വ്യാകരണം തെറ്റിപ്പോയ
താരകങ്ങള്‍ മാനത്താളി ല്‍
താളുകണ്ടം പോല്‍ ചിതറി
കാല് വിറച്ച രാപ്പുതപ്പ്
രാപ്പുതപ്പില് കോവിഡിന്റെ
കരി തേച്ച ചീനക്കണ്ണ്
ചീനക്കണ്ണില് മരണത്തിന്
ബ്യൂഗിളുണ്ട് ഡോലക്കുണ്ട്
ഡോലക്കിന് വലന്തലയില്‍
താളമിടും പുരുഷന്മാര്
പുരുഷത തീറെഴുതി
പാട്ടു കേട്ട പാവക്കൂട്ടം
പാവക്കൂട്ടം ശ്രുതി മാറ്റി
പാതയുടെ പാട്ടു പൊട്ടി
പൊട്ടലൊരു മഞ്ഞപ്പുഴ
തൊട്ടുവന്ന ഹിമബോധം
ബോധവഴി വന്മതിലില്
ചാരി നില്ക്കും ശ്വാസകോശം
കോശഭിത്തി കരളുന്നു
പ്രണയത്തിന് മുല്ലക്കൊടി
മുല്ലക്കൊടി പൂത്തുമില്ല
ചെല്ലക്കാറ്റിലാടിയില്ല
ആടുവാനൊരാളുമില്ല
കാലത്തിന്റെ വ്യാളിയില്ല
വ്യാളിനാവില് തീയുമില്ല
വാണിഭ വിമാനമില്ല
ഇല്ലയെന്നു ചൊല്ലുവാനൊ-
രുണ്ണിയുടെയുടലില്ല
ഇല്ലാത്തൊരുടലു തേടി
സൂചിത്തുമ്പു പറന്നാലേ
പറന്നെത്തും ഗ്രാമങ്ങളില്‍
ഉല്ലാസത്തുടിയുണരൂ
ഉണരുന്ന ഗാനക്കൊയ്ത്തില്
മഴയുണ്ടോ വെയിലുണ്ടോ
വെയിലിന്റെ ചാവിയിട്ടാല്
വിടരുന്ന വാതിലുണ്ടോ.
വാതില്‍പ്പുറക്കാഴ്ചകളില്‍
മണമില്ലാ ജാനകിപ്പൂ
പൂ ചിരിക്കും വീടുകളില്‍
രുചിയില്ലാച്ചോറുമുണ്ട്
ചോറു തോറും നായക്കറി
വിളമ്പുന്ന ചീനക്കൂണ്
കൂണു തുന്നും കടലാസ്സില്‍
കാവല്‍ നില്പ്പൂ ചിത്രലിപി.
Be the first to write a comment.