(മോസാംബിക്കന്‍ നോവലിസ്റ്റ് നോവലിസ്റ്റ് മിയാ കൂട്ടോയുടെ ദി ട്യൂണര്‍ ഓഫ് സൈലന്‍സസ് എന്ന നോവലിന്‍റെ വായന )
1950–കളുടെ തുടക്കത്തില്‍, സലാസറുടെ (ആന്‍റോനിയോ ഡി ഒലിവിയെരാ സലാസര്‍ ) ഫാസിസ്റ്റ് ഏകാധിപത്യ നാളുകളില്‍ (1932-1968) പോര്‍ച്ചുഗലില്‍ നിന്ന് അന്നത്തെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന മൊസാംബിക്കിലേക്ക് ഭാര്യാസമേതം പലായനം ചെയ്ത കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന പിതാവ് ഫെര്‍ണാണ്ടോ കൂട്ടോയുടെ പ്രചോദനമാണ് തന്റെ ധൈഷണിക ഉത്കണ്ഠകള്‍ രൂപപ്പെടുത്തിയതെന്ന് മിയാ കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “സ്വാതന്ത്ര്യം വരുന്നുണ്ടെന്ന് എന്റെ അച്ഛന്‍ അറിഞ്ഞിരുന്നു, അദ്ദേഹം അതിനായി പൊരുതി. എന്നെയും എന്‍റെ സഹോദരങ്ങളെയും പുതിയ നാടിന്‍റെ ഭാഗമാകാന്‍ കഴിയും വിധം അച്ഛനമ്മമാര്‍ ഞങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചു.” കൊളോണിയല്‍ അധികാരികള്‍ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ തൊഴിലിനു വിഘ്നം സൃഷ്ടിക്കുകയും കുടുംബ വരുമാനം മുട്ടിക്കുകയും ചെയ്തപ്പോള്‍, അമ്മ ബിഷപ്പിനെ അഭയം തേടിയെങ്കിലും, ‘പള്ളിയിലൊന്നും കാണാത്ത‘ ഒരാള്‍ക്ക് വേണ്ടി ഇടപെടാനാവില്ലെന്ന് ബിഷപ്പ് കൈ മലര്‍ത്തിയതും ഒരു ജോലിക്ക് വേണ്ടി മാത്രമായി വിശ്വാസി ചമയാനാവില്ലെന്നു അച്ഛന്‍ നിലപാടെടുത്തതും ജീവിത പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് കൂട്ടോ ഓര്‍ക്കുന്നു. എന്നാല്‍ പില്‍ക്കാലത്തൊരിക്കല്‍ കണ്ട മുട്ടുകുത്തി നില്‍ക്കുന്ന അച്ഛന്റെ ഒരു ഫോട്ടോഗ്രാഫ് അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്. തന്‍റെ ഏഴാം വയസ്സില്‍, മുത്തച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പുന്ന അച്ഛനെ ആശ്വസിപ്പിച്ചത് അദ്ദേഹം വിവരിക്കുന്നു:
” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ‘മുത്തച്ഛന്‍ എങ്ങനെയാണ് മരിക്കുക? അവിടെ അദ്ദേഹം മരിച്ചു, പക്ഷെ ഇവിടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.’ ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടില്‍ ജീവിച്ചിരുന്നു, കാരണം എന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ വിട്ടുപോന്നവയെ കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.”
പറയപ്പെടുന്ന കഥകളില്‍ പൂര്‍വ്വസൂരികള്‍ ജീവിതം തുടരുന്നുവെന്ന ആശയം മിയാ കൂട്ടോയുടെ രചനാ ലോകത്തേക്കുള്ള താക്കോലാണെന്ന് പറയാം. ആഫ്രിക്കന്‍ കഥാപാരമ്പര്യത്തോട് ഇത് അങ്ങേയറ്റം ചേര്‍ന്ന് പോവുകയും ചെയ്യുന്നു.
മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക് നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ് മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണവെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO)എത്തിച്ചത് സ്വാഭാവികം. ചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും ‘ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ‘ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്. ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതും. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍” എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്:
“ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്; യൂറോപ്പുകാരുടെയും മൊസാംബിക്കുകാരുടെയും മകന്‍; വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്‍; വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍. ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്, ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നു, കാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.”
