“And set a watcher upon her, great and strong Argus [Panoptes], who with four eyes looks every way. And the goddess stirred in him unwearying strength: sleep never fell upon his eyes; but he kept sure watch always.”Hesiod

അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിലാണ് ഫാസിസ്റ്റ്സ്വഭാവമുള്ള അധികാരപ്രമത്തതയുടെ വിപത്തുകളെക്കുറിച്ച് ഇന്ത്യക്കാർ ആദ്യമായറിഞ്ഞത്. വിമതശബ്ദങ്ങളെ പാടേ ഒതുക്കി, ജനമനസ്സിൽ ഭീതിയുടെയും സംശയത്തിന്‍റെയും വിത്തുവിതച്ച്, അത് സമൂഹശരീരത്തെ ദൂഷിതമാക്കി. ഞാനന്ന് കൊച്ചുകുട്ടിയാണ്. എന്നാലും, ഇന്ദിരാഗാന്ധിക്കെതിരെ എന്തോ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തതിന്‍റെ പേരിൽ പരിചയമുള്ള ഒരു യുവാവിനെ പോലീസ് കൊണ്ടുപോയെന്നറിഞ്ഞപ്പോൾ ഒരു കാരണവർ പ്രതികരിച്ചുകേട്ടത് മനസ്സിലിപ്പോഴുമുണ്ട്. “ചുവരിനും ചെവിയുള്ള സമയാണെന്ന് ഓൻ ഓർക്കണായിരുന്നു”. ചെവിയുള്ള ചുവർ എന്ന ഉപമാനം കൗതുകവും അതിലേറെ പേടിയും ഉളവാക്കി.

അതായിരുന്നു അധികാരത്തിന്‍റെ സര്‍വവ്യാപകത്വത്തെ കുറിച്ച്‌ എന്നെ ആദ്യമായി ബോധവാനാക്കിയ സംഭവം. ചെവിയുള്ള ചുവർ നിത്യജീവിതത്തിൽ പ്രത്യക്ഷപ്പെടുക കൂട്ടത്തിൽതന്നെയുള്ള ഒറ്റുകാരനായോ, അലസമായി കപ്പലണ്ടി കൊറിച്ച് പൊതുയോഗത്തിൽ ഏറ്റവും പുറകിൽനിൽക്കുന്ന മഫ്ടിയിലുള്ള സ്‌പെഷ്യൽ ബ്രാഞ്ചുദ്യോഗസ്ഥനായോ ഒക്കെയാണെന്ന് പിന്നെയും കുറേകഴിഞ്ഞാണ്‌ മനസ്സിലായതെന്നുമാത്രം.

ചുവരുകൾക്ക് കാതുകളുണ്ടെന്നത് ഒരു പഴഞ്ചൊല്ലും പൊതുബോധവുമാണ്. നമ്മളറിയാതെ നമ്മുടെ സ്വകാര്യതകളിലേക്ക് നീട്ടിവെക്കപ്പെട്ടിരിക്കുന്ന കാതുകളുടെയും കണ്ണുകളുടെയും അദൃശ്യസാന്നിധ്യത്തെക്കുറിച്ച്‌ സാധാരണ മനുഷ്യരിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള പേടിയെ കുറിക്കുന്നു ആ ചൊല്ല്. മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള അന്യരുടെ കേവലജിജ്ഞാസ മാത്രമല്ല, അധികാരത്തിന്‍റെയും നിയന്ത്രങ്ങളുടെയും കുരുക്കുകൾകൂടിയാണ് നമ്മുടെ സ്വകാര്യതയിലേക്ക് പലപ്പോഴും കടന്നുകയറുക എന്ന തിരിച്ചറിവ്. അതേക്കുറിച്ചുള്ള മുൻകരുതൽ. ഇതൊക്കെ ആ ചൊല്ലിലടങ്ങിയിരിക്കുന്നു.

ഇങ്ങനെയൊരു ഭയം നിലനിൽക്കെത്തന്നെ ഒളിച്ചുനിൽക്കാൻ ഒരിടമെന്നത് ഒട്ടും അസാധ്യമായ ഒന്നല്ലെന്ന വിശ്വാസം ഒരു കാലത്ത് പൊതുവേയുണ്ടായിരുimuhxvxagesന്നു. ഒരു ജനതയെ ഒട്ടാകെ സദാസമയവും നിരീക്ഷണവലയത്തിലാക്കുക
പ്രായോഗികമല്ലെന്ന യുക്തിചിന്തയായിരുന്നു അതിനടിസ്ഥാനം. എന്നാൽ ഇന്റർനെറ്റിന്‍റെയും മറ്റു പുതിയ സാങ്കേതിക വിദ്യകളുടെയും പ്രചാരം ലോകത്തെ ഒരു ആഗോളഗ്രാമമായി ചുരുക്കിയതിനൊപ്പം വ്യക്തിയുടെ സ്വകാര്യ ഇടങ്ങളെയും ഇല്ലാതാക്കി. കീറോൺ ഓ’ഹാരയും നൈജൽ ഷഡ്‌ബോൾടും ചേർന്ന് 2008-ൽ എഴുതിയ The Spy in the Coffee Machine എന്ന പുസ്തകം നാമിത്രനാളും അറിഞ്ഞുവന്ന രീതിയിലുള്ള സ്വകാര്യതയുടെ അന്ത്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു.

