ക്ണാശ്ശീരി രായാവിന്റെ അപകോളനീകരണ പടയോട്ടങ്ങൾ- ഒരു പോസ്റ്റ് ഹ്യൂമൻ ചവിട്ടുനാടകം.

രംഗം ഒന്ന്
സ്ഥലം: നീറേങ്കൽ നാൽക്കവല. പെറ്റിബൂർഷ്വ രാജേട്ടന്റെ പെട്ടിക്കടയോടു ചേർന്നുള്ള ചായക്കട.

സമയം: അന്തിമയങ്ങുന്ന ആറുമണി.

കഥാപാത്രങ്ങൾ: ചിന്തകൻ ലൂയി, ശിഷ്യൻ ഇട്ടിനാൻ, ബൂസ്റ്റർ ഡോസ് കുത്തി കയ്യുകഴച്ചിരിക്കുന്ന രാജേട്ടൻ, രണ്ടാംഡോസ് വാക്സിൻ കിട്ടിയ ചാമി, മറ്റുചില ചായകുടിയന്മാർ.

(കർട്ടൻ പൊക്കേണ്ട കാര്യമില്ല. എല്ലാവരും ചായക്കടയിലെ ബെഞ്ചുകളിൽ ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു.)

ഇട്ടിനാൻ: ചേട്ടായി, മ്മ്‌ടെ പണ്ഡിതരായാവിനു പൊതുവെ നട്ടംതിരിച്ചിലാണല്ലോ. ഓരോരോ FB പോസ്റ്റിന്റെ അടിയിൽ പോയി ശകാരിച്ചും ശപിച്ചും ചൊറിഞ്ഞുനോക്കുന്നുണ്ട്. ആളുകൾ ഓന്റെ മണ്ടൻ ജല്പനങ്ങൾക്കു മർമ്മംനോക്കി കണക്കറ്റു പൂശുന്നുമുണ്ട്.

ലൂയി: ഡേയ്, അവൻ ത്രേസ്യാക്കൊച്ചമ്മയുടെ കവിതകൾക്കു മുകളിൽ ക്വാണ്ടം ഫിസിക്സ്, ജോർജ്ജ് കാന്ററുടെ സെറ്റ് തിയറി, പൊതു ആപേക്ഷികതാസിദ്ധാന്തം എന്നിവ വെച്ചുകെട്ടി ഉണ്ടാക്കിയ ആസ്വാദനപേക്കോലം നീ കണ്ടിരുന്നോ? പെറ്റ തള്ള പൊറുക്കൂല!

ഇട്ടി: രായാവ് യൂറോകേന്ദ്രിതമായ സകലമാന ശാസ്ത്ര/ ഗണിത/ കലാസാഹിത്യ/ ചിന്താചരിത്രപദ്ധതികൾക്കെതിരെ കരിവേഷംകെട്ടി ഇറങ്ങിയത് ഇക്കഴിഞ്ഞ ലോക്ക്ഡൌൺ വെബിനാർവേലകൾക്കല്ലേ? രായാവിന് പിന്നെന്ത് ക്വാണ്ടം ഫിസിക്സ്? അനന്തഗണം? ഐൻസ്റ്റീൻ? രാമാനുജൻ? സി. വി. രാമൻ? സുബ്രമണ്യൻ ചന്ദ്രശേഖർ?

(സംഭാഷണത്തിനിടയിൽ ഇട്ടി വലംകൈ പൊക്കി ചൂണ്ടുവിരൽകൊണ്ട് ‘ / ‘ചിഹ്നങ്ങൾ വായുവിൽ ചെരിച്ചുവെട്ടി കാണിക്കുന്നു.)
ലൂയി: നീ അവനെ കാണുമ്പോൾ എട്ടാം ക്ലാസ്സിലെ കുട്ടികൾ പഠിക്കുന്ന അറ്റോമിക് മോഡലുകൾ വരയ്ക്കാൻ പറഞ്ഞുനോക്കിക്കെ…അവന്റെ ക്വാണ്ടം ഫിസിക്സ് വിവരത്തിലെ ഷ്രോഡിങ്ങർ പൂച്ച പുറത്തുചാടും.

