ഉദാഹരണത്തിന് ബുദ്ധനും കിളിമഞ്ജാറോയിലെ നായകനും ഉള്ള സവിശേഷതയിൽ ഒന്ന് ഉപേക്ഷിച്ചു പോകൽ ആണ്. എന്നെങ്കിലുമൊരിക്കൽ ഞാനിത് ഉപേക്ഷിച്ചു പോവുകതന്നെ ചെയ്യുമെന്ന് ആദ്യ അദ്ധ്യായത്തിൽ തന്നെ പറയുന്ന കിളിമഞ്ജാരോയിലെ നായകൻ ബുദ്ധനെ ഓർമിപ്പിക്കുന്നു. ബുദ്ധൻ ഉപേക്ഷിക്കുന്നത് ഭാര്യയെ എങ്കിൽ കിളിമഞ്ജാരോയിൽ നായകൻ തന്റെ കാമുകിയെ ഉപേക്ഷിക്കുന്നു. രണ്ടിടത്തും ശരീരത്തോടും അതിന്റെ ആസക്തികളോടുമുള്ള ഭയം ദൃശ്യമാണ്. അതുകൊണ്ട് ബുദ്ധൻ ഈറ്ററയിലെ ഭാര്യയെ ഒളിച്ചും കിളിമഞ്ജാരോയിലെ നായകൻ കന്യാസ്ത്രീയായാകാൻ പോയി തിരിച്ചുവരുന്ന കാമുകിയെ ഉപേക്ഷിച്ചും പലായനം ചെയ്യുന്നു.
അതേപോലെ ഞാനും ബുദ്ധനിലെ ബുദ്ധനും കിളിമഞ്ജാരോയിലെ മനുഷ്യരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവനവനെച്ചുറ്റിയാണ്. എല്ലാവരുടെയും കേന്ദ്രം അവനവൻ തന്നെയാണ്. ഇവിടെ പ്രണയമുണ്ട്, ആത്മീയതയുണ്ട്, യാത്രയുണ്ട് , കുടുംബമുണ്ട് , അതിജീവനമുണ്ട്, എന്നാൽ എവിടെയും സജീവരാഷ്ട്രീയം ഒരു പ്രമേയമായി കടന്നു വരുന്നില്ല. അവനവനെച്ചുറ്റിയുള്ള, വ്യക്തിപ്രധാനമായ രാഷ്ട്രീയത്തിന്റെമാത്രം വക്താക്കളാണ് കഥാപാത്രങ്ങളിലേറെയും.
ഞാനും ബുദ്ധനിലും ഇതേയളവിൽ ആത്മനിഷ്ഠത കാണാം. ബുദ്ധന്റെ കാലത്തിന്റെ രാഷ്ട്രീയ/ചരിത്രപരമായ പ്രത്യേകതകൾ ഒന്നും തന്നെ നോവലിൽ പരാമർശിപ്പിക്കപ്പെടുന്നില്ല. രാജകൊട്ടാരത്തിന്റെ സുഖലോലുപതയിലും സിദ്ധാർത്ഥന്റെ മനസ്സിനെ അലട്ടിയിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്തായിരുന്നു എന്നതിനേക്കാൾ ബുദ്ധനായുള്ള സിദ്ധാർത്ഥന്റെ പരിണാമം അയാൾക്ക് ചുറ്റുമുള്ള വ്യക്തികളെ എങ്ങനെ ബാധിച്ചു എന്നതിലേക്കാണ് നോവൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു. രാജ്യസുരക്ഷയെയും ജനങ്ങളെയും പ്രതിയല്ല ദേവദത്തൻ പ്രതികാര ദാഹിയായി മാറുന്നതും. ഇത്തരത്തിൽ ഒരുപാട് സമാനതകൾ , ഇവിതെ പരാമർശിച്ച മൂന്നു കൃതികളിലും കാണാനാകും.
സ്വന്തമായൊരു ശൈലി ഉണ്ടാവുന്നത് അഭിമാനിക്കാനുള്ള വകയാണ്. പക്ഷേ, അതിൽ ഒരു അപകടവും ഉണ്ട്. പ്രവചിക്കാവുന്ന ഏതു ആവർത്തനക്രമത്തിനും നിങ്ങളെ ഒറ്റു കൊടുക്കാൻ സാധിക്കുമെന്ന് ഓർഹൻ പാമുക് തന്റെ “മൈ നെയിം ഈസ് റെഡ്” എന്ന പുസ്തകത്തിൽ മുന്നേ പറഞ്ഞിട്ടുണ്ട്. പാമുക്കിന്റെ നോവലിൽ കൊലപാതകക്കുറ്റം തെളിയിക്കാൻ നിയോഗിക്കപ്പെടുന്ന നായകനായ ബ്ലാക്കിനെ സംഭവത്തിന്റെ ചുരുളഴിക്കുന്നതിൽ സഹായിക്കുന്നത് ചിത്രകാരനായ കൊലപാതകിയുടെ വ്യതിരിക്തവും ഉറച്ചുപോയതുമായ ശൈലിയാണ്. സ്വന്തം ശൈലി ചിത്രകാരനെ ഒറ്റുകൊടുക്കുന്നു. ഒറ്റുകൊടുക്കപ്പെടാനുള്ള സാധ്യത സ്വന്തമായ ശൈലി ഉള്ള ഏതൊരാൾക്കും ബാധകമാണ്.
സ്വന്തം ആയുധങ്ങൾ അവനവനെ ഒറ്റുകൊടുക്കുന്നതിൽ ഏതു എഴുത്തുകാരനാണ് താല്പര്യം ഉണ്ടാകുക?
കടപ്പാട്.
ലേഖനത്തിന്റെ ആദ്യരൂപം വായിക്കുകയും തെറ്റുകൾ തിരുത്താൻ സഹായിക്കുകയും ചെയ്ത ഷെരീഫ് ചെരണ്ടത്തൂരിനോടുള്ള കടപ്പാട് സ്നേഹപൂർവ്വം രേഖപ്പെടുത്തുന്നു.
Be the first to write a comment.