ഈ കൃതിയുടെ പ്രവാചകസ്വഭാവം തെളിയിക്കുന്നതായിരുന്നു 2013-ൽ എഡ്‌വേഡ്‌ സ്നോഡൻ നടത്തിയ വെളിപ്പെടുത്തലുകൾ. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസി, സ്വന്തം പൗരന്മാരുടേതടക്കം വിവിധരാജ്യങ്ങളിലെ സാമാന്യജനങ്ങളുടെ ഇമെയിലുകളും ഫോൺസംഭാഷണങ്ങളും അവരുടെ സമ്മതമില്ലാതെ ശേഖരിക്കാനും അപഗ്രഥിക്കാനും കെൽപ്പുള്ള ബൃഹത്തായ ഒരു സംവിധാനം നടത്തിവരികയായിരുന്നു എന്ന് സ്നോഡൻ കാട്ടിതന്നു. images (2)അമേരിക്കൻ സർക്കാരും അവരുടെ സ്ഥാപനങ്ങളും മാത്രമല്ല, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങി ലോകത്തെ എല്ലാ പ്രധാനപ്പെട്ട ഇന്റർനെറ്റ് കന്പനികളും ഏതെങ്കിലുമൊക്കെ രീതീയിൽ ഈ ഗുരുതരമായ പൗരാവകാശലംഘനത്തിൽ പങ്കാളികളായിട്ടുണ്ട് എന്ന് അയാൾ പുറത്തുവിട്ട രേഖകൾ വെളിപ്പെടുത്തി. നമ്മൾ നിത്യേന ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളൊക്കെയും എപ്പോൾ വേണമെങ്കിലും ‘ചുവരിലെ കാതായി’ മാറിതീരാമെന്ന, ഓർവെല്ലിയൻ ബിഗ് ബ്രദർ ഒരു ഫിക്ഷണൽ ഭാവനമാത്രമല്ലാതായി കഴിഞ്ഞിരിക്കുന്നുവെന്ന, അസുഖകരമായ യാഥാർത്യത്തിലേക്ക് സ്നോഡൻ നമ്മെ വിളിച്ചുണർത്തി.

മനുഷ്യവകാശങ്ങളുടെ കാര്യത്തിലടക്കം എന്ത് വലിയ കുറവുകൾ ഉണ്ടായാലും, അമേരിക്കയുടെയും മറ്റു പാശ്ചാത്യ ജനാധിപത്യരാജ്യങ്ങളുടെയും ഒരു ഗുണം, അവിടങ്ങളിൽ ഒരു എഡ്‌വേഡ്‌ സ്നോഡെനോ അല്ലെങ്കിൽ ജൂലിയന്‍ അസാന്‍ജെയോ ഇന്നും സംഭാവ്യമാണെന്നതാണ്. എന്നാൽ, സ്വേച്ഛാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ അത്തരമൊരു സാധ്യത ഇല്ലേയില്ല. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയേയും ഭരണകൂടത്തിന്‍റെ നിരന്തരനിരീക്ഷണത്തിനു വിധേയമാക്കാനുതകുന്ന സാങ്കേതികവിദ്യകൾ ആ രാജ്യങ്ങളിൽ കൂടുതൽ ഭീഷണമായ മാനങ്ങളാർജ്ജിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി മാധ്യമശ്രദ്ധ ഏറെ ആകർഷിച്ചുവരുന്ന ചൈനയിലെ സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം എന്ന പദ്ധതി ഇത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചൈന ചെയ്യുന്നത്

പണ്ട് കവി വയലാർ ചൈനയെ വിശേഷിപ്പിച്ചത് മധുര മനോഹര മനോജ്ഞ ചൈന എന്നായിരുന്നു. വയലാറിനു മാത്രമല്ല, ലോകമെന്പാടുമുള്ള എല്ലാ പുരോഗമനവാദികൾക്കും റഷ്യയും ചൈനയുമൊക്കെ വെറും രാഷ്ട്രനാമങ്ങൾ മാത്രമല്ല ഒരു സ്വപ്നവും പ്രതീക്ഷയുമായിരുന്നല്ലോ. എഡ്ഗാർ സ്നോ പുറംലോകത്തിനു പരിചയപ്പെടുത്തിയ ചൈനക്ക് മുകളിലുദിച്ച ചുവന്ന താരകം വിരിയിക്കാൻ പോകുന്ന നൂറു പൂക്കളെക്കുറിച്ചുള്ള സ്വപ്നം എല്ലാ വിപ്ലവകാരികളെയും ആവേശം കൊള്ളിച്ചു. വിപ്ലവത്തിന്‍റെ മുന്നണിസേനയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആചാര്യന്മാർ വിധിച്ച ഏകശിലാഘടനയും അതിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസാനിധ്യമില്ലാത്ത ഏകകക്ഷി ഭരണവും ഈ നൂറു പൂക്കളെ മുരടിപ്പിച്ചേക്കാമെന്ന് സംശയിച്ചവർ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. എന്നാലും, അത്തരം സന്ദേഹങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുടെ നിറം കെടുത്തുന്നതിനെ അനുവദിക്കാൻ ഭൂരിപക്ഷം വിപ്ലവകാരികളുടെയും മനസ്സ് അനുവദിച്ചില്ല.

