ന്ധന അന്തരീഷം ആത്മവും രാഷ്ട്രീയവുമായ രോക്ഷങ്ങളാല്‍ മുഖരിതവും സര്‍ക്കാസഭരിതവും. ബാരല്‍വിലയ്ക്ക് ഓട്ട വീണിട്ടും താഴാതെ നില്‍ക്കുന്ന ഇന്ധനവിലയാണു വിഷയം. നൂറ്റിനാല്പതിലുണ്ടായിരുന്ന വീപ്പ വില നാല്പതുകളിലെത്തിനിന്നിട്ടും ഇന്ധന വില കുറയാത്തിനു പിന്നിലെ ദേശീയ സംസ്ഥാന രാഷ്ട്രീയവ്യവസായിക താല്പര്യങ്ങളല്ല വിഷയം. മറ്റൊന്നാണ്. ഒരു നീര്‍കുമിളയിൽ കിഴക്കാംതൂക്കായി കിടക്കുന്ന കേരളത്തിലെ സമ്പദ് വ്യവസ്ഥയെ എണ്ണ വിലകൂടുന്നതിനേക്കാള്‍ കുറയുന്നതാണ് ബാധിക്കാൻ പോവുന്നത്. ഉയര്‍ന്നുൻനില്‍ക്കുന്ന ജീവിതച്ചിലവിനേക്കാള്‍ അത് അഫോര്‍ഡ് ചെയ്യുന്നതിനുള്ള ശേഷി നിലനിര്‍ത്താനാവുമോ എന്നതാണ് സമീപഭാവിയില്‍ പ്രസക്തമാകുന്നത്.വരാനിരിക്കുന്ന സാമ്പത്തിക സുനാമികളുടെ ദൃഷ്ടാന്തങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പടിഞ്ഞാറന്‍ എണ്ണയാകാശത്ത് പുതുപ്പിറവികളുടെ നാന്ദിയായ നക്ഷത്രങ്ങളും. പക്ഷെ എങ്ങനെ?

സത്യമാണത്.പഴയ ഒരു പറച്ചിലുണ്ട്. എണ്ണമുതലാളി ചെക്കെഴുതിയാല്‍ ചെക്കല്ല മടങ്ങുക, ബാങ്കാണ് മടങ്ങുകയെന്ന്. അതിശയോക്തിയെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെഅംശമുള്ളത്.

ഇരുനാലു ചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ശരാശരി മലയാളിയുടെയോ ബസ്സിലോ നടന്നോ പോകുന്ന മണ്ണെണ്ണ വിളക്കു കത്തിക്കുന്ന ശരാശരി ഗ്രാമീണ ഇന്ത്യാക്കരന്റെയോ ഇന്ധന സങ്കല്പമല്ല പാശ്ചാത്യന്‍ രാജ്യങ്ങളുടെ ശരാശരി ഇന്ധന ഉപഭോഗം. വ്യാവസായിക വിപ്ലവം ഇന്ധനങ്ങളുടെ ഉപയോഗത്തിൽ വിസ്ഫോടനമുണ്ടാക്കി. വികസിത അളവുകോലുകളില്‍ മുന്‍രീതികൾ മാറിമറിഞ്ഞു.പബ്ലിക് ട്രാൻസ്പോര്‍ട്ടിനേക്കാൾ പത്തിലൊന്നു മാത്രം ചിലവുള്ള സ്വന്തം വാഹനം, തിന്നാനും കുളിക്കാനും മുറി ചൂടാക്കാനുമെല്ലാം പാചകവാതകത്തോടുള്ള ആശ്രിതത്വം. വീടകങ്ങളില്‍ മാത്രമല്ല പുറത്തും. വികസിത യൂറോപ്പില്‍ സിംഹഭൂരിപക്ഷം ട്രയിനുകള്‍ ‍ഡീസലിലോടുന്നതിന്റെ കാരണം ലളിതമാണ്. എണ്ണയിലും വൈദ്യുതിയിലുമുള്ള നിത്യനിദാനച്ചിലവിലെ ഭീകരമായ വ്യത്യാസം.