അതേ സമയം, ആഭ്യന്തര യുദ്ധകാലത്ത്(1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO) കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെക്കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്.
“ഞാന്‍ കാല്‍പ്പനികനാവുകയാവാം, പക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ്: നീയൊരാളാണ് കഥകള്‍ പറയുക.”
MIA COUTO
ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും
‘സ്വപ്നാടക ദേശ‘ത്തിലേത് പോലെ ‘നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി‘(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ– എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ ‘ജസൂസലേം‘ എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച‘ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന’ (where Jesus would uncrucify himslef) ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പേരുമാറ്റിയിരുന്നു (‘de-baptise’). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ‘പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത‘, ‘നിശ്ശൂന്യമായ‘ ‘അങ്ങകലെ‘ എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. ലോകത്തോട് മാത്രമല്ല മക്കളുടെ അമ്മയുടെ അന്ത്യത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരോര്‍മ്മയില്‍ നിന്നും മക്കളെ അകറ്റിനിര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പ്രാര്‍ഥനയും കണ്ണീരും ദൈവവും വിലക്കപ്പെട്ട ജസൂസലേം തീര്‍ച്ചയായും ഒരു ആദിമ ഏദന്‍ അല്ല. നോവലില്‍ അത്തരം മിസ്റ്റിക് സ്വാധീനങ്ങളൊക്കെയും ബോധപൂര്‍വ്വമായിത്തന്നെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പകരം, മിക്ക കഥാപാത്രങ്ങളെയും വേട്ടയാടുന്ന വിചിത്രവും അശാന്തവുമായ പേടിസ്വപ്നങ്ങളും വിറ്റാലീഷ്യോയുടെ ഉന്മാദം ഉരുവാക്കുന്ന വെളിപാടുകളുമാണ് മിയാ കൂട്ടോയുടെ മാജിക്കല്‍ റിയലിസ/ ആഫ്രിക്കന്‍ റിയലിസത്തിന് ഫലഭൂയിഷ്ടമായ ആഖ്യാന ഭൂമികയൊരുക്കുന്നത്.
നോവല്‍ തുടങ്ങുന്നത് തന്നെ ജസൂസലെമിന്റെ കവചിതാവസ്ഥ തികച്ചും അപ്രതീക്ഷിക്ഷിതവും വ്യത്യസ്തവുമായ രീതിയില്‍ ഭേദിക്കപ്പെടുന്നതോടെയാണ്:
“ ഒരു സ്ത്രീയെ കാണുമ്പോള്‍ എനിക്ക് പതിനൊന്നു വയസ്സായിരുന്നു, പെട്ടെന്നുണ്ടായ ആ അമ്പരപ്പില്‍ ഞാന്‍ കരഞ്ഞുപോയി. അഞ്ചു മനുഷ്യര്‍ മാത്രം താമസിച്ച ഒരു ഊഷരഭൂമിയിലാണ് ഞാന്‍ ജീവിച്ചത്. എന്റെ അച്ഛന്‍ സ്ഥലത്തിനു ഒരു പേരു നല്‍കിയിരുന്നു. അതിനെ തികച്ചും ലളിതമായി ജസൂസലേം എന്നു വിളിച്ചു. ഇവിടെയാവാം ജീസസ് സ്വയം കുരിശു വിട്ടിറങ്ങുക. അതായിരുന്നു അതിന്റെ അവസാനം, പൂര്‍ണ്ണ വിരാമം.”
