പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ, പോലീസ് അധികാരമടക്കം രൂക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നീ ‘ആധുനിക’ സംവിധാനങ്ങളെ, പ്രാകൃതമെന്ന് നാം വിലയിരുത്തുകയും അതിജീവിച്ചു കഴിഞ്ഞതെന്ന് നാം “അഭിമാനിക്കു”കയും ചെയ്യുന്ന  ജാത്യാധീശത്വഘടനയുടെ പരോക്ഷ/ പ്രത്യക്ഷ പശ്ചാത്തലഛായയില്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ്‌ തിരക്കഥാകൃത്തായ ശാഹി കബീറും സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടും നായാട്ട് എന്ന സമീപകാല സിനിമയില്‍.

കാക്കിയെ മഹത്വവത്ക്കരിക്കുകയും മഹത്വവത്ക്കരിക്കാന്‍ വേണ്ടി ഇരവത്ക്കരിക്കുകയും ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു സീരീസ് സിനിമ ആയിട്ടാണ് “നായാട്ട്”  പ്രാഥമികമായി പ്രവര്‍ത്തിക്കുന്നത്‌. കൂട്ടത്തില്‍, കേരളമടക്കം ഇന്ത്യയിലാകെ ഉയര്‍ന്നു വരുന്ന അടിസ്ഥാന ജനതയുടെ പ്രതിരോധത്തെയും ഉയിര്‍ത്തെഴുന്നേല്പിനെയും സന്ദര്‍ഭവത്ക്കരിക്കുന്നത് സ്വയം ഒരു മേന്മയായി എടുത്തണിയുന്നു. എന്നാല്‍, ഒരു പക്ഷവും പിടിക്കാതിരിക്കുന്നതായി നടിക്കുന്ന, സമര്‍ത്ഥമായ പ്രമേയ-ആഖ്യാന രീതിയും ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ  സ്വഭാവവും പശ്ചാത്തലവും പരിണതഫലങ്ങളും എന്താണെന്നു നോക്കാം.

പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചു വരവെ താന്‍ അനുഭവിച്ച പ്രശ്‌നങ്ങളില്‍ ഭാവന കലര്‍ത്തിയാണ് താന്‍ നായാട്ടിന്റെ തിരക്കഥ രചിച്ചതെന്ന് ശാഹി കബീര്‍ പറയുന്നുണ്ട് (അനുപമ ചോപ്രയോടുള്ള സംഭാഷണം/ഫിലിം കമ്പാനിയന്‍). ഫസ്റ്റ് ബ്ലഡ് അടക്കമുള്ള റാംബോ സീരീസ് സിനിമകളില്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത് പരാജയമടഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ മുറിവേറ്റ കാക്കിക്കാരന്റെ കഥയാണ് ഇതു കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത്. അതായത്, മുതലാളിത്ത/സാമ്രാജ്യത്വ/ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദക ഉപകരണമായ പോലീസ്/ പട്ടാള സേനകളില്‍ പെട്ട ഭടന്മാര്‍ക്ക് വന്നു പെടുന്ന സ്വത്വവിഭ്രമമാണ് (ഐഡന്റിറ്റി ക്രൈസിസ്) ഇത്തരം കഥകളുടെയെല്ലാം അടിസ്ഥാന ന്യായം. കര്‍ഷകരും തൊഴിലാളികളും തൊഴിലില്ലാത്തവരും ദളിതരും ആദിമഗോത്രവിഭാഗക്കാരും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഭിന്ന ശേഷിക്കാരും കുട്ടികളുമെല്ലാമടങ്ങുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കാക്കി സേനാഭട(ന്‍) എങ്ങനെ അവരെയെല്ലാം മര്‍ദ്ദിച്ചൊതുക്കുന്ന ഒരു മര്‍ദ്ദകനാ(യാ)യി മാറുന്നു എന്നതല്ല ഇവിടങ്ങളിലെ ഐഡന്റിറ്റി ക്രൈസിസ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ദേശിച്ച വിധത്തില്‍ അവരെ അടിച്ചമര്‍ത്താനും അടിച്ചൊതുക്കാനും സാധിക്കുന്നില്ല, അല്ലെങ്കില്‍ അവരെയെല്ലാം അടിച്ചൊതുക്കിയിട്ട് ഡിപ്പാര്‍ട്‌മെന്റിലേക്കോ ജനമധ്യത്തിലേക്കോ എത്തുമ്പോള്‍ പ്രതീക്ഷിച്ച വിധത്തിലുള്ള സ്വീകരണം ലഭിക്കുന്നില്ല എന്നതാണ് ഇത്തരം കഥാപാത്രങ്ങളുടെ സ്ഥിരം ആവലാതി എന്നത് ശ്രദ്ധിക്കുക. നായാട്ടും മറ്റൊന്നിലല്ല ഊന്നുന്നത്. തങ്ങളുടെ അധികാരനിലകള്‍, തങ്ങളുടെ കൈയ്യബദ്ധങ്ങള്‍, തങ്ങളുടെ ഒളിച്ചോട്ടങ്ങള്‍ എല്ലാം അംഗീകരിക്കപ്പെടുന്നില്ല അഥവാ തുറന്നു കാട്ടപ്പെടുന്നു എന്നതാണ് അവരുടെ ധര്‍മ്മസങ്കടം. അതൊഴിവാക്കാനാണ് അതിലൊരാള്‍ ആത്മഹത്യ ചെയ്യുന്നത്. അയാള്‍ ദളിതനാണെന്നതിനാല്‍, ഇതാ ദളിത് പീഡനം പോലീസിലും എന്നതിന്റെ ഉത്തമനിദര്‍ശനമാണിതെന്ന ന്യായവാക്യങ്ങളാണ് തീര്‍ത്തും അസംബന്ധമാകുന്നത്‌.

