സക്കീർ ഹുസൈൻ തൃശൂരിലെ ചേർപ്പിൽ മട്ടന്നൂർ ശങ്കരൻ കുട്ടിക്കൊപ്പം ജുഗൽ ബന്ദിക്ക് വന്ന ദിവസം സംസാരിച്ചു തുടങ്ങിയത് തന്റെ പിതാവിനെ കുറിച്ചായിരുന്നു. അല്ലാരാഖ എന്ന സോളോ ജീനിയസ്സിനെ പറ്റി. എല്ലാ ദിവസവും പുലരുമ്പോൾ ലോകത്ത് നമുക്ക് പുതിയതൊന്ന് പഠിക്കാനുണ്ടായിരിക്കും. അതു കൊണ്ട് ജീവിതം മുഴുവൻ പഠിതാവായിരിക്കണം എന്നാണ് അല്ലാരാഖ ഖുറൈശി സക്കീർ
ഹുസൈനോട് പറഞ്ഞിരുന്നത്. ഇടപ്പേച്ചുകൾക്കിടക്ക് തന്നെ ഉസ്താദ് എന്ന് വിളിക്കരുതെന്ന് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. മട്ടന്നൂരിന്റെ ചെണ്ടമേളത്തിന്റെ എടുപ്പും നടപ്പും മട്ടും മാതിരിയും അലകലക് പിന്തുടർന്ന് പഠിച്ച് തബലക്കു മുമ്പിലിരിക്കുകയായിരുന്നു സക്കീർ ഹുസൈൻ. സരോദ് ന് മുമ്പിൽ ഒന്നര മണിക്കൂർ തബലയെ മേയാൻ വിട്ടിട്ടേ മട്ടന്നൂരിനു മുമ്പിൽ ഇരുന്നുള്ളു അയാൾ.
അമീർ ഖുസ്രുവാണ് തബല കണ്ടു പിടിച്ചതെന്നും അതല്ല അക്ബർ ചക്രവർത്തിയുടെ സമകാലീനനായ സുധർ ഖാൻ ധാടിയാണെന്നും രണ്ട് വാദങ്ങളുണ്ട്. എന്തായാലും പേർഷ്യൻ – ഹിന്ദുസ്ഥാനി സംഗീത ധാരയിലാണ് ആണ് തബലയുടെ ചേർന്നുനില്പ്. ഖയാൽ, തുമ്രി, ഗസൽ തുടങ്ങിയ ആലാപനങ്ങളിൽ തബല മീട്ടാറുണ്ട്. തബലക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത കലാകാരനാണ് അല്ലാരഖ ഖുറേശി. റോക്കൻ റോളിലെ വാദ്യ വിദഗ്ദനായ മിക്കി ഹാർട്ടിന്റെ അഭിപ്രായത്തിൽ ശാസ്ത്ര ചരിത്രത്തിൽ ഐൻസ്റ്റീന്റെയും ചിത്രകലയിൽ പിക്കാസോയുടെയും ഒപ്പം നിൽക്കുന്ന ജീനിയസ്സ്. 1919 ൽ ജമ്മുവിനടുത്തുള്ള ഫഗ് വൽ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ പിറന്ന അല്ലാ രാഖ ഖുറേഷി അടുക്കളയിലെ പാത്രങ്ങളെല്ലാം താളം പിടിച്ച് പൊട്ടിച്ചു. പന്ത്രണ്ടാം വയസ്സിൽ ലാഹോറിലെ അമ്മാവന്റെ വീട്ടിലേക്ക് ഒളിച്ചോടിപ്പോയി. മിയാൻ ഖാദിർ ബക് ഷിന്റെ കീഴിൽ തബലവാദനം പഠിക്കാൻ അമ്മാവൻ ഏർപ്പാടാക്കി. മക്കളില്ലാതിരുന്ന ബക്ഷ് അല്ലാരാഖയെ ആ സ്ഥാനത്ത് കടത്തിയിരുത്തി. കൊച്ചു വിരലുകൾ കുഴയുവോളം തബലയിലും ഡഗ്ഗയിലും മുട്ടിച്ചു. ആഷിഖ് അലി ഖാന് കീഴിൽ ആലാപനവും പഠിച്ച് പ്രശസ്ത സംഗീതജ്ഞർക്കു വേണ്ടി സോളോ വായിക്കാൻ പോയി. ആകാശവാണിയിൽ തബലയെ സാന്നിധ്യമാക്കി. ഇരുപത്തിനാലോളം ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം നൽകി. ആ ഏർപ്പാടിനോട് പൊരുത്തപ്പെടാനാവാതെ വിട ചൊല്ലി. അറുപതുകളിൽ രവിശങ്കറോടൊപ്പം സംഗീത പര്യടനങ്ങളുമായി ഉലകം ചുറ്റി. അതിനു മുമ്പ് ഉസ്താദ് ബഡേ ഗുലാം അലി ഖാനും അലാവുദ്ദീൻ ഖാനുമൊക്കെ അല്ലാ രാഖ ഇല്ലാതെ ആലപിക്കുന്നത് എന്തോ ഒന്നിന്റെ കുറവ് പോലെ ആയിരുന്നു.
സിനിമയുടെ വ്യാകരണം നിർമ്മിച്ചത് ഗ്രിഫിത്തായിരുന്നു. ഷോട്ടുകളും ഫ്രെയിമുകളും ഉണ്ടാക്കി ചലച്ചിത്ര സങ്കേതത്തിന് ഗ്രിഫിത്ത് അടിസ്ഥാന സങ്കല്പനം കൊണ്ടു വന്നു. സമാനമായ ഇടപെടലായിരുന്നു സോളോയിൽ അല്ലാരാഖ ഖുറൈശിയുടെത്. തബല വായനയുടെ അടിസ്ഥാന വ്യാകരണ സങ്കല്പനത്തിന് ഈഷദ് ഭേദങ്ങൾ പുതുക്കി നിർമ്മിക്കുകയായിരുന്നു അദ്ദേഹം. കുത്തും കോമയും ആശ്ചര്യ ചിഹ്നവും ഭിത്തികയും ലഘു വാക്യങ്ങളും സങ്കീർണ വാക്യങ്ങളും ക്വോട്ടും എല്ലാം ഇട്ടുള്ള തബല വായന അതിനു മുമ്പ് ഇല്ലായിരുന്നു എന്നു തന്നെ പറയണം. അല്ലാ രാഖ ഖുറൈശിക്ക് തബല വായന ജീവവായു ആയിരുന്നു. രണ്ടായിരത്തിൽ ഹൃദയതാളം മിടിക്കാതായിപ്പോയതു വരെ അദ്ദേഹത്തിന് തബല താളം എന്ന ജീവന നിശ്വാസങ്ങൾ ഉള്ളിലാവാഹിക്കാതെ കഴിഞ്ഞു കൂടുക അസാധ്യം. തബലയായിരുന്നു അല്ലാരാഖയുടെ ദേശീയത, മതവും സമുദായവും വംശിമയും വൈകാരികതയും അതു തന്നെ. സങ്കീർണവും തനതുമായ അദ്ദേഹത്തിന്റെ തബല വാദനം നിർമ്മിച്ചെടുത്ത ലോകാത്ഭുത താളമാണ് സക്കീർ ഹുസൈൻ.
