രംഗം–14
സ്വയം പങ്കായം തുഴഞ്ഞുവരുന്ന ഒരു നൌകപോലെ സിഗാര്‍ മുഖം അടുത്തുവന്നു. പങ്കായത്തിന്റെ വലിപ്പമുള്ള സിഗാര്‍. നൌകയുടെ വലിപ്പമുള്ള മുഖം. അയാള്‍ സിഗാറില്‍ നിന്ന് വലിച്ച് കുടിക്കുന്ന പുകയെല്ലാം ആന്തരിക മേഘങ്ങളായി പെരുകുകയാണെന്ന്  ആത്മാവിന് മനസ്സിലായി. യുക്തിയുടേയും, ബുദ്ധിയുടേയും ബദല്‍ കോട്ടകളും ഇടനാഴികളും അനുക്രമം നിര്‍മ്മിക്കപ്പെടുന്ന ഒരു പ്രക്രിയയുടെ ഗൌരവം പൂണ്ട് മനുഷ്യമുഖം ശിലാസദൃശമായി തുടരുകയാണ്. സമുദ്രമധ്യത്തിലെ ഒരു ദ്വീപായി അതിന് മാറുകഎത്ര നിഷ്പ്രയാസമാകും എന്ന് ആത്മാവ് കൌതുകം പൂണ്ടു. സിഗാറുകള്‍ മസ്തിഷ്ക്കപരിണാമത്തിലെ അപ്പൊസ്തോലികവൃത്തി നിര്‍ണയിക്കുന്നതിന്റെ മറ്റൊരു സാക്ഷ്യം പോലെ ആകാഴ്ച്ച അവിടെനിലനിന്നു. ആത്മാവ് വീണ്ടും ശ്ലോകാത്മാവായി.
കളിവിളക്ക് പോലെന്നും

