ചിത്രവും ചിത്രകാരനും 4

ഇംപ്രഷനിസത്തില്‍ തുടങ്ങി, പോസ്റ്റ്‌-ഇംപ്രഷനിസത്തിലൂടെ വളര്‍ന്നു പന്തലിച്ച ഫ്രഞ്ചു ചിത്രകാരന്മാരിൽ പ്രമുഖനാണ് പോള്‍ ഗൊഗാന്‍. ആ വളര്‍ച്ചക്കിടയിൽ അദ്ദേഹത്തിന്‍റെതായ പല പരീക്ഷണങ്ങളും നമുക്ക് കാണാന്‍ സാധിച്ചു. പ്രതീകാത്മകതയ്ക്ക് ഊന്നൽ നല്‍കിയും വര്‍ണ്ണങ്ങള്‍ക്ക് പുതുമാനങ്ങൾ തേടിയും അദ്ദേഹം കുറേക്കാലം പാശ്ചാത്യലോകത്ത് കഴിഞ്ഞു. പക്ഷെ, അദ്ദേഹം തൃപ്തനായിരുന്നില്ല എന്നുവേണം കരുതാന്‍. താന്‍ വളര്‍ന്നു വന്നതും അറിയപ്പെട്ടതുമായ ജിവിതപരിസരത്തെ ഉപേക്ഷിച്ച്, വെള്ളക്കാരന്‍റെ ഭാഷയിൽ “അസംസ്കൃതവും പ്രാചീനവുമായ കലാസാധ്യതകൾ” തേടി, ശാന്തസമുദ്ര ദ്വീപുകളിൽ ഒന്നായ തഹീതിയിലേക്ക്‌ അദ്ദേഹം സ്ഥലംവിട്ടു. ഗൊഗാന്‍റെ തനതായ ചിത്രണശൈലി ഉരുത്തിരിഞ്ഞത് ഒരു പക്ഷെ, ഈ മനോജ്ഞമരതകദ്വീപില്‍ നിന്നായിരുന്നു എന്നുവേണമെങ്കിൽ പറയാം.

യൂറോപ്യന്‍ സാമൂഹ്യവ്യവസ്ഥയേയും പാരീസിലെ കലാജീവിതത്തേയും പാടെ തിരസ്കരിച്ചുകൊണ്ടുള്ള ആ പ്രയാണം ചിത്രകാരന്‍റെ കാല്പനികവും നിഗൂഢവുമായ ആത്മതല്പരതയെ വെളിവാക്കുന്നുണ്ട്. തുടര്‍ന്ന്‍, തഹീതിയിലെ ഗോത്രജീവിതത്തെ ആസ്പദമാക്കിയുള്ള ഗൊഗാന്‍ ചിത്രങ്ങൾ മാനുഷിക അസ്തിത്വത്തെക്കുറിച്ചുള്ള ചില താത്വികവിചാരങ്ങളായി മാറുന്നത് കാണാം. ആ പ്രയാണത്തിനും മുമ്പുതന്നെ ആഫ്രിക്കൻ, അമേരിക്കന്‍ ഗോത്രബിംബങ്ങളിലും ദൃശ്യരീതികളിലുമുള്ള അദ്ദേഹത്തിന്‍റെ പ്രിയം പ്രകടമായിരുന്നു. അതായിരിക്കാം ആ സമുദ്രയാത്രയ്ക്ക് നാമ്പിട്ടുകൊടുത്തത്. സ്വന്തം കുടുംബത്തെപ്പോലും ഉപേക്ഷിച്ചുള്ള ആ ബൌദ്ധിക സഞ്ചാരം തന്‍റെ സാംസ്കാരിക വേരുകളിൽ നിന്നുള്ള പരിപൂര്‍ണ്ണമായ സര്‍ഗ്ഗസ്വാതന്ത്ര്യം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

