തിര പകുക്കുന്നവരുടെ നാട്ടിൽ,
കടൽ നോക്കി നിൽക്കുന്നൊരാൾ.

പോർവിമാനങ്ങൾ
മുരളുന്നൊരൊച്ചയിൽ
തിര പതറുന്നു, പൊടുന്നനെ
ഉൾവലിയുന്നു.

തിരക്കുപ്പായങ്ങളിൽ,
ചോര പുരളുന്നു,
വീശിപ്പായിക്കുന്നു കടൽ.

ഇറുക്ക് കാൽ
നീട്ടിപിടിച്ചോരു ഞണ്ട്,
കുഞ്ഞു വിരൽ
നോക്കി പായുന്നു .

തൊട്ടു തൊട്ടില്ലെന്ന
മട്ടിൽ കാൽ വലിക്കുന്നു.
കരളു വിങ്ങുന്നു.

കനത്തിൽ ബാഗ്
നെഞ്ചോടടക്കുന്നു.

വിരലുകൊണ്ട്
മണലിൽ ‘പൗരൻ’
എന്നെഴുതി വിയർക്കുന്നു.

തിര വന്ന് മായ്ക്കുമെന്നൊരു
മാത്ര കിടുങ്ങുന്നു.

പൊടുന്നനെ ആകാശമിരുളുന്നു.

കുറുവടികൾ ഇമതെറ്റാതെ
നോക്കുന്നു.

നോട്ടത്തിൽ പിടയുന്നു.

മണൽ വരികൾ മായ്ക്കുന്നവർ.

ആകാശമിരുളുന്നു.

ബാഗിൽ പരുന്തെന്ന വണ്ണം
ചിലർ അള്ളിപ്പിടിക്കുന്നു.

അടക്കിപ്പിടിക്കുമ്പോൾ
പറിച്ചെടുക്കുന്നു ചിലർ.

മൂന്ന് പുസ്തകങ്ങൾ.
പുസ്തകങ്ങൾ.
പുസ്തകങ്ങൾ.
ആ പുസ്തകങ്ങളേതെന്ന്
അശരീരികൾ.

താളുകൾ തിരകളിൽ
ഒഴുകി പരക്കുന്നു.

മൂന്നാം പക്കം ചത്തയാൾ കരയ്ക്കടിയുന്നു.

പൗരനെന്നെഴുതിയ
ഒരു പേജ്,
നെറ്റിയിലാരോ ഒട്ടിച്ചു
വയ്ക്കുന്നു.


Comments

comments