സിഗാര്‍ കത്തിച്ച ഭാവനേ
നിന്നില്‍ നിന്നുമുയിര്‍ക്കുന്നൂ

ധൂമ മണ്ഡീതമാം കല.
വെളിച്ചം തൊട്ടുകാണിച്ച

അന്ധകാരത്തുരുത്തുപോല്‍  

സിഗാര്‍. സിഗാര്‍ മുഖത്തുമ്പില്‍
സൂര്യന്മാര്‍. ധൂമ്രദേവകള്‍…

രംഗം — 15

വാസ്തുപുരുഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കെട്ടിടത്തില്‍കെട്ടിക്കിടക്കുകയും നുരയിട്ടുപൊന്തുകയും ചെയ്യുന്ന പുല്ലിംഗവാദത്തെയാണ് എന്ന് സ്നിഗ്ദ്ധപദ്മ സ്ഥാപിച്ചതിന്റെ പൊരുള്‍ ആത്മാവിന് മനസ്സിലായി. അര്‍ധരാത്രികളില്‍ഭൂമിയിലെ സര്‍വത്ര കെട്ടിടങ്ങളും അതാതിന്റെ വലിപ്പത്തിലുള്ള പുരുഷന്മാരായി മാറുകയും നിര്‍ല്ലജ്ജം വാസ്തു ലിംഗങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിച്ച് അശ്ലീലമായി അട്ടഹസിക്കുന്നതും ആത്മാവ് കണ്ടു. കുടില്‍ മുതല്‍ കൊട്ടാരം വരെ നീണ്ടുകിടക്കുന്ന പുല്ലിംഗപ്രഹസനത്തിന്റെ അറപ്പിക്കുന്ന കാഴ്ച്ച ആത്മാവിന് ആദ്യമായി ഓക്കാനമുണ്ടാക്കി. മനുഷ്യരല്ലാത്ത ജീവികള്‍ എത്രയോ വിശുദ്ധരും ഉന്നതരുമാണെന്ന് അത് ചിന്തിച്ചു. കിളിക്കൂടുകളിലോ, നരി മടകളിലോ, ഉറുമ്പിന്റെ കൂനകളിലോ വൃത്തികെട്ട ലിംഗ പ്രദര്‍ശനം നടക്കുന്നില്ല. കിളികള്‍ കൊണ്ടുവരുന്ന നാരുകളിലും ചുള്ളിക്കമ്പുകളിലും  ഒളിച്ചിരിക്കുന്ന നന്മയെ അത് തൊഴുതു. ഹിംസ്ര മൃഗങ്ങള്‍ കയറിക്കിടക്കുന്ന പൊത്തുകള്‍ കളങ്കരാഹിത്യത്തിന്റെ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നത് അത്ഭക്തിയോടെ വീക്ഷിച്ചു. ചിലന്തിവലകള്‍ വിശപ്പിന്റെ ഒരൊറ്റ ക്കുരുതിയോടെ, കുമ്പസാരിച്ച്, കാറ്റത്ത് സ്വയം തകര്‍ന്ന് അപ്രത്യക്ഷമാകുന്നതിലെ നീതിയും ആദരവ് ജനിപ്പിച്ചു. ജീവിയില്‍ സൂക്ഷ്മരൂപത്തില്‍ ഒളിച്ചിരിക്കുന്ന പ്രാണന്‍ തന്നെയാണ് കൂടുകളുടെ ബീജം എന്ന സത്യത്തെ, മനുഷ്യന്‍ മാത്രമാണ് വിസ്മരിക്കുന്നതെന്ന വാസ്തവം അതിനെ മനസ്സിലാക്കിക്കൊടുക്കാന്‍ വിരൂപ ലിംഗങ്ങള്‍ ധാരാളമായിരുന്നു. (ആദ്യത്തെ ഇഷ്ട്ടിക പാകുന്നതോടെ തന്നെ വാസ്തുപുരുഷന്‍ എന്ന മോണ്‍സ്റ്റര്‍ ജനിക്കുന്നത് വീഡിയോ പ്രദര്‍ശനത്തിലൂടെയായിരുന്നു സ്നിഗ്ദ്ധപദ്മ വിശദീകരിച്ചിരുന്നത്.   പാര്‍ട്ടിയാപ്പീസു മുതല്‍ മഹാക്ഷേത്രങ്ങള്‍ വരെ,  കുന്തിച്ച് മലവിസര്‍ജ്ജനത്തിനെന്ന മട്ടില്‍ ഇരിക്കുന്ന വാസ്തുപുരുഷന്റെ കക്കൂസുകളാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. വാസ്തുപുരുഷന്റെ പുരീഷം കൊണ്ട് നാറ്റനഗരങ്ങളായി മാറിയ ആവാസകേന്ദ്രങ്ങളുടെ എണ്ണമറ്റ കണക്കുകളും അവള്‍ അവതരിപ്പിച്ചു). ചുട്ടുപൊള്ളുന്ന ലോഹ നിലാവുകൊണ്ട് വാസ്തുപുരുഷരെ കൌപീനമുടുപ്പിക്കുകയും, അലമുറകളോടെ ഭൂമിയില്‍ നിന്ന് പറത്തിവിടുകയും ചെയ്യുന്ന ഒരു ചാന്ദ്ര സാന്നിധ്യത്തിനായി ആത്മാവ് ആകാശത്തേക്ക് കണ്ണയച്ചു….. അവിടെയും ഒരു ലിംഗത്തിന്റെ വൈരൂപ്യം ആരോ വരച്ചുവെച്ചിട്ടുള്ളതുപോലെ അതിനു തോന്നി…..

രംഗം –16
അവിടെ അപ്പോള്‍ കണ്ട ഒരു കാഴ്ച്ച  ആത്മാവില്‍ വീണ്ടും ശ്ലോകം ജനിപ്പിക്കാന്‍ പോന്നതായിരുന്നു.

“കാക്കയെക്കാള്‍ കറുപ്പുള്ള
കിളിക്കൂട്ടങ്ങളായിരം
പതിനായിരം ലക്ഷമെന്ന
കണക്കില്‍ പെയ്തിറങ്ങവേ
 

വെള്ളക്കുതിരമേലേറി-
ക്കയ്യില്‍ വില്ലമ്പുമായി നീ

എത്തിയല്ലോ  ചിത്രകാരാ!
ശുഭ്രാ ! ശ്വേതാശ്വവാഹനാ !!

കണ്ണുകിട്ടാതിരിക്കാനായ്
കോമാളിക്കോലമായി നീ 
വന്നുനിന്നീ വയല്‍ ഏതോ
ഡിവൈന്‍ കോമഡിയാക്കിയോ
?”