ഓഹരി ദല്ലാളായിട്ടായിരുന്നു ഗൊഗാന്‍ ജീവിതം തുടങ്ങിയത്. വിവാഹശേഷം ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്‍റെ കുടുംബം കോപ്പന്‍‌ഹേഗനിലേക്ക് താമസം മാറ്റി. റെന്വാ, മൊനെ, പിസ്സാറോ എന്നീ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായുള്ള അടുപ്പം ഗോഗാന്‍റെ ആദ്യകാലചിത്രങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നു. ചിത്രകല തന്‍റെ ജീവിതമാര്‍ഗ്ഗമായി _____ _______- _______ ____________തിരഞ്ഞെടുത്തതോടെയാണ് അദ്ദേഹം പാരീസിലേക്ക് വീണ്ടും തിരിച്ചുപോയത്. ഗൊഗാൻ ഇക്കാലത്ത് സെസാനുമായും വാന്‍ ഗോഗുമായും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവത്രേ. കടുത്ത വിഷാദരോഗത്തിനു അടിമകളായിരുന്നു വാന്‍ ഗോഗും ഗൊഗാനും. അതവരുടെ  ബന്ധത്തിന്റെ ശിഥിലീകരണത്തിനും വഴിതെളിച്ചു. എങ്കിലും ജീവിതാവസാനം വരേയും അവർ തമ്മിലുള്ള പരസ്പര ബഹുമാനത്തിനു ഒരു കോട്ടവും കൈവന്നില്ല.

1891-ലായിരുന്നു, ഏകാന്തനായ ഒരു നാടോടിയെന്നോണം ഗൊഗാന്‍ തഹീതിയിലേക്ക് ചേക്കേറിയത്. പ്രകൃതിരമണീയമായ ആ പവിഴദ്വീപത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ അദ്ദേഹം വരച്ചു. ഗൊഗാൻ വരഞ്ഞിട്ട അത്തരം ഗോത്ര-പ്രകൃതിബിംബങ്ങള്‍ ഒരു തലമുറയെ ഇംപ്രഷനിസത്തില്‍നിന്നും മുന്നോട്ട് നയിച്ചു. അതോടൊപ്പം മഹാനായ ആ ചിത്രകാരന്‍റെ അസാധാരണവും കാല്പനികാതുരവുമായ ജീവിതവും  പലരേയും ആകര്‍ഷിച്ചു. നിരവധി നോവലുകളും സിനിമകളും അതിനെക്കുറിച്ച് ഉണ്ടായി.

തീക്ഷ്ണനിറങ്ങൾ കൊണ്ടും, കടുത്ത വ്യതിരേകങ്ങൾ കൊണ്ടും ഗൊഗാൻ വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ,  അറിയപ്പെടുന്ന സംജ്ഞാസങ്കേതചിത്രകാരന്മാരുടെ മുന്‍പന്തിയിലും സ്ഥാനം പിടിച്ചു. നിറങ്ങളും രൂപങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ആധുനിക ചിത്രകലയുടെ തുടക്കവും ഗോഗാനിൽ നിന്നായിരുന്നു. നാടന്‍കലകളില്‍നിന്നും ഗോത്രചിഹ്നങ്ങളിൽ നിന്നും കടമെടുത്ത വര്‍ണ്ണപ്രയോഗങ്ങളിലൂടെ ഗൊഗാന്‍ തന്‍റേതായ ഒരു പ്രാചീനകലാപ്രസ്ഥാനം തന്നെ പടുത്തുയര്‍ത്തി. ശാരീരികതോതുകളുടെ അതിവിപുലീകരണങ്ങളും കടുംനിറങ്ങളും ഇതിന്‍റെ പ്രത്യേകതകളായിരുന്നു.

അദ്ദേഹത്തിന്‍റെ തഹീതി ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്‍ നമുക്കിവിടെ പരിശോധിക്കാം.

തികച്ചും സാധാരണമായ പശ്ചാത്തലത്തിൽ അസാധാരണവും, ഒരു പക്ഷെ അവിശ്വസനീയവുമായ ബിംബകല്പനകൾ  വരഞ്ഞിടാൻ അസാമാന്യമായ ചിന്താവൈഭവവും ബുദ്ധിതീക്ഷ്ണതയും വേണമെന്നൊന്നും  ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. പക്ഷെ, ആ ചായച്ചേര്‍പ്പിലൂടെ വിശ്വസനീയമായ അസാധാരണത്വം സൃഷ്ടിക്കുന്നതിന്‍റെ ലാളിത്യം ഒരു ധിഷണാശാലിക്ക്‌ മാത്രമേ സാധ്യമാവൂ. അതാണ്‌ ഗൊഗാന്‍റെ മികവും.

