മലയാളിസമൂഹത്തിൽ നടന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പരിണാമങ്ങൾക്ക്  രേഖീയമായ പുരോഗതിയുടെ ചരിത്ര സാക്ഷ്യം എന്നത് എത്ര അദ്ധ്വാനിച്ചാലും നിർമ്മിച്ചെടുക്കാൻ പ്രയാസമായിരിക്കും. കാരണം അത്രകണ്ട് പ്രകടമാണ് അതിന്റെ പ്രതിഫലനങ്ങൾ. നിയോലിബറലിസത്തിന്റെ കാലത്തോളം പഴക്കമുള്ളതാണെങ്കിലും കേരളത്തിൽ സാംസ്കാരികപഠനം ഒരു പ്രസ്ഥാനമായി മാറുന്നത് ഉത്തരാധുനിക- മെറ്റാമോഡേൺ കാലഘട്ടങ്ങളിൽ ആണ്. അത് മുഖ്യമായും ജനപ്രിയകലകളുടെ വിശകലനത്തെയാണ് ലക്ഷ്യം വെക്കുന്നതും. എണ്‍പതുകൾ വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ജനപ്രിയ സിനിമ/ആർട്ട് സിനിമ, പൈങ്കിളി സാഹിത്യം/ഉദാത്ത സാഹിത്യം തുടങ്ങിയ വിഭജനങ്ങളെ അത് പല നിലകളിൽ ചോദ്യം ചെയ്തു. ജനപ്രിയമായത്‌ മോശവും ഒരു ന്യൂനപക്ഷത്തിന് മാത്രം ആസ്വദിക്കാവുന്നവ മികച്ചതും ആയി വിഭജിക്കുന്ന ചരിത്രത്തിന്റെ അധികാരബന്ധിയായ പാഠത്തെ പ്രശ്നവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അത് ചരിത്രത്തിന്റെ മാത്രമല്ല, കലാചരിത്രത്തിന്റെയും  രേഖീയമായ ഒരു വിഭജനവും, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനവും ആയിരുന്നു എന്നതാണ് വസ്തുത.

കല എന്ന മിച്ചം വന്ന ചോറ്
മിച്ചം വന്ന ചോറാണ് സംസ്കാരം എന്ന ദർശനം ഇവിടെ പ്രസക്തമാണ്. കലയിലെ നിഷേധവും നിത്യജീവിതത്തിലെ നിഷേധവും സംഗമിക്കണമെങ്കിൽ എല്ലാ വീട്ടിലും ചോറ് മിച്ചം വരുന്ന അവസ്ഥ ഉണ്ടാകണം. നിലനിൽപ്  പ്രാഥമിക പ്രശ്നമാകുന്ന ഒരു സമൂഹത്തിന് അതിജീവനത്തിന്റെ പ്രാകൃത മൂല്യബോധത്തിനപ്പുറം ഉയരാൻ കഴിയില്ല. അത് ആ സമൂഹത്തിൽ അന്തർലീനമായ ഒരു ജീവശാസ്ത്രപരമായ സവിശേഷതയൊന്നുമല്ല, മറിച്ച് ഭൗതീകസാഹചര്യങ്ങൾ അതിൽ അടിച്ചേല്പിച്ചതും, അവ മാറുന്നതിനൊത്ത് പരിണമിക്കുന്നതുമായ ഒരു ഭൗതീകാവസ്ഥയുടെ താല്കാലിക നിർമ്മിതി മാത്രമാണ്. ആ വസ്തുതയുടെ ഉള്ളടക്കത്തെ സത്താപരം മാത്രമായി മനസിലാക്കി കേവലമായി പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നത്  ഇത്രയും ശരീരവലിപ്പവും കരുത്തും ഉണ്ടായിട്ടും കൂട്ടത്തിൽ ഒന്നിനെ കടുവയോ സിംഹമോ  വളഞ്ഞിട്ട് പിടിക്കുമ്പോൾ ഒരുമിച്ച് നിന്ന് എതിർക്കാത്തത് കാട്ടുപോത്തിന് വർഗ്ഗബോധം ഇല്ലാത്തതുകൊണ്ടാണ് എന്ന് പറയുമ്പോലിരിക്കും. കാട്ടുപോത്തുകൾ പറ്റമായി ജീവിച്ചാണ് അതിജീവനമെന്ന സമസ്യയെ നേരിട്ടത്. മനുഷ്യനും അതെ. പക്ഷേ അവർ കേവല ശരീരികശേഷിക്കപ്പുറം ഉപകരണശേഷി എന്ന അധികവിഭാവത്തെ അവരുടെ ധിഷണാവൈഭവത്തിലൂടെ കണ്ടെത്തി. അത്തരം നിരവധി ഉപകരണങ്ങളുടെ ഒരു തുടർച്ചയിലൂടെയാണ് അവർ ഇന്ന് പ്രകൃതിയെ ഭരിക്കുന്നതും.

