9. ബ്രാഹ്മണിസത്തിൻ്റെ മാധ്യമശൈലിയും  സവർക്കറുടെ പൊതുപ്രവേശവും
നവ – യാഥാസ്ഥിതിക ബ്രാഹ്മണരാഷ്ട്രീയത്തെ ചലിപ്പിച്ചിരുന്ന വിചാരധാരകൾ എന്തെന്ന് ഒരിക്കൽകൂടി ക്രോഡീകരിച്ച് നോക്കുന്നത് സഹായകരമായിരിക്കും. ഒന്നാമതായി, ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് അത് വീറുറ്റ മുഖം നൽകി. വേദഭാരതത്തിൻ്റെ, ബ്രാഹ്മണമേൽക്കോയ്മ ചോദ്യം ചെയ്യപ്പെടാത്ത ഒരു ഭാരതത്തിൻ്റെ സുവർണ്ണമായ ഓർമ്മകൾ ഉയർത്തിപ്പിടിച്ചാണ് ആ ബ്രിട്ടീഷ് വിരുദ്ധതയെ അവർ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത്. ബ്രിട്ടീഷുകാരുടെ ആദ്യയുദ്ധം, മുസ്ലീം ഭരണാധികാരികളോടാണ് എന്നവർ മറച്ചു വെച്ചു. മറാത്താസാമ്രാജ്യത്തെ ഹിന്ദുസാമ്രാജ്യമായി സംവാദപരമ്പരകളിലൂടെയും ഗണപതി ഉത്സവത്തിൻ്റെ തുടർച്ചയായ ശിവജി ഉത്സവത്തിലൂടെയും അവർ സ്ഥാപിച്ചെടുത്തു. ഇന്ത്യയിലെ മുസ്ലീം സാമ്രാജ്യങ്ങളെ, അത് മുഗൾ ഭരണമാകട്ടെ, ഡക്കാനിലെ മുസ്ലീം ഭരണമാകട്ടെ, ഹൈദരാബാദിലെ നിസാംഭരണമാകട്ടെ, ഹിന്ദുവിരുദ്ധമായ മ്ലേച്ഛഭരണമായാണ് അവർ ദർശിച്ചത്.ഇംഗ്ലീഷുകാരുടെ ഭരണത്തെ ഈ മ്ലേച്ഛഭരണങ്ങളുടെ തുടർച്ചയായിത്തന്നെയാണ് അവർ കണ്ടത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ രാജഭരണകാലത്തെ ഏറ്റുമുട്ടലുകളുടെ, കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ യുദ്ധങ്ങളുടെ തുടർച്ചയായാണ് ബ്രിട്ടീഷുകാരുമായുള്ള രാഷ്ട്രീയസംഘർഷത്തെ ഈ ചിത്പാവൻ നിയന്ത്രിത നവ- യാഥാസ്ഥിതിക ബ്രാഹ്മണസംഘം കണ്ടത്. അതിൻ്റെ പ്രയോഗങ്ങൾ ഹിംസാത്മകവും യുക്തിവിരുദ്ധവുമായിരുന്നു. അതിൻ്റെ ആധുനികത ഹിന്ദുമതത്തിൻ്റെ അതിർത്തിയോളം മാത്രം വ്യാപിക്കുന്ന ഒന്നായിരുന്നു. ഒരേ സമയം ബ്രാഹ്മണസമുദായത്തിൽ തന്നെ രൂപം കൊണ്ട പുരോഗമന – ആധുനികതയേയും അവരുടെ ജാതിബോധത്തിന് പുറത്ത് രൂപം കൊണ്ട കീഴാള – ആധുനികതയേയും അവർ ബ്രിട്ടീഷുകാരെപ്പോലെത്തന്നെ നേരിട്ടിരുന്നു. ദണ്ഡപാണികളായ ചപേക്കർ സഹോദരരുടെ സംഘം തങ്ങളുടെ ദണ്ഡ കൊണ്ട് ഈ പറയുന്ന എതിരാളികളെയെല്ലാം നേരിട്ടത് നാം കണ്ടുവല്ലോ. ഇപ്പോഴും ഹിന്ദുസംഘടനകളുടെ, പ്രത്യേകിച്ചും ആർ എസ് എസിൻ്റെ പ്രധാന ചിഹ്നം ദണ്ഡ അഥവാ കുറുവടി ആണ്.
തിലക് ആണ് രാഷ്ട്രീയമായി ഈ ബ്രാഹ്മണിസത്തിന് ആധുനികമായ ഒരു മുഖം നൽകാൻ പ്രയത്നിച്ചത് എന്ന് നാം കണ്ടു. ബ്രിട്ടീഷുകാർ എന്നെങ്കിലും കെട്ടുകെട്ടിയാൽ തങ്ങൾക്ക് മേൽക്കൈയുള്ള ഒരു ഭരണസമ്പ്രദായം ഉറപ്പുവരുത്തണമെങ്കിൽ മുസ്ലീങ്ങളുടെയും കീഴാള സമുദായങ്ങളുടേയും പിന്തുണ അത്യാവശ്യമാണ് എന്ന് അദ്ദേഹം കണ്ടു. തീർച്ചയായും മുസ്ലീം വിരുദ്ധതയും കീഴാളവിരുദ്ധതയും ബ്രിട്ടീഷ് വിരുദ്ധത പോലെത്തന്നെ ചുമന്നുകൊണ്ടുനടന്നിരുന്ന യാഥാസ്ഥിതികരിൽ ഈ അടവുനയം ആശയക്കുഴപ്പം ഉണ്ടാക്കുന്നതും നാം കണ്ടു.

തിലക് ബ്രാഹ്മണിസത്തിന് കൊടുത്ത ആധുനിക പരിവേഷത്തിൽ പ്രധാനപ്പെട്ട ഒന്ന് അതിനെ ഗുട്ടൻബർഗ് യുഗത്തിലേയ്ക്കും ദേശരാഷ്ട്ര സങ്കല്പത്തിലേയ്ക്കും കരേറ്റി എന്നാണ്. അതായത് വിദ്യാഭ്യാസത്തിൻ്റെ ആധുനികസങ്കേതങ്ങൾ പലതും ബോംബെ പ്രസിഡൻസിയിൽ വ്യാപകമായപ്പോൾ സ്വാഭാവികമായും നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാത്ത നിലയിൽ തുടർന്നിരുന്ന ബ്രാഹ്മണികമൂല്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. കീഴാളപ്രസ്ഥാനങ്ങൾ ഇത് മുൻ നിർത്തിയുള്ള വിദ്യാഭ്യാസ പ്രചാരണങ്ങൾ ആരംഭിക്കുകയും വിദ്യയെ പ്രബുദ്ധതയുടേയും സ്വാതന്ത്ര്യത്തിൻ്റേയും കേന്ദ്രസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനാൽ ബ്രാഹ്മണ്യത്തിൻ്റെ തുടർച്ചയ്ക്ക് ഒരു ആധുനികത ആവശ്യമായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് അത്രമേൽ പരിചിതമായ പുരാണകഥകളെ ബ്രിട്ടീഷ് വിരുദ്ധപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നാടകവേദി തിലകിൻ്റെ കാർമ്മികത്വത്തിൽ ഉടലെടുത്തത് നാം കണ്ടു. അതോടൊപ്പം തന്നെ പുതുതായി വന്ന സിനിമ എന്ന കലാരൂപത്തേയും തിലകിൻ്റെ നവ –