മര്‍ദ്ദക ഭരണകൂടവും മര്‍ദ്ദിതരില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന അതിന്റെ സേനാഭടന്മാരും തമ്മിലുള്ള വൈരുദ്ധ്യം ചരിത്രത്തിന്റെ ചില സവിശേഷ അവസരങ്ങളില്‍ സംഭവിക്കാറുണ്ട്. 1857-ലെ ഇന്ത്യയില്‍ അപ്രകാരം സംഭവിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തിലെ സൈനികരാരംഭിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്ന പേരിലാണ് ചരിത്രം അടയാളപ്പെടുത്തിയത്. ബ്രിട്ടീഷ് കമാൻഡർക്കെതിരെ ആര്‍മിയിലെ ശിപായി വിഭാഗത്തില്‍ പെട്ട സൈനികരാല്‍ ആരംഭിക്കപ്പെട്ട ആ കലാപത്തിന്  വിവിധ നാട്ടു രാജാക്കന്മാരും അതിലേറെ, പതിനായിരക്കണക്കിന് വരുന്ന സാധാരണ ജനങ്ങളും പിന്തുണ നല്‍കി. സത്യജിത് റായിയുടെ ശത് രഞ്ച് കെ ഖിലാഡി (1977) അടക്കം നിരവധി സിനിമകള്‍ ഈ കലാപത്തെ ആസ്പദമാക്കി പുറത്തു വന്നിട്ടുണ്ട്. ആയിരത്തി നാല്പതുകളുടെ മധ്യത്തിലും സൈനികരാല്‍ നയിക്കപ്പെട്ട ആവേശോജ്ജ്വലമായ സമരമുന്നേറ്റത്തിന് ബോംബെ സാക്ഷിയായി. ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ കുപിതരായി തീര്‍ന്ന റോയല്‍ ഇന്ത്യന്‍ നാവിക സേന, ബ്രിട്ടീഷ് ഭരണത്തിനെതിരായി പരസ്യമായ ലഹളക്കൊരുങ്ങി. നേവല്‍ മ്യൂട്ടിനി എന്നാണാ കലാപം അറിയപ്പെടുന്നത്. 1946 ഫെബ്രുവരി 18-ന് ബോംബെ നാവികത്താവളത്തിലാണ് ആ സമരം ആരംഭിച്ചത്. (അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം (2014) എന്ന സിനിമയില്‍ 1946-ലെ നാവിക കലാപത്തിന്റെ ചില റഫറന്‍സുകളുണ്ട്. അലോഷി(ഫഹദ് ഫാസില്‍) നേവല്‍ മ്യൂട്ടിനിയ്ക്കു ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്.)

