ഹൊറസ് വാൽപോളിന്റെ ‘ജീവിതം അനുഭവിക്കുന്നവർക്ക് ഒരു കരയിക്കുന്ന നാടകവും അലോചിക്കുന്നവർക്ക് ഒരു നേരം പോക്കുമാണു’ എന്ന  വാക്യം സമൂഹ സംബന്ധമായ മൂല്യ നിർണ്ണയങ്ങൾക്ക് എന്താണ് പ്രസക്തി എന്ന് ഓർമ്മിപ്പിക്കുന്നു. അനുഭവങ്ങളിൽ മുങ്ങിപോകുന്നവർ മുങ്ങിപ്പോവുകമാത്രമാണ് ചെയ്യുക. അവർക്ക് മാറി നിന്നു ചിന്തിയ്ക്കാൻ-കാണാൻ  ഉള്ള ത്യാജ്യ-ഗ്രാഹ്യ വിവേചന ബുദ്ധി ഇല്ല. നാനാ വികാര തരംഗങ്ങൾകൊണ്ട് ആമഗ്നമായ ഒരവസ്ഥ. എന്നാൽ അലോചിക്കുന്നവർ ദുരദർശനപാടവം ഉള്ളവരായിരിക്കും. വ്യക്തിപരമായ അനുഭവങ്ങൾ ഒരുവേള കീഴ്‌പ്പെടുത്തിയാലും അതിൽ നിന്ന് ഝടുതിയിൽ വിടുതൽ പ്രാപിച്ച് കരതലാമലകം പോലെ അതിനെ കാണാനുള്ള ശേഷി ഉണ്ടായിരിക്കും. ‘ഗുരുജി’ ഇത്തരമൊരു ദീർഘദർശി ആയാണോ അരവിന്ദൻ കണ്ടുതുടങ്ങിയത്? പ്രായോഗികതയിൽ വലിയ ബലം കൊടുക്കാത്ത ആദർശസംഹിതയുടെ ഒരു ‘ഓറ’ ഗുരുജിയ്ക്ക് ചുറ്റും കാണാനുണ്ട്. അത് രാമു, ഗോപി, രവി എന്നിവരേയും മേനോൻ , പാറപ്പുറത്ത് എന്നീ ഉപകഥാപാത്രങ്ങളേയും സ്വാധീനിക്കുന്നുമുണ്ട്.