s m paranjpe
s m paranjpe

യാഥാസ്ഥിതിക ബ്രാഹ്മണ്യം സ്വാധീനിച്ചു. തിലകിൻ്റെ ആകർഷണവലയത്തിൽപ്പെട്ട് സർവ്വേ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗം രാജിവെച്ച ചിത്പാവൻ ബ്രാഹ്മണനായ ദാദാസാഹേബ് ഫാൽക്കേ നവ- യാഥാസ്ഥിക ബ്രാഹ്മണിസത്തിൻ്റെ അരങ്ങിനെ രാജാ ഹരിശ്ചന്ദ്ര’ എന്ന ആദ്യ ഇന്ത്യൻ സിനിമയിലൂടെ വെള്ളിത്തിരയിലേയ്ക്ക് വ്യാപിച്ചു. തിലകിൻ്റെ കേസരി അതിനെ പിന്തുണച്ചു. സ്വദേശി മുദ്രാവാക്യത്തെ പ്രോത്സാഹിപ്പിക്കാനായി തിലക് ഏർപ്പെടുത്തിയ മൂലധനം പ്രദാനം ചെയ്യുന്ന പൈസാനിധി ഫാൽക്കേയെ സഹായിക്കാനായി മുന്നോട്ടുവന്നു.

ആധുനികമായ മാധ്യമങ്ങളെ ബ്രാഹ്മണമേൽക്കോയ്മ പ്രചരിപ്പിക്കാൻ ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സംസ്കാരരൂപങ്ങളിൽ ഏറ്റവും സക്രിയമായി പ്രവർത്തിച്ചത് തുരുതുരെ പൊട്ടി മുളച്ച പത്രികകൾ ആണ്. തിലക് ആരംഭിച്ച കേസരിയുടേയും മറാത്തയുടേയും മാതൃകയിൽ നിരവധി പത്രികകൾ നിലവിൽ വന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പരാഞ്ജ്പേയുടെ ‘കാൽ‘ എന്ന് നാം കണ്ടു. “കാലി”ൻ്റെ പത്രപ്രവർത്തനശൈലി ഉദാഹരിക്കാനായി അതിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനഭാഗം താഴെ കൊടുക്കുന്നു.

” നമ്മൾ ആര്യന്മാർ ആട്ടിൻപറ്റങ്ങൾ അല്ല . ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം രാജ്യമുണ്ട്. സ്വന്തം മതവും സ്വന്തം നായകരും സ്വന്തം ഭരണകർത്താക്കളും സ്വന്തം പടയാളികളും ഉണ്ട്. ഇംഗ്ലീഷുകാരുമായി സമ്പർക്കം പുലർത്തുമ്പോൾ ഞങ്ങൾ അവരെ ഉപേക്ഷിക്കേണ്ടതില്ല. ഇതൊന്നും ഞങ്ങൾക്ക് പുതിയ കാര്യങ്ങൾ അല്ല . ഇന്ന് അവരുടെ ഭരണസ്ഥാപനങ്ങളെക്കുറിച്ചും നാഗരികതയെക്കുറിച്ചും വീമ്പു പറയുന്നവരുടെ മുൻഗാമികൾ കാടത്തത്തിൻ്റെ നീചാവസ്ഥയിൽ കഴിയുന്നകാലത്തും ,അതിന് നൂറ്റാണ്ടുകൾ മുൻപും, ഹൃദയത്തിൻ്റേയും ശിരസ്സിൻ്റേയും ഗുണഗണങ്ങൾ മുഴുവൻ ഞങ്ങൾ ആർജ്ജിച്ചിരുന്നു. ഈ പുണ്യവും പുരാതനവുമായ ഞങ്ങളുടെ  ഭൂമി അവളുടെ നില തീർച്ചയായും വീണ്ടെടുക്കുകയും ഒരിക്കൽ കൂടി സാമ്പത്തിക ,കലാ ,സമാധാനരംഗങ്ങളിൽ അവളുടെ ആന്തരിക ത്തിളക്കം  കണ്ടെടുക്കുകയും ചെയ്യും. തങ്ങളുടെ ലക്ഷ്യം ആർജ്ജിക്കുന്നതിന്   ജനങ്ങൾ ജീവത്യാഗം ചെയ്യുക എന്നത് നിശ്ചയദാർഢ്യമുള്ള ഒരു  ഉത്തരവാദിത്വം തന്നെയാണ് എന്ന പുണ്യപ്രചോദനം പടർന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഇടയിൽ നിന്നും നായകർ നിരന്തരം ഉല്പാദിപ്പിക്കപ്പെടുന്നു , കഠിനമായ ജയിൽവാസം അവരെ അസ്ഥികൂടമാത്രർ ആക്കുന്നുവെങ്കിലും . അമ്മയുടെ സേവനത്തിനായി നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. ഭക്തിയാൽ / സമർപ്പണത്താൽ ഭ്രാന്ത് പിടിച്ച മനുഷ്യൻ തൻ്റെ ആദർശം നേടുന്നതിനായി എന്തും ഏതും ചെയ്യും. അവൻ്റെ ശക്തി അധൃഷ്യമാണ്. ഒരു വിധവ അവളുടെ ഭർത്താവിൻ്റെ ചിതയിൽ തന്നെത്തന്നെ അഗ്നിക്കിരയാക്കുന്ന പോലെ നമുക്ക് മാതാവിനായി മരിക്കാം”
ഇതിലെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കൊപ്പം തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കാര്യം, ഈ ബ്രിട്ടീഷ് വിരുദ്ധത നിലനിൽക്കുന്നത് തന്നെ ആര്യരാജ്യസ്ഥാപനത്തിലാണ് എന്നതാണ്. യുദ്ധവും അക്രമവും ഒരു മതാദർശത്തിനായി ജീവത്യാഗം ചെയ്യാനുള്ള ആഹ്വാനവും ഈ എഴുത്തിൽ നിറഞ്ഞു നിൽക്കുന്നു .ബ്രാഹ്മണരിലെ തന്നെ പുരോഗമനവാദികൾ നിരന്തരം എതിർത്തുപോന്നിരുന്ന സതി പോലുള്ള അനാചാരങ്ങൾ ആദർശവല്ക്കരിക്കപ്പെടുന്ന നവ – ബ്രാഹ്മണ്യത്തിൻ്റെ ആണത്ത നിലപാട് ഓരോ വാക്കിലും തുടിച്ചു നിൽക്കുന്നത് കാണാൻ ഗവേഷണബുദ്ധി ആവശ്യമില്ല.ഈ ” കാൽ ” പത്രികയും പത്രാധിപർ പരാഞ്ജ്പേയുമാണ് സവർക്കറുടെ വ്യക്തിത്വരൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചത്. അതിനെപ്പറ്റി സവർക്കർ തന്നെ ഇങ്ങനെ പറയുന്നു.“എവിടെപ്പോയാലും “കാൽ” വായിക്കുന്നതിലും മറ്റുള്ളവർക്ക് അത് വായിച്ചു കൊടുക്കുന്നതിലും ഞാൻ നിർബന്ധമായും ശ്രദ്ധ പതിപ്പിച്ചിരുന്നു. കാരണം മറ്റൊരു പത്രികയും സായുധ സമരത്തെ ന്യായീകരിച്ചിരുന്നില്ല…..  നേരിട്ട് എൻ്റെ അഭിപ്രായത്തെ രൂപീകരിച്ചില്ലെങ്കിൽ പോലും അത് (കാൽ) എൻ്റെ ജ്ഞാനത്തേയും മനസ്സിലാക്കലിനേയും ഭാഷാശൈലിയേയും ഉത്സാഹത്തേയും തീർച്ചയായും സ്വാധീനിച്ചു. എൻ്റെ വിപ്ലവ പ്രചോദനത്തിൻ്റെ ഗുരുവായി ആരെയെങ്കിലും അവരോധിക്കണം എന്നുണ്ടെങ്കിൽ അത് തീർച്ചയായും ” കാൽ ” ആയിരുന്നു”.

