8. ദേശീയതയുടെ ബ്രാഹ്മണവല്ക്കരണവും വി.ഡി. സവർക്കറുടെ രംഗപ്രവേശവും
…………………………
തിലകിൻ്റെ ജനകീയത വളർന്നത് ആശങ്കയോടെ വലന്റൈൻ ചിരോൾ വിവരിക്കുന്നുണ്ട്. ജയിലിൽ നിന്നും മടങ്ങിവന്ന തിലക് കേസരിയിൽ വീണ്ടും വ്യാപൃതനായി. തിലകിൻ്റെ അഭാവത്തിൽ നാം നേരത്തെ പരാമർശിച്ച ഖാദിൽക്കറും കേൽക്കറുമായിരുന്നു കേസരിയുടെ ചുമതല ഏറ്റെടുത്തിരുന്നത്. എന്നാൽ തിലകിൻ്റെ തീ തുപ്പുന്ന ശൈലി അവർക്ക് വേണ്ടത്ര പ്രയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ശിവജിയുടെ ആയിരാമത്തെ പിറന്നാൾ റായ്ഗറിൽ ഗംഭീരമായി ആഘോഷിച്ചു കൊണ്ടാണ് തിലക് തൻ്റെ രണ്ടാംവരവ് അറിയിച്ചത്.
ഇതിനിടയിൽ തിലക് എന്ന വ്യക്തിയുടെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ഒരു കേസ് ഉയർന്നുവരികയുണ്ടായി. തായ് മഹാരാജ് കേസ് എന്ന പേരിൽ നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന കേസിൻ്റെ രത്നച്ചുരുക്കം ഇതായിരുന്നു. പൂനെയിലെ ഒരു സർദാർ ആയിരുന്ന ബാബാ മഹാരാജ് തിലകിൻ്റെ സുഹൃത്തായിരുന്നു. തിലക് ജയിലിൽ നിന്നും വന്ന് അധികകാലം കഴിയും മുമ്പേ ബാബാ മഹാരാജ് അന്തരിച്ചു. മരണശയ്യയിൽ വെച്ച് തിലക് അടക്കം അഞ്ചുപേരെ ബാബാ മഹാരാജ്തൻ്റെ ആസ്തികളുടെ ട്രസ്റ്റിമാരായി നിയമിച്ചിരുന്നു. അതിൽ ഒരാൾ പിൻവലിഞ്ഞു. അക്കാലത്ത് ഗർഭിണിയായിരുന്ന ബാബാ മഹാരാജിൻ്റെ വിധവ തായ് മഹാരാജ് പിൽക്കാലത്ത് ഒരു മകനെ പ്രസവിച്ചെങ്കിലും അധികം താമസിയാതെ ആ കുഞ്ഞ് മരണമടഞ്ഞു. തിലകും മറ്റുള്ളവരും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവരെ പ്രേരിപ്പിച്ചു. അതനുസരിച്ച് പഴയ കുടുംബത്തിൻ്റെ മറ്റൊരു ശാഖ സ്ഥിതി ചെയ്യുന്ന ഔറംഗബാദിലേയ്ക്ക് വിധവയായ തായ് മഹാരാജാവ് തിലകിനൊപ്പം പോകുകയും അവിടെയുള്ള ഒരു കുടുംബശാഖയിൽ നിന്നും ജഗന്നാഥ് എന്ന കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. എന്നാൽ തിരിച്ചെത്തിയ ശേഷം തായ് മഹാരാജ് തിലകിനെതിരാവുകയും അദ്ദേഹത്തിൻ്റെ ട്രസ്റ്റി സ്ഥാനം മുൻനിർത്തി അദ്ദേഹത്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുക്കുകയും ചെയ്തു. അഴിമതിയും കള്ളസാക്ഷ്യവുമടക്കം തിലകനിൽ തായ് മഹാരാജ് ആരോപിച്ചിരുന്നു. ഏതാനും വർഷങ്ങൾ ഈ കേസ് തിലകൻ്റെ സൽപ്പേരിനെ ബാധിച്ചു. എങ്കിലും അവസാനം കോടതി കുറ്റവിമുക്തനാക്കിയതോടെ തിലകിൻ്റെ യശസ്സ് പൂർവാധികം വർദ്ധിച്ചു. മഹാരാഷ്ട്രയ്ക്കും ഡെക്കാൻ ഭൂമി ശാസ്ത്രത്തിനുമപ്പുറം അത് വളർന്നു.