Imacon Color Scanner

അദ്ദേഹത്തിന്‍റെ ‘കാവലിരിക്കുന്ന മൃത്യുമാലാഖ’ എന്ന ചിത്രം നോക്കൂ. വളരെ ലളിതവും സാധാരണവുമായ ഒരു സന്ദര്‍ഭരചനയിലൂടെ ഗംഭീരമായ ഒരു അതിമാനുഷമുഹൂര്‍ത്തമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ എല്ലാവിധേനയുമുള്ള വായനകളും വിവാദാസ്പദമായേക്കാം. ഒരു നിമിഷത്തിന്‍റെ കാഴ്ചയാണീ ചിത്രം. രാത്രിയിലോ മറ്റോ വൈകി, വന്നുകയറുന്നയാൾ, വീട്ടിലെ കിടക്കയില്‍ തന്‍റെ പ്രിയതമയെ കാണുകയാണ്. തെഹാമനയെന്നാണാ സുന്ദരിയുടെ പേര്. ഗൊഗാന്‍റെ കാമുകി. വേനല്‍ച്ചൂടിൽ വസ്ത്രങ്ങളുപേക്ഷിച്ചു കമിഴ്ന്നുകിടക്കുകയാണവള്‍. കറുപ്പിന്‍റെ സൌന്ദര്യം നിറഞ്ഞ നഗ്നത. പെട്ടെന്നു തെളിഞ്ഞ ചെറുവെളിച്ചത്തോടുള്ള അമ്പരപ്പ് അവളുടെ മുഖത്ത് പ്രകടം. അതോ ഭയമോ? തഹീതിയിലെ ഒരു സാധാരണ ഗൃഹാന്തരീക്ഷമാണതെങ്കിലും, അത്യപൂര്‍വ്വമായ ബിംബങ്ങളാണിവിടെ  നിറഞ്ഞുനില്ക്കുന്നത്. കിടക്കയ്ക്കു കീഴിലുള്ള പീതരൂപങ്ങൾക്ക്‌ തികഞ്ഞ ഒരു ഗോത്രഛായ കാണാം. അവ വലിയ പൂക്കളോ, ഫലങ്ങളോ അതോ കുലചിഹ്നങ്ങളോ അലങ്കാരവസ്തുക്കളോ ആവാം. ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം മുഴുവൻ അവിടെ പ്രതിഫലിക്കുന്നു. ആ തിളക്കമാകട്ടെ, യുവതിയ്ക്കൊരു മാന്ത്രികപരിവേഷം നല്കുകയും ചെയ്യുന്നു. ഇത്തരം തിളങ്ങുന്ന ബിംബങ്ങള്‍ തഹീതി ഉള്‍പ്പെടുന്ന പോളിനേഷ്യൻ ഗോത്രങ്ങളില്‍ മരിച്ചുപോയവരുടെ ആത്മാക്കളെ സൂചിപ്പിക്കുന്നതാണത്രെ.

______

തെഹാമനയുടെ മുഖം ചെരിച്ചുള്ള കിടപ്പിലും പാദാഗ്രം കിടയ്ക്കയ്ക്ക് പുറത്തായുള്ള രീതിയിലും, ഒരലസതയും  സുഖലോലുപതയും ഒരുപോലെ വെളിവാകുന്നുണ്ട്. കടന്നുവരാൻ പോകുന്ന പ്രിയതമനെ ഒട്ടൊന്നു അത്ഭുതപ്പെടുത്തുക എന്നൊരു പ്രണയോദ്ദേശ്യവും ഇവിടെ കാണാതെ വയ്യ. പക്ഷെ, വെളിച്ചം പകര്‍ന്ന അത്ഭുതം അവളുടെ മുഖത്തുതന്നെയാണ് തെളിയുന്നത്. വലതുകൈ വദനത്തോടു ചേര്‍ത്തുള്ള ഭാവത്തിലാണെങ്കിൽ ശിശുസഹജമായ ഒരു നിഷ്കളങ്കതയും കാണാം. എങ്കിലും ആ നിതംബിനിയുടെ കാമാതുരത തീര്‍ത്തും തള്ളിക്കളയാനുമാവില്ല.
കിടയ്ക്കക്കപ്പുറത്ത് ഇരുട്ടുതന്നെ. അവിടെ തെളിയുന്ന രൂപങ്ങള്‍ക്ക് വ്യക്തത പോര. ആ അവ്യക്തത സമ്മാനിക്കുന്ന ആശങ്ക മനസ്സിൽ നിറയുമ്പോഴേക്കും കിടയ്ക്കയുടെ അകംകോണിലിരിക്കുന്ന രൂപം നമ്മുടെ കണ്ണില്‍പെടും. കരിങ്കുപ്പായമിട്ട്, കണ്ണ്‍ പാടെ തുറന്നുവെച്ച്, കൈകള്‍ തുടകളിലൂന്നി, പ്രതീക്ഷയോടേയിരിക്കുന്ന, വാര്‍ദ്ധക്യത്തിന്‍റെ പടിയിലെത്തിയ, ദുര്‍ഗ്രഹമൂര്‍ത്തി. അറിയാതെ നമ്മളിലൂടെ  അരിച്ചുകയറുന്ന പരിഭ്രാന്തി ഒരു നിമിഷം നമ്മുടെ മനസ്സിനെ വിഹ്വലമാക്കിയേക്കാം. അക്കാണുന്നത്, തീപ്പെട്ടിവെളിച്ചത്തിന്‍റെ വിഭ്രാന്തിയോ, അതോ സ്വയം ചാര്‍ത്തിക്കൊടുത്ത മനോകല്പനകളോ? പറയാൻ വയ്യ. മരണദേവത എന്നു തന്നെ ഗൊഗാൻ പറയുന്നു.