വിപ്ലവാനന്തരം, പിന്നീടങ്ങോട്ടുള്ള നിരവധി വർഷങ്ങളിൽ, വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (സി. പി. സി). ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രത്തിൽ വിരളമായി മാത്രം കാണാൻ കഴിഞ്ഞ എറെ 1024px-Flag_of_the_Chinese_Communist_Party.svgഅതിശയകരമായ അനുകൂലനശേഷിയോടെ ആ വെല്ലുവിളികളെ അതിജീവിക്കാൻ അവർക്കായി. ആ അതിജീവനത്തിൽ സി. പി. സി തങ്ങളുടെ സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണം എന്ന അടിസ്ഥാനലക്ഷ്യത്തിൽ നിന്ന് പാടെ വ്യതിചലിച്ചു എന്ന് കരുതുന്നവരുണ്ട്. ചൈനീസ് സോഷ്യലിസം കഴിഞ്ഞ ഏഴു ദശകങ്ങളിൽ ഒരു സ്റ്റേറ്റ് മുതലാളിത്തമായി മാറി എന്നവർ പറയുന്നു. അതെന്തായാലും മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് സംഘടനാതത്വങ്ങളിൽ അധിഷ്ഠിതമായ ഏകകക്ഷിഭരണം അനിസ്യൂതം തുടരാൻ ചൈനക്കായി. വിവരസാങ്കേതികവിദ്യകൾ പ്രചാരത്തിൽ വരുന്നതിനും മുൻപ് തന്നെ പൗരന്മാരുടെയും വിവരങ്ങൾ രേഖപ്പെടുത്താനും അവയുപയോഗിച്ച് കർശനമായ സാമൂഹ്യനിയന്ത്രണങ്ങൾ നടപ്പിലാക്കാനുമുള്ള ബ്യൂറോക്രാറ്റിക് സംവിധാനങ്ങൾ ചൈനയിൽ നിലവിലുണ്ടായിരുന്നു. തൊഴിലിടത്തും പോലീസ് സ്റ്റേഷനിലുമായി സൂക്ഷിക്കപ്പെടുന്ന ഓരോ പൗരന്‍റെയും വിശദവിവരങ്ങളും വിലയിരുത്തലുകളും അടങ്ങുന്ന ഈ രേഖകൾ ചൈനീസ് ഭാഷയിൽ ഡങ്കൻ (dangan) എന്നാണറിയപ്പെടുന്നത്. ജോലിക്കയറ്റം, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതസ്ഥാനങ്ങൾ, വിദേശയാത്ര തുടങ്ങിയകാര്യങ്ങളിലെ തിരുമാനങ്ങളെയൊക്കെ ഈ ഫയലുകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ സ്വാധീനിക്കുന്നു.

എൺപതുകളുടെ അവസാനത്തിലാണ് ടിയാനന്‍ന്മെൻ സ്‌ക്വയർ പ്രക്ഷോഭമെന്ന് പിൻകാലത്ത് അറിയപ്പെട്ട ജനാധിപത്യത്തിന് വേണ്ടിയുള്ള സമരങ്ങൾ ചൈനയിൽ അരങ്ങേറിയത്. അതിന് ഏതാനും വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കാൻ തുടങ്ങിയ നിയന്ത്രിതമായ സാന്പത്തിക ഉദാരവൽക്കരണം ഉണ്ടാക്കിയ മാറ്റങ്ങളാണ്

TO GO WITH AFP STORY "China-politics-rights-Tiananmen" by Robert Saiget (FILES) This file photo taken on June 2, 1989 shows hundreds of thousands of Chinese gathering around a 10-metre replica of the Statue of Liberty (C), called the Goddess of Democracy, in Tiananmen Square demanding democracy despite martial law in Beijing. Families of those killed in the crushing of the 1989 Tiananmen Square protests on June 2, 2010 demanded China end its silence and open a dialogue on the bloodshed. In an annual open letter, 128 members of the Tiananmen Mothers castigated the Communist Party government for ignoring its calls for openness on the crackdown that occurred June 3-4, 1989 and vowed never to give up their fight. (Photo by CATHERINE HENRIETTE/AFP/Getty Images)
This file photo taken on June 2, 1989 shows hundreds of thousands of Chinese gathering around a 10-metre replica of the Statue of Liberty (C), called the Goddess of Democracy, in Tiananmen Square demanding democracy despite martial law in Beijing. )