ആധുനികപ്രസ്ഥാനങ്ങളുടെ വിശകലനം അരവിന്ദൻ പലപ്പോഴായി നടത്തിയിരുന്നു. ഭൗതിക സുഖങ്ങളുടെ സാച്ചുറേഷനിൽ നിന്നുള്ള മരവിപ്പുകൊണ്ടുണ്ടാകുന്ന അന്വേഷണമാണ്  ആധുനികതയുടെ അടിത്തറ എന്ന് ഗുരുജി പറയുന്നു. ചിന്താപരത സദാ കാണപ്പെടുന്ന ഗുരുജിയുടെ വാക്കുകൾ രാമുവിനെ ആകർഷിക്കുകയും ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഗുരുജിയെ രാമു ആദ്യം കാണുത് ഒരു കപട ബുദ്ധിജീവിയായാണ്. അസ്തിത്വദുഃഖവും, ദാർശനിക ദുരന്തവും അർത്ഥമില്ലാതെ പുലമ്പികൊണ്ട് നടക്കുകയും. ഒരു നോൺവെജ് ഹോട്ടൽ കാണുമ്പോൾ ചിക്കൻ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി എന്നു പറയുകയും ചെയ്യുന്ന ഗുരുജി. സന്യാസിമാർ പറയുന്ന ഡിറ്റാച്ചുമെന്റു മാത്രമേ രക്ഷയുള്ളു എന്ന് പറയുകയും അടുത്ത നിമിഷം സിസ്റ്ററിന്റെ കുട്ടിയുടെ പിറന്നാളിന് ഉണ്ണാൻ പോണമെന്നു പറഞ്ഞു പോവുകയും ചെയ്യുന്ന ഗുരുജി. ഒരു പ്യൂൺ പോസ്റ്റിന്  ഇന്റർവ്യൂവിന് വരുന്നവരോട് ഡിസ്‌ക്കവറി ഓഫ് ഇന്ത്യ എഴുതിയതാരാണെന്ന് ചോദ്യം ചോദിക്കുന്ന ഗുരുജി. ഉള്ളിലും പുറത്തും രണ്ടുപേരായി നടക്കുന്ന ഒരു വ്യക്തിത്വത്തിൽ നിന്ന് ഗുരുജി എന്ന കഥാപാത്രത്തെ അരവിന്ദൻ വലിച്ചുമാറ്റി ഒരു റോൾ മോഡൽ രീതിയിലേയ്ക്ക് പരുവപ്പെടുത്തുന്നുണ്ട്. ഈ വ്യക്തിത്വ പരിണാമത്തിന്റെ പിന്നിലെ ദാർശനിക സമസ്യകളെപറ്റി പിന്നീടു ചിന്തിക്കാം. രാമുവിന്റെ, രവിയുടെ, ഗോപിയുടെ എല്ലാം ആദർശാത്മകമാതൃകാപുരുഷനായ ഗുരുജിയ്ക്ക്  കല സാഹിത്യം, സമൂഹം എന്നിങ്ങനെ എന്തിനെയും കുറിച്ച് വ്യക്തമായ ചിന്തയുണ്ട്. അത് എപ്പോഴും മുഖ്യധാരയിൽ നിന്ന് മാറി നില്ക്കുന്നു. മാതൃഭൂമി നിലനിർത്തിയിരുന്ന മൂല്യബോധങ്ങളുടെ ഒരു പരഭാഗശോഭയിലാണ് ചെറിയ മനുഷ്യർ സഞ്ചരിച്ചത്. ഗുരുജി അവരെ നയിച്ചു എന്നു പറയുന്നതാവും ശരി.
കാലത്തിനു മുൻപേ നീങ്ങിയ ബുദ്ധിയുടെ തെളിച്ചം നമുക്ക് കാണാം. ഉദാഹരണത്തിന് ഭക്തിയുടെ വിപണനസാദ്ധ്യതകൾ മുൻകൂട്ടിക്കാണുന്ന ഒരാളാണ് ഗുരുജി. ശബരിമല, ഇത്രയും ജനനിബിഡമാവും മുമ്പേ തൊള്ളായിരത്തി എഴുപതുകളിൽ തന്നെ വരുംകാല വാണിജ്യ കേന്ദ്രമായി മാറിയേക്കാം എന്ന നിരീക്ഷണം അരവിന്ദൻ നടത്തുന്നു. അടിക്കടിയുണ്ടാകുന്ന ആഗ്രഹങ്ങൾക്കനുസരിച്ച് വഴിപാടു നേർന്നു കൊണ്ടേയിരിക്കുന്നവരെയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സമൂഹത്തിലെ കാപട്യത്തേയും അനീതിയേയും വെളിപ്പെടുത്തുന്നതിൽ നിർണ്ണായകമായ പീഠികയാണ് രാമുവിന്റെയും, ഗുരുജിയുടെയും ജീവിതപരിസരം. ഭക്തി ആലംബഹീനരുടെ ആശ്വാസമെന്നതിൽ കവിഞ്ഞ് കാപട്യത്തിന്റെ മുഖമുദ്രയാവാൻ തുടങ്ങുന്ന കാലത്താണ് രാമുവും ഗുരുജിയും ജീവിച്ചു തുടങ്ങിയത്.