തദ്ദേശീയമായ ഉത്പാദന നിരക്കുകളില്‍ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി മണലാരണ്യങ്ങളിൽ നിന്നിറക്കുമതി ചെയ്യുന്ന എണ്ണയേക്കാള്‍ പതിന്മടങ്ങു വിലയേറിയതാണ്. എണ്ണബാരലിന്റെ വില അതിന്റെ പാരമ്യത്തിലുണ്ടായിരുന്നതിന്റെ ഇരട്ടികളായാലും തദ്ദേശ്ശീയ ഉത്പാദനച്ചിലവുകൾക്ക് ഒപ്പമെത്തില്ലെന്ന ലളിത യാഥാര്‍ത്ഥ്യം. ലാഭം ഒരു നിരന്തര പ്രക്രിയയാണ്. അനസ്യൂതവും.

ഈ ലളിത യാഥാര്‍ത്ഥ്യത്തിലാണ് മിഡിൽ ഈസ്റ്റിലെ ആധുനിക ചരിത്രം രചിക്കപ്പെടുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയിൽ പഴയ സാമ്രാജ്യങ്ങളസ്തമിക്കുന്നതും പുതിയ എണ്ണ സാമ്രാജ്യങ്ങളുണ്ടാവുന്നതും.ഇന്ത്യക്കാരന്‍ എഴുപതോളം സ്വന്തം നാണയങ്ങളെണ്ണിക്കൊടുത്തു പെട്രോൾ വാങ്ങുമ്പോൾ ഇംഗ്ലീഷുകാരനത് വാങ്ങുന്നത് കഷ്ടിച്ചൊരു നാണയം കൊടുത്താണ്. വിനിമയ നിരക്കുകളെന്ന ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന സംഭവം മാറ്റിവെച്ചാലും ലാഭം ഒരു നിരന്തര പ്രക്രിയയാണ്. അഫോര്‍‍ഡബിലിറ്റിയുള്ളപ്പോൾ പ്രത്യേകിച്ചും. അതു കൊണ്ടു തന്നെ ഉപഭോഗം ഉത്തുംഗോത്തുംഗങ്ങളിലേക്ക് കുതിച്ചു. കിഴക്ക് പടിഞ്ഞാറു വ്യത്യാസമില്ലാതെ ഗള്‍ഫിനോടുള്ള ആശ്രിതത്വമേറി. ബയേഴ്സ് മാർക്കറ്റിനു പകരം സെല്ലേഴ്സ് മാര്‍ക്കറ്റായ ഇന്ധന വിപണിയുടെ, കുത്തകയുടെ ആങ്കര്‍ പോയിന്റ് മിഡിലീസ്റ്റില്‍ തന്നെ തളഞ്ഞു കിടന്നു. കുതിച്ചുയരുന്നതും കടിഞ്ഞാണില്ലാത്തതുമായ പടിഞ്ഞാറന്‍ ഉപയോഗം ഗള്‍ഫിലെ എണ്ണയ്ക്കു നല്‍കിയ ദൃ‍ഡപേശികൾ, അന്തമില്ലാത്ത വാങ്ങൽ ശേഷികൾ രാഷ്ട്രീയവും സാമ്പത്തികവും അല്ലാത്തതുമായ സ്വാധീനങ്ങളിലേക്കെത്തിച്ചു. എണ്ണ ഉപരോധങ്ങളുടെ സാധ്യതകളും ബാധ്യതകളും കുറെ ദശകങ്ങളില്‍ ലോകത്തെ തുറിച്ചു നോക്കി. അടുത്ത ഒന്നോ രണ്ടോ ഖണ്ഡികയില്‍ തിരിച്ചു വരേണ്ട വിഷയം. അതിനു മുന്‍പ്.