1899-ൽ  പ്ലേഗ് നാസിക്കിലെത്തി. വിനായകും ബാബാറാവു എന്ന ഗണേഷും തത്കാലം പഠിപ്പു നിർത്തി ഭാഗൂരിൽ എത്തി. അവിടെയും സ്ഥിതി മെച്ചമായിരുന്നില്ല. പ്ലേഗ് ഭാഗൂരിനെയും പിച്ചിച്ചീന്താൻ തുടങ്ങിയിരുന്നു. ഒരു ദിവസം അത് ദാമോദർ പാന്തിനെയും പിടികൂടി. അന്ന് മിക്കവാറും ചിത്പാവൻ ബ്രാഹ്മണകുടുംബങ്ങളും ചെയ്യുന്ന പോലെ സ്പെഷൽ പ്ലേഗ് കമ്മറ്റിയെ വിവരമറിയിക്കാനോ ആധുനിക ചികിത്സ രോഗിക്ക് ലഭ്യമാക്കാനോ ആരും തുനിഞ്ഞില്ല. പകരം വിവരം രഹസ്യമാക്കി വെക്കാനും നാടൻചികിത്സ നടത്താനുമാണ് സവർക്കർ കുടുംബം തുനിഞ്ഞത്. വിനായകിന്റെ ഇളയ സഹോദരൻ നാരായൺ ദാമോദർ സവർക്കർ എന്ന ബാലിനും പ്ലേഗ് ബാധിച്ചു. 1899 സെപ്റ്റംബർ 5-ന് രോഗം മൂർച്ഛിച്ച് ദാമോദർ പാന്ത് അന്തരിച്ചു. ബാലിൻ്റെ നിലയും മോശപ്പെട്ടു വന്നു. കാര്യങ്ങൾ മൂടിവെയ്ക്കാൻ പറ്റാത്ത സ്ഥിതി സംജാതമായപ്പോൾ അവർ വീടൊഴിയുകയും സിറ്റിയിലെ പ്രാന്തപ്രദേശത്തൊരിടത്ത്  തത്കാലം കെട്ടിയ കുടിലിൽ അഭയം തേടുകയും ചെയ്തു.ബാലിൻ്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സവർക്കർമാർ നിർബന്ധിതരായി. എങ്കിലും യൂറോപ്യൻ നേഴ്സിനെക്കൊണ്ട് ശുശ്രൂഷിപ്പിക്കാൻ ബ്രാഹ്മണബോധം ബാബാറാവുവിനെ അനുവദിച്ചില്ല എന്ന് വേണം വിചാരിക്കാൻ. രോഗത്തിൻ്റെ പകർച്ചാസ്വഭാവത്തേക്കാൾ ബ്രാഹ്മണ്യബോധത്തിൻ്റെ ശക്തി വലുതായിക്കരുതിയത് കൊണ്ടാകണം അദ്ദേഹം തന്നെയാണ് അനുജനെ പരിചരിക്കാൻ ആശുപത്രിയിൽ നിന്നത്. ഫലത്തിൽ അദ്ദേഹവും രോഗത്തിനിരയായി. എങ്കിലും ബാലും ബാബാറാവുവും ക്രമേണ രോഗവിമുക്തി നേടി. നാസിക്കിൽ പ്ലേഗ് ബാധയുടെ കാഠിന്യം കുറഞ്ഞെന്നറിഞ്ഞ സവർക്കർ കുടുംബം തങ്ങളുടെ ജീവിതത്തിൻ്റെ തുടർഭാഗധേയം നാസിക്കിൽ ആകാമെന്ന് വിചാരിച്ചു.ഒമ്പതാം വയസ്സിൽ അമ്മയും പതിനാറാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിനായകിൻ്റേയും മറ്റ് രണ്ട് സഹോദരങ്ങളുടേയും രക്ഷാകർത്തൃത്വം  ബാബാറാവു എന്ന ഗണേഷ് ദാമോദർ സവർക്കറുടെ ചുമലിലായി. അദ്ദേഹം അതിനിടെ വിവാഹിതനായിരുന്നു. വിനായക് ദാമോദർ സവർക്കർ തൻ്റെ ജീവിതത്തിൽ കലവറയില്ലാതെ ഏതെങ്കിലും സ്ത്രീയെ പ്രശംസിച്ചിട്ടുണ്ടെങ്കിൽ അത് ബാബാറാവുവിൻ്റെ ഭാര്യ യെശുവാഹിനി  എന്ന യശോദയെ പറ്റിയാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ ഒരേ ഒരു സ്ത്രീ യെശുവാഹിനി  ആണെന്ന് പറയാം. വിനായകിനേക്കാൾ രണ്ട് വയസ്സ് ഇളയതായിരുന്നു അവർ. ആദ്യക്കാഴ്ച  മുതൽ തങ്ങൾക്കിടയിൽ ഉണ്ടായ മമതാബന്ധത്തെക്കുറിച്ച് വി.ഡി.സവർക്കർ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാബാറാവു വിവാഹം കഴിച്ചുകൊണ്ടു വരുമ്പോൾ “വലിയമ്മ”യ്ക്ക് കണ്ണുദീനമായിരുന്നു. അത് ശുശ്രൂഷിച്ചതും അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചതും തൻ്റെ കവിതകൾ അവർക്ക് വായിച്ചു കേൾപ്പിക്കുന്നതും മറ്റും. യെശുവാകട്ടെ ഗജഗൗരിപ്പാട്ട് ഉൾപ്പെടെയുള്ള ദൈവകീർത്തനങ്ങൾ വിനായകിനെ പഠിപ്പിച്ചു. തൻ്റെ ആത്മകഥയിൽ ഒന്നും പറയുന്നില്ലെങ്കിലും പിൽക്കാലത്ത് വിനായകിനെ സ്വാധീനിച്ച മേരി ഇവാൻസ് എന്ന ഇംഗ്ലീഷുകാരി കാമുകിയെപ്പറ്റി മറ്റ് ചില ജീവചരിത്ര രചയിതാക്കൾ സൂചിപ്പിക്കുന്നുണ്ട്. യെശുവാഹിനിക്ക് ശേഷം മറ്റൊരു തരത്തിൽ വിനായകിനെ അഗാധമായി സ്വാധീനിച്ച മറ്റൊരു സ്ത്രീ എന്ന നിലയിൽ.നാസിക്കിലാണ് തൻ്റെ ഒളിസംഘടനാ പ്രവർത്തനങ്ങൾ സവർക്കർ ആരംഭിക്കുന്നത്. ആശുപത്രിയിൽ കഴിയുമ്പോൾ ബാബാറാവു പരിചയപ്പെട്ട ത്രയംബക് റാവു മസ്കർ, അദ്ദേഹത്തിൻ്റെ സുഹൃത്തായിരുന്ന റാവുജി കൃഷ്ണ പാഗേ എന്നിവരുമായി ചേർന്നാണ് സവർക്കർ രാഷ്ട്ര ഭക്ത സമൂഹ എന്ന ഒളിസംഘടന 1899 നവംബറിൽ ആരംഭിക്കുന്നത്. പതിനാറുകാരനായിരുന്ന സവർക്കർ ആണ് മുപ്പതുകാരായ മസ്ക്കറിനേയും പാഗേയേയും നയിച്ചിരുന്നത്. മൂന്നു പേരും ചേർന്ന് ഭാരതത്തെ സായുധസമരത്തിലൂടെ മോചിപ്പിക്കുമെന്നും അതിനായി തങ്ങളുടെ ജീവൻ വരെ ബലിയർപ്പിക്കുമെന്നും പ്രതിജ്ഞയെടുത്താണ് ഒളിസംഘടന രൂപീകരിക്കുന്നത്. ‘കാൽ’ പത്രാധിപരായ എസ് എം പരഞ്ജ്പൈയെ ഉപദേഷ്ടാവായി നിയമിക്കാനും തീരുമാനമെടുത്തു. അങ്ങേയറ്റത്തെ തിലകൈറ്റുകളായ ഇവർ പക്ഷേ ഉടൻ തന്നെ തിലകിനെ തങ്ങളുടെ സംഘടനയുടെ രക്ഷാധികാരിയായി ക്ഷണിക്കാൻ തുനിഞ്ഞില്ല. എന്തെങ്കിലും മൂല്യവത്തായത് ചെയ്തു കാണിച്ചതിന് ശേഷം മാത്രം തിലകിനെ കാണാനാണ് അവർ തീരുമാനമെടുത്തത്. “രാം ഹരി” എന്ന വ്യാജനാമത്തിൻ കീഴെ ഈ ഒളി സംഘടനയെ അവർ പുതപ്പിച്ചു വെച്ചു.ഒരു ദ്വിമുഖ സംഘടനയാണ് സവർക്കറുടെ മനസ്സിൽ ഉണ്ടായിരുന്നത്. ഒന്ന്, പുറമേയ്ക്ക് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം. അത് മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കുകയും അതുവഴി യുവജനങ്ങളെ ആകർഷിക്കുകയും ചെയ്യും. മറ്റൊന്ന്, സായുധസമര പ്രസ്ഥാനം. കാതലായ പ്രസ്ഥാനം അതാണ്. അതാണ് ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്ന ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. രാഷ്ട്രഭക്ത സമൂഹ അത്തരം ഒരു ഉൾസംഘടനയായിരുന്നു. അതു കൊണ്ട് തന്നെ അതിനൊരു പൊതുമുഖം നൽകാനുള്ള പ്രസ്ഥാനം നിർമ്മിക്കണമായിരുന്നു.