അത്തരത്തിൽ വികസിതമായ ശേഷിയുള്ള മനുഷ്യമസ്തിഷ്കം ഉണ്ടാക്കുന്ന കുതിപ്പുകൾ ഇതര ജന്തുജീവജാലങ്ങളുമായുള്ള അതിജീവന മത്സരത്തിൽ അവരുടെ വിജയം ഉറപ്പ് വരുത്തിയതോടെ പിന്നെ സമരം പ്രാഥമികമായും  മനുഷ്യരും മനുഷ്യരും തമ്മിലായി. ഗോത്രം മുതൽ വംശവും, വർണ്ണവും, മതവും, ജാതിയും, ലിംഗവും, ദേശവുമൊക്കെ അതിന്റെ സ്വാഭാവികമായ നിലനിൽപ് വിട്ട് വിഭജനത്തിന്റെ ഉപകരണങ്ങളാവുന്നത് അങ്ങനെയാണ്. ഇവിടെ സംഭവിക്കുന്നത് പ്രകൃതിക്കും ജീവജാലങ്ങൾക്കും മുകളിൽ മനുഷ്യൻ നേടിയ അധികാരം, അഥവാ ആന്ത്രപ്പോസെണ്ട്രിസിസം അതിന്റെ വംശീയവും, വർഗ്ഗീയവും, വർണ്ണപരവും, ലിംഗപരവും, മതപരവും, രാഷ്ട്രീയവുമായ വകഭേദങ്ങളിലേക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി എന്നതാണ്.  അറിവ് എന്നത് ആ മത്സരത്തിൽ പക്ഷം പിടിക്കുന്നതായി, അതായത് അധികാരപക്ഷം മാത്രമായി മാറി. ഇതിന് അപവാദങ്ങളൊക്കെയുണ്ട്. പക്ഷേ ആ ശ്രമങ്ങൾ കാലത്തെ അതിജീവിച്ചിട്ടില്ല. എന്നുവച്ചാൽ അതിജീവിക്കുന്നത്, അത് മനുഷ്യനായാലും സംസ്കാരമായാലും അത് നീതിയുടെ അടിസ്ഥാനത്തിലല്ല. അധികാരവുമായി ഒത്തുപോകാൻ അതിനുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ്. മനുഷ്യനും, മനുഷ്യനിർമ്മിതമായ ഉല്പന്നങ്ങളും മനുഷ്യാധികാരത്തെ അതിജീവിക്കുന്നത് ഈ അതിജീവന ഘടനയുടെ ഭാഗമായാണ്. കലയെ കേവലം ഒരു ഉല്പന്നമായി കണ്ടാൽ അതിജീവിക്കുന്ന കലകളിൽ അധികാരവുമായി സമരസപ്പെടുവാനുള്ള വഴക്കം അതിജീവന കഷമതയായി തീരുകയും അനിവാര്യം.

കലയുടെ വൈരുദ്ധ്യാത്മകത
വൈരുദ്ധ്യാത്മകത ഒരു എമ്പെരിക്കൽ ശരിയാണൊ എന്ന് ചോദിച്ചാൽ അല്ല എന്ന് മറുപടി പറയാൻ ശങ്ക വേണ്ടതില്ല. പക്ഷേ ചരിത്രത്തിന്റെ പല സൂക്ഷ്മഘടകങ്ങളെയും മനസിലാക്കാൻ അത് നല്ല ഒരു ഉപകരണമാണ്. ഒരു ചാർജെർ വച്ച് എല്ലാ മൊബൈലും ചാർജ് ചെയ്യാൻ പറ്റില്ല. എന്നുവച്ച് ഒരു ചാർജർ വച്ച് ചാർജ് ചെയ്യാവുന്ന പല മൊബൈലുകൾ ഇല്ല എന്നും അർത്ഥമില്ല. സകലതിനും ഒരു പരിഹാരം എന്നതും ഒരു അൺഎമ്പെരിക്കായ ചിന്തയാണ്. അധികാരവും പൊതുബോധവും തമ്മിലുള്ള ബന്ധം പോലും രേഖീയമല്ല. ഇവ രണ്ടുമായി ബന്ധപ്പെട്ടും, എന്നാൽ ഇവയ്ക്ക് സമാന്തരമായും ആണ് വിപണി നിലനില്ക്കുന്നത്. സമാന്തര രേഖകൾ സന്ധിക്കില്ല എന്നത് ഒരു സാമാന്യ സത്യമാണ്. അത് അങ്ങനെ നിലനിൽക്കുമ്പോൾ തന്നെ അധികാരവും വിപണിയുമായുള്ള ബന്ധത്തെ പരസ്പരം ബന്ധപ്പെട്ടു മാത്രം നിലനിൽക്കുന്നതെന്നോ, പരസ്പരം കലഹിക്കുന്നത് മാത്രമെന്നോ ഏകീകരിക്കാനുമാവില്ല. അതായത് ചില പ്രത്യേക സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊതുബോധത്തിന്റെ നേർവിപരീതത്തിനും, അതിന്റെ അനുകൂലത്തിന് ഉള്ളത് പോലെ ഒരു വിപണിസാദ്ധ്യത ഉണ്ടാവാം. വലിപ്പത്തിൽ ആനുപാതിക വ്യത്യാസമുണ്ടായാലും അവഗണിക്കാനാവാത്ത ഒരു കച്ചവടസാദ്ധ്യതയായി അത് നിലനിന്നെന്നും വരാം. ഈ പ്രതിഭാസം കല്ലിലും കണ്ണടയിലും തുടങ്ങി കലയിൽ വരെ ഉണ്ട്. അതിനെ വൈരുദ്ധ്യാത്മകമായേ മനസിലാക്കാനാവു എന്നതാണ് ആ ഉപകരണത്തിന്റെ, സത്യത്തിന്റെയല്ല, സാദ്ധ്യത.

കലയെ സംബന്ധിച്ചിടത്തോളം അധികാരവുമായി ഒത്തുനിന്ന് തന്നെയാണ് അത് വളർന്നതും, വികസിച്ചതും എന്നതിന് ചരിത്രം തെളിവ്. എന്നാൽ ആ ബന്ധം വൈരുദ്ധ്യാത്മകമായ ഒന്നായിരുന്നു എന്ന് മനസിലാക്കാൻ കുഞ്ചൻ നമ്പ്യാർ തന്നെ മതിയാകും. മനോജ്‌ കുറൂർ എഴുതിയ ‘നിലം പൂത്ത് മലർന്ന നാൾ’ എന്ന നോവലിൽ കവിത ഒരു വംശം തന്നെയായി തീരുന്നു. പാണർ പോലെയുള്ള ജാതി വിഭാഗങ്ങളിൽ അതിന്റെ ചരിത്രപരമായ സാധൂകരണവും വായിച്ചെടുക്കാം. പക്ഷെ അവർ ഒക്കെയും കേവലമായി അധികാരവുമായി സന്ധി ചെയ്തവരായിരുന്നില്ല, മറിച്ച് സർഗ്ഗശേഷി ഉപയോഗിച്ച് അതുമായി ഗൊറില്ലാ യുദ്ധം നടത്തിയവരും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.

നിലനിൽപ്പിന്റെ രാഷ്ട്രീയം
നിലനിൽപ്പിന്റെ രാഷ്ട്രീയം എന്നത് ആദർശാത്മകതയുടെതല്ല, അത് തിരഞ്ഞെടുപ്പുകളുടെതാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിൽ വരുന്ന വീഴ്ചകൾ നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തിയേക്കാം. ഇവിടെയാണ് വേറിട്ട തിരഞ്ഞെടുപ്പുകളിലെ പ്രവചനാത്മകമായ ക്രാന്തദർശിത്വം നിലനില്പിന്റെ അതിജീവന രാഷ്ട്രീയവുമായി നേരിട്ട് ബന്ധപ്പെടുന്നത്. പറഞ്ഞുവരുന്നത് കേവലമായി പൊതുബോധത്തെ പിന്തുടർന്നതുകൊണ്ട് ഒരു വ്യവസ്ഥയ്ക്ക് അതിന്റെ അതിജീവനം പോലും ഉറപ്പ് വരുത്താനാവില്ല എന്നതാണ്.

