23 വർഷങ്ങൾ കഴിഞ്ഞു അരവിന്ദൻ നമ്മേ വിട്ടുപിരിഞ്ഞിട്ട്. അരവിന്ദൻ ഇല്ലാത്ത ഒരു കാലത്തിൽ രാമുമാഷേ കുറിച്ച് ഓർക്കുന്നതിന് ഒരു ആദരാഞ്ജലിക്കും അപ്പുറം പലതുമുണ്ട്. വികല ഫലിതങ്ങൾ പറഞ്ഞു ആരും ചിരിക്കാതെ പോയ ഒരു നവോത്ഥാന കാലത്തിന്റെ നെടുവീർപ്പുകൾ.

മുൻമാതൃകകളില്ലാത്ത ഒരു നല്ല കലാരചന അപ്രമാദിത്വത്തോടെ നിലകൊള്ളുന്ന അനുഭവമാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ നൽകുന്നത്. ചെറിയ മനുഷ്യരും വലിയ ലോകവും കാലം വരച്ച ലോകമാണ്. അതാകട്ടെ കാലത്തെ വരയ്ക്കുകയും ചെയ്യുന്നു. കാലത്തിന്റെയും ലോകത്തിന്റെയും മുന്നിൽ ചിരന്തന പരിണാമിയായ ജീവിതത്തെ കണ്ടു നിൽക്കാൻ നമ്മെ പ്രേരിപ്പിയ്ക്കുന്നൂ ഈ കൃതി.

രാമു എാന്നൊരു കൗമാരപ്രായക്കാരൻ, അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന തൃപ്തികരമായ കുടുംബാന്തരീക്ഷം. അവൻ പഠിക്കാൻ മിടുക്കനാണ്. ഏത് വർത്തമാന സാഹചര്യങ്ങളെയും നോക്കിക്കാണാനും അതിന്റെ തിരതള്ളലിൽ നിന്ന് ഒഴിഞ്ഞുനിന്ന് സ്വന്തം വ്യക്തിസത്ത സൂക്ഷിക്കാനും രാമുവിനറിയാം. അവൻ വളർന്നു യുവാവായപ്പോൾ ബിരുദപഠനം കഴിഞ്ഞ് സ്ഥിരം നാട്ടുനടപ്പനുസരിച്ച് ഉദ്യോഗാന്വേഷണം. എങ്ങും ‘നോ വേക്കൻസി’ ബോർഡുകൾ. സന്തതസഹചാരിയായി ഗുരുജിയുണ്ട്. ആത്മീയതയുടെ ഒരല്പം ഫീഡ്ബാക്ക്. ലീല എന്ന കാമുകി.

നാട്ടിൽ എല്ലാവരിൽ നിന്നും നേരിടുന്ന ചോദ്യം. ‘ജോലിയൊന്നുമായില്ലേ’ എന്നതാണ്. ഇന്റർവ്യുകൾ – ടെസ്റ്റുകൾ. രാമുവിന് മടുത്തുതുടങ്ങി. രാധയുടെ കൂട്ടുകാരി ശ്രീലതയുടെ അച്ഛൻ മേനോന്റെ കണക്കപ്പിള്ളയാകുന്നത് ആകസ്മികമായാണ്. ചെറിയ രക്ഷപ്പെടൽ. തൊഴിലില്ലാത്തവന്റെ നേരം കൊല്ലൽ നിൽക്കുന്നു. രാമുവിന് ഇപ്പോൾ ഉത്തരവാദിത്വമുണ്ട്. കള്ളക്കണക്കെഴുത്തുകൾ പുരട്ടിയ കരി രാമുവിന്റെ മനസിനെ ശല്യപ്പെടുത്തുന്നു. എങ്കിലും ജോലി വിട്ടുകളയാൻ അയാൾ തയ്യാറല്ല.