സക്കീർ ഹുസൈൻ പിറന്നു വീണപ്പോൾ അല്ലാരാഖ രോഗ ശയ്യയിലായിരുന്നു. പിതാവിന്റെ അടുത്ത് കൊണ്ടുചെന്ന സക്കീർ ഹുസൈന്റെ ചെവിയിൽ അല്ലാ രാഖ ഖുറൈശി പതിയെ ധിം ധന ധന താ തിൻ ധന താ താ ധിൻ എന്ന മന്ത്രമാണ് ഓതിയത് എന്നൊരു കഥയുണ്ട്. എന്തായാലും സക്കീർ ഹുസൈൻ ഗർഭത്തിലിരുന്ന് ചെവിയോർത്തത് ഈ മന്ത്രം തന്നെ ആയിരിക്കണം. അല്ലാ രാഖ ഖുറൈശിയെ പ്രശസ്തി കൊണ്ട് മറികടന്നു കളഞ്ഞു അയാൾ. പൂരപ്പറമ്പിൽ സക്കീർ തബലയിൽ മന്ത്രിച്ചാൽ അമിട്ടുകൾ പൊട്ടും. തുടർച്ചയായ വെടിക്കെട്ടുകൾക്കിടക്ക് കാഴ്ചക്കാരായി ഇരിക്കുന്ന മഹാജനം മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോവും. അറിയാതെ ആകാശക്കാഴ്ചക്ക് മുഖമുയർത്തും. പതിയെ പതിയെ തുടങ്ങി പിരിയൻ ഗോവണിയിൽ കൂടി എന്ന പോലെ നൂണ്ട് കയറി വിരിഞ്ഞെത്തുന്ന വിസ്ഫോടനം. അതായിരുന്നു മട്ടന്നൂരിനൊത്തുള്ള ജുഗൽ ബന്ധി പ്രകടനത്തിൽ സംഭവിച്ചത്.
1957 ൽ സക്കീർ ഹുസൈൻ പിറന്നത് പെരുന്തച്ഛനെ വെല്ലുന്ന മകന്റെ ജൻമമായാണ്. അച്ഛന്റെ കഴിവിനെ തന്റെ മാന്ത്രികവിരലുകൾ കൊണ്ട് തഴുകി തലോടി ഉറക്കിക്കളഞ്ഞു മകൻ. അച്ഛന് പക്ഷെ മകനോട് തെല്ലും ഉത്കർഷതാ ബോധം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ മകനിൽ നിന്നും അച്ഛൻ ചിലതൊക്കെ പഠിച്ചിട്ടു പോലും ഉണ്ടാവും. മകനെ സമശീർഷനായി കണ്ട ഒരച്ഛൻ. അച്ഛനെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ട മകൻ. അയാൾ തബലയിൽ സ്പർശിക്കുമ്പോൾ അത് ദലമർമ്മരം പെയ്യുന്നു. തെന്നൽ അരുവിയിലെന്നപോലെ ആടി ഉലയുന്നു.ഇല്ലിക്കാടും കാറ്റും തമ്മിൽ പുണർന്നാലെന്ന പോലെ മധുര മന്ദസ്മിതം പൊഴിക്കുന്നു. ചിണുങ്ങി കരയുന്നു. നോവിൽ തിമിർക്കുന്നു.തബലയുടെ നാഡീസ്പന്ദനങ്ങൾ പതിയെ നീല ഞരമ്പുകൾ വിവൃതമാക്കുന്നു. മഴ നനഞ്ഞ് കുതിരുന്നു. വെയിലേറ്റ് വാടിത്തളരുന്നു. കടലലകളിൽപെട്ട് ഗർജിക്കുന്നു. വസന്തം വന്ന് പൊതിഞ്ഞ് തീരുംമുമ്പ് ശിശിരം വന്ന് ഇലപൊഴിച്ച് ഹേമന്തത്തിലേക്ക് ഉറഞ്ഞുപോയ ഋതു പോലെ തബല പതിഞ്ഞ ശബ്ദത്തിൽ കാതിൽ ഓതുന്നു. ധാ….. ത.. ത… ധിൻ..ത..ത
വലിഞ്ഞു മുറുകിയതോൽപാടയിലൂടെ തബല പതിയെ അതിന്റെ പല ജാതി വർഗ്ഗ വർണ്ണ താളങ്ങളിൽ പെട്ട് ഉഴന്ന്; സ്വരങ്ങൾ ഉരുവിട്ട് മയങ്ങുന്നു. കാറ്റായി അലഞ്ഞ് മേഘമായ് തിമിർത്ത് പെയ്ത് ഉരുകി ഒലിക്കുന്ന ലായനി.
