ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരു വിദൂരയാഥാർത്ഥ്യമല്ല, സമീപയാഥാർത്ഥ്യമാണ് എന്ന് തൊട്ടറിഞ്ഞ നാളുകളിലൂടെയാണ് ലോകം കടന്നു പോവുന്നത്. ചിലയിടങ്ങളിൽ ഹിമവർഷം, ചിലയിടങ്ങളിൽ വെള്ളപ്പൊക്കം മറ്റു ചിലയിടങ്ങളിൽ  വരൾച്ച. ഏഷ്യയിലെ വൻ വരൾച്ചയെക്കുറിച്ചുള്ള വാർത്തകൾ ശമിക്കും മുമ്പ് തന്നെ വെള്ളപ്പൊക്കകെടുതികളെപ്പറ്റിയുള്ള വാർത്തകൾ യൂറോപ്പിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഉത്തര-ദക്ഷിണധ്രുവങ്ങളിലെ പുരാതന ഹിമാനികൾ ഭയാനകവേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളിൽ നാല് ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ കടൽമഞ്ഞ് ഉരുകിതീർന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് ഇൻഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ  മദ്ധ്യപ്രദേശും ബിഹാറും കൂട്ടിച്ചേർത്താൽ കിട്ടുന്ന അത്രയും വിസ്തൃതിയിൽ. മാത്രമല്ല ശേഷിച്ച മഞ്ഞുപാളികളുടെ കനം പ്രതിവർഷം 10 സെന്റിമീറ്റർ എന്ന തോതിൽ കുറഞ്ഞുക്കൊണ്ടുമിരിക്കുന്നു.arcticice-1

ക്രയോസാറ്റ് എന്ന യൂറോപ്യൻ ഉപഗ്രഹമാണ് കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഈ കണക്കുകൾ ലഭ്യമാക്കിയത്. ദക്ഷിണധ്രുവത്തിന്റെ  പടിഞ്ഞാറൻ ഹിമപ്രദേശങ്ങൾ ഉരുകിയാൽ മാത്രം സമുദ്രനിരപ്പ് അഞ്ച്മീറ്റർവരെ ഉയരാനിടയുണ്ടെന്ന് അന്റാർട്ടിക്കയെപ്പറ്റി മുഖ്യഗവേഷണം നടത്തുന്ന  ഡേവിഡ് വാഗ്ഗൻ (കേംബ്രിഡ്ജ് സർവ്വകലാശാല, ഇംഗ്ലണ്ട്) മുന്നറിയിപ്പ് തരുന്നു. ഹിമയുരുക്കം ഇന്നത്തെ നിലയിൽ തുടരുന്നുവെങ്കിൽ 2100-ഓടെ കരപ്രദേശങ്ങൾ നാമമാത്രമായിതീരുമെന്നും അദ്ദേഹം പറയുന്നു. അതായത് പ്രകൃതി അതിന്റെ സൗമ്യഭാവങ്ങൾ വെടിയുകയാണ്. കേരളവും ഈ തിക്താനുഭവങ്ങളിലൂടെയാണ് കടന്നു വന്നത്. വേനൽ അക്ഷരാർത്ഥത്തിൽ തീക്കൊള്ളിയായിതീർന്നു. സൂര്യൻ ഭൂമിയിലേക്കിറങ്ങി വന്നു. സൂര്യതപവാർത്തകൾ മാധ്യമങ്ങൾക്ക് സ്ഥിരം മേമ്പൊടിയായിതീർന്നു. വറ്റിപോയ പുഴകൾ കണ്ടു. കുടിവെള്ളം കിട്ടാക്കനിയായ ഗ്രാമങ്ങളുടെ കരച്ചിൽ കേട്ടു. ഈ കലികാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന വേവലാതികൾ എല്ലാവരും ഒരുപോലെ പങ്കുവെച്ചു.

