അയോദ്ധ്യയിലെ രാം ജന്മഭൂമി ക്ഷേത്ര നിർമാണവും അനുബന്ധ വികസനങ്ങളും പൂർത്തിയാക്കാൻ ഏകദേശം 1000 കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. 2024 ൽ 5 ട്രില്യൺ ഡോളറും 2030 ൽ 10 ട്രില്യൺ ഡോളറും ലക്ഷ്യമിടുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയെ കടപുഴക്കി എറിയുന്ന രീതിയിൽ കോവിഡ് പടർന്നു കയറുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരും ഉത്തർ പ്രദേശ് സർക്കാരും തങ്ങളുടെ കോവിഡ് പ്രതിരോധങ്ങളെ മാറ്റി വച്ചുകൊണ്ട് അയോദ്ധ്യയിലെ രാമ ജന്മഭൂമിയെ തങ്ങളുടെ ഭാവി വികസനങ്ങളുടെ കേന്ദ്ര ബിന്ദു ആക്കുന്നതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്?
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന്, ഇന്ത്യയിലെ ഒട്ടു മിക്ക വ്യവസായ ശാലകളും, ചെറുകിട-ഇടത്തരം ഉത്പാദന മേഖലയും ഊർദ്ധ്വശ്വാസം വലിക്കുകയാണ്. ആരാധനാലയങ്ങളാകട്ടെ വിശ്വാസികളെ നേരിൽ കണ്ടിട്ട് കാലം കുറച്ചായി. ഈ സാഹചര്യത്തിൽ 1000 കോടി ചിലവാക്കി (300 കോടി ക്ഷേത്രത്തിനും 700 അനുബന്ധ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും) ഒരു ക്ഷേത്രം പണിയണം എന്ന് ഒരു രാജ്യം തീരുമാനിക്കുമ്പോൾ ഇന്ത്യയുടെ വികസന ചരിത്രത്തിലെ ഒരിക്കലും തുറക്കരുത് എന്ന് തീരുമാനിച്ച് അടച്ചു വച്ച ഒരു അദ്ധ്യായം വീണ്ടും അതിശക്തിയോടെ തുറക്കുകയും, രാജ്യത്തിൻറെ ഭാവി പ്രവർത്തനങ്ങളെ അതിലേക്ക് ആവാഹിക്കുകയും ആണ് ചെയ്യുന്നത്.
സ്വതന്ത്ര ഇന്ത്യ എന്ന ആശയത്തോടൊപ്പം ആ ഇന്ത്യ എങ്ങനെ ആവണം, ആവരുത് എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ നിരന്തരം ചർച്ച ചെയ്യപ്പെട്ടിരുന്നു. അവ പലവട്ടം തിരുത്തിയും വീണ്ടും ചർച്ച ചെയ്യപ്പെട്ടും ഉണ്ടായതാണ്. കൊളോണിയൽ കാലത്തുതന്നെ യൂറോപ്യൻ ഭരണ കർത്താക്കളുടെ സ്വാധിനത്താൽ ഇന്ത്യയിലെ ചില നാട്ടുരാജ്യങ്ങൾ തങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ-ഭരണ മേഖലകളെ ആധുനികവത്കരിക്കാൻ ശ്രമിച്ചിരുന്നു. ഈ ശ്രമങ്ങളുടെ ഗുണഭോക്താക്കൾ പ്രധാനമായും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ജാതി ഹിന്ദുക്കളിൽ ചിലർ മാത്രമായി ഒതുങ്ങി. ഇതിന് അപവാദം ബാബ അംബേദ്കർ, ദാക്ഷായണി വേലായുധൻ, ഡോക്ടർ പൽപ്പു, സഹോദരൻ അയ്യപ്പൻ എന്നിവരെപ്പോലെ വളരെ കുറച്ചുപേർ മാത്രമാണ്. എന്നാൽ അവർക്ക് പോലും അവർ അർഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കുവാൻ വളരെ വലിയ സമരങ്ങൾ തന്നെ നടത്തേണ്ടി വന്നു. സ്വതന്ത്ര ഇന്ത്യയുടെ വിഭാവനത്തിലും പ്രവർത്തനത്തിലും അവരുടെ സംഭാവന അതിബൃഹത്തും സമാനതയില്ലാത്തതും ആണെങ്കിലും അവർ ജീവിച്ചിരുന്ന കാലത്ത് നിലനിന്ന ജാതിവിവേചനത്താൽ അവർക്കു അർഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല; എന്നാൽ നിരന്തരം അപമാനിക്കപ്പെട്ടിരുന്നു താനും. സാധാരണക്കാരുടെ അടുത്ത് മാത്രമല്ല, ആധുനിക വിദ്യാഭ്യാസവും, ആധുനിക ചിന്താഗതികളും ഉള്ളവർ പോലും ജാതീയതയുടെ ചട്ടക്കൂടിൽ കൂടിയാണ് ഈ വ്യക്തികളെയും അവരുടെ സാമൂഹിക സംഭവനകളെയും കണ്ടിരുന്നത്.