എന്നാല്‍ , തുടര്‍ന്ന് അവതരിപ്പിക്കപ്പെടുന്നത് പിന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ്. തന്റെ മൂന്നാം വയസ്സില്‍ അമ്മയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് ജെസൂസലെമിലെത്തിയ ശേഷമുള്ള അഞ്ചുവര്‍ഷങ്ങളില്‍ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെടുന്നു. എംവാനിറ്റോ അറിഞ്ഞ ഏകലോകം ജെസൂസലേം മാത്രം. എന്നാല്‍ ജ്യേഷ്ഠന്‍ എന്‍ടൂന്‍സി പുറം ലോകത്തെ കുറിച്ച് സ്വപ്നം കാണുന്നു, അച്ഛനുമായുള്ള അവന്റെ സംഘര്‍ഷാത്മക ബന്ധം വിറ്റാലീഷ്യോയുടെ കൊടിയ ഹിംസാപ്രവണതയെ പലവുരു വെളിയില്‍ ചാടിക്കുന്നു. പുഴയെ എന്‍ടൂന്‍സി ഒരു രക്ഷാമാര്‍ഗ്ഗമായി കാണാന്‍ തുടങ്ങുമ്പോള്‍ അതിലെന്തോ അരുതായ്മയാരോപിച്ച് അവനെ ജീവച്ഛവമാക്കുകയും വേലിക്കല്‍ രാത്രിമുഴുവന്‍ കഴിയാന്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന വിറ്റാലീഷ്യോയേ സാക്കറി കലാഷ് ഓര്‍മ്മിപ്പിക്കുന്നു:
“അവന്‍ മരിച്ചാല്‍ പിന്നെ നിനക്കൊരിക്കലും ശാന്തിയുണ്ടാവില്ല. രണ്ടാമത് ഒരാത്മാവ് കൂടി നിന്നെ സദാ പിന്തുടരും.”
ജസബേല്‍ ഒരു ‘സീബ്രാ മുലാറ്റോ‘യേ പ്രസവിക്കാനിടയാവുന്നതിനോട് വിറ്റാലീഷ്യോയുടെ പ്രതികരണവും കുഞ്ഞിനെ അയാള്‍ കഴുത്തുഞെരിച്ചു കൊന്നു കളയുന്നതും മാനവികതയില്‍ നിന്നുള്ള തിരിച്ചുപോക്കിന്റെ മറ്റു സന്ദര്‍ഭങ്ങളാണ്. എന്നാല്‍ മിയാ കൂട്ടോയുടെ പതിവു രീതിയിലുള്ള കാച്ചിക്കുറുക്കിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഇത്തരം ഏതു ഘട്ടത്തിലും ആഖ്യാനത്തിന് ഉന്നത ധൈഷണിക മാനം നല്‍കുന്നു. ആഫ്രിക്കന്‍ കഥപറച്ചില്‍ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ മാതൃകയില്‍ കൂട്ടോയുടെ ആഖ്യാനം ഒരേ സമയം യഥാതഥമായ ആവിഷ്കാരങ്ങളിലും ഫാന്റസിയുടെയും പ്രതീകാത്മകതയുടെയും മിതിക്കല്‍ , സ്വപ്ന ദര്‍ശന രീതികളിലും മുന്നോട്ടുപോകുന്നു.
മാതൃകം – മൗനത്തിനും പ്രണയത്തിനും
ഇതിവൃത്ത ഘടനയില്‍ അവസാന നിമിഷം വരെയും വളവുകളും തിരിവുകളും കരുതിവെക്കുക എന്ന മിയാ കൂട്ടോ രീതി ഏറെ പ്രകടമാണ് ‘നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി‘ലും.