കള്ളകണക്കുകൾ കൂടുതൽ ഉയരങ്ങളിലേക്ക് (?) രാമുവിനെ കൊണ്ടുപോവുന്നു.  ആത്മാർത്ഥ സൗഹൃദം – പ്രണയം – ഒഴിവുനേരങ്ങൾ എല്ലാം അയാൾക്ക് നഷ്ടമാകുന്നു. മേനോന്റെ മരണത്തോടെ കമ്പനിയുടെ എം.ഡി.യുമാകുന്നു. മനസാക്ഷി വേട്ടയാടാത്ത പുതിയ ലാഭകണക്കുകൾ നിറഞ്ഞ ജീവിതം. പഴയ മൂല്യബോധമുണരുമ്പോൾ അയാൾക്ക് ചിരിയാണ്. നിലനിൽപിനായുള്ള സ്വയം ബലി. രാമു വളരുന്നോ അതോ തളരുന്നോ? സന്ദേഹങ്ങൾ ബാക്കി നിർത്തി വെട്ടിപ്പിടിക്കലിന്റെ മൂർദ്ധന്യഘട്ടത്തിൽ രാമു നമ്മോട് യാത്രപറയുന്നു. കേരളത്തിന്റെ 60-70 കാലഘട്ടങ്ങളുടെ ജീവരേഖകളാണിവിടെ ചുരുക്കി ഗ്രാഫിക് നോവൽ എന്ന പൂർവ്വമാതൃകകളില്ലാത്ത ഒരു സങ്കേതത്തിലൂടെ ആവിഷ്‌ക്കരിച്ചത്.


         

രാമുവിന്റേത് ജയമോ പരാജയമോ – നഗരം അതിന്റെ യന്ത്രഹസ്തങ്ങളാൽ ഗ്രാമീണനന്മകളെ ഞെരിച്ചുടയ്ക്കുന്നുവോ? നന്മയും നീതിബോധവും കച്ചവടക്കണ്ണുകളാൽ നീക്കിനിർത്തപ്പെടുന്നുവോ? ഈ കാർട്ടൂൺ പരമ്പര വായനക്കാർക്ക് നൽകിയ പ്രശ്‌നോത്തരികൾ ഇവയൊക്കെയാണ്.

പരിണാമത്തിന്റെ തത്വങ്ങൾ മുഖ്യമായി രേഖപ്പെടുത്തിയ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വ്യക്തി – സമഷ്ടി തലത്തിൽ സംഭവിക്കുന്ന സാംസ്‌കാരിക പ്രത്യയശാസ്ത്രങ്ങളുടെ പരിണതികൾ ക്രോഡീകരിക്കുന്നു.

വാരികയുടെ വായന ജീവിതത്തെ കാര്യമായി ബാധിച്ചിരുന്ന ഒരു കാലമാണ് ‘ചെറിയ മനുഷ്യരുടെ വലിയ ലോകത്തെ’ കോറിവരച്ചത് നിരർത്ഥകമായൊരു ജീവിതയാപനം കാണപ്പെട്ടുതുടങ്ങിയ, അസ്തിത്വവാദവും അന്യവൽക്കരണവും ആവേശിച്ചുതുടങ്ങിയ കാലം. രാമുമാഷ് അക്കാലം ജീവിച്ചുജയിക്കാൻ തന്ത്രപ്പെടുന്നതാണ് കാണുന്നത്. വലിയ ജയങ്ങൾ അടിവേരുകളിളക്കുന്ന ഒരു വിപര്യയം അതിൽ നിഴലിച്ചിരുന്നു. എങ്ങനെയാണ് ഒരു മധ്യവർഗ്ഗ ചെറുപ്പക്കാരൻ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്ക് നയിക്കുന്നത്? ഏതെല്ലാം ദാർശനിക പ്രതിബന്ധങ്ങൾ ആണ് അയാൾക്ക് മുന്നിലുള്ളത്? ചരിത്രം അതിന്റെ  നിസ്സംഗമായ ഇടപെടലുകളാൽ പ്രതീക്ഷാനിർഭരമായ ജീവിതങ്ങളെ നിയന്ത്രിക്കുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയൊന്നുമില്ല.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഭാരതം നവീകരണ യജ്ഞങ്ങളുടെ പണിശാലയാണ്. സാംസ്‌കാരികമായും ഭൗതികമായും ജീവിതം പരിവർത്തിപ്പിക്കുവാൻ ഉറ്റു ശ്രമിച്ച കാലം. അനുഭവിച്ചു മടുത്ത ജീവിത സാഹചര്യങ്ങളെ ഉപേക്ഷിച്ചു പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ചു തുടങ്ങുന്ന കാലം. നഗരവൽകരണവും യന്ത്രവൽകരണവും ഇതിന്റെ ഭാഗമായി ജനജീവിതത്തെ സ്വാധീനിച്ചു തുടങ്ങുന്നു. തൊട്ടുപിറകിൽ തന്നെ സാഹിത്യപരവും, ആശയപരവുമായ വാസനകളുമുണ്ട്. അന്യവല്കരണം മുഖ്യ ഉദാഹരണം. ഇന്ത്യൻ സാഹചര്യത്തിൽ കേട്ടുകേൾവിയില്ലാത്ത അന്യസംസ്‌ക്കാരപ്പകർച്ചകളും ഈ പരിണാമത്തെ ത്വരിതപ്പെടുത്തി. സ്വയംഭരണാവകാശം  കൈവന്നപ്പോൾ ലഭിച്ച പുത്തനുണർവ്വ് അധികം ചെല്ലുമ്പോഴേക്കും ചോർന്നു തുടങ്ങി. വികസനത്തിന്റെ നവതന്ത്രങ്ങൾ പലപ്പോഴും മുളയിലെ പരാജയപ്പെടുകയും വിജയിച്ചവതന്നെ മുഖ്യലക്ഷ്യത്തിൽ നിന്നകന്ന് സാമാന്യജനങ്ങളിലേക്കെത്താതെ പോവുകയും ചെയ്തു.