നാസിക്കിലെ നാഗർക്കർ ലയിനിലെ, സവർക്കർ കുടുംബം താമസിച്ചിരുന്നത് ഇവിടെയായിരുന്നു, അയൽവീടുകളിലെ യുവാക്കളെ ചേർത്താണ് ഈ പൊതുപ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത്. രാം ദത്തർ, വാമൻ ദത്തർ എന്നീ സഹോദരർ, നാനാ വാർത്തക്, ത്രയംബക് വാർത്തക് എന്നീ സഹോദരർ, മസ്കർ, പാ ഗേ എന്നീ ചിത്പാവൻ യുവാക്കളെ ചേർത്താണ് പൊതുപ്രസ്ഥാനത്തിൻ്റെ ആദ്യ ആലോചന വികസിച്ചത്. നാസിക്കിലെ ഒരു നാട്യഗൃഹത്തിലായിരുന്നു അവർ കൂടിചേർന്നത്. നാടകം നടക്കുന്നതിനിടെ ചപേക്കർ സഹോദരരുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന “നട്ടു” സഹോദരരെ വിട്ടയച്ചതായി വാർത്ത വന്നു. സവർക്കറും സുഹൃത്തുക്കളും നാടകം നിർത്തിവെച്ച്  “നട്ടു” സഹോദരരെക്കുറിച്ച് സംസാരിക്കാൻ യോഗം കൂടണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അത് നിരാകരിക്കപ്പെട്ടു. സവർക്കറും കൂട്ടരും നാടകം ബഹിഷ്ക്കരിച്ചു. ആ സായാഹ്നത്തിലാണ്  “മിത്രമേള” എന്ന സംഘടന, “പൊതുമുഖപ്രസ്ഥാനം” രൂപീകരിക്കപ്പെട്ടത്.

പിൽക്കാലത്ത് ഹിന്ദുസംഘടനകളുടെ പ്രവർത്തനചരിത്രത്തിൽ ഈ ദ്വിമുഖത വലിയ പങ്കുവഹിച്ചിരുന്നു. ഒരു കാതൽ പ്രസ്ഥാനവും ഒന്നോ അതിലധികമോ പൊതു പ്രസ്ഥാനങ്ങളും എന്ന രീതിയിലുള്ള പ്രവർത്തനം അത്യാവശ്യഘടകമായി അവർ കരുതിപ്പോന്നു. ആർ എസ് എസും ബി ജെ പി അടക്കമുള്ള പരിവാർ സംഘടനകളും, ഇന്നത്തെ ഹിന്ദുത്വപ്രസ്ഥാനത്തിൻ്റെ ഘടന പോലും, അത്തരത്തിലാണ്.