പാശ്ചാത്യമാതൃകയിലുള്ള ജനാധിപത്യപരിഷ്കരണങ്ങൾക്കായുള്ള ഈ സമരങ്ങൾക്ക് പ്രധാന കാരണമായത്. ഗ്ലാസ്‌നോസ്റ്റ് എന്ന വിശേഷണത്തോടെ മിഖായേല്‍ ഗോർബച്ചേവിന്‍റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അവിടത്തെ അടച്ചിട്ട വാതിലുകൾ ഒന്നൊന്നായി തുറക്കുന്നതും, പിന്നെ അവരും അവരുടെ ബ്ലോക്കിലെ മറ്റു രാഷ്രങ്ങളും ഓരോന്നോരോന്നായി തകർന്നു വീഴുന്നതുമൊക്കെ ഇതേ കാലത്തായിരുന്നു. എന്നാൽ ആ പ്രതിസന്ധിയെ അതിജീവിക്കാനൊത്ത വിരലിലെണ്ണാവുന്ന കമ്മ്യൂണിസ്റ്റ് ഭരണങ്ങളിലൊന്നായി മാറാൻ ചൈനക്ക് കഴിഞ്ഞു. തങ്ങൾ ഇത്രയും നാൾ പിന്തുടർന്നു വന്ന രാഷ്ട്രീയ സംവിധാനത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് ടിയാനന്‍ന്മെൻ ചത്വരത്തിൽ വെടിയുതിർത്തുകൊണ്ട് സി. പി. സി ലോകത്തോട് വിളിച്ചു പറഞ്ഞു.

അതിജീവനത്വരയുടെ കൂടപ്പിറപ്പായി അരക്ഷിതത്വബോധവും അധികാരത്തെ പിന്തുടരും. അതുകൊണ്ട് ടിയാന്മെൻ പ്രക്ഷോഭത്തിന്‌ ശേഷം തങ്ങളുടെ അധികാരത്തിന് നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സി. പി. സി അതീവശ്രദ്ധ കാട്ടി. പൗരസമൂഹത്തെ നിരന്തര നിരീക്ഷങ്ങൾക്ക് വിധേയമാക്കാൻ, തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയേക്കാവുന്ന പ്രതിഷേധങ്ങളെ മുളയിലേ നുള്ളിക്കളയാൻ, നൂതനസാങ്കേതികവിദ്യകളടക്കം എല്ലാ മാർഗ്ഗങ്ങളും ചൈനീസ് ഭരണകൂടം ഉപയോഗപ്പെടുത്തി. ഗൂഗിൾ സേർച്ച് എൻജിൻ, ഫേസ്ബുക്ക് തുടങ്ങി അനവധി വെബ്‌സൈറ്റുകൾ ചൈനീസ്‌ ജനതക്ക് അപ്രാപ്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറ്റൊരുദാഹരണമാണ് രാജ്യത്തിന്‍റെ പലയിടത്തും നടപ്പാക്കിയിട്ടുള്ള ഗ്രിഡ് മാനേജ്മെന്റ് എന്നറിയപ്പെടുന്ന സംവിധാനം. RS, GIS, GPS തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൗരസമൂഹത്തെ ഫലപ്രദമായി നിരീക്ഷണവിധേയമാക്കാൻ അധികാരികളെ അത് സഹായിക്കുന്നു.

ഇതൊക്കെയാണെങ്കിലും സാമൂഹ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അനുഭവപ്പെടുന്ന വിശ്വാസ്യതയുടെ വൻതകർച്ച ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയും അവിടുത്തെ സർക്കാരും കഴിഞ്ഞ കുറെ കാലമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി തുടരുന്നു. വ്യാപകമായ അഴിമതി, സ്വജനപക്ഷപാതം, ഉദ്യോഗസ്ഥമേധാവിത്വം മുതലായ ദുഷ്പ്രവണതകൾ സോഷ്യലിസമെന്ന് ഇന്നും അവർ വിശേഷിപ്പിക്കുന്ന സ്റ്റേറ്റ് മുതലാളിത്തവ്യവസ്ഥയുടെ വിശ്വാസ്യതക്ക് വലിയ കോട്ടമാണ് ഉണ്ടാക്കുന്നത്. ഇതിനു തടയിടാനുള്ള ഒരു പദ്ധതിയെന്ന നിലക്ക്, 2015 ഒക്ടോബർ മാസം പുറത്തുവിട്ട ചൈനയുടെ പതിമ്മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖയിലാണ് സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം എന്ന പുതിയ പദ്ധതി ആദ്യമായി പരാമര്ശിക്കപ്പെടുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ചൈനീസ് പൗരന്മാരിടപെടുന്ന മറ്റു സാമൂഹിക വ്യവഹാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ആത്മാർത്ഥതയുടേതായ ഒരു സംസ്ക്കാരം വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം. നല്ല നടപ്പിനും ആത്മാർത്ഥതക്കും അംഗീകാരവും അതെ സമയം ആത്മാർത്ഥതയില്ലായ്മക്ക് ശിക്ഷയും നൽകുന്ന ഒരു റേറ്റിംഗ് സിസ്റ്റം. (“Establish and complete a social credit system, commend sincerity and punish insincerity as put forward by the 3rd Plenum of the 18th Party Congress” എന്ന് കരട് രേഖയിൽ).