രാജേട്ടൻ: (പറ്റുപുസ്തകത്തിലെ കണക്കുകൾ വരവുവെക്കുന്നതിനിടയിൽ) പൂച്ചയെ കണ്ടാൽ പുലിയാണെന്നു കരുതി രായാവ് പണ്ടേ വേലിപൊളിച്ചു മണ്ടാറുണ്ട്..

ഇട്ടി: അപ്പൊ ഗണിതവിജ്ഞാനം പരീക്ഷിക്കാൻ ഗുണകോഷ്‌ഠം ചൊല്ലിച്ചാൽ മതിയാകുമോ?

ലൂയി: രായാവ്  ഒറ്റമൂച്ചിന് എട്ട്  ഗുണം ഏഴ്  എൺപത്തിയേഴ് എന്ന് പെരുക്കുന്നതല്ല പ്രശ്‍നം. അതാണ് യൂറോകേന്ദ്രിത യുക്തിവിചാരത്തിന് എതിരായി ക്ണാശ്ശീരികേന്ദ്രിതമായ പ്രാദേശിക ശരിക്കണക്കെന്നു സ്ഥാപിയ്ക്കാൻ ഉരുണ്ടുപിരളും.

ചാമി: (വാക്സിൻ കുത്തിവെച്ചിടത്തു അമർത്തിതിരുമ്മിക്കൊണ്ട്) രായാവിന്റെ ട്രാൻസ്‌മോഡേൺ ഗുട്ടൻസ് എന്താണ് ഗുരോ?

ലൂയി: രായാവ് ഉറക്കമിളച്ചിരുന്നു libgen, Z-library സൈറ്റുകളിൽനിന്നും ചറപറയെന്നു ഡൌൺലോഡ് ചെയ്യും. Enrique Dussel, Ken Wilber, Ziauddin Sardar, Paul Gilroy മുതലായവരുടെ പ്രബന്ധങ്ങൾ…ആ പ്രബന്ധങ്ങളെപ്പറ്റി എഴുതിയ വേറെ ഗവേഷക പ്രബന്ധങ്ങൾ..

ഇട്ടി: അതൊക്കെ വായിച്ചു മനസ്സിലാക്കുന്നത് നല്ലതല്ലേ?

ലൂയി: മനസ്സിലാക്കുന്നത് നല്ലതുതന്നെ. പക്ഷെ മനസ്സിലാവാത്തതാണ് രായാവിന്റെ കുഴപ്പം. മേല്പറഞ്ഞവരുടെ അക്കാഡമിക്/ ആലോചന/ അനുഭവ/ ജീവിതപരിസരങ്ങൾ വ്യത്യസ്തമായതിനാൽ കുറ്റം മുഴുവനായും രായാവിന്റെതല്ല. രായാവിനു epub തുറക്കാൻ അറിയാത്തതിനാൽ അമ്മാതിരി ഫയൽ വെറുതെവിടും. PDF-നാണ് പണികൊടുക്കുക. മൂന്നാലെണ്ണം അവിടിവിടെയായി തുറന്നുനോക്കുന്നു. വാക്കുകൾ ഡിക്ഷണറിയിൽ ഒത്തുനോക്കി ഏകദേശം പിടികിട്ടിയെന്ന തെറ്റിദ്ധാരണയിൽ ചില പാരഗ്രാഫുകൾക്കുമേലെ highlight മഞ്ഞനിറം പൂശുന്നു.

ചാമി: (പൊട്ടിച്ചിരിയോടെ) പൊക്കാനുള്ളതിൽ വിപ്ലവകരമായി ചോപ്പ് പൂശുപ്പെടുമായിരിക്കും.