തിലക് പൂനെയിലും ഡെക്കാൻ പ്രവിശ്യയിലും പ്രയോഗിച്ച നവ- ബ്രാഹ്മണിസത്തിൻ്റേയും ദേശീയതയുടേയും കറിക്കൂട്ടിൻ്റെ വിജയകഥ ബംഗാളിൽ ബിപിൻ ചന്ദ്രപാലും അരബിന്ദോയും അടക്കമുള്ളവരെ ആകർഷിച്ചു. ചിത്പാവൻ ബ്രാഹ്മണരുടെ സാമുദായിക വിഭാഗീയതയുടെ ചരിത്രത്തിന് പുറത്തായിരുന്നു അവർ എന്നതിനാൽ അവരുടെ നിലപാടുകൾ പലതും വ്യത്യസ്തമായിരുന്നു. എങ്കിലും തിലകിൻ്റെ മാർഗ്ഗങ്ങൾ ദേശീയ സമരത്തിന് ആക്കം കൂട്ടുമെന്ന് അവർ കരുതി.
പിൽക്കാലത്ത് തിലകുമായി വിയോജിപ്പിലെത്തിയെങ്കിലും മറ്റൊരു ബംഗാൾ നേതാവായ സുരേന്ദ്രനാഥ് ബാനർജിയും തിലകിന്റെ സ്വദേശി പ്രസ്ഥാനത്തിലും ശിവജി ഉത്സവത്തിലും ആകൃഷ്ടനായി. അത്തരമൊരു ഉത്സവം ബംഗാളിൽ ജനകീയമായിരുന്ന കാളീ പൂജയുമായി ചേർത്ത് ആലോചിക്കാൻ സുരേന്ദ്രനാഥ് ബാനർജി തുനിയുകയുണ്ടായി. അതോടൊപ്പം വിദ്യാർത്ഥികളേയും യുവാക്കളേയും ദേശീയതയിലേയ്ക്ക് പ്രചോദിപ്പിക്കുന്നതിന് ജിംനാസ്റ്റിക് സൊസൈറ്റികൾ തുടങ്ങിയ തിലകിൻ്റെ സമ്പ്രദായവും ബാനർജി ബംഗാളിൽ ആരംഭിച്ചു.
1905 ലും 1906 ലും ബംഗാൾ വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന കോൺഗ്രസ്സ് സമ്മേളനങ്ങളിൽ തിലകിൻ്റെ സ്വാധീനം കോലാഹലങ്ങൾക്ക് വഴിയൊരുക്കി. വലിയൊരു വിഭാഗം തിലകിൻ്റെ പിന്നിൽ അണിനിരന്നു. കോൺഗ്രസ്സ് സ്വദേശി മുദ്രാവാക്യം ഏറ്റെടുത്തു. പക്ഷെ ,കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാം എന്ന തിലകിൻ്റെ ആഗ്രഹം നടന്നില്ല. ഫിറോസ് ഷാ മേത്തയുടെ ശ്രമഫലമായി ദാദാബായ് നവറോജിയെ അദ്ധ്യക്ഷ പദവിയിൽ അവരോധിക്കാൻ മിതവാദികൾക്ക് 1906 ലെ കോൺഗ്രസ്സിൻ്റെ കൽക്കത്താ സമ്മേളനത്തിൽ കഴിഞ്ഞു. എങ്കിലും സൂററ്റ് സമ്മേളനത്തിൽ വലിയ കോലാഹലം ഉണ്ടാക്കാൻ തില കൈറ്റുകൾക്ക് സാധിച്ചു.
പൂനെയിലും സമീപപ്രദേശങ്ങളിലും തിലക് വിതച്ച നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ വിത്ത് അതിവേഗം പടർന്നു. ഒരു ദേശീയനേതാവ് എന്ന നിലയിൽ തിലകിന് സാമൂഹികമായ ഒരു പ്രതിച്ഛായ നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ചപേക്കർ സഹോദരർ സൃഷ്ടിച്ച സംഭവവികാസങ്ങളിൽ അവരെ പിന്തുണച്ചു കൊണ്ടും അവരുടെ മരണശേഷം അവരെ പ്രകീർത്തിച്ചുകൊണ്ടും ഒരു ചിത്പാ വൻ തീവ്രവാദ നിലപാട് എടുക്കാൻ തിലകിന് കഴിയുമായിരുന്നില്ല. അതിനാൽ റാൻഡിൻ്റെ കൊലപാതകത്തെ പറ്റി കേസരി എഴുതിയത് ” നാം എല്ലാം അപലപിക്കേണ്ട, ഞെട്ടിക്കുന്ന ദുരന്തം പൂനെയിൽ നടന്നിരിക്കുന്നു “എന്നാണ്. എന്നാൽ തിലക് പലതരത്തിൽ ചപേക്കർ സഹോദരരെ സഹായിച്ചു എന്നായിരുന്നു പൊതുബോധം. തിലകിൻ്റെയും കേസരിയുടേയും ഈ പരിമിതിയെ , അവരുടെ പ്രവർത്തനങ്ങളുടെ ഫലമായിത്തന്നെ ഉണ്ടായ ബ്രാഹ്മണിക പത്രികകൾ തന്നെ മറികടന്നു.