ഒരിക്കൽ പണ്ഢിറ്റ് രവിശങ്കർ തന്റെ സിത്താർ വാദനത്തിന് അഭിമുഖമായി സക്കീർ ഹുസൈനെ ഇരുത്തി. അന്ന് രണ്ട് വാദ്യോപകരണങ്ങളും സംഭോഗ രതിയുടെ ശേഷമുള്ള ഉന്മാദ മുഹൂർത്തത്തിലലിഞ്ഞ് മയങ്ങി ഇല്ലാതായി പോയി.
അഞ്ചു വയസ്സു മുതല്‍ അല്ലാരാഖ മകനെ തബല അഭ്യസിപ്പിക്കാൻ തുടങ്ങിയിരുന്നു. വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയിൽ പോയി ചൈനീസ് ആഫ്രിക്കൻ ഇൻഡോനേഷ്യൻ താളവാദ്യങ്ങളെല്ലാം ശാസ്ത്രീയമായി തന്നെ അഭ്യസിച്ചിട്ടുണ്ട് സക്കീർ ഹുസൈൻ. രവിശങ്കർ, ഭിം സെൻ ജോഷി, ചൗരസ്യ, പണ്ഡിറ്റ് ജസ് രാജ് ,തുടങ്ങിയവരോടൊപ്പം പിതാവിനൊപ്പവും അല്ലാതെയും തബല വാദനത്തിൽ ഏർപ്പെട്ടിട്ടുണ്ട് അയാൾ. പല പരീക്ഷണങ്ങളും നടത്തി തബലയുടെ അനന്ത സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്നു. വീണ്ടും വീണ്ടും പഠിച്ച് കൊണ്ട് അതിനു വേണ്ടി ഉലകം ചുറ്റുന്നു. റിഥം എക്സിപീരിയൻസ് എന്ന പേരിൽ ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും വാദ്യ സംഗീതം റിക്കാർഡ് ചെയ്ത് താളത്തെ സംബസിച്ച ഒരു പുതിയ കാഴ്ചപ്പാട് തന്നെ സംവാദാത്മകമായി രൂപപ്പെടുത്തി.
ഫ്യൂഷൻ സംഗീതം, റോക് മ്യൂസിക് തുടങ്ങിയ പശ്ചാത്യ രീതികൾക്ക് സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ മേഖല ഇന്ത്യൻ സംഗീതം തന്നെയാണെന്ന് ഉത്തമ ബോധ്യമുള്ള സുമുഖനാണ് സക്കീർ ഹുസൈൻ. പിതാവിനെപോലെ സിനിമക്ക് സംഗീതം നൽകുക മാത്രമല്ല അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ( ഹീറ്റ് ആന്റ് ഡസ്റ്റ് ) ഈ തബല മാന്ത്രികൻ. പക്ഷെ പേർഷ്യൻ ഹിന്ദുസ്ഥാനി ധാരയുടെ മെഹ്ഫിൽ സ്വഭാവത്തിലുള്ള സദസ്സിനു മുമ്പിലാണ് അയാൾ ഹേമന്തവും ശിശിരവും വസന്തവും അടങ്ങുന്ന ഋതുക്കളായി പെയ്തിറങ്ങുന്നത്. അവിടെയാണ് അയാളെ തേടി എത്തുന്ന കേൾവിക്കാർക്കു മുമ്പിൽ ഇടപ്പേച്ചുകളിൽ കൂടി സംവദിക്കുന്നതും തബലയുടെ വലിഞ്ഞു മുറുകിയ തോൽപ്പാടയിൽ കൈകൾ കൊണ്ട് സംസാരിക്കുന്നതും അതിന്റെ അലകളിളക്കുന്നതും. മന്ത്രണത്തിലാരംഭിച്ച് പതിയെ പതിയെ ഉച്ചസ്ഥായിയിലെത്തുമ്പോൾ കടലലകൾ ഇളക്കി അത് കൊണ്ട് തഴുകി പ്രേക്ഷകനെ കൂടെ കൂട്ടാൻ സക്കീർ ഹുസൈൻ ഒരിക്കലും മറന്നിട്ടില്ല. മറ്റൊരു കാലത്തു നിന്നും ദേശത്തു