നോവലില്‍ ആകെ നിഴല്‍ പടര്‍ത്തുന്ന അമ്മയുടെ മരണത്തെക്കുറിച്ചുള്ള സത്യം, അത്തരത്തില്‍ ഏതാണ്ട് അന്ത്യം വരെ കാത്തു വെക്കുന്ന ഒന്നാണ്. ‘സ്വപ്നാടക ദേശ‘ത്തില്‍ ഏതാണ്ട് പുരുഷ കേന്ദ്രിതമായ ഒരു ലോകമാണ് കൂട്ടോ അവതരിപ്പിച്ചതെങ്കില്‍ ഇവിടെ ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. “വിദൂര ഭൂതകാലത്തിലേക്ക് മാഞ്ഞു പോകുന്നതിനു പകരം അവര്‍ (ഡോണാ ഡോര്‍ഡാല്‍മ) രാത്രിയുടെ പിന്‍ ഇടവേളകളിലെ വിടവുകളില്‍ അധിനിവേശിച്ചു. ആ ആത്മാവിനെ അടക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അവരുടെ ദുരൂഹ മരണം, കാരണമോ കാഴ്ചയോ കൂടാതെയുള്ളത്, അവരെ ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് നിന്നും കൊണ്ടുപോയിരുന്നില്ല.”അവരത്രക്ക് മൌനിയായിരുന്നത് കാരണം അവരുടെ ഇല്ലാതാവല്‍ പോലും അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ജീവിച്ചിരിക്കുമ്പോഴേ ഇങ്ങനെ അടക്കപ്പെടുന്ന സ്ത്രീകള്‍ മിയാ കൂട്ടോയുടെ കൃതികളില്‍ ധാരാളമുണ്ട്– സ്വപ്നാടക ദേശത്തിലെ മിസ്സിസ് വിര്‍ജീനിയാ, ഡോണാ ഫരീദ, ‘സിംഹിണിയുടെ കുമ്പസാരങ്ങളിലെ ഹനീഫാ അസൂലുവ, മിരിയാമാര്‍ തുടങ്ങിയവര്‍ ഉദാഹരണം. അമ്മയില്‍ നിന്നാണ് ‘മൗനങ്ങളെ ചിട്ടപ്പെടുത്താനുള്ള‘ സിദ്ധി എംവാനിറ്റോക്ക് ലഭിക്കുന്നത്. “കുടുംബം, സ്കൂള്‍, മറ്റാളുകള്‍, അവയൊക്കെയും നമ്മളില്‍ ഏതെങ്കിലും വാഗ്ദാനങ്ങളുടെ സ്ഫുരണങ്ങള്‍ കണ്ടെത്തും, നമ്മള്‍ തിളങ്ങാന്‍ സാധ്യതയുള്ള ഏതെങ്കിലും ഇടം. ചിലര്‍ പാടാനായി ജനിക്കുന്നു, ചിലര്‍ നൃത്തം ചെയ്യാന്‍, മറ്റുള്ളവര്‍ മറ്റാരെങ്കിലും ആയിത്തീരാന്‍ മാത്രമായി. ഞാന്‍ മൗനം പാലിക്കാന്‍ പിറന്നവനായിരുന്നു. എന്റെ ഏക തൊഴില്‍ മൗനമാണ്. എന്റെ അച്ഛനാണ് ഇക്കാര്യം എനിക്ക് വിവരിച്ചു തന്നത് : ഉരിയാടാതിരിക്കാന്‍ ഉള്ളൊരു പ്രവണതയുണ്ടെനിക്ക്, മൗനങ്ങളെ സമ്പൂര്‍ണ്ണമാക്കാനുള്ള ഒരു മിടുക്ക്. ഞാന്‍ മൗനങ്ങള്‍ എന്ന് ബഹുവചനത്തില്‍ എഴുതിയത് ബോധപൂര്‍വ്വമാണ്. അതേ, കാരണം ഒരേയൊരു മൗനമല്ല ഉള്ളത്. എല്ലാ മൗനവും ഭ്രൂണാവസ്ഥയില്‍ ഉള്ള സംഗീതം പേറുന്നുണ്ട്.” അമ്മയില്‍ നിന്ന് അവനു കിട്ടുന്നത് മൗനം ചിട്ടപ്പെടുത്തുന്നതിനുള്ള സിദ്ധി മാത്രമായിരുന്നില്ല. ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ നോച്ചി കണ്ടെത്തുന്നത് പോലെ:
“ആരാണ് നിന്നെ സ്ത്രീകളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്?”
“ഞാന്‍ മറുപടി പറയണമായിരുന്നു: അത് സ്നേഹ നിരാസമായിരുന്നു.” എന്നാല്‍ അത് ഡോര്‍ഡാല്‍മ ആയിരുന്നെന്നും, അവരെപ്പോഴും അവിടെ ഉണ്ടായിരുന്നെന്നും അവന്‍ അറിയുന്നു.
