ഫ്രഞ്ച് പ്രസിഡന്റിന് വേണ്ടിയുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പാണ് നടക്കുവാന്‍ പോകുന്നത്.എഴുതുവാൻ നിന്നാൽ ഒരു മഹാകാവ്യം എഴുതാനുള്ള സംഭവങ്ങൾ ഉണ്ട്. ഒരു ചെറിയ പരിചയപ്പെടുത്തലിലേയ്ക്ക്…
(1) സ്ഥാനാർത്ഥികൾ മൊത്തം പതിനൊന്നു പേരാണ് രംഗത്ത്.മാധ്യമങ്ങളുടെ സർവ്വേ ഫലങ്ങളിൽ ഹോളണ്ട് മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്ന, ലിബറൽ എക്കണോമിയുടെ വക്താവും ക്യാപ്പിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നപേരിൽ അറിയപ്പെടുന്ന, മധ്യ കക്ഷിയുടെ (വലതും ഇടതുമല്ലാത്ത ഒരു അവസരവാദികൾ ) പിന്തണയോടുകൂടി മത്സരിക്കുന്ന, ഇമ്മാന്വേൽ മാക്രോങ് (Emmanuel Macron) ആണ് 27% ശതമാനം വോട്ടുകളോടെ ഒന്നാം സ്ഥാനത്ത് വരിക. ഒരു സ്വതന്ത്ര സ്ഥാനാർഥി ആയിട്ടാണ് അദ്ദേഹം രംഗത്ത് എത്തിയതെങ്കിലും ഇന്ന് ഒരു വിഭാഗം സോഷ്യലിസ്റ്റുകളുടെ പിൻതുണയും മാക്രൊങ് -ന് അവകാശപ്പെടാന്‍ ഉണ്ട്.
Emmanuel Macron
(2 ) യൂറോപ്പിനെ – ലോകത്തിനെ – മുഴുവനും ബാധിച്ചിരിക്കുന്ന മാരക രോഗമായ പാട്രിയോട്ടിസവും പാരമ്പര്യവാദവും അതുമൂലമുണ്ടാകുന്ന ഫാസിസ്റ്റ് മൂവ് മെന്റിന്റെയും അകമ്പടിയോടെ രംഗത്ത് എത്തുന്ന f n (ഫ്രണ്ട് നാഷണൽ ) സ്ഥാനാര്‍ഥി മരീൻ ല്‍ പെൻ (Marine Le Pen)ആണ് രണ്ടാം സ്ഥാനത്ത്.കുടിയേറ്റക്കാര്‍ തൊഴിലും സുരക്ഷിതത്വവുംവും അപഹരിച്ചു എന്ന പതിവ് വർഗ്ഗീയ വാദം തന്നെയാണ് അവരുടെ വാദം, എങ്കിലും ആളെക്കൂട്ടാൻ അവർക്ക് കഴിയുന്നുണ്ട്. തീവ്ര ഇടതുപക്ഷത്ത് നിന്ന് തീവ്ര വലതുപക്ഷത്തേയ്ക്കുള്ള ഒഴുക്ക് അതിനവരെ സഹായിക്കുന്നുണ്ട് എന്നതാണ് ദയനീയമായ തിരക്കഥ.ദീർഘ കാലം യൂറോപ്പ്യൻ പാർലമെന്റ് അംഗമായിരുന്ന അവർക്ക് സഹായികളെ (ഓഫീസ് സെക്രട്ടറിമാരെ )നിയമിക്കാൻ കൊടുത്ത പണം, സ്വന്തം ബോഡി ഗാർഡിനുള്ള ശമ്പളമായി കൊടുത്തതിനാൽ കോടതി വിചാരണ നേരിടുകയാണ് അവർ. 25 % വോട്ട് ഒന്നാം ഘട്ടത്തിൽ അവർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
Marine Le Pen