ഇത്തരത്തിലുള്ള എന്തെങ്കിലും വര്‍ഗാധികാര വൈരുദ്ധ്യമോ ചരിത്രപരമായ പ്രതിസന്ധിയോ അല്ല നായാട്ട് പോലുള്ള പോലീസ് വാഴ്ത്തു സിനിമകളിലെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നത്.

“ഗുണ്ടകള്‍ക്ക് പോലും ഒരു ക്വട്ടേഷന്‍ വന്നാല്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാം. പക്ഷെ പോലീസുകാരുടെ കാര്യം അതല്ല” എന്ന മണിയന്റെ (ജോജു) വിലാപം, ജനാധിപത്യ ഭരണകൂടം പൊലീസിനെ നിയന്ത്രിക്കുന്നതിനെതിരായ ശുദ്ധിവാദം തന്നെയാണ്. കമ്മീഷണര്‍ പോലെ നിരവധി ഐപിഎസ് വാഴ്ത്തു സിനിമകളില്‍ നാം കണ്ടു സ്വായത്തമാക്കിയ രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും മേലെയായിരിക്കണം പോലീസ് എന്ന ആശയാഗ്രഹത്തെ കോണ്‍സ്റ്റബിള്‍ തലത്തിലേക്ക് വ്യാപിപ്പിക്കുക (ഡിസ്സെമിനേറ്റ് ചെയ്യുക)യാണിവിടെ.

പോലീസ് പോലീസിനെ തന്നെ വേട്ടയാടുന്നു എന്നതാണ് തന്റെ ഭാവനയുടെ അടിസ്ഥാനമായ യാഥാര്‍ത്ഥ്യമെന്ന് തിരക്കഥാകൃത്ത് പറയുന്നുണ്ട്. പൊലീസിലെ ഒന്നോ രണ്ടോ മൂന്നോ ഭടന്മാര്‍ ചെന്നു പെടുന്ന ചില പ്രതിസന്ധി ഘട്ടങ്ങളില്‍ അവരുടെ മേലധികാരഘടന അവരെ സംരക്ഷിക്കുന്നില്ല എന്നതാണ് ആ അടിസ്ഥാന ആവലാതി എന്നു ചുരുക്കം. പോലീസിംഗ് എന്നത് സര്‍വ വിധത്തിലും അംഗീകൃതവും ചോദ്യം ചെയ്യപ്പേടേണ്ടതില്ലാത്തതുമായ ഒരു അധികാരവാഴ്ചയാണെന്നുള്ള ഒരു തത്വമാണിവിടെ തിരക്കഥാകൃത്തിനെ നയിക്കുന്നതെന്നു വ്യക്തമാണ്. മാത്രമല്ല, ഈ സര്‍വ്വാംഗീകാരത്തെ ശിഥിലമാക്കുന്ന മേലധികാര ബലതന്ത്രം പ്രവര്‍ത്തിക്കുന്നത്; പാര്‍ലമെണ്ടറി ജനാധിപത്യത്തിലും ദളിത് ബഹുജന്‍ മുന്നേറ്റത്തിലും ഊര്‍ജ്ജം സംഭരിക്കുന്ന പൊലീസേതര – പൊതുജന സംവിധാനങ്ങളാണെന്ന വിമര്‍ശനവും ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിനു മേല്‍ സൈനികാധികാരം എന്ന ആത്യന്തിക ലക്ഷ്യം തന്നെയാണിവിടെയും അട്ടിമറിക്കുന്നതായി ആരോപിച്ച് സര്‍വ്വാംഗീകാര സിദ്ധാന്തമാക്കി ഉറപ്പിക്കാന്‍ പരിശ്രമിക്കുന്നത്.

ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നതിലൂടെ  പൊലീസിനെ ആത്യന്തികമായി കുറ്റവിമുക്തരാക്കുന്ന (എക്‌സോണറേറ്റിംഗ്) പൊലീസ് വാഴ്ത്തു സിനിമകള്‍ക്ക് കേരളത്തില്‍ നല്ല കമ്പോളമുണ്ടെന്ന് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ തിരിച്ചറിഞ്ഞ അതേ നിര്‍മ്മാതാക്കളാണ് (ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് കമ്പനി) നായാട്ടും നിര്‍മ്മിച്ചതെന്നും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ദളിത് ബഹുജന്‍ സംഘാടനവും മുന്നേറ്റവും ഉണ്ടാക്കുമെന്ന് അധീശ വര്‍ഗം/വംശം കരുതുന്ന സാമൂഹികാസ്വാസ്ഥ്യങ്ങളെയാണ് അയല്‍പക്ക ശല്യം, പോലീസ് ചുമരില്‍ തുപ്പല്‍, തര്‍ക്കിക്കല്‍, അടി, വോട്ടുബാങ്ക് വിലപേശല്‍ എന്നീ കൊടും കുറ്റകൃത്യങ്ങളാക്കി പൊലിപ്പിക്കുന്നത്. പട്ടികജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തെ, വേണ്ടാത്ത അവസരങ്ങളില്‍ മുതലെടുക്കുന്നവര്‍ എന്ന ദുസ്സൂചനയും പ്രകടമാണ്. ആരോപിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ധാര്‍മികത വെച്ച് അവരുന്നയിക്കുന്ന മീടു ആരോപണങ്ങള്‍ പരിശോധിക്കുന്ന പതിവ് നമ്മുടെ പൊതുബോധസമൂഹത്തിനുണ്ട്. ഇതിനു സമാനമാണ്, പട്ടിക വിഭാഗ പീഡന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്നവരാണ് ദളിത് സംഘടനാപ്രവര്‍ത്തകര്‍ എന്ന ദുര്‍വാദവും.

സ്ത്രീകളെ അനാവശ്യമായി ശല്യം ചെയ്യുകയും പോലീസ് സ്റ്റേഷന്റെ പുറം മതിലില്‍ തുപ്പുകയും (ഇവിടെ തുപ്പരുത് എന്ന ചുമരെഴുത്തോ സബ് ടൈറ്റിലോ ഇവിടെയുണ്ടായിരുന്നതുമില്ല) ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് സാധാരണ ദളിതരെന്നും അവരില്‍ നിന്ന് ചിലര്‍ പൊലീസാകുമ്പോള്‍ കുറച്ച് മെച്ചപ്പെടുമെന്നുമുള്ള പരിഷ്‌ക്കാരവാദവും ഉന്നയിക്കപ്പെടുന്നുണ്ട്.

ദളിത് ബഹുജനങ്ങളുടെ സ്വയ മര്യാദാ പ്രഖ്യാപന മുന്നേറ്റത്തെ,  സംസ്‌ക്കാരരഹിതവും ഗ്രാമ്യവും ആര്‍ത്തി നിറഞ്ഞതും കപടവുമായ സാമൂഹ്യ വിരുദ്ധതയായാണ് ഇവിടെ വിശദീകരിക്കുന്നത്. പൊലീസിനകത്തുള്ള ദളിത് സമുദായാംഗങ്ങള്‍ പോലും ബുദ്ധിമുട്ടുന്നത്, പുറത്തുള്ള ദളിത് സമുദായ പ്രവര്‍ത്തകരുടെ വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടങ്ങള്‍ മൂലമാണെന്നും വിവക്ഷിക്കപ്പെടുന്നു. ഭരണകൂടവും കാക്കി മേലധികാരികളും ഇപ്രകാരം കൂടുതല്‍ വെള്ളപൂശപ്പെടുന്നു.