ലൂയി: അതുതന്നെ! അർധരാത്രിക്ക്ശേഷം അദ്ദേഹം അടിവരയിട്ടതെല്ലാം വികൃതഭാഷയിൽ കടലാസ്സിലേക്കു തകൃതിയായി പകർത്തിവെക്കുന്നു. കോഴി കൂകുമ്പോഴേക്കും കഷ്ടപ്പെട്ട് കുറിച്ചെടുത്ത ചിന്താഗുളികകൾ സ്വന്തം കണ്ടുപിടുത്തമാണെന്ന ഉത്തമബോധ്യം വന്നിരിക്കും. അടുത്തതായി അടിച്ചുമാറ്റിയ വാചകങ്ങൾക്കിടയിൽ പഴയ സിനിമാപ്പാട്ട് രോമാഞ്ചങ്ങൾ, ഗോലികളി, പഞ്ചഗുസ്തി, തെരുപ്പറക്കലിലെ സ്ത്രീശാക്തീകരണ സാധ്യതയും പരിമിതിയും, പ്രകൃതിചികിത്സയിൽ ആടലോടകം, കാട്ടുചേമ്പിനു പച്ചിലവളം എന്നിവയെക്കുറിച്ചു ചില നിരീക്ഷണങ്ങൾ തിരുകിക്കയറ്റുന്നു. കോളനീകൃതമല്ലാതെ ആലോചിക്കുമ്പോൾ ലീലാപരതയും ഗെയിം തിയറിയും ആവാമെന്ന് നിങ്ങൾക്കും കേട്ടറിവുണ്ടല്ലോ. എല്ലാ വാക്യങ്ങളും ആത്യന്തികപ്രസ്താവനകളുടെ മട്ടിലാണ്. സംശയലേശമെന്യേ. Manuel DeLanda യുടെ Assemblage സിദ്ധാന്തത്തിലെ നെറ്റ്‌വർക്ക് നോഡൽ മുക്തകങ്ങളും ഇടയ്ക്കു നാട്ടും. പാലംപണിക്കു കല്ലിടുന്ന മാതിരി. എന്തെങ്കിലും എത്തുംപിടിയും ഉണ്ടായിട്ട് ചെയ്യുന്നതല്ല ഇതൊന്നും. ഗ്യാസ് ലൈറ്ററിന്റെ പ്രവർത്തനവിദ്യ എന്തെന്ന്  ചോദിച്ചാൽ ബ..ബ്ബബ്ബബ.. എന്ന് ഗ്യാസടിക്കുന്ന സാങ്കേതികജ്ഞാനിയാണ് മഹാരായാവ്.

ഇട്ടി: എന്തൊരു scatterbrained രീതിശാസ്ത്രം!

ലൂയി: കഴിഞ്ഞില്ല, കൂട്ടരേ. അദ്ദേഹത്തിന്റെ ഗവേഷണപര്യടനം തുടങ്ങാനിരിക്കുന്നതേയുള്ള. പിറ്റേന്ന് നട്ടുച്ചക്ക് ചൂട്ടുംകത്തിച്ചു രായാവ് ക്ണാശ്ശീരിയുടെ മുക്കും മൂലയും തപ്പാൻ ഇറങ്ങുകയായി. വല്ല അരികുവത്കൃത മലയോരകവിതയോ തീരദേശചിത്രമോ വഴിവക്കിലെ പൊന്തയിലെങ്ങാനും വീണുകിടപ്പുണ്ടോ എന്ന് നോക്കാൻ. മേല്പറഞ്ഞ ഉഡായിപ്പുകൾ മുഴുവൻ കയ്യിൽക്കിട്ടിയ കുറ്റിബീഡി കലാരൂപത്തിൽ കെട്ടിവെക്കുന്നതോടെ അത്യുഗ്രൻ അപകോളനീകരണപഠനത്തിന്റെ ഉരുപ്പടി റെഡിയായി. പിന്നെ രായാവ് തെങ്ങിൻമടലിൽ ഉടവാള് ചെത്തിയുണ്ടാക്കി ഇറങ്ങും.

