എകെജി സെന്ററിൽ കടന്നുകയറി സംഘപരിവാറിനാൽ ആക്രമിക്കപ്പെട്ടത് സീതാറാം യെച്ചൂരിെന്ന വ്യക്തിയല്ല. ഇന്ത്യൻ ജനാധിപത്യമാണ്. ശരീരം മാധ്യമമാക്കിയുള്ള രാഷ്ട്രീയ വ്യവഹാരമാണ് തങ്ങളുടെ മാർഗ്ഗമെന്ന് ഇന്ത്യൻ ഫാസിസ്റ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്. ബാബ്റി മസ്ജിദിന്റെ ശരീരം, പശുവിന്റെ ശരീരം , ഇപ്പോൾ സീതാറാം യെച്ചൂരിയിലൂടെ ജനാധിപത്യത്തിന്റെ ശരീരം. തകർക്കാനും മലിനമാക്കപ്പെടാനും വിശുദ്ധവല്ക്കരിക്കാനും ശരീരങ്ങൾ ആവശ്യമുണ്ട് എന്നതാണ് ഇന്ത്യൻ ഫാസിസത്തിന്റെ പരസ്യപ്പലകയിൽ തിളങ്ങുന്ന അക്ഷരങ്ങൾ കൊണ്ട് എഴുതി വെച്ചിരിക്കുന്നത്.
ജനാധിപത്യത്തിൽ പരസ്പര ബഹുമാനത്തിന്റേതായ ചില സ്ഥലമാനങ്ങൾ ഉണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട മാനങ്ങൾ കൂടി അതിലുണ്ട്. ഭവനം, പാർട്ടി കാര്യാലയം തുടങ്ങിയവ ഈ സ്ഥലമാനങ്ങളിൽ പെടുന്നവയാണ്. ഒരു ഭവനത്തിലേക്ക് ഉടമസ്ഥയുടെ / ഉടമസ്ഥന്റെ/ ചുമതലക്കാരുടെ അനുവാദം വാങ്ങിയ ശേഷമേ നാം പ്രവേശിക്കാ റുള്ളൂ. മറിച്ചുള്ള പ്രവേശനം എന്നത് സൈനിക നടപടിയാണ്. സ്വയം സൈന്യമായി കല്പിച്ച് മറ്റുള്ളവരുടെ സ്വകാര്യതയോ, അധികാരമോ കവർന്നെടുത്ത് രാജ്യത്തിനുള്ളിൽ പെരുമാറുന്നതാണ് ഫാസിസം . അത് കൊണ്ട് ഏ.കെ.ജി ഭവനം എന്ന സി.പി.എമ്മിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട ഇടത്ത് ഇരച്ചുകയറുക, അവരുടെ ജനറൽ സെക്രട്ടറിയെ ആക്രമിക്കുക എന്നത് സൈനിക നടപടിയാണ്. ജനാധിപത്യ നടപടിക്ക് കടക വിരുദ്ധം.
ഈ സൈനിക നടപടിയാണ് മുഹമ്മദ് അഖ്ലാക്കിനെ ഇല്ലാതാക്കിയത്. ക്യാംപസുകളെ കലക്കിയത്. ഉനയിലും ഷഹ്റൻ പൂരിലും ദളിതർക്ക് നേരെ നടത്തിയത്. പെരുമാൾ മുരുകന്റെ നാവ് താത്ക്കാലികമായെങ്കിലും അരിഞ്ഞത് – അതിനാൽ ഫാസിസത്തിന്റെ സൈനികവത്ക്കരണത്തിനെതിരെ ഐക്യമുന്നണി എന്ന ആശയം പ്രാവർത്തികമാകേണ്ട ഒരു മുഹൂർത്തം കൂടിയാണിത് .
ഒപ്പം, ഈ സന്ദർഭത്തിൽ ഒരു തമാശ അനുവദനീയമാണെങ്കിൽ, ഇന്ത്യൻ ഫാസിസത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രശ്നം ഇത് വരെ പരിഹരിക്കാൻ പറ്റാത്ത സി പി എം നേതാക്കൾക്കും അത് പരിഹരിക്കാനുള്ള മുഹൂർത്തം കൂടിയാണ് ഇത്.
—–
സംഘപരിവാർ: ഫാസിസത്തിന്റെ ഭീഷണസ്വരം
Be the first to write a comment.