നിന്നും സ്ഥലത്തു നിന്നും വിരുന്നെത്തുന്നതു പോലെയാണ് തബലയും അതിന്റെ പ്രാണേതാവും വേദിയിലേക്ക് ഒഴുകി എത്തുന്നത്. സദാ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും ഏറ്റം ലാളിത്യത്തോടെയും ഹൃദ്യതയോടെയും അയാൾ തല കുനിക്കും. തബലയിൽ കൈ കൊണ്ട് ഹാസ്യം വിരിയിച്ച് മുഖം കോട്ടി ചിരിക്കും. തൃശൂരിലെ ചേർപ്പിൽ വന്നപ്പോൾ എം.എൽ.എ യുടെ കാൽതൊട്ട് വന്ദിച്ചു കളഞ്ഞു സക്കീർ ഹുസൈൻ ! അവർ ആകെ വല്ലാതായി. സക്കീർ ഹുസൈന്റെ കാൽ വണങ്ങാൻ കുനിഞ്ഞപ്പോൾ ‘ ഏയ് സ്ത്രീകൾ ആരുടെ മുമ്പിലും കുമ്പിടരുത് ‘ എന്നോ മറ്റോ പറഞ്ഞ് അയാൾ മാറിക്കളഞ്ഞു. ഉൻമാദത്തിന്റെ തിരയിളക്കത്തിൽ പെട്ട് ഇവിടെ എത്തിപ്പെട്ടവനെ പോലെ തോന്നിക്കും അല്ലാരാഖ ഖുറൈശിയുടെ ആ സോളോ ജീനിയസ്സിന്റെ ചലനങ്ങൾ.
സ്വന്തം പാരമ്പര്യത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ പുതിയത് ഉൾക്കൊള്ളാനും അത് പരീക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുക എന്നതാണ് സക്കീർ ഹുസൈനെ വ്യതിരിക്തനാക്കുന്ന ഒരു പ്രധാന ഘടകം. ഹിന്ദുസ്ഥാനി പാരമ്പര്യത്തിലുള്ള പല കലാകാരൻമാരും പാശ്ചാത്യ സംഗീതത്തോട് പുലർത്തിയിരുന്ന വിപ്രതിപത്തി സക്കീർ ഹുസൈൻ മറികടക്കുന്നു. തികഞ്ഞ പാരമ്പര്യ കലാകാരൻമാരുടെ കൂടെ തബല വാദനം നടത്തുമ്പോൾ തന്നെ അദ്ദേഹം ഖരാനകൾക്കു പുറത്തേക്ക് സഞ്ചരിച്ച് ഇന്ത്യൻ സംഗീതം വിപുലീകരിക്കേണ്ടതിന്റെ സംവാദാത്മകത്വത്തെപ്പറ്റി ആലോചിക്കുന്നു. കർണാടിക്, ഹിന്ദുസ്ഥാനി ധാരകൾ രണ്ട് കൈവഴികൾ തന്നെയായാണ് എക്കാലത്തും ഇവിടെ ഒഴുകിയത്. രണ്ടും അഭ്യസിച്ചവരും പ്രയോഗിച്ചവരും ആരും കാണില്ല എന്ന് പറയേണ്ടി വരും. സക്കീർ ഹുസൈൻ ഈ അതിർവരമ്പുകളെ കൂടിയാണ് ലംഘിക്കാൻ ശ്രമിക്കുന്നത്. മട്ടന്നൂർ ശങ്കരൻ കുട്ടിയെ തേടിയെത്തിയത് അതിന്റെ ഉദ്ദേശ്യത്തിൽ കൂടിയാണ്. സംഗീതത്തിന്റെ അതിർത്തികളെ മറികടന്ന് മണ്ണിനടിയിലൂടെ സഞ്ചരിച്ച് പടർന്നിറങ്ങുന്ന താള ഭേദങ്ങളാണ് സക്കീർ ഹുസൈൻ നടത്തുന്ന കൈ പ്രയോഗങ്ങളിൽ നിന്നുയരുന്നത്. പശ്ചാത്യവും പൗരസ്ത്യവും ഫോക്കും ആദിമ താളവുമെല്ലാം തേടിപ്പോയി അഭ്യസിച്ച സക്കീർ ഹുസൈൻ പത്ത് വിരലുകൾ കൊണ്ട് നൂറു വിരലുകളുടെ ഈഷദ് ഭേദങ്ങളെ നിർമ്മിക്കുന്നു.
