സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷം നടത്തിയ സമരത്തെ നേരിടാന്‍ ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ പോലീസ് പ്രതിരോധത്തെ കുറിച്ച് ഞാന്‍ എഴുതിയത്  “ഭരണഭീകരതയുടെ നഗര മുഖം”എന്നായിരുന്നു. അതിലെ ഒരു പ്രധാന ഭാഗം ഇതായിരുന്നു: “ഈ സമരത്തിന്റെ പേരിലുണ്ടായിരിക്കുന്ന യുദ്ധസന്നാഹം കേരളത്തില്‍ വളരെ തെറ്റായ ചില മാമൂലുകളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇത് പോലീസിനു നല്‍കുന്ന ദുരധികാരബോധം ചെറുതായിരിക്കില്ല. ഈ ഗവര്‍മെന്റു എക്കാലത്തും നിലനില്‍ക്കില്ല. അടുത്ത ഭരണക്കാലത്തും ഇതേ നടപടികള്‍ ഉണ്ടായേക്കും. എക്കാലത്തേക്കുമായി കേരള പോലീസിനെ ഭീകരവല്ക്കരിക്കുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെയ്തിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഈ രണ്ടു വ്യക്തികള്‍ക്കുമാണ്.”

ഭരണമേതായാലുംപോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്ന രീതികള്‍ക്ക് മാറ്റമില്ലാതെതെയിരിക്കുന്നു എന്ന വസ്തുത അടിവര ഇടുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സംജാതമായിരിക്കുന്ന പോലീസ് ഭരണത്തിന്റെ നിഷ്ഠൂരത വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം അദ്ദേഹം നിസ്സഹായനും കർമ്മഭീരുവും ദുര്‍ബ്ബലനുമായ ഒരു ഭരണാധികാരി ആണ് എന്നത് തന്നെ. പോലീസിനെ ദുരുപയോഗം ചെയ്ത ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്ട്. പോലീസിനെ കയറൂരി വിട്ട ഭരണാധികാരികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍പോലീസിന്റെ ഇംഗിതങ്ങള്‍ക്ക് പൂര്‍ണ്ണമായും വഴങ്ങി ആ നീചസംവിധാനത്തിന്റെ അടിമയെ പോലെ അതിന്റെ കേവലം കുഴലൂത്തുകാരനായി മാറാനുള്ള ചരിത്ര നിയോഗം പിണറായി വിജയനാണ് കാലം കരുതി വച്ചിരുന്നത് എന്നത് ദൗര്‍ഭാഗ്യകരമെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്.

സാമൂഹിക മാധ്യമങ്ങള്‍ പൊതുമണ്ഡലത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. അതിനുള്ളിലും പുറത്തും മുഖ്യമന്ത്രി ഒരു പരിഹാസപാത്രമായിരിക്കുന്നു. വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ട് ഇത്രയും ഇച്ഛാഭംഗം തെരഞ്ഞെടുപ്പു കാലത്ത് തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ഒരു വലിയ ജനവിഭാഗത്തിനിടയില്‍ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തിന്റെസ്ഥിരം വിമര്‍ശകരേക്കാള്‍ കൂടുതല്‍ ഇന്ന് അദ്ദേഹത്തോട് കടുത്ത വിയോജിപ്പുമായി എത്തുന്നത് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും മുന്നണിക്കും പാര്‍ട്ടിക്കും വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അണിചേരുകയും ചെയ്ത ഒരു വിഭാഗം കൂടിയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചലനങ്ങള്‍ ശ്രദ്ധയോടെ പിന്തുടരുന്നവർക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്.