ആരെയാണവൾ കാത്തുനില്‍ക്കുന്നത്? അല്ലെങ്കിൽ ആര്‍ക്കാണവൾ കാവലിരിക്കുന്നത്? ഗൊഗാൻ ഇവിടെ തന്‍റെ പ്രേയസിയുടെ മരണം മുന്നില്‍ക്കാണുന്നുണ്ടോ? അതോ അവളുടെ അവസാനം ഒരു ഹിച്ച്കോക്ക് ചിത്രത്തിലെന്നോണം ആസൂത്രിതമാണോ? ഇനി രണ്ടാമതുനോക്കിയാൽ തെഹാമനയുടെ മുഖത്ത് അകാരണമായ ഭയം നമുക്ക് വായിച്ചെടുക്കാനുമാവും. അത് മരണത്തോടുള്ളതോ, അതോ കാമുകനോടുള്ളതോ? അന്ധകാരവഴികളിൽ ഗൊഗാൻ മര്‍ദ്ദകസ്വഭാവം പൂണ്ടിരുന്നുവെന്നൊരു കേട്ടുകേള്‍വിയുണ്ട്. ഇനി ചില നിരൂപകരാവട്ടെ, തെഹാമാനയുടെ ഭാവത്തിൽ, പെണ്ണാത്മാവിന്‍റെ ഉള്‍പതനം, സ്വത്വനിഷേധം എന്നൊക്കെയുള്ള അതിവായനകളും നടത്തിയിട്ടുണ്ടെന്നതും സത്യം.

ഈ ഒരൊറ്റ സ്ത്രീരൂപം എത്ര പെട്ടെന്നാണ് നമ്മെ അസ്വസ്ഥരും ഉദ്വിഗ്നരുമാക്കിയത്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ സാധാരണത്വത്തിലെ അസാധാരണത.
ഇനി ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല ഗൊഗാൻ ഉദ്ദേശിച്ചത്. തന്‍റെ അഭാവത്തിൽ പ്രിയകാമിനിയെ സംരക്ഷിക്കുന്ന സ്ത്രീരക്ഷകയായ ഗോത്രദേവതയാവാമത്. ഇത്തരം അരൂപികളെ കുറിച്ചൊരുപാട് കേട്ടിരിക്കാം ഗൊഗാൻ തന്‍റെ തഹീതി

__________വാസക്കാലത്ത്. തുപ്പാപ്പോ എന്നായിരുന്നു അത്തരം ദേവതകളുടെ പേര്. അദ്ദേഹത്തിന്‍റെ മായക്കാഴ്ചകളിൽ തുപ്പാപ്പോകള്‍ നിറഞ്ഞുനിന്നിരിക്കാം. ഗൊഗാന്‍റെ കാമുകിയുടെ ചിന്താസരണിയിൽ ഉദിച്ച രൂപവുമാവാമിത്. ഇനി യുവതിതന്നെ ഒരു മായാരൂപമാണെന്നു വരുമോ? അതോ, കട്ടിലിരിക്കുന്ന ഒരു പാവം വൃദ്ധയുടെ മനസ്സിലാണോ യുവതി ശയിക്കുന്നത്? ഗൊഗാന്‍ കാല്പനികതയിലൂഴ്ന്നു  നില്ക്കുകയാണിവിടെ. ഗൊഗാന് പ്രിയപ്പെട്ട നിഗൂഹിതകല്പനകള്‍!