ചാമി: നീറേങ്കൽ കവലയിൽനിന്നു രായാവിന്റെ പോർവിളികൾ കേൾക്കാനുണ്ടല്ലോ! കാതോർക്കിൻ, ചങ്ങായിമാരെ…

(എല്ലാവരും ചെവിക്കുപുറകിൽ കൈപ്പടം ചേർത്തുവെച്ചു കാതോർക്കുന്നതായി നടിക്കുന്നു. അശരീരിപോലെ ചായക്കടവേദിയിൽ മുഴങ്ങുന്ന രായാവിന്റെ അട്ടഹാസങ്ങൾ.)

“ഡേയ്…ആരണ്ടാ ക്ണാശ്ശീരിയിൽ എന്റത്ര പോന്ന ദെല്യൂസ്? ഫൂക്കോ? ബാദ്യൂ ? ലെവിനാസ്? ല്യോത്ത? റിച്ചാഡ് റോട്ടി? ഇക്കൂട്ടരെയെല്ലാം മലർത്തിയടിക്കുന്ന എന്നോളം ഊക്കുള്ള എതിർ-താത്വികൻ? അപകോളനീകൻ? ഉണ്ടെങ്കിൽ വാ..ഡേയ്..”

ഇട്ടി: സംഗതി ദെല്യൂസിന്റെ പ്രശ്നമല്ല; ഓന്റെ പാരനോയിക് ഡെല്യൂഷൻ പ്രശ്നമാണെന്ന് അറിയാവുന്ന നാട്ടാർ താണുവണങ്ങുന്നതായി അഭിനയിക്കുന്നു. വാപൊത്തുന്നത് ചിരിക്കാനാണെന്നു രായാവിനു പിടികിട്ടുകയുമില്ല.

(ചിന്തകൻ ലൂയി കൈകൾ പുറകിൽ കെട്ടി ബെഞ്ചുകൾക്കിടയിൽ ഉലാത്തുന്നു.)

ലൂയി: കവലയിലെ പ്രകടനം കഴിഞ്ഞു രായാവ് ശാന്തനായി വീട്ടിൽപ്പൊയ്ക്കോളും . ചിലപ്പോ ഉറങ്ങുന്നതിനുമുമ്പ് ഒന്നുകൂടി ആളുകളെ ഞെട്ടിക്കണമെന്നു തീരുമാനിക്കും. അപ്പോഴാണ് രായാവ് ബതായിയുടെ കവിതാസമാഹാരത്തിന്റെ PDF തുറന്നുവെക്കുന്നത്. ലിംഗം, യോനി, ഓക്കാനം, മലം, ശവഭോഗം എന്നിവ ചുരണ്ടിയെടുത്തു കൂട്ടിക്കലർത്തി കോപ്പിയടിച്ചത് എഫ്ബിയിൽ ഒരു ബീഭത്സ/ജുഗുപ്സ/ ബദൽ കവിതയെന്ന വ്യാജേന അദ്ദേഹം ചാമ്പുന്നു. കണ്ണാടിയിൽ നോക്കി സ്വയം ഞെട്ടുന്നു. കാവത്തു പുഴുങ്ങിയത് കാന്താരിച്ചമ്മന്തിയും ബ്രോയ്‌ലർ കോഴിപ്പീസുംകൂട്ടി മൂക്കറ്റം അടിച്ചു ഏമ്പക്കം വിടുന്നു. എല്ലാം കഴിഞ്ഞു അപകോളനീയതാളത്തിൽ കൂർക്കം വലിച്ചുറങ്ങുന്നു. അപ്രകാരം രായാവിന്റെ ഒരു ദിവസത്തെ കപടജീവിതം അവസാനിക്കുകയായി.

ഇട്ടി: രായാവിന്റെ കയ്യിൽ ഓലമടൽ കൂടാതെ യൂറോകേന്ദ്രിതമല്ലാത്ത വേറെന്തെങ്കിലുമുണ്ടോ?