സ്ത്രീയെന്ന സത്യവും തകരുന്ന മിഥ്യയും
നോവലിന്റെ ആദ്യ വാചകത്തിലെ സ്ത്രീ, മാര്‍ത്തയാണ്. ഒരര്‍ഥത്തില്‍ അവരുടെ വരവ്, അച്ഛന്‍ വിശ്വസിപ്പിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പുറത്തൊരു ലോകം നിലനില്‍ക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിലൂടെ, ഉന്മാദത്തിന്റെ മായക്കഴ്ച്ചക്ക് മേല്‍ യാഥാര്‍ത്ഥ്യത്തിന്റെ അധിനിവേശമാണ് എന്ന് പറയാം. ഒടുവില്‍ , അവരില്‍നിന്നു തന്നെയാണ് തന്റെ ജീവിതത്തിലെ ആദ്യസ്ത്രീയായ അമ്മയുടെ വിധിയെ കുറിച്ചും എംവാനിറ്റോ അറിയുക, തന്റെ പതിനാറാം വയസ്സില്‍. കാണാതായ ഭര്‍ത്താവ് മാര്‍സേലസിനെ തേടിയാണ് ആദ്യം അവര്‍ ജസൂസലെമില്‍ എത്തുന്നത്. എംവാനിറ്റോ അവരില്‍ അമ്മയെ കാണാന്‍ ശ്രമിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവനാ അനുഭവത്തെ ഇങ്ങനെ രേഖപ്പെടുത്തും:
“അതായിരുന്നു എന്റെ ആദ്യ സ്ത്രീ. അവരെന്റെ കാല്‍ക്കീഴിലെ മണ്ണ് അലിയിച്ചു കളഞ്ഞു. അന്നേക്കു ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു എണ്ണമറ്റ സ്ത്രീകളെ ഞാന്‍ കണ്ടുമുട്ടി, ഞാനവരെ ഇഷ്ടപ്പെട്ടപ്പോഴൊക്കെ, ലോകം എന്റെ കാല്‍ക്കീഴില്‍ നിന്ന് മുങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ ആ ആദ്യ അഭിമുഖം സ്ത്രീയുടെ നിഗൂഡ ശക്തി എന്റെ ബോധ മണ്ഡലത്തില്‍ കൊത്തിവെച്ചു.”
ഇതേ സമയം അദമ്യമായ ലൈംഗിക ചോദനകളിലേക്ക് ഉണര്‍ന്നു തുടങ്ങുന്ന എന്‍ടൂന്‍സിയുടെ സിരകളെ പോര്‍ച്ചുഗീസുകാരി ചൂടുപിടിപ്പിക്കുക മറ്റൊരു രീതിയില്‍ ആവും. ഉന്മാദത്തിന്റെ കയങ്ങളിലേക്ക് അതിവേഗം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന വിറ്റാലീഷ്യോക്ക് അവര്‍ നാടുകടത്തപ്പെടെണ്ട സാമ്രാജ്യത്വ അധിനിവേശമാണ്. അതിനെതിരെ സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലക്ക് തന്റെ രാജ്യമായ ജസൂസലെമില്‍ അയാള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വിപ്ലവ വായാടിത്തങ്ങളുടെ വീണ്‍വാക്കുകളുടെ ബാലിശമായ ഒരു പാരഡിയില്‍ സ്വയം ഏകാധിപതിയായി ചമഞ്ഞു അയാള്‍ നടത്തുന്ന നാടകീയ പ്രകടനം ഒരു വേള സ്വതന്ത്ര മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന സമോറാ മാഷെലിന് കീഴിലെ സോവിയറ്റ് വിധേയ കാലഘട്ടത്തോടുള്ള (1975-1986) ഒരു മുന കൂര്‍ത്ത ഹാസ്യാത്മക പ്രതികരണം കൂടിയാണ്. മാര്‍സേലോയുടെ ആഫ്രിക്കന്‍ കാമിനി നോചി തന്റെ പുതിയ തൊഴിലുടമയും ഒപ്പം കാമുകനുമായ അപ്രോക്സിമാഡോയേ കുറിച്ചു നല്‍കുന്ന സൂചനകള്‍ പിന്തുടര്‍ന്ന് ജസൂസലെമിലെത്തുന്ന മാര്‍ത്ത, എംവാനിറ്റൊയെ അച്ഛന്റെ വാക്കുകളില്‍ നിന്ന് വ്യത്യസ്തമായി ‘അങ്ങവിടെ‘ എല്ലാവരും മരിച്ച ഇടമല്ല എന്ന് ബോധ്യപ്പെടുത്തും. ‘മരിച്ചു പോയത് നമ്മളാണ്‘ എന്ന എന്‍ടൂന്‍സിയുടെ വാദം അവനു കുറേശ്ശെ സ്വീകാര്യമായിത്തുടങ്ങും. മാര്‍ത്തയെ കൊന്നു കളയാന്‍ തീര്‍ച്ചപ്പെടുത്തുന്ന വിറ്റാലീഷ്യോയില്‍ നിന്ന് ആ ജോലി ഏറ്റെടുക്കുന്ന എന്‍ടൂന്‍സി അതിനു പകരം ജെസബെലിനെ കൊന്നുകളയുന്നതോടെ കാലം എന്ന ‘ സര്‍പ്പം‘ വിറ്റാലീഷ്യോയേ കീഴ് പ്പെടുത്തുകയും അയാളുടെ പതനം ആരംഭിക്കുകയും ചെയ്യുന്നു. വിദേശ സ്വകാര്യ നിക്ഷേപകര്‍ പഴയ മൃഗ സംരക്ഷണ പാര്‍ക്ക് ഏറ്റെടുക്കാന്‍ എത്തുമെന്നുറപ്പാവുന്നതോടെ അവിടം വിടേണ്ടി വരുമെന്ന സാഹചര്യത്തെ അയാള്‍ നേരിടുക ഏറെ ചെറുത്തു നില്‍പ്പോടെയാണ്.