കേരളത്തിന്റെ ഭൗതിക പരിസരവും വ്യത്യസ്തമല്ല. ഇതിന്നിടയിൽ പരാജയപ്പെടുന്ന ഒരു വിഭാഗമാണ് മധ്യവർഗ്ഗത്തിന്റേത്. പിറകിൽ നിന്നും മുന്നിലേയ്ക്കൂന്നി നിർത്താൻ സ്വപ്നങ്ങളുടെ ഒരു നീണ്ട നിരയുണ്ട് ചെറുപ്പക്കാരോടൊപ്പം. എന്നാൽ വർത്തമാനകാല പ്രശ്‌നപരിസരങ്ങളിൽ അവ യാഥാർത്ഥ്യത്തിലെത്താതെ പോകുന്നു. ക്രിയാത്മകങ്ങളായ പദ്ധതികളുടെ അഭാവം കേരളത്തിലെ യുവജനതയെ വഴിതെറ്റിയ്ക്കുന്നു. തൊഴിലില്ലായ്മ എന്ന ഭീകരരൂപിയെ സൃഷ്ടിക്കുന്നു. മതവും രാഷ്ട്രീയവും കലയും ചില സ്വപ്നശകലങ്ങൾ നീട്ടിത്തരുന്നതല്ലാതെ പൂർണ്ണമായ സ്വാതന്ത്ര്യത്തിലേക്കെത്തിക്കുന്നില്ല. പ്രകടനപരത ഒരു പ്രശ്‌നമായിത്തുടങ്ങുകയും ചെയ്യുന്നു. അന്യദേശക്കാരുടെ ഭരണം മാറിയെന്നല്ലാതെ നമ്മെ നമ്മൾ വിധേയപ്പെടുത്തുന്ന പുതിയ അടിമത്തത്തിലേക്ക് വഴുതി വീണ കേരളത്തിനും ഒന്നും അവകാശപ്പെടാനില്ല. എങ്കിലും നിസ്തന്ദ്രമായ ജനജീവിതത്തിൽ വിദ്യുത്ശലാകകൾ പോലെ മഹത്വവും നന്മയുമാർന്ന വ്യക്തിത്വങ്ങൾ ഉദിച്ചിട്ടുണ്ട്. അവർ വഴികാട്ടികളായിത്തീർന്ന കവികളും ചിന്തകരും ശാസ്ത്രജ്ഞരുമാണ്. ഒരു സാധാരണവ്യക്തി ഈ സംഭവബഹുലമായ ജീവിതത്തെ എങ്ങനെ സ്വാനുഭവങ്ങളാൽ മുദ്രണം ചെയ്യുന്നു എന്നതാണ് അടിസ്ഥാനപരമായി ‘ചെറിയ മനുഷ്യരും വലിയ ലോകവും’ സാക്ഷ്യപ്പെടുത്തുത്.