മലയ്ക്ക് പോവുന്ന മേനോന്റെ അരികിൽ  ചെന്ന് വഴിപാടിന് തന്ന പണം കൊടുക്കുന്ന രാമു. ഗുരുജി ശബരിമല പ്രോജക്ടിൽ കൂടി കയറി തൊഴിതിട്ടുപോരാൻ പറയുന്നു. അക്കാലം വനനശീകരണം ശബരിമല  പരിസ്ഥിതിയെ ഗ്രസിച്ചു തുടങ്ങിയിട്ടേയുള്ളൂ. വരാൻ പോവുന്ന അപായത്തെ അഭിദർശനം ചെയ്ത ഒരു ക്രാന്തദർശിയായി ഗുരുജിയെ കാണാം. മലയ്ക്ക് പോവാൻ പ്രത്യേക വഴിപാടു നേർന്നരുടെ മാത്രം സ്വകാര്യ തീർത്ഥാടനം പോലെയായിരുന്നു. അതിൽ വരുന്ന മാറ്റത്തെ വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്തു അരവിന്ദൻ. പ്രതിപക്ഷത്തെ പെട്ടെന്നു കുപിതരാക്കുന്നതരം ക്ഷുഭിത വിപ്ലവത്തിന്റെ വക്താവല്ല ഗുരുജി. അയാൾ ചൂണ്ടുവിരൽ ഏറെയും പിടിക്കുന്നത് അയാൾക്കുനേരെ തന്നെയാണ്. പരിഹരിക്കാൻ വയ്യാത്ത ബൗദ്ധിക സങ്കീർണ്ണതയിലേയ്ക്ക് ബുദ്ധിജീവികൾ കൂപ്പുകുത്താൻ പോവുന്നതിന്റെ വിഷമവും വിഷാദവും ഗുരുജിയിൽ കാണാം. ബലം പ്രയോഗിച്ച് തന്നെ മാറ്റിയെടുക്കുന്ന വിശ്വം തുടങ്ങിയ ചിലർ ഗുരുജിയുടെ മുന്നിൽ വരുമ്പോൾ അധീരരാവുന്നതും വായനക്കാർ ശ്രദ്ധിച്ചിരിക്കണം. ഉദാ: സിഗരറ്റിന്റെ ബ്രാൻഡ് മാറ്റുന്നതോടെ തന്റെ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തെയും മാറ്റിക്കളയാമെന്നു കരുതുന്ന വിശ്വം.

ദാർശനികത ഭാരമാകുമ്പോൾ രാമുവിന് അത് കുടഞ്ഞെറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. പുറമേയെങ്കിലും അത് ചെയ്യുന്നതിൽ അയാൾ വിജയിക്കുന്നുമുണ്ട്. ജീവിതവിജയം കൈവന്നവർ-അല്ലെങ്കിൽ വിജയിച്ചതായി പൊതുജനം കരുതുന്നവർ-ആത്മവഞ്ചന ചെയ്യുന്നവരാണ് എന്ന ഒരു വിഷാദാത്മകചിന്ത പകരം വെക്കാനില്ലാത്ത നില്കാത്ത പരാജയബോധത്തോടൊപ്പം കലരുന്നു. സമയത്തെകുറിച്ചുള്ള ദാർശനികവീക്ഷണം ശ്രദ്ധേയം.

ഒരർത്ഥത്തിൽ പണം ഹിപ്പോക്രസിക്ക് അടിസ്ഥാനമാകുന്നു എന്ന് അരവിന്ദൻ രേഖപ്പെടുത്തുകയാണ്. പണം എന്നാൽ-ജോലി ചെയ്തുണ്ടാകുന്ന പണമല്ല – കള്ളപ്പലിശയും രാഷ്ട്രീയകൂട്ടിക്കൊടുപ്പും മുഖേന ഉണ്ടാകുന്ന പണം – എല്ലാത്തരം ആത്മവഞ്ചനയ്ക്കും ഇടയാക്കുന്നു. പുരോയാനത്തെ സപ്പോർട്ട് ചെയ്യുന്ന ഒരു നീതിവാചകം തെരഞ്ഞാൽ നമ്മൾക്ക് കിട്ടില്ല. എന്നാൽ പരോക്ഷമായി സമൂഹത്തെയും സംസ്‌കാരത്തെയും വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഉൾവെളിച്ചം പരക്കെ അനുഭവപ്പെടുകയും ചെയ്യുന്നു. അങ്ങനെയൊരു മങ്ങൂഴത്തിലാണ് വായനക്കാരൻ. സ്ഥിതിചെയ്യുന്നത്. ശരി-തെറ്റുകളുടെ ആപേക്ഷകതയിൽ ഭ്രമിച്ചുകൊണ്ട്.