ഒരു ആധുനിക മതേതര ജനാധിപത്യ രാജ്യത്തിൻറെ ആവശ്യം ആ ചട്ടക്കൂടിൽ നിന്നും വ്യക്തിയെയും സമൂഹത്തെയും മോചിപ്പിച്ച് തീർത്തും സ്വതന്ത്രവും തുല്യ സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായ ഒരു രാജ്യനിർമ്മാണം ആയിരുന്നു. അതിൽ ഇന്ത്യൻ ഭരണ ഘടനയോടൊപ്പം പഞ്ചവത്സര പദ്ധതികളിൽ ഊന്നിയ ഇന്ത്യൻ സാമ്പത്തിക വികസന പ്രക്രിയയ്ക്കും വളരെ പ്രാധാന്യം ഉണ്ട്. രാജ്യത്തിന്റെ അവികസിതാവസ്ഥയെ മറികടക്കാൻ വ്യക്തമായ ആസൂത്രണ പ്രവർത്തനങ്ങളിലൂടെയാണ് വിഭവ വിനിയോഗം നടത്തിയത്. ലക്ഷ്യങ്ങളും അവിടെ എത്താനുള്ള മാർഗ്ഗവും വ്യക്തമാക്കിയിരുന്നെങ്കിലും പഞ്ചവത്സര പദ്ധതികൾ ഒന്നും തന്നെ പൂർണ്ണ വിജയം അല്ലായിരുന്നു.
ഈ ആസൂത്രണ സമ്പ്രദായത്തിന്റെ പ്രത്യേകത അത് സാമൂഹിക നീതിയും തുല്യതയും സാമ്പത്തിക സാമൂഹിക ഉന്നതിയും ലക്ഷ്യമാക്കുന്നു എന്നതാണ്. അത് അത്ര നിസ്സാര കാര്യം അല്ല. അതിനും അപ്പുറം, സ്വതന്ത്ര ഇന്ത്യയെ വിഭാവനം ചെയ്ത വിദഗ്ദ്ധർ ഈ ഇന്ത്യയെ ഒരു മതനിരക്ഷേപ ജനാധിപത്യമായി നിലനിർത്തണം എന്ന തീരുമാനം കൈകൊണ്ടിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സാംസ്കാരിക മേഖലയിൽ മാത്രമല്ല, ഭാഷയിലും, രാഷ്ട്രീയത്തിലും സാമ്പത്തിക വികസന പ്രക്രിയയുടെ തിരഞ്ഞെടുപ്പിലും ജനാധിപത്യ പ്രക്രിയയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു.