         

സ്വാതന്ത്ര്യാനന്തരഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളും തൊഴിലില്ലായ്മയും ദാരിദ്ര്യവും പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളും മൂല്യങ്ങളുടെ തകർച്ചയും  സിനിസിസവുമെല്ലാം രാമുവിലൂടെയും അയാൾക്കു ചുറ്റുമുള്ള കുറേ മനുഷ്യരിലൂടേയും ആവിഷ്‌കരിക്കുകയായിരുന്നു അരവിന്ദൻ. ചിത്രകാവ്യം എന്ന ഡി.സിയുടെ വിശേഷണം ഈ പരമ്പരയെ ഒട്ടൊന്നു കാല്പനികമാക്കുന്നു. ഒരു കാലത്തിന്റെ സ്വപ്നങ്ങളെ ഏറെക്കുറെ കാവ്യാത്മകമായി പകർത്തിയതിന്റെ അനന്തരഫലമായി ഇന്നും ഈ കൃതി സജീവമായ വായനയ്ക്ക് ഇടം നൽകുന്നു.



ആത്യന്തികമായി ഓരോ മനുഷ്യനും ഒറ്റയാണെന്നു അരവിന്ദൻ ഈ പരമ്പരയിൽ ഓർമ്മിപ്പിക്കുന്നു. ചരിത്രം അതിന്റെ നിസ്സംഗമായ ഇടപെടലുകളാൽ ചെറിയ മനുഷ്യരെ നിയോഗിക്കുന്നു. മനുഷ്യർ അന്തമില്ലാത്ത കണക്കുകൂട്ടലുകളുമായി നിൽക്കുന്നു. സ്വന്തം ശക്തിയെക്കുറിച്ച് ബോധമില്ലാത്ത ഒരു ഹനുമാനാണ് നീ എന്ന്ഒരിക്കൽ ഗുരുജി രാമുവിനോട് പറയുന്നുണ്ട്.

മാനവികതയും മനശാസ്ത്രവും ഭൗതിക ശാസ്ത്രവും തലച്ചോറിൽ പ്രക്ഷാളനകർമ്മം നടത്തികൊണ്ടിരുന്ന ആ കാലം എന്തെല്ലാം ടേണിംഗ് പോയിന്റുകളാണു ഉൾക്കൊണ്ടത്. ആൾദൈവം മറനീക്കി വരുന്നു. ആളുകൾ പ്രാർത്ഥനനിരതരായി പിന്നാലെ…….. (നാഗേട്ടന്റെ സന്യാസിലോകം) ഭൗതിക മായാവലയങ്ങൾ കാമിനിമാരെ ഭ്രമിപ്പിക്കുന്നു. നിസ്വനായ കാമുകരമണൻ നിസ്സഹായനായി മാറുന്നു. അന്തസ്സത്തയുടെ ദൈവീകസാന്നിദ്ധ്യം ആരും തിരിച്ചറിയാതെ പോകുന്നു. ഇക്കാലത്തെ ആവിഷ്‌ക്കരിക്കവെ ഏതെല്ലാം ദുരൂഹ സമസ്യകൾ അരവിന്ദനെ ചൂഴ്ന്നു നിന്നിരിക്കാം? 23 വർഷം കഴിഞ്ഞു നോക്കുമ്പോൾ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ ആരെയും ശ്രദ്ധിപ്പിക്കുന്ന അലക്ഷ്യതയോടെ ഗുരുജിയുണ്ട്…… സ്വപ്നകാംക്ഷകൾ വെടിഞ്ഞ രാമുമാഷുണ്ട്.. പശ്ചാത്താപത്തോടെ നനഞ്ഞു നിൽക്കുന്ന വീണപൂവുണ്ട്…. എല്ലാമുണ്ട്. നമ്മൾ മാറിയിരിക്കുന്നു. സ്വപ്നം വിഫലം എന്ന തിരിച്ചറിവോടെ … പ്രായോഗികതയുടെ സൂത്രവാക്യങ്ങൾ ഉരുവിട്ടുകൊണ്ട്.. ഏകാകികളുടെ നെരിപ്പോടുകൾ ഏന്തികൊണ്ട്..

Comments

comments