10. മിത്രമേളയും അഭിനവ് ഭാരതും
………………………………………………….
ചിത്പാവൻ പ്രസ്ഥാനമായാണ് തുടങ്ങിയതെങ്കിലും മിത്രമേള ഒരു പൊതുപ്രസ്ഥാനമായതിനാൽ മറ്റ് ജാതിക്കാരേയും അംഗങ്ങളായി ചേർക്കുന്നതിൽ വിമുഖത കാണിച്ചില്ല. എന്നാൽ കാതൽ പ്രസ്ഥാനമായ രാഷ്ട്ര ഭക്ത സമൂഹ ഒരു ചിത്പാവൻ പ്രസ്ഥാനമായിരുന്നു. ബ്രാഹ്മണ്യത്തെ കാതലാക്കി നിർത്തിക്കൊണ്ട് ഒരു ഹിന്ദുസമൂഹത്തെ വാർത്തെടുക്കുകയായിരുന്നു, നവ – യാഥാസ്ഥിതിക ബ്രാഹ്മണസമൂഹത്തിൻ്റെ രാഷ്ട്രീയേച്ഛ എന്നത് നാം കണ്ടു കഴിഞ്ഞു. മിത്രമേളയും അതാണ് പിന്തുടർന്നത്. അക്കാലത്ത് സവർക്കർ എഴുതിയ കവിതകളും മറ്റും മിത്രമേളയുടെ ആദർശങ്ങൾ ധ്വനിപ്പിക്കുന്നതായിരുന്നു. ഒരു കവിതയിൽ അദ്ദേഹം “ഓ എൻ്റെ ആര്യൻ സഹോദരരേ, ഉയിർത്തെഴുന്നേൽക്കിൻ” എന്ന് ആഹ്വാനം ചെയ്തു. വേറൊരിടത്ത് അദ്ദേഹം ഇങ്ങനെയെഴുതി “‘ആര്യൻ വംശത്തിൻ്റേയും ആര്യൻ ഭൂമികയുടേയും ഉന്നമനത്തിനായി ഒരു മഹാപ്രസ്ഥാനത്തിന് കീഴിൽ അവയെ യോജിപ്പിക്കേണ്ടതുണ്ട്  “.  മറ്റൊരിടത്ത്  “പ്രകൃതിയുടെ നിയമങ്ങളെ പിന്തുടരുക. ചെറിയ വെള്ളത്തുള്ളികൾ ചേർന്ന് ഒരു കുളം നിർമ്മിക്കും. എല്ലാ ഹിന്ദുക്കളേയും സംഘടിപ്പിച്ച് അവരെ ഐക്യപ്പെടുത്തുക”. സവർക്കറുടെ ജീവചരിത്രകർത്താക്കളിൽ ഒരാളായ ധനഞ്ജയ് കീർ പറയുന്നത്  “ആര്യ” അഥവാ “ഹിന്ദു” വും ”ഒറ്റ യൂണിറ്റ് ” എന്നതുമായിരുന്നു സവർക്കറുടെ പ്രത്യയശാസ്ത്രത്തിൻ്റെ മുഖ്യ ഘടകങ്ങൾ എന്നാണ്.

ആര്യൻ ചരിത്രത്തിൻ്റെ തുടർച്ചയായി നവ – ബ്രാഹ്മണിസത്തെ വികസിപ്പിച്ചെടുക്കുന്നതിൽ മിത്രമേള മോശമല്ലാത്ത പങ്കു വഹിച്ചു. ആര്യവല്ക്കരണത്തിന് വേണ്ടിയുള്ള യുദ്ധം എന്ന മട്ടിൽ ബ്രിട്ടീഷ് വിരുദ്ധതയെ വികസിപ്പിച്ചെടുക്കാൻ മിത്രമേള അനേകം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ബാബാറാവു അടക്കം നിരവധി പേർ മിത്രമേളയുടെ പ്രവർത്തകർ ആയി. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ആണ് മേള പ്രവർത്തകർ ഒന്നിച്ചു കൂടുക. ഏതെങ്കിലും വിഷയത്തെപ്പറ്റി ഒരാൾ അവതരിപ്പിക്കുകയും മറ്റുള്ളവർ അവതരിപ്പിച്ച വിഷയത്തെപ്പറ്റിയുള്ള ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുക എന്നതായിരുന്നു പൊതുരീതി. ആദ്യമാദ്യം പൊതുവിഷയങ്ങളെപ്പറ്റിയുള്ള അവതരണങ്ങൾ ആണ് നടന്നിരുന്നതെങ്കിലും പിന്നീട് സവർക്കർ മുൻകൈയ്യെടുത്ത് രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. സായുധസമരത്തിൽ ഊന്നിക്കൊണ്ടുള്ള സ്വരാജ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ മുൻനിർത്തിയായിരുന്നു സവർക്കറുടെ വിഷയാവതരണങ്ങൾ. ഏതാണ്ട് മതേതര നിലപാട് എടുത്തിരുന്ന ഗോഖലേ പക്ഷത്തെ കഠിനമായി സവർക്കർ വിമർശിച്ചിരുന്നു. സായുധസമരത്തെ ഒളിഞ്ഞ് മാത്രം സഹായിക്കുന്ന തിലകിൻ്റെ നിലപാടുകൾ പോലും, അത് തിലകിസ്റ്റുകളുടെ ഒരു സംഘമായിരുന്നെങ്കിൽ പോലും അതികഠിനമായി വിമർശിക്കപ്പെട്ടു. ഒരു വിഷവൃക്ഷത്തെ, ബ്രിട്ടീഷ് ഭരണത്തെയാണ് ഈ രൂപകം കൊണ്ട് ഉദ്ദേശിക്കുന്നത്, നശിപ്പിക്കണമെങ്കിൽ അതിൻ്റെ തായ് വേര് അറുക്കണം. അല്ലാതെ ഇലകളും ചില്ലകളും അറുത്തുമാറ്റിയാൽ പോരാ എന്നായിരുന്നു സവർക്കറുടെ നിലപാട്. അങ്ങനെ അറുക്കാൻ പുറപ്പെടുന്നവർക്ക് ഒരു പക്ഷേ, അത് വിഷവൃക്ഷമായത് കൊണ്ട് ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. കോൺഗ്രസ്സും ഗോഖലേയും ചെയ്യുന്നത് വിഷവൃക്ഷത്തിൻ്റെ ഇലകൾ പറിക്കുകയും തടിയ്ക്ക് പാൽ ഒഴിച്ചു കൊടുക്കുകയുമാണ്. നിവേദനങ്ങളും അഭ്യർത്ഥനകളും നൽകുന്നതിനെ, ഗോഖലെയും കൂട്ടരും ചെയ്യുന്നതിനെയാണ്,  ഇല പറിക്കുക എന്നതുകൊണ്ട് സവർക്കർ ഉദ്ദേശിച്ചത്. ഇന്ത്യക്കാർക്ക്  കുറച്ചു കൂടി ജോലികൾ കിട്ടുകയും ചില ഇന്ത്യാക്കാർക്ക് ചില ബഹുമതി മുദ്രകൾ കിട്ടുകയും ചെയ്യാം എന്നതിനപ്പുറം മറ്റൊന്നും ഈ വഴി ലഭിക്കുകയില്ല. തിലകിൻ്റെ ഉദ്യമങ്ങൾ പോലും, ഭരണകൂടവുമായി സഹകരിക്കാതെ എടുക്കുന്നവയായാൽ പോലും, ചില അവകാശങ്ങൾ അനുവദിച്ചു തരാൻ മാത്രമേ ഉതകൂ.