ഇന്ത്യൻ ആസൂത്രണത്തിന്റെ ആദ്യകാലത്ത് സാമ്പത്തിക-സാമൂഹിക വിദഗ്ദ്ധരുടെ പ്രധാന ആശങ്ക മതാധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം, അതും തൊഴിലിലൂന്നിയ ചാതുർവർണ്യ വ്യവസ്ഥ, ഇന്ത്യൻ നയരൂപീകരണത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും അതിന്റെ പ്രഭാവം കുറച്ച് വികസന അജണ്ട മുന്നോട്ട് എങ്ങനെ കൊണ്ടു പോകുമെന്നും ഒരുപാട് അക്കാഡമിക് ചർച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ട്. ഇതിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, വെബറിന്റെ തീസിസിനെ അടിസ്ഥാനമാക്കി ബോംബെ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക- സാമൂഹിക അധ്യാപക പ്രഗത്ഭർ 1950കളുടെ അവസാനത്തിലും 1960കളിലും നിരത്തിയ വാദങ്ങൾ ആണ്. മതം ഏതും ആകട്ടെ, അത് ഒരു രാജ്യത്തെ രാഷ്ട്രീയ നയങ്ങളേയും തീരുമാനങ്ങളേയും സ്വാധീനിക്കാനും നിയന്ത്രിക്കാനും തുടങ്ങുന്ന നിമിഷം ആ രാജ്യത്തിൻറെ നയങ്ങളിലും തീരുമാനങ്ങളിലും ഉണ്ടാവേണ്ട പ്രാപഞ്ചികത നഷ്ടപ്പെടും എന്ന് വെബർ വാദിച്ചിരുന്നു. അത് രാജ്യത്തിൻറെ വളർച്ചയെയാണ് ബാധിക്കുന്നത്.
Max Weber
ചുരുക്കത്തിൽ നൂറ്റാണ്ടുകളുടെ കൊളോണിയൽ ഭരണം കൊണ്ട് സാമ്പത്തികമായി തകർന്നുടഞ്ഞ ഒരു രാജ്യത്തിന്റെ ദൈന്യം ദിന ആവശ്യങ്ങളും ജനങ്ങൾക്ക് ഭക്ഷണവും തൊഴിലും, വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും എത്തിക്കുക എന്നതായിരുന്ന പ്രാഥമിക ലക്ഷ്യം. ജനങ്ങളിൽ ഭൂരിഭാഗം വരുന്ന അധഃകൃത ജനവിഭാഗത്തിന് ക്ഷേത്ര പ്രവേശനം എന്നത് കിട്ടാക്കനിയായിരുന്നു, ആ കാലത്ത്. അന്ന് അവരെ സംബന്ധിച്ച് എന്ത് തേവർ, എന്ത് അമ്പലം !
മതമല്ല രാഷ്ട്രത്തിന്റെ പ്രാഥമിക പ്രശ്നം എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വത്തിന് മതാതിഷ്ടിതമായ വർഗീയതയെ 1980കൾ വരെ സമൂഹത്തിന്റെ ഒരു മൂലയിൽ ഒതുക്കി ഇരുത്താനുള്ള രാഷ്ട്രീയ ഇഛാശക്തി നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നു. ഈ രാജ്യത്തിൻറെ വികസന അജണ്ടയിൽ ആരാധനാലയങ്ങളുടെ വികസനം ഉൾപ്പെട്ടിരുന്നില്ല. മതവും ജാതീയും പൊതു ജീവിതത്തിൽ വ്യക്തമായിരുന്നെങ്കിലും അതിനെ പ്രതിരോധിക്കാനും അവഗണിക്കാനുമുള്ള ആർജവം പലപ്പോഴും രാഷ്ട്രീയ നേതൃത്വം കാണിച്ചിരുന്നു, അതിനാൽ ഉദ്യോഗസ്ഥ വൃന്ദത്തിന് തങ്ങളിലെ മത / ജാതീയ ശക്തികളെ ഒതുക്കി നിറുത്തേണ്ടി വന്നു.1980കളുടെ അവസാനം വരെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞിരുന്ന ഈ രാജ്യത്തെ പല ആരാധനാലയങ്ങളുടേയും അവസ്ഥയും ജനങ്ങളുടെ അവസ്ഥയിൽ നിന്നും ഒട്ടും വ്യത്യസ്തവുമല്ലായിരുന്നു. ഇതേ കാലഘട്ടത്തിൽ തന്നെ ആണ്, 1980ൽ, ഹിന്ദുത്വ ആശയ സംഹിതയിൽ അധിഷ്ഠിതമായി ഒരു രാഷ്ട്രീയ പാർട്ടി, ബിജെപി, സ്ഥാപിതമാവുന്നത്. സാമ്പത്തിക നയങ്ങളിൽ വലതുപക്ഷവാദികൾ ആണെങ്കിലും, ജാതി ഹിന്ദുക്കളെ, അവരുടെ ജനാധിപത്യേതര കാലത്തേ സാമ്പത്തിക-സാമൂഹിക സ്വാധീനങ്ങളെ പലതരം മാധ്യമ (പ്രത്യേകിച്ചും ടെലിവിഷനും സിനിമയും) ഭാവനകളിലൂടെ പുനരവതരിപ്പിച്ച്, ഹിന്ദുത്വ എന്ന ആശയം പതുക്കെ രാഷ്ട്രീയ സംവാദങ്ങളുടെ ഭാഗമാക്കുന്നതിൽ അവർ വിജയിച്ചു. 1990 നു ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക വളർച്ച കുടുംബ വരുമാനത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ വരുമാനത്തിലും അഭൂതമായ മാറ്റം വരുത്തി. മതവും വിശ്വാസങ്ങളും മുൻപില്ലാത്തവിധം ഇന്ത്യൻ സമൂഹത്തിൽ വേരൂന്നാനും തുടങ്ങി. അത് സ്വാതന്ത്രാനന്തര ഇന്ത്യ കുപ്പിയിലാക്കി അടച്ചു വെച്ചു എന്ന് കരുതിയ ഒരു ഭൂതത്തെ തുറന്നു വിടുന്നതിന് തുല്യമായ ഒരു പ്രക്രിയയായിരുന്നു. പുറത്തു വന്ന ഭൂതം വിശ്വാസങ്ങളെ മാത്രമല്ല, എല്ലാ രാഷ്ട്രീയ ധാരകളേയും സ്വാധീനിക്കാനും നിയന്ത്രിക്കാനും തുടങ്ങി. അവയാണ് ഇന്ന് യാതൊരു ഉളുപ്പുമില്ലാതെ പുറത്തു വന്ന് സമൂഹത്തെയും രാഷ്ട്രത്തെയും മാത്രമല്ല സമ്പദ് വ്യവസ്ഥയെയും ഉലക്കുന്നത്.
ഇന്ത്യൻ വ്യവസ്ഥയിലെ ഹിന്ദു മതത്തിന്റെ അന്തസത്ത, കർമ്മവും പുനർജ്ജനവും വിധി വിശ്വാസവും ആണ്. അത് സമഗ്ര വികസന അജണ്ടയുമായി പലപ്പോഴും സമരസപ്പെടുന്നില്ല. ഒന്നാമതായി, അതിന്റെ താപസ/ വൈരാഗ്യ മുദ്ര (ascetic),രണ്ടാമതായി ഉദാസീനതയും/ അനുകമ്പയില്ലായ്മയും (apathy). ചാതുർ വർണ്യത്തിൽ അടിയുറച്ച (21ആം നൂറ്റാണ്ടിലും സാമൂഹിക ഇടപെടലുകളിൽ ജാതി അതി പ്രധാനമായ ഘടകം ആയി നിൽകുമ്പോൾ ഈ പ്രയോഗം കൂടുതൽ ശരിയാവുകയാണ്) ഹിന്ദു എന്ന വിശ്വാസത്തിലൂന്നിയ ഒരു സാമൂഹ്യസ്ഥിതിയിൽ ആധുനിക ജനാധിപത്യ മൂല്യങ്ങളും സാമ്പത്തിക സാമൂഹിക വികസനം ലക്ഷ്യമാക്കിയ ഒരു വികസന തത്വസംഹിത എങ്ങനെയൊക്കെ കൂട്ടിയിണക്കപ്പെടാം, അല്ലെങ്കിൽ വിയോജിക്കപ്പെടാം എന്ന് പല സോഷ്യൽ എക്കണോമിസ്റ്റുകൾ വിശദമായി പഠിച്ചിട്ടുണ്ട്. ഈ വൈരുദ്ധ്യ വാദത്തിന് അടിസ്ഥാനമാക്കാവുന്ന ഉത്തമോദാഹരണം ഇന്ത്യയുടെ സ്വാതന്ത്രാനന്തര സമൂഹിക-സാമ്പത്തിക വികസനത്തിനെ ഗാന്ധിയും നെഹ്റും കണ്ടിരുന്നത് എങ്ങിനെയാണ് എന്ന് നോക്കിയാൽ മതി. ഒരു പ്രതലത്തിന്റെ പരസ്പര വിരുദ്ധ തലങ്ങൾ പോലെ ആയിരുന്നു അവർ മുന്നോട്ട് വച്ച സ്വതന്ത്ര ഇന്ത്യയുടെ വികസന മോഡൽ. ആ വൈരുദ്ധ്യം കൊണ്ട് തന്നെ മനസിലാക്കാം എങ്ങനെ ഹിന്ദു ഫിലോസഫി ഒരു വ്യക്തിയുടെ ഉത്കർഷേച്ഛയേ ഇല്ലാതാക്കുന്നു എന്ന്.