നീണ്ടകഥയെ ചുരുക്കിയാല്‍, പണശേഷിയുള്ള എണ്ണ രാജ്യങ്ങളെ ചുറ്റിപ്പറ്റി മലയാളി വളര്‍ന്നു. അവന്റെ അറബിയോടൊപ്പം. എണ്ണ നല്കിയ പണശേഷി ആഡംബരങ്ങളായി. ആദ്യം ഗള്‍ഫിലും പിന്നെ നാട്ടിലും. പരദൂഷണമല്ലാതെ കപ്പയും കാച്ചിലും പോലും ആഭ്യന്തര ഉത്പാദനമില്ലാത്ത മലയാളിയുടെ സമ്പദ് വ്യവസ്ഥ ബലൂണ്‍ പോലെ വീര്‍ത്തു. റിയലെസ്റ്റേറ്റായി, മുക്കിനു മുക്കിനു സൂപ്പര്‍സ്പെഷ്യാലിറ്റിയായി, ഇന്റര്‍നാഷണൽ സ്കൂളായി, ബ്ലേഡുകമ്പനീം ഓഹരിയിടപാടുമായി, മറ്റെന്തൊക്കെയോ ആയി. അവിടെയാണ് എണ്ണ കലക്കലും ഡോളർ പിടിക്കലും വരുന്നത്. മനസ്സിലാവാത്തവര്‍ക്ക് കുറച്ചു മാസങ്ങള്‍ക്കു മുന്‍പത്തെ ഒരു പത്രവാര്‍ത്ത. എണ്ണവില ഈ നിലയില്‍ തുടര്‍ന്നാൽ ഇറാൻ, വെനിസ്യൂല, നൈജീരിയ, ഇറാക്ക്, ലിബിയ, റഷ്യ, സൗദി അറേബ്യ എന്നിവരുടെ ബജറ്റ്ചിലവുകള്‍ക്കൊത്ത വരുമാനമില്ലാതെ മാണിസാറിന്റെ കമ്മി ബജറ്റു പോലെയാകും. അതായത് ശമ്പളം തികയാഞ്ഞിട്ട് കുടുംബത്തു നിന്നും നെല്ലിറക്കണ്ട അവസ്ഥ. കാരണം പലതാണ്.

പറയുമ്പോള്‍ ശ്രീമൂലസ്ഥാനത്തു നിന്നു തന്നെ തുടങ്ങണം. നേരത്തെ പറഞ്ഞ ഉപരോധ ഭയം. കഞ്ഞികുടി പോലെ എണ്ണകുടി മുട്ടുമോയെന്ന ഭയം. സെല്ലേഴ്സ് മാര്‍ക്കറ്റിന്റെ പ്രശ്നങ്ങൾ ബദലന്വേഷണങ്ങളിലേക്ക് നയിച്ചു. കണ്ടെത്തിയ സ്വന്തം റിസര്‍വ്വുകളിൽ കൈ വെക്കാതെ എന്നിട്ടും കുറെകാലമെങ്കിലും  മിഡിലീസ്റ്റില്‍ ഓപ്പറേറ്റു ചെയ്തു. സോവിയറ്റ് യൂണിയൻ തകരുന്നത് വരെയെങ്കിലും. സോവിയറ്റ് തകര്‍ച്ചയോടെ റഷ്യയുടെ എണ്ണ ശേഖരങ്ങൾ പുറംലോകം കണ്ടു തുടങ്ങി. ഇടതു വെനിസ്യൂലയും ഒറ്റപ്പെട്ട ഇറാനും സെല്ലേഴ്സ് മാര്‍ക്കറ്റിനെ ഡയല്യൂട്ട് ചെയ്തു ബയേഴ്സ് മാര്‍ക്കറ്റിലേക്കുള്ള ആദ്യലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. മുന്‍ സാമ്പത്തികമാന്ദ്യം എന്ന യാഥാര്‍ത്ഥ്യം എണ്ണയ്ക്കു വേണ്ടിപ്പുറത്തോട്ടൊഴുകുന്ന റിസര്‍വ്വുകളുടെ ഭീകരസ്വാധീനം ചില സാമ്പത്തിക വ്യവസ്ഥകളെയങ്കിലും ബോധ്യപ്പെടുത്തി. എപ്പോഴും ആസന്നമായേക്കാവുന്ന ഒരു സാമ്പത്തിക മാന്ദ്യം ഡിമോക്ലീസ്സിന്റെ വാള്‍ പോലെ തൂങ്ങിനില്‍ക്കുമ്പോൾ അതിന്റെ അര്‍ത്ഥതലങ്ങൾ മാറി. സ്വന്തം ശേഖരങ്ങൾ പുറത്തു വന്നു തുടങ്ങി. അതും പോരാതെ എണ്ണത്തിമര്‍പ്പിലാറാടുന്ന പുതിയ റഷ്യ സാമ്പത്തിക ഭീക്ഷണിയായതു കൂടാതെ രാഷ്ട്രീയ ഭീക്ഷണികളും ഉയര്‍ത്തിത്തുടങ്ങിയതോടെ എണ്ണ വിലയ്ക്ക് അന്തര്‍‍ദ്ദേശീയ രാഷ്ട്രീയ ഉപകരണം എന്ന പുതിയ പ്രസക്തി ഏറ്റവുമടുത്ത കാലത്ത് കൈവന്നു. അതായത് എണ്ണ വില കുറയുന്നത് ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുന്നതിന്റെയും സ്വാശ്രയത്വം കൂട്ടുന്നതിന്റെയും ദൃഷ്ടാന്തം മാത്രമല്ല. റഷ്യയ്ക്കും വെനിസ്യൂലയ്ക്കും ഇറാനുമുള്ള എട്ടിന്റെ പണി കൂടെയാണ്.