അതായത്, ദളിത് ബഹുജന്‍ സംഘാടന മുന്നേറ്റത്തെ ആത്യന്തികമായി ഭയപ്പെടുന്ന വരേണ്യ-സവര്‍ണ-ബ്രാഹ്മണ- മുഖ്യധാരയുടെ അരക്ഷിതത്വ ഭീതികളാണ് ഇത്തരമൊരു പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും അടിസ്ഥാന പശ്ചാത്തലം എന്നു ചുരുക്കം.

ഉന്നതസമുദായ നേതാക്കള്‍ നാളിതു വരെ നടത്തിപ്പോന്ന വിലപേശലുകളും കടന്നു കയറ്റങ്ങളും വോട്ട് ബാങ്ക് ബ്ലാക്ക് മെയ്‌ലിംഗുമെല്ലാം, സൂത്രത്തില്‍ ദളിത് ബഹുജന്‍ സമുദായ നേതൃത്വത്തിന്റെ തലയില്‍ കെട്ടി വെച്ച് മേലാളരെയും രക്ഷിച്ചെടുക്കുന്നു. സമുദായ സംഘടനകളുടെ കളിപ്പാവകളായി മാറുന്ന രാഷ്ട്രീയക്കാരും തിരിച്ച് രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവകളായി മാറുന്ന സമുദായ സംഘടനകളും എന്ന ദൂഷിത വലയത്തിന്റെ സാന്നിദ്ധ്യത്തെയാണ് നാം ഭയക്കേണ്ടത് എന്ന പ്രവചനത്തിലാണ്‌ നായാട്ട് ഊന്നുന്നത്. ഇവിടെ പ്രബല സമുദായങ്ങള്‍ക്കും പകരം ദളിത് സമുദായ സംഘാടകത്വത്തെ കുറ്റവിചാരണ ചെയ്യുന്നത്, സാമുദായിക സംവരണമാണ് ജാതിയെ വിലപേശല്‍ ഘടകമാക്കി നിലനിര്‍ത്തുന്നതെന്ന സംവരണ വിരുദ്ധരുടെ ആവലാതിയുടെ തന്നെ വിപുലീകരണമാണ്.