ഗാന്ധിയുടെ സ്വയം പര്യാപ്ത ഗ്രാമം വളരെ ചെറിയ വളർച്ചയേയും, മിനിമം ആഗ്രഹങ്ങളേയും പരിപോഷിപ്പിക്കുന്ന ഒരു സ്വാതികതയാണ് മുന്നോട്ട് വച്ചത്. ആ വ്യവസ്ഥ പ്രതിപാദിക്കുന്ന സാമൂഹിക സ്വയം പര്യാപ്തത, ഒരു രാജ്യത്തിന്റെ സമഗ്രഹ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ട പ്രചോദനം നൽകാൻ ഗാന്ധിയൻ ഗ്രാമ വികസന മോഡലിന് സാധ്യമല്ല. എന്നാൽ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ സാമ്പത്തിക സ്വയം പര്യാപ്തയ്ക്ക് കുറവുകൾ ഉണ്ടായിരുന്നുവെങ്കിലും അത് വൻ വിജയങ്ങളിലേക്കുള്ള പ്ലാനുകളും വിഭവ സമാഹരണവും ലക്ഷ്യമിട്ടിരുന്നു. ഒരു ലിബറൽ ക്യാപിറ്റലിസത്തെ അത് പ്രൊമോട്ട് ചെയ്തിരുന്നുവെങ്കിലും, ലിബറേറ്റഡ് ക്യാപിറ്റലിസത്തെ എതിർത്തിരുന്നു നെഹ്രുവിയൻ വികസന മോഡൽ. എന്നിരുന്നാലും, ഗാന്ധിയും നെഹ്രുവും ചില അടിസ്ഥാന മൂല്യങ്ങളും തത്വസംഹിതകളും സാമൂഹിക ഇടപെടലുകളിൽ മാത്രമല്ല സാമ്പത്തിക വികസന ആശയങ്ങളിലും വേണമെന്ന് നിഷ്കര്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ, ഗീതയെ ഉദ്ധരിച്ച് ഗാന്ധി തന്റെ ആശയങ്ങൾ പറയുമ്പോഴും, അതിന് ഹിന്ദു എന്ന മത വിശ്വാസവും ആയി കാര്യമായ ബന്ധമില്ലായിരുന്നു. മാത്രമല്ല, മതത്തേയും ആചാരങ്ങളേയും തങ്ങളുടെ പ്രവർത്തന ആശയ തത്വസംഹിതകളിൽ നിന്നും മാറ്റി നിറുത്താൻ ഗാന്ധിയും നെഹ്രുവുമടക്കമുള്ള രാഷ്ട്രീയ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് ഗാന്ധിയെ ഹിന്ദുത്വവാദികൾ ആദ്യം ഇല്ലാതാക്കിയതും, നെഹ്റുവിനെ ഇന്ത്യ ചരിത്രത്തിൽ നിന്നും തുടച്ച് മാറ്റാൻ ശ്രമിക്കുന്നതും.
രാജ്യത്തിൻറെ വികസന അജണ്ടയിൽ ആധുനിക മൂല്യങ്ങളും ആശയങ്ങളും പിന്തുടരേണ്ട ആവശ്യം മനസിലാക്കി തന്നെയാണ് ഇന്ത്യൻ ആസൂത്രകർ പ്രവർത്തിച്ചിരുന്നത്. വിധി വിശ്വാസത്തിൽ ഊന്നി കർമ്മ, പുനർജന്മ വിശാസങ്ങളും കൂടെ ചേർന്ന ഹിന്ദു ഫിലോസഫി വികാസനോന്മുഖം അല്ല എന്നു മാത്രമല്ല ജാതിവ്യവസ്ഥയിലൂന്നിയ ഹിന്ദു വിശ്വാസം അനുകമ്പയില്ലായ്മയേയും ഭാവനശൂന്യതയേയും ഒരു മടിയും ലജ്ജയും ഇല്ലാതെ അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ജനാധിപത്യ മൂല്യങ്ങൾ ആയ സാമൂഹിക നീതി, തുല്യത എന്നിവയ്ക്ക് ഈ വ്യവസ്ഥിയിൽ വലിയ സ്ഥാനമില്ല. ഗതകാല ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക നയങ്ങളിൽ മത-വിശ്വാസങ്ങൾക്ക് മറയില്ലാത്ത സ്വാധീനമാണുള്ളത്.