അദ്ദേഹം മാത്രമല്ല, ഈ മുന്നണിയിലെ കൊട്ടി ഘോഷിക്കപ്പെട്ട പല മന്ത്രിമാരും പരക്കെ നിരാശ പടര്‍ത്തുന്നു എന്നത് ഇതിനകം വ്യക്തമായികഴിഞ്ഞിരിക്കുന്നു. ധനവകുപ്പും വിദ്യാഭ്യാസ വകുപ്പുമൊക്കെ ഇത്തരത്തില്‍ വിമർശിക്കപെടുന്നവയാണെങ്കില്‍ റവന്യൂ വകുപ്പും മറ്റും ശ്രദ്ധ നേടുന്നത്  അവരെടുക്കുന്ന സാമൂഹിക സമ്മതമുള്ള തീരുമാനങ്ങള്‍ക്ക് മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല എന്ന സംശയത്തിന്റെ പേരിലാണ്. ഒരു വർഷം തികയാത്ത ഒരു ഭരണത്തിന്റെ പരാജയങ്ങളുടെ പേരില്‍  അതിനെതിരെ സമഗ്രമായ എന്തെങ്കിലും പ്രതിരോധം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടിട്ടു പോലും ഇതാണു പൊതുസ്ഥിതി എന്ന് കാണുവാന്‍ കഴിയും. ഇടതുപക്ഷ മുന്നണിയുടെയോ ഐക്യ ജനാധിപത്യ മുന്നണിയുടെയോ ബി ജെ പി യുടെ പോലുമോ ജനകീയമായ അടിത്തറകള്‍ക്ക് വലിയ ഉലച്ചില്‍ പലപ്പോഴും ഉണ്ടാകാറില്ല എന്നതിനാല്‍ ഈ ഭരണത്തെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയത്തിനു അവകാശമില്ല. പക്ഷെ ഭരണത്തോടുള്ള എതിര്‍പ്പിന്റെ മുനകള്‍ നീണ്ടു വരുന്നത് കേവലമായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല എന്നത് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

മാവോയിസ്റ്റ് നേതാക്കളെ വെടിവച്ച് കൊന്ന സംഭവം മുതല്‍ നിരവധി കാര്യങ്ങളില്‍ കേരള പോലീസ് സ്വീകരിച്ച നിലപാടുകളാണ് ഈ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതില്‍ പലതിലും പ്രധാന പ്രതിപക്ഷമായ കൊൺഗ്രസ്സോ ബി ജെ പി യോ താല്‍പ്പര്യം എടുത്തില്ല എന്നത് വിമര്‍ശനത്തിന്റെ മുനയൊടിക്കുകയോ അതിന്റെ ശക്തി കുറയ്ക്കുകയോ പോലും ചെയ്തില്ല. കേരളത്തിലെ സിവില്‍ സമൂഹം കേവലമായ പാർട്ടിസാന്‍ യുക്തിയുടെ പുറത്തേക്ക് നീങ്ങുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. കഴിഞ്ഞ കോണ്‍ഗ്രസ് ഗവര്‍മെന്റിന്റെ കാലത്ത് സി പി എം എടുത്ത നിലപാടുകള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് കേന്ദ്രത്തില്‍ മോദിയെ എന്നതുപോലെ കേരളത്തില്‍ പിണറായി വിജയനെ നൈതിക-രാഷ്ട്രീയ വിചാരണയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാമൂഹിക മാധ്യമ ഇടപെടലുകള്‍ ഉണ്ടാവുകയാണ്. പാര്‍ട്ടിയുടെ ശത്രുക്കള്‍ എന്ന് പറഞ്ഞു തള്ളിക്കളയാനാവാത്ത വിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനെ നേരിടാനാവാതെ പാര്‍ട്ടിയും മുന്നണിയും ഉലഞ്ഞുപോവുകയാണ്.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് സ്വാശ്രയമാനെജ്മെന്റ് ഉടമകളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ജിഷ്ണു എന്ന എഞ്ജിനീയറിംഗ് കോളേജ്  വിദ്യാര്‍ഥിയുടെ അമ്മയും സഹോദരിയും നടത്തുന്ന സഹന സമരത്തോട് പോലീസ് എടുത്ത ഹിംസാത്മകമായ സമീപനമാണ്. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയാണ് പോലീസ് പെരുമാറിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്നെ പോലീസ് മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു എന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആവര്‍ത്തിച്ചു പറയുന്നു. അവരെ ചികിത്സിക്കുന്ന ഡോക്ടറും ഇത് ശരി വയ്ക്കുന്ന അനുമാനത്തിലാണ് എത്തിച്ചേര്‍ന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. ജിഷ്ണുവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു എന്ന് പോലീസും മുഖ്യമന്ത്രിയും അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ പോലും-അതങ്ങനെയല്ല എന്ന് ആ കുടുംബം ആവര്‍ത്തിക്കുന്നുണ്ട്, എങ്കിലും വാദത്തിനു വേണ്ടി ഇത് സമ്മതിച്ചാല്‍ പോലും – അവരോടു പോലീസ് എടുത്ത നിലപാട് പൊതുസമൂഹത്തിനും അതിന്റെ ജനാധിപത്യ ബോധത്തിനും പൊരുത്തപ്പെടാന്‍ കഴിയുന്നതായിരുന്നില്ല.

