ഞാൻ ആ ഗാനം ആദ്യമായി കേള്‍ക്കുന്നത് കരുണാലയത്തിലേക്ക് താമസം മാറിയതിന്റെ പിറ്റേന്നാണ്. കാളിദാസന് അന്ന് ഓഫായിരുന്നു. കൂടെ താമസിച്ചിരുന്ന, ഞങ്ങള്‍ അമ്മാവനെന്നു വിളിച്ചിരുന്ന പരമേശ്വരന്‍ നായര്‍ രണ്ടു ദിവസത്തേക്ക് ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നതിനാല്‍ പാചകമൊന്നും അവിടെ നടന്നിരുന്നില്ല.

ഒരു പത്തുമണി ആയപ്പോഴാണ് കാളിദാസന് ഉള്‍വിളി വന്നത്.

“ടാ.. പട്ടരേ, നമുക്ക് കള്ള് കുടിക്കാൻ പോയാലോ?”

തൃപ്പൂണിത്തുറയില്‍ താമസമാക്കിയിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും കാളിദാസന്റെ മട്ടും  സംസാരവും ഒരു തനി തമിഴന്റേതു തന്നെയായിരുന്നു.

കുളിമുറിയില്‍ അലക്കിക്കൊണ്ടിരുന്ന മോഹന്‍ദാസോട് പറഞ്ഞിട്ട് ഞങ്ങളിറങ്ങി. ഷാപ്പിലെത്തുമ്പോഴേക്കും കാളിദാസ് നല്ല ഫോമിലായി. ഒരു ഗുണ്ടാണ് അയാള്‍ വരുത്തിയത്. ഞങ്ങളുടെ ദാഹം അധികമായതിനാല്‍ ഗുണ്ടും ഒപ്പം പറഞ്ഞ പുട്ടും മീനുമെല്ലാം വേഗം തീര്‍ന്നു. മോഹന്‍ദാസിന് ഒരു ഊണും പൊതിഞ്ഞു വാങ്ങി ഒരു ഓട്ടോയില്‍ ഞങ്ങള്‍ കരുണാലയത്തില്‍ തിരിച്ചെത്തുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ അതാ ചാഞ്ഞിരിക്കുന്നു രാമന്‍ മാഷ്‌. ഞങ്ങളുടെ ആടിയുള്ള നടത്തം മാഷിനെ രസിപ്പിച്ചു.

“രണ്ടാളും നല്ല ഫോമിലാണല്ലോ? ഞാന്‍ അവിടെ ചെന്നപ്പോള്‍, അടുത്ത വീട്ടിലെ ആളാണ്‌ നിങ്ങള്‍ ഇന്നലെ ഇങ്ങോട്ട് മാറിയ വിവരം പറഞ്ഞത്. അപ്പോ പിന്നെ നേരിട്ട് ഇങ്ങോട്ട് പോന്നു ഞാന്‍.”

മാഷൊന്നും കഴിച്ചുട്ടുണ്ടാകില്ല. മോഹന്‍ദാസ്‌ വെളിയിലേക്ക് വന്നിട്ട് ഊണിന്റെ പാക്കെറ്റ് വാങ്ങി. എന്നിട്ട് മാഷോടായി പറഞ്ഞു “മാഷ് വാ… നമുക്ക് ഉള്ളത് കുറേശ്ശെ കഴിക്കാം.”

ഭംഗിവാക്കുകള്‍ക്ക് മുതിരാതെ മാഷ്‌ ഞങ്ങളെ നോക്കി ചിരിച്ചിട്ട് അകത്തേയ്ക്ക് ധൃതിയില്‍ പോയി. ഇറയത്തു ഒരു തൂണില്‍ ചാരിയിരുന്ന കാളിദാസ് എന്നെ നോക്കി ചിരിച്ചു.

“മാസ്റ്ററുടെ സ്പീഡ് കണ്ടോ മാമാ?”

തമിഴനു മാഷ്‌ മാസ്റ്റരാണ്.

“പാവം… മാസ്റ്റര്‍ കുറെ ഇടികൊണ്ടിട്ടുണ്ട്, മാമ…!”

ഇതൊരു നൂറാംതവണയാണ് ഇതേ കാര്യം എന്നോടിയാള്‍ പറയുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ ചാരുമജൂംദാരുടെ ജീവചരിത്രം മുതല്‍ കോങ്ങാട് നാരായണന്‍കുട്ടിമേനോന്‍റെ തലവെട്ടി പാലത്തിന്റെ കൈവരിയില്‍ വെച്ചിട്ട് “ഇങ്ക്വിലാബ് സിന്ദാബാദ്” എന്ന് വിളിച്ചുകൊണ്ട് ധീരവിപ്ലവകാരികളായ ഭാസ്കരനും വാസുവും ഇപ്പോള്‍ വിശപ്പ്‌ സഹിക്കാതെ അകത്തേക്കോടിയ രാമന്‍മാഷും ഒക്കെ കാടുകയറിയതിന്റെ ചുവന്നഗാഥകള്‍ അയാള്‍ കെട്ടഴിച്ചു പുറത്തിടും. കുടിച്ചുപ്പൂസായാല്‍ ഈ തമിഴന്‍ വിപ്ലവം മാത്രമേ പറയൂ. അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരേ വഴി അയാളോട് പാടാന്‍ പറയുകയാണ്‌.

“യോ..അണ്ണാച്ചി… നല്ല ഒരു പാട്ട്പാട്… പഴയ ഏതാവത് ഒരു പാട്ട്.”

കാളിദാസിന് അത് ബോധിച്ചു. കണ്ണടച്ച് അയാള്‍ തനിക്കറിയാവുന്ന പാട്ടുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുന്നതില്‍ വ്യാപൃതനായി.

“പട്ടരേ”

പാട്ട് കിട്ടിയതിന്‍റെ ആനന്ദത്തില്‍ അയാള്‍ എന്നെ വിളിച്ചു.

“മാസ്റ്ററും വരട്ടെ… നല്ല ഒരു പാട്ടുണ്ട് മാമാ.”

അയാള്‍ ഉന്മാദാവസ്ഥയില്‍ എത്തിയിരുന്നു. മാഷ്‌, കൈ മുണ്ടിന്‍റെ അറ്റംകൊണ്ടുതുടച്ചു ഇറയത്തേക്ക് വന്നു.

“എന്താ കാളിദാസാ? കള്ള് മുറുകിയോ?”

അയാള്‍ ചാരുകസേരയിലിരുന്നു ഊണ് കഴിച്ച സുഖത്തില്‍ പിന്നോട്ടാഞ്ഞിരുന്നു.

“എന്താ ഹരി … അയാളെന്താ പറയുന്നത്?”

“അത് മാഷേ… മാമന്‍ പാടാന്‍ പോവുകയാണ്”

ഒന്നുകൂടി ആഞ്ഞിരുന്നിട്ടു, കാളിദാസ് മനോഹരമായി പാടി.

“സമരസം ഉലാവും ഇടമേ….

നം വാഴ്വില്‍ക്കാണാ

സമരസം ഉലാവും ഇടമേ….

നമ്മുടെ ജീവിതത്തിന്‍റെ ഏഴയലത്ത് പോലും കാണാനാകാത്ത തുല്യത ഉറപ്പാക്കുന്ന ചേതോഹരമായ ആ ഒരേ ഒരു സ്ഥലത്തെക്കുറിച്ച് തമിഴന്‍ മനസ്സ്തുറന്നു പാടുന്നതും നോക്കി രാമൻ മാഷ് ഏറെ നേരം മിണ്ടാതെയിരുന്നു.

“ഈ പാട്ട് ഇയാള്‍ പാടുന്നത് കേള്‍ക്കാനാ എനിക്ക് കൂടുതല്‍ ഇഷ്ടം. ഇതിന്റെ ഒറിജിനലിനു പോലും ഈ ഒരു സുഖമില്ല.” മാഷ്‌ പറഞ്ഞു.

ആ പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. കാളിദാസന്‍ എന്ന നെല്ലിക്കുപ്പംകാരൻ  പാണ്ടി അണ്ണാച്ചി സമരസത്തെക്കുറിച്ച് ഉള്ളുരുകി പാടുകയാണ്….

പാട്ടുകഴിഞ്ഞു അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ കണ്ണുതുറന്നു ഞങ്ങള്‍ ഇരുവരെയും നോക്കി. അകത്തിരുന്നു പാട്ടുകേട്ട മോഹന്‍ദാസ്‌ വാതില്‍പ്പടിയില്‍ വന്നുനിന്നു.

“സമരസത്തിന്റെ കാര്യം താൻ  ഇനിയും വിട്ടിട്ടില്ല, അല്ലെ?”

മാഷ്‌ മാമനെ നോക്കി ചിരിച്ചു.