മിത്രമേളയ്ക്ക് ഒരു ഓഫീസ് ആവശ്യമായിരുന്നു. നാസിക്കിലെ തിൽബണ്ടേശ്വറിൽ, സവർക്കർ കുടുംബം താമസിച്ചതിനരികെയുള്ള ഒരു മുറിയാണ് അതിന് വേണ്ടി ലഭിച്ചത്. രാജാരവിവർമ്മ വരച്ച ശിവജിയുടെ ചിത്രത്തിൻ്റെ പകർപ്പായിരുന്നു, ആ മുറിയിലെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രം. അതോടൊപ്പം  1857-ലെ കലാപത്തിന്റെ നായകരായിരുന്ന നാനാ സാഹേബ്, റാണി ലക്ഷ്മി ബായ് തുടങ്ങിയവരുടെയും വാസുദേവ് ബൽവന്ത് ഫാഡ്കേ, ചപേക്കർ സഹോദരർ തുടങ്ങിയവരുടേയും അവർക്കൊപ്പം തൂക്കിലേറിയ മഹാദേവ് വിനായക് റാനഡേയുടേയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതോടൊപ്പം ഹിന്ദു ദേവീദേവന്മാരുടേയും ചിത്രങ്ങൾ ആ മുറിയിൽ തൂക്കിയിരുന്നു.

തിലക് തുടങ്ങി വെച്ച ശിവജി ഉത്സവവും ഗണേശോത്സവും വലിയ തരത്തിൽ രാഷ്ട്രീയമായി മാറ്റിമറിക്കാനാണ് മിത്രമേളയും സവർക്കറും മുതിർന്നത്. തിലക് മറാത്താ ജാതിയിൽ പെട്ട ശിവജിയെ  മുൻനിർത്തി ഉത്സവം ആരംഭിച്ചത് ബ്രാഹ്മണിസത്തിന് മറ്റ് ഹിന്ദുജാതികളുടെ മാംസളത നൽകാനായിരുന്നു. അതോടൊപ്പം ചിത് പാവൻ പേഷ്വാസാമ്രാജ്യം സംഭാവന ചെയ്തത്  ശിവജിമഹാരാജാ ആണെന്ന ചരിത്ര യാഥാർത്ഥ്യത്തെ സ്മരിക്കാനും. ആ രാഷ്ട്രീയ ലക്ഷ്യം സവർക്കർ വെളിപ്പെടുത്തുന്നുണ്ട്.

“നാസിക്കിൽ നാം സംഘടിപ്പിക്കുന്ന മേള ചരിത്രപരവും രാഷ്ടീയപരവും ആണ്. ശിവജി മഹാരാജാവിനെപ്പോലെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതാൻ കെല്പുള്ളവർക്ക്  മാത്രമേ അദ്ദേഹത്തെ അനുസ്മരിക്കുന്ന ഈ ഉത്സവം ആഘോഷിക്കാനും സംഘടിപ്പിക്കാനും യഥാർത്ഥത്തിൽ അർഹതയുള്ളൂ. നമ്മുടെ യഥാർത്ഥ ലക്ഷ്യം അതുകൊണ്ട് തന്നെ സാമ്രാജ്യത്തത്തിൻ്റെ ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നതാണ്. “

പിന്നാലെ വന്ന ഗണേശോത്സവത്തിലും മിത്രമേള പ്രവർത്തകർ ഉത്സാഹത്തോടെ പങ്കുചേർന്നു. “സ്വാതന്ത്ര്യ ലക്ഷ്മി കി ജയ്” എന്ന മുദ്രാവാക്യം മുഴക്കി. അതോടൊപ്പം ശിവജിയുടെ പടനായകരായിരുന്ന താനാജി മലുസാരേ, ബാജി പ്രഭു ദേശ്പാണ്ഡേ തുടങ്ങിയവരെ പറ്റി സവർക്കർ എഴുതിയ ഗീതങ്ങളും ആലപിക്കപ്പെട്ടു.  ബീജാപൂർ ജനറലായ അഫ്സൽഖാനെ ശിവജി വധിച്ചതിനെ മുൻനിർത്തി ദാരേക്കർ രചിച്ച ഗീതം, എന്നിവയും ആലപിക്കപ്പെട്ടു.

പ്ലേഗ് വീണ്ടും വന്നു. 1901-ൽ മട്രിക്കുലേഷൻ ക്ലാസ്സിൽ സവർക്കർ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ രണ്ടാംവരവ് ഉണ്ടായത്. ഈ വിളയാട്ടത്തിൽ രാഷ്ട്ര ഭക്ത സമൂഹ എന്ന കാതൽ സംഘടനയിൽ സവർക്കർക്കൊപ്പമുണ്ടായിരുന്ന മസ്കറും പേഗേയും പ്ലേഗിൻ്റെ വിളയാട്ടത്തിൽ അന്തരിച്ചു. മിത്രമേളയുടെ ആസ്ഥാനം താത്കാലികമായെങ്കിലും നാസിക്കിൽ നിന്ന് മാറ്റി സ്ഥാപിക്കേണ്ട നില വന്നു. നാസിക്കിനടുത്തുള്ള കോത്തൂർ ആണ് അതിന് വേണ്ടി തെരഞ്ഞെടുത്തത്. അവിടെ മിത്രമേളയുടെ ഒരു ശാഖ തുറക്കാനും സവർക്കർക്ക് കഴിഞ്ഞു.

പിൽക്കാല ഹിന്ദു രാഷ്ട്രീയ സംഘടനകളുടെ ഘടന നിർണ്ണയിക്കുന്നതിൽ ഫാഡ്കേയുടെ സംഘടന മുതൽ സംഭാവനകൾ നൽകിത്തുടങ്ങിയത് നാം കണ്ടു. തിലകിൻ്റെ ജിംനാസ്റ്റിക് ക്ലബ്ബുകളും, കൊള്ളക്കാരുടെ സങ്കേതം എന്ന് വലൻ്റൈൻ ചിരോൾ വിശേഷിപ്പിച്ചവയും, കായികപരിശീലനത്തിന് ഊന്നൽ കൊടുത്തവയാണ്. മിത്രമേളയും കായികതയ്ക്ക് പ്രാധാന്യം നൽകിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം നേടിയെടുക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർക്കേ സാധ്യമാകൂ എന്ന് അവർ വിശ്വസിച്ചിരുന്നു.

ഇക്കാലത്താണ് , പത്തൊമ്പതാം വയസ്സിൽ, സവർക്കർ, യമുനയെ വിവാഹം കഴിക്കുന്നത്. മട്രിക്കുലേഷൻ കഴിഞ്ഞ് പൂനെയിൽ ഫെർഗൂസൺ കോളേജിൽ പ്രവേശനം തരപ്പെട്ട് നിൽക്കുന്ന സവർക്കർക്ക് ഡിഗ്രി പഠനത്തിനാവശ്യമായ പണം യമുനയുടെ പിതാവ് നൽകുകയുണ്ടായി. അതോടെ ചിത്പാവൻ രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവായ പൂനെയിൽ സവർക്കർ എത്തിപ്പെട്ടു. ഫെർഗൂസൺ കോളേജിലും ഡെക്കാൻ കോളേജിലും മിത്രമേളയുടെ ശാഖകൾ ഉണ്ടാക്കാൻ കുറഞ്ഞ കാലം കൊണ്ട് സവർക്കർക്ക് കഴിഞ്ഞു. അതോടൊപ്പം നാസിക്കിലെ മിത്രമേളയുടെ നേതൃത്വം ബാബാറാവു ഏറ്റെടുത്തു. സവർക്കർ സഹോദരരിൽ ഇളയവനായ നാരായൺ ദാമോദർ സവർക്കർ എന്ന ബാൽ ആകട്ടെ സ്കൂൾകുട്ടികളെ ചേർത്ത് മിത്രമേളയുടെ ബാലവിഭാഗം എന്ന നിലയിൽ മിത്രസമാജ് രൂപീകരിക്കുകയുണ്ടായി. ബാബാറാവുവിൻ്റെ പത്നിയായ യെശു വാഹിനിയുടെ നേതൃത്വത്തിൽ മിത്രമേളയുടെ വനിതാവിഭാഗം എന്ന മട്ടിൽ ആത്മനിഷ്ഠ യുവതി സംഘവും നിലവിൽ വന്നു. ഇതെല്ലാം ഒരർത്ഥത്തിൽ ചിത്പാവൻ സംഘടനകൾ ആയിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. തിലകിൻ്റെ മകൾ പാർവ്വതീഭായ് കേത്ക്കർ ഈ സംഘത്തിലെ അംഗമായിരുന്നു.