karnan
karnan

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദളിത് ബഹുജനങ്ങള്‍ സംഘടനാരൂപമാര്‍ജ്ജിക്കുന്നതും രാഷ്ടീയ സ്വഭാവം കൈവരിക്കുന്നതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു കുതിക്കുന്നതും, അധീശവര്‍ഗം ഞടുക്കത്തോടെയും ഞെട്ടലോടെയുമാണ് വീക്ഷിക്കുന്നത്. ഈ ഞടുക്കവും ഭീതിയുമാണ് നായാട്ട് പോലെ; ആശയ-അവ്യക്തതയുടെ ആനുകൂല്യത്തിലൂടെ ദളിതനുകൂലം എന്നു പോലും പലരെക്കൊണ്ടും തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനിമയുടെ അടിസ്ഥാന പശ്ചാത്തലം. ദളിത് ബഹുജനങ്ങള്‍ സംഘടനാ രൂപമാര്‍ജ്ജിച്ചാല്‍, കള്ളും കഞ്ചാവുമടിച്ചു നടക്കുന്ന സാമൂഹ്യ വിരുദ്ധരെ പോലീസ് സ്‌റ്റേഷനില്‍ കടന്നു കയറിപ്പോലും സംരക്ഷിക്കുമെന്നും പിന്നെ സംസ്ഥാനത്തെ പൊതു ജീവിതത്തെ തന്നെ സ്തംഭിപ്പിക്കുമെന്നും തെരഞ്ഞെടുപ്പിനെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യുമെന്നും നായാട്ട് ഭയപ്പെടുത്തുന്നു.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട യുവാവിനെ ദുരഭിമാനക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ പൊലീസിനെതിരായ രൂക്ഷമായ കുറ്റാരോപണവുമായി മാധ്യമ-വലതു പ്രതിപക്ഷ ഐക്യമുന്നണി  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ദിവസം നിറഞ്ഞു പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഛായയിലാണ് നായാട്ടിലെയും ഉപതെരഞ്ഞെടുപ്പിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മാധ്യമവും വലതു പ്രതിപക്ഷവും എന്ന ഐക്യമുന്നണിയെ കൂടു വിട്ട് കൂടു മാറ്റി ദളിത് സംഘടനയും ഇടതു പ്രതിപക്ഷവും എന്ന ഐക്യമുന്നണിയെ സ്ഥാപിക്കുന്നതിന്റെ ദുരുദ്ദേശ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 1995-ല്‍ തിരുനെല്‍വേലിയിലെ കൊടിയങ്കുളത്ത് ദേവേന്ദ്രകുല വെള്ളാളര്‍ ഗ്രാമത്തില്‍ നടത്തിയ പൊലീസ് വേട്ടയെ, 1997-ല്‍ നടന്നത് എന്ന മട്ടില്‍ കര്‍ണന്‍ സിനിമയില്‍ ചിത്രീകരിച്ചതിനെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുണ്ടായി. 1995-ല്‍ ഭരണത്തിലിരുന്നത് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഡിഎംകെ) 1997-ല്‍ ഡിഎംകെയുമായിരുന്നു. എഡിഎംകെ ഭരണകാലത്തെ പൊലീസ് ക്രൂരതയെ ഡിഎംകെ ഭരണത്തിനു മേല്‍ വെച്ചു കെട്ടുകയാണ് സംവിധായകന്‍ ചെയ്തതെന്നായിരുന്നു ആരോപണം. മാരി ശെല്‍വരാജ് ഇതിന് വിശദീകരണവുമായി പിന്നീട് രംഗത്തു വരേണ്ടി വന്നു. വലതു പക്ഷം അവലംബിക്കുന്ന രാഷ്ട്രീയ മുതലെടുപ്പു കുതന്ത്രങ്ങള്‍, ഇടതുപക്ഷത്തിനു മേല്‍ കെട്ടിവെക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒപ്പം ദളിത് സംഘടനകളും ഈ കുതന്ത്രത്തില്‍ കൂട്ടു നില്‍ക്കുന്നു എന്നും വരുത്തിതീര്‍ക്കുന്നു.

അസാധാരണവും സവര്‍ണാടിമത്തം ഒളിപ്പിച്ചുവെച്ചതുമായ  ഭാവനയാണ് ഇത്തരമൊരു ചിത്രീകരണവിശേഷണത്തിലേക്ക് ദളിത് മുന്നേറ്റങ്ങളെ  കൊണ്ടു ചെന്നു കെട്ടുന്നത്. രാജേഷ് രാജാമണി നിരീക്ഷിക്കുന്നതു പോലെ, ഈ സിനിമയിലെ ദളിത് സമുദായാംഗങ്ങള്‍ മാത്രമാണ് ഏതു ജാതിക്കാരാണെന്ന് നിര്‍വചിക്കപ്പെടുന്നത് (അംബേദ്ക്കറുടെയും മഹാത്മാ അയ്യങ്കാളിയുടെയും ചുമര്‍ ഫോട്ടോകളിലൂടെ). അതായത്, ദളിതര്‍ക്കു പുറത്തുള്ളവരെല്ലാം ജാതിരഹിത അഥവാ ജാത്യതീത പൊതുസമൂഹമായി പരിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പരോക്ഷമായി പ്രഖ്യാപിക്കപ്പെടുന്നത്. സവര്‍ണ നോട്ട (Upepr caste gaze) ത്തിന്റെ സാന്നിദ്ധ്യത്തെയാണ് നായാട്ട് ദളിത് അനുകൂല സിനിമയാണെന്ന് വ്യാഖ്യാനിച്ചവര്‍ കാണാതെ പോകുന്നത്. ഇരകള്‍/വേട്ടക്കാര്‍ എന്ന വിരുദ്ധ ദ്വന്ദ്വത്തെ  ദളിത് വിരുദ്ധതയും രക്ഷാകര്‍തൃത്വ-മാന്യതാ നാട്യം കൊണ്ട്  മറച്ചു വെക്കുകയും ചെയ്യുന്ന സമര്‍ത്ഥമായ ബാലന്‍സിംഗാണ് അപനിര്‍മ്മിക്കേണ്ടത്.

