A foreigner, returning from a trip to the Third Reich
When asked who really ruled there, answered:
Fear
– The Anxities of the regime, Brecht

വെറും മുപ്പത്തിയൊന്ന് ശതമാനം മാത്രം വോട്ട് വാങ്ങി അധികാരത്തില്‍ എത്തിയവരാണ് നരേന്ദ്രമോഡിയും സംഘവും എന്ന് സ്വയം ഓര്‍മിപ്പിച്ചുകൊണ്ട് മാത്രമേ ഈ കുറിപ്പ്എഴുതുവാൻ കഴിയൂ. ജെഎന്‍യുവിലെ പ്രശ്നം ഇനി ഒരു വിദ്യാര്‍ഥി പ്രശ്നമായി കാണുവാൻ കഴിയില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരാളെ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ തൃണവൽഗണിച്ചുകൊണ്ട് പട്യാല കോടതിയിലെ സംഘപരിവാർ രാഷ്ട്രീയം പേറുന്ന അഭിഭാഷകർ – ഒരിക്കലല്ല, രണ്ടുപ്രാവശ്യം – മർദ്ദിച്ചിരിക്കുകയാണു. ഈ പ്രവൃത്തിയിലൂടെ നിയമവ്യവസ്ഥയെയും ജനാധിപത്യമര്യാദകളെയും ബിജെപിയും ആർ എസ്സ് എസ്സും കൃത്യമായും വെല്ലുവിളിക്കുകയാണ്‌. വിശാലമായ മാനവികത ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയോട് ഹിന്ദുത്വവർഗീയവാദ രാഷ്ട്രീയം എന്നും പുലർത്തിയിരുന്ന നിന്ദാപൂർവ്വമായ നിലപാടിന്റെ തെളിവാണു പ്രകടമായിരിക്കുന്നത്. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനും ജീവനും സുരക്ഷ നൽകുന്നതിനു പകരം ഫാസിസ്റ്റ് അക്രമങ്ങൾക്ക് സംരക്ഷണം നൽകുന്ന  ദില്ലി പൊലീസ് നടപ്പിലാക്കുന്നത് ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ട തന്നെയാണു. ഹിന്ദുരാഷ്ട്രം – അതാണ്‌ അവരുടെ എന്നത്തെയും ലക്ഷ്യം. ഇന്ത്യയൊട്ടാകെ നിന്നും ലോകമെമ്പാടും നിന്നുമുള്ള  പുരോഗമനചിന്തകരും ജനാധിപത്യവാദികളും  ഉയർത്തിയ എതിർപ്പിന്റെ ശബ്ദങ്ങളെ കണക്കിലെടുക്കാനുള്ള ജനാധിപത്യ മര്യാദ തങ്ങൾക്കില്ല എന്ന് ഗവണ്മെന്റ് ഇതുവഴി ഉറക്കെ പറഞ്ഞിരിക്കുകയാണു. ഇന്ത്യൻ മതേതര ജനാധിപത്യ മൂല്യങ്ങൾക്കു നേരെ സംഘപരിവാർ രാഷ്ട്രീയം തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. താലിബാൻ മോഡലില്‍ ഭയത്തിന്റെ വിത്ത് വിതക്കുക. ജനാധിപത്യപരമായ എന്തിനെയും നിർദ്ദയമായി ആക്രമിക്കുക. ജനങ്ങളില്‍ ഭീതി പരത്തി നിശബ്ദരാക്കുക. താലിബാനും ഐസിസും ചെയ്യുന്നത് ജനാധിപത്യ മാതൃകയില്‍ അധികാരത്തിൽ വന്ന സര്‍ക്കാർ നിരന്തരം ചെയ്തുകൊണ്ടിരിക്കുക. ഇതൊക്കെയാണു നടപ്പുരീതി. കീഴ്വഴക്കങ്ങൾ എന്ന നിലയിൽ ഇതു ഭാവിയില്‍ ഉണ്ടാക്കുന്ന അവസ്ഥ ഭീകരമായിരിക്കും. ഇതിനെ നേരിടുകയും പരാജയപെടുത്തേണ്ടതുമുണ്ട്.

“When fascism comes to America, it will be wrapped in the flag and carrying a cross.” – അദ്ദേഹത്തിന്റെ എഴുത്തിൽ അത് അതേപടി വന്നിട്ടില്ലെങ്കിലും സിൻക്ലെയർ ലൂയിസ് എന്ന അമേരിക്കയുടെ ആദ്യ നോബൽ ജേതാവായ സാഹിത്യകാരന്റേതെന്ന് കരുതപ്പെടുന്ന പ്രശസ്തമായ ഒരു ഉദ്ധരണിയാണത്. ആർ എസ്സ് എസ്സ് എന്ന തീവ്രഹിന്ദുത്വദേശീയതയുടെ അപ്പോസ്തലന്മാർ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്ന നാളുകളിൽ ഈ വാക്കുകൾ പ്രസക്തമാണു. ഇന്ത്യൻ ദേശീയതയിൽ പൊതിഞ്ഞ്, ബ്രാഹ്മണ്യം നിർവചിക്കുന്ന ഏകശിലാരൂപത്തിലേക്ക് ഹിന്ദുമതത്തെ പരിമിതപ്പെടുത്തുന്ന മതചിഹ്നങ്ങളും വീശിയാണു ഇന്ത്യയിൽ ഫാസിസം അതിന്റെ ഹിംസാത്മകമായ നൃത്തം അരങ്ങേറ്റുന്നത്. ഇന്ത്യ എന്ന ആശയത്തെയും അതിന്റെ ചിഹ്നങ്ങളായ ദേശീയപതാകയെയും പോലും അംഗീകരിക്കാത്ത സംഘടനകൾ രാജ്യസ്നേഹത്തെപ്പറ്റി വാചാലാരാകുന്ന കപടതയാണു നാം കാണുന്നത്.  ഫാസിസത്തിന്റെ ഇന്ത്യൻ രൂപം സംഘപരിവാർ സംഘടനകൾ ഉയർത്തിപ്പിടിക്കുന്ന വർഗ്ഗീയതയല്ലാതെ മറ്റൊന്നുമല്ല. അതിനൊപ്പം തീവ്രദേശീയത കൂടി ചേർത്ത് ബിജെപി-സംഘപരിവാർ നടത്തുന്ന തീക്കളി കൈയ്യും കെട്ടി നോക്കിനിൽക്കുന്നത് ഇന്ത്യയെ എന്നും നിലനിർത്തിയിരുന്ന ബഹുസ്വരതയ്ക്ക് ഭീഷണിയാണു. ആ ബഹുസ്വരതയാണു ഇന്ത്യ എന്ന ആശയത്തിന്റെ ജീവൻ എന്നതിനാൽ നമ്മുടെ  മൗനം രാജ്യത്തിന്റെ ഭാവിയെത്തന്നെ അപകടപ്പെടുത്തും എന്നത് നിശ്ചയമാണു.

ഇന്ത്യയിലെ എഴുപതു ശതമാനം പേരും ബിജെപിയെ അനുകൂലിക്കുന്നില്ല എന്നത് ഓർക്കേണ്ടതുണ്ട്. അതിനാൽ ഇന്ത്യയിലെ കോൺഗ്രസ്സ്, ഇടതുപക്ഷപാര്‍ട്ടികളും  ലാലു ,നിതീഷ് കുമാർ, കരുണാനിധി, ജയലളിത എന്നിവർ നയിക്കുന്ന ഇതര പാർട്ടികളും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മറ്റു രാഷ്ട്രീയപാര്‍ട്ടികളും അവരുടെ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ തല്ക്കാലം മാറ്റിവെച്ച് ബിജെപി – ആർ എസ്സ് എസ്സ് തുടങ്ങിയ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ എതിർത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പണ്ട് ജയപ്രകാശ് നാരായൺ തുടങ്ങിവെച്ചതു പോലെ ഒന്ന് ഇന്ന് അത്യാവശ്യമായിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിൽ നിന്നും തൂത്തെറിയുവാൻ ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരിക്കുന്നു. അതിനാല്‍ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും അടുത്ത തിരഞ്ഞെടുപ്പ് വരുംവരെ കാത്തുനില്‍ക്കേണ്ടതില്ല. ഇപ്പോൾ ലഭിച്ച അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികൾക്കെതിരെ സമരം തുടങ്ങേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണു. വേണ്ടത് മതേതര സോഷ്യലിസ്റ്റ്  ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ തിരിച്ചുപിടിക്കലാണു. നാം കാത്തു നില്‍ക്കുംതോറും ആര്‍ക്കും സംസാരിക്കാൻ പോലും അവകാശമില്ലാത്ത ഒരു ഇരുണ്ട നാളെ നമ്മെ കാത്തിരിക്കുന്നു. അത് വേണമോ ??? ഓര്‍ക്കുക. നമ്മൾ വെറും മുപ്പത്തിയൊന്ന് ശതമാനമല്ല.

Comments

comments