ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ലവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്‌ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്‌ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്‌ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടു എന്നുമുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്‌കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്‌ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്‌കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്‌ക്കാരം കൂടിയായിരുന്നു.

ജീവിതവും കലയും തമ്മിലുള്ള പാരസ്പര്യത്തിന്റെ സങ്കീര്‍ണതകളാണ് ഇറാനിയന്‍ മാസ്റ്ററായ അബ്ബാസ് കിയരോസ്താമിയുടെ സിനിമകളുടെ അടിസ്ഥാന പ്രമേയം. അബ്ബാസ് കിയരോസ്താമി, ജാഫര്‍ പനാഹി എന്നിവര്‍ തുടങ്ങി വെച്ചtasteofcherry1 ആധുനിക ഇറാനിയന്‍ സിനിമ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിക്കഴിഞ്ഞു. 1997ലെ കാന്‍ മേളയില്‍ തന്റെ ടേസ്റ്റ് ഓഫ് ചെറി എന്ന ചിത്രത്തിന് പാം ദി ഓര്‍ നേടിയതിലൂടെ അബ്ബാസ് കിയരോസ്താമി ലോകസിനിമാ ചരിത്രത്തിലെ തന്നെ മഹാത്മാക്കളിലൊരാളായി ഉയര്‍ത്തപ്പെട്ടുവെന്ന് നിരീക്ഷകര്‍ വിലയിരുത്തി. മിസ്റ്റര്‍ ബദി എന്ന് മാത്രം അറിയപ്പെടുന്ന ഒരു സമ്പന്നന്‍, ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. മരണശേഷം തന്റെ മൃതദേഹം സംസ്‌ക്കരിക്കാനുത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു സന്നദ്ധ സേവകനെ അയാള്‍ അന്വേഷിക്കുന്നു. ധാര്‍മിക സന്ദിഗ്ദ്ധതകള്‍ക്കും വ്യക്തിപരമായ ആകുലതകള്‍ക്കും ഇടയിലൂടെ അലയുന്ന മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധിയാണ് കിയരോസ്തമി ആവിഷ്‌ക്കരിക്കുന്നത്. വിപ്ലവത്തെത്തുടര്‍ന്ന് പ്രമുഖരായ പല ചലച്ചിത്രകാരന്മാരും ഇറാന്‍ വിട്ടുപോയപ്പോള്‍, അവിടെ തന്നെ താമസിക്കാനാണ് കിയരോസ്തമി തീരുമാനിച്ചത്. പറിച്ചു നട്ടാല്‍ വൃക്ഷത്തിന് പഴയതു പോലെ കായ്ക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതു സംബന്ധമായ ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം. ഇനി അഥവാ കായ്ച്ചാല്‍ തന്നെ അതിന് പഴയതു പോലെ ഗുണമുണ്ടായിരിക്കുകയുമില്ല.

ജീവിതം അതല്ലാതെ ഒന്നുമില്ല (ലൈഫ് ആന്റ് നതിംഗ് മോര്‍/1991), കഥാചിത്രം, ഡോക്കുമെന്ററിlifeandnothingmore3 എന്നീ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന ഒരു കാവ്യാത്മകമായ സിനിമയാണ്. പ്രതിനിധാനത്തിനും വാര്‍ത്താവതരണത്തിനും അപ്പുറത്ത് ലക്ഷണങ്ങളെ ഒപ്പിയെടുക്കുന്ന സവിശേഷമായ ഒരു പ്രക്രിയയായി ആഖ്യാനം പരിണമിക്കുന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. 1990ല്‍ ഇറാനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തെത്തുടര്‍ന്ന് ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചുകളികളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നു ചിത്രങ്ങളടങ്ങിയ കോക്കര്‍ ത്രയത്തില്‍ രണ്ടാമത്തെ ചിത്രമാണ് സിന്ദഗി വാ ദിഗാര്‍ ഹിച്ച്(ലൈഫ് ആന്റ് നതിംഗ് മോര്‍).