രംഗം–17

മനുഷ്യന്റെ തലച്ചോറില്‍ മെഴുതിരിപോലെ കത്തിനില്‍ക്കുന്ന ഒരു വസ്തു മാത്രമാണു ബോധം എന്ന സ്നിഗ്ദ്ധപദ്മയുടെ വാദത്തെ അടിച്ചുപൊട്ടിക്കാനുള്ള കലി കൊണ്ട് ജര്‍ജ്ജിതന്റെ മുഖം ചുട്ടുചുവന്നു. ഹോമാഗ്നിയുടെ ഒരു ചെറു പതിപ്പുപോലെ അത് ജ്വലിച്ചുനില്‍ക്കുന്ന കാഴ്ച്ച ആത്മാവിനെ തപ്പെടുത്തിയില്ല.ബ്രാഹ്മണപാതയൂടെ ഓരത്തെ ഒരു ആല്‍ വൃക്ഷം തുരന്ന് ചമച്ച ആ ഇല്ലം ജര്‍ജ്ജിതന്റെ പാരമ്പര്യസ്വത്തായിരുന്നു. മുത്തച്ഛന്മാരുടെ ജ്ഞാനാഹന്തകെട്ടിക്കിടന്ന് ഒരു ദുഷ്ടമണം ഇപ്പോഴും ഇല്ലത്തെ വലയംചെയ്യുന്നുണ്ടായിരുന്നു. ഇടക്കെങ്കിലും അവിടെ സുഗന്ധം പടര്‍ത്തിയിരുന്നത് ജര്‍ജ്ജിത പത്നിയായ സുമസായക ആയിരുന്നു. നാറ്റം മാത്രം കൈമുതലായുള്ള ബ്രാഹ്മണ കന്യകമാരില്‍ നിന്ന്   സുമസായകയെ കണ്ടെത്തിയ സാഹസ കഥജര്‍ജ്ജിതന്‍ ആരോടും പറഞ്ഞിരുന്നില്ല. പരമാത്മാവിന് മാത്രമേ അപരിമേയമായ സുഗന്ധത്തിന്റെ ഇരിപ്പിടമാകാന്‍ വിധിയുള്ളു എന്ന തത്വത്തിന് പ്രാമാണികതവരുത്താനായി ഏതോ പിതാമഹന്‍ പന്നിയെ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍കടത്തിവിട്ട് ചെയ്ത ആഭിചാരം ഫലം കണ്ടുതുടങ്ങിയത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്. അതിനു ശേഷം പിറന്ന ബ്രാഹ്മണരില്‍ സ്ത്രീ -പുരുഷ ഭേദമെന്യേ ദുര്‍ഗന്ധം അംശവും ഛേദവും ത്രികോണമിതിയുമായിരുന്നു. പരമാത്മാവിന്റെ സുഗന്ധം ഉള്ളിലിരുന്ന് കസ്തൂരിപോലെ മണത്തിട്ടും, നിര്‍ഭാഗ്യ ജനങ്ങള്‍ ഇത്രക്ക് ദുര്‍ഗന്ധം ചുമന്നു നടക്കുന്നത് വിചിത്രം തന്നെ എന്ന് അത് നണ്ണി. മരങ്ങള്‍ തുരന്ന് ചമച്ച ഇല്ലപ്പുരകളില്‍ പായുന്ന ഉഛ്വാസ-നിശ്വാസങ്ങള്‍ ഭയന്ന് ചെറുപ്രാണികളും, ചിലന്തികളൂമെല്ലാം അവിടം വിട്ടുപോയിരുന്നു. യജ്ഞത്തിന് അറുക്കാനും, പാല്‍ കറക്കാനുമായി നിര്‍മ്മിക്കപ്പെട്ട മരപ്പശുക്കള്‍ മാത്രം അവിടെ തുടര്‍ന്നു. പാല്‍കറക്കുമ്പോള്‍, പുഞ്ചിരിക്കുകയും, കഴുത്തറക്കുമ്പോള്‍ ഭീകരമായി അലമുറയിടുകയും ചെയ്യുന്ന മരപ്പശുക്കള്‍ പണ്ട് ഒരു പിതാമഹന്റെ കൈവേലയില്‍ നിന്ന് ഉരുവം കൊണ്ടതാണ്. അവയ്ക്ക് പഞ്ചേന്ദ്രിയങ്ങള്‍ ഉണ്ടായിരുന്നില്ല. അറക്കപ്പെടുമ്പോള്‍ പുറത്തേക്ക് പ്രവഹിക്കാന്‍ പാകത്തിന് ഒരു രോദനവും, ഉടല്‍ നിറയെ പാല്‍ക്കടലും ഫിറ്റ് ചെയ്ത  പിതാമഹന്റെ ഛായാചിത്രമുള്ളത് ജര്‍ജ്ജിതന്റെ ഇല്ലത്തില്‍ മാത്രമാണ്. സുമസായകയുടെ മുതുമുത്തച്ചന്‍ ആയിരുന്നു ആ മരബ്രാഹ്മണന്‍. അയാള്‍ ഒരു വിക്കന്‍ ആയിരുന്നെന്നും പറയപ്പെടുന്നുണ്ട്. ബുദ്ധിരാക്ഷസന്‍ എന്നകളിപ്പേരും അയാള്‍ക്കുണ്ട്.

