പശ്ചിമ ബംഗാളിലെ റാണിഗഞ്ചിൽ മാര്‍ക്സിസ്റ്റ് ചിന്തകനായിരുന്ന രാഹുൽ സാംകൃത്യായന്റെ പ്രതിമ തകർക്കുകയും നീക്കംചെയ്യുകയും ചെയ്ത സാംസ്കാരിക ഹീനതയില്‍ നവമലയാളി ശക്തമായി പ്രതിഷേധിക്കുന്നു.
ഇതിനെ കേവലം ഒരു അക്രമസംഭവമായി മാത്രം കണക്കാക്കാന്‍ കഴിയില്ല. ആധുനിക ഇന്ത്യയിലെ ഏറ്റവും മഹത്തായ ബൗദ്ധിക – രാഷ്ട്രീയ പ്രതീകത്തിനു നേരെ നടന്ന അങ്ങേയറ്റം അപലപനീയമായ ആക്രമണമാണിത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇ. സി. എൽ കോളിയറി വർക്കേഴ്സ് യൂണിയൻ സ്ഥാപിച്ച പ്രതിമയാണിത്. ഒരു വ്യക്തിയുടെ സ്മരണാർത്ഥം മാത്രമായിരുന്നില്ല ഇത് സ്ഥാപിക്കപ്പെട്ടത്, മറിച്ച് യുക്തിചിന്തയുടെയും സാമൂഹിക നീതിയുടെയും ഇന്ത്യയുടെ സമ്പന്നമായ വിമർശനാത്മക ചിന്താധാരകളുടെയും പ്രതീകമായാണ് അത് നിലകൊണ്ടിരുന്നത്.
ഇന്ത്യയുടെ, ദക്ഷിണേഷ്യയുടെ, മനസ്സ് വായിച്ച പൊതുബുദ്ധിജീവികളിൽ ഒരാളായിരുന്നു രാഹുൽ സാംകൃത്യായൻ. നിരവധി ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ജ്ഞാനസമ്പാദനത്തിനായി മധ്യേഷ്യ, ടിബറ്റ്, ശ്രീലങ്ക, സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. ടിബറ്റിൽ നിന്ന് വിലമതിക്കാനാകാത്ത ബുദ്ധമത കയ്യെഴുത്തുപ്രതികൾ വീണ്ടെടുത്തു; ചരിത്രം, തത്ത്വചിന്ത, ഭാഷാശാസ്ത്രം, പുരാവസ്തുശാസ്ത്രം, യാത്രാവിവരണം, സാഹിത്യം എന്നിവയിൽ മാര്‍ഗ്ഗദര്‍ശികളായിത്തീര്‍ന്ന പുസ്തകങ്ങള്‍ രചിച്ചു. തന്റെ യാത്രാവിവരണങ്ങളിലൂടെയും ചരിത്രരചനകളിലൂടെയും ഹിന്ദി ഗദ്യത്തിനുതന്നെ പുതിയൊരു രൂപവും ഉള്ളടക്കവും നല്‍കി.
ആര്യസമാജത്തിൽ നിന്ന് ബുദ്ധമതത്തിലേക്കും പിന്നീട് മാർക്സിസത്തിലേക്കും മാറിയ അദ്ദേഹത്തിന്റെ ബൗദ്ധികജീവിതം അസാധാരണമായ തുറസ്സുകളാല്‍ അടയാളപ്പെട്ടതായിരുന്നു. യുക്തിയോടും വിമർശനാത്മക അന്വേഷണത്തോടുമുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. തത്ത്വചിന്താപരമായി, ഇന്ത്യയുടെ ബുദ്ധമത പാരമ്പര്യത്തെ ചരിത്രപരമായ ഭൗതികവാദവുമായി സമന്വയിപ്പിക്കാനാണ് സാംകൃത്യായൻ ശ്രമിച്ചത്. അദ്ദേഹം ബുദ്ധമതത്തെ ഒരു മതപരമായ പിടിവാശിയായല്ല, മറിച്ച് കാരുണ്യം, സമത്വം, അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം എന്നിവയിൽ അധിഷ്ഠിതമായ ആഴമേറിയതും യുക്തിസഹവുമായ ഒരു നൈതിക പാരമ്പര്യമായാണ് വീക്ഷിച്ചത്. മനുഷ്യന്റെ ദുരിതങ്ങളോടുള്ള ബുദ്ധന്റെ ധാർമ്മികമായ ഉൽക്കണ്ഠ നിലനിർത്തിക്കൊണ്ടുതന്നെ, ചരിത്രത്തെ മനസ്സിലാക്കാനും സമൂഹത്തെ മാറ്റിമറിക്കാനുമുള്ള ഒരു രീതി അദ്ദേഹം മാർക്സിസത്തിൽ കണ്ടെത്തി.
ജാതിശ്രേണിയെയും മതപരമായ യാഥാസ്ഥിതികത്വത്തെയും ബൗദ്ധികമായ എല്ലാത്തരം കീഴടങ്ങലുകളെയും അദ്ദേഹം നിരസിച്ചു. അറിവ് മനുഷ്യ മനസ്സിനെ തടവിലാക്കുകയല്ല, മറിച്ച് സ്വതന്ത്രമാക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന്റെ കൃതികൾ നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
പണ്ഡിതോചിതമായ അറിവിനെ സാമൂഹിക മാറ്റവുമായി ബന്ധിപ്പിച്ച ഇന്ത്യയിലെ ആ അസാധാരണ ചിന്തകരുടെ തലമുറയിൽപ്പെട്ടയാളായിരുന്നു സാംകൃത്യായൻ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി പോരാടുകയും ചെയ്ത അദ്ദേഹം ജീവിതകാലം മുഴുവൻ സമത്വവാദപരമായ ആശയങ്ങളോട് പ്രതിബദ്ധത തുടര്‍ന്നു.
തെളിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ സ്വന്തം നിലപാടുകൾ തിരുത്താൻ തയ്യാറായ ഒരു നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം. പാരമ്പര്യമായി ലഭിച്ച നിശ്ചിതത്വങ്ങളെ അംഗീകരിക്കാൻ വിസമ്മതിച്ചതിലായിരുന്നു അദ്ദേഹത്തിന്റെ ബൗദ്ധിക ധീരത അടങ്ങിയിരുന്നത്.
അതുകൊണ്ടാണ് സാംകൃത്യായൻ ഇന്ന് ഏറെ പ്രസക്തനാകുന്നത്. മിത്തുകളെ ചരിത്രമായി അവതരിപ്പിക്കുകയും ചോദ്യംചെയ്യാത്ത വിശ്വാസത്തെ വിമർശനാത്മക യുക്തിക്ക് മുകളിലായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, അന്വേഷണത്തിലൂടെയും സംവാദത്തിലൂടെയും ലോകത്തോടുള്ള തുറന്ന സമീപനത്തിലൂടെയുമാണ് സംസ്കാരങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ലെന്നും, മറിച്ച് ഏഷ്യയിലുടനീളമുള്ള കൈമാറ്റങ്ങളിലൂടെയും ബുദ്ധമതത്തിലൂടെയും യാത്രകളിലൂടെയും വിവർത്തനങ്ങളിലൂടെയും ദാർശനിക സംവാദങ്ങളിലൂടെയുമാണ് അത് വികസിച്ചതെന്നും അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകൾ വിശ്വമനാവീകതയും ബഹുസ്വരതയും നിലനിര്‍ത്തുന്ന ഒരു ഇന്ത്യയ്ക്കു വേണ്ടിയുള്ളതായിരുന്നു.
ഈ പാരമ്പര്യമാണ് കൃത്യമായും ഹിന്ദുത്വ രാഷ്ട്രീയത്തെ അസ്വസ്ഥമാക്കുന്നത്. ബുദ്ധമതത്തിന്റെ കേന്ദ്രസ്ഥാനം, ഇന്ത്യയുടെയും ഏഷ്യയുടെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചരിത്രങ്ങൾ, സാമൂഹിക വികാസത്തെ രൂപപ്പെടുത്തുന്ന ഭൗതിക സാഹചര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സാംകൃത്യായൻ നടത്തിയ ഇന്ത്യൻ ചരിത്രത്തിന്റെ പുനർനിർമ്മാണം ഇടുങ്ങിയ സാംസ്കാരിക വിവരണങ്ങളെ വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയവും ബുദ്ധികാന്വേഷണങ്ങളും മതഭൂരിപക്ഷ യാഥാസ്ഥിതികത്വത്തിന്റെ സാംസ്കാരിക വിപര്യയങ്ങളെ തുറന്നുകാട്ടി. അദ്ദേഹത്തിന്റെ സൂക്ഷ്മമായ മാർക്സിസ്റ്റ് വിശകലനങ്ങള്‍ അധികാരശ്രേണിയുടെയും ചൂഷണത്തിന്റെയും ഘടനകളെ ചോദ്യംചെയ്തു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രതിമ തകർത്തതിനെ കേവലം ഒരു ഒറ്റപ്പെട്ട അക്രമസംഭവമായി തള്ളിക്കളയാനാവില്ല. അത് പൊതുസ്മരണകളെ ഇല്ലാതാക്കാനും വിമർശനാത്മക ചിന്തകളുടെ പാരമ്പര്യങ്ങളെ ഭയപ്പെടുത്താനുമുള്ള ശ്രമത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്മാരകങ്ങൾ വ്യക്തികളെ മാത്രമല്ല ആദരിക്കുന്നത്; ഒരു സമൂഹം ഓർമ്മിക്കാൻ ആഗ്രഹിക്കുന്ന മൂല്യങ്ങളെക്കൂടിയാണ് അവ സംരക്ഷിക്കുന്നത്. രാഹുൽ സാംകൃത്യായന്റെ സ്മരണയെ ആക്രമിക്കുക എന്നാൽ ഇന്ത്യയുടെ ബൌദ്ധികതയുടെയും ദാർശനിക ബഹുസ്വരതയുടെയും ജനാധിപത്യപരമായ വിയോജിപ്പുകളുടെയും പാരമ്പര്യങ്ങളെ ആക്രമിക്കുക എന്നാണ് അർത്ഥം.
പ്രതിമകൾ ഒറ്റരാത്രികൊണ്ട് തകർക്കാൻ കഴിഞ്ഞേക്കാം; എന്നാൽ തലമുറകളെ മാറ്റിമറിച്ച ഒരു ബൗദ്ധിക പാരമ്പര്യം എല്ലാത്തരം അക്രമങ്ങളെയും അതിജീവിച്ച് നിലനിൽക്കുകതന്നെ ചെയ്യും.







Be the first to write a comment.