കുടുംബാഗങ്ങൾ മര്‍ദ്ദിക്കപ്പെട്ടു എന്നതിലുപരി അവരോടൊപ്പം പോയ ചില പൊതുപ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു എന്നുള്ളത് അടിയന്തിരാവസ്ഥക്കു സമാനമായ ഒരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ പോലീസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ കഴിയുന്നതിനു ഉദാഹരണമാണ്.

ഷാജിര്‍ഖാനെയും ഷാജഹാനെയും  അറസ്റ്റു ചെയ്തത് മനസ്സിലാക്കാന്‍ എളുപ്പമുള്ള കാര്യമാണ്. ഷാജിർഖാനെ എനിക്ക് തൊണ്ണൂറുകള്‍ മുതല്‍ അറിയാം.ഞാന്‍ തിരുവനന്തപുരത്ത് ഐ എം ജി യില്‍ ജോലി ചെയ്യുന്ന കാലത്ത് കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ സമഗ്രമായ ഉയര്‍ത്തുന്ന നിരവധി ഇടപെടലുകള്‍ നടത്തിയിരുന്ന ജനകീയ വിദ്യാഭ്യാസ സമിതിയുടെ – സംഘടനയുടെ പേര് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല- പ്രതിനിധിയായി എന്നെ നിരന്തരം കാണാന്‍ വന്നിരുന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഷാജിര്‍ഖാനും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഈ മേഖലയിലെ പ്രശ്നങ്ങള്‍ തുറന്നു കാട്ടുന്ന നിരവധി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും  ചെയുകയും ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നതിന് ഷാജിർഖാനും എസ് യു സി ഐയിലെ അദ്ദേഹത്തിന്റെ സഖാക്കളും മുന്‍കൈ എടുത്തിട്ടുണ്ട്. സ്വാശ്രയ വിദ്യഭ്യാസവുമായി തന്റെ പാര്‍ട്ടി നടത്തിയ ഒത്തുതീര്‍പ്പുകളുടെ രക്തസാക്ഷിയായി ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ദുരഭിമാനിയായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും ഷാജിര്‍ഖാനെ പോലെ പോരാളിയായ ഒരു പൊതുപ്രവര്‍ത്തകനെ ഭയപ്പെടുകയും അദ്ദേഹത്തെ ബാഹ്യശക്തിയായും നുഴഞ്ഞുകയറ്റക്കാരനയും മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിലെ രാഷ്ട്രീയം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ദുരധികാരത്തിന്റെ കേവലമായ വ്യാമോഹമാണ് ഷാജിർഖാനെ ജയിലില്‍ അടച്ചു നിശബ്ദനാക്കാം എന്നത്. അത്തരം ആത്മാര്‍ത്ഥതയും സമര സന്നദ്ധതയും രാഷ്ട്രീയ ബോധാവുമുള്ളവരെ പിണറായി വിജയന്‍റെ പോലീസിനു അടക്കി നിര്‍ത്താന്‍ സാധിക്കും എന്നത് അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ ദേവേന്ദ്രനായിരിക്കുന്നു എന്നതിന്റെ  മാത്രം ഉദാഹരണമാണ്.