മഹാരാഷ്ടയിലെമ്പാടും മിത്രമേള പടർന്നതിനെ തുടർന്ന് കേന്ദ്ര സമ്മേളനം നടത്താൻ സവർക്കർ തീരുമാനിച്ചു. ഇതേ തുടർന്ന്  1903-ൽ ധൂലേയിൽ വെച്ച് ഈ സമ്മേളനം നടന്നു. നാസിക്, പൂനെ, കോത്തൂർ, ഭാഗൂർ, ത്രയംബക്, ബെറാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മിത്രമേള അംഗങ്ങൾ അവിടെ ഒന്നിച്ചു കൂടുകയുണ്ടായി. 1904-ൽ ഈ സമ്മേളനം നടന്നത് നാസിക്കിലാണ്. അവിടെ വെച്ച് സവർക്കർ മിത്രമേളയ്ക്ക് പുതിയൊരു നാമം നിർദ്ദേശിക്കുകയുണ്ടായി. “അഭിനവ് ഭാരത് “ എന്നായിരുന്നു ആ നാമധേയം. തുടർന്ന് അഭിനവ് ഭാരതിൻ്റെ സമ്മേളനം 1905-ൽ കോത്തൂരിലും 1906-ൽ സയണിലും നടക്കുകയുണ്ടായി. ബംഗാളിലെ രഹസ്യ സംഘടനകൾ ആയ അനുശീലൻ സമിതി, സ്വാധീൻ ഭാരത് തുടങ്ങിയ സംഘടനകളുമായി അഭിനവ് ഭാരത് ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. പ്രതിജ്ഞയെടുപ്പിച്ചാണ് അഭിനവ് ഭാരതിലേയ്ക്ക് അംഗങ്ങളെ ചേർത്തിരുന്നത്.

കോൺഗ്രസ്സിനുള്ളിൽ തിലകൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണവാദവും അതിനെതിരെയുള്ള മതേതര- ആധുനികവാദവും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന കാലം കൂടിയാണിത്.  പഞ്ചാബിൽ പ്രാദേശിക പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ഗോഖലേയുടെ താത്പര്യമനുസരിച്ച് സിക്ക്, മുസ്ലീം പ്രതിനിധികൾക്ക് അതുവരെയില്ലാത്ത പ്രാതിനിധ്യം നൽകി. ഇത് ഹിന്ദുവാദികളുടെ എതിർപ്പിനിരയാക്കി. തിലക് ഇത് മുതലെടുക്കാൻ തീരുമാനിച്ചു. ബോംബെയിൽ നിന്ന് പൂനെയിൽ മടങ്ങിയെത്തിയ തിലകിനെ സവർക്കർ സന്ദർശിക്കുകയും അദ്ദേഹത്തിൻ്റെ ഹിന്ദു അനുകൂല സായുധ സമര നിലപാടിന് പിന്തുണ അറിയിക്കുകയും ചെയ്തു. അഭിനവ് ഭാരത് അംഗങ്ങളെ മുഴുവൻ അതിനായി അണിനിരത്താമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. അതിനായി സവർക്കർ ആവിഷ്ക്കരിച്ച പരിപാടി വിദേശവസ്ത്രങ്ങൾ അഗ്നിക്കിരയാക്കുന്ന പദ്ധതിയായിരുന്നു. അഭിനവ് ഭാരത് അംഗങ്ങളെ അതിന് വേണ്ടിയുള്ള വിദേശ വസ്ത്രങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഈ പദ്ധതി വിജയകരമാക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. അഭിനവ് ഭാരതിൻ്റെ സയൺ സമ്മേളനത്തിന് മുമ്പാണ് ഈ ഏർപ്പാടുകൾ നടക്കുന്നത്. 1905 ഒക്ടോബർ 2-ന് പൂനെയിലെ ബ്രാഹ്മണർ ഓംകാരേശ്വര ക്ഷേത്രത്തിൽ യോഗം കൂടുകയും ഈ ഹിന്ദു കേന്ദ്രിത ബ്രിട്ടീഷ് വിരുദ്ധ പരിപാടിക്ക് പിന്തുണ നൽകുകയും ചെയ്തു. ഒക്ടോബർ 6-ന് മഹാദേവ ക്ഷേത്രത്തിൽ കൂടിയ ബ്രാഹ്മണ വനിതകൾ വിദേശ നിർമ്മിത വളകളും മണ്ണെണ്ണയും സ്ഫടികവസ്തുക്കളും ബഹിഷ്ക്കരിക്കാൻ നിശ്ചയിച്ചു.

1905-ലെ ഹിന്ദു പുണ്യോത്സവമായ ദസറ ദിനത്തിൽ പഞ്ജരപോളിന് സമീപത്തുള്ള മഹാരാഷ്ട്ര വിദ്യാലയത്തിൽ നിന്നാണ്  ഈ അഗ്നിക്കിരയാക്കൽ പദ്ധതി നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രകടനം നടന്നത്. കാൽ പത്രാധിപർ എസ് എം പരാഞ്ജ്പേയും ഭാസ്ക്കർ ബോപട്ക്കറും പ്രകടനത്തിൽ പങ്കെടുത്തു. പൂനെയിലെ ചിത്രശാല പ്രദേശത്ത് വെച്ച് തിലകും ഈ പ്രകടനത്തിൽ പങ്കു ചേർന്നു. ഫെർഗൂസൺ കോളേജിലാണ് പ്രകടനം സമാപിച്ചത്. അതിന് ശേഷം ചേർന്ന യോഗത്തിൽ തിലകും പരാഞ്ജ്പേയും സവർക്കറും പ്രസംഗിച്ചു. രാത്രി 9-ന് അഗ്നികുണ്ഠമൊരുക്കുകയും വിദേശ വസ്തുക്കൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അതേ സമയം നാസിക്കിൽ ബാബാറാവുവിൻ്റെ നേതൃത്വത്തിൽ ഇതിൻ്റെ ചെറു പതിപ്പ് അരങ്ങേറുകയുണ്ടായി.