സാമൂഹ്യവിമർശനത്തിന്റെ ശക്തമായ അടിയൊഴുക്കുകൾ ധാരാളം ഉണ്ട്. എല്ലാത്തിലും സ്ഥിതപ്രജ്ഞനായി ഗുരുജി നിലകൊള്ളുന്നു. ആ അചഞ്ചലവ്യക്തിത്വമാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാൻ സഹായിക്കുന്നത്. സാധാരണ്രഭമങ്ങൾ എങ്ങനെ സമൂഹത്തെ ഭരിയ്ക്കുന്ന രീതിയിലേക്ക് വളരും എന്നത് ഈ പരമ്പരയിലെ പലതും സാക്ഷ്യപ്പെടുത്തുന്നു.

ആത്മാഭിമാനത്തിന്റെ മഹത്തായ ഒരു മാതൃക നീട്ടിത്തരുന്നതാണ് സ്വതന്ത്രഭാരതത്തിന്റെ പൂർവ്വഘട്ടസാമൂഹ്യഘടന. അവസരവാദവും സ്വാർത്ഥതയും അവിടെ വിജയത്തിന്റെ കൂട്ടാളികളായി എത്തുമ്പോൾ നിർവ്വചനങ്ങൾക്ക് മാറ്റം വരുന്നുണ്ട്.ദുഃഖത്തോടെയും അമർഷത്തോടെയുമാണ് ഗുരുജിയത് കണ്ടു നില്ക്കുന്നത്. കലയിലും സാഹിത്യത്തിലും, രാഷ്ട്രീയത്തിലും സംഭവിക്കുന്ന മൂല്യനിരാസത്തെ പറ്റി രസക്കേടുകൾ നിറഞ്ഞ പ്രതികരണങ്ങളിൽ ഗുരുജി വെളിപ്പെടുത്തുന്നു. ആ പ്രതികരണങ്ങളിലൂടെ അരവിന്ദനെ നമുക്ക് വായിച്ചെടുക്കാൻ പറ്റുന്നില്ലേ കുറച്ചൊക്കെ?

സ്വാകാര്യത അല്പവും പങ്കുവെയ്ക്കുന്നില്ല ഗുരുജി. ഒരു വട്ടം ഗോപിയോട് പറയുമ്പോൾ മാത്രം ശശ്മാനത്തിൽ അകാലത്തിൽ പൊലിഞ്ഞ ഒരു ജീവകണികയെ പറ്റി സൂചിപ്പിക്കുന്നതൊഴിച്ചാൽ.

ബൗദ്ധിക ഉയർച്ചയിൽ നില്ക്കുന്നവർ സാമാന്യജീവിതത്തിൽ നിന്നകലുന്ന ഒരു പ്രതീതി അരവിന്ദൻ ചലചിത്രങ്ങളിലെപോലെ ഈ പരമ്പരയിലും ഉണ്ട്. അത് ഒരർത്ഥത്തിൽ കേരളീയ സമൂഹത്തിൽ ബുദ്ധിജീവികൾ പ്രായോഗിക ജീവിതത്തിൽ മുഖ്യധാരയിൽ നിന്നകലുന്ന ചിത്രം തന്നെ.

