വേലൂർ സ്വാമിനാഥനും നമ്മെ വിട്ടുപോകുന്നു. മയിലമ്മയും സ്വാമിനാഥനും ജലവിഭവചൂഷണത്തിന്റെ കോര്‍പ്പറേറ്റ് ഭീകരതയ്ക്കെതിരെ ഉയര്‍ന്ന നീതിയുടെ നാവുകൾ ആയിരുന്നു. ഒരു ഗ്രാമത്തിന്റെ, സംസ്ഥാനത്തിന്റെ, രാഷ്ട്രത്തിന്റെ തന്നെ ശബ്ദമായി മാറിയവര്‍. അവരിൽ നിന്ന് തുടങ്ങിയ ഒരു സമരമാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്നു കൊക്കോകോളയെ പ്ലാച്ചിമടയില്‍നിന്ന് മടക്കിയത്. ആദ്യം എതിര്‍ത്തവര്‍ക്ക് പോലും പിന്നീട് അവരോടു യോജിക്കേണ്ടി വന്നു.

സി. പി. . എമ്മും കൊൺഗ്രസ്സും ബി. ജെ. പിയും അടങ്ങുന്ന കേരളത്തിലെ മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ എതിര്‍പ്പിനെ നേരിട്ടാണ് സ്വാമിനാഥനും മയിലമ്മയും മറ്റനേകം ആദിവാസികളും ആ സമരം ഉയര്‍ത്തിക്കൊണ്ടു വന്നത്. ഭീഷണികളും മര്‍ദ്ദനവും അറസ്റ്റുമടക്കം ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റ് അധികാരത്തിന്റെയും അവരുടെ രാഷ്ട്രീയ പിണിയാളുകളുടെയും നിരന്തരമായ എതിര്‍പ്പുകളെ സ്വന്തം നീതിബോധവും സ്ഥൈര്യവും രാഷ്ട്രീയ ബോധ്യങ്ങളുംകൊണ്ട് നേരിട്ടാണ് അവർ മരത്തിന്റെ വഴിയിൽ ഉറച്ചുനിന്നത്. അതിജീവനത്തിനുള്ള സമരം തുടക്കം മുതൽ അന്തിമമായ സമരം തന്നെയാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. നിസ്സാരമായ സന്ധികള്‍ക്കും വഞ്ചനാപരമായ അനുരഞ്ജനങ്ങള്‍ക്കും അവസരവാദപരമായ  പിന്മാറ്റങ്ങള്‍ക്കും ഈ സമരത്തിൽ അര്‍ത്ഥമൊന്നുമില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. വിജയങ്ങൾ ഇല്ലാതെ മാസങ്ങളും വര്‍ഷങ്ങളും സമരം ചെയ്യാനുള്ള ലക്ഷ്യബോധവും നൈതികശക്തിയുമാണ് അവര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത്.

സമരം തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോള്‍തന്നെ സമര പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദ്ദനവും ഭീഷണികളും ആരംഭിച്ചിരുന്നു. കോൺഗ്രസ് (), സി. പി. (എം), ജനതാ പാര്‍ട്ടി, ബി ജെ പി എന്നിവർ ചേര്‍ന്ന് പൊതുയോഗം സംഘടിപ്പിച്ചു ആദിവാസികളെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിന്റെ പിറ്റേന്നാണ് പോലീസ് അതി ക്രൂരമായ മര്‍ദ്ദനങ്ങൾ അഴിച്ചുവിട്ടു തുടങ്ങിയത്. സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചത് കൂടാതെ സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി ലൈംഗികമായി അപമാനിക്കാനും അവർ ശ്രമിച്ചു.

നിരവധി പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊണ്ടുവന്ന 73 -മത് ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനായിരുന്നു ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം. സംസ്ഥാനം ഭരിച്ചിരുന്ന ആന്റണിക്കും പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതു മുന്നണിക്കും സമരത്തോട് ഉണ്ടായിരുന്ന വെറുപ്പും എതിര്‍പ്പും പോലീസിനു അഴിഞ്ഞാടാനുള്ള സമ്മതപത്രമായി മാറി.

അംബിക  (27), ലക്ഷ്മി (18), വാസന്തി (19), ലക്ഷ്മി (24), ജയലക്ഷ്മി (23), വാസന്തി  (29) എന്നീ ആദിവാസി യുവതികൾ ക്രൂരമായമായ മര്‍ദ്ദങ്ങള്‍ക്ക് വിധേയരായി. അവരുടെ വസ്ത്രങ്ങൾ കീറി. നിന്ദ്യമായി അധിക്ഷേപിച്ചു. സര്‍ക്കിൾ ഇന്‍സ്പെക്ടർ മധു അംബികയെ അടിവയറ്റില്‍ചവിട്ടുകയും താലി പൊട്ടിച്ചു എടുക്കയും ചെയ്തു. സബ് ഇന്‍സ്പെക്ടർ തോമസ്‌വാസന്തിയെ മുട്ടുകാലുകൊണ്ടാണ് അടിവയറ്റില്‍തൊഴിച്ചത്. അവരെല്ലാവരും അവശരായി ആസ്പത്രിയിലായിട്ടും ഒരു പ്രതിഷേധവും മുഖ്യധാര പാര്‍ട്ടികളിൽ നിന്ന് ഉണ്ടായില്ല. സമരം തുടര്‍ന്നാൽ പ്രത്യാഘാതം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കു ആദിവാസികളെ പോലീസും സ്വന്തം ഗുണ്ടകളും മര്‍ദ്ദിക്കുന്നതിൽ എന്ത് പ്രതിഷേധം?

