ജോസഫ് പുലിക്കുന്നേല്‍ ഓര്‍മ്മയായി. അദ്ദേഹം നമുക്കിടയില്‍ ജീവിച്ചിരുന്നത് സവിശേഷമായ ഒരു ജീവിത ദൌത്യവുമായിട്ടായിരുന്നു. അതില്‍ അദ്ദേഹം എത്തിപ്പെട്ടത് യാദൃശ്ച്കമായിട്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കത്തോലിക്കാ സഭയുമായി യൌവ്വനകാലത്ത് ഏറ്റുമുട്ടേണ്ടി വന്ന അദ്ദേഹം പക്ഷെ തന്റെ എതിര്‍പ്പുകള്‍ വലിയൊരു മത പ്രതിപക്ഷതയായി വളര്‍ത്തിയെടുത്തു. ഒരു വലിയ പ്രസ്ഥാനത്തെ അതിന്റെ തന്നെ ആശയധാര കൊണ്ട് നേരിടുക എന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. മത നിരാസമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം. തന്റെ മതവുമായി തനുക്കുണ്ടായ സംഘര്‍ഷത്തെ അമൂര്‍ത്തവല്‍ക്കരിക്കാനും അതിന്റെ പൊതുവായ മാനങ്ങളും മാനകങ്ങളും കണ്ടെത്താനും അദ്ദേഹം തുനിഞ്ഞിറങ്ങി. അതോടെ അതുവരെ കേരള മതചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധം ഒരു മതവിശ്വാസിയും അദ്ദേഹത്തിന്റെ മതവും ദൈവശാസ്ത്രത്തിന്റെ വഴികളില്‍ ആശയപരമായി ഏറ്റുമുട്ടുവാന്‍ തുടങ്ങി.
വളരെ കുറച്ചു തവണകളെ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അവസരം ഉണ്ടായിട്ടുള്ളൂ. അതിനിടയില്‍ ഒരിക്കല്‍ അദ്ദേഹം കയ്യോപ്പിട്ടു തന്റെ ബൈബിള്‍ വിവര്‍ത്തനത്തിന്റെ കോപ്പി എനിക്ക് സ്നേഹപൂര്‍വ്വം നല്‍കുകയും ചെയ്തു. അതെക്കുറിച്ച് അന്നദ്ദേഹം വിശദമായി സംസാരിച്ചു. “ഇരുട്ട് ആഴത്തിന് മീതെ പരന്നിരുന്നു” എന്ന ആദ്യ ഖണ്ഡികയിലെ തര്‍ജ്ജമ മുതല്‍ അവസാനത്തെ താള്‍ വരെ അദ്ദേഹത്തിന്റെ ബൈബിള്‍ വിവര്‍ത്തനം സംഗീതാത്മകവും കാവ്യാത്മകവും ആയി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത് അദ്ദേഹത്തോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുമുണ്ട്. ഞാന്‍ കേരളം വിട്ടു പ്രവാസിയായി പോയതിനു ശേഷം അദ്ദേഹവുമായുള്ള പരിമിതമായ ബന്ധവും അറ്റ് പോയി. തിരിച്ചു വന്നതിനു ശേഷം ആ ബന്ധം എനിക്ക് പുതുക്കാനും അവസരം ഉണ്ടായില്ല. അദ്ദേഹത്തിന്റെ സഭാ വിമര്‍ശനം അദ്ദേഹത്തെ ഹിന്ദുത്വ വാദികള്‍ക്ക് പ്രിയങ്കരനാക്കുന്നുണ്ടോ എന്ന സന്ദേഹം വിനയപൂര്‍വ്വം നേരിട്ടും അല്‍പ്പം കടുത്ത ഭാഷയില്‍ എന്റെ ചില കുറിപ്പുകളിലും ഞാന്‍ പങ്കുവച്ചിട്ടുണ്ട്. അതിനദ്ദേഹം മറുപടിയും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം ഒരിക്കലും നേര്‍വഴി മാത്രമുള്ള മേഖലയല്ല. സങ്കീര്‍ണ്ണമാണ് അതിന്റെ ഉള്‍വഴികള്‍. അതിലൂടെ നടക്കുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ യാത്രകള്‍ക്ക് ഒട്ടേറെ പരിമിതികളും സാധ്യതകളും ഉണ്ടായിരുന്നു. എന്റെ കാഴ്ച്ചയുടെ ഇത്തിരി വട്ടം ചിലപ്പോള്‍ അത് മുഴുവന്‍ കാണുവാന്‍ പോരാതെ വന്നേക്കാം എന്ന് എനിക്കറിയാം.