രാഷ്ട്രീയക്കാര്‍ക്കും ദളിത് ബഹുജന്‍ സംഘടനക്കാര്‍ക്കും ധാര്‍മികതയോ മനുഷ്യത്വമോ ഇല്ലെന്നും, അതുള്ളത് വിവിധ സമുദായത്തിലുള്ളവരെങ്കിലും പൊലീസുകാര്‍ക്കാണെന്നുമുള്ള നിഗമനവും ശ്രദ്ധിക്കേണ്ടതാണ്.

അങ്ങാടിയും സന്ദേശവും അറബിക്കഥയും ഇടതനുകൂല സിനിമകളാണെന്ന് ‘തെറ്റി’ദ്ധരിച്ചവരുണ്ടായിരുന്നു. അവര്‍ ചോര വീണ മണ്ണില്‍ നിന്ന് എന്ന പാട്ട് റിങ്ങ് ടോണും കോളര്‍ ടോണുമാക്കി സായൂജ്യമടഞ്ഞു. അതേ ആസ്വാദന സ്ഥലജലവിഭ്രാന്തി ഇവിടെയും ചിലരിലൂടെ ആവര്‍ത്തിക്കുന്നു.

ദളിതര്‍ കടന്നു പോകുന്നതും അനുഭവിക്കുന്നതുമായ മാരകമായ ദുരവസ്ഥയും അധസ്ഥിതത്വവുമാണ്, ചൈതന്യ തമാനെ സംവിധാനം ചെയ്ത കോര്‍ട്ട് (2014) എന്ന മറാത്തി ചിത്രത്തിന്റെ പ്രമേയം. ഇതില്‍ ജഡ്ജ്,  പോലീസ്  അധികാരികള്‍ എന്നിവരുടെയെല്ലാം മേല്‍ ജാതി സ്വത്വങ്ങളും അസ്തിത്വങ്ങളും വിശദീകരിച്ച് അവരുടെ നടപടികളുടെയും തീരുമാനങ്ങളുടെയും ചരിത്രപരതയും മര്‍ദനപരതയും വിശദീകരിക്കുന്നുണ്ട്. ഈയവസരത്തിലും അതോര്‍ത്തെടുക്കാവുന്നതാണ്.

ദളിത് ബഹുജന്‍ സമൂഹവും അവരുടെ സ്വത്വാഭിമാന പ്രസ്ഥാനങ്ങളും കേവലം കുറ്റവാളികളുടെ സമുച്ചയം മാത്രമാണെന്ന ആരോപണവും; അവരില്‍ ഒന്നോ രണ്ടോ പേര്‍ പൊലീസായി കുപ്പായമിടുമ്പോള്‍ വേട്ടക്കാരായിട്ടും ഇരവത്ക്കരിക്കപ്പെടുന്നു എന്നുള്ള ആവലാതിയുമാണ് ചുരുക്കത്തില്‍ നായാട്ടിന്റെ കാഴ്ചാനന്തര വണ്‍ ലൈന്‍.

Comments

comments