മാഷിനെക്കുറിച്ചു മാമൻ  പറഞ്ഞുതന്ന ചില കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.

കോങ്ങാട്സംഭവത്തിനുശേഷം അതില്‍ പങ്കെടുത്തവരെല്ലാം ഒളിവില്‍പ്പോയി. കെ.എന്നും മാഷും കേരളം വിട്ടു ബോംബയിലേക്കും, പിന്നീട് അവിടെ നിന്ന് കല്‍ക്കട്ടയിലേക്കും പോയി. ഭാസ്കരനെ പോലീസും വാസുവിനെ നാട്ടുകാരും പിടികൂടി. വാസുവിനെക്കുറിച്ച് പറയുമ്പോള്‍ മാമൻ  തമിഴ്നാട്ടിലെ പൊൻപരപ്പിയെന്ന സ്ഥലത്തുവച്ച് ഒരു ബാങ്ക്കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ  ശ്രമിച്ച തമിഴരശനെ നാട്ടുകാര്‍ പിടിച്ചതും തല്ലിക്കൊന്നതുമൊക്കെ വളരെ സങ്കടത്തോടെ പറയുമായിരുന്നു…..

‘വര്‍ഗ്ഗീസിനെപ്പോലെ നല്ലൊരു നേതാവായിരുന്നു മാമാ തമിഴരശനും. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ചിട്ട് അവസാനം അവരുടെ കൈകൊണ്ട് തന്നെ അടിയേറ്റുമരിക്കുക…. എന്താ അല്ലേ, മാമാ … വാസുവിനെയും പോലീസിനു പിടിച്ചുകൊടുത്തത് ജനങ്ങളാണ്, മാമാ…!”

മാഷിനെത്തേടി പോലീസുകാര്‍ പലവഴിക്കുപോയെങ്കിലും അയാളെ പിടികൂടാൻ  കഴിയാത്തത് കൊണ്ട് അയാള്‍ മരിച്ചുപോയി എന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അവര്‍ കോടതിയെ ബോധിപ്പിച്ചു. അതിനു പിന്നിലെ പ്രേരണ എന്തായിരുന്നുവോ ആവോ ?

റെഡ് വിഷന്-

 

 

 

വര്‍ഷങ്ങള്‍ക്കുശേഷം, ഒരു ദിവസം രാത്രി, രാമൻ മാഷ്‌ അപ്രതീക്ഷിതമായി കരുണാലയത്തില്‍ വന്നു കയറി. ഞാൻ  അന്ന് അവിടെ താമസം തുടങ്ങിയിട്ടില്ല. ഒളിവുജീവിതം മതിയായെന്നും, നാളെ കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും മാഷ്‌ പറഞ്ഞു. കൊച്ചിയിലെ വര്‍ഗീസ്‌ വക്കീലിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളും അത് ശരിവയ്ക്കുകയും അടുത്ത ദിവസം തന്നെ കോടതിയിലെത്താൻ  നിര്‍ദേശിക്കുകയും ചെയ്തുവത്രേ. മാഷിനെ കയ്യില്‍ക്കിട്ടിയ പോലീസുകാര്‍ ഇന്ത്യമുഴുവനും തങ്ങളെ ചുറ്റിച്ച ദേഷ്യം ഇടിച്ചും ചവിട്ടിയും തീര്‍ത്തുവെന്നാണ് മാമൻ  എന്നോട് പറഞ്ഞത്. കേസോക്കെക്കഴിഞ്ഞു വെളിയിലെത്തിയ മാഷിനു, തലയുടെ മുക്കാല്‍ ഭാഗവും കയറിക്കഴിഞ്ഞിരുന്ന കഷണ്ടി ഒരു പുതിയപേരും സഖാക്കള്‍ക്കിടയില്‍ നേടിക്കൊടുത്തു…… ഭരത് ഗോപി.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍, മുൻപൊരിക്കല്‍ എഴുതിയ റെയില്‍വേയുടെ പരീക്ഷയില്‍ ഞാൻ  പാസ്സാവുകയും, ട്രെയിനിങ്ങിനു ശേഷം തമിഴരശനെ നാട്ടുകാര്‍ തല്ലികൊന്ന പൊൻപരപ്പിയെന്ന സ്ഥലത്തിന് പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള സെന്തുറയ് എന്ന ഗ്രാമത്തിലെ ചെറിയ റെയില്‍വേസ്റെഷനില്‍ നിയമിക്കപ്പെടുകയും ചെയ്യും എന്ന് കുടിച്ചകള്ളിന്റെയും കേട്ടപാട്ടിന്‍റെയും ലഹരിയിലിരുന്ന ഞാൻ അപ്പോള്‍  എങ്ങനെ മുൻക്കൂട്ടിയറിയാനാണ്?

ഇപ്പോള്‍ സെന്തുറയിലെ ഈ ഒറ്റമുറിയുള്ള ക്വാര്ടര്സില്‍ ഇരിക്കുമ്പോള്‍, ത്രിപ്പൂണിത്തുറയിലെ കാര്യങ്ങള്‍ ഇടയ്ക്കൊക്കെ ഞാൻ ഓര്‍ത്തെടുക്കും.അങ്ങിനെയാണ് ഒരു ദിവസം  പോര്ട്ടരായ ആസൈതമ്പിയോട് പൊൻപരപ്പിയിലേക്കുള്ള ബസ്സിനെക്കുറിച്ച് ഞാൻ ചോദിച്ചത്.

“അതെതുക്ക്‌ സാര്‍ നീങ്ക അങ്കെ പോകണം? അങ്കെത്താൻ എതുവുമേ കെടയാതെ പാക്കര്തുക്ക്…”.

എന്‍റെ ഒഴിവു ദിവസമായ ചൊവ്വാഴ്ചകളിലെല്ലാം ചുറ്റുമുള്ള സ്ഥലങ്ങള്‍ ഞാൻ കാണാൻ പോകാറുണ്ടെന്നു അയാള്‍ക്കറിയാം. അപ്പോഴൊക്കെ ഞാനെടുത്ത ഗംഗയക്കണ്ടചോഴപുരം, ഉടയാര്‍പാളയം, തിരുവാനക്കോവില്‍, ശ്രീരംഗം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവയ്ക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യരുടെയും ഫോട്ടോകള്‍ എന്‍റെ സഹപ്രവര്‍ത്തകരെ വിസ്മയിപ്പിക്കുകയും സന്തോഷപ്പെടുത്തുകയും ചെയ്തു.

“ടാ… നിന്നെ പോലെയുള്ള ഒരു ബുക്കിംഗ്ക്ലാര്‍ക്കിനെ ഞാൻ കണ്ടിട്ടേയില്ല കേട്ടോ…”

സ്റ്റേഷന്‍മാസ്റര്‍മാരില്‍ ഒരാളായ രാമനാഥൻ എന്നോട് കണ്ണിറുക്കിക്കൊണ്ട് പലപ്പോഴും പറയുമായിരുന്നു.

“ചുമ്മാ… പൊൻപരപ്പിയപ്പട്ട്രി നാൻ മുന്നാടിയെ കേഴ്വിപ്പെട്ടിരുക്കേൻ… അതുനാലതാൻ കേട്ടേൻ.”

മദ്രാസിലേക്കും രാമേശ്വരത്തിലേക്കും തീവണ്ടിയിലൂടെ കശുവണ്ടി കയറ്റിയയക്കാൻ വരുന്ന സെല്‍വം പൊൻപരപ്പിക്കാരനാനെന്നും അയാളോട് പറഞ്ഞാല്‍ അയാളുടെ ചിലവില്‍ കാര്യം നടക്കുമെന്നും ആസൈ എന്നോട് പറഞ്ഞു.

റെയില്‍വേക്കാര്‍ക്ക് എല്ലാ കാര്യങ്ങളും അടുത്തവരുടെ ചിലവില്‍ നടത്താൻ നല്ല കഴിവാണെന്ന് അതിനോടകം എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു. പ്ലാറ്റ്ഫോറത്തിലൂടെ സൈക്കിള്‍ ഓടിച്ചു വരുന്നവരോടും ചുള്ളിക്കമ്പ് പെറുക്കാൻ വരുന്ന സ്ത്രീകളോടുമെല്ലാം ടിക്കറ്റ്‌ ഇല്ലാത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും , കിട്ടിയതിന്‍റെ തോതനുസരിച്ച് ചായ മുതല്‍ കര്‍പ്പൂരം എന്ന് പേരുള്ള ചാരായം വരെ വാങ്ങി കുടിക്കുക പതിവായിരുന്നു. എനിക്ക് കര്‍പ്പൂരം ആദ്യമായി വാങ്ങിതന്നതും ആസൈതമ്പിയായിരുന്നു.

“എതുക്ക്‌ സാര്‍ ഇവളവ് പണം കുടുത്തു ഇതയെല്ലാം വാങ്കരെങ്കേ ? നാൻ നാള കര്‍പ്പൂരം വാങ്ങി വരേൻ. ഒരു വാട്ടി സാപ്ടുപ്പാത്താ ഇന്ത റമ്മുകിമ്മെല്ലാം വിട്ടുടുവേങ്ക.”

അമ്പതുരൂപയും വാങ്ങിയാണ് അയാള്‍ അന്ന് രാത്രി വീട്ടിലേക്കു പോയത്.

രാവിലെ, മുട്ട്കേട്ട് വാതില്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു ഒരു വയര്‍ബാഗും പിടിച്ചു, നിറഞ്ഞ ഒരു ചിരിയുമായി ആസൈ.

“സാർ… നല്ല സരക്ക്.. നമക്ക് തെരിഞ്ച പയ്യൻ.. എമാത്തമാട്ടാൻ.”

ബാഗില്‍ നിന്നും ആസൈ രണ്ടുകുപ്പികളെടുത്ത്, അകത്തു അടുക്കളയില്‍ കൊണ്ട് വച്ചു.

“ഹപ്പാ…. സാർ.. ഇന്ത കാലിബോട്ടിലെല്ലാം കൊടുത്താ നമുക്ക് ഒരു മൂന്ട്രുകര്‍പ്പൂരം വാങ്ക കാസ്കിടയ്ക്കും..”

“ഗ്ലാസെടുങ്കോ സാർ…സാപ്പിട്ട് അപ്പടിയേ ഡ്യൂട്ടിക്ക്കളമ്പറെൻ.. നീങ്ക മെതുവാ കുളിച്ചുസാപ്പിട്ട് വാങ്ക… അപ്പ്രോം…അന്ത പോട്ട്ളത്തിലെ ചുണ്ടല്‍ ഇരുക്ക്‌…വീട്ടിലെ പോട്ടത്.”

കുപ്പിപ്പൊട്ടിച്ചു അയാള്‍ ഗ്ലാസ്സുകളിലേക്ക് ചാരായം പകര്‍ന്നു.മുറിയില്‍ കര്‍പ്പൂരത്തിന്റെ ഗന്ധം പടര്‍ന്നു. എന്നെനോക്കി ചിരിച്ചുകൊണ്ട് അയ്യാള്‍ ഗ്ലാസ്‌ ഉയര്‍ത്തി.

“എപ്പടി വാടയടിക്കുത് പാത്തേന്‍കള?…നാൻ സോന്നേൻ ഇല്ലേ?..സൂപ്പർ സരക്ക് സാർ…!”

നിന്നനില്‍പ്പില്‍, രണ്ടു ഗ്ലാസ് ഇറക്കിയിട്ട്‌ ചിറിയും തുടച്ച് പുറത്തിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു

“അളവാ സാപ്പിടുങ്കോ… “

പൊൻപരപ്പിയിലേക്കുള്ള എന്‍റെ യാത്ര മാറ്റിവെയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു.

വൈകുന്നേരങ്ങളില്‍ സെന്തുറയുടെ ഊടുവഴികളിലൂടെയെല്ലാം ഞാൻ നടത്തം പതിവാക്കി.

DSC_8321 a

സ്റ്റേഷനോട് ചേര്‍ന്നു ഒരു ചെറിയ ഹോട്ടലുണ്ട്. അവിടെനിന്നായിരുന്നു കൂടുതലായും ഞാൻ ഭക്ഷണവും ചായയും കഴിച്ചിരുന്നത്. കടയുടെ ഉടമസ്ഥൻ ഒരു സൈവവെള്ളാളപിള്ളയായ, നാട്ടുകാര്‍ “ഗാന്ധിയാര്‍” എന്ന് വിളിച്ചിരുന്ന സങ്കരനാരായണൻ ആയിരുന്നു. കടയുടെ നടത്തിപ്പ് കൂടാതെ ഇയാള്‍ക്ക് പലിശയ്ക്കു പണം നല്‍കുന്ന ഇടപാടുമുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും പണം എണ്ണിക്കൊണ്ടിരുന്ന ഇയാളെ നാട്ടുകാര്‍ അതുകൊണ്ടുതന്നെ “ഗാന്ധി”യാരാക്കി…..

 

 

Hariharan Subrahmanian

ഈ ഗാന്ധിയാരാണ്, സെന്തുരയുടെ ഒരു മൂലയിലൊതുക്കപ്പെട്ട ചക്കിളിയരുടെയും തോംബരുടെയും കോളനിയിലേക്കൊക്കെ ഞാന്‍ എന്തിനാണ് പോകുന്നതെന്ന് ആദ്യമായി ചോദിച്ചത്?

“സാര്‍… നീങ്ക ഒരു അയ്യര്‍ … നാൻ ഒരു സൈവപിള്ളൈ…. എതുക്ക്‌ സാര്‍ നീങ്ക സക്കിളിതെരുവുക്കെല്ലാം പോകണം?”

“സുമ്മാ…ഊരയെല്ലാം പാക്കതാൻ.”

“സരി.. ഏതോ ഒരു വാട്ടിപോനെങ്കനാ പുരുഞ്ചുക്കലാം… നീങ്ക അടിക്കടി അന്തവഴിയാക എല്ലാം പോകരുതാക ശിവാ താൻ എങ്കിട്ടെ സൊന്നാൻ.”

ശിവ, ഇയാളുടെ ഒരു മരുമകനാണ്. അയാള്‍ അവിടെ ബസ്‌സ്റ്റാണ്ടിനോട് ചേര്‍ന്നു ഒരു ഹോട്ടല്‍ നടത്തിയിരുന്നു. ശിവയുടെ കടയില്‍ തൊണ്ണൂറുകളുടെ ഈ ആരംഭത്തിലും രണ്ടുതരം ഗ്ലാസ്സുകളിലാണ് ചായ കൊടുത്തിരുന്നത്.പിള്ളമാര്‍ക്കും പടയാച്ചികള്‍ക്കും കണ്ണാടി ഗ്ലാസ്സുകളിലും സക്കിളിയര്‍ക്കും തോംബര്‍മാര്‍ക്കും ക്ലാവുപിടിച്ച ഓട്ടുഗ്ലാസ്സുകളിലും…

ഒരിക്കല്‍ ഞാൻ വേറെയാരും ഇല്ലാത്ത ഒരു സമയത്ത് ശിവയോട് പുറമേനിന്ന് വരുന്നവര്‍ ഇതിലാരാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ചോദിച്ചു.

“സാര്‍… ഉങ്കള്‍ക്ക്‌ കിണ്ടാലാക ഇരുക്ക്‌.. ഇങ്ക ഒരു ഗ്ലാസിലെ ടീ കുടുത്തെന്ന് വെയ്യുങ്ക… ഒരു നാളിലയെ കടയ കൊളുത്തി പോട്ടുടുവാങ്ക…വെള്ളിയാള എല്ലാം എങ്കള്‍ക്ക്‌ കവലയില്ലേ… ഇങ്ക ഡെയിലി പാക്കരവങ്കതാൻ അരുവാളയും തൂക്കിയിട്ടു വരുവാങ്ക…. ഇത് കേരളാ മാതിരി കെടയാത് സാര്‍…”

ചക്കിളിയരുടെ കോളനിയിലുള്ള മായാവാന്റെ കടയില്‍ ബീഫും രത്തപ്പൊരിയലും കിട്ടുമെന്ന് എനിക്ക് പറഞ്ഞുതന്നതും ആസൈ ആയിരുന്നു. കോഴിയും ഓംലെറ്റും അവിച്ച മുട്ടയും കഴിച്ച് ഞാൻ മടുത്തിരുന്നു. ഒരു സന്ധ്യക്ക്‌ കര്പൂരവുമായി ഞങ്ങള്‍ അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് അവിടെയെങ്ങാനും ബീഫ് കിട്ടുമോ എന്ന് ഞാൻ ചോദിച്ചത്.

“ഇതെന്ന കേഴ്വി സാര്‍… അങ്ക കോളനിയിലെ മായാവാൻ കടയിലെ കിടയ്ക്കും സാര്‍…ഒരു നാള്‍ പോയി വാങ്കുവോം സാര്‍… ആമാം… നീങ്ക രത്തപ്പൊരിയല്‍ സാപ്ടതുണ്ടാ…?”

ഞാന്‍ ഇല്ലെന്നു തലയാട്ടി.

“ആടുമാട അറക്കുമ്പോത് രത്തത്ത നാങ്ക വേസ്ടാക്കമാട്ടോം സാര്‍… ഉപ്പും മുളഗായുമെല്ലാം ശേര്‍ത്തു പൊരിയലാ പണ്ണി സാപ്പിടുവോം. സൂപ്പറാ ഇരുക്കും സാര്‍.”

അയാള്‍ക്ക്‌ ചരക്കു നന്നായി തലയ്ക്ക്പിടിച്ചിട്ടുണ്ടായിരുന്നു.

“നീങ്ക അയ്യരാക്കുമെന്റ്രു കുപ്പുസാമിസാര്‍ താൻ സൊന്നാര്. നീ എതുക്ക്‌ അവര്കിട്ടെ ഒട്ടറെന്ന കേട്ടു തിട്ടിനാര്. നാൻ തോമ്പനാക്കും സാര്‍. നീങ്ക ഇതെല്ലാം കണ്ടുക്കാത ആള്‍ താന്‍ന തെരിയും… ഇരുന്താലും സൊല്ല കൂച്ചമാകതാൻ ഇരുക്ക്‌.”

ഒരു ഗ്ലാസ്സും കൂടി വലിച്ചശേഷം അയാള്‍ പുറപ്പെട്ടു.

“ഇലയ്ക്കടംബൂര്‍ സക്കിലിയതെരുവിലത്താന്‍ നാൻ കുടിയിരുക്കേൻ.”

അയാളുടെ മുഖം സങ്കടംകൊണ്ട് മുറുകിയിരുന്നു.

പിറ്റേന്ന്, ഡ്യൂട്ടിക്കു കയറിയപ്പോള്‍ കുപ്പുസ്വാമി കൌണ്ടറിനടുത്തു വന്നു.

“ഹരിഹരൻ… നാന്‍ റൊമ്പനാളാകവേ ഒരു വിഷയം സൊല്ലണമെണ്ട്രു നിനയ്ക്കിരേൻ. നീങ്ക ഏൻ ഇന്ത അസൈതമ്പിയ ഉങ്ക ക്വാട്ടെര്സില എപ്പോതും വര അനുമതിക്കറിങ്ക ?അന്തയാള്‍ അപ്പാവെല്ലാം മുന്നാടി ഇങ്ക ഇരുന്ത കക്കൂസിലേന്തു പീ വാര വരുവാങ്ക തെരിയുമാ? അവങ്ക കൂടെയെല്ലാം നീങ്ക ഇപ്പടി സഹജമാപ്പഴകറുത് ശരിയെക്കിടയാത്.”

അപ്പോഴേക്കും, ഭാഗ്യത്തിന് ടിക്കെറ്റുവാങ്ങാൻ ആളുകളെത്തിത്തുടങ്ങി.

“യേതോ … നീങ്ക ഉണ്മയിലെ അയ്യര്‍ താനാ എന്ട്രുകൂട നാൻ രാമനാഥൻകിട്ട കേട്ടേൻ.”

പിറുപിറുത്തുകൊണ്ട് കുപ്പുസ്വാമി അയാളുടെ ഇരിപ്പിടത്തിലേക്ക് പോയി.

സെന്തുറയില്‍ ഒരു രാത്രിയിലാണ് ഞാന്‍ തീവണ്ടിയിറങ്ങിയത്. എനിക്കനുവദിക്കപ്പെട്ട ക്വാടെര്‍സില്‍ മുന്‍പ് താമസിച്ചിരുന്ന ഉദ്യോഗസ്ഥന്‍റെ വീട്ടുസാധനങ്ങള്‍ ഇട്ടുപൂട്ടിയിരുന്നത് കൊണ്ട് ഞാൻ അന്നുരാത്രി രാമനാഥന്റെ കൂടെയാണ് താമസിച്ചത്. അവിടെ അയാളെക്കൂടാതെ ജോണ്‍ മാസിലാമണി എന്ന തൂത്തുക്കുടിക്കാരനും വിജയൻ എന്ന തിരുനെല്‍വേലിക്കാരനും താമസിച്ചിരുന്നു. അവര്‍ ഇരുവരും സ്റ്റേഷന്‍മാസ്റ്റര്‍മാരായിരുന്നു.

Sendurai

അതിരാവിലെത്തന്നെ ഞാന്‍ എഴുന്നേറ്റു. വീടിനു പുറകിലുള്ള ഒരു വലിയ തൊട്ടിയില്‍ വെള്ളം നിറച്ചിരുന്നുവെങ്കിലും എത്ര തേടിയിട്ടും കുളിമുറിയും കക്കൂസും എനിക്ക് കാണാനായില്ല.

“എന്ന തേടരെങ്ക?” ചിരിച്ചുകൊണ്ട് ജോണ്‍ ചോദിച്ചു.

“ലാറ്റ്റീൻ എങ്കേ?”

“ഓ… അതാ…ട്രാക്ക് ക്രോസ്സ്പ്പണ്ണി മറുപ്പക്കം പോയിടുങ്കോ.. അങ്കെ പെരിയ ഒരു ലാറ്റ്റീൻ ഇരുക്ക്‌… പോകുമ്പോത് ബക്കറ്റില തണ്ണിയും മഗ്ഗും എടുതുങ്കോ… അങ്കേ തണ്ണി വരാത്.”

പാളങ്ങള്‍ മുറിച്ചുകടന്ന് അപ്പുറത്തേക്കിറങ്ങിയ എന്നെ എതിരേറ്റത് വിശാലമായ ഒരു പാടമായിരുന്നു.

കണ്ണെത്തുന്ന ദൂരത്തോളം ഒരു കെട്ടിടവും കാണാനുണ്ടായിരുന്നില്ല. പിന്നെ, എവിടെയായിരിക്കും ജോണ്‍ ഉണ്ടെന്നുപറഞ്ഞ ആ വലിയ ലാറ്റ്റീൻ? തിരിച്ചറിവ് പെട്ടെന്നുണ്ടായി. എന്‍റെ മുന്‍പില്‍, ചക്രവാളസീമയോളം, ലാറ്റ്റീൻ അങ്ങനെ വിശാലമായി പടര്‍ന്നുകിടന്നു. മുന്‍പേ വന്നുപോയവര്‍ ഇട്ടിട്ടുപോയ അടയാളങ്ങള്‍ എനിക്ക് കാണുമാറായിതുടങ്ങി. കുറച്ചകലെയുള്ള മുള്‍ക്കാടിന്റെ പടര്‍പ്പിനുള്ളില്‍നിന്നും നാലഞ്ചു പന്നികള്‍ ഇറങ്ങിവരികയും എന്നെക്കണ്ട് മുരളുകയും ചെയ്തു. മുള്‍ക്കാടിനടുത്തുള്ള തീട്ടത്തിന്റെ നിക്ഷേപങ്ങള്‍ അവ ആര്‍ത്തിയോടെ തിന്നാൻ തുടങ്ങി.

ഒതുക്കമുള്ള, കുറച്ചുവൃത്തിയുള്ള ഒരു സ്ഥലത്ത് ഞാനിരുന്നു. ചെറുതായി വീശാൻ തുടങ്ങിയിരുന്ന കാറ്റിനോടൊപ്പം രൂക്ഷവും പച്ചയുമായ ഒരു ഗന്ധം എന്‍റെ മൂക്കിലേക്ക് തുളഞ്ഞുകയറി. തമിഴ്‌നാടൻ ഗ്രാമങ്ങളിലെ പാടങ്ങളിലും പുഴയോരങ്ങളിലും ഇതേ ഗന്ധം പിന്നീട് പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കുശേഷം, കാറ്റിലൂടെയെത്തുന്ന ഈ ഗന്ധം ഒരു ബുദ്ധിമുട്ടോ വെറുപ്പോ കൂടാതെ എനിക്കു ശ്വസിക്കാമെന്നുവരെയായി.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ റെയില്‍വേകോളനിയില്‍ ഡ്രൈലാറ്റ്ട്രീനുകള്‍ ഉണ്ടായിരുന്നുവത്രെ.എല്ലാ ദിവസവും തോമ്പര്‍മാര്‍ (ഏറ്റവും പിന്നോക്കമായ ഒരു വിഭാഗം ദളിതര്) റെയില്‍വേ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒരു ദിവസത്തെ തീട്ടം കോരിക്കൊണ്ട് പോകാനായി വരുമായിരുന്നു. അവരിലൊരാള്‍ ആസൈതമ്പിയുടെ അച്ഛനായിരുന്നുവത്രെ. കുപ്പുസ്വാമി ആസൈതമ്പിയില്‍ക്കണ്ട വലിയ കുറവ് അതായിരുന്നു.

കറമ്പി

ഒരു സന്ധ്യക്ക്‌, മായാവാന്റെ കടയില്‍നിന്നും ബീഫുംമേടിച്ചു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നുവരുമ്പോഴാണ് അന്ജലയെ ഞാന്‍ ആദ്യം കാണുന്നത്. ഒരു ചെറിയ കൂരയുടെ മുന്‍പിലെ മണ്‍തറയില്‍ രണ്ടു സ്ത്രീകളിരുന്നു സംസാരിക്കുകയായിരുന്നു. ഇരുളിന് ഘനം വെച്ച്കഴിഞ്ഞിരുന്നു. അവരെ കടന്നുപോകുന്നതിനിടയിലാണ് കൂട്ടത്തിലെ കൂടുതല്‍ കറുത്തവള്‍ പെട്ടെന്ന് “സാര്‍” എന്ന് വിളിച്ചത്. സംശയത്തോടെ ഞാൻ വേഗത കുറച്ചു.

“ഉങ്കളയത്താൻ സാര്‍…”

എന്റെ നേരെ തിരിഞ്ഞിരുന്നത്കൊണ്ട് തെരുവ്വിളക്കിന്റെ വെളിച്ചത്തില്‍ അവളുടെ രൂപം കുറച്ചു വ്യക്തമായി.

“സാര്‍… ഇപ്പടി കറി എല്ലാം വാങ്കി സുടുകാട് കിട്ടാലെ രാത്രി പോക ഭയമില്ലയാ?”

തെല്ല് അന്തം വിട്ടു നില്‍ക്കവേ, അവള്‍ തുടര്‍ന്നു.

“ആവിയെല്ലാം സുത്തിവരക്കൂടിയ ഇടം സാര്‍… കറിയോട വാടകിടൈത്താ ഉങ്കളെ സുത്തി വന്താലും വരും സാര്‍.”

ഇവള്‍ എന്നെ കളിയാക്കുകയാണോ?

വിട്ടുകൊടുക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു.

“പറവായില്ലൈ….ശിലപ്പോ മോഹിനിപ്പേയ്യ്‌ വന്താലും വരലാമേ…. അപ്പോത് എനക്കൊരു കമ്പനികിടൈക്കും ഇല്ലയാ?”

സ്ത്രീകള്‍ അടക്കിച്ചിരിച്ചു.

“സാര്‍… നാൻ വേടിക്കയാ സൊല്ലലെ… കാലമാനാ നാങ്കയാരും അന്തവഴിയാക കറികിറിയെല്ലാം കൊണ്ടുപോകമാട്ടോം… അങ്കെ ഉണ്മയാവേ ആവിയെല്ലാം ഇരുക്ക്‌ സാര്‍.”

“ശെരീങ്ക… നാൻ സൊന്നമാതിരി ഒരുവേള മോഹിനിപ്പേയേ വരുമാ എന്ട്രെ പാക്കലാമേ.” എന്നും പറഞ്ഞുകൊണ്ട് ഞാൻ നടന്നു.

സെന്തുറയില്‍ ഒരു ചെറിയ ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഞായറാഴ്ചകളില്‍ കുര്‍ബാന നടത്താനായി അരിയല്ലൂരില്‍ നിന്നുമാണ് ഒരു പാതിരി  വന്നിരുന്നത്. പള്ളിയോടു ചേര്‍ന്നായിരുന്നു ശവപ്പറമ്പും സ്റ്റേഷനിലേക്കുള്ള പാതയുടെ ഒരു നൂറടിയും കിടന്നിരുന്നത്. ബീഫിന്‍റെ പൊതിയുമായി ആ നൂറടിയും കടന്നു പതുക്കെ ക്വാർട്ടെർസിൽ എത്തി.

നല്ല എരിവുള്ള ബീഫും, വാറ്റിയെടുത്ത കര്‍പ്പൂരവും ഉള്ളില്‍ ചെന്ന് ആളി. കര്‍പ്പൂരത്തിന് തീപ്പിടിച്ചപ്പോള്‍ അതിന്‍റെ വെളിച്ചം തലയ്ക്കുള്ളിൽ അടിച്ചു.

തിരക്കൊഴിഞ്ഞ ഒരു ദിവസം, വൈകീട്ടത്തെ പാസ്സഞ്ചറിനുള്ള ടിക്കറ്റെടുക്കാൻ വന്നപ്പോഴായിരുന്നു അന്ജലയെ വീണ്ടും ഞാൻ കണ്ടത്. പെണ്ണാടത്തിലേക്കുള്ള നാലുരൂപയുടെ ടിക്കറ്റാണ് അവളെടുത്തത്.

“അന്ട്രു മോഹിനിപ്പേയ് എന്ന സുത്തിസുത്തി വീട്ടുക്കെ വന്തുടിച്ച് …”

ചിരിച്ചുകൊണ്ട് ഞാനിത് പറഞ്ഞപ്പോള്‍ അവളും ചെറുതായി ചിരിച്ചു.

“നൈറ്റ്‌ പൂരാ നാങ്ക ജോളിയാക ഇരുന്തോം.”

“അയ്യയ്യോ.. സാര്‍.. നീങ്ക വേറെ…”

അവള്‍ ചെറുതായി നാണിച്ചു.

“പെണ്ണാടത്തിലെ യാരിരുക്കാ?”

“അക്കാവ അങ്കെത്താൻ സാര്‍ കുടുത്തിരുക്ക്… അങ്ക ഷുഗര്‍മില്ലില മൂട്ടതൂക്ക പോവാങ്ക രണ്ടുപേരും,”

കൌണ്ടര്‍ വിട്ടു പോകാൻ അവള്‍ മടിക്കുന്നതുപോലെ എനിക്ക് തോന്നി. അതിനിടയില്‍ രണ്ടുപേര്‍ വന്നു ടിക്കെറ്റെടുക്കുന്നതും നോക്കി അവള്‍ ഒരു ഓരത്ത് നിന്നു.

“ഉങ്ക വീട്ടിലെ യാരെല്ലാം ഇരുക്കാ?”

“അപ്പാരും അമ്മാവും താൻ…. ഒരേ ഒരക്കാ താൻ പെണ്ണാടത്തിലിരുക്കിറത്.”

“യേന്ന്.. ഉനക്കിന്നം കല്ല്യാണം ആകലയാ?”

ഓരത്ത്നിന്നും വളരെ പതിഞ്ഞ ഒച്ചയിലായിരുന്നു അവള്‍ സംസാരിച്ചത്.

“അതെല്ലാം എൻ കേക്കിരേങ്ക? എന്നയ പാത്തുപിടിച്ചു വന്ത്കേട്ടു താൻ കല്യാണം ശെഞ്ചാൻ… രണ്ടുവര്‍ഷമായും പുള്ളപൊറക്കലയാ.. എന്ന വേണാമെണ്ട്രു സൊല്ലിട്ടാൻ. ജയംകൊണ്ടത്തിലത്താൻ അവൻ കുടിയിരുക്കാൻ… നാൻ അപ്പടിയേ തിരുമ്പിവന്തിട്ടെൻ…… നന്നാച്ചു സാര്‍… തണ്ണിപോട്ട് എന്ന എപ്പോതും അടിപ്പാൻ സാര്‍ അന്ത തായോളി…. ഇപ്പൊ ഏതോ കൊഞ്ചം നിമ്മതിയാ ഇരുക്കേൻ സാര്‍.”

അയാളെ പിരിഞ്ഞതിനുശേഷമാണ് താൻ സമാധാനത്തോടെ ജീവിക്കുന്നതെന്ന് അവള്‍ പറയുമ്പോഴും ഒരു നിഗൂഢമായ വിഷാദം അവളെ ചൂഴ്ന്നുനിന്നു. നാലഞ്ചുപേര്‍ ഇതിനകം ടിക്കറ്റ്‌ വാങ്ങിപ്പോയി. അതിലൊരാള്‍ അവളോട്‌ “എന്നമ്മാ… സിന്നക്കണ്ണ്‍ സൌഖ്യമാക ഇരുക്കാനാ?” എന്ന് ചോദിച്ചിട്ട്, ഉത്തരത്തിനു കാത്തുനില്‍ക്കാതെ ധൃതിയില്‍ പ്ലാറ്റ്ഫോറത്തിലേക്ക് നടന്നുപോയി.

അഞ്ജല പോകാതെ അവിടെത്തന്നെ നിന്നു.ഒരിളം മഞ്ഞസാരിയായിരുന്നു അവള്‍ ഉടുത്തിരുന്നത്….

അതിലെ ചുവന്നപ്പൂക്കളും പച്ച ഇലകളും നോക്കി ഞാൻ നിന്നു .

“എന്ന യോശിക്കരെങ്ക?”

‘നീ… നീ… പോകലയാ?”

“അതെന്ന കേഴ്വി? പോകത്താനേ ടിക്കറ്റ്‌ എടുത്തേൻ,”

വളരെ സംശയിച്ചായിരുന്നു ഞാനപ്പോള്‍ സംസാരിച്ചിരുന്നത്. ഇവള്‍ പോകാൻ കൂട്ടാക്കാത്തതിന്റെ കാരണം ഞാൻ സംശയിക്കുന്നത് തന്നെയായിരിക്കുമോ? കൌണ്ടറിന് ചൂടുകൂടുകയും, ആ ചൂടില്‍ എന്റെ നാവ് വരളുകയും ചെയ്തു.

“നീ… വരുവായ് എന്ട്രു അക്കാവുക്ക് തെരിയുമാ?

അവള്‍ എന്നെ സൂക്ഷിച്ചു നോക്കി….. അവളുടെ സംശയത്തിനു അവളും ഉത്തരം തേടുകയാവുമോ?

“എപ്പടി തെരിയും? നാൻ അങ്കെ പോനാത്താനേ അവങ്കളുക്ക് തെരിയും.”

ഞങ്ങള്‍ രണ്ടുപേരും കളി നന്നായിത്തന്നെ കളിക്കാൻ തുടങ്ങിയിരുന്നു. ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു.

“നീ…നീ…. ഇന്ട്രു അങ്കെ പോകാട്ടി ഉൻ വീട്ടിലെ തെരിയുമാ?”

അവള്‍ ഒന്നും മിണ്ടാതെ നിന്നു. പിന്നെ വളരെ പതുക്കെ…. എനിക്ക് സംശയത്തിനു ഒരിടയും നല്‍കാതെ പറഞ്ഞു…

“അതെപ്പടി തെരിയും? അക്കാ ഇന്നുമെ ദീപാവലിക്ക് ബോണസ് കിടയ്ക്കുമ്പോത് താൻ വരുവാങ്ക…. അപ്പാഅമ്മാവെല്ലാം അങ്കെ പോകമാട്ടാങ്ക…അക്കാപുരുഷനുക്കും അപ്പാവുക്കും ആകവേ ആകാത്… എപ്പോതുമേ സണ്ടതാൻ..”

വണ്ടി തൊട്ടടുത്ത സ്റ്റേഷനായ ഒട്ടക്കോവില്‍ വിട്ടതിന്റെ സൂചനയായ മണിയടിയുടെ ഒച്ച പെട്ടെന്ന് ഉയര്‍ന്നു.

‘വണ്ടി….ഇപ്പോത് വന്തിടുമില്ലെ…?”

“ഉം… ഒട്ടക്കോവില്‍ വിട്ടാച്ചു….”

ആ സമയത്ത് എനിക്ക് അവളുടെ പേരറിയുമായിരുന്നില്ല.

അവിടെ വേറെയാരുമുണ്ടായിരുന്നില്ല.

“ഉൻ പേരെന്ന?”

“അന്ജല…. അപ്പ… കേക്കവേ മാട്ടീങ്കളോ എന്ട്രു നിനയ്തേൻ.”

“അന്ജല…. നീ പെണ്ണാടം പോകവേണ്ടാം….”

പറഞ്ഞുകഴിഞ്ഞപ്പോള്‍ ആശ്വാസവും ഭയവും ഒരുമിച്ചു അനുഭവപ്പെട്ടു.

“നീ…. ഇന്റ്ര് എന്‍ക്കൂട തങ്കുവായ?”

അവളൊന്നും പറഞ്ഞില്ല. രണ്ടു വയസ്സന്മാര്‍ ഓടിക്കിതച്ച് വന്നു.

“അയ്യാ… രണ്ടു പെണ്ണാടം കുടുങ്കോ……..”

അന്ജല ധൃതിയില്‍ അവരുടെ അടുക്കല്‍ ചെന്നു.

“അണ്ണാ…. ഇത് പെണ്ണാടം ടിക്കറ്റ്‌ താൻ…. നാം പോകല…. ഇത വാങ്കി എനക്ക് കാസ് കുടുക്കരേങ്കളാ..?”

എനിക്ക് എന്‍റെ കാതുകളെ വിശ്വസിക്കാനായില്ല …!!

വയസ്സന്‍ അവളുടെ ടിക്കറ്റ്‌ വാങ്ങിയിട്ട് അതിന്‍റെ പൈസയും കൊടുത്തിട്ട്, കൂടെയുള്ള ആളോട് “വണ്ടി വന്താച്ച്ടോയ്” എന്നും പറഞ്ഞു പ്ലാറ്റ്ഫോറത്തിലേക്കോടി.

അന്ജല എന്നെ നോക്കി ചിരിച്ചു.

“ഉനക്ക് ഇപ്പോത് സന്തോഷം താനേ?”

ഉങ്കളും സാറുമെല്ലാം എപ്പോഴാണ് ഉനക്ക് വഴിമാറിയത്?

“സെരി… വണ്ടിക്കു മുന്നാടിയെ എന്ന ഉന്നോട് വീട്ടില ഏത്തീട് … തെരിഞ്ചവങ്കയാരാത് ഇറങ്കപ്പോറാങ്ക…. അപ്പറം വമ്പാ പോയിടും.”

ഗ്രാമത്തിലേക്കുള്ള പാത ക്വാർട്ടെർസിന്റെ പിറകിലൂടെയാണ് പോകുക. ഞാൻ അഞ്ജലയോട് അവിടെ നില്‍ക്കാന്‍ പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍മാസ്റ്റര്‍ തൃശൂര്‍ക്കാരനായ ജോര്‍ജ്ജ് ആയിരുന്നു.

“ജോര്‍ജ്ജെ… ഞാനിപ്പോ വരാം… ഒന്ന് നോക്കിക്കോണേ.”

ഞാൻ വേഗം ക്വാട്ടേഴ്സിലേക്ക് നടന്നു. പൂട്ട്‌തുറന്ന് ഞാൻ അകത്തു കടന്നു.

പുറകിലുള്ള വാതില്‍ തുറന്നതും അന്ജല വേഗം അകത്തുകയറി.

വാതിലടച്ചുകുറ്റിയിട്ട ശേഷം, ഞങ്ങള്‍ അകത്തേ മുറിയില്‍ക്കയറി പരസ്പരം നോക്കിനിന്നു.

“ഏൻ എന്ന ഇപ്പടി പാക്കറെ?”

“ഒന്ട്രുമില്ലേ… ഒന്ന ഇപ്പോത്താന്‍ സരിയ ലൈറ്റ്ല പാക്കരേൻ.”

“പാക്ക റൊമ്പ എഴവാ ഇരുക്കേനാ?”

“നാൻ സ്റ്റേഷന്‍ക്കു പോയി അരമണി നേരത്തില വരേണ. നീ ഇങ്ക ഇര്.”

ട്രെയിന്‍ അപ്പോഴേക്കും പ്ലാറ്റ്ഫോറത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇറങ്ങാൻ ഏറെപേരൊന്നും ഉണ്ടായിരുന്നില്ല.

“പിന്നെ ടിക്കെറ്റൊന്നും പോയില്ലാട്ടോ.”

ജോര്‍ജ്ജ് പറഞ്ഞു.

ട്രെയിന്‍ പോയതും ഞാന്‍ ടിക്കറ്റ്‌ ക്ലോസ്ചെയ്ത്, പണമെണ്ണി തിട്ടപ്പെടുത്തി. ടിക്കറ്റ്‌ ചെസ്റ്റ് പൂട്ടി താക്കോല്‍ ജോര്‍ജ്ജിനെ ഏല്‍പ്പിച്ച്, ഞാൻ ക്വാർട്ടെർസിലേക്ക് പോയി.

അന്ജല വേഷം മാറിയിരുന്നു. എന്‍റെ ഒരു ടീഷര്‍ട്ടും കൈലിയുമായിരുന്നു അവള്‍ ധരിച്ചിരുന്നത്.

“അപ്പാ… ഇന്ത വെക്കത്തില ഇത് എവളവുസുഖമാ ഇരുക്ക്‌… നീങ്കയെല്ലാം കുടുത്തുവെച്ചവങ്ക… ശട്ടയക്കൂട കഴട്ടിപോട്ട് നടക്കലാം.”

“ടീഷര്‍ട്ടില നീ പാക്ക റൊമ്പ അഴകാ ഇരുക്കെ.”

“സുമ്മാ കിണ്ടല്‍ താൻ…. സാര്‍… നാനൊന്നും അഴകിയില്ലെ.”

“എൻ മറുപടിയും സാര്‍ എല്ലാം കൂപ്പിടരെ?”

“അപ്പടീനാ എന്ന പേര് ഒങ്കള്‍ക്ക്?”

“ഹരിഹരൻ….”

“കരികരനാ…. ഹഹഹ … നല്ല പേര്…!!”

മുറിക്കുള്ളിലെ ചൂട് അസഹനീയമായപ്പോള്‍ ഞാന്‍ ഷര്‍ട്ടഴിച്ചു അഴയിലിട്ടൂ. എന്‍റെ മുഖത്തും നെഞ്ചിലും മാറിമാറി നോക്കി, അന്ജല നിന്നു.

ഞാനവളെ എന്നോട് ചേര്‍ത്തണച്ചു.

“ആമാ… നീങ്ക അയ്യര്‍ താൻ എന്ട്രു എല്ലാരും സൊല്ലറാങ്കളെ… മായാവാനോട് വീട്ടിലകൂട അപ്പിടിത്താന്‍ സൊല്ലിച്ച്.”

“നാൻ യാരാ ഇരുന്താ ഉനക്കെന്നാ…..? ഇപ്പൊ നാൻ ഉൻ തോമ്പൻ…. പോതുമാ…?”

അവള്‍ എന്‍റെ പിടിയില്‍ നിന്ന് വിട്ടുമാറിയിട്ട് നിലത്തിരുന്നു.

“തോമ്പനാ… നീങ്കളാ…? ഉങ്കള്‍ക്കെന്ന തെരിയും അതയപ്പറ്റി?”

“നാൻ ഏതോ സുമ്മാ ഒരു വേടിക്കയ്ക്ക് താനേ അപ്പടി സോന്നേൻ…. അല്ലാമേ ഉന്നൈ നാൻ കിണ്ടല്‍ ശെയവേനാ?”

അന്ജല എന്തോ ആലോചിച്ചിരുന്നു.

“എൻ അപ്പാക്കൂട സിന്നത്തില ഇങ്ക അടിക്കടി വരുവേൻ… തെരിയുമാ…? ഒങ്ക കക്കൂസില പീ വാരത്താൻ അപ്പാ വരുവാര്. ഒരു വാട്ടി… ഇതേ ഇങ്കെ കുടിയിരുന്ത ആള് അപ്പാകിട്ടേ വീടെല്ലാം കൂട്ടി ശുദ്ധമാക്കണം.. എന്ക്കിട്ടെ കൊഞ്ചം ശെയ്യശൊല്ല മുടിയുമാ എന്ട്രു കേട്ടാര്… എതോ രണ്ടുകാസ് കിടയ്ക്കുമെണ്ട്രു നിനൈത്ത് അപ്പാവും ഒത്തുക്കിട്ടാര്… ഇന്ത റൂമ സുദ്ധംപ്പണ്ണി അടുക്കളയിലെ നാൻ എറിനതും അന്തയാള്‍ ഉള്ളെ വന്തിട്ടാന്‍… എനക്ക് ഭയമാപ്പോച്ച്… എപ്പടിയോ നാൻ നഴുവി വെളിയെ ഓടീട്ടെൻ..”

തെല്ല് നേരം അവള്‍ നിശ്ശബ്ധയായി.

“അതുക്കുപ്പിറക് ഇതുക്കുള്ള ഇന്ട്രുതാന്‍ വരേന്‍.”

“ഇതെല്ലാം… എപ്പോ നടന്തത്?”

“ഒരു പതിനഞ്ചു വര്‍ഷമായിരുക്കും യാ… നാൻ വയസ്സുക്കെ വല്ലേ … അപ്പറം റെയില്‍വേല അന്ത കക്കൂസയെല്ലാം മൂടിട്ടാങ്ക…. പുതുസാ വേറെ കെട്ടവുമില്ലേ…. ഉങ്കളമാരി വെളിനാട്ടിലേന്തു വറവങ്കളുക്ക് റൊമ്പ കഷ്ടമാച്ച് ഇല്ലേ….? നാൻ ഓടുംപോത് അന്തയാള്‍ എന്ന കത്തിനാൻ തെരിയുമാ? പോടീ… തോമ്പപ്പുണ്ടേ… ഉനക്കെല്ലാം തോമ്പൻത്താൻ ലായക്കെടി… റൊമ്പ കോവമാ കത്തിനാൻ.”

അന്ജല എഴുന്നേറ്റ് എന്‍റെയടുക്കല്‍ വന്നുനിന്നു. അവളെ ഞാകോ  ചേര്‍ത്ത്നിര്‍ത്തി. അവളുടെ മുഖമുയര്ത്തി അവളുടെ ചുണ്ടുകളില്‍ ഞാൻ ചുംബിച്ചു. എന്‍റെ ദേഹത്തിനുചുറ്റും അവള്‍ തന്‍റെ കൈകള്‍ ചുറ്റിവരിഞ്ഞു.

“ഒങ്ക… നൂല്‍ കാണുമേ… നാൻ അതത്താൻ പാത്തേൻ.”

“നാൻഅത് പോട്ടതേ ഇല്ലെ.”

“അടേങ്കപ്പ!! വീട്ടിലെയെല്ലാം ഒതുണ്ട്ട്ടാങ്കളാ?”

ടീഷര്‍ട്ടിനുള്ളിലൂടെ അവളുടെ നഗ്നമായ പുറം ഞാൻ തടവിക്കൊണ്ടിരുന്നു.

“കുന്തുവോമാ?”

ഞങ്ങള്‍ നിലത്തിരുന്നു.

“വെക്ക റൊമ്പ ജാസ്തിയാ ഇല്ലെ.”

ഞങ്ങള്‍ വിവസ്ത്രരായി. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ സങ്കടങ്ങള്‍ ഈ കോളനിയും സ്റ്റേഷനും അവളിലുണര്ത്തുന്നുണ്ട്.

“നീ കര്‍പ്പൂരം സാപ്പിടുവായാ?”

“ഛീ..! കണ്ട്രാവി … പൊറന്തതിലേന്തു അതോടു വാടതാൻ എപ്പോതും… കാലൈല പീ വാരവരുമ്പോത്‌ അപ്പാ നല്ലാ കുടിച്ചിട്ടുതാൻ വരുവര്…. എന്നയ വേണ്ടാമെണ്ട്രു വച്ച ശനിയനും ദെനവും അതവേകുടിത്ത് താൻ എന്നയെ കൊടുമപ്പെടുത്തിനാൻ… തേവിടിയാപ്പുള്ളേ…!! ആമാം… നീയെതുക്കയ്യ ഇന്ത വെഷത്തെയെല്ലാം സാപ്പിടരെ? എതപ്പോട്ടുതാൻ കാച്ചിതൊലയ്ക്കരാങ്കളോ എന്നമോ?”

അന്ജല എന്നിലേക്ക്‌ ചാഞ്ഞു. ഫാൻ അഞ്ചിലാണ് ഓടിയിരുന്നതെങ്കിലും അതില്‍ നിന്നും വന്നിരുന്നത് നല്ല ചൂടുള്ള കാറ്റായിരുന്നു. ഞങ്ങള്‍ ഇരുവരും നന്നേ വിയര്‍ത്തിരുന്നു.

അവളുടെ ചെറിയമുലകളും, വയറും, പൊക്കിളും ഞാന്‍ ഉമ്മവെച്ചു. അന്ജല അവളുടെ ഇരുകൈകളുംകൊണ്ട് എന്‍റെ തലയുടെ ഇരുവശത്തും പിടിച്ചു ബലമായി മുകളിലേക്ക് വലിച്ചു.

“യ്യോ..!! എന്നയ്യ പണ്ണറെ?”

അവളുടെ കൈകള്‍ ഞാൻ അടര്‍ത്തി മാറ്റി.

കേന്ദ്രികം

 

 

 

അങ്ങ് ദൂരെ, കരുണാലയത്തിന്‍റെ ഇറയത്തെ തൂണുംചാരി ഒരു കറുത്ത തമിഴൻ ഇപ്പോഴും ഉറക്കെ പാടുന്നുണ്ടാകുമോ?

“നം വാഴ്വില്‍ക്കാണാ സമരസം ഉലാവും ഇടമേ….”

പൊക്കിളും താണ്ടി താഴോട്ടുപോകവേ ഞാൻ മുഖമുയര്‍ത്തി അന്ജലയെ നോക്കി. ആകാംക്ഷയോടെ അവള്‍ വേണ്ടെന്നു തലയാട്ടി.

“ഏതിലയാവതെല്ലാം ഉനക്ക് സമരസം വേണ്ടാമാ..?”

“എന്നയ്യാ സൊല്ലറെ? എങ്കള്‍ക്കെല്ലാം എതുലയ്യ സമരസം കിടയ്ക്ക പോകുത്‌?”

എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ അഞ്ജലയുടെ പെണ്‍പുഷ്പം നിറഞ്ഞുനിന്നു. പതുക്കെ അവളുടെ തുടയില്‍ ഞാൻ തട്ടിയപ്പോള്‍ അവള്‍ കാലുകള്‍ വിടര്‍ത്തി. മനോഹരമായ ആ ശംഖുപുഷ്പ്പത്തെ ഞാൻ ചുംബനങ്ങള്‍ കൊണ്ട് മൂടി.അഞ്ജലയുടെ കൈകള്‍ വീണ്ടും എന്റെ തലയില്‍ പിടുത്തമിട്ടിരുന്നു. എന്നാല്‍ അവ ഇപ്പോള്‍ എന്നെ മുകളിലേക്ക് വലിച്ചില്ല.