കേള്‍ക്കുമ്പോള്‍ സുഖം തോന്നാമെങ്കിലും ആചാരബദ്ധമായ ഒരു മതത്തില്‍ വിശ്വസിക്കുകയും അതിന്റെ ആചാരങ്ങളില്‍ ചിലതിനെ നിഷേധിക്കുകയും ചെയ്യുന്ന വ്യക്തികള്‍ അപകടകരമായ ഒരു മേഖലയിലാണ് ജീവിക്കുക എന്നത് മറക്കാന്‍ പാടില്ലാത്തതാണ്. ആ അപകടകരമായ ജീവിതമായിരുന്നു പുലിക്കുന്നിലിന്റെത്. അദ്ദേഹം മതത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ മതത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ആയിരുന്നുവോ എന്നത് വേറിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. പക്ഷെ കത്തോലിക്കാ സഭയുടെ ഘടനയുമായി ബന്ധപ്പെട്ട അധികാര വ്യവസ്ഥയുടെയും സാമ്പത്തിക സംവിധാനത്തിന്‍റെയും ഏകപക്ഷീയമായ ഊന്നലുകളെ അദ്ദേഹം വിമര്‍ശിച്ചു. അതിന്റെ ലെജിറ്റിമസി തന്നെ ചോദ്യം ചെയ്യപ്പെടെണ്ടതാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ഇതില്‍ പുറമേ ഉള്ളവര്‍ക്ക് പക്ഷം ചേരേണ്ട കാര്യമില്ല എന്നതിനാലാവാം അദ്ദേഹം കൂടുതലും സംസാരിക്കാന്‍ ശ്രമിച്ചത് കത്തോലിക്ക വിശ്വാസികളോടായിരുന്നു. തന്‍റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ പ്രതിബദ്ധത അവരോടാണ് എന്നദ്ദേഹം ദൃഢമായി തന്നെ കരുതിയിരുന്നു എന്നാണ് എനിക്ക് തോന്നിയിയിട്ടുള്ളത്.
ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സത്യവേദ പുസ്തകം കേരളത്തില്‍ ഏറെ പ്രചാരമുള്ള ബൈബിള്‍ വിവര്‍ത്തനം ആണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഹോളണ്ടിലെ ബൈബിള്‍ ഇന്‍ എവെരി ഹോം സൊസൈറ്റി യുമായി ചേര്‍ന്ന് പുതിയ ബൈബിള്‍ വിവര്‍ത്തനം പുറത്തിറക്കിയപ്പോള്‍ കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണം അനുസരിച്ച് അപോക്രീഫാ – ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍- പഴയ നിയമത്തിന്റെ ഭാഗമായി അദ്ദേഹം വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരുന്നു. എങ്കിലും ലുതറിന്റെ രീതി പിന്‍തുടര്‍ന്ന് പഴയ നിയമത്തിനു ശേഷം രണ്ടാംഭാഗമായാണ് അദ്ദേഹം അത് ചേര്‍ത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹീബ്രൂ മൂലത്തില്‍ ഇല്ലാത്തതിനെ മറ്റു സഭകള്‍ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട് ആമുഖത്തില്‍. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര സങ്കല്‍പ്പങ്ങളെ പിന്തുണക്കുകയും അതിന്റെ സംഘടനാരൂപത്തെ വിമര്‍ശിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്.