ആഹാരത്തിനോട്, പ്രത്യേകിച്ച് മധുരത്തിനോടുള്ള ആർത്തി പരിണാമബന്ധിയായ അനുകൂലകങ്ങളുടെ ഭാഗമായി മനുഷ്യനിൽ നിലനില്ക്കുന്ന ഒന്നാണ്. എന്നാൽ ശൈലീ  ജന്യ രോഗങ്ങളായി അവരുടെ അതിജീവനത്തെ ഇന്ന് ഏറ്റവും അധികം ചോദ്യം ചെയ്യുന്ന ശീലങ്ങളിൽ ഒന്നും ഈ പ്രാകൃതികമായ അനുകൂലകമാണ്. ഇതിൽ ഒരു വൈരുദ്ധ്യമില്ലേ? ഇതാണ് നിലനിൽപ്പിലെ വൈരുദ്ധ്യവും. രേഖീയമായ ആർജ്ജിക്കലുകളിലും, വർജ്ജനങ്ങളിലും ഒതുങ്ങുന്നതല്ല അതിന്റെ ഉള്ളടക്കം. അതുകൊണ്ട് തന്നെ അതിനെ അങ്ങനെ ആവിഷ്കരിക്കാനാവില്ല, വിശകലനം ചെയ്യാൻ തീരെയും ആവില്ല.

കലയുടെ വൈരുദ്ധ്യാത്മകത അവിടെയാണ്. ‘ഹോ എന്തൊരു കുളിര്’ എന്ന് പറഞ്ഞുകൊണ്ട് അത്യുഷ്ണത്തിന്റെ അവസാന ബിന്ദുവിനെ ധ്വനിപ്പിക്കാൻ കലയ്ക്ക് കഴിയും. അതായത് കല സംവേദനം ചെയ്യുന്ന അനുഭവം എന്നത് അനുഭവേദ്യം തന്നെ ആകുമ്പോഴും അത് കേവലമായ അനുഭവത്തെ നിരസിക്കുന്നു എന്ന്. കല കേവലമായ ആവിഷ്കാരമല്ല, വിരുതുള്ള(ക്രാഫ്റ്റ്) ആവിഷ്കാരമാകുന്നത് അങ്ങനെയാണ്. ആ വിരുതിലൂടെയാണ് കല കലാകാരനും ആസ്വാദകനും ഇടയിലുള്ള ബന്ധത്തെ നിയന്ത്രിക്കുകയും, അതിന് ലക്ഷ്യം നല്കുകയും ചെയ്യുന്നത്. അത് രേഖീയമായ ഒരു വിനിമയമല്ല. അതിനെ രേഖീയമല്ലാതെയാക്കി മാറ്റുന്നത് അതിലെ ക്രാഫ്റ്റ് ആണ്.

മനുഷ്യർക്ക് മനസിലാകുന്ന സിനിമയും സാഹിത്യവും കവിതയും ഒക്കെ മോശവും, അല്ലാത്തത് നല്ലതും ആകുന്നത് എങ്ങനെ എന്ന ആശങ്ക ഉണ്ടാകുന്നതും വൈരുദ്ധ്യങ്ങളുടെ രേഖീയമായ മനസിലാക്കലിലൂടെയാണ്. ഒരു പൊതുസമൂഹം എന്ന നിലയിൽ  മനുഷ്യന് ഒന്ന് മനസിലാകുന്നതിന് പിന്നിലും, മറ്റൊന്ന് മനസിലാകാതിരിക്കുന്നതിന് പിന്നിലും സംസ്കാരമോ ചരിത്രമോ ഒറ്റതിരിഞ്ഞല്ല  സാംസ്കാരിക ചരിത്രം ഒന്നായി തന്നെയാണ് പ്രവർത്തിക്കുന്നത് . അതിനെ വെട്ടൊന്ന്, മുറി രണ്ട് എന്ന നിലയിൽ വ്യാഖ്യാനിച്ച് ഒതുക്കിക്കളയരുതെന്ന് മാത്രം. അങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത് കലയുടെ അസ്തിത്വത്തിന്റെ ഭാഗമായ അതിന്റെ സന്നിഗ്ദ്ധതകളുടെ ഒഴിച്ചുകളയലാണ്. അങ്ങനെ പരിണാമബന്ധിയായ തനത്  അനുകൂലകത്തെ ഒഴിച്ച് നിർത്തി വികസിപ്പിക്കാൻ ശ്രമിക്കുന്ന ഏത് വ്യവസ്ഥയും തകർച്ചയെ നേരിടും എന്ന് ഉറപ്പ്. അത് തന്നെയാണ് മലയാള സിനിമ നേരിട്ടതും, കൊണ്ടിരിക്കുന്നതും.

(തുടരും)

മലയാളസിനിമാപഠനങ്ങൾ അധ്യായം ഒന്ന് : വെള്ളിത്തിര തിന്നുന്ന വിശുദ്ധപശു

മലയാളസിനിമാപഠനങ്ങൾ അധ്യായം രണ്ട് : സിനിമ: വിപണി, പൊതുബോധം, കല

മലയാളസിനിമാപഠനങ്ങൾ അധ്യായം മൂന്ന് : പിറകോട്ട് കറങ്ങുന്ന റീലുകൾ

Comments

comments