(3) മുൻ പ്രസിഡന്റ് നിക്കോളാ സാർക്കോസിയെ പാർട്ടിയുടെ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാന മന്ത്രിയായിരുന്ന,റിപ്പബ്ലിക്കൻ പാർട്ടിയുടെ (വലത് ) ഫോസ്വാ ഫിയോങ് (François Fillon) ആണ് മൂന്നാം സ്ഥാനത്ത്.17 % വോട്ട് ഒന്നാം ഘട്ടത്തിൽ ഫിയോങ്ങിനു ലഭിക്കാൻ സാധ്യതയുണ്ട്.സർക്കാര്‍ പണം ഭാര്യയെയും മക്കളെയും കള്ള രേഖയുണ്ടാക്കി ജോലിക്കു വെച്ച് തട്ടിയെടുത്തു എന്ന ആരോപണത്തിനുമേല്‍ വിചാരണ നേരിടുന്നുണ്ട് ഫിയോങ്. കൃസ്ത്യൻ ഡെമോക്രാറ്റുകളുടെയും റോയലിസ്റ് തീവ്ര വലതുപക്ഷത്തിന്റെയും പിന്തുണ ഉണ്ട് എങ്കിലും കോടതിയിലെ കേസ്സ് ‘ഇമേജി’നെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
François Fillon
(4)തീവ്ര ഇടത് പക്ഷ സ്ഥാനാർഥി ഷോങ് ലൂക് മെലോഷോങ് (Jean-Luc Mélenchon) ആണ് 14 % വിജയ പ്രതീക്ഷയോടെ ഇപ്പോള്‍ നാലാം സ്ഥാനത്ത് ഉള്ളത്. 1968 മെയിലെ വസന്തകാലത്തിന്റെ ആലസത്ത്യത്തിൽ മയങ്ങിയ ഫ്രഞ്ച് ജനത ആഗോള യുറോപ്യൻ കുത്തക മുതലാളിത്തത്തിന് തലവച്ചു കൊടുത്ത് വീണ്ടുമൊരു വിപ്ലവത്തിന് താല്പര്യമില്ലാതെ ‘സുഖ’ത്തില്‍ കഴിയുകയാണ്.ഈ സാഹചര്യത്തില്‍ സ്വാഭാവികമായും സംഭവിക്കേണ്ട സോഷ്യലിസ്റ് ലയനത്തിന് സോഷ്യലിസ്റ് സ്ഥാനാർഥി ബെൻ വാ ഹാമോങ് (Benoît Hamon) ശ്രമിക്കുന്നുണ്ട്;ഓളണ്ട് മന്ത്രിസഭ ഭരണമേറ്റ സമയത്ത് സാമൂഹിക ക്ഷേമ മന്ത്രി ആയിരുന്ന, പിന്നീട് രാജിവെച്ച് ആന്റി ഓളണ്ട് ഗ്രൂപ്പിന്റെ വക്താവ് ആയ ആളാണ് ബെൻ വാ ഹാമോങ്.ഓളണ്ട് മന്ത്രി സഭയിലെ പ്രധാന മന്ത്രി ആയിരുന്ന മാനുവൽ വാൽസിനെ പാർട്ടി സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ആണ് പാർട്ടി ഹാമോങ്ങിനെ തിരഞ്ഞെടുത്തത്. ഹാമോങ്ങിന് ലഭിക്കാൻ സാധ്യത 10 % വോട്ട് മാത്രം !
അതേസമയം പാർട്ടിയിലെ മാനുവൽ വാൽസ് വിഭാഗം മധ്യ കക്ഷിയുടെ സ്ഥാനാർഥി മാക്രൊങ്ങിന് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് തീവ്ര വലതിനെ തോൽപ്പിക്കാൻ ഒന്നുകിൽ തീവ്ര ഇടതിന്റെ കൂടെ അല്ലെങ്കിൽ വലതിന്റെ കൂടെ അതുമല്ലെങ്കിൽ കുടുംബ വഴക്ക് മറന്ന് മധ്യകക്ഷിയുടെ കൂടെ…ഇതാണ് നിലവിൽ ഫ്രാൻസ് ഭരിക്കുന്ന, പ്രസിദ്ധനായ മിത്തറോങ് -ന്റെ പാരമ്പര്യക്കാർ എന്ന് വിശേഷിക്കപ്പെടുന്ന സോഷ്യലിസ്റ്റുകളുടെ ഗതി കേട്.
ഈ തിരഞ്ഞെടുപ്പ് ഫ്രാൻസിൽ സോഷ്യലിസ്റ്റുകളുടെ അന്ത്യ കൂദാശ ആയിരിക്കും. ബാക്കി വരുന്ന ആറ് സ്ഥാനാർഥികളും കുറെ കൊല്ലമായി ഇതൊരു തൊഴിലായി സ്വീകരിച്ചതുകൊണ്ട് അവരെക്കുറിച്ച് ഒന്നും പറയാനില്ല
Be the first to write a comment.