(2026 -നവമലയാളി പ്രഭാഷണത്തിൽ സംസാരിച്ചതിൻ്റെ ലിഖിതരൂപത്തിൽ നിന്നുമുള്ളത്)

എം പി: പ്രതീക്ഷയുടെ അപാരമായ ഉൾക്കരുത്ത്, സൃഷ്ടിയുടെ അനന്തമായ ശേഷി – ശാരദ മുരളീധരൻ

എംപി പരമേശ്വരൻ 1935-ലാണ് ജനിച്ചത് എന്ന് പറയുമ്പോൾ എങ്ങനെയാണ് എൻറെ അച്ഛനും അമ്മയും എംപിയെ അറിയുന്നത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും അദ്ദേഹത്തെ അറിയാമായിരുന്നു. ഞാൻ ആദ്യമായി എംപിയെ കാണുന്നത് ഞങ്ങളുടെ വീട്ടിൽ വച്ച് തന്നെയാണ്. ബാർക്കിലെ വലിയ സയന്റിസ്റ്റ് ആണ് എന്നാണ് അമ്മ അന്ന് പരിചയപ്പെടുത്തിയത്. അച്ഛൻറെ സൂപ്പർ സീനിയറായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ പഠിച്ച ആൾ എന്നനിലയിൽ ഞങ്ങളുടെ കുടുംബത്തിന് സുപരിചിതനായിരുന്നു എംപി.  ഒരു ബെയർഫൂട്ട് സയൻസ് ഇവാഞ്ചലിസ്റ്റ് എന്ന നിലയ്ക്കാണ് അന്ന് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്.

എന്നാൽ ഞാൻ അദ്ദേഹത്തെ അടുത്തു കാണുന്നത് കേരളത്തിലെ ടോട്ടൽ ഹെൽത്ത് ആൻഡ് സാനിറ്റേഷൻ മിഷൻ്റെ ചെയർമാനായി അദ്ദേഹം വന്നപ്പോഴാണ്. 1996-97 കാലഘട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റവും നിർണായകമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്നത് ശുചിത്വത്തിലും ആരോഗ്യമേഖലയിലുമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഡിമാൻ്റുകൾ ഉയർന്നുവന്നതും ആരോഗ്യമേഖലയിലായിരുന്നു. ഈ ഉയർന്നു വരുന്ന ഡിമാന്റിനെ അഭിമുഖീകരിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിന് സഹായകമായിട്ടുള്ള ഒരു ടെക്നിക്കൽ മിഷൻ എന്ന നിലയ്ക്കാണ് അന്ന് ടോട്ടൽ ഹെൽത്ത് ആൻഡ് സാനിറ്റേഷൻ മിഷനെ ആസൂത്രണം ചെയ്തിരുന്നത്. ഗ്രാമ വികസന കമ്മീഷണർ എന്ന നിലയ്ക്ക് അതിൻറെ സി ഇ ഒ/ സെക്രട്ടറിയായി എനിക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു. അതിൻറെ ചെയർമാനായി എംപിയും.

വാസ്തവത്തിൽ അദ്ദേഹത്തെ കാണുമ്പോഴും ഓർക്കുമ്പോഴും എൻറെ മനസ്സിൽ വന്നിരുന്നത് ഒരു അക്ഷയപാത്രമല്ല, ഒരു കൊടുങ്കാറ്റ് പോലെയുള്ള ആശയങ്ങളാണ്.  ചിത്രശലഭങ്ങളെ പോലെ പാറി നടക്കുന്ന ആശയങ്ങൾ വന്നു കൊണ്ടേയിരിക്കും. അവയെയൊന്നും നമുക്ക് പിടിക്കാൻ പറ്റില്ല; അവയൊക്കെ എഴുതിയെടുത്തുവച്ചില്ലെങ്കിൽ പിടിക്കാൻ പറ്റില്ല – എഴുതിയാലും പിടിക്കാൻ പറ്റില്ല. പിന്നെപ്പോഴെങ്കിലും പതിയെ ആലോചിച്ച്, അയവിറക്കിയെടുത്ത് കുറേ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ആ ആശയങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നത്.