“ഞാന്‍ ദൈവത്തെ കാത്തിരിക്കുന്നു. എന്നിട്ടിതാ ഇപ്പോള്‍ കുറെ സ്വകാര്യ വിദേശ നിക്ഷേപകര്‍ എന്നെ പുറത്താക്കാന്‍ വരുന്നു… ആര്‍ക്കറിയാം, ഒരുപക്ഷെ സ്വകാര്യ വിദേശികളാവാം പുതിയ ദൈവങ്ങള്‍ “
നോവലിന്റെ രണ്ടാമത് ആഖ്യാന ശബ്ദം മാര്‍ത്തയുടെതാണ്. മിയാ കൂട്ടോയുടെ കൃതികളില്‍ വര്‍ണ്ണ വിവേചനത്തോടുള്ള നിലപാടുകള്‍ കടന്നു വരുന്നത് കേവലമായ ‘കറുത്തവരു‘ടെയും‘ വെള്ളക്കാരു‘ടെയും എതിര്‍ദിശാമുഖികളായ ദ്വന്ദ്വത്തിലൂടെയല്ല. സ്വയം വെളുത്ത വര്‍ഗ്ഗക്കാരനായ കൂട്ടോ വര്‍ണ്ണവെറിക്കും കൊളോണിയല്‍ അധിനിവേശത്തിനും എതിരെ ഉറച്ച നിലപാടെടുക്കുന്നത് അത്തരം ‘കറുപ്പ് – വെളുപ്പ്‘ സാമാന്യവല്‍ക്കരണങ്ങളില്‍ കാര്യമില്ല എന്ന് തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. മാര്‍സെലോ പതിനഞ്ചുകൊല്ലം മുമ്പ് മൊസാംബിക്കില്‍ വന്നത് കൊല്ലല്‍ തൊഴിലാക്കിയ സൈനികന്‍ ആയിട്ടായിരുന്നെങ്കില്‍ അവര്‍ കൊന്നത് യഥാര്‍ഥത്തില്‍ ഒരു രാജ്യത്തെയായിരുന്നു എന്ന് മാര്‍ത്ത നിരീക്ഷിക്കുന്നു. പതിനഞ്ചു കൊല്ലത്തിനു ശേഷം പ്രിയപ്പെട്ടവനെ അന്വേഷിച്ചു വന്നപ്പോള്‍ അതൊരു നൊസ്റ്റാള്‍ജിയയെ പിന്തുടരല്‍ ആയിരുന്നു എന്നാല്‍ അപ്പോള്‍ അതൊരു രാജ്യമേ ആയിരുന്നില്ല. ഒരോര്‍മ്മയും പുന സന്ദര്‍ശിക്കാന്‍ ആവില്ല എന്ന് അവര്‍ കണ്ടെത്തുന്നു. ഒരു ഘട്ടത്തില്‍ വെള്ളക്കാരന്‍ കറുത്ത സുന്ദരിമാരെ വിഴുങ്ങിയെങ്കില്‍, ഇപ്പോള്‍ അതിനു നേരെ വിപരീതമായതു സംഭവിക്കുന്നു. വെള്ളക്കാരന്‍ കറുത്ത സുന്ദരിമാര്‍ തന്നെ വിഴുങ്ങാന്‍ കൊതിക്കുന്നു. എന്നാല്‍ അയാള്‍ തന്നെയും ഉപേക്ഷിച്ചു മറ്റൊരു വിവാഹിതയായ സ്ത്രീക്കൊപ്പം പോയെന്നു നോച്ചി, മാര്‍ത്തയോട് പറയുന്നു. അനിതരസാധാരണമായ സൗന്ദര്യമുണ്ടായിരുന്ന അമ്മയുടെ ദുരന്തം മാര്‍ത്തയുടെ കത്തിലൂടെയാണ് എംവാനിറ്റോ അറിയുക. ഒരു കൂട്ട ബലാല്‍ക്കാരത്തിന്റെ, തുടര്‍ന്നുണ്ടാവുന്ന ഭര്‍ത്താവിന്റെ ക്രൂരമായ അവഗണനയുടെ, ഒടുവിലൊരു ആത്മഹത്യയുടെ നിസ്സഹായമായ അന്ത്യം.