അല്ലാ രാഖ ഖുറൈശി ബോംബയിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൽ നൂറുക്കണക്കിനു പേർ പഠിതാക്കളായി ഉണ്ടായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് ബാവി ബീഗത്തെയാണ്. അഞ്ചു കുട്ടികൾ അവർക്കുണ്ടായിരുന്നു. സക്കീർ ഹുസൈനു പുറമെ ഫസൽ ഖുറൈശി, തൗഫീഖ് ഖുറൈശി എന്നീ രണ്ട് ആൺമക്കൾ.രണ്ടു പേരും തബല വാദകരാണ്. ലിംഗവിവേചനം നിലനിന്നിരുന്ന മതത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണമാണ് ഖുറേശി പെൺമക്കളെ സംഗീതം അഭ്യസിപ്പിക്കാതിരുന്നത്. പ്രായമായി അവശനായ കാലത്ത് തന്നെ പരിചരിച്ചിരുന്ന മകൾ റസിയ ഒരു സർജറിയെ തുടർന്ന് മരണപ്പെട്ടപ്പോൾ അതേൽപ്പിച്ച ആഘാതം താങ്ങാൻ വയ്യാതെ അദ്ദേഹം കോമയിലേക്ക് സ്വയം നഷ്ടപ്പെടുകയും പിന്നീട് മരണപ്പെടുകയുമാണുണ്ടായത്. മകൾ ഖുർഷിദ് ഔലിയ ലണ്ടനിലാണ്.
അല്ലാരാഖയുടെ ആൽബങ്ങൾ ഇവയാണ്.
1.Rich a la Rakha(with Buddy Rich)World pecific
2.improvisations, West Meet East.Album 3..(with Ravishankar.Yehudi Menuhin.Jean Pierre Rampel.MartineGelliot) Angel 1976
4.Tabla Duet.Chanda Dhara.1974
5.Ultimate in Taal vidya.Megna sound 1996
6.Magical moments of Rhythm(With Zakkir Hussain) Eternal Music. 1997
Appeared
Concert of Bangladesh (George Harrison)1971
Rolling Thunder( Mickey Hart).1972
At the Monterey International (With Ravi Shankar) 1993
സക്കീർ ഹുസൈൻ തന്റെ പിതാവിനെ ദൈവം എന്നാണ് അഭിമുഖങ്ങളിൽ വിശേഷിപ്പിക്കാറുള്ളത്. മകൻ, വിദ്യാർത്ഥി, സഹകാരി, സുഹൃത്ത്, അവസാനം സഹപ്രവർത്തകനും. ഏഴു വയസ്സു മുതൽ പന്ത്രണ്ട് വയസ്സുവരെ അർദ്ധരാത്രി രണ്ട് മണി മുതൽ പുലർച്ചെ ആറു മണി വരെ എല്ലാ ദിവസവും അച്ഛൻ മകനെ അഭ്യസിപ്പിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലായാലും മകനോടുള്ള അച്ഛന്റെ ആദ്യ ചോദ്യം പ്രാക്ടീസ് മുടക്കുന്നില്ലല്ലോ എന്നതായിരിക്കും. അദ്ദേഹം മകനോട് പറഞ്ഞു. .