പെരുമാട്ടി പഞ്ചായത്തിന്റെ കൊക്കോകോളയ്ക്ക് അനുകൂലമായ നിലപാടിനെതിരെ അഞ്ഞൂറിലധികം ആദിവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയപ്പോൾ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകളാണ് അവരെ ആക്രമിച്ചത്. സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചതിനു സി ആർ ബിജോയ്‌, ഡോ. നന്ദകുമാർ, സി. ആര്‍. നീലകണ്ഠന്‍, തേറമ്പിൽ ശ്രീധരന്‍, സുരേഷ് ജോര്‍ജ്, വാസു, ജിയോ ജോസ്, ജ്യോതി നാരായണൻ തുടങ്ങി നിരവധി പൌരാവകാശ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ജയിലിലടച്ചു.

വേലൂർ സ്വാമിനാഥൻ ഭയക്കുകയോ പിന്മാറുകയോ ചെയ്തില്ല. അദ്ദേഹവും മയിലമ്മയും മറ്റനേകം സമര പ്രവര്‍ത്തകരും സ്വന്തം നിലപടികളിൽ ഉറച്ചു നിന്നു. മുഖ്യധാര ഭരണവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലപാട് തിരുത്തേണ്ടി വന്നു. പഞ്ചായത്തിന് തന്നെ നിലപാട് തിരുത്തേണ്ടി വന്നു. വി എസ്. അച്യുതാനന്ദനും എം. പി. വീരേന്ദ്രകുമാറും മറ്റും അവരോടൊക്കെ പല കാര്യങ്ങളിലുമുള്ള എതിര്‍പ്പുകൾ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെമുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം മാറ്റുന്നതിൽ വഹിച്ച വ്യക്തിപരമായ പങ്കു കാണാതിരിക്കാനാവില്ല. ഇതിന്റെ പശ്ചാത്തലം ഇപ്പോൾ ചർച്ച ചെയ്യാൻ തുനിയുന്നില്ല. പക്ഷെ അതുപോലും ഉണ്ടായത് ഈ സമരം മയിലമ്മയും സ്വാമിനാഥനും മറ്റും സഹനശക്തിയോടെ മുന്നോട്ടു കൊണ്ടുപോയതുകൊണ്ടാണ്. തെറ്റ് തിരുത്തി ഈ സമരത്തോട് ഒപ്പം നില്‍ക്കാൻ തീരുമാനിച്ച പാര്‍ട്ടികളുമായി സമര പ്രവര്‍ത്തകർ സഹകരിച്ചു. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും പരിമിതികളുണ്ട്. മനുഷ്യരാണ് അവയിലുള്ളത്.

ആക്ടിവിസത്തോട് ദാര്‍ശനികമായ ഒരു സമീപനം സ്വാമിനാഥന് ഉണ്ടായിരുന്നു. സമരത്തിലെ സ്വന്തം നേതൃത്വപരമായ  പങ്കിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉയര്‍ത്തുകയല്ല, മറിച്ചു പരമാവധി സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ അനുഭാവികളും സമരത്തിലെ പങ്കാളികളും ആക്കിമാറ്റുക എന്നതായിരുന്നു സ്വാമിനാഥന്‍റെ സമീപനം. ഉയര്‍ന്ന രാഷ്ട്രീയബോധവും കര്‍ത്തവ്യവ്യഗ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം സമര സമിതിയിലെ ഏതെങ്കിലും ഒരു ഭാരവാഹിത്വത്തിന്റെ പേരിൽ ഓര്‍ക്കപ്പെടെണ്ട വ്യക്തിയല്ല. അത്തരം ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയുമില്ല.

കൂടുതൽ ജനവിഭാഗങ്ങൾ സമരത്തിന്‌ അനുകൂലമായി വന്നതോടെ കേരളത്തിലെ പാര്‍ശ്വവല്കൃതരുടെ സമരങ്ങളിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമായി പ്ലാച്ചിമട സമരം മാറുകയായിരുന്നു. പ്ലാച്ചിമട സമരത്തിന്റെ  അമരക്കാരിൽ ഒരാൾ എന്ന നിലയിൽ കേരളസമൂഹം വലിയ ആദരവുകൾ നല്‍കേണ്ട സമുന്നതനായ പ്രക്ഷോഭകാരി ആണ് സ്വാമിനാഥൻ. അദ്ദേഹത്തിന്റെ ആവേശകരമായ സ്മരണ എക്കാലത്തും കേരളത്തിലെ സിവില്‍സമൂഹ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരിക്കും.

(ചിത്രങ്ങൾ  പി ബാബുരാജ്, സി ശരത് ചന്ദ്രൻ എന്നിവർ സംവിധാനം ചെയ്ത കയ്പുനീർ (2003) എന്ന ഡോക്യുമെന്ററിയിൽ നിന്നും
കടപ്പാട് : പി ബാബുരാജ്)

Comments

comments