ലൂയി: ഒരു ചൈനീസ് മൊബൈലുണ്ട്. അതിലാണെങ്കിൽ ബാറ്ററി ചാർജ് നിൽക്കില്ല. ചാർജർ ഇലക്ട്രിസിറ്റി ബോർഡിന്റെ വികസനപ്ലഗ്ഗിൽ കുത്തിവെച്ചാണ് രായാവ് യാങ്കീകേന്ദ്രിത സോഷ്യൽ മീഡിയയിൽ യൂറോകന്ദ്രങ്ങൾക്കെതിരെ ക്ണാശ്ശീരിയിൽനിന്നുള്ള അപകോളനീയപടനീക്കം നടത്താറുള്ളത്. പവർ കട്ടിന്റെ നേരത്ത് അടവുപരമായി പിൻവാങ്ങും.

(വീരപാണ്ഢ്യകട്ടബൊമ്മ തിരൈപ്പടത്തിലെന്നപോലെ മുകളിൽ നിങ്ങൾ കേട്ട നെടുനെടുങ്കൻ ഡയലോഗ് വാചാടോപങ്ങൾക്കുശേഷം ചാമി തന്റെ ബ്രിട്ടീഷ്കേന്ദ്രിത വൊഡാഫോൺ മൊബൈലിൽ ഒരു വെബ്‌പേജ് തുറക്കുന്നു.

രാജേട്ടൻ കാശിടുന്ന മേശവലിപ്പ്‌ പൂട്ടി എഴുന്നേറ്റുചെന്നു സമോവർ കത്തിക്കുന്നു.

ക്ണാശ്ശീരി രായാവിന്റെ എഴുത്തുരീതിക്ക്‌ ഉദാഹരണമായി ചാമി ഒരു ലേഖനഭാഗം വായിക്കുന്നു.)

ചാമി: “കെ-റെയിൽ അതിവേഗതീവണ്ടിയിൽ ബോഗികൾ പിടിപ്പിച്ച മാതിരിയുള്ള ക്ണാശ്ശീരി രായാവിന്റെ നിരൂപണമാതൃക:

മാത്തുക്കുട്ടിയുടെ ‘മഴപ്പാറ്റകൾ മരിക്കുമ്പോൾ’ എന്ന ജലച്ചായചിത്രത്തിലെ നേർത്ത കറുപ്പൻ വരകൾ ആത്യന്തികമായി ഭവ-ശൂന്യ-സാന്ത-ദ്വന്ദ-അദ്വന്ദ-കാർട്ടീഷ്യൻ-അയുക്ത-കാന്റർ ശൂന്യഗണ-ബുദ്ധ(ദ്ധി)നിശ്ശൂന്യ-ആഗന്തുക-അനന്ത-അകോളനിയ-അഭവാഭാവ………………………………………………………

വെല്ലുവിളികളുടെ ഗണിതപദ്ധതിക്കകത്തു ഒരു ബാദ്യൂവിയൻ അഗണിതസംഭവമാണ്. ഇതുതന്നെയാണ് ദെലൂസിന്റെ പറക്കൽരേഖയിൽ (Line of Flight) വിവക്ഷിതമാകുന്ന സർവ്വാന്തരാമിത്വത്തിന്റെ (Immanence) സാന്തസമസ്യകളെന്നും ചിത്രം തലകുത്തനെനിന്നു വീക്ഷിക്കുമ്പോൾ ദൃശ്യഭേദിയാകുന്നതാണ്.

കുറിപ്പുകൾ:

1. കുത്തുകളിട്ട ഭാഗത്തെ ബോഗികൾ കടലാസ്സിനു പുറത്തേക്കു മറിഞ്ഞുവീണതിൽ യാത്രക്കാരും കാഴ്ചക്കാരും ക്ഷമിക്കണം.