അമ്പതിനായിരത്തില്‍ പരം ആളുകളാണ് ആ ഭൂകമ്പത്തില്‍ മരിച്ചുപോയത്. 1987 ല്‍ താന്‍ ചിത്രീകരിച്ച എവിടെയാണ് സുഹൃത്തിന്റെ വീട് (വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോം) എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കോക്കര്‍ പട്ടണം ഭൂകമ്പത്തില്‍ തകര്‍ന്നതായി മനസ്സിലാക്കിയ സംവിധായകന്‍ ആ നഗരത്തിലേക്ക് യാത്രയാകുകയാണ്. ഈ ചിത്രത്തില്‍ സംവിധായകനായി അഭിനയിക്കുന്നത് ഫര്‍ഹാദ് ഖെര്‍ദാമെന്റ് ആണ്. വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോമിലഭിനയിച്ച കുട്ടികളായ അഭിനേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്ക്കണ്ഠ. തെഹ്‌റാനില്‍ നിന്ന് തന്റെ മകന്‍ പൂയയോടൊപ്പം ഒരു കാറില്‍ അദ്ദേഹം യാത്രയാകുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് രക്ഷാപ്രവര്‍ത്തകരുടെ വാഹനക്കുരുക്കില്‍ പെട്ട് അവരുടെ യാത്ര തടസ്സപ്പെടുന്നു. പ്രധാന റോഡ് വിട്ട് ഇടറോഡുകളിലൂടെ യാത്ര തുടരുന്ന സംവിധായകന്‍, താല്‍ക്കാലിക ടെന്റുകള്‍ കെട്ടി ജീവിതത്തില്‍ ഇനിയും നല്ല കാലം വരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ വഴിയിലെമ്പാടും കണ്ടു മുട്ടുന്നു. തന്റെ മുന്‍ സിനിമയിലഭിനയിച്ച പലരെയും അദ്ദേഹം കാണുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വേഷത്തിലഭിനയിച്ച രണ്ടു കുട്ടികളുടെ അവസ്ഥ എന്താണ് എന്നറിയാനാണ് അദ്ദേഹത്തിന് തിടുക്കം. ലോകകപ്പ് ഫുട്ബാളിന്റെ സീസണിലാണ് ഭൂകമ്പം സംഭവിക്കുന്നത്. ബ്രസീലും സ്‌കോട്ട്‌ലാന്റും തമ്മിലുള്ള കളിയുടെ അന്നായിരുന്നു ഭൂകമ്പം. ടി വിയിലെ കളി കാണാന്‍ അമ്മാമന്റെ വീട്ടില്‍ പോയതുകൊണ്ടാണ് ഒരു കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. കുഴിമാടങ്ങളില്‍ നിന്ന് നിവര്‍ന്നു വരുന്നവരും ടെന്റ് കെട്ടി താമസിക്കുന്നവരുമാണെങ്കിലും ഫുട്ബാളിന്റെ ആവേശം അവരിലൊട്ടും കുറവല്ല. സംവിധായകന്റെ മകന്‍ പൂയ, ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള കളി കാണാന്‍ കോക്കറിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ടെന്റുകളില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച ആന്റിനയുടെ താഴെ ടി വി കാണാന്‍ പോകുന്നത് മനുഷ്യരുടെ പരിഗണനകളെ ഏതളവ് വെച്ചാണ് ഗൗരവം/തമാശ എന്ന് വേര്‍തിരിക്കുന്നത് എന്ന് തീരുമാനിക്കാന്‍ നമ്മെ അപ്രാപ്തരാക്കുന്ന കഥാഗതിയാണ്.

നായകകഥാപാത്രം റൂഹി എന്ന തന്റെ സിനിമയിലഭിനയിച്ച ‘നടനെ’ കണ്ടു മുട്ടുന്നതും അവരുടെ ഒന്നിച്ചുള്ള യാത്രയും രസാവഹമാണ്. ഒരു ക്ലോസറ്റ് തലയിലേറ്റിക്കൊണ്ട് റൂഹി നടന്നുപോകുമ്പോഴാണ് നായകന്‍/സംവിധായകന്‍ അയാളെ കാണുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നാലും ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യങ്ങളില്ലേ എന്നാണ് റൂഹിയുടെ ന്യായം. തനിക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല എന്നു നുണ പറയുന്ന റൂഹി പക്ഷെ താന്‍ ഇപ്പോള്‍ താമസിക്കുന്നതായി കാണിച്ചുകൊടുത്ത വീട്ടിലെത്തുമ്പോഴാണ് സത്യം വെളിപ്പെടുത്തുന്നത്. തന്റെ വീടും തകര്‍ന്നു, ടെന്റിലാണ് താമസം, പക്ഷെ ഈ വീട് തകരാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നൊക്കെ വിചിത്രമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. താന്‍ പ്രായം കൂടിയ ഒരാളെയാണ് വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോമില്‍ അവതരിപ്പിച്ചത് എന്നും അത് തീര്‍ത്തും തെറ്റായിരുന്നു എന്നും അയാള്‍ പറയുന്നുണ്ട്. പ്രായം കൂടിയ ആളെ ചെറുപ്പക്കാരനും വിരൂപനെ സുന്ദരനും ആക്കുന്നതായിരിക്കണം കല എന്നാണ് അയാളുടെ വേദാന്തം. തകര്‍ച്ചയുടെയും അനിശ്ചിതത്വത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ കാണികള്‍ക്ക് രുചിക്കുന്ന തരത്തിലുള്ള മനോഹരചിത്രമായി പാകപ്പെടുത്തുന്ന തന്റെ തന്നെ രീതിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്തുകയാണ് ഖൈരസ്തമി ഈ ആഖ്യാനഖണ്ഡത്തിലൂടെ.