വരൾച്ചയും വെള്ളപ്പൊക്കവുമൊന്നും മനുഷ്യകുലത്തെ സംബന്ധിച്ച് പുതിയകാര്യങ്ങളല്ല. ചരിത്രത്തിന്റെ വിവിധ കാലങ്ങളിൽ അത്തരം നിരവധി സംഭവങ്ങൾക്ക് മനുഷ്യൻ വേദനയോടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽപെടുത്തിയാണ് മനുഷ്യൻ അത് സഹിച്ചു പോന്നത്. എന്നാൽ പുതിയകാലത്തെ കൊടുംവേനലും വെള്ളപ്പൊക്കവുമൊന്നും പ്രകൃതിയുടെ തലയിൽ കെട്ടിവെക്കാൻ പറ്റില്ലെന്ന് പരിസ്ഥിതിശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നു. ഈ ദുരന്തങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണ്. പ്രകൃതി ഒരു അക്ഷയപാത്രമല്ല എന്ന സാമാന്യതത്ത്വത്തെ കൈവെടിഞ്ഞ മനുഷ്യന് പ്രകൃതി നൽകുന്ന താക്കീതാണത്.

പ്രകൃതിയെ പ്രകോപിക്കുന്ന പ്രധാനവില്ലൻ വികസനം തന്നെയാണ്.  വികസനത്തിന്റെ പേരിൽ നിയന്ത്രണമില്ലാതെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുക മാത്രമല്ല ചെയ്യുന്നത് വൻതോതിലുള്ള മലിനീകരണവും പ്രകൃതി ഏറ്റുവാങ്ങേണ്ടിവരുന്നു. ചുരുക്കത്തിൽ വികസനത്തിന് പരിധി നിശ്ചയിക്കുക എന്നത് മാത്രമാണ് കാലാവസ്ഥാവ്യതിയാനത്തിനും ആഗോളതാപനത്തിനുമുള്ള ശാശ്വതമായ മറുപടി. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യനെ പോറ്റി വളർത്തിയ ഈ മണ്ണും പ്രകൃതിയും കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലാണ് ഇത്രമേൽ ശോഷിച്ചുപോയത്. ആധുനികശാസ്ത്ര – സാങ്കേതികവിദ്യകളെ പ്രകൃതിക്ക് നേരെ പ്രയോഗിക്കാനുള്ള യുദ്ധോപകരണങ്ങളാക്കിതീർത്തു. എന്നാൽ അതേ ശാസ്ത്രം തന്നെ ഇന്ന് ലോകത്തിന് മുന്നറിയിപ്പ് തരുന്നു ഈ ദിശയിലുള്ള യാത്ര മനുഷ്യന്റെ ഏകപാർപ്പിടമായ ഭൂമിയെ മരണത്തിലേക്കാണ് നയിച്ചുക്കൊണ്ടിരിക്കുന്നതെന്ന്.globalwarming1 എന്നാൽ വികസനത്തിന്റെ കോർപ്പറേറ്റ് സ്വപ്നങ്ങളുമായി കഴിയുന്നവരുടെ ചെവികളിൽ ഈ വിപൽസന്ദേശം പതിയുന്നതേയില്ല. 50 ലക്ഷത്തോളം സൂക്ഷ്മജീവികൾ ഉൾപ്പടെയുള്ള ജീവജാതികൾ ഭൂമിയിലുണ്ടെന്ന് ശാസ്ത്രം. അതിൽ 1.4 ദശലക്ഷത്തോളം ജീവജാതികളെ മാത്രമേ തിരിച്ചറിഞ്ഞ് രേഖപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ. 750000 നു മേൽ വിവിധയിനം പ്രാണികൾ, 40000 അകശേരുകികൾ, 2.50000 സസ്യവർഗ്ഗങ്ങൾ, 360000 സൂക്ഷ്മജീവിവർഗ്ഗങ്ങൾ എന്നിങ്ങനെ. ജീവജാലങ്ങളുടെ ഈ ധന്യത ഭൂമിക്കിനി എത്രകാലം അവകാശപ്പെടാൻ സാധിക്കും. 1600- 1900 കാലത്ത് നാല് വർഷത്തിൽ ഒരിനം എന്ന രീതിയിലാണ് ജീവജാലങ്ങൾ ഭൂമുഖത്ത്‌നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്നത്. തുടർന്നു വന്ന, കഴിഞ്ഞ നാല് നൂറ്റാണ്ടുകളിൽ 125 ഇനം സസ്തനികളും 225 ഇനം പക്ഷിവർഗ്ഗങ്ങളുമാണ് ഭൂമിക്ക് നഷ്ടപ്പെട്ടത്. ഈ ഉന്മൂലനങ്ങൾ ഭൂമിക്ക് ഏൽപ്പിച്ച പരിക്കുകളുടെ ആഴം എത്രയെന്ന് നമ്മുക്ക് ഊഹിക്കാനാവും. ഭൂമിയിൽ ഒരു ജീവിക്കും തനിച്ച് ഒരു ജീവിതം നിർമ്മിക്കാനാവില്ല. പരസ്പരബന്ധത്തിലും ആശ്രയത്തിലും അധിഷ്ഠിതമാണ് നിലനില്പ്. അതുകൊണ്ട് ഈ കൈവെടിയലുകളുടെ പ്രത്യാഘാതങ്ങൾ പ്രകൃതിയിൽ തുടരുന്നുണ്ടാവും. അവയെല്ലാം സംഭവിച്ചത് വികസനത്തിന്റെ ഫലമായിട്ടാണ്, വ്യവസായവല്ക്കരണത്തിന്റേയും നഗരവല്ക്കരണത്തിന്റേയും പേരിലാണ്.

വനങ്ങളുടെ സ്ഥിതി അതിലും ദയനീയമാണ്.  75 ലക്ഷം ഹെക്ടർ നിബിഡവനമാണ് ഭൂമിയിൽ ഓരോ ആണ്ടിലും നശിപ്പിക്കപ്പെടുന്നത്. കൂടാതെ 38 ലക്ഷം ഹെക്ടർ അസാന്ദ്രവനങ്ങളും. അതായത് ഓരോ മിനുട്ടിലും 21.5 ഹെക്ടർ വനങ്ങൾ ഇല്ലാതാവുന്നു. ആഗോളതാപനത്തിന് മരമാണ് മറുപടി ( അപൂർണ്ണമെങ്കിലും) എന്ന് ആണയിടുന്ന വികസനസങ്കല്പം തന്നെയാണ് ഈ വ്യാപകവനനശീകരണത്തിന് കുടപിടിക്കുന്നത്. ആഗോളതാപനത്തിന് കാരണമായ കാർബൺ ഡയോക്‌സൈഡ് ഉൾപ്പടെയുള്ള  വാതകങ്ങളുടെ ബഹിർഗമനം തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നു. അതേസമയം അവയെ ശുദ്ധീകരിച്ച് ഭൂമിയെ പരിപാലിച്ചുവരുന്ന വൃക്ഷസമ്പത്ത് അതേ വികസനത്തിന്റെ  പേരിൽ ക്ഷയിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കാർബൺ ഡയോക്‌സൈഡിനെ നിയന്ത്രിക്കാതെ ആഗോളതാപനത്തെ നിയന്ത്രിക്കാനാവില്ലെന്നത് പകൽ പോലെ വ്യക്തം. അതിന് അത് പുറന്തള്ളുന്ന വ്യവസായങ്ങളെ നിയന്ത്രിക്കണം. വികസനം ഊർജ്ജത്തിന്റെ ഹരിതസ്രോതസ്സുകളിലേക്ക് മാറുകയും  പ്രകൃതിക്ക് അനുപൂരകമാക്കി മാറ്റുകയും വേണം. ബദൽ ഊർജ്ജസ്രോതസ്സുകളുടെ വികസനത്തിനും വനവല്ക്കരണത്തിനും വികസിതരാജ്യങ്ങൾ ധനസഹായം നൽകണം, ഗ്രീൻ സാങ്കേതികവിദ്യകൾ പരസ്പരം കൈമാറണം തുടങ്ങിയ കാര്യങ്ങളിലൊന്നും ഫലപ്രദമായി ഇടപ്പെടാനൊ നിയമപരമായി ബാധ്യതപ്പെടുത്തുന്ന മാർഗ്ഗനിർദ്ദേശങ്ങൾ രൂപകല്പന ചെയ്യാനോ ഇതുവരെ ലോകരാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ  ഐക്യരാഷ്ട്രാസഭ വിളിച്ചു ചേർത്ത കാലാവസ്ഥാഉച്ചകോടിയോടെ(United Nations Framework Convention on Climate Change – UNFCCC)യാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. 2020 ഓടെ അന്തരീക്ഷ ഊഷ്മാവ് 2 ഡിഗ്രി സെന്റിഗ്രേഡ്, അതായത് വ്യവസായവൽക്കരണപൂർവ്വഘട്ട നിലയിലേക്ക് കുറക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആ സമ്മേളനം പ്രഖ്യാപിച്ചിരുന്നു.

അതിനെ തുടർന്ന് നിരവധി സമ്മേളനങ്ങൾ നടന്നു, 19 വർഷവും പിന്നിട്ടു. അമേരിക്ക ഉൾപ്പടെയുള്ള വികസിതരാജൃങ്ങളോ അതേ വികസനമാതൃകകൾ പിന്തുടരുന്ന ഇൻഡ്യയുൾപ്പടെയുള്ള വികസ്വരരാജ്യങ്ങളോ ഇക്കാര്യത്തിൽ ക്രിയാത്മകനടപടികൾ സ്വീകരിച്ചില്ല. പ്രഖ്യാപനങ്ങളും ചടങ്ങുകളും ഉത്കണ്ഠകൾ പങ്കുവെക്കലും മുറക്ക് നടന്നുക്കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2015 മേയ്മാസത്തിൽ പാരീസിൽ വെച്ച് നടന്നparis-summit1 കൺവെൺഷനും മറ്റൊരു വഴിപാടായിതീർന്നു. അതിനെ തുടർന്ന് 2016 ഏപ്രിൽ 22ന് 177 രാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പ് വെക്കുകയുണ്ടായി. ഓരോ രാജ്യവും 2025-2030 ഓടെ രണ്ട് ഡിഗ്രി അന്തരീക്ഷതാപനില കുറയ്ക്കാൻ പാകത്തിൽ കർബൺ വിസർജ്ജ്യത്തിന്റെ അളവ് ലഘൂകരിക്കണമെന്ന പതിവ് പല്ലവിയാണ് അതിൽ മുഖ്യം. രാജ്യങ്ങൾക്ക് കാർബൺ വിസർജ്ജനം കുറയ്ക്കാനുള്ള കാലാവധി കുറച്ചുകൂടി നീട്ടികൊടുക്കുകയും ചെയ്തു. ക്യോട്ടോ പ്രോട്ടോക്കോൾ പ്രകാരം  നിശ്ചയിച്ച വർഷം 2020 ആയിരുന്നു. കാർബൺ ലഘൂകരണപ്രക്രിയക്ക് സഹായം നൽകുന്നതിന് വേണ്ടി ഒരു ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന് രൂപം കൊടുത്തുവെന്നതാണ് എടുത്തു പറയാവുന്ന ഒരു നേട്ടം. എന്നാൽ അക്കാര്യത്തിൽ പോലും  ധനസഹായം നൽകുകയെന്നത് കാർബൺ വൻതോതിൽ പുറന്തള്ളുന്ന വികസിത രാജ്യങ്ങളുടെ ബാധ്യതയാക്കിമാറ്റാൻ ഉച്ചകോടിക്ക്  സാധിച്ചില്ല. അതിലും ദയനീയമായിരുന്നു കാർബൺലഘൂകരണകാര്യത്തിൽ ഉച്ചകോടിക്ക്  രാജ്യങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്ന വ്യവസ്ഥകൾ ഉണ്ടാക്കാനായില്ലായെന്നത്. ഐക്യരാഷട്രാസഭ സെക്രട്ടറി ജനറൽ ബാൺ കി മൂൺ, ഫ്രഞ്ച് പ്രസിഡണ്ട്, കാലാവസ്ഥാവ്യതിയാന മേഖലയിൽ വലിയ വിദഗ്ദ്ധനായ പ്രൊഫസർ ജയിംസ് ഹാൻസൺ എന്നിവർ ഇക്കാര്യം ഉച്ചകോടിയിൽ ശക്തമായി ഉന്നയിച്ചുവെങ്കിലും മറ്റു രാജ്യങ്ങൾ സൗകര്യപൂർവ്വം അത് ഒഴിവാക്കി. തൻമൂലം പാരീസ്ഉടമ്പടിപ്രകാരം  കരാർ പാലിക്കാത്തതിന്റെ പേരിൽ  ഒരു രാജ്യത്തിന് നേരെയും യാതൊരു നടപടിയും കൈക്കൊള്ളാൻ സാധിക്കില്ല. ചൈന (20.01%) അമേരിക്ക(17.89 %) റഷ്യ( 7.53 %) ഇൻഡ്യ( 4.10%) ജപ്പാൻ( 3.79 %)എന്നീ അഞ്ച് രാജ്യങ്ങളാണ് ഭൂമിയിൽ 50% ത്തിലേറെ ആഗോളതാപനവാതകങ്ങൾ പുറന്തള്ളുന്നത്. എന്നാൽ ഈ രാജ്യങ്ങളെ നിയന്ത്രിക്കാനോ  ഈ രാജ്യങ്ങളിലെ വാതകബഹിർഗമനത്തിന്റെ തോത് മൂല്യനിർണ്ണയം ചെയ്യാനോ നഷ്ടപരിഹാരം ചുമത്താനോ ഈ ഉടമ്പടി പ്രകാരം സാധിക്കില്ല. അതിനർത്ഥം ഇത്തരം ഉച്ചകോടികളിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയാണെന്നാണ്.

ഒരോ രാജ്യവും സമൂഹവും സ്വന്തമായി ആഗോളതാപനം ചെറുക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ് ഫലപ്രദം. ഊർജ്ജത്തിന്റെ ഹരിതസ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ക്രമത്തിൽ കുറച്ചുകൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം.  അതുപോലെ ഒരു തുണ്ടു വനവും വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുത്തില്ല എന്ന ഉറച്ച തീരുമാനവും ഉണ്ടാവണം.

കേരളത്തിൽ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ നടത്തിയ പ്രസ്താവന മലയാളികളിലുണ്ടാക്കിയ ആശങ്കയെ ഈ തലത്തിലാണ് വിലയിരുത്തേണ്ടത്. athirappillyfalls-1ആഗോളതാപനവും കാലവസ്ഥാവൃതിയാനവും അത്രമേൽ ബാധിച്ച ഒരു കാലം കടന്നുപോയിട്ടേയുള്ളൂ. ഇനി മഴക്കാലം പ്രളയദുരന്തങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലുമാണ്. വെള്ളചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്ന ആശങ്കകൊണ്ടല്ല ചാലക്കുടി നിവാസികളും ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ഈ പദ്ധതിയെ എതിർത്തത്. ആഗോളതാപനത്തേയും വെള്ളപ്പൊക്കത്തേയും മണ്ണൊലിപ്പിനേയും ഒരു പോലെ പ്രതിരോധിക്കുന്ന കാടുകളേയും ചാലക്കുടി പുഴയിലെ നീരൊഴുക്കിനേയും നിലനിർത്താനാണ്.  ഇടതുപക്ഷസർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനിലും മലയാളികൾക്ക് വലിയ പ്രതീക്ഷയുണ്ട്. അഴിമതിമുക്തഭരണത്തോടൊപ്പം പരിസ്ഥിതിവിനാശമില്ലാത്ത വികസനവും നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിക്കണം.

വി.എച്ച്. ദിരാർ
ഗസൽ, പെരുമ്പിള്ളിശ്ശേരി,
ചേർപ്പ്. പി.ഒ, തൃശ്ശൂർ
ഫോൺ.9447436855

Comments

comments