അങ്ങനെ, തനിക്കുചുറ്റുമുള്ള ദൃശ്യങ്ങളില്‍നിന്നുതന്നെയാണ് ഗൊഗാൻ വേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതും, അതിനെ വളര്‍ത്തിയെടുക്കുന്നതും. പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രകാരന്മാരുടെ പൊതുസ്വഭാവം തന്നെ ഇത്. എന്തൊക്കെയാണെങ്കിലും ഗോഗാന്‍റെ ഈ ചിത്രത്തിൽ ഒരു നിഗൂഢത നിറഞ്ഞുനില്പുണ്ട് എന്നതിൽ സംശയം വേണ്ട. അതിൽ ആഴത്തിലുള്ള ഗോത്രചിന്തകളുമുണ്ട്, കാവ്യാത്മകമായ പ്രണയലഹരിയുമുണ്ട്. പോരാത്തതിന്, കിടുകിടുപ്പും നടുക്കവുമുണ്ട്. അതായത് വിവിധകോണുകളിലൂടെ ഈ ചിത്രം വായിച്ചാലും, അവരെയൊക്കെ ഊട്ടിയുറക്കാനുതകുന്ന സുഭിക്ഷസാധ്യതകൾ ഇതിനുണ്ടെന്നര്‍ത്ഥം. എന്നാലും നമ്മെ ജിംജ്ഞാസാത്തുമ്പിൽ നിര്‍ത്തുന്ന അപൂര്‍വ്വമാസ്മരികത ഒരു ലഹരി പോലെ, ഈ ചിത്രത്തില്‍നിന്ന് നമ്മെ മാടിവിളിക്കുകയും ചെയ്യും.

ഈ ചിത്രത്തെ കുറിച്ച് തന്‍റെ സുഹൃത്തിനുള്ള കത്തിൽ ഗൊഗാൻ ഇപ്രകാരം പറയുകയുണ്ടായി.

“ ഞാനൊരു നഗ്നസുന്ദരിയെ വരച്ചു. സഭ്യതയുടെ അതിര്‍വരമ്പിലാണവൾ. എനിക്ക് പക്ഷെ, അവളെ അങ്ങനെതന്നെ വേണമായിരുന്നു. ആ വരകളും ചലനങ്ങളും എന്നെ രസിപ്പിക്കുന്നു. പക്ഷെ, അവളുടെ ഭീതി, അതിനൊരു വിശദീകരണം വേണമെന്നു തോന്നുന്നു. മൃത്യുദേവതകളെ വലിയ ഭയമാണ് ഇവര്‍ക്ക്. ഇതിലെ ഏകതാനത, ഗൌരവം, വ്യാകുലത, ഭയം ഇവയെല്ലാം ഒരു ശവപ്പറമ്പിലേക്കുള്ള യാത്രയെന്നോണം നമ്മെ ഉലയ്ക്കുന്നുണ്ട്. ആ അവസ്ഥയ്ക്ക് യോജിച്ച വയലറ്റ്, മങ്ങിയ നീല, കടുംമഞ്ഞ എന്നീ നിറങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടിവിടെ. മാലാഖയെ വൃദ്ധയാക്കിയത് മനപൂര്‍വ്വമാണ്. കാരണം, ചെറുപ്പക്കാര്‍ക്ക് മരണത്തിന്‍റെ വിഹ്വലത ഉള്‍ക്കൊള്ളാനാവുമെന്ന്‍ കരുതാനാവില്ലല്ലോ.”

പിന്നീടൊരിക്കൽ, ഗൊഗാന്‍ ഈയൊരു വരികൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു പക്ഷെ, തന്നെക്കുറിച്ചുള്ള ചില ധാരണകള്‍ തിരുത്തുന്നതിനു വേണ്ടിയാവണം. അദ്ദേഹം എഴുതുന്നു:

“ഞാനവളോട് കലഹിക്കുമോ? അതൊരു മൃദുലസുന്ദരരാത്രി തന്നെയായിരുന്നു. ആവേഗോഷ്മളത നിറഞ്ഞ ഉഷ്ണരാത്രി….”
ചിത്രത്തിന്‍റെ സാങ്കേതികവശങ്ങൾ
“കാവലിരിക്കുന്ന മൃത്യുമാലാഖ”

ചിത്രകാരൻ: പോൾ ഗോഗാൻ.
വര്‍ഷം: 1892
മാധ്യമം: കാൻവാസിലെ എണ്ണച്ചായം
വലിപ്പം:  116.05 സെ.മീ × 134.62 സെ.മീ  (45.6 ഇഞ്ച്‌ × 53 ഇഞ്ച്‌)
ശൈലി: പോസ്റ്റ്‌-ഇംപ്രഷനിസം
സൂക്ഷിച്ചിരിക്കുന്ന സ്ഥലം: ആള്‍ബ്രൈറ്റ്-നോക്സ് ആട്ട് ഗാലറി, ബഫലോ, ന്യൂയോക്ക്, യു.എസ്.എ.

Comments

comments