അത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വർഷത്തിൽ രാജ്യം ചരിത്ര സമാനതകളില്ലാത്ത തരത്തിലെ ഒരു ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ ആരോഗ്യ മേഖലയുടെ വികസനമോ, സാമ്പത്തിക മേഖലയുടെ വളർച്ചയെ മുൻഗണനയിൽ നിറുത്താതെ ഒരു ക്ഷേത്ര നിർമാണത്തിനായി സർക്കാർ മുന്നിട്ടിറങ്ങുമ്പോൾ രാഷ്ട്രീയ സംഹിതകൾ മാത്രമല്ല സാമൂഹിക സാമ്പത്തിക ആശയ സംഹിതകളും ചോദ്യം ചെയ്യപ്പെടുന്നത്. ഭരണപക്ഷത്തിന് തങ്ങൾ ഇലക്ഷൻ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുകയാണെന്ന് വാദിക്കാം, പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾ രാമ ക്ഷേത്രം വഴി നേടുമ്പോൾ 2024ലെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ പരണത്ത് ആയി എന്ന് കരുതിയാൽ മതി.
ഇത് കൂടാതെ രണ്ട് കാര്യങ്ങൾ കൂടി സംഭവിക്കുന്നു. (ഒന്ന്) വിശ്വാസത്തോടെ അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സാമൂഹിക സാംസ്കാരിക വ്യവസ്ഥയെ തങ്ങളുടെ ചൊല്പടിയിൽ ആക്കും. മതത്തോടൊപ്പം ജാതിയും ജാതിവ്യവസ്ഥയും സാമൂഹിക കരാറുകളെ (social contract) നിർണയിക്കും. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാകുമ്പോളുള്ള സംഘർഷങ്ങൾ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ പ്രശ്നമാവും. ഈ സാഹചര്യത്തിൽ എത്രമാത്രം ഇളവുകൾ നൽകിയാലും നിക്ഷേപകർ വരാൻ മടിക്കും, കാരണം സമാധാനവും സുരക്ഷയും നിലനിൽക്കുന്ന വ്യവസ്ഥയിലെ സാമ്പത്തിക ഉന്നതിയ്ക് സാധ്യതയുള്ളൂ എന്ന് നിക്ഷേപകനെ ആരും പഠിപ്പിക്കേണ്ട. (രണ്ട്) 137 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. വിഭവങ്ങളുടെ ഏത് അശ്രദ്ധ ഉപയോഗവും പ്രശ്നങ്ങൾ ഉണ്ടാക്കും. സാമൂഹിക-സാമ്പത്തിക തുല്യതയും നീതിയും നടപ്പിലാക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത മേഖലകളിലേക്ക് വരുമാനം കുറഞ്ഞു വരുന്ന സമയത്ത് തുശ്ചമായ വിഭവ സമ്പത്ത് പകുത്ത് നൽകിയാൽ മൊത്തം ഉത്പ്പാദനത്തെ, ഭാവിവികസനത്തെ എന്തിന് നിലനില്പിനെ തന്നെ ആണ് അത് ബാധിക്കുക.
137 കോടി ജനത്തിന്റെ അന്തസുള്ള ജീവിതം വിധി വിശ്വാസത്തിന് വിട്ടുകൊടുക്കേണ്ട ഒന്നല്ല. ഈ കോവിഡ് കാലത്തെങ്കിലും അത് മനസിലാക്കിയില്ലെങ്കിൽ ഇനി എന്ന്, എങ്ങനെ?
Be the first to write a comment.