ഡിജിറ്റൽ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി, വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ഇടപാടുകളുടെ വ്യാപകമായ വിവരശേഖരമാണ് ഈ പദ്ധതിയുടെ ആണിക്കല്ല്. ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വ്യവസായങ്ങളിൽ 1024px-Flag_of_the_Chinese_Communist_Party.svgഒന്നായ ആലിബാബയുടെ കീഴിലുള്ള സീസേം ക്രെഡിറ്റ് എന്ന സ്ഥാപനമടക്കമുള്ള ഏതാനും വൻകിടകന്പനികളാണ് ഇതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കുക. ധനകാര്യ ഇടപാടുകളിൽ ഒതുങ്ങുകയില്ല ഈ വിവരശേഖരണം എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനവസ്തുത. നിങ്ങളുടെ ദൈനംദിനജീവിതത്തിൽ സംഭവിക്കാവുന്ന ചെറിയ പിശകുകൾ തൊട്ട് രാഷ്ട്രീയനിലപാടുകൾ വരെ ഇതിൽ രേഖപ്പെടുത്തപ്പെട്ടേക്കാം.

ജിയാൻങ്ങ്സു പ്രവിശ്യയിലെ സ്യുയിനിങ്ങിൽ 2010 മുതൽ നടപ്പിലാക്കി വരുന്ന സോഷ്യൽ ക്രെഡിറ്റ് സിസ്റ്റത്തിന്‍റെ പൈലറ്റ് പ്രൊജക്റ്റ് എന്തൊക്കെ എങ്ങിനെയൊക്കെ രേഖപ്പെടുത്തപ്പെടും എന്നതിന്‍റെ സൂചനകൾ തരുന്നുണ്ട്. നികുതി, കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം മുതലായ സർക്കാരിന്‍റെ വിവരശേഖരത്തിൽ ലഭ്യമായ വിവിധ അറിവുകളുടെ അടിസ്ഥാനത്തിൽ പൗരന്മാരെ നാലായി തരം തിരിക്കുകയാണ് ഈ പൈലറ്റ് പ്രൊജക്റ്റ് ചെയ്യുന്നത്. ഒരു വ്യക്തിക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ നിർണ്ണയിക്കുന്നതിൽ ഇത്തരം തരംതിരിവ് വലിയ പങ്ക് വഹിക്കുന്നു. ഒരാൾ ഒരു ബാങ്കിനെയോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തെയോ പണം വായ്പ വാങ്ങാനായി സമീപിക്കുമ്പോൾ, അയാൾ പണം കടം കൊടുക്കാന്‍ കൊള്ളാവുന്ന ആളാണോ എന്ന് മനസ്സിലാക്കാൻ ആ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് ഹിസ്റ്ററി പോലുള്ള സംവിധാനം മാത്രമായിരിക്കില്ല സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം എന്നർത്ഥം.

2020-ഓടെ “വിശ്വാസയോഗ്യരെ ആകാശത്തിന്‍റെ കീഴിൽ എല്ലായിടത്തും സ്വതന്ത്രമായി നടക്കാൻ അനുവദിക്കുന്ന, എന്നാൽ അനഭിമതരുടെ നിത്യജീവിതത്തെ വിഷമം നിറഞ്ഞതാക്കി മാറ്റുന്ന” ഒരു വ്യവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ് സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം കൊണ്ടു ലക്ഷ്യമാക്കുന്നതെന്നാണ് ചൈനീസ് അധികാരികൾ അവകാശപ്പെടുന്നത്. ഒരു കക്ഷിക്ക് മാത്രം പ്രവർത്തനസ്വാതന്ത്ര്യം ഉള്ള, എതിരഭിപ്രായങ്ങൾക്ക് അവസരമില്ലാത്ത, ഒരു വ്യവസ്ഥിതിയിൽ സർവ്വവ്യാപിയായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരു പൗരസമൂഹത്തെയൊട്ടാകെ നിരീക്ഷണ വിധേയമാക്കാനും അവരെ വിശ്വാസയോഗ്യരെന്നും അനഭിമതരെന്നും വേർതിരിക്കാവുന്ന വളരെ വികസിച്ച ഏർപ്പാടുകൾ ഉണ്ടാകുമ്പോൾ അത് 15726362_1756424244681439_7467534065123723706_nഎത്രമാത്രം ആപൽക്കരമായേക്കാമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മുതലാളിത്തപാതയിലേക്ക് രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തെളിച്ചു കൊണ്ടുപോകുമ്പോളും സോഷ്യലിസ്റ് വാചാടോപം കൈവിടാത്ത സി. പി. സിയും രാഷ്ട്രത്തിന്‍റെ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായ ഷി ജിൻപിൻങ്ങും എന്നത്തേക്കാളും ശക്തരാണ് എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.