കാവ്യനീതിയുടെ പ്രതിഫലനത്തിനായി സിനിമയുടെ അന്ത്യഭാഗത്ത് അതിവിദൂര ചിത്രീകരണ രീതി ഉപയോഗിച്ചത് സംവിധായകന്റെ മാധ്യമത്തിലുള്ള കൈയടക്കത്തിന്റെ ഒന്നാന്തരം സൂചനയാണ്. കുത്തനെയുള്ള കയറ്റവും വളവുതിരിവുകളുമുള്ള ചുരങ്ങള്‍ കയറാന്‍ പ്രയാസപ്പെടുന്ന കാറിന്റെ ദൃശ്യം സൂക്ഷ്മബിന്ദു പോലെയാണ് തിരശ്ശീലയില്‍ കാണുന്നത്. വഴിയില്‍ ഭാരമേറ്റിക്കൊണ്ടു പോകുന്ന ഒരാള്‍ കൈ കാണിച്ചിട്ടും അയാളെ കാറില്‍ കയറ്റാതെ പോകുന്നു. തുടര്‍ന്ന് കാറിന് കയറ്റം കയറാനാകാതെ തിരിച്ചിറങ്ങുമ്പോള്‍ അതേ ആളു കൂടി പുറകില്‍ നിന്ന് തള്ളിയതുകൊണ്ടാണ് കാറിന് യാത്ര തുടരാനാകുന്നത്. പിന്നീട് അയാളെയും കാറില്‍ കയറ്റുന്നു. താന്‍ അന്വേഷിച്ചു പോകുന്ന കുട്ടിയെ സംവിധായകന് കണ്ടെത്താനാവുമോ ഇല്ലയോ എന്ന പ്രശ്‌നം കാണിക്ക് വിട്ടുകൊടുത്തുകൊണ്ട് സിനിമ സമാപിക്കുന്നു.LifeandNothing-more5

ദൈവം എന്തുകൊണ്ടാണ് ചിലരെ രക്ഷപ്പെടുത്തുന്നത്, ചിലരെ മരണത്തിന് വിട്ടുകൊടുക്കുന്നത് എന്ന ദാര്‍ശനികമായ അന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമെന്നതുപോലെ ചലച്ചിത്രരചനയുടെ ധാര്‍മികതയെക്കുറിച്ചും ആത്മവിചാരണനടത്തുന്ന ഒരു സന്ദര്‍ഭമായി ഈ സിനിമ പരിണമിക്കുന്നുണ്ട്. 1992ലെ കാന്‍ മേളയില്‍ റോസല്ലിനി പ്രൈസ് ഈ സിനിമക്കാണ് ലഭിച്ചത്.

കോക്കര്‍ ത്രയത്തിലെ ചിത്രങ്ങള്‍ക്കു പുറമെ ദ വിന്റ് വില്‍ കാരി അസ്, പോലുള്ളവയും കിയരോസ്താമിയുടെ ചിത്രങ്ങളില്‍thewindwillcarryus6 ഏറെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോം എന്ന ചിത്രത്തില്‍ തന്റെ സഹപാഠിയുടെ നോട്ടുപുസ്തകം അവനെ തിരിച്ചേല്‍പിക്കാന്‍ വേണ്ടി ഒരു എട്ടുവയസ്സുകാരന്‍ പരിശ്രമിക്കുന്നതിന്റെ കഥയാണുള്ളത്. അത് കൊടുത്തില്ലെങ്കില്‍ ആ നോട്ടുപുസ്തകത്തിന്റെ ഉടമയായ കുട്ടി ക്ലാസില്‍ നിന്നു പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇറാനിയന്‍ ഗ്രാമീണ ജനതയുടെ പരമ്പരാഗതവിശ്വാസങ്ങള്‍ ചിത്രത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് കൗതുകകരമാണ്. 1990ല്‍ ഖൈരസ്തമി സംവിധാനം ചെയ്ത ക്ലോസപ്പില്‍ മഖ്മല്‍ബഫായി നടിച്ച് പലരെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരാളുടെ കഥയാണ് അനാവരണം ചെയ്യുന്നത്.