“അവര്‍(മാര്‍ത്ത) ഒരു സന്ദര്‍ശകയല്ല, ഒരു ദൂതിയാണ്. എന്റെ രണ്ടാമത് അമ്മയാണ് എന്നൊരു സംശയം.എന്നെ വീട്ടിലേക്കു കൊണ്ടുപോകാന്‍ വന്നവള്‍ . ഡോര്‍ഡാല്‍മായാണ് ആ വീട്.”
ഭാവനയുടെയും വിജയം – രചനയുടെയും
എഴുതുക എന്നത് നോവലില്‍ അതിജീവിക്കുക എന്നതിന്റെയും ഉന്മാദത്തിന്റെ അധിനിവേശത്തിനു നേരെയുള്ള ചെറുത്തു നില്‍പ്പിന്റെയും രൂപമായിത്തീരുന്നുണ്ട്. യുദ്ധമാണ് അത്തരം അവസരങ്ങളൊക്കെ നിഷേധിക്കപ്പെടുന്ന കവചിത ജീവിതത്തിലേക്ക് തങ്ങളെ എത്തിച്ചതെങ്കിലും അത് തന്നെയാണ് തന്നെ വായിക്കാന്‍ പഠിപ്പിച്ചതെന്ന് എംവാനിറ്റോ പറയുന്നുണ്ട്. ആയുധങ്ങളുടെ കെട്ടുകള്‍ക്ക് മുകളിലെ അക്ഷരങ്ങളിലാണ് അവന്‍ ആദ്യം വായന പരിശീലിക്കുക. പിന്നെ കിട്ടുന്ന എന്തിലും, അച്ഛന്റെ ശീട്ടുകളില്‍ ഉള്‍പ്പടെ അവന്‍ എഴുതുന്നു. നദീതീരത്തെ മണലില്‍ ഭ്രാന്തമായ ആവേശത്തോടെ എഴുതിയും മായ്ച്ചുമാണ് അച്ഛന്റെ കഠിന ശിക്ഷകളെ എന്‍ടൂന്‍സി മറികടക്കുന്നത്. ‘സ്വപ്നാടക ദേശ‘ത്തിലെ പോലെ കഥകളുടെയും കുറിപ്പുകളുടെയും ശക്തി ഇവിടെയും പ്രധാന സ്വാധീനമാണ്. കൂട്ടോയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ കൃതികളെ, വിശേഷിച്ചും ഒരു ഡിസ്റ്റൊപ്പിയന്‍ പാരഡിയായി അനുഭവപ്പെടാവുന്ന ‘ജസൂസലേം‘ ആഖ്യാനത്തെ മൊസാംബിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപങ്ങളുടെയും ഒരു ആലിഗറി ആയിത്തോന്നാം. എന്നാല്‍ , യുദ്ധം നേരിട്ട് കടന്നുവരുന്നില്ലാത്ത നോവലില്‍ അതേ സമയം സമകാലികമായ ഉത്കണ്ഠകള്‍ ഏറെ സജീവമാണ് എന്ന് കാണാനാവും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അതിലൊന്നാണ്. നോവലിന്റെ കേന്ദ്രത്തിലുള്ളത് അത്തരം ഒരനുഭവത്തിന്റെ ശക്തമായ സാന്നിധ്യമാണല്ലോ. കുടുംബമെന്ന കേന്ദ്രത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും മറവിയുടെയും ഉന്മാദത്തിന്റെയും നഷ്ടങ്ങളുടെയും നീരാളിപ്പിടുത്തത്തിനെതിരില്‍ മനുഷ്യ ഭാവനയുടെ വിജയമെന്നതും കൂടിയാണ് നോവല്‍ കൊണ്ടാടുന്നത്.
Be the first to write a comment.