2. അവലംബം: ബൈജൂസ്‌ ആപ്പിൽ വിവരിക്കുന്ന Set Theory Formula:
n(U) = n(A) + n(B) + – n(A⋂B) + n((A∪B)’)
n((A∪B)’) = n(U) + n(A⋂B) – n(A) – n(B)

3. Heidegger: A Guide for the Perplexed

4. മാത്തുക്കുട്ടിയുടെ ‘മഴപ്പാറ്റ’ ജലച്ചായ സീരീസ്.

(മഹാരായാവിന്റെ അപകോളനീവത്കരണ യുദ്ധപ്രഖ്യാപനവിളംബരത്തിലെ ഗ്വാ ഗ്വാ വിളികൾ കേട്ടു അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ചായക്കടയിലെ കാണികളുടെയും കിളിപോകുന്നു. എല്ലാവർക്കും ഓരോ കാലിച്ചായ ഫ്രീ ആയി കൊടുത്തു രാജേട്ടൻ സംഗതി സമാധാനപരമായി കൈകാര്യം ചെയ്യുന്നു.)

രംഗം രണ്ട്
ക്ണാശ്ശീരി കനാൽവരമ്പ് കടന്നാൽ നീറേങ്കൽകവലയിലേക്കു തിരിയുന്ന ഇടവഴി. സമയം സുപ്രഭാതം.

അതിരാവിലെ തലയിൽ ഒരു ചാക്ക് കുമ്മായവുമായി അതിവേഗം നടന്നുപോകുന്ന ചിന്തകൻ ലൂയി ഇടവഴിയിൽ ഇട്ടിയുമായി കൂട്ടിമു ട്ടുന്നു.

ഇട്ടിനാൻ: ഇതെങ്ങോട്ടാ ചേട്ടായി കുമ്മായവുമായി?

ലൂയി: ഡേയ്….ക്ണാശ്ശീരി വിപണിയിൽ പോസ്റ്റ് മോഡേൺ നാണ്യവിളകൾക്കു ഇപ്പൊ പൊതുവെ വിലയിടിവാണ്. അപ്പൊ കൊറച്ചു ട്രാൻസ്‌മോഡേൺ വിത്തുകൾ പരീക്ഷിക്കാൻ തീരുമാനിച്ചു.

ഇട്ടി: അതിനെന്തിനാ കുമ്മായം?

ലൂയി: സംഗതി ലാറ്റിനമേരിക്കൻ വിത്താണ്. മ്മ്‌ടെ ക്ണാശ്ശീരി നാടൻമണ്ണിന്റെ അമ്ലഗുണം അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ വിള ചതിക്കും. ആദ്യം കുറച്ചു കുമ്മായം തട്ടട്ടെ. എന്നിട്ടു വേണം മെക്സിക്കോ-അർജന്റീന അതിർത്തിയിൽനിന്നും ഇറക്കുമതി ചെയ്ത പോസ്റ്റ് ഹ്യൂമൻ മുള്ളൻചീരതയ്യുകൾ നടാൻ.

ഇട്ടി: അപ്പൊ ഇക്കൊല്ലത്തെ ക്ണാശ്ശീരി ചൈന്തീകരത്നം ചേട്ടായിക്ക് തന്നെ! അത് പോട്ടെ… ഒമൈക്രോൺ എന്താകും?

ലൂയി: പാനാസോണിക് വാരിയേഷൻ വരാതിരിക്കാൻ ഉത്രത്തിൽ മുത്തിയോട് പ്രാർത്ഥിച്ചോ!

ഇട്ടിയെ ഇടവഴിയിൽ ഇതികർത്തവ്യതാമൂഢനാക്കി ചിന്തകൻ ലൂയി കയ്യേറിയ കണ്ടങ്ങളിലേക്കു വെച്ചുപിടിപ്പിക്കുന്നു.

(ഈ ചവിട്ടുനാടകത്തിന് ഇല്ലാത്ത കർട്ടൻ ആർക്കുവേണമെങ്കിലും ഇടാവുന്നതാണ്. വേറെ പണിയും തൊരവും ഇല്ലെങ്കിൽ.

———————– ———— ——

മുൻ ചെപ്പേടുകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments