ജീവപ്രപഞ്ചത്തിലെ എന്തും കവിക്ക് വിഷയം ആണ്. പ്രത്യക്ഷവും പരോക്ഷവുമായി ആ പ്രപഞ്ചത്തിലെ ഓരോ ഘടകവും കാവ്യ ജീവിതവൃത്തിയിലെ ഊടും പാവും ഒരുക്കാനായി തെരഞ്ഞെടുക്കപ്പെടാം. കാല്പനിക കാവ്യ വഴിയില് ഭൌതിക സാഹചര്യങ്ങള്‍ അതി വിചിത്രവും സുന്ദരവും നിര്‍വചനാതീതവുമായി മാറ്റങ്ങള്‍ വരുത്തിച്ചേർക്കുന്നു. കവി ഏകപ്രജാപതിയായി വാഴുന്ന ഈ കാവ്യ സംസാരത്തിൽ കവിപ്രതിഭയ്ക്ക് വിഷയമാവുന്നവയും കവിമനസ്സിലൂടെ കടന്നുപോകുന്നവയും ഏകലോചനരീത്യാ അന്യോന്യ വിഭിന്നങ്ങള്‍ ആയവയെ ഒരുമിച്ച് വിളക്കിചേർക്കുന്നു. കവിമനസ്സിലൂടെ കടന്നു പോകുന്നവ അനന്യമായ ഉല്‍ക്കർഷത്തിലേക്കാണ് എത്തുന്നത്. ചങ്ങമ്പുഴക്കവിതയിലെ പുല്‍ക്കൊടിയും മഞ്ഞുകണവും മണ്‍തരിയും കാവ്യ ഭൂമികയിൽ എന്തൊരു അനശ്വര പ്രതീകത്തിന്റെ പദവിയിലേക്കാണ് ഉയര്‍ന്നത്.

ഓ.എന്‍.വി കവിതകളിലെ ജീവപ്രപഞ്ചം വായനക്കാര്‍ക്കെല്ലാം അതിപരിചിതം ആണ്. നേരിട്ടു കാണാന്‍ കഴിയുന്നതിനും അപ്പുറം എഴുതപ്പെടാത്ത, കാണപ്പെടാത്ത ലോകങ്ങളിലേക്കുള്ള ഒരു ദൂരയാത്രയായി അവ മാറുന്നു. ദൂരദർശനകൃശങ്ങൾ എങ്കിലും ഹൃദയത്തോടൊത്തുള്ള വായനയിൽ അവ വിപുലമായ ഒരു അനുഭൂതി സാകല്യമായി നിലകൊള്ളുന്നു.

bk_7249

ഭൌമ സദാചാരത്തിന്റെ വിരൽത്തുമ്പിൽ തൊടാന്‍ ആഞ്ഞുനിന്ന പുതുകാല കാവ്യ ജീവിതവും സാമൂഹ്യ ബോധവും കവിതകളിലേക്ക് ഉണർത്തിയെടുത്ത കവിയാണ് ഓ.എന്‍.വി. ഭൂമിക്കൊരു ചരമഗീതത്തില്‍ അതിന്റെ തിരപ്പുറപ്പാട് നാം കണ്ടു. കേവലജീവിതാനന്ദത്തില്‍ നിന്നു മിസ്റ്റിക് അനുഭൂതിയിലേക്ക് ആന്ദോലനം ചെയ്യുന്ന കാവ്യ ചേതനയായിരുന്നു ഓ.എന്‍.വിയുടേത്.

ഓ.എന്‍.വി ഏറ്റവും മുഗ്ധനായി പാടിയത് ഈ മൺ വാസനയുടെ വൈപുല്യങ്ങളെക്കുറിച്ച് തന്നെ. തന്നെ തൊട്ടും തൊടാതെയും കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ ..എന്തൊരു അദ്ഭുതമായാജാലം ആണത്. കവിയുടെ മായാ പിഞ്ഛികയാൽ എന്തൊരു ഉന്‍മിഷദ് ഭാവം ആണ് ഈ ഭൂമിയിലെ ഓരോന്നും കൈവരിക്കുന്നത്. ഓ.എന്‍.വി കവിതകള്‍ മലയാള കാല്പനിക കാവ്യ ചരിത്രത്തിലെ പൂക്കളം പോലൊരു ദശയെ അടയാളപ്പെടുത്തിയാണ് കടന്നുപോയത്.

“പാവമാമീ വൃക്ഷത്തിന്‍ വേരുകള്‍ പരതിച്ചെന്നാ-
വിശുദ്ധമാം ശോണ തീര്‍ഥത്തെ സ്പര്‍ശിക്കുമ്പോള്‍
ചില്ലകള്‍ തോറും ഉഷസ്സന്ധ്യ പോല്‍ വിടരുന്നു
നല്ല പൂവുകള്‍! ഞാനാ പൂക്കളെ സ്നേഹിക്കുന്നു..”

ഓ.എന്‍.വി തന്റെ കാവ്യ ജീവിത വൃത്തിയില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തിയ പൂക്കളും പറവകളും അനേക ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രതീകങ്ങളും ഉപമാനങ്ങളും ആയിരുന്നു.

“ആതിരനിലാവ് പോല്‍ വെണ്‍മയുറ്റവര്‍
തിരുവാതിരത്താരം പോലെ തീപ്പൊരി നിറമുള്ളോര്‍
ഇളവെയ് ലൊളി പോലെ തൂമഞ്ഞ ത്തുടിപ്പുള്ളോര്‍
കുളിര്‍ സന്ധ്യ പോല്‍ നറുംകുങ്കുമക്കുറിയുള്ളോര്‍
കാറോളി വാനംപോലെ കരിനീലിമയാര്‍ന്നോര്‍
നൂറു പൂവുകളൊന്നിച്ചുണര്‍ന്നു ചിരിക്കുന്നു “bk_3668

ഉദ്വേഗത്തിന്റെ — ആകുലതകളുടെ പ്രശ്നപരിസരങ്ങളിലേക്ക് കടന്നു ചെല്ലുന്നുണ്ട് പലപ്പോഴും എങ്കിലും ആ കവിതകള്‍ ഒരു പൂക്കാലത്തിന്റെ നിറവില്‍ സമ്പന്നമാകുന്നു. “ചത്ത വേരുകള്‍” ഒരു പക്ഷേ പ്രകൃതിയെ കുറിച്ചുള്ള ഏറ്റവും തരളമായ നോട്ടങ്ങൾ ആണ് കാണിച്ചു തന്നത്. പൂവിന്റെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളെ സ്ത്രൈണചേതനയിൽ ഇണക്കിച്ചേര്‍ത്ത ആ കവിത മലയാളിയുടെ സ്വകാര്യ ആനന്ദം ആണ്.

“നിന്റെ നോട്ടങ്ങളാം കണ്ണാംതളികളെ
നിന്‍ കണ്ണിന്‍ ദണ്ണച്ചുവപ്പിന്റെ പൂക്കളെ
നീയേതു കോവിലിലോ പൊയ് തൊഴുതു
വന്നേകിയ മഞ്ഞള്‍ പ്രസാദമാം തെച്ചിയെ
നീ ചിരിക്കെ പൂത്ത തുമ്പയെ, രാവില്‍ നിന്‍
നീല മുടിച്ചാർത്തഴിഞ്ഞതിന്‍ മാദക
സൌരഭമാകെ കവർന്ന പൂക്കൈതയെ .
മാറിലൊളിപ്പിച്ച.പ്രേമലേഖം പിന്നെയാരുമേ
കാണാതെടുത്ത് ചുംബിച്ചു നീ വായിക്കേ
ആകെത്തുടുത്ത കവിളിലെ വാസന ചെമ്പനീര്‍പ്പൂക്കളെ .”

ഈ വരികളിലൂടെ കടന്നു പോകുമ്പോള്‍ ഓരോ വ്യക്തിയും തന്റെ പ്രണയ കാമനകളെ ത്തന്നെയാണ് തൊട്ടും തലോടിയും നെഞ്ചോട് ചേർത്തും അനുഭവിക്കുന്നത്. പൂക്കളെ സ്നേഹിക്കുന്നവൻ ജീവിതത്തെ സ്നേഹിക്കുന്നു. ഒരു വീണപൂവിൽ തുടങ്ങിയ മലയാള കാല്പനിക കവിതയുടെ ഗതിമാറിയുള്ള യാത്ര ഓ.എന്‍.വി കാലത്ത് താരും തളിരും നിറഞ്ഞ പ്രകൃതിയിലേക്ക് പടർന്നൊഴുകും വിധമാകുന്നു.

bk_250പൂക്കള്‍ പ്രത്യക്ഷ ബിംബവും പ്രതീകവും എല്ലാമായി ഇവിടെ നാം കാണുന്നു. അതി നിസ്സാരമെന്ന രീതിയില്‍ വെറുതെ പോകാന്‍ ഈ കവി നമ്മെ വിടുന്നില്ല.

നിന്നോടൊത്തുയരുവാന്‍ ആശിപ്പു ഞാനെന്നാലും
എന്റെ പാഴ് തൊടിയിലെ പൂവിനെ സ്നേഹിപ്പൂ ഞാന്‍..(കടല്‍പ്പക്ഷിയോട് )

ഞെട്ടറ്റു വീഴുന്നുണ്ടാമല്‍പഫുല്ലമാമൊരു
പുഷ്പമെന്നില്‍ നിന്നേതോ മൌനത്തിന്‍ മരുഭൂവില്‍..(എഴുതാത്ത കവിത)

ആതിരപ്പൂവില്ല നിന്‍ മുടിയില്‍.., നീയോരാ-
തിരപ്പൂവിന്റെയീറനാം പുഞ്ചിരി… (താമരവിത്ത്)

മുരടിച്ചു പോയിന്നെന്‍ കണ്ണുകള്‍ പക്ഷെയെന്റെ-
കരളിലുണ്ടാ കൊച്ചു പൂക്കളുമീണങ്ങളും (പൂക്കളുമീണങ്ങളും)

ഓ.എന്‍.വി കവിതാലോകം അങ്ങനെ അത്യാഗാധമായ ദർശനത്തെ ആവിഷ്ക്കരിച്ചു കൊണ്ടല്ല നമ്മെ സ്പര്‍ശിക്കുന്നത്.. മറിച്ച്, ഇന്നലെ കണ്ടുകഴിഞ്ഞൊരു മൃദുസ്വപ്നത്തിലെ അതിക്ഷണികമായ ഒരംശത്തെ എത്ര കുടഞ്ഞു കളഞ്ഞാലും പോകാന്‍ വിടാത്ത മട്ടില്‍ ചാരുത കൊണ്ട് നമ്മെ കെട്ടിയിടുന്നു. താമരനൂലിന്റെ ഈ കെട്ടുകള്‍ നാം എങ്ങനെ കണ്ടില്ലെന്നു നടിക്കും? “പനിനീര്‍പ്പൂവിന്റെ കണ്ണീര്‍വാറ്റിയ മണം” എന്ന അത്തറിന്റെ ഉപമ ഓര്‍ക്കുക. ലഭിക്കുക, സാധിക്കുക എന്ന അർത്ഥത്തിൽ ഓ.എന്‍.വി പൂക്കുക എന്ന പ്രയോഗം പലപ്പോളും സ്വീകരിച്ചു. കർതൃത്വ ഭാവത്തിന്റെ മൂർത്തീകരണം ആയിരുന്നു ഓ.എന്‍.വി ക്കു പൂക്കളും പുഷ്പിക്കലും. പൂവിന്റെ ജീവിതചക്രം – പൂ വിരിയും കാലം – അതിലായിരുന്നു ഓ.എന്‍.വി കവിത ഉയിരെടുത്തത്. വേനല്‍ ചൂടിനെ സൌവര്‍ണ്ണ സൌഗന്ധികമാക്കുന്ന കാവ്യജീവിതം കൈ വെടിഞ്ഞു മറ്റൊരു വാഴ് വിലേക്ക് മാറും പോലെ… ആ കവിയും പോയ്മറഞ്ഞു. ഒരുവേള ഒരു പുനരധിവാസം തന്നെ!01TVF_ONV_260771e

തന്നുടൽ മൂടും സുവർണ്ണ ഭൂഷകൾ അഴിച്ചു കൊണ്ട് പച്ചപ്പരുക്കനുടുക്കുന്ന കൊന്നപ്പെണ്ണിനെപോലെ മറ്റൊരു ഋതുചക്രത്തിലേക്കുള്ള പുരോയാനം.. ഈ മണ്ണിനെ തൊട്ടറിയാന്‍ അറിയാത്ത വനസ്ഥലികളില്‍ നിയേതു കണ്ണുകള്‍ എന്നു കവി വിട്ടുപോയ ലോകത്തിരുന്നു നമ്മളും ചോദിക്കുന്നു. തനിക്ക് പറയുവാനുള്ളത് സൌമ്യ വചനങ്ങളാല്‍ -ചിലപ്പോള്‍ സന്ദേഹിയായി മൌന വത്മീകത്തിന്റെ വക്കു പൊട്ടിക്കുന്ന പോലെ കുറിക്കുന്ന കവി പൂക്കൾ മരത്തിന്റെ സ്നേഹ ഭാഷയാണെന്ന് പറഞ്ഞു.

“ജാലകത്തിന്‍ പഴുതിലൂടെ നവ
ജാത ചമ്പക പൂ നിന്നെ തേടുന്നു
പാവമാമീ ചെടിയുമതിന്‍ സ്നേഹ-
ഭാവനകള്‍ക്കൊരു ഭാഷ തോറ്റുന്നു…”

അനന്യമാം വിധം പൂക്കളുടെ പ്രളയപയോധിയില്‍ ഒഴുകി നടന്നവന്‍ എന്നു ഈ കവിയെക്കുറിച്ച് പറയാം. അത്ര വൈവിധ്യം… ചട്ടിയിലെ ബോൺസായ് ജീവിതങ്ങള്‍ക്ക് ഇടയില്‍ ഒരു പൂക്കൂടയ്ക്ക് കീഴില്‍ എന്ന പോലെ ഈ കവനജാലം നമ്മെ സാന്ത്വനിപ്പിക്കുകയും പ്രകൃതി നമുക്കായി ഒരുക്കി വെച്ചതെന്തെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

വിശേഷണങ്ങളുടെ വലിയ തോരണങ്ങൾ തൂക്കിയിട്ടിരിക്കുന്ന കവിനാമ സൂചികകൾ … കടന്നു പോയവർ അടയാളപ്പെടുത്തിയ വാക്‍ഫലകങ്ങള്‍… ഇവിടെ കവി ബാക്കി വെച്ചു പോയ കവിതാജലശയ്യകളിൽ മുങ്ങിയാഴ്ന്നവര്‍ക്ക്, അന്ധമായ ജനിമൃതികളുടെ ആഴം അറിയാത്തവര്‍ക്ക് അകമേ പറയാന്‍ ഇതേയുള്ളൂ…

നീ പ്രിയ കവി… പറവയോടൊത്ത് പാറിയവൻ… പൂക്കളിൽ പള്ളി കൊണ്ടവൻ…

Comments

comments