ഉദാഹരണമായി ശിവറാം മഹാദേവ് പരാഞ്ജ് പേ (1864- 1929) എന്ന ചിത്പാവൻ ബ്രാഹ്മണൻ ആരംഭിച്ച കാൽ, പൂനെയിൽ നിന്ന് തന്നെ ആരംഭിച്ച മറ്റൊരു ബ്രാഹ്മണ പത്രിക രാഷ്ട്രമത് തുടങ്ങിയവ മറയില്ലാതെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റെ സായുധസമരത്തെ പരസ്യമായി പിന്തുണച്ചു. പരാഞ്ജ്പേ തിലകിൻ്റെ മുൻ സഹപ്രവർത്തകൻ കൂടിയായിരുന്നു. ദൈവത്തിൻ്റെ നിയമം എന്ന് അവർ വിചാരിച്ചതിനെ അനുസരിക്കുകയാണ് ചപേക്കർമാർ ചെയ്തത് എന്ന് കാൽ എഴുതി. അത് മനുഷ്യരുടെ നിയമങ്ങളേക്കാൾ ഉയർന്ന ഒന്നാണ്. അഫ്സൽഖാനെ ശിവജി ചതിച്ചുകൊന്നതിനെ ന്യായീകരിക്കാൻ തിലക് ഇതേ വാദം ഉന്നയിച്ചത് നാം നേരത്തെ കണ്ടുവല്ലോ. ദൈവനിയമവും അത് നടപ്പാക്കുന്ന ബ്രാഹ്മണനും എന്ന “പുതിയ നിയമം” മറാത്താ പ്രവിശ്യയുടെ പൊതുബോധമാക്കി മാറ്റാനാണ് ഇക്കാലത്ത് ഈ പത്രികകൾ ശ്രമിച്ചിരുന്നത്.
വലൻ്റൈൻ ചിരോൾ തിലകിൻ്റെ രാഷ്ട്രീയത്തെ ഇങ്ങനെ വിവരിക്കുന്നു :
തിലക് ഹിന്ദുക്കളോട് നടത്തിയ അഭ്യർത്ഥനയ്ക്ക് രണ്ട് മാനങ്ങൾ ഉണ്ടായിരുന്നു. ഒരു വശത്ത്, ഇന്ത്യ പ്രത്യേകിച്ചും മറാത്തകളുടെ ദേശമായ മഹാരാഷ്ട്ര ,ഹിന്ദുഭരണത്തിൻ (പേഷ്വാഭരണത്തിൻ ) കീഴിൽ അന്യ ”പൈശാചിക” ഭരണത്തിൻ്റെ
കീഴിലെന്നതിനേക്കാൾ കൂടുതൽ സന്തുഷ്ടവും കൂടുതൽ നന്മനിറഞ്ഞതും കൂടുതൽ അഭിവൃദ്ധിയുള്ളതുമായിരുന്നു എന്ന് അവരെ പഠിപ്പിച്ചു. ബ്രിട്ടീഷ് രാജ് ഒരിക്കൽ പാശ്ചാത്യ നാഗരികതയുടെ ശാസ്ത്രീയനേട്ടങ്ങൾ അവതരിപ്പിച്ചു കൊണ്ട് സേവനം നടത്തിയിട്ടുണ്ടെങ്കിൽ അവർ അതിന് ഭൗതികവും ധാർമ്മികവും ആയ വലിയ വില ഇന്ത്യക്കാരോട് ഈടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പത്ത് അവർ ഊറ്റുകയും അവരുടെ സാമൂഹികവും മതപരവുമായ സ്ഥാപനങ്ങൾ അവർ തകർക്കുകയും ചെയ്തു. മറ്റൊരു വശത്ത് ,വീണ്ടും അധികാരം ബ്രാഹ്മണരുടെ കൈയ്യിൽ എത്തുകയാണെങ്കിൽ ബ്രിട്ടീഷുകാരിൽ നിന്ന് പഠിച്ചെടുക്കേണ്ട നല്ല കാര്യങ്ങൾ ഇപ്പോൾ തന്നെ പഠിച്ചതിനാൽ അതൊരു സുവർണ്ണകാലഘട്ടമായിരിക്കും എന്ന അഭിവൃദ്ധിപരമായ ഒരു പദ്ധതിയിലേയ്ക്ക് അവരെ കൊണ്ടുപോകുകയും ചെയ്തു.