കോക്കര്‍ ത്രയം എന്നറിയപ്പെടുന്ന മൂന്നു സിനിമകളിലവസാനത്തേതായ ഒലീവ് മരങ്ങള്‍ക്കിടയിലൂടെ (ത്രൂ ദ ഒലീവ് ട്രീസ്/1994/പേര്‍സ്യന്‍/103 മിനുറ്റ്) സങ്കീര്‍ണതയെ യാഥാര്‍ത്ഥ്യത്തിന്റെയുംthrutheolivetrees3 ഭാവനയുടെയും അതിര്‍വരമ്പുകള്‍ ഇടക്കിടെ അതിലംഘിച്ചു കൊണ്ട് ലളിതമധുരമായി ആവിഷ്‌ക്കരിക്കുന്നു. ഭൂകമ്പാനന്തരം പുനര്‍ നിര്‍മിക്കപ്പെടുന്ന വടക്കന്‍ ഇറാനിയന്‍ പശ്ചാത്തലത്തിലാണ് സിനിമാ ചിത്രീകരണവും യഥാര്‍ത്ഥ ജീവിതാസക്തികളും ഇടകലരുന്നത്. ഹുസൈന്‍ റസായി എന്ന നിരക്ഷരനായ യുവാവാണ് സിനിമക്കുള്ളിലെ സിനിമയിലെ ഒരു വേഷം കൈകാര്യം ചെയ്യുന്നത്. ലൈഫ് ആന്റ് നതിംഗ് മോര്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇവിടെ നടക്കുന്നത്. ഹുസൈന്റെ ഭാര്യയുടെ വേഷത്തിലഭിനയിക്കുന്ന തഹെരെയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടയാള്‍ക്ക്. സിനിമാചിത്രീകരണത്തിനു മുമ്പ് തന്നെ ആരംഭിച്ചതും നിഷേധിക്കപ്പെട്ടതുമായ ഒരു വിവാഹാലോചനയുമാണത്. ഭൂകമ്പത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവളുടെ മുത്തശ്ശിക്കാണ് ഈ വിവാഹവാഗ്ദാനം ഒട്ടും ഉള്‍ക്കൊള്ളാനാവാത്തത്. കാരണം, അവള്‍ പഠിച്ചവളും അവന്‍ നിരക്ഷരനുമാണെന്നതു തന്നെ. അഭിനയത്തിനിടെ, അവന്‍ നടത്തുന്ന പ്രേമ/വിവാഹാഭ്യര്‍ത്ഥനകളോട് പ്രതികരിക്കാതിരിക്കുകയും സിനിമാഡയലോഗുകള്‍ മാത്രം സംസാരിക്കുകയും ചെയ്യുന്ന തഹെരെയുടെ സന്ദിഗ്ദ്ധതയാണ് കാണിയെ പിടിച്ചു നിര്‍ത്തുക. പാക്കപ്പ് കഴിഞ്ഞ് ഒലീവ് മരങ്ങള്‍ക്കിടയിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന അവളുടെ പിന്നാലെ കൂടുന്ന ഹുസൈനോട് കുറെ നേരം അവളൊന്നും മിണ്ടുന്നു തന്നെയില്ല. ചിത്രത്തിന്റെ അവസാനം കുറെ നേരം നീണ്ടു നില്‍ക്കുന്ന ഒരു വിദൂരദൃശ്യ(ലോംഗ് ഷോട്ട്)മാണുള്ളത്. ആ ദൂരത്തില്‍ അവര്‍ രണ്ടു പേരും ബിന്ദുക്കള്‍ പോലെ നമുക്ക് വ്യക്തമാവും. അവസാനം അവന്‍ തിരിച്ചു പോരുന്നു. എന്നാല്‍ എന്താണ് അവള്‍ പറഞ്ഞിട്ടുണ്ടാവുക അല്ലെങ്കില്‍ മൗനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടാവുക എന്ന് നമുക്ക് വ്യക്തമാവുന്നുമില്ല.