വേറിട്ടു ചിന്തിക്കാൻ ഒരു വിഷയം ഉണ്ട്. അദ്ധ്വാനത്തേയോ കൃഷിപ്പണിയേയോ അരവിന്ദൻ പരാമർശിക്കുന്നതേയില്ല. കച്ചവടവും രാഷ്ട്രീയവും മുഖേന പണം സമ്പാദിയ്ക്കുന്നതിന്റെ നീതി രാഹിത്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പണം ഉണ്ടാക്കുന്നവരും, ഉണ്ടാകാൻ ആഗ്രഹിക്കുന്നവരും ഈ പരമ്പരയിൽ മൂല്യമില്ലാത്തവരാണ്. അങ്ങനെയാണ് കഥാപാത്രാവിഷ്‌ക്കാരം. എന്തുകൊണ്ട്? – അതൊരു ചോദ്യമാണ്.  കേരളത്തിന്റെ സാമ്പത്തികനയങ്ങൾ അത്രയേറെ നിരാശാജകമായിരുന്നുവോ? ഗൾഫ് സ്വപ്നങ്ങളല്ല – ബോബെ സ്വപ്നങ്ങളാണ് ഈ പരമ്പരയിലെ ആളുകൾ പേറി നടന്നത്. മുതലാളിത്തം പിടി മുറുകിയ നഗരവൽകൃതസാമൂഹ്യസ്ഥിതിയുടെ താഴെ അതു നോക്കി വെള്ളമിറക്കി നില്കുന്നവർ. ശുദ്ധരാഷ്ട്രീയം- ശുദ്ധകല – ഒന്നും ഇല്ലാതെയായിപ്പോകുന്ന ചിത്രം. ഏത് മേഖലയിലും മുറിവൈദ്യന്മാർ കയറി വിലസുന്നു. ഉന്നതമെന്ന് ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്ന പലതിന്റേയും – ഉദാഹരണം – ഗാന്ധിജിയുടെ അഹിംസാവാദം –സത്യസന്ധത – ടാഗോറിന്റെ കലാവീഷണം – പിക്കാസോവിന്റെ പെയ്ന്റിംഗ് – റേയുടെ സിനിമയെടുക്കൽ – ഹാസ്യനുകരണങ്ങൾ നടത്തി വലിയ ആളാവാൻ നോക്കുന്നവർ ഗുരുജിയുടെ കാഴ്ചപ്പാടിൽ വന്നു നിറയുന്നു. അവരെ ഒരു വിളിപ്പാടകലെ നിർത്താനാണ് ഗുരുജി വിചാരിക്കുന്നതും.

ഇത് ഹിപ്പോക്രസിയുടെ യുഗമാണ് എന്നു പറയുന്ന ഗുരുജി ദാർശനികവ്യഥയുടെ പിടിയിൽ നിന്നുകൊണ്ട് എല്ലാം ഒരു നേരംപോക്കായി കാണാൻ ശ്രമിയ്ക്കുന്നവനാണ്. രാമുവും മറ്റുള്ളവരും പ്രശ്‌നപരിഹാരത്തിന്റെ ‘ഉസ്താദാ’യി ഗുരുജിയെ കാണുമ്പോഴും വായനക്കാരനറിയാം – ഗുരുജി ഒരു നിയതമായ പോംവഴിയുടെ വക്താവല്ലെന്ന്.

മൂല്യബോധത്തിന് ഇടിച്ചിൽ ഉണ്ടാക്കിക്കൊണ്ട് ആത്മനിന്ദയുടെ പടവുകളിറങ്ങി രാമു നടക്കുമ്പോൾ ഗുരുജി ആ ‘ലീപ്പി’നെ സമയോചിതമെന്ന് വിശേഷിപ്പിയ്ക്കുന്നുണ്ട്. പണം വ്യക്തിഹത്യയ്ക്ക് കാരണമാകുന്നു എന്ന സന്ദേശം പറയാതെ പറഞ്ഞാണ് ചെറിയ മനുഷ്യർ സഞ്ചരിച്ചുകൊണ്ടിരുന്നത്. അതിനെല്ലാം അതീതനായി കഥാപാത്രങ്ങളേക്കാൾ ഉയരത്തിൽ അതീതവ്യക്തിത്വത്തിന്റെ മാസ്മരികപരിവേഷമണിഞ്ഞ് ഗുരുജി നില്കുന്നുണ്ട് താനും. ആൾദൈവത്തെ കളിയാക്കുന്നുണ്ട് ഇതിൽ. പക്ഷെ കൃത്യമായൊരു പ്രതിരോധവഴി നിർദ്ദേശിയ്ക്കാൻ പറ്റാതെ ആൾദൈവത്തേക്കാൾ നിസ്സഹായനായി ഗുരുജി മാറുന്നു. കടംകഥ പോലെ എണ്ണിയെണ്ണിയും ബുദ്ധികൂർപ്പിച്ചും നേരിടേണ്ട ഒന്നല്ല ജീവിതം. ഗുരുജിയങ്ങനെ പറയാതെ പറഞ്ഞുകൊണ്ട് വലിയ ലോകത്തിൽ അങ്ങനെ…

Comments

comments