‘Don’t consider yourself a master , don ‘t think about getting there. Just be a good student and you’ll get by Just fine.”
സക്കീർ ഹുസൈൻ നടത്തുന്ന ഓരോ കൺസർട്ടുകളും അതിന്റെ വ്യത്യസ്തത കൊണ്ടും അനന്യത കൊണ്ടും പുതുമയാർജിച്ചതായിരിക്കും. ഓരോന്നിലും പുതിയതൊന്ന് അദ്ദേഹത്തിന്റെ കൈവിരലുകൾ തേടിച്ചെന്ന് കേൾവിക്കാർക്ക് എത്തിച്ചു കൊടുക്കും. അത് കേൾവിക്കാർ പ്രതീക്ഷിക്കുകയും ചെയ്യും. ഒരു പുഴ ഒരിക്കലേ കടക്കാൻ പറ്റു എന്ന് പറഞ്ഞ പോലെ സക്കീർ ഹുസൈന്റെ കൺസർട്ടുകൾ ഓരോന്നും ഒരിക്കലേ കേൾക്കാൻ പറ്റു എന്ന വ്യതിരിക്തത കൊണ്ട് കൂടി സമ്പന്നമാണത്. തബലയ്ക്കു മുമ്പിലിരിക്കുമ്പോൾ ഒരു പുതിയ ചക്രവാളം സങ്കല്പിച്ചെടുക്കുകയും അതുവരെ ചെയ്തതിൽ നിന്നും മെച്ചമായതോ പുതുതോ ആയ ഒന്ന് ആ വിരലുകൾ ആഗ്രഹിക്കുകയും ചെയ്യുന്നു.റോക് ഫ്യൂഷൻ ബഞ്ചൊ ബാസ് ബാരറ്റ് തുടങ്ങിയവയിൽ നിന്നെല്ലാം ഊർജ്ജം ഉൾക്കൊണ്ടാണ് സക്കീർ ഹുസൈൻ തന്നെ സംഗീതയത്നം നടത്തുന്നത്. കേരള ഫോക് താളവും തേടി സക്കീർ ഹുസൈൻ ഇവിടെ വെറുതെ എത്തുന്നതല്ല. മട്ടന്നൂരിന്റെ ചെണ്ടയുടെ ധ്രുതതാളത്തിനൊപ്പം തന്റെ സോളോ മാന്ത്രികതയെ പിന്തുടരുന്നതിനു മുമ്പ് സൗത്ത് ഇന്ത്യയിലെ മൃദംഗം മാസ്ട്രൊ ആയ പാലക്കാട് മണി അയ്യർക്കൊപ്പം ഇരുന്നിട്ടുണ്ട്. ഉസ്ബക്കിസ്ഥാനിലെ ഡ്യൂറ പ്ളെയർ അബ്ബോസ് കോസിമോവ്, ട്രിയോ മാസ്ട്രൊ ബേല ഫ്ളെക്, ബാസ് പ്ളെയർ എഡ് ജർ മ്യെർ, ബാരറ്റ് പ്ളെയർ രഞ്ജിത്, (ടി ലോക് ഗുർതു , യു. ശ്രീനിവാസ് നീലാദ്രി തുടങ്ങിയവരോടൊക്കെ അരക്കൈ പയറ്റിയാണ് സാക്കിർ ഹുസൈന്റെ വരവ്. സംഗീതം സംസ്കാരത്തിന്റെ ആഘോഷമായാണ് സക്കീർ ഹുസൈൻ കരുതുന്നത്. ഭിന്നങ്ങളായ പ്രാദേശികതകൾ ഉൾച്ചേർന്ന ജീവന താളങ്ങളുടെ ശ്രുതി ഭേദങ്ങൾ തേടി ലോകത്തിന്റെ ഒരറ്റത്തേക്ക് യാത്ര ചെയ്യുന്നു; അവയുമായി പാരസ്പര്യ മേളനത്തിലേർപ്പെട്ട് തിരിച്ച് ഇങ്ങേ അറ്റത്തേക്ക് തിരിക്കുന്നു. ഓരോ ചെറു ചെറു പ്രാദേശികതകളും അധീശ ജന പാരമ്പര്യങ്ങളും സൃഷ്ടിച്ചെടുത്ത ഉപകരണ സംഗീതവും തേടിയുള്ള യാത്രയാണത്. ആഫ്രിക്കൻ ഫോക് മ്യൂസിക്കും തികച്ചും പാശ്ചാത്യമായ റോക് മ്യൂസികുമെല്ലാം ഉൾച്ചേർന്ന താള ബദ്ധത്തെ തന്റെ കൈവിരലുകളിലേക്ക് പകർത്താൻ കൂടിയാണ് സാക്കിർ ഹുസൈന്റെ ലോകസഞ്ചാരം. മട്ടന്നൂർ ശങ്കരൻ കുട്ടിയിൽ നിന്നും അദ്ദേഹം പോലുമറിയാതെ സാക്കിറിന്റെ വിരലുകൾ കട്ടെടുത്ത പുതു താളവുമായേ സാക്കിർ ചേർപ്പ് വിട്ടു പോവുകയുള്ളു. (സാക്കിറിന്റെ ശക്തി ഗ്രൂപ്പ് കൺസർട് ചെയ്ത് പുറത്തിറക്കിയ മേക്കിംഗ് മ്യൂസിക് എന്ന ആൽബം ഹരിപ്രസാദ് ചൗരസ്യ, സാക്സോ ഫോണിസ്റ്റുകളായ ജാൻ ഗർബരേഖ്, ജോൺ മക് ലു ഹൻ തുടങ്ങിയവരുമായുള്ള ലയമാണ്).
കൺസർട്ടിൽ ഇരിക്കുമ്പോൾ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് സക്കീർ ഹുസൈൻ പറയുന്നത് ഇങ്ങിനെയാണ്.
‘ പെട്ടെന്ന് അകാല കൗമാരം ബാധിച്ചവനെ പോലെ ഊർജസ്വലമാവുന്നു ശരീരവും ബോധവും. സ്‌റ്റേജ് തന്റെ ക്ഷീണത്തെ ഇല്ലാതാക്കുന്നു. സ്ഫടിക പാത്രത്തിൽ നിന്നും തന്നിലേക്ക് പ്രവഹിക്കുന്ന വൈദ്യുതകാന്ത തരംഗങ്ങൾ പോലെ അദൃശമായ ആ ഊർജം തന്നെ റി എനർജിയിൽ കൊണ്ടെത്തിക്കുകയും; കേൾവിക്കാരിലേക്കും അത് പ്രസരിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഞാൻ വെറുമൊരു മെസ്സഞ്ചർ മാത്രം.’
തൃശൂരിലെ കൺസർട്ടിൽ സക്കീർ ഹുസൈൻ ചമ്രം പടിഞ്ഞ് സ്റ്റേജിൽ ഇരുന്നു. കാണികൾ കസേരയിൽ ഇരുന്നു. മട്ടന്നൂർ നിന്നു. കൺസർട് തുടങ്ങി ഓരോ ഇടക്കും തബലയിൽ മിന്നൽ പിണറുകളും വെടിക്കെട്ടുകളും അലയടിച്ചപ്പോൾ കാണികൾ അറിയാതെ എഴുന്നേറ്റ് കൈയടിക്കാനും ഹരേ വ്വാ മുഴക്കാനും ആരംഭിച്ചു. അത് സോളോ വാദ്യവും അയാളുടെ ഭാവ ചലനങ്ങും ചേർന്ന് സൃഷ്ടിച്ച ഒരു ഓറ അവിടെ പൊതിഞ്ഞു നിന്നതിനാൽ കൂടി ആയിരുന്നു.
Be the first to write a comment.