ഷാജഹാന്റെ രാഷ്ട്രീയത്തോട് ഒരുകാലത്തും യോജിച്ചിട്ടുള്ള ആളല്ല ഞാന്‍. സി ഡി എസ്സില്‍ ഞാന്‍ വിദ്യാര്‍ഥി ആയിരിക്കുന്ന കാലത്തു രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നിട്ടുള്ളത് തോമസ്‌ ഐസക്ക്- കെ എന്‍ ഹരിലാല്‍- കെ എംഷാജഹാന്‍ അച്ചുതണ്ടിനെ ആണ്. അന്നും ഇന്നും ഇവരൊരു പ്രബല ബൌദ്ധികപ്രതിയോഗികള്‍ ആയി അനുഭവപ്പെട്ടിട്ടില്ല. പിന്നീട് സി പി എമ്മില്‍ ഉണ്ടായ ചേരിതിരിവുകള്‍ ഇവരെ വിരുദ്ധ ചേരികളില്‍ ആക്കുകയും ഇവര്‍ അന്യോന്യം പൊരുതുകയും നിലനില്‍പ്പിനായി കൈകാലിട്ടടിക്കുകയും ചെയ്യുന്നത് ഒരു കൌതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടേയുള്ളൂ. എതിര്‍പ്പ് തോന്നുന്നവരെ എല്ലാം ഇപ്പോള്‍ ഉത്തരാധുനികര്‍ എന്ന് വിളിക്കുന്ന വിഡ്ഢിത്തം പോലെ ഒരു കാലത്ത് സിപിഎം ചെയ്തിരുന്നത് എതിരാളികളെ ഒക്കെ സി ഐ എചാരന്മാര്‍ എന്ന് വിളിക്കുകയായിരുന്നു. എം ഗോവിന്ദന്‍ പോലും ആ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ചരിത്രത്തിന്റെ ഒരു പ്രതികാരം പോലെ സി പി എം കാര്‍ പരസ്പരം സി ഐ എ ചാരന്മാര്‍ ആണെന്ന് ആക്ഷേപിക്കുന്ന ഒരു കാലത്തിനു നാം സാക്ഷ്യം വഹിച്ചു. ഇവരാരും വ്യക്തിപരമായി എന്റെ ശത്രുക്കളല്ല. സുഹൃത്തുക്കള്‍ ആണു താനും. അതുകൊണ്ട് തന്നെ ഇവര്‍ വിരുദ്ധ ചേരികളില്‍ ആയി നടത്തിയ ആ വിഭാഗീയ യുദ്ധം അക്കാലത്തു അവരനുഭവിച്ച അരക്ഷിതത്വങ്ങളുടെയും ഭീതികളുടെയും മാനസികാവസ്ഥയെ പൂര്‍ണ്ണമായും വിസ്മരിച്ചുകൊണ്ട് എനിക്ക് വിലയിരുത്താന്‍ ആവില്ല. പിന്നീടുണ്ടായ ഒത്തു തീര്‍പ്പുകളില്‍ ബലിയാടായ ആളാണ് ഷാജഹാന്‍. അദ്ദേഹം സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിമര്‍ശകനായി തുടര്‍ന്നു എന്നത് പിണറായി വിജയനെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തോട് പക തോന്നാന്‍ ഉള്ള കാരണമായിരിക്കാം. അതിനപ്പുറം യാതൊരു സാഹചര്യവും ഷാജഹാനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്നതില്‍ ഇല്ല. കേവലം ദുരഭിമാനിയായ ഒരു ഭരണാധികാരിയുടെ അത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഷാജഹാന്‍ ജയിലറയില്‍ കിടക്കുന്നത്. പോലീസ്സ്റ്റേഷനില്‍ ന്യായമായ ഒരു കാര്യത്തിനു പോലും പൊതുപ്രവര്‍ത്തകരെ കൂട്ടാതെ പോകാന്‍ ആളുകള്‍ മടിക്കുന്ന കേരളത്തില്‍ ഡിജിപിയെ കാണാന്‍ പോയ ഒരു കുടുംബത്തിനൊപ്പം മുഖ്യമന്ത്രിയുടെ ഒരു വിമര്‍ശകന്‍ പോയി എന്നത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അയാളെ ജയിലില്‍ അടക്കാവുന്ന കുറ്റകൃത്യമാണ് എന്ന് വരുന്നത് നേറിവുകേട്‌ കാട്ടുന്നതിന് അതിരുകള്‍ ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ അതിക്രമമായി മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ.

എന്നാല്‍ അതിനപ്പുറം വഴിയില്‍ കണ്ട ഹിമവല്‍ ഭദ്രാനന്ദ എന്നൊരാളെ അയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാം എന്നുള്ളത് കൊണ്ട് ഈ കേസുമായി അയാളെ ബന്ധപ്പെടുത്താന്‍ ചതിവില്‍ പിടിച്ചു പ്രശ്നത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്ന നീചബുദ്ധി പോലീസ് കാണിച്ചു എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു.

ഷാജിർഖാനെ സംബന്ധിച്ചിടത്തോളം പിണറായി വിജയന്‍റെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയുന്നത് ഒരു അഭിമാനമാണ്. ഇതുപോലൊരു സര്‍ക്കാരിനു സ്വാശ്രയമേഖലയിലെ അഴിമതികള്‍ക്കെതിരെ രണ്ടര പതിറ്റാണ്ടായി പൊരുതുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് കൊടുക്കാവുന്ന ബഹുമതിയാണ് ഈ അറസ്റ്റും തടവും. ഷാജഹാന്റെ കാര്യത്തിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തേജനം നേടുകയും മാത്രമേ ഇതില്‍ നിന്ന് ഉണ്ടാവുകയുള്ളൂ എന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ ഹിമവല്‍ ഭദ്രാനന്ദയുമായി ബന്ധപെട്ട ആരോപണം ശരിയാണെങ്കില്‍, കാര്യങ്ങളുടെ പോക്ക് വലിയ അപകടത്തിലേക്കാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണ രീതികളെ കുറിച്ച് വ്യാകുലപ്പെടുന്ന കാലത്ത് ഇത്തരം തികഞ്ഞ ഫാസിസ്റ്റ് നടപടികള്‍ കേരളത്തില്‍ ഉണ്ടാവുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മഹിജയുടെയും കുടുംബത്തിന്‍റെയും കാര്യത്തില്‍ സംഭവിച്ചത് തികച്ചും അനാശാസ്യമായ ഭരണകൂട ഇടപെടലാണ്. അതിന്റെ മാതൃക നമുക്ക് സുപരിചിതമാണ്. ഭരണകൂടം അതിന്റെ ഇരകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കും. ഒപ്പം നില്‍ക്കുന്നവരെ ‘ബാഹ്യ ശക്തികള്‍’ ആക്കും. അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരുടെ ജാതകവും ജനിതകവും തിരയും. നിശബ്ദരാക്കാന്‍ നോക്കും. ഇടപെടലുകളെ എല്ലാ നികൃഷ്ട ഭരണാധികാരികള്‍ക്കും വെറുപ്പാണ്. പേടിയാണ്.