തിലകിന് മതേതര – ആധുനിക ധാരയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഈ സംഭവം വഴിയൊരുക്കി. പൂനെയിലെ ഫെർഗൂസൺ കോളേജ് സാർവ്വജനിക് സഭയുടെ ഭാഗം എന്ന് പറയാവുന്ന  ഡെക്കാൺ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലായിരുന്നുവെങ്കിലും, തിലക് അതിൽ നിന്നും പുറത്ത് പോയിരുന്നു. ബ്രാഹ്മണരിലെ ആധുനിക – മതേതര ധാര പിന്തുടരുന്നവർക്കായിരുന്നു അതിൽ ഭൂരിപക്ഷം. അതു കൊണ്ട് തന്നെ വിധ്വംസക പ്രവർത്തനത്തിൽ പങ്കെടുത്തതിന് വിദ്യാർത്ഥിയായ സവർക്കർക്ക് അധികൃതർ 10 രൂപ പിഴ വിധിക്കുകയും കോളേജ് ഹോസ്റ്റലിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇതിനോട് പ്രതിഷേധിക്കാൻ നവ – യാഥാസ്ഥിതിക ബ്രാഹ്മണർ എസ് എം പരാഞ്ജ്പേയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടുകയും നിരവധി തിലകിസ്റ്റുകൾ അതിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു . വിനായക് സവർക്കർക്കെതിരെ നടപടിയെടുത്ത മതേതര- ആധുനിക വിഭാഗത്തെ “കാൽ” കടന്നാക്രമിച്ചു.

1905-ലെ കഴ്സൺ പ്രഭുവിൻ്റെ ബംഗാൾ വിഭജനത്തിനെതിരെ ജനരോഷം ഉയർന്ന് നിൽക്കുന്ന സമയം കൂടിയായിരുന്നു ഇതെന്നതിനാൽ കൂടുതൽ ഹിന്ദുക്കളെ തങ്ങളുടെ കുടക്കീഴിലേയ്ക്ക് കൊണ്ടുവരാൻ നവ – യാഥാസ്ഥിതിക ബ്രാഹ്മണർ ഈ സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചു. തിലക് ചിത്പാവൻ ബ്രാഹ്മണർക്കുള്ളിലെ തൻ്റെ എതിരാളികളെ നിശ്ശബ്ദരാക്കാൻ “ഇവർ നമ്മുടെ ഗുരുക്കൾ അല്ല” എന്ന തലക്കെട്ടിൽ കേസരിയിൽ എഴുതി. ഫെർഗൂസൺ കോളേജ് പോലെ സ്വകാര്യമാനേജ്മെൻ്റിൻ്റെ കീഴിലുള്ള കോളേജ് സവർക്കർക്ക് ശിക്ഷ വിധിച്ചത് ബ്രിട്ടീഷുകാരോടുള്ള ആധർമ്മണ്യമായാണ് കാണേണ്ടത്.  തിലക് എഴുതി. ഗോഖലേയെ വ്യക്തിപരമായി അധിക്ഷേപിക്കാനും തിലക്  മുതിർന്നു . “മാഞ്ചെസ്റ്ററിലെ ബഹിഷ്ക്കരണത്തെ ന്യായീകരിക്കുന്ന പ്രൊഫ. ഗോഖലേ, അദ്ദേഹത്തിൻ്റെ സ്വന്തം കോളേജിലെ വിദ്യാർത്ഥിയെ അത്തരമൊരു പ്രവൃത്തിയിൽ പങ്കുചേർന്നതിന് ശിക്ഷിച്ചിരിക്കുന്നു”.

ഗോഖലേയെ പരോക്ഷമായി ആക്രമിച്ചു കൊണ്ട് തിലക് തുടർന്നെഴുതി. “ദേശീയ പ്രസ്ഥാനത്തിൻ്റെ സ്പർശത്തിൽ നിന്നും അകറ്റിനിർത്തുന്നതിനല്ല ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്കൂളിലേയ്ക്കും കോളേജിലേയ്ക്കും അയയ്ക്കുന്നത്. മറിച്ച് ദേശീയ വികാരത്താൽ പ്രചോദിതരാക്കാൻ വേണ്ടിയാണ്. ഒരു ഗുരു സ്വാർത്ഥതയാലും അടിമത്തത്താലും ധിഷണയുടെ പാപ്പരത്വത്താലും ഒരു വിദ്യാർത്ഥിയെ ശരിയായത് ചെയ്യുന്നത് തടയുകയാണെങ്കിൽ അദ്ദേഹത്തെ ഒരു ഗുരു എന്ന് വിളിക്കാൻ പാടുള്ളതല്ല. അത്തരമൊരാളുടെ കല്പന ധിക്കരിക്കുന്നത് അച്ചടക്കമില്ലായ്മയല്ല. അച്ചടക്കത്തിൻ്റെ പേരിൽ ഇവിടെ നടക്കുന്നത് അടിച്ചമർത്തലാണ് “.

ബ്രാഹ്മണിസം എന്ന സങ്കല്പത്തിന് ഉയിരു പകരുന്നതിന് സാമുദായികതയേക്കാൾ നൂറു മടങ്ങ് ശക്തിയുള്ള ദേശീയത എന്ന ആശയം ഹിന്ദുരാഷ്ട്രീയത്തിൻ്റെ ഏറ്റവും പ്രധാനഘടകമായിത്തീരുന്നത് ഈ മുഹൂർത്തത്തിലാണ്.

യഥാർത്ഥത്തിൽ ഗോഖലെയെ വിമർശിക്കുക മാത്രമല്ല തിലക് ചെയ്യുന്നത്. മറിച്ച് ദേശീയത എന്ന ആശയത്തെ മതേതര – ആധുനികവാദികൾക്ക് മേൽ നവ- യാഥാസ്ഥിതികർക്ക് മേൽക്കൈ നേടാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയാണ്. ബ്രാഹ്മണിസം എന്ന സങ്കല്പത്തിന് ഉയിരു പകരുന്നതിന് സാമുദായികതയേക്കാൾ നൂറു മടങ്ങ് ശക്തിയുള്ള ദേശീയത എന്ന ആശയം ഹിന്ദുരാഷ്ട്രീയത്തിൻ്റെ ഏറ്റവും പ്രധാനഘടകമായിത്തീരുന്നത് ഈ മുഹൂർത്തത്തിലാണ്. സ്വരാജ്യം എന്നത് ഒരേ സമയം ബ്രാഹ്മണ സാമ്രാജ്യവും ഇന്ത്യയുമായിത്തീരുന്നു.

1906-ൽ പൂനെ ഫർഗൂസൺ കോളേജിലെ പഠനശേഷം സവർക്കർ നിയമം പഠിക്കാൻ ബോംബെയിലെത്തി. അന്നേരമാണ് ശ്യാംജി കൃഷ്ണവർമ്മ എന്ന ലണ്ടൻ – ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ദേശീയവാദി ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതായി അറിയുന്നത്. രണ്ട് ശുപാർശക്കത്തുകൾ അതിന് അനിവാര്യമായിരുന്നു. തിലകും കാൽ പത്രാധിപർ എസ് എം പരാഞ്ജ്പേയും അവ നൽകുകയുണ്ടായി.
————
തുടരും.
————-

പി എൻ ഗോപീകൃഷ്ണൻ എഴുതുന്ന “ഹിന്ദുത്വത്തിൻ്റെ ചരിത്രം” ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments