മുറകാമി യുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും,ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള…
മുറകാമി
യുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും,ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത് കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. ‘വന്യ മായൊരു ആട് വേട്ട‘( A WILD SHEEP CHASE)യിലെന്ന പോലെ,കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ ,അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക് നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം.പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍. ‘ആട് വേട്ട‘യില്‍ സമൃദ്ധമായ അമേരിക്കന്‍– യൂറോപ്യന്‍ പോപ് സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.
വിരക്തിയും പരുക്കന്‍ സിനിസിസവും:
‘ആടു വേട്ട‘യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ ‘അസാധാരണ‘ കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ് അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. “ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ് റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍,അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍. ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” ‘ബോസ്‘ എന്ന് മാത്രം പേരുള്ള,ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു.തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ് ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ ‘ദി റാറ്റ്‘ എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും,അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക് വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല.ധാരാളമായി മദ്യപിക്കുകയും, പുക വലിക്കുകയും ഭക്ഷണം കഴിക്കുകയും, ‘സംഭോഗം‘ നടത്തുകയും ചെയ്യുകയും നല്‍കിയ അവധി തീര്‍ന്നു കൊണ്ടിരിക്കുമ്പോഴും ഒട്ടും ആശങ്കക്കടിപ്പെടാതെ നിസ്സംഗനായി ഇരിക്കുകയും ചെയ്യുന്ന അയാള്‍ പുതിയ കാലത്തിന്റെ നിശ്ചേതനയുടെ പ്രതീകമാവുന്നു. പ്രണയരതിയെ സൂചിപ്പിക്കുന്ന‘make love’ എന്ന പ്രയോഗത്തിന് പകരം വികാര രഹിതമായ ‘intercourse’ എന്ന പദമാണ് അയാള്‍ ഉപയോഗിക്കുക. ഒരു കെട്ടുപാടുമില്ലാതെ ‘മുറിയില്‍ വന്നു, ഭക്ഷിച്ചു, പുകവലിച്ചു, സംഭോഗം നടത്തി, കിടന്നുറങ്ങി‘എന്നാണ് അയാളുടെ രീതി. ഹെമിംഗ് വേയുടെ ഫ്രെഡറിക് ഹെന്‍റിയുടെയും (A Farewell to Arms) ജെയ്‌ക് ബാര്‍നെസിന്റെയും (The Sun Also Raises) ആല്‍ബേര്‍ കാമുവിന്റെ മെര്‍സോള്‍ട്ടിന്റെയും (The Outsider)കൂടുതല്‍ നിസ്സംഗനായ പിന്‍ഗാമി തന്നെ ഇയാള്‍.
പേരില്ലായ്മയും പേരുകളോടുള്ള നിരുന്മേഷ നിലപാടും വൈയക്തിക കെട്ടുപാടുകളില്‍ നിന്ന് തെന്നി മാറാനുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. ഇത് ഉപഭോക്തൃ സംസ്കൃതിയുടെ പരകോടിയായ ഉത്തരാധുനിക ജപ്പാനിന്റെ നേരെയുള്ള ഒരു ധൈഷണിക പ്രതികരണമാവാം. ഇതര കഥാപാത്രങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് പ്രതിനായകസ്വരൂപമായ മുഖ്യ കഥാപാത്രവുമായുള്ള ബന്ധത്തിലൂടെ, അഥവാ അയാളുടെ ജീവിതത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് എത്രമാത്രം/ ഏതു രീതിയില്‍ എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. അങ്ങനെ അവര്‍ ‘കൂട്ടുകാരി, ഡ്രൈവര്‍, ഷീപ്മാന്‍, ഷീപ് പ്രൊഫസര്‍‘ എന്നൊക്കെ മാത്രം അറിയപ്പെടുന്നു. ഒരര്‍ഥത്തില്‍ ഇത് സ്വഗതാഖ്യാനം നടത്തുന്ന മുഖ്യ കഥാപാത്രത്തിന്റെ അഹം ചിന്തയുടെ പ്രകടനവും കൂടിയാണ്.ആരുടേയും വ്യക്തിത്വത്തിന് അയാളുടെ ജീവിത പരിസരത്തിനപ്പുറം അസ്ഥിത്വമോ പ്രസക്തിയോ കൈവരുന്നില്ല. മാനുഷികബന്ധങ്ങള്‍ ഉപഭോഗത്തിനു വഴിമാറിയ സമൂഹത്തില്‍ അവരും മുഖ്യ കഥാപാത്രവുമായുള്ള ബന്ധം തികച്ചും ഉപയോഗക്ഷമതയുമായി (utilitarian) ബന്ധപ്പെട്ടതാണെന്ന് സാരം.ആരും ആരുമായും കെട്ടുപാടുകളില്‍ പെടുന്നേയില്ല. ഒരാളെ മറ്റൊരാള്‍ക്ക് എത്രമാത്രം ആവശ്യമുണ്ടോ അത്രമാത്രമാണ് ഒരാളുടെ പ്രസക്തി. ഒരു സുപ്രഭാതത്തില്‍ ഒരു വാക്കും പറയാതെ വിട്ടു പോവുന്ന കൂട്ടുകാരിയും വ്യത്യസ്തയല്ല. ഭാഷാ പ്രയോഗം മുതല്‍ നോവലില്‍ വ്യക്തമായ പാശ്ചാത്യ കുറ്റാന്വേഷണ കഥകളിലെയും വെസ്റ്റേണ്‍ കഥകളിലെയും വികാര ശൂന്യമായ, ജീവിത പാരുഷ്യങ്ങളില്‍ കടുത്തുപോയ പരുക്കന്‍ ഭാവ ഹാവാദികള്‍ വരെ (hard boiled) ഈ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. നോവലില്‍ ഒരിടത്ത് അത്യുല്‍പ്പാദനത്തെയും ജൂതാനുഭാവത്തെയും ചേര്‍ത്തൊരു നിരീക്ഷണമുണ്ട്: “അത്യാവശ്യത്തിനു അക്കങ്ങള്‍ ധാരാളമാണ് “. ഓഷ് വിട്സിലെ ജൂതനെ പോലെ മുഖമില്ലാത്ത അക്കങ്ങള്‍ പോലെയാണ് പുതിയ കാലത്തെ ജപ്പാനിലെ മാസ ശമ്പളക്കാരും എന്നുമാവാം സൂചന. വിവര വിജ്ഞാന വിതരണങ്ങളില്‍ പരസ്യദാതാക്കളുടെ നിര്‍ണ്ണയാധികാരത്തെ കുറിച്ചും കോര്‍പ്പൊറേറ്റ് ലോകത്ത് മേധാവികള്‍ ഒഹരിക്കാരില്‍ നിന്നും മറച്ചു വെക്കുന്ന ‘ക്ലാസ്സിഫൈഡ് ‘ രഹസ്യങ്ങളെ കുറിച്ചുമുള്ള നോവലിലെ പരാമര്‍ശങ്ങള്‍ ഇതോടു ചേര്‍ത്തു വായിക്കാം.
കര്‍തൃത്വത്തിന്റെ എതിരറ്റം :
കര്‍തൃത്വമെന്ന നായക ഗുണം പ്രകടമാക്കുന്നേയില്ല മുറകാമിയുടെ പ്രധാന കഥാപാത്രം. അയാളായിട്ടു ഒന്നും ചെയ്യുന്നതല്ല, മറിച്ചു കാര്യങ്ങള്‍ അയാളില്‍ സംഭവിക്കുകയാണ്. എട്ടു വര്‍ഷ ങ്ങള്‍ക്കു മുമ്പ് അയാളുടെ കാമുകിയായിരുന്ന യുവതിയുടെ സ്വയം പ്രവചിത മരണം അതീവ നിസ്സംഗതയോടെയെന്നോണം അയാള്‍ നേരിടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “മോര്‍ണിംഗ് എഡിഷനിലെ ഒരു ചെറു പാരഗ്രാഫ് ഇനമായിരുന്നു അത്. ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു വായിച്ചു കേള്‍പ്പിച്ചു. പ്രത്യേകതയൊന്നുമില്ല.കോളേജില്‍ നിന്ന് പഠിത്തം കഴിഞ്ഞു പുറത്തിറങ്ങിയ ഏതോ ഒരു പുതുമുഖ റിപ്പോര്‍ട്ടറുടെ പരിശീലന റിപ്പോര്‍ട്ട് പോലെ. ഒരു തിയ്യതി, ഒരു തെരുവുമൂല, ട്രാക്ക് ഓടിക്കുന്ന ഒരാള്‍, ഒരു കാല്‍നടയാത്രിക, ഒരപകടം,അശ്രദ്ധ യാണോ എന്നൊരന്വേഷണം” ഇരുപത്തിയഞ്ച് തികയുന്ന ദിവസം എല്ലാം അവസാനിപ്പിക്കു മെന്ന് അവള്‍ അയാളോട് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. അന്നായിരുന്നു ആ ദിവസ മെന്നും അയാള്‍ കണ്ടെത്തുന്നു. ‘അന്നങ്ങനെ ഉണ്ടായിരുന്ന ആരുടേയും കിടപ്പറ പങ്കിടുമായി രുന്ന ഒരുത്തി‘ എന്നാണവള്‍ക്ക് പേരെന്നും അയളോര്‍ക്കുന്നു. എങ്കിലും ‘അത് ഞാനായിരുന്നെ ങ്കില്‍ ഇന്ന് കുടിച്ചത് പോലെ നിങ്ങള്‍ കുടിക്കുമായിരുന്നോ‘ എന്ന് അന്നേ ദിവസം വിവാഹ മോചനം നേടി പിരിയുന്ന, എങ്ങോട്ടും പോകാന്‍ ഇടമില്ലാത്ത അയാളുടെ നാലുവര്‍ഷക്കാലത്തെ ഭാര്യ അയാളോട് ചോദിക്കുന്നത്, അയാളുടെ നിര്‍വ്വികാരതയുടെ പുറം തോടിനപ്പുറം എന്തോ ഉണ്ടെന്ന സൂചന നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷനായ സുഹൃത്തിന്റെ എഴുത്തില്‍ നിന്ന് കിട്ടിയ ഒരു ചിത്രം, അതെങ്ങനെയും ആളുകള്‍ കാണുന്നിടത്ത് പ്രദര്‍ശിപ്പിക്കണമെന്ന അയാളുടെ നിര്‍ദ്ദേശം അംഗീകരിച്ചു ഒരു പരസ്യത്തില്‍ ഉപയോഗിക്കുന്നതേയുള്ളൂ അയാള്‍. ചിത്രത്തിലെ ആടിന്റെ നിഗൂഡമായ പ്രത്യേകതകളെ കുറിച്ച് അയാള്‍ക്കറിയില്ല. പിറകു വശത്തൊരു നക്ഷത്ര ചിഹ്നമുള്ള ആ ആടിനെ തേടിയാണ് നിഗൂഡതയുടെ കറുത്ത അങ്കി ധരിച്ച ‘ബോസി‘ന്റെ ദൂതന്‍ അയാളെ സമീപിക്കുന്നതും, ‘നിഷേധിക്കാനരുതാത്ത ഒരു ഓഫര്‍ ആയി‘ (‘an offer you cannot refuse’) അന്ത്യ ശാസനാ രൂപേണ ഒരു മാസത്തെ സമയവും വന്‍ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നതും. ദി റാറ്റ് എന്ന് വിളിപ്പേരുള്ള സുഹൃത്തിന്റെ കത്തിലെ സൂചനകളും ചിത്രത്തിലെ പ്രകൃതി പശ്ചാത്തലവും അടിസ്ഥാനപ്പെടുത്തി ഒരു നിശ്ചയവുമില്ലാത്ത അന്വേഷണം തുടങ്ങുമ്പോള്‍, ഏതോ ആറാമിന്ദ്രിയം പ്രവര്‍ത്തിക്കുന്ന കൂട്ടുകാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡോള്‍ഫിന്‍ ഹോട്ടല്‍ എന്ന വൃത്തികെട്ട ലോഡ്ജില്‍ അവര്‍ മുറിയെടുക്കുന്നതും ഹോട്ടലുടമയുടെ അച്ഛനായ ഷീപ് പ്രൊഫസറെ കണ്ടുമുട്ടാന്‍ ഇടയാകുന്നതും. ആടിന്റെ നിഗൂഡതകളിലേക്ക് അവര്‍ക്ക് കിട്ടുന്ന ആദ്യ തുറസ്സാണ് പ്രൊഫസറുമായുള്ള അഭിമുഖം. പ്രൊഫസര്‍ അയാളൊരു അസാമാന്യ സിദ്ധിയുള്ള വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ മുതലുള്ള കഥയാണ് പറയുന്നത്. നിഗൂഡ ശക്തികളുള്ള ആട് അയാളില്‍ ആവേശിച്ച ശേഷമാണ് അയാള്‍ അക്കാദമിക നേട്ടങ്ങളുടെ അവിശ്വസനീയ മായ പടവുകള്‍ കയറുന്നത്. ഒരു നാള്‍ ആട് തിരോഭവിക്കുന്നതോടെ അയാളൊരു ഉപയോഗ ശൂന്യനായ വെറും ബാധ്യതയാവുന്നു.
ദി റാറ്റ് : മരിച്ചവന്‍ കഥ പറയുമ്പോള്‍
പ്രൊഫസറില്‍ നിന്നുള്ള സൂചനകള്‍ പിതുടര്‍ന്നു പോവുന്നതിനിടെയാണ് അവര്‍ ആട് മനുഷ്യനെ (sheep man)കണ്ടുമുട്ടുന്നതും മഞ്ഞു വീഴ്ചയുടെ അതീന്ദ്രിയാനുഭവം പകരുന്ന പ്രദേശത്തു ‘റാറ്റി‘ന്റെ ഒറ്റപ്പെട്ട പ്രേത ഭവനം പോലുള്ള ദുരൂഹ മന്ദിരത്തില്‍ എത്തിച്ചേരുന്നതും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ വിശദീകരണം ഏതും കൂടാതെ കൂട്ടുകാരിയും അപ്രത്യക്ഷയാവുന്നു. അവിടെ വെച്ച് റാറ്റിനെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ മരിച്ചു പോയവനാണെന്നു മുഖ്യ കഥാപാത്രം തിരിച്ചറിയു ന്നുണ്ട്. റാറ്റ് അക്കഥ പറയുന്നു: ആട് അയാളില്‍ ആവേശിച്ചിരിക്കെ, അതിന്റെ പ്രത്യാഘാതം അയാള്‍ തിരിച്ചറിഞ്ഞിരുന്നു. അത് ഉള്ളിലുണ്ടായിരിക്കുമ്പോള്‍ ഒരാള്‍ അസൂയാര്‍ഹാമാം വിധം ഉയരങ്ങളിലേക്ക് കുതിക്കും: ഒരു ഇടത്തരം വലതു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്ന യുവാവ് എന്നതില്‍ നിന്ന് ജപ്പാന്‍ അധിനിവിഷ്ട മഞ്ചുറിയായില്‍ നിന്ന് കൊള്ളയടിച്ച വെള്ളിയും സ്വര്‍ണ്ണവും ആധാരമാക്കി മയക്കുമരുന്ന് പോലുള്ള നിഗൂഡ ഇടപാടുകളും മുമ്പേ പറക്കുന്ന പക്ഷിയായി ചൊല്‍പ്പടിയില്‍ വരുത്തിയ പരസ്യ വിപണന മേഖലയും (advertising business) മറ്റെന്തൊക്കെയോ രാജ്യാന്തര ഇടപാടുകളുമൊക്കെയായി ഒരു അധോലോക സാമ്രാജ്യത്തിന്റെ തന്നെ അധീശ സ്ഥാനത്തേക്ക് കടന്ന ‘ബോസി‘നെയും ഒരു സമര്‍ഥനായ വിദ്യാര്‍ഥിയും കൃഷി– വനം വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും എന്നതില്‍ നിന്ന് ഉന്നതങ്ങളിലേക്ക് കയറാന്‍ തുടങ്ങുന്ന ഷീപ് പ്രസറെയും പോലെ.
എന്നാല്‍ ഒരാള്‍ അയാള്‍ക്കാവുന്ന ഉയരങ്ങളുടെ പാരമ്യത്തില്‍ എത്തുമ്പോള്‍ ആട് അയാളെ ഉപേക്ഷിക്കും.അതോടെ അയാളുടെ ജീവിതം അശാന്തിയുടെയും രക്ഷപ്പെടാനാവാത്ത നിഷ്ക്രിയത്വത്തിന്റെയും നരകമായി മാറും. ബോസിനും പ്രഫസര്‍ക്കും സംഭവിച്ചത് അതാണ്. മെല്‍വില്ലിന്റെ ക്യാപ്റ്റന്‍ ആഹാബിന്റെ ഭ്രാന്തമായ മോബി ഡിക്ക് വേട്ടപോലെ (Moby-Dick : Herman Melville) അവര്‍ പിന്നീട് അവരെ ‘ആടുരഹിതര്‍‘ (‘sheepless’) ആക്കി ഉപേക്ഷിച്ച ആടിനെ തേടിക്കൊണ്ടേയിരിക്കുന്നു. ആട്, ജീവിതത്തിലെ നിര്‍ണ്ണായകത്വം വഹിക്കുകയും ദുരന്തപൂര്‍ണ്ണമായ വിധിയിലേക്ക് വഴിനയിക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാന കഥാപാത്രം‘ഷീപ് മാന്‍‘ വിവരിക്കുന്ന അയ് നു ഗോത്ര ചെറുപ്പക്കാരനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഒരു പറ്റം കുടിയേറ്റക്കാരെ ഹൊക്കൈദോയിലെ കഠിന സാഹചര്യങ്ങളില്‍ ജുനിതാകി–ചോയില് പാര്‍പ്പിടമുറപ്പിക്കാന്‍ സഹായിച്ച ചെറുപ്പക്കാരന്‍. ഒരു ജപ്പാനീസ് യുവതിയെ വിവാഹം കഴിച്ചു കുടുംബമായി താമസിച്ച അയാള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ആടുകളെ നല്‍കി. അയാള്‍ക്കറിയില്ലായിരുന്നു റഷ്യന്‍–ജാപ്പനീസ് യുദ്ധത്തില്‍ പങ്കെടുക്കുന്ന യോദ്ധാകള്‍ക്ക് വേണ്ടി രോമവസ്ത്രങ്ങള്‍ ഉണ്ടാക്കാനാണ് അയാള്‍ക്ക് ആടുകളെ നല്‍കിയതെന്ന്. മൂത്ത മകന്‍ അതേ യുദ്ധത്തില്‍ മരിക്കുന്നതോടെ നിരാശനായിത്തീര്‍ന്ന അയാള്‍ ദുഖിതനും എകാന്തനുമായി മരിക്കുകയും നഗരത്തിനു മേല്‍ ശാപം വിളിച്ചു വരുത്തുകയും ചെയ്യുന്നു. ഷീപ് പ്രൊഫസറും അയ് നു യുവാവും ആടിനാല്‍ ഹൃദയം തകര്‍ന്നെങ്കില്‍ ബോസ് തികച്ചും ഒരു വില്ലന്‍ കഥാപാത്രമാണ്. ഏതായാലും ഒരാള്‍ക്കും അതൊരു ശുഭസൂചകമല്ല തന്നെ. ഈയവസ്ഥ തിരിച്ചറിഞ്ഞത് കാരണം റാറ്റ് ഒരു നാള്‍, ആട് അയാള്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കെ, തൂങ്ങി മരിക്കുകയായിരുന്നു, അതിന് പുറത്തു കടക്കാന്‍ അവസരം നല്‍കാതെ.ഇനിയൊരിക്കലും ബോസിന്റെ ദൂതന്‍ ആവശ്യപ്പെട്ടപോലെ ആടിനെ കണ്ടെത്താനാവില്ല എന്ന് ഇതോടെ വ്യക്തമാകുന്നു.
ആധുനികോത്തര ജീവിതത്തിന്റെ ആലിഗറി:
തന്റെ ദൗത്യത്തിന് പ്രതിഫലമായി, അപ്പോഴേക്കും മരിച്ചു പോയിരുന്ന ബോസിന്റെ കറുത്ത അങ്കി ധരിച്ച ദൂതന്‍ നല്‍കുന്ന വമ്പന്‍ തുക, എത്രയെന്നു പോലും നോക്കാതെ പഴയ സുഹൃത്തിന് നല്‍കി നിസ്വനായി തിരിച്ചുപോകുന്ന മുറകാമി കഥാപാത്രം നോവലിനൊടുവില്‍ സമര്‍ഥിക്കുന്ന മൂല്യം എന്താവാം?
“പുഴയോരത്തു കൂടി അഴിമുഖത്തേക്ക് ഞാന്‍ നടന്നു. തീരത്തിന്റെ അവസാനത്തെ അമ്പത് വാരയില്‍ ഞാനിരുന്നു, ഞാനവിടെയിരുന്നു കരഞ്ഞു. എന്റെ ജീവിതത്തിലൊരിക്കലും ഞാന്‍ അത്രയ്ക്ക് കരഞ്ഞിട്ടില്ല.
എന്റെ വസ്ത്രത്തിന്റെ പുറകില്‍ നിന്ന് മണല്‍ തട്ടിക്കളഞ്ഞു ഞാന്‍ എണീറ്റു, എനിക്ക് പോകാന്‍ ഏതോ ഇടമുണ്ട് എന്ന മട്ടില്‍.
ദിവസം തീരാരായിരുന്നു. നടക്കാന്‍ തുടങ്ങവേ തിരകളുടെ ശബ്ദം എനിക്ക് കേള്‍ക്കായി.”
ആര്‍ക്കു വേണ്ടിയാവാം അയാള്‍ കരഞ്ഞത്? വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് പ്രണയം തന്നു സ്വയം പ്രവചിത മരണത്തില്‍ ഒടുങ്ങിയ എല്ലാവരും ‘പിഴ‘യായിക്കണ്ട കൂട്ടുകാരിക്ക് വേണ്ടി? പോകാനിടമില്ലാതെയും, തന്നോടുള്ള പ്രണയം മാറ്റി വെച്ച് അജ്ഞാത വിധിയിലേക്ക് പോയ ഭാര്യക്ക് വേണ്ടി? ദുരൂഹ വഴികളില്‍ സ്വയമൊടുങ്ങിയ‘റാറ്റി‘നു വേണ്ടി? ആറാമിന്ദ്രിയം കൊണ്ട് തന്നെ നയിക്കുകയും കെട്ടുപാടുകള്‍ ഒന്നും ശേഷിപ്പിക്കാതെ അപ്രത്യക്ഷയാവുകയും ചെയ്ത അഴകുള്ള ചെവികളുടെ ഉടമയായ കൂട്ടുകാരിക്ക് വേണ്ടി? ദുഖിതനും ഏകനുമായി ഒടുങ്ങിയ വഴികാട്ടി അയ് നു യുവാവിന് വേണ്ടി? ‘ആടില്ലായ്മ‘യില്‍ തകര്‍ന്നു പോയ ഷീപ് പ്രൊഫസര്‍ക്ക് വേണ്ടി? തിന്മയുടെ പുതിയ വേദാന്തങ്ങള്‍ തീര്‍ത്തെങ്കിലും നിരാശനായി മരിക്കേണ്ടി വരുന്ന ‘ബോസി‘ന് വേണ്ടി? അല്ലെങ്കില്‍ ഇവരൊക്കെയും, പിന്നെ ആരുമല്ലാത്ത , മുഖമില്ലാത്ത ഉത്തരാധുനിക ജപ്പാന്‍ ഉപഭോക്തൃദൂഷിത വലയത്തില്‍ പെട്ട് പോയ കൂട്ടം തെറ്റിയ മനുഷ്യര്‍ക്ക് വേണ്ടി? ദുരൂഹമായ ഏതോ സമസ്യകളുടെ ഭാരമോര്‍ത്ത്? ഒന്ന് വ്യക്തമാണ് : നിര്‍വ്വികാരത യുടെയും നിസ്സംഗതയുടെയും പരുക്കന്‍ ഭാവത്തിനകത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി കരയാനും തനിക്ക് കിട്ടിയ സ്വപ്ന തുല്യമായ സമ്പത്ത് മഹാത്യാഗ നാട്യമേതും കൂടാതെ ദാനം ചെയ്യാനും കഴിയുന്ന അയാള്‍ തന്റെ കാലത്തിന്റെ ഉപയുക്തദാ വാദത്തെയല്ല പ്രതിനിധീകരിക്കുന്നത്. പോകാന്‍ ഇടമില്ലെങ്കിലും അയാള്‍ കാലത്തിലും ഇടത്തിലും തടവിലായിപ്പോവുന്ന വ്ലാദിമീര്‍ –ഈസ്ട്രാഗന്‍ അവസ്ഥയില്‍ നിന്ന് (Waiting for Godot – Samuel Beckett) മുന്നോട്ടു നോക്കുന്നതും എങ്ങും ഒന്നിനോടും ബന്ധങ്ങളില്ലാതെ പോവുന്ന വേരറ്റ അവസ്ഥയെ നിരാകരിക്കുന്നതും ഈ നിമിഷത്തിലാണ് എന്ന് പറയാം.
ആട് എന്തിനെയാണ്/ എന്തിനെയൊക്കെയാണ് പ്രതിനിധീകരിക്കുന്നതെന്നത് തീര്‍ച്ചയായും ദുരൂഹതയുള്ള കാര്യമാണ്. എന്നാല്‍, ഉപയുക്തതാവാദത്തിന്റെയും ഉപഭോക്തൃ സംസ്ക്കാരത്തിന്റെയും പുതിയ വേദാന്തത്തില്‍ അതും എല്ലാവരെയും ഉപയോഗിക്കുക മാത്രാമായിരുന്നെന്നും ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന ചണ്ടി മാത്രമായേ ആരെയും കണ്ടിട്ടുള്ളൂ എന്നും വ്യക്തമാണ്. ‘യൂസ് ആന്‍ഡ് ത്രോ‘ സംസ്കാരത്തിന്റെ കാലത്തെ ഒരു ആലിഗറി ആയി ‘ആടുവേട്ട‘യെ കാണുന്നതില്‍ അപാകമുണ്ടാവില്ല. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കഴിയുന്ന നിഗൂഡതകളുടെ കൊട്ടാരത്തിലേക്ക് വഴികാണിച്ചു, ദൗത്യം പൂര്‍ത്തിയാക്കിയ നിമിഷം നിഷ്ക്രമിക്കുന്ന വന ദേവതമാരെ പോലെ അതീന്ദ്രിയ പ്രത്യേകതകളുള്ള ഒരു കൂട്ടുകാരി, സുനിശ്ചിതമായ ഒരു മുഹൂര്‍ത്തത്തില്‍ ശാപ മോക്ഷം നേടി മറയുന്ന അഭിശപ്ത ജന്മമായി മറ്റൊരു യുവതി, ആത്മാക്കളുടെ ലോകത്ത് നിന്ന്‘അന്വേഷകനായ രാജകുമാരനെ‘ (quester knight) വിജയിപ്പിക്കാനെത്തുന്ന പഴയ സുഹൃത്ത്, ദൃഷ്ടാന്ത മൃഗ കഥ(fable)കളുടെ സമാനത പകരുന്ന ഒരു ആട്, നന്മയുടെ അന്തിമ വിജയം ഉറപ്പു വരുത്താന്‍ അനിവാര്യമായ ആ ലൂസിഫര്‍ സങ്കല്‍പ്പത്തിന്റെ ഒരു മാഫിയോസോ കാല പുനരവതാരം : പഴയ ഇതിഹാസ– ദൃഷ്ടാന്ത കഥകളുടെ പുതുകാല സമാനതകള്‍ ഏറെയാണ് ‘ആടുവേട്ട‘യില്‍. അന്വേഷകന്‍ സ്വയം രജോഗുണങ്ങളില്‍ ഋണ സ്വഭാവിയാണ് എന്നത് സമകാലീനതയുടെ മാറ്റിവെക്കാനാവാത്ത മുദ്രയാവാം.
Be the first to write a comment.