ഭരണകൂടത്തിന്റെ ഒപ്പം പോലീസും പട്ടാളവും കൂടാതെ പാര്‍ട്ടി കേഡറുകളും കൂടി ചേര്‍ന്ന് വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കുന്നത് ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണു. പോലീസിനേക്കാള്‍ അത്തരം ഭരണകൂടങ്ങള്‍ക്കാവശ്യം നൈതികത തീണ്ടാത്ത സ്വന്തം അടിമ സൈന്യത്തെ ആണ്. അവരില്ലെങ്കില്‍ അധികാര ഭീകരതയുടെ നൈരന്തര്യത്തെ അവഗണിച്ചു, അതിന്റെ ഗുണഫലങ്ങള്‍ മാത്രം പറ്റി, തിന്മകള്‍ പാര്‍ട്ടി സ്വയം അനുഭവിച്ചു കൊള്ളാന്‍ പറയുന്ന, ഇടക്കിടക്ക് മാത്രം നൈതികത തിളച്ചു പൊന്തുന്ന, പാര്‍ട്ടി വൈതാളികന്മാര്‍ക്കും ഗതി ഉണ്ടാവില്ല എന്നതാണു യാഥാര്‍ത്ഥ്യം.

ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു ഗീബല്‍സിയന്‍ രീതിയിലൂടെ പ്രോപ്പഗാണ്ട സംഘടിപ്പിക്കാനുള്ള ശ്രമവും ഉണ്ടായിരിക്കുന്നു. സാധാരണ ഗതിയില്‍ സ്വകാര്യ മുതലാളിമാര്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലാളി സമരങ്ങളെ നേരിടാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സമരത്തിനെതിരെയുള്ള പത്രപരസ്യം. തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ മുദ്രാവാക്യങ്ങളെ നിരാകരിക്കാനും തങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ കിരാതമായ മര്‍ദ്ദനങ്ങളെ മറച്ചുവക്കാനും ഒക്കെയാണ് അവര്‍ അത്തരം പരസ്യങ്ങള്‍ ഉപയോഗിക്കുക. കേരളത്തിലെ ആ ലുംപന്‍ മുതലാളിമാരുടെ തലത്തിലേക്ക് ഈ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണ്. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ആ പരസ്യത്തില്‍ ഉള്ളതെന്ന് മഹിജയും കുടുംബാങ്ങളും ആവര്‍ത്തിക്കുകയാണ്.

അപ്പുറത്ത് സ്വന്തം ആവശ്യങ്ങളുടെ ധാര്‍മ്മിക ശക്തിയില്‍ വിശ്വാസമുള്ള ഒരു പത്താം ക്ലാസ്സുകാരി പൊതുജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാരിന്റെയും പോലീസിന്‍റെയും കാപട്യങ്ങള്‍ക്കെതിരെ നിരാഹാര സമരത്തിലാണ്. ദുർബ്ബലരാണ് പൊരുതുന്നത്. ഈ സമരം ഏറ്റെടുക്കാന്‍ മുഖ്യധാര പ്രതിപക്ഷം ഇനിയും തയാറായിട്ടില്ല. പക്ഷെ സമര വീര്യം കുറയുന്നില്ല. ആയിരക്കണക്കിന് അണികളുടെയും പോലീസിന്‍റെയും സംരക്ഷണത്തില്‍ വലിയ വെല്ലുവിളികള്‍ നടത്തുന്ന മുഖ്യമന്ത്രി തന്റെ സഹനനിര്‍ഭരമായ ഏതോ ഭൂതകാലത്തെ കുറിച്ച് എപ്പോഴും ഊറ്റം കൊള്ളാറുണ്ട്‌. അത്തരം ഒരു ഭൂതകാലം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഈ കുട്ടിയുടെയും അമ്മയുടെയും സമരത്തില്‍ അതിന്റെ പ്രതിഫലനം കാണാന്‍ മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത് അദ്ദേഹം അകപ്പെട്ടിരിക്കുന്ന അധികാരഭ്രാന്തിന്റെയും ദുരഭിമാനബോധത്തിന്റെയും ആഴങ്ങള്‍ എത്ര അഗാധമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

Comments

comments