കുലത്തില്‍ ദുര്‍ഗ്ഗന്ധത്തെ കുടിയിരുത്തിയ മുതുക്കന്മാര്‍ക്കെതിരെ  കുട്ടികളിലെ അതിബുദ്ധിമാന്മാര്‍ അമര്‍ഷം രേഖപ്പെടുത്തുകയും ഹോമകുണ്ഡത്തില്‍ മൂത്രമൊഴിക്കുകയും ചെയ്ത  അനേക കഥകള്‍ ആത്മാവും കേട്ടിട്ടുണ്ട്. എന്നാല്‍ അവരെല്ലാം കലമാനുകളായി കാടുകളിലെക്ക് നാടുകടത്തപ്പെട്ടു. മുതുക്കന്‍മാര്‍ ചെയ്ത ആഭിചാരവൈകൃതത്തെ തുണിപൊക്കിക്കാണിച്ചും, തെറിപറഞ്ഞും പരിഹസിച്ച ഉന്മാദിനികളായ കന്യകമാരെ പനകളിലേക്ക് നരച്ചീറുകളാക്കി പറത്തിവിട്ടു. അര്‍ധരാത്രികളില്‍ അവര്‍ പനയില്‍ ഇരുന്ന് പറയുന്ന കുറു, കുറുഎന്ന തെറികള്‍ ഇന്നും ബ്രാഹ്മണര്‍ക്ക് അസഹ്യമാണ്. കുസൃതികളായ ബാലികമാര്‍ ഉറക്കത്തില്‍ നിന്ന് മെല്ലെ കണ്‍തുറന്ന് നിശബ്ദം ആ തെറികള്‍ ആസ്വദിക്കുകയും മഹാമന്ത്രം പോലെ അത് ഉരുവിടുകയും ചെയ്യാറുണ്ട്. അപ്പോള്‍മാത്രം അല്‍പ്പനേരം അവരില്‍നിന്ന് പരമാത്മാവിന്റെ സുഗന്ധം പുറത്തുകടക്കും. പോത്തുപോലെ ഉറങ്ങുന്ന ജ്ഞാനികളെച്ചുറ്റി അത് പൊട്ടിപ്പൊട്ടിച്ചിരിക്കും. പരമാത്മാവിന്റെ  ചിരി കേള്‍ക്കാനുള്ള ഭാഗ്യം ഇപ്പോള്‍ തനിക്കു ലഭിച്ചതില്‍ ആത്മാവ് സന്തോഷിച്ചു. അത് അടുത്ത ശ്ലോകത്തിലേക്ക് കടന്നു.
റിസ്റ്റുവാച്ചില്‍ പന്ത്രണ്ടാം-

മണിക്കുട്ടി ചിരിക്കവേ,
വവ്വാല്‍ മാലാഖമാരായ
 

അയുതം ബുദ്ധികന്യമാര്‍

ആവര്‍ത്തിച്ച് ജപിക്കുന്നു
കാമബീജാക്ഷരം തെറി.
അവതന്‍ കുറുകുറൂശബ്ദം

കേട്ടപ്പോള്‍ ബാലികാജനം

ഉറക്കം വിട്ടെണീക്കുന്നൂ
ഇല്ലത്തേനിഷ്ക്കളങ്കകള്‍.

കളിത്തത്തകള്‍, വിജ്ഞാന-

ക്കടല്‍ താണ്ടുന്ന മൈനകള്‍
സ്നിഗ്ദ്ധ പദ്മച്ചേച്ചിയെത്തും

സ്വപ്നക്കാലൊച്ച കേള്‍പ്പവര്‍…

രംഗം–18

അതാ  ഒരു ഓന്ത് !!! ആത്മാവ് വീണ്ടും ശ്ലോകാവിഷ്ട്ടമായി.

“പാറപ്പുറത്ത്,  കാച്ചിക്കാന്‍-
വെച്ച  വേടന്റെ യമ്പുപോല്‍,
മുനനീട്ടിയിരിക്കുന്നോ-
രോന്ത് . വര്‍ണ്ണാശ്രമ പ്രഭു.
(ചാതുര്‍വര്‍ണ്ണ്യ-
മിവന്‍ കാട്ടി –

ക്കൂട്ടിവെച്ച

ദുരൂഹത !)”


ഒരു വടക്കുനോക്കിയന്ത്രത്തിന്റെ
ദിഗ്ഭ്രമത്തോടെ ഓന്ത് തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത് ക്ഷത്രിയപാതയിലേക്കാണെന്ന കാര്യവും ആത്മാവിന്റെ ശ്രദ്ധയില്‍പ്പെട്ടു.

(തുടരും)

Comments

comments