സിനിമക്കുള്ളിലെ സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നതിന്റെ ഒരു കാരണം, പ്രൊഫഷണലല്ലാത്ത പുതുക്കക്കാരായ നടീനടന്മാരെ അഭിനയിപ്പിക്കുന്നതു കൊണ്ടാണ്. എന്നാല്‍, ഇറാനിയന്‍ സദാചാര ബോധവും വിവാഹ ബന്ധം സ്വരൂപിച്ചെടുക്കുന്നതിനെ സംബന്ധിച്ച നാട്ടു ധാരണകളും മര്യാദകളും പ്രവര്‍ത്തനക്ഷമമാകുന്നതു മൂലവുമാണ് കഥാപാത്രങ്ങള്‍ക്ക് സത്യത്തില്‍ ഇടര്‍ച്ച സംഭവിക്കുന്നത്. 1990ല്‍ കോക്കര്‍ പ്രദേശത്ത് നടന്ന ഭൂകമ്പത്തില്‍ അമ്പതിനായിരത്തിലധികം ആളുകള്‍ മരണപ്പെടുകയുണ്ടായി. ഭീതിദമായ ആ ദുരന്തത്തില്‍ നിന്ന് മോചനം നേടുന്ന ജനതക്കിടയിലാണ് കിയരോസ്താമി തന്റെ ചലച്ചിത്ര ചിത്രീകരണ സംഘവുമായെത്തുന്നത്. ഒരു ദൃശ്യത്തില്‍ മുഖ്യ സംവിധായക അസിസ്റ്റന്റായ ഷീവ, നടനെയും കൊണ്ട് ചിത്രീകരണ സ്ഥലത്തേക്ക് കാറോടിച്ചു പോകവെ വഴി തടസ്സപ്പെടുന്നു. അവിടെ പുനര്‍ നിര്‍മാണ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇഷ്ടികയും മരങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഞങ്ങള്‍ക്കിതാണ് പ്രധാനം മാറ്റിയിടാന്‍ സമയമെടുക്കും എന്നാണ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സൂപ്പര്‍വൈസര്‍ പറയുന്നത്. ദുരന്ത ഭൂമികയിലെ സിനിമാപിടുത്തത്തെ ആത്മവിമര്‍ശനപരമായി ചോദ്യം ചെയ്യുകയാണ് കിയരോസ്താമി ഇത്തരം ദൃശ്യങ്ങളിലൂടെ.

പാശ്ചാത്യ സിനിമയുടെ മിക്കവാറും എല്ലാ പാരമ്പര്യങ്ങളെയും വേണ്ടെന്നു വെക്കുന്ന ഒരു പ്രതിപാദനരീതിയാണ് കിയരോസ്താമിabbas-4 അദ്ദേഹത്തിന്റെ സിനിമകളില്‍ കൈക്കൊള്ളുന്നത്. ചിലപ്പോഴൊക്കെ വിരസവും പ്രേക്ഷകര്‍ക്ക് പങ്കൊന്നുമില്ലാത്തതും എന്ന് തോന്നിപ്പിക്കുന്ന ശൈലി പോലും അദ്ദേഹം അനുവര്‍ത്തിക്കുന്നതു കാണാം. എന്നാല്‍ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന ലാളിത്യത്തിനുള്ളിലൊളിപ്പിക്കുന്ന സങ്കീര്‍ണതയും, വിശുദ്ധവും നിബന്ധനകളില്ലാത്ത മാനവികതയും കിയരോസ്താമിയുടെ സിനിമകളെ, അവയുടെ പ്രാദേശികതകളെ ഉല്ലംഘിപ്പിക്കുന്ന സാര്‍വദേശീയതയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

യുദ്ധത്തിന്റെയും ഒറ്റപ്പെടലിന്റെയും കാലത്ത് ഇറാന്‍ എന്നത് യുദ്ധോത്സുകരുടെ ഒരു ഭീകര രാഷ്ട്രമാണെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അക്കാലത്ത്, ഇറാന്റെ സമാധാന മുഖങ്ങളാണ് കിയരോസ്തമി അനാവരണം ചെയ്തത്. മെഹ്ര്‍ദാദ് ഹോജാദി പറഞ്ഞതു പോലെ, ഇറാനിലെ മാറ്റത്തിന്റെ ഒരു ബിംബമാണ് കിയരോസ്തമി.

Comments

comments