ആസന്നമായ സാമ്പത്തിക മാന്ദ്യങ്ങളെ മറികടക്കുന്നതിനുള്ള ഒരേയൊരു വഴി എണ്ണയാണെങ്കിലും മറ്റെന്തെങ്കിലുമാണെങ്കിലും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതാണ്. അതിനു പല വഴികളുണ്ട് താനും. അണ്ണാ ശാലൈയിലെ മുരുകന്റെ തട്ടുകടയില്‍ ദോശ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം ലളിതമാണ്. മാവും വണ്ടിയും പിന്നെ മുരുകനും. കിട്ടുന്നതെല്ലാം മുരുകന്റെ പോക്കറ്റിലേക്കു പോകുന്നു. വീട്ടുകരം പോലുളള അടിസ്ഥാന നികുതികളല്ലാതെ. മുകുന്ദന്റെ കൗണ്ടര്‍പാര്‍ട്ട് പാശ്ചാത്യരാജ്യത്ത് ദോശയ്ക്കു പകരം സോസേജ് ചൂടാക്കുമ്പോള്‍ സാമ്പത്തിക വശം സങ്കീര്‍ണ്ണമാണ്. കിട്ടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നിനടുത്ത് സര്‍ക്കാരു കൊണ്ടു പോവും. തലയിലിടുന്ന ഡിസ്പോസ്സിബിള്‍ തൊപ്പിയും കൈയ്യിലെ ഡിസ്പോസ്സിബിൾ ഉറയും വാമൂടിക്കെട്ടുന്ന മറയും ഓരോ ദിവസവും പുതിയതെടുത്തണിയേണ്ട ഏപ്രണുകളും മുതല്‍ പേപ്പർ നാപ്കിനുകളും ടില്ലിലെ കണ്‍സ്യൂമബിള്‍സും വരെ പല സാമ്പത്തിക പ്രക്രിയകളിൽ പണവും ലാഭവും പലവഴിക്കു തിരിയുന്നു. പുനര്‍സൃഷ്ടിക്കപ്പെടുന്നു. മുരുകന്‍ ചുട്ട ദോശ താഴ്ന്ന നിരക്കിൽ ഇറക്കുമതി ചെയ്താല്‍ കിട്ടുന്ന ലാഭത്തേക്കാള്‍ ഈസ്റ്റ് ഹാമിൽ ദോശചുടുന്നത് കൂടുതൽ സമ്പദ് പ്രസക്തമായ സജീവത നല്‍കുന്നു. ഈസ്റ്റ്ഹാമിനു പകരം കാലിഫോര്‍ണിയയിൽ എണ്ണ ദോശ ചുടുമ്പോൾ ലാഭം പലതാണ്. നേരത്തെ പറഞ്ഞവയടക്കം. പുതിയ ലോകത്തിന്റെ സാമ്പത്തികക്രമങ്ങളുടെ പുതുപ്രവണതയിതാണ്. ആദ്യ ഖണ്ഡികയില്‍ പറഞ്ഞ എണ്ണയാകാശത്തെ നക്ഷത്രങ്ങളും ദൃഷ്ടാന്തങ്ങളും.

അവിടെയാണ്, ആ ദോശ ഇഫക്ടിലാണ് ഗള്‍ഫ് കുലുങ്ങുന്നതും മലയാളി വിറയ്ക്കുന്നതും. നടപ്പിനും ബസ്സിനും പകരം ഇരുചക്രവും നാലു ചക്രവും ഒരു ശീലമായാൽ പിന്നെ വെയിലു കൊണ്ടു നടക്കാന്‍ മനുഷ്യന്‍ മിനക്കെടുമോ? ഏസിക്കകത്ത് ശീലമായവന് മഴ നനഞ്ഞാലും വിയര്‍ക്കും. അങ്ങനെ വരുമ്പോഴെന്തു സംഭവിക്കും? ബയേഴ്സ് മാര്‍ക്കറ്റിൽ സെല്ലേഴ്സ് മാര്‍ക്കറ്റിനെ അപേക്ഷിച്ച് ലാഭം പരിമിതമായിരിക്കും. നാമമാത്രമല്ലെങ്കില്‍. ലാഭം നിലനിര്‍ത്താനുള്ള ഒരേയൊരു വഴി ചിലവു ചുരുക്കുന്നതാണ്. മലയാളിക്കു പകരം ബംഗാളി കേരളത്തില്‍ മൈക്കാഡ്പണി ചെയ്യുന്ന സാമ്പത്തിക യുക്തി. മലയാളി മേശരിയും ബംഗാളി മൈക്കാടുകാരനും തമ്മിലുള്ള വ്യത്യാസമേയുള്ളൂ ഗള്‍ഫിൽ മലയാളിയും ഫിലിപ്പിനോ ബംഗ്ലാദേശി ശ്രീലങ്കന്‍ വിഭാഗങ്ങളും തമ്മില്‍. ഒരുപക്ഷെ നാട്ടിലെ ബംഗാളിമൈക്കാടുകാരന്റെ വരുമാനം പോലുമില്ലാതെ ക്യാമ്പുകളില്‍ പണിയെടുക്കുന്ന മലയാളികളുമുണ്ടെന്നത് കൂടുതല്‍ കടുത്ത ഒരു യാഥാര്‍ത്ഥ്യം. ചിലവുചുരുക്കുന്നത് ആദ്യം കൊള്ളുന്നതും പൊള്ളുന്നതും മലയാളിക്കായിരിക്കും. ജീവിതശൈലികളും ആഡംബരങ്ങളും മാറ്റിവെച്ചാലും പേടി സ്വപ്നം പോലെ ഓര്‍മ്മവരാവുന്ന ഒരു കാഴ്ചയുണ്ട്. ഗള്‍ഫ് യുദ്ധ സമയത്ത് ചാവക്കാട്ടെയും മലപ്പുറത്തെയും കോഴഞ്ചേരിയിലെയും കൊട്ടാരങ്ങളില്‍ മാറാല കെട്ടിയത്.

പുതിയ എണ്ണക്രമങ്ങള്‍ സമീപഭാവികാലത്തിന്റെ മോണിട്ടറിൽ മലയാളിക്കു പേടിസ്വപ്നങ്ങള്‍ തെളിയിക്കുമോയെന്നത് കാത്തിരുന്നു കാണണം. എണ്ണ കലക്കി ഡോളര്‍ പിടിക്കുമ്പോൾ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാവുന്നത് നേരിട്ടു ബന്ധമൊന്നുമില്ലാത്ത മലയാളിക്കായിരിക്കും. ലോകം ഒരു പക്ഷെ മായയും ലീലയും മീനാക്ഷിയുമൊക്കെയായേക്കാം. ചരിത്രവും അധിനിവേശങ്ങളും സാമ്പത്തികയുക്തികള്‍ മാത്രമാണെന്ന് ആധുനികോത്തര പഞ്ചതന്ത്രം. വാര്‍ത്തകളിലും വിവാദങ്ങളിലും അഭിരമിക്കുമ്പോള്‍ കിഴക്കാംതൂക്ക് സമ്പദ് വ്യവസ്ഥയുടെ ഗള്‍ഫിൽ കുഴിച്ചിട്ട പൊക്കിള്‍കൊടി മറക്കരുത്. അത് ശാശ്വതമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യരുത്.

കടപ്പാട് :http://disorderedorder.blogspot.com

Comments

comments