നൂതന സാങ്കേതികവിദ്യകളും പുതിയ കാലത്തെ അധികാരഘടനകളും

ബിഗ് ഡാറ്റ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, പരസ്പര ബന്ധമില്ലാത്ത വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ കൂറ്റൻ വിവരശേഖരങ്ങളിലൊതുക്കാനും അവയെ മനുഷ്യസഹായമില്ലാതെ സങ്കീർണ്ണമായ ഗണിതശാസ്ത്രവിദ്യകളുപയോഗിച്ച് അപഗ്രഥിക്കാനും പുതിയ അറിവുകൾ ഉൽപാദിപ്പിക്കാനും കഴിവുള്ള, സാങ്കേതികവിദ്യകളാണ് മേൽപ്പറഞ്ഞ നിരീക്ഷണ സംവിധാനങ്ങളുടെ പ്രധാനഘടകം. നിത്യജീവിതത്തിലെ വ്യവഹാരങ്ങളെല്ലാം തന്നെ ഏതെങ്കിലുമൊക്കെ വിധത്തിൽ ഡിജിറ്റലയിസ് ചെയ്യപ്പെടുന്ന ഇക്കാലത്ത് വ്യക്തികൾ കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ അവശേഷിപ്പിച്ചുപോകുന്ന വിവരങ്ങൾ വളരെ വലുതാണ്. ഈ അറിവുകളുടെ അപഗ്രഥനം വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വഭാവസവിശേഷതകളെക്കുറിച്ച് ഇത്രയും നാൾ നമ്മുക്ക് അപ്രാപ്യമായിരുന്ന അറിവുകളിലേക്കും ഉൾക്കാഴ്ച്ചകളിലേക്കും നയിക്കുമെന്നാണ് ബിഗ് ഡാറ്റ സാങ്കേതികവിദ്യകൾ വാഗ്‌ദാനം ചെയ്യുന്നത്.

മനുഷ്യരാശിക്ക് ഏറെ നേട്ടങ്ങൾ സമ്മാനിക്കാൻ കെല്പുള്ളതാണെന്നിരിക്കിലും ഈ സാങ്കേതികവിദ്യകൾക്ക് ഒരു ഇരുണ്ടവശം കൂടിയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ വിക്റ്റർ മേയർ ഷോൺബെർജറും പത്രപ്രവർത്തകനായ കെന്നത്ത് ക്യൂകിയരും ചേർന്നെഴുതിയ ബിഗ് ഡാറ്റയുമായ ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ സ്വാധീനത്തെക്കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്: നമ്മുടെ ജീവിതങ്ങളെ കൂടുതൽ നിരീക്ഷണവിധേയമാക്കാനുള്ള സാധ്യതകൾ തുറന്നിടുന്ന ബിഗ് ഡാറ്റ, നമ്മുടെ സ്വകാര്യതയെ നിയമപരമായി പരിരക്ഷിക്കാനുള്ള മാർഗ്ഗങ്ങളെ അപ്രസക്തമാക്കുകയും ചെയ്യുന്നു. അതോടൊപ്പം, വേണമെങ്കിൽ മറ്റുള്ളവരിൽനിന്നും മറഞ്ഞുനിൽക്കാനുള്ള സാങ്കേതികമാർഗ്ഗങ്ങൾ നിഷ്ഫലമാകുകയും. അതേപൊലെ ആശങ്കാജനകമാണ് ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള പ്രവചനങ്ങൾ വ്യക്‌തികളെ അവർ ചെയ്ത കൃത്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ അവർ ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്ന കാര്യങ്ങളുടെ പേരിൽ ശിക്ഷിക്കാനുപയോഗിക്കാനുള്ള സാധ്യതകളും.

അധീനരുടെ നിയന്ത്രണം ഏത് അധികാരഘടനകളുടെയും അടിസ്ഥാന സ്വഭാവനകളിൽ ഒന്നാണെന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. വ്യക്തിയുടെ സ്വതഃസിദ്ധമായ ചോദനകൾ തേടുന്ന സ്വാതന്ത്ര്യവും സമൂഹജീവിതം ആവശ്യപ്പെടുന്ന ഒത്തുതീര്‍പ്പുകളും തമ്മിലുള്ള വൈരുദ്ധ്യം ചില നിയന്ത്രണങ്ങളെ അനിവാര്യമാക്കുന്നുണ്ട് താനും. പക്ഷെ ചരിത്രം പഠിപ്പിക്കുന്ന ഒരു വലിയ പാഠം, സ്വന്തം നിലനില്പിനെക്കുറിച്ചുള്ള അരക്ഷിതബോധമാണ് ഇത്തരം സാമൂഹികാവശ്യങ്ങളേക്കാളേറെ വ്യക്‌തിയുടെ ഏറ്റവും പ്രാഥമികമായ സ്വാതന്ത്ര്യങ്ങൾക്കു പോലും തടയിടുന്നതിന് അധികാരസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ്. സർക്കാർ, പട്ടാളം, പോലീസ്, കോടതികൾ, ജയിലുകൾ തുടങ്ങി പൗരാവലിയെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരുവരാനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ മാത്രമല്ല ഇതിനായി ഉപയോഗപ്പെടുന്നത്. മതം, കുടുംബം, വിദ്യാഭ്യാസവ്യവസ്ഥ മുതലായ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും (ideological state apparatus) കൂടിയാണ്. ചിലപ്പോൾ ചോംസ്കി പറഞ്ഞത് പോലെ ഭരണീയർക്കിടയിൽ കൗശലപൂർവ്വം പൊതുസമ്മതി നിർമ്മിച്ചിട്ടാകാം (manufacturing consent). അതുമല്ലെങ്കിൽ കൃത്രിമമായി കുറ്റബോധം ഉളവാക്കിയിട്ടാകാം. (“I call the discourse of power any discourse which engenders blame, hence guilt, in its recipient” എന്ന് റൊളാങ് ബാർത്ത്). ഉപായങ്ങളെന്തായാലും ശക്തമായ നിയന്ത്രണോപാധികൾ അധികാരത്തിന്‍റെ തുടർച്ചക്കും നിലനിൽപ്പിനും കൂടിയേ തീരൂ.