courtesy: kssp fb page

എവിഡൻസ് ബേസ്ഡ് ആയ ഒരു സയൻറിഫിക് ടെമ്പറാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സയൻറിഫിക് ടെമ്പറും മനുഷ്യത്വവും – ഇവ രണ്ടും കൂടി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേകമായിട്ടുള്ള വ്യക്തിത്വമാണ് എംപിയുടെത്. അതുതന്നെയാണ് അദ്ദേഹത്തിൻറെ മുഖമുദ്രയും. ഓരോ വിഷയം വരുമ്പോഴും അവയുടെ Cause and effect – കാരണവും ഫലവും നമ്മൾ മനസ്സിലാക്കണം. ഇഫക്ട് മാറ്റണമെങ്കിൽ അതിൻ്റെ പ്രാരംഭത്തിൽ നിന്ന് തന്നെ തുടങ്ങണം എന്നുള്ള, വളരെ സ്പഷ്ടമായിട്ടുള്ള ഒരു വീക്ഷണം എംപിക്ക് ഉണ്ട്.

ആ വീക്ഷണം നമുക്ക് ജനകീയാസൂത്രണത്തിൽ കാണാം, സാക്ഷരതാ മിഷനിൽ കാണാം. സാക്ഷരതാ മിഷന്റെ കാര്യം കാവുമ്പായി ബാലകൃഷ്ണൻ ഇവിടെ പറഞ്ഞപ്പോൾ 1991-ൽ ഞാൻ ഉജ്ജയിനില്‍ ട്രെയിനി സബ് കളക്ടറായി സേവനം അനുഷ്ഠിച്ച കാലം ഓർക്കുകയായിരുന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ നാഷണൽ ലിറ്ററസി മിഷന്റെ ഭാഗമായി പൂർണ്ണസാക്ഷരതയുടെ ക്യാമ്പയിൻ പുറത്തിറങ്ങുകയാണ്.  ബടനഗർ എന്ന അവിടുത്തെ ബ്ലോക്ക് പഞ്ചായത്തിൽ കേരളത്തിൽ നിന്നുള്ള സാക്ഷരതയുടെ കഥകളാണ് പറഞ്ഞിരുന്നത്. നാഷണൽ മിഷൻ തന്നെ അവിടെ എത്രത്തോളം ആവേശോജ്ജ്വലമായിട്ടാണ് കേരളത്തിൻറെ സാക്ഷരതാമിഷൻ കഥകൾ പറഞ്ഞിരുന്നത് എന്നത് ഓർക്കുന്നു.

പിന്നീട് കേരളത്തിന് പുറത്ത് ഞാൻ എ ഐ പി എസ്സിൻ്റെയും ബിജെസ്സിൻ്റെയും ഭാഗമായി ഉണ്ടായപ്പോഴേക്കും മറ്റൊരു കാര്യം കൂടി മനസ്സിലായി – എംപിയുടെ പേരും സ്വാധീനവും കീർത്തിയും കേരളത്തിന്റെ അകത്ത് മാത്രമായി നിൽക്കുന്നതല്ല. കേരളത്തിനു പുറത്തുള്ള സാധാരണക്കാരായിട്ടുള്ളവരും ശാസ്ത്രജ്ഞരായിട്ടുള്ളവരുമെല്ലാം എത്രത്തോളം ആദരവയോടുകൂടിയാണ് എംപിയെ കാണുന്നത് എന്നതെനിക്ക് മനസ്സിലായിട്ടാണ്. അദ്ദേഹത്തിൻറെ ഓരോ വാക്കിലും അവർ തൂങ്ങുന്നത് ഞാൻ കണ്ണുകൾ കൊണ്ടുതന്നെ കണ്ടിട്ടുള്ളതാണ്. ഒരു മനുഷ്യാത്മാവ് എന്ന നിലയ്ക്ക് അദ്ദേഹം ഒരു യൂട്ടോപ്യൻ മാത്രമല്ല.  പ്രതീക്ഷയ്ക്കായുള്ള അപാരമായ ഉൾക്കരുത്തും നിർമ്മിക്കാനുള്ള അനന്തമായ ശേഷിയും – Infinite capacity to hope, Infinite capacity to build – അദ്ദേഹം നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഏറ്റവും അനുയോജ്യനായ ആളിലേയ്ക്കാണ് നവമലയാളിയുടെ ഈ പുരസ്കാരം എത്തിച്ചേർന്നിരിക്കുന്നത്.

(എട്ടാമത് നവമലയാളി സാംസ്കാരിക പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ  നടത്തിയ നവമലയാളി പ്രഭാഷണത്തിൽ നിന്നുമുള്ള ഭാഗം. 2026 ആഗസ്റ്റ് 9-ന് തൃശൂർ കേരള സാഹിത്യ അക്കാദമി.  ഇതിൻ്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)
Transcription : swathi george

Comments

comments