1908 ൽ ബംഗാളിലെ അനുശീലൻ സമിതിയിലെ അംഗങ്ങളായ ഖുദിറാം ബോസും പ്രഫുല്ലചക്കിയും ബ്രിട്ടീഷ് മജിസ്ട്രേട്ട് ആയിരുന്ന ഡഗ്ലസ് കിങ്ങ്സ്ഫോർഡിനെ വധിക്കുക എന്ന ഉദ്ദേശത്തോടെ മുസഫർപൂരിൽ ഒരു കുതിരവണ്ടിക്ക് നേരെ ബോംബെറിയുകയുണ്ടായി. എന്നാൽ കിങ്ങ്സ്ഫോർഡ് സഞ്ചരിച്ചിരുന്ന വണ്ടിക്ക് സമാനമായ മറ്റൊരു കുതിരവണ്ടിയിലേയ്ക്കാണ് അവർ തെറ്റി ബോംബെറിഞ്ഞത് .ആ വണ്ടിയിലുണ്ടായ രണ്ട് യുവതികൾ ,മിസ്സിസ്സ് കെന്നഡിയും മകൾ മിസ്സ് കെന്നഡിയും കൊല്ലപ്പെട്ടു. ഈ സംഭവത്തെ സംബന്ധിച്ച് സ്ഫോടനാത്മകമായ ലേഖനങ്ങൾ കേസരിയിൽ പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞ് 1908 ജൂൺ 24 ന് തിലകിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു.
കുറ്റം നിഷേധിച്ചു കൊണ്ട് നാലു ദിവസങ്ങൾ, എല്ലാം കൂടി ഇരുപത്തി ഒന്നര മണിക്കൂർ തിലക് കോടതിയിൽ വാദിച്ചെങ്കിലും, അദ്ദേഹത്തെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു കോടതി ചെയ്തത്. ആറുവർഷത്തെ സാധാരണ തടവിന് ശിക്ഷിച്ച് അദ്ദേഹത്തെ ബർമ്മയിലെ മാണ്ടലേ ജയിലിലേയ്ക്ക് അയച്ചു. ഇതേ തുടർന്ന് ആറുദിവസം നീണ്ട പ്രതിഷേധങ്ങൾ പൂനെയേയും ബോംബെയേയും പിടിച്ചു കുലുക്കി. അതോടൊപ്പം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ പലയിടത്തും ഉണ്ടായി. തിലകിൻ്റെ ബ്രാഹ്മണരാഷ്ട്രീയത്തിന് ഒരു ദേശീയമുഖം അങ്ങനെ ബ്രിട്ടീഷുകാരുടെ പ്രതികാര നടപടി മൂലം ലഭിച്ചു.അതേ സമയം തിലകിൻ്റെ അഭാവം ഡെക്കാൻ പ്രദേശത്തെ നവ- യാഥാസ്ഥിതിക രാഷ്ട്രീയ പ്രയോഗങ്ങളേയും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളേയും തളർത്തി. പൂനെയിലെ രാഷ്ട്രമത് പത്രിക രേഖപ്പെടുത്തിയ പോലെ “തിലകിനെപ്പോലൊരു ഉന്നത വ്യക്തിത്വത്തിൻ്റെ പൊടുന്നനേയുള്ള നീക്കം ചെയ്യൽ പ്രദേശത്തെയാകെ നിരാശയിൽ വീഴ്ത്തുകയും മറ്റുനേതാക്കളുടെ നാഡികളെ തളർത്തുകയും ചെയ്തിരിക്കുന്നു ”
എന്നാൽ തിലക് വിതച്ചത് കൊയ്യാനിരിക്കുന്നതേ ഉള്ളൂ എന്ന് അധികം താമസിയാതെ തെളിഞ്ഞു. അതിലേയ്ക്ക് പോകുന്നതിന് മുമ്പായി ഗണേശോത്സവും ശിവജി ഉത്സവവും കൊടുമ്പിരി കൊണ്ട ബോംബെ പ്രസിഡൻസിയിൽ 1883 മെയ് 28 ന് ജനിച്ച ഒരു വ്യക്തിത്വത്തിലേയ്ക്ക് നമുക്ക് ഒന്ന് പോകാം. നാസിക്ക് ജില്ലയിലെ ഭാഗൂരിൽ ദാമോദർ പാന്തിൻ്റേയും രാധാബായുടേയും രണ്ടാമത്തെ മകനായി ഒരു ചിത്പാവൻ കുടുംബത്തിൽ വിനായക് ദാമോദർ സവർക്കർ ജനിച്ചു.
പിന്നീട് തൻ്റെ ബാല്യകാലത്തെക്കുറിച്ച് വിനായക് ദാമോദർ സവർക്കർ ആത്മകഥയിൽ എഴുതിയതിൽ നിന്നും അദ്ദേഹത്തിൻ്റെ ബാല്യകാലത്തെ സ്വാധീനിച്ച സംഭവവികാസങ്ങൾ പിടി കിട്ടും. ചിത്പാവനുകൾക്കിടയ്ക്ക് യുക്തിസഹമായ പുനരുദ്ധാരണത്തെ പ്രചരിപ്പിക്കാൻ ശ്രമിച്ച ധാരയെ എതിർത്ത് തോല്പിച്ച ,യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ സമകാലികമായി സമുദായത്തിൽ തിരിച്ചെത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ച വിഷ്ണു ശാസ്ത്രി കൃഷ്ണ ശാസ്ത്രി ചിപ്ലുങ്കറുടെ “നിബന്ധമാല” യായിരുന്നു ബാലനായ സവർക്കറെ ഏറ്റവും ആകർഷിച്ച പുസ്തകങ്ങളിൽ ഒന്ന്. പതിനൊന്ന് വയസ്സിൽ ലേഖനങ്ങൾ എഴുതാൻ ആരംഭിച്ചപ്പോൾ ആ ബാലൻ സ്വീകരിച്ച ശൈലിയും ചിപ്ലുങ്കറുടേത് തന്നെ. ഇക്കാലത്ത് തന്നെ കവിതകളും സവർക്കർ എഴുതിത്തുടങ്ങി. തൻ്റെ കുടുംബദൈവമായ അഷ്ടഭുജ ഭവാനിയെ പ്രാർത്ഥിക്കുക നിത്യ പ്രവൃത്തിയായിരുന്നു.
വീട്ടിൽ നിന്ന് കിട്ടിയ ബ്രാഹ്മണ പാരമ്പര്യത്തെ വീടിന് വെളിയിൽ സവർക്കർ പൂരിപ്പിച്ചത് തിലകിൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ടാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് ബ്രാഹ്മണസാമ്രാജ്യം പുന:സ്ഥാപിക്കാൻ അഭിലഷിച്ച ഫാഡ്കേ ആഹാരം നിരാകരിച്ച് മരണത്തെ പുൽകിയത് സവർക്കറുടെ ജനനത്തിന് തൊട്ടുമുമ്പാണ്. ആര്യസമാജത്തിലൂടെ ഹിന്ദു ഉയിർത്തെഴുന്നേല്പിന് നേതൃത്വം നൽകിയ ദയാനന്ദ സരസ്വതിയും ആ വർഷം തന്നെയാണ് ജീവിതത്തിൽ നിന്നും പിരിഞ്ഞുപോയത്. കേസരിയും പൂനാ വൈഭവും പോലുള്ള പത്രങ്ങൾ ബോംബെ പ്രസിഡൻസിയിലും പുറത്തും സംഭവിക്കുന്ന മുസ്ലീം – ഹിന്ദു സംഘർഷങ്ങളുടെ ഹിന്ദു പാഠം അതിതീവ്രതയോടെ പ്രചരിപ്പിച്ചിരുന്നു. ഹിന്ദു ഐക്യത്തിനായി അവ നിരന്തരം ആഹ്വാനം ചെയ്തിരുന്നു.
കുട്ടിയായിരിക്കുമ്പോൾ സവർക്കർ നടത്തിയ ആദ്യത്തെ രാഷ്ട്രീയ പ്രയോഗവും ചിത്പാവനുകളിലെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ പിന്തുടർന്നുകൊണ്ടുള്ള ഒന്നായിരുന്നു. 1893 ജൂലൈ – ആഗസ്റ്റ് മാസങ്ങളിൽ ആദ്യം ജുനഗഢിലും പിന്നീട് ബോംബെയിലും ഹിന്ദു – മുസ്ലീം സംഘർഷങ്ങൾ ഉടലെടുത്തപ്പോൾ തിലക് ഹിന്ദുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചത് നാം നേരത്തെ കണ്ടുവല്ലോ. ഹിന്ദുവിൻ്റെ രക്ഷയാണ് രാജ്യത്തിൻ്റെ രക്ഷ എന്ന തിലകിൻ്റെ സമീപനം ആണ് സവർക്കർ ആഗിരണം ചെയ്തത് എന്ന് ആ സംഭവം തെളിയിക്കുന്നു. 1894-95 ൽ ഈ സംഘർഷം നാസിക് ജില്ലയിലേയ്ക്കും വ്യാപിക്കുകയുണ്ടായി. ഈ സമയത്ത് പതിനൊന്നുകാരനായ സവർക്കർ പത്തു പന്ത്രണ്ട് സഹപാഠികളെ സംഘടിപ്പിച്ചുകൊണ്ട് ഭാഗൂരിലെ അടഞ്ഞുകിടക്കുന്ന മുസ്ലീംപള്ളി ആക്രമിക്കുകയുണ്ടായി. ഹിന്ദുക്കളെ മുസ്ലീങ്ങൾ ആക്രമിക്കുന്നതിന് പ്രതികാരം ചെയ്യാനാണ് ഈ ഹിന്ദു കുട്ടിപ്പട ശ്രമിച്ചത്. രാത്രിയിൽ, ആരാധന നടക്കാത്ത പള്ളിവളപ്പിൽ ഒളിച്ചു കടന്ന സവർക്കറും സംഘവും ആ കെട്ടിടത്തിന് കേടുപാടുകൾ ഏല്പിച്ചത് സവർക്കർ അനുസ്മരിക്കുന്നുണ്ട്. സവർക്കർ പഠിച്ചിരുന്ന സ്കൂളിന് എതിർവശത്തുള്ള ഉർദു സ്കൂളിലെ ചില മുസ്ലീം വിദ്യാർത്ഥികൾ ഈ തെമ്മാടിത്തം കണ്ടു പിടിക്കുകയും സവർക്കറും കൂട്ടരുമാണ് ഇത് നടത്തിയതെന്ന് മനസ്സിലാക്കുകയും ചെയ്തു. അതേ തുടർന്ന് രണ്ട് സംഘവും തമ്മിൽ ചില മുഷ്ടിയുദ്ധങ്ങൾ നടന്നു. ഈ ”യുദ്ധ” ത്തിൽ വീറോടെ പങ്കെടുക്കുന്നതിനായി സവർക്കർ തൻ്റെ പങ്കാളികൾക്ക് കായികപരിശീലനം നൽകി. ഹിന്ദുക്കുട്ടികളുടെ സംഘം രണ്ടായിത്തിരിഞ്ഞ് മുസ്ലീങ്ങളും ഹിന്ദുക്കളുമായി ഭാവിച്ച് പരസ്പരം ആക്രമിക്കുക എന്നതായിരുന്നു ആ പരിശീലനത്തിൻ്റെ പ്രധാന ഉള്ളടക്കം . അങ്ങനെ കായികശക്തി ,ബ്രാഹ്മണ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി സവർക്കറും മുന്നോട്ടുവെച്ചു. ഫാഡ്കേയുടെ സംഘവും തിലകിൻ്റെ ജിംനാസ്റ്റിക് സൊസൈറ്റികളും ചെയ്ത പോലെ. പിന്നീട് സവർക്കറുടെ ഹിന്ദുസംഘവും ഉർദു സ്കൂളിലെ മുസ്ലീം സംഘവും തമ്മിൽ സന്ധിയിലെത്തുകയും അദ്ധ്യാപകശ്രദ്ധയിൽ ഈ സംഭവം കൊണ്ടുവരുന്നതിൽ നിന്ന് മാറി നിൽക്കാൻ ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തു. ചിത്പാവൻ രാജ്യനഷ്ടത്തിൽ നിന്നുയർന്നുവന്ന നവ- യാഥാസ്ഥിതിക ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ ഒരു പ്രധാനഘടകമായ മുസ്ലീം വിരുദ്ധത ഇളംപ്രായത്തിൽ തന്നെ സവർക്കറിൽ കടന്നുകൂടിയതിൻ്റെ പ്രത്യക്ഷമാണ് ഇത്. അതോടൊപ്പം പിൽക്കാലത്ത് വി.ഡി.സവർക്കർ ഊതി ജ്വലിപ്പിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മൂലകവും മുസ്ലീം വിരുദ്ധത ആയിരുന്നു.
മുസ്ലീം കുട്ടികളുമായുള്ള പ്രശ്നം തത്ക്കാലം തീർന്നെങ്കിലും ഹിന്ദുസംഘടന എന്ന ആശയം സവർക്കർ തുടർന്നു. ഹിന്ദുക്കളെ സംഘടിപ്പിച്ച് ചെറു ചെറു ഗ്രൂപ്പുകളായി തിരിച്ച് മുസ്ലീങ്ങൾ ,ബ്രിട്ടീഷുകാർ ,ഹിന്ദുക്കൾ എന്ന് വേഷം കെട്ടിച്ചു കൊണ്ടാണ് ഈ പരിശീലനം, സൈനികകേന്ദ്രങ്ങളുടെ ലഘുമാതൃക, സവർക്കർ തുടർന്നത്. വെടിയുണ്ടകൾക്ക് പകരം വേപ്പിൻകായ്കൾ ഉപയോഗിച്ചാണ് പരിശീലനം നടത്തിയതെന്ന് സവർക്കറുടെ ഓർമ്മക്കുറിപ്പുകൾ പറയുന്നു. കളിക്കളത്തിന് നടുവിൽ സ്ഥാപിച്ച ഭഗവദ്ധ്വജം ,ഹിന്ദുവിൻ്റെ കാവിക്കൊടി , വേപ്പിൻകായ് വെടിയുണ്ടകളെ ഭയക്കാതെ പിടിച്ചെടുക്കുകയും ശത്രുക്കളുടെ ”വെടിക്കോപ്പുകൾ ” മോഷ്ടിക്കുകയും ചെയ്യാൻ കഴിയുന്നവരെ വിജയിയായി പ്രഖ്യാപിക്കും. “മുസ്ലീങ്ങളോ”, “ബ്രിട്ടീഷുകാരോ” ജയിക്കുകയാണെങ്കിൽ അവരെക്കൊണ്ട് “ബൃഹത്തായ ദേശീയ താത്പര്യ” ത്തിൻ്റെ മഹിമ പറഞ്ഞ് തോൽവി അംഗീകരിപ്പിക്കും. കളിയുടെ ഭാവത്തിലാണെങ്കിലും അതിനുള്ളിലെ ബ്രാഹ്മണരാഷ്ട്രീയത്തിൽ വെള്ളം ചേർത്തിരുന്നില്ല എന്നാണ് സവർക്കറുടെ ഈ സംഭവ വിവരണത്തിലൂടെ നമുക്ക് കിട്ടുന്ന ചിത്രം. ഭാഗൂറിലെ തെരുവുകളിലൂടെ “ഹിന്ദുജയം” ആഘോഷിച്ച് കുട്ടികൾ നടത്തുന്ന പ്രകടനത്തോടെയാണ് ഈ കളി – കാര്യപരിപാടിയ്ക്ക് അവസാനമാകുക.
1896 ൽ തിലകിൻ്റെ കാർമ്മികത്വത്തിൽ ശിവജി ഉത്സവം ആരംഭിച്ചപ്പോൾ ചിത്പാവൻ സമൂഹത്തിലെ തന്നെ പുരോഗമനവാദികൾ, ഗണേഷ് അഗാർക്കറും കൂട്ടരും, അതിനെ എതിർത്തിരുന്നു. 1895 ൽ ഗണേഷ് അഗാർക്കറുടെ മരണശേഷം സുധാരക് പത്രികയുടെ പത്രാധിപത്യം വഹിച്ചിരുന്നത് സീതാറാം പാന്ത് ദേവ്ധർ ആയിരുന്നു. ശിവജി ഉത്സവത്തെ വിമർശിച്ച് സുധാരക് ഇങ്ങനെയെഴുതി:
“എന്ത് കടമയാണ് മുഹമ്മദീയർക്ക് അല്ലെങ്കിൽ ബംഗാളികൾക്ക് അതുമല്ലെങ്കിൽ രജപുത്രർക്ക് ശിവാജിയെ സ്മരിക്കാൻ പ്രേരണ നൽകുന്നത്? ഹിന്ദുക്കൾക്കിടയ്ക്ക് തന്നെയും അത്തരമൊന്നിനെ ദേശീയമാക്കുന്ന ഒന്നും തന്നെയില്ല” .മറാത്താ പ്രദേശത്തെ ഒരു രാജബിംബത്തെ , പ്രത്യേകിച്ചും ജാതിമതഭേദമന്യേ ദേശീയ ഐക്യത്തെ പ്രഘോഷിക്കേണ്ട വേളയിൽ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്നത് അസ്വാഭാവികമായി സുധാരക് കരുതി. എന്നാൽ ഈ വിവാദത്തിൽ ഇടപെട്ട് തിലക് ശക്തിയോടെ രംഗത്ത് വന്നപ്പോൾ എതിർശബ്ദങ്ങൾ ,എത്ര മാത്രം വിവേകത്തോടെ ഉള്ള താണെങ്കിൽ പോലും മങ്ങി. സവർക്കറും കൂട്ടരും അക്കാലമെത്തുമ്പോഴേക്കും തിലകിനാൽ അത്രമേൽ പ്രചോദിതരാക്കപ്പെട്ടിരുന്നു. ഭാഗൂറിൽ സവർക്കറും കൂട്ടരും ശിവജി ഉത്സവം ആഘോഷിച്ചു.
പ്രൈമറി സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ജ്യേഷ്ഠൻ ഗണേഷ് ദാമോദർ സവർക്കർ പഠിക്കുന്ന നാസിക് ശിവജി സ്കൂളിൽ വിനായകും ചേർന്നു.അവിടെ വെച്ചാണ് അദ്ദേഹത്തിൻ്റെ കവിതയെഴുത്തും ലേഖനമെഴുത്തും തെഴുത്ത്. ബ്രാഹ്മണരാൽ നടത്തപ്പെടുന്ന നാസിക് വൈഭവ് പത്രികയിൽ “ഹിന്ദു സംസ്കാരത്തേയും അതിൻ്റെ വൈഭവ” ത്തേയും പറ്റിയുള്ള ,ഹൈസ്കൂൾ വിദ്യാർത്ഥിയായ വിനായകിൻ്റെ ലേഖനം രണ്ട് ലക്കങ്ങളിലായി അടിച്ചുവന്നു. തിലകിൻ്റെ നിലപാടുകളുടെ ഉച്ചഭാഷിണി എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ലോക്സേവ പത്രികയും അതിൻ്റെ പത്രാധിപർ ആയിരുന്ന അനന്ത് വാമൻ ബാർവേയും സവർക്കറെ പ്രോത്സാഹിപ്പിച്ചു. നാസിക്കിൽ ഹൈസ്കൂൾ വിദ്യാർത്ഥി എന്ന നിലയ്ക്കുള്ള വിനായക് ദാമോദർ സവർക്കറുടെ ജീവിതം പൊതുജീവിതത്തിലേയ്ക്കുള്ള അദ്ദേഹത്തിൻ്റെ തുടക്കമായിരുന്നു. തിലക് അതിരിട്ട സാംസ്കാരിക ഭൂമികയിൽ ആണ് അത് സംഭവിക്കുന്നത്. അതിന് കാർമ്മികത്വം വഹിച്ചവരാകട്ടെ തിലക് അനുകൂലികൾ ആയ ചിത്പാവൻ ബ്രാഹ്മണരും. തിലകിൻ്റെ കാര്യത്തിൽ എന്നപോലെ വിനായകിൻ്റെ എഴുത്തുകളും ബ്രാഹ്മണരോട് ,വിശിഷ്യാ ചിത്പാവൻ ബ്രാഹ്മണരോട് സംവേദിക്കുന്നവയായിരുന്നു. അതേ സമയം അതിൻ്റെ വിശാലമായ പരിധി ഹിന്ദുമതത്തിൻ്റെ പരിധി തന്നെയായിരുന്നു.