അധികാരം അധികാരിക്ക്‌ സമ്മാനിക്കുന്നത് കീഴ്‌പെടുത്തലിന്‍റെ ലഹരി മാത്രമല്ല, അധികാരഭ്രംശത്തിന്‍റെ നിരന്തരമായസാധ്യതകൾ ഉളവാക്കുന്ന അരക്ഷിതാവസ്ഥയും വലിയ പേടികളും കൂടിയാണ്. ഭരണകൂടതാല്പര്യങ്ങൾ ജനഹിതത്തിന് എതിരുനിൽക്കുന്ന കാലത്ത്, ചൊൽപ്പടിക്ക് നിൽക്കാത്ത ഓരോ പ്രജയും തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കാനും കടപുഴക്കാനും പോന്ന ഒരു പ്രചണ്ഡവാതമായി മാറിയേക്കാമെന്ന് അത് ഭയക്കുന്നു. ഇത്തരം ഭീതികൾ ഏതെങ്കിലും രീതിയിൽ എന്തെങ്കിലും അധികാരം കൈയ്യാളിയിട്ടുള്ളവരിലൊക്കെ കുറഞ്ഞോ കൂടിയോ അളവിൽ കാണാമെങ്കിലും അധികാരത്തിലിരിക്കുന്നവരുടെ മനസ്സിന്‍റെ അരക്ഷിതത്വവും സംശയവും അപകർഷതാബോധവും രോഗാതുരവും ബീഭത്സവുമായ തലങ്ങളിലേക്കെത്തുന്നത് സ്വേച്ഛാധിപതികളിലും സമഗ്രാധിപത്യസ്വഭാവമുള്ള ഭരണസംവിധാനങ്ങളിലുമാണ്.

സ്വന്തം പ്രജകളെ നിരന്തര നിരീക്ഷണത്തിൽ അകപ്പെടുത്തി, അനുസരണശീലമുള്ള തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പൗരസമൂഹത്തെ വാർത്തെടുക്കാനുള്ള ആഗ്രഹം സമഗ്രാധിപത്യവാസനയുള്ള എല്ലാ അധികാരഘടനകളുടെയും മൗലിക സ്വഭാവങ്ങളിലൊന്നായി മാറുന്നത് അതുകൊണ്ടാണ്. പലപ്പോഴും ജനങ്ങൾക്കു മേൽ പൂർണ്ണനിയന്ത്രണം സ്ഥാപിക്കുന്നതിനായി അവരെ തുടർച്ചയായി നിരീക്ഷിക്കാനുള്ള കഴിവുണ്ടായാൽമാത്രം മതി എന്ന മിഷേൽ ഫൂക്കോവിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. തടവുപുള്ളികളെ നിരന്തരനിരീക്ഷണത്തിന് വിധേയമാക്കാനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള പനോപ്റ്റികോൺ എന്ന ജയിലിന്‍റെ രൂപകല്പന 98b03e87-e1ac-4f67-892c-819b7122ae3e-1020x612നിരീക്ഷണത്തിൽ അധിഷ്ഠിതമായ ഇത്തരം ആധുനിക അച്ചടക്കമുറകളെ പ്രതിനിധീകരിക്കുന്നു എന്ന് ഫൂക്കോ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജെറമി ബെൻതാം എന്ന സാമൂഹ്യ പരിഷ്കർത്താവ് രൂപകല്പന ചെയ്ത ജയിലാണ് പനോപ്റ്റികോൺ. നടുക്ക് നിന്നും എല്ലാ തടവറകളേയും നിരീക്ഷിക്കാൻ പറ്റുംവണ്ണം വൃത്താകൃതിയിൽ ബഹുനിലയായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പനോപ്റ്റികോണിനെ സാധാരണ ജയിലുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ചുറ്റുമുള്ളതെല്ലാം ഒരേ സമയത്ത് കാണാൻ കഴിയുന്ന ആർഗസ് പനോപ്റ്റസ് എന്ന ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രത്തിൽ നിന്നാണ് പനോപ്റ്റികോൺ എന്ന പേരുണ്ടാകുന്നത്.

