ൺപതുകളോടെ നിറം മങ്ങിത്തുടങ്ങിയ വിപ്ലവസ്വപ്നങ്ങൾക്ക് തൊണ്ണൂറുകളോടെ നേർക്കാഴ്ച നഷ്ടപ്പെടുകയും വിവരസാങ്കേതികത്വത്തിന്റെ നിറവിൽ രണ്ടായിരാമാണ്ടോടുകൂടി കേരളീയ യുവത്വം കടുത്ത അരാഷ്ട്രീയവൽക്കരണത്തിന് വിധേയരാവുകയോ സൈബർലോകത്തെ ക്ലസ്റ്റർരാഷ്ട്രീയത്തിന്റെ വക്താക്കളോ ഇരകളോ ആയിമാറുകയും ചെയ്തു. കേരളത്തിലെ ജനങ്ങളുടെ വസ്ത്രധാരണ, ആഹാര രീതികൾ മുതൽ ജാതി, മത, സൗഹൃദ, വിശ്വാസങ്ങളെല്ലാം മാറിമറിഞ്ഞ തൊണ്ണൂറുകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് മായ എസ് എഴുതിയ മധ്യവേനലവധിക്ക് എന്ന നോവൽ. പ്രണയങ്ങൾ ആസൂത്രിതങ്ങളോ ജാതി-മത ചിന്തകളിലധിഷ്ടിതമോ അല്ലാതിരുന്ന ആ ദശാബ്ദത്തിന്റെ കാലപ്പകർച്ചകളിലേക്കാണ് നോവൽ നമ്മെ കൊണ്ടുപോകുന്നത്.

          ഹിതയുടെ ഓർമകളിൽ നിന്നാണ് നോവലിന്റെ തുടക്കം. വിരസമായ കുടുംബബന്ധങ്ങളിൽ നിന്നും തുടങ്ങി ജാഫറുമായുള്ള പ്രണയം, വിവാഹം അനന്തര സംഭവവികാസങ്ങൾ എല്ലാം പെൺമനസ്സിന്റെ അകത്തളങ്ങളിൽ നിന്നും പുറത്തുവരുന്നതോടെ സ്വാതന്ത്ര്യത്തിലേക്കുള്ള സ്വാഭാവിക വാതായനങ്ങൾ തുറക്കപ്പെടുന്നതും സ്വച്ഛസഞ്ചാരത്തിന്റെ അലസാനുഭൂതികൾ സൃഷ്ടിക്കപ്പെടുന്നതും നാം അറിയുന്നു. മത, സാംസ്‌കാരിക, സ്വഭാവവൈവിദ്ധ്യങ്ങളൊന്നും തന്നെ സന്തോഷകരമായ വിവാഹത്തിനോ ജീവിതത്തിനോ തടസമാകുന്നില്ലെന്നും മറിച്ച് ഒരുപക്ഷെ പ്രേരണയായിക്കൂടെന്നില്ലെന്നും പറയുമ്പോൾ തന്നെ വിവാഹംപോലെ വിവാഹമോചനവും നാം പുലർത്തുന്ന കപടസദാചാരബോധങ്ങളെ നിലനിർത്താനേ ഉപകരിക്കൂ എന്നും നാം തിരിച്ചറിയുന്നുണ്ട്.

സ്വാതന്ത്ര്യബോധങ്ങളുടെ വിശ്വാസപരമായ കൈമാറലുകളായിരിക്കണം ആൺപെൺ ബന്ധങ്ങൾക്കും പാരസ്പര്യത്തിനും അടിസ്ഥാനപരമായിരിക്കേണ്ടതെന്നു കൂടി ഓർമപ്പെടുത്തുകയാണ് മായ എസ്. മലയാളത്തിലെ കരുത്തുറ്റ സ്ത്രീപക്ഷ രചനകളുടെ പാതയിലേക്കാണ് ഈ കൃതിയും ചുവടു വയ്ക്കുന്നത്. പക്ഷെ സാമ്പ്രദായിക സ്ത്രീപക്ഷ രചനകളിൽ നിന്നും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്ന ഘടകം നായികയുടെ സ്വഭാവരൂപീകരണത്തിൽ എഴുത്തുകാരി കാണിച്ച തന്റേടമാണ്. പൊതുവേ സ്ത്രീപക്ഷ രചനകളിൽ നായികാ കഥാപാത്രങ്ങൾ അമിതമായ സഹനത്തിലൂടെ ആദർശവൽക്കരണത്തിനോ മഹത്വവൽക്കരണത്തിനോ വിധേയമാകുന്ന പതിവുസങ്കൽപത്തെ തകർക്കാൻ കഴിഞ്ഞു എന്നതാണ് മായയുടെ നേട്ടമായി കാണേണ്ടത്.

          പെൺമനസിന്റെ ആകുലതകളും ആഹ്ലാദങ്ങളും പങ്കുവയ്ക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണെന്നുകൂടി നായിക നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. ആൺപെൺകോയ്മകളോ ലിംഗനീതിയോ അല്ല സ്വാതന്ത്ര്യമായിരിക്കണം ജീവിതബന്ധങ്ങളുടെ അടിസ്ഥാനമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നോവൽ അവസാനിക്കുന്നു.

          മലയാളത്തിലെ പെണ്ണെഴുത്തിന്റെ പരിചിതമായ പൊതുവഴികളിൽ നിന്നും മാറി സഞ്ചരിക്കാനും മലയാളസാഹിത്യത്തിൽ എം.സുകുമാരനെപ്പോലെ കരുത്തുറ്റ ആൺവഴികൾക്ക് സമാന്തരമായി പുതിയ ഒറ്റയടിപ്പാത തീർക്കാനും മായക്ക് തന്റെ കന്നിനോവലിലൂടെയും ഹിത എന്ന നായികാകഥാപാത്ര സൃഷ്ടിയിലൂടെയും സാധിച്ചിട്ടുണ്ടെന്നത് അഭിമാനകരമാണ്.

Comments

comments