ആയിടക്കാണ് ചിത്പാവൻ ബ്രാഹ്മണകുലത്തേയും അവരുടെ മുൻകൈയ്യിൽ സംഘടിപ്പിക്കപ്പെട്ട നവ- യാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് പ്രസ്ഥാനങ്ങളേയും പിടിച്ചു കുലുക്കിയ റാൻഡിൻ്റേയും അയേഴ്സ്റ്റിൻ്റേയും കൊലപാതകങ്ങളും അതെ തുടർന്നുള്ള ച പേക്കർ സഹോദരരുടെ തൂക്കിക്കൊലയും സംഭവിക്കുന്നത്. തിലക് അടക്കമുള്ള പൊതുപ്രവർത്തകർക്കും നവ- യാഥാസ്ഥിതിക ബ്രാഹ്മണവാദികൾക്കും പരസ്യമായി ഈ അക്രമസംഭവത്തെ അനുകൂലിക്കാൻ കഴിഞ്ഞില്ല എന്നത് നാം കണ്ടു. അതുപോലെ പൊതുജനാഭിപ്രായ രൂപീകരണത്തിൽ അന്ന് വലിയ പങ്ക് വഹിച്ചിരുന്ന പത്രികകൾക്കൊന്നും ചപേക്കർമാരെ പരസ്യമായി അനുകൂലിക്കാൻ കഴിയാത്ത നില വന്നു.
എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ വിനായകിനെ സംബന്ധിച്ചിടത്തോളം ചപേക്കർമാർ ധീരനായകരായിരുന്നു. അവരുടെ ദുരന്തം അദ്ദേഹത്തിൻ്റെ ഉറക്കം അനേക ദിവസങ്ങളോളം നഷ്ടപ്പെട്ടു. സഹിക്കാൻ പറ്റാതെ ഭാഗൂറിൽ കുടുംബവീട്ടിലെ അഷ്ടഭുജഭവാനിയുടെ വിഗ്രഹത്തിന് മുന്നിൽ അദ്ദേഹം പ്രതിജ്ഞയെടുത്തു. മാതൃഭൂമിയെ സായുധസമരത്തിലൂടെ വിമോചിപ്പിക്കും എന്നായിരുന്നു ആ പ്രതിജ്ഞയുടെ പൊരുൾ .”ശത്രു മാർത്ത മാർത്ത മാരേ തോ ജുൻജൻ” ( ഞാൻ ശത്രുവിനെതിരായി യുദ്ധം ചെയ്യുകയും അവസാനശ്വാസം വരെ അവരെ അരിഞ്ഞുതള്ളുകയും ചെയ്യും ) എന്നായിരുന്നു ആ പ്രതിജ്ഞ എന്നാണ് ആത്മകഥയിൽ സവർക്കർ കുറിച്ചത്. അത് കൂടാതെ വീർശ്രീയുക്ത എന്ന പേരിൽ ചപേക്കർ സോദരരെ കുറിച്ച് ഒരു നാടകവും ചപേക്കർ സഹോദരരേയും ഫാഡ്കേയേയും ചേർത്ത് ചപേക്കരഞ്ച ഫാഡ്കേ എന്ന കവിതയും സവർക്കർ രചിക്കുകയുണ്ടായി.
തിലക് പോലും അറച്ചുനിന്നിടത്ത് കാൽ എന്ന മറാത്തി പത്രിക ചപേക്കേർമാരെ അനുകൂലിച്ച് രംഗത്ത് വരുന്നത് നാം കണ്ടു. തിലക് സ്വപ്നം കണ്ട നവ- യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ യഥാർത്ഥജിഹ്വയായി കാലിനേയും ആരാധ്യ വ്യക്തിത്വമായി അതിൻ്റെ പത്രാധിപരായ പരഞ്ജ്പൈയേയും സവർക്കർ സ്വീകരിക്കാൻ തുടങ്ങി.
Be the first to write a comment.