ഏറെ നേരം കഴിഞ്ഞ് ഞാൻ തലയുയര്‍ത്തിയപ്പോള്‍, അവള്‍ കണ്ണടച്ച് കിടക്കുകയായിരുന്നു. അവളുടെ എണ്ണമയമില്ലാത്ത മുടിയിഴകളിലൂടെ ഞാൻ വിരലുകളോടിച്ചു. അന്ജല കണ്ണ് തുറന്നു എന്നെ നോക്കി.

“ഇതുതാൻ ഉൻ സമരസമാ?”

അവള്‍ കിതപ്പോടെ ചോദിച്ചു.

“നാൻ ടിഫിൻ ഏതാവത് വാങ്കിവറേൻ. ഗാന്ധിയാര് കടയമൂടിനാലും മൂടിടുവര്.”

ഗാന്ധിയാരോട് ഒരു പത്ത്ചപ്പാത്തിയുണ്ടാക്കാൻ പറഞ്ഞിട്ട് ഞാൻ ഒരു ബഞ്ചിലിരുന്നു.

“യാര് സാര്‍ വിരുന്താളി?”

“ട്രെയിനിങ്ങിലെ കൂട ഇരുന്ത ഒരു പയ്യൻ വന്തിരുക്കാൻ.”

പൊതിമേടിച്ചു, കാശുകൊടുത്ത് തിരിഞ്ഞപ്പോഴാണ് അയാള്‍ പതിഞ്ഞ സ്വരത്തില്‍ അത് പറഞ്ഞത്.

“പാത്തിരുങ്ക സാര്‍… എന്നെന്നവോ ശീക്കെല്ലാം ഇറുക്കറതാ സൊല്ലറാങ്ക… വൈദ്യം കൂട കെടയാതാം… ഏതോ എനക്ക് പട്ടത നാൻ സൊല്ലീട്ടെൻ..”

എന്‍റെ വീട്ടില്‍ അന്ജല വന്നിരിക്കുന്നത് ഇയാള്‍ എങ്ങിനെ അറിഞ്ഞോ ആവോ? സെന്തുറയിലെ നിരത്തുകള്‍ക്കും പാടങ്ങള്‍ക്കും വരെ കണ്ണും ചെവിയുമുണ്ടോ?

ഞാൻ തിരിച്ചെത്തിയപ്പോള്‍ അന്ജല പായയില്‍ കിടക്കുകയായിരുന്നു.

“പസിക്കലയാ ഉനക്ക്?”

“സത്ത് നേരം എങ്കിട്ട പടുങ്കളെൻ.”

ഞാൻ അവളുടെ അരയ്ക്കുചുറ്റിപ്പിടിച്ച് ചേര്‍ന്നുകിടന്നു.

“നീങ്ക ഇന്ത ഊരില എവളവുകാലം ഇരുപ്പേങ്ക?”

“ഒരെടത്തില നാലുവര്‍ഷം ഇരുക്കലാം… അതുക്കു അപ്പ്രം എങ്ക പോക സൊല്ലറാങ്കളോ അങ്ക പോയ്യെ ആകണം..”

“പഹല്‍പ്പൂരാ പോസ്റ്റ്‌ആഫീസില വേലയാ ഇരുന്തത്… അവങ്ക പുതിയ ഇടത്തുക്ക് ആഫീസ മാത്തറാങ്കോ… അപ്പാ..എമ്ബുട്ട് സാമാനമിരുക്ക് തെരിയുമാ അങ്കെ? എല്ലാത്തയും നാനും മാരിയുംതാൻ ഒന്നൊന്നാക കൊണ്ടുപോയി വെച്ചോം… സാങ്കാലം മുടിയാമത്താൻ ട്രെയിനേറ വന്തേൻ.. നീങ്ക കൂപ്ടപോതുകൂട മൊതല സന്ദേഹപ്പെട്ടേൻ… എന്നാല മുടിയുമാ എന്ട്രു… ഇപ്പൊ റൊമ്പ നിമ്മതിയാക ഇരുക്ക്‌…”

ചപ്പാത്തിയും കറിയും കഴിച്ച ശേഷം, ഒരു വിൽസും വലിച്ചു ഞാനിരുന്നു. അന്ജല ഞാൻ പുകയൂതി വിടുന്നതും നോക്കി ഏതോ ആലോചനയില്‍ മുഴുകിയിരുന്നു. മേശയുടെ വലിപ്പുതുറന്നു ഞാൻ കാസ്സെറ്റുകളുടെ ഇടയില്‍നിന്നും K എന്നു നീലമഷിയാല്‍ അടയാളപ്പെടുത്തിയിരുന്ന ഒരെണ്ണമെടുത്ത് പ്ലേയറിലിട്ടൂ. B സൈഡിലെ രണ്ടാമത്തെ പാട്ടാണത്.

സീര്‍കാഴിയുടെ സ്വരം മുറിയിലുയര്‍ന്നു…

“നം വാഴ്വില്‍ക്കാണാ സമരസം ഉലാവും ഇടമേ….”

“ഇന്ത പാട്ട് നീ കേട്ടിരുക്കായ ?”

“എപ്പോതെല്ലാമോ കേട്ടിരുക്കേനയ്യ… ആമാം… ഇപ്പൊ എതുക്ക്‌ നീ പാട്ട് വെച്ചേ? ഉനക്ക് വിഷയം മുടിയല്ലേ ഇല്ലേ?”

“മനുഷ്യങ്കവാഴ്ക്കയിലില്ലാത സമരസം സാകുമ്പോത് കിടയ്ക്കുമെണ്ട്രു താനേ അവര്‍ പാടുകിരാര്‍…. പുരിഞ്ചിതാ ..?”

“ഹും…!! സാകുമ്പോതു കൂട എങ്കയ്യ സമരസം എങ്കള്‍ക്ക്‌? പൊണത്തക്കൂട പൊതുവിടത്തില കൊണ്ട്സെല്ല മുടിയാത്… ഊരസുത്തി വേണം നാങ്ക സുടുകാട്ടുക്ക്കൂട പോക…”

വിയര്‍പ്പില്‍, ചേര്‍ന്നൊട്ടിയാണ് ഞങ്ങള്‍ കിടന്നത്.

രാവിലെ അഞ്ചുമണിക്ക് അലാറത്തിന്‍റെ ഒച്ച ഞങ്ങളെ ഉണര്‍ത്തി. അന്ജല എഴുന്നേറ്റു നിലത്തു അഴിച്ചിട്ടിരുന്ന എന്റെ ടീഷര്‍ട്ടും കൈലിയും മടക്കി മേശപ്പുറത്ത് വെച്ചു. ക്വാട്ടര്‍സിന്‍റെ പുറകിലുള്ള തൊട്ടിയില്‍നിന്നും വെള്ളമെടുത്ത് അവള്‍ മുഖം കഴുകി. ഇരുളില്‍ അവളുടെ കറുത്ത ശരീരം കാണാനേയുണ്ടായിരുന്നില്ല. ഞാന്‍ ലൈറ്റ്ഇട്ടു. കൊടുത്ത പേസ്റ്റ് വിരല്‍ത്തുമ്പിലാക്കി അവള്‍ വേഗം പല്ല്തേച്ചു.

“ഒരു തുണ്ട് കുടയ്യ.”

അഴയില്‍ക്കിടന്നിരുന്ന തോര്‍ത്തെടുത്ത് ഞാൻ കൊടുത്തു. മൂന്നുനാലു തൊട്ടി വെള്ളം അവള്‍ തലവഴി ഒഴിച്ചു. തലയും ശരീരവും തുവര്‍ത്തി, അകത്തേക്ക് വന്ന അവള്‍ വേഗത്തില്‍ പാവാടയും ബ്ലൌസും അണിഞ്ഞു. നിറംമങ്ങിയ മഞ്ഞ സാരിയുംചുറ്റി, മേശമേല്‍ കിടന്നിരുന്ന ചീപ്പെടുത്തു മുടി ചീകി പുറകോട്ടു ഒതുക്കിക്കെട്ടി.

“എപ്പടി… സൂപ്പറാ ഇരുക്കേനാ?”

ഞാനവളെ ഒന്ന് കെട്ടിപ്പിടിച്ചു.

“ശെരി… വരേൻ..”

“പാത്തു പോ, അന്ജല..”

“മുടിയുംപോത് കണ്ടിപ്പാ വാറേൻ.”

പുറത്തിറങ്ങി, കൈകൊണ്ട് യാത്ര പറഞ്ഞിട്ട് അവള്‍ ഇരുളില്‍ ലയിച്ചു.

തിരികെ മുറിയില്‍ക്കയറുമ്പോള്‍ വരുന്ന ചൊവ്വാഴ്ച എങ്ങനെയും പൊൻപരപ്പിയിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.

Comments

comments