ചൈനയിൽ നടക്കുന്നത് സൈബറിടങ്ങൾക്ക് വേണ്ടി രൂപകൽപന ചെയ്യപ്പെട്ട പനോപ്റ്റികോണുകളുടെ നിർമ്മാണമാണെന്ന് പറയാം. നേരത്തെ സൂചിപ്പിച്ച ഡങ്കൻ (dangan) എന്ന ബ്യൂറോക്രാറ്റിക്ക് സംവിധാനത്തിന്‍റെ കാലാനുസരണം പരിഷ്‌ക്കരിച്ച രൂപം മാത്രമായി ഇതിനെ കരുതാനൊക്കില്ല. ആയിരക്കണക്കിന് സി. സി. ടി. വി കളുടെ തുറുങ്കണ്ണുകൾക്ക് കാണാവുന്നതിനപ്പുറം കാണാൻ കഴിയുന്ന, പ്രത്യക്ഷത്തിൽ പരസ്‌പരബന്ധമില്ലാത്ത സംഭവങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ അപഗ്രഥനം ചെയ്ത് സാധ്യതകളും സംഭാവ്യതകളും പ്രവചിക്കാനൊക്കുന്ന, ആധുനിക കാലത്തെ ഈ പനോപ്റ്റികോണുകൾ നിൽക്കുന്നത് വേറൊരു തലത്തിലാണ്.

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം

സ്വേച്ഛാധിപത്യം എന്താണെന്ന് കാട്ടിത്തന്ന അടിയന്തിരാവസ്ഥാകാലത്ത് ഇന്ത്യയിൽ കംപ്യൂട്ടർവൽക്കരണം ശൈശവദശയിൽ പോലുമായിരുന്നില്ല. അതുകൊണ്ടു തന്നെ പോലീസുകാർ, ഉദ്യോഗസ്ഥർ, പാർട്ടിക്കാർ, ഒറ്റുകാർ എന്നിങ്ങനെ തികച്ചും സാന്പ്രദായികമായ, പരിമിതികൾ ഒട്ടേറെയുള്ള, നിരീക്ഷണവലയങ്ങൾ ഒരുക്കാനേ അന്ന് ഭരണകൂടത്തിന് കഴിഞ്ഞിരുന്നുള്ളൂ.

ഇന്നുള്ളത് ആ സ്ഥിതിയല്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ആധാറിൽ തുടങ്ങി, ഇപ്പോൾ ഡിമോണിറ്റൈസേഷനിൽ എത്തി നിൽക്കുന്നു ഇന്ത്യയുടെ ഡിജിറ്റൽ ലോകത്തേക്കുള്ള മുന്നേറ്റങ്ങൾ. ഒരു വ്യക്തി നടത്താൻ സാധ്യതയുള്ള മിക്ക കൊടുക്കൽ വാങ്ങലുകളെയും മറ്റു ഇടപാടുകളെയും കണ്ണിചേർക്കാൻ സഹായിക്കുന്ന സുപ്രധാനസാങ്കേതികവിദ്യയായി മാറിയിരിക്കുന്നു ആധാർ. കുട്ടികൾക്ക് ഉച്ചക്കഞ്ഞികിട്ടാൻ പോലും ആധാർ നിർബന്ധമാകുന്ന നിലയിലേക്കാണല്ലോ കാര്യങ്ങൾ നീങ്ങുന്നത്. ഡിമോണിറ്റൈസേഷനാകട്ടെ ഇത്രയുംനാൾ ഇന്ത്യയിലെ സാമ്പത്തികവ്യവഹാരങ്ങളിൽ വളരെ വലിയ പങ്കുണ്ടായിരുന്ന അനൗപചാരിക സമ്പത് വ്യവസ്ഥയെ തകർക്കാനുള്ള ആസൂത്രിതനീക്കങ്ങളുടെ തുടക്കമാണ്. കണക്കിൽപ്പെടാത്ത, സർക്കാർ സംവിധാനങ്ങൾ അറിയാത്ത, ഒരു ഇടപാടിലേർപ്പെടാനും ഒരു സാധാരണപൗരന് കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ അതിവേഗം മാറുന്നു എന്നർത്ഥം.

ഈ മാറ്റങ്ങൾക്ക് നല്ല കുറേ വശങ്ങളുണ്ടെന്നത് സത്യമാണ്. പക്ഷെ, ഒരു ശരാശരി ഇന്ത്യൻ പൗരന്‍റെ മിക്ക ജീവിതവ്യവഹാരങ്ങളെയും നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ നിരന്തരനിരീക്ഷണത്തിനു വിധേയമാക്കാൻ പറ്റുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നുവെന്ന ഒരു അനന്തരഫലം കൂടിയുണ്ട് ഈ മാറ്റങ്ങൾക്ക്.

ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുക്ക് ഇന്നില്ലാത്തത് ഒരു സമഗ്രാധിപത്യ ഭരണകൂടമാണ്. എന്നാൽ അത് നാളെ ഉണ്ടായിവരാനുള്ള സാധ്യതകളില്ലാത്തവണ്ണം ആരോഗ്യകരമല്ല നമ്മുടെ രാഷ്ട്രീയസാമൂഹ്യസ്ഥിതിയെന്നാണ് സമീപകാല സംഭവവികാസങ്ങൾ വിളിച്ചു പറയുന്നത്.

അയൽ നാട്ടിൽ നിന്നുള്ള ഒരു കൗതുകവാർത്ത മാത്രമല്ല നമ്മെ സംബന്ധിച്ചിടത്തോളം മുൻസൂചിപ്പിച്ച ചൈനീസ് പരീക്ഷണങ്ങൾ എന്ന് ചുരുക്കം.


 

Comments

comments