ലക്ഷക്കണക്കിന് കോപ്പികളാണ് ഇതിനകം അദ്ദേഹത്തിന്റെ ബൈബിള്‍ വിവര്‍ത്തനം വിറ്റുപോയിട്ടുള്ളത്. സഭയുടെ ആജ്ഞകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്ന ഒരു ജനവിഭാഗത്തിനിടയില്‍ അവരുടെ നിശിതമായ വിമര്‍ശനത്തിനും വിലക്കുകള്‍ക്കും വിദ്വേഷത്തിനും പാത്രമായി ജീവിക്കുമ്പോള്‍ പോലും ദൈവത്തിന്റെ ഏതോ പ്രേഷിതവൃത്തിയില്‍ തന്നെയാണ് താന്‍ എന്ന് അവരോടു തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സംവദിച്ചുകൊണ്ടാണ് അദ്ദേഹം അവസാന നിമിഷം വരെ പൊരുതി നിന്നത്. ഓശാന എന്ന പ്രസിദ്ധീകരണ സംരംഭം ക്രിസ്തുമത വിശ്വാസികളില്‍ ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു. വിശ്വാസികള്‍ക്കോ സഭക്കോ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആവാത്ത എതോക്കയോ ദൈവശാസ്ത്ര സംഹിതകള്‍ അദ്ദേഹം മുറുകെ പിടിച്ചുകൊണ്ടിരുന്നു.
കേരളീയ ധൈഷണിക ജീവിത്തിന്റെ മുഖ്യധാരയില്‍ സ്ഥാനം ലഭിക്കേണ്ട ഇടപെടലുകള്‍ നടത്താന്‍ കെല്‍പ്പുള്ള ബുദ്ധിജീവതമായിരുന്നു അദ്ദേഹത്തിന്‍റേത്. എന്നാല്‍ മതത്തിനുള്ളിലെ കയ്പ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും സഭാ വിമര്‍ശനത്തിന്റെ മേഖലയിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. കൊണ്ഗ്രസ്സില്‍ നേതാവായി ഉയര്‍ന്നു വന്നിരുന്ന അദ്ദേഹം കേരള കോണ്ഗ്രസ്സിന്റെ സ്ഥാപക നേതാവ് കൂടിയായിരുന്നു. മാത്രമല്ല, കേരള കോണ്ഗ്രസ്സിന്റെ ചരിത്രത്തെ കുറിച്ച് ഏറ്റവും ആധികാരികമായ ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണ് പുലിക്കുന്നേല്‍ (കേരളാകോണ്‍ഗ്രസ്സിന്റെ സ്ഥാപനചരിത്രം, ഡി.സി. ബുക്ക്‌സ്, 2004). കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് അദേഹത്തിന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രൈവറ്റ് കോളേജ് അദ്ധ്യാപകന്റെ സ്‌മരണകൾ (ആത്‌മകഥ), കേരള ക്രൈസ്‌തവ ചരിത്രംഃ ചില വിയോജനക്കുറിപ്പുകൾ തുടങ്ങി പല ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെയും രചയിതാവു കൂടിയാണ്.
തന്നെ കാലത്തിനു വിലയിരുത്താന്‍ ദീര്‍ഘകാലത്തെ കേരള ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത സഭാവിരുദ്ധ കത്തോലിക്കാ പ്രതിപക്ഷ പ്രേഷിത പ്രവര്‍ത്തനവും ഓശാന മാസികയുടെ ആശയ സമൃദ്ധമായ ലക്കങ്ങളും ബൈബിള്‍ വിവര്ത്തനവും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും ഇവിടെ നമുക്ക് മുന്നില്‍ വിട്ടുതന്നിട്ടാണ് ജോസഫ് പുലിക്കുന്നേല്‍ മരണത്തിന്റെ മറവിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നത്. അതുകൊണ്ട് തന്നെ വരുംകാലങ്ങളില്‍ അദ്ദേഹത്തിന്റെ നിശിതമായ നിലപാടുകളും നിയമ യുദ്ധങ്ങളും ദൈവശാസ്ത്ര നിരീക്ഷണങ്ങളും ഒക്കെ വീണ്ടും വീണ്ടും വായിക്കപ്പെടുകയും ഒരുപാട് പുതിയ അര്‍ഥങ്ങള്‍ രൂപപ്പെടുകയും ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലച്ചു പോയ ആശയങ്ങളുടെ കാവല്‍ക്കാരന്‍ ആയിരുന്നില്ല പുലിക്കുന്നേല്‍. സഭ തന്നെ വീണ്ടും സന്ദര്‍ശിക്കാന്‍ ഇടയുള്ള നിരവധി വിശ്വാസപ്രമാണങ്ങള്‍ അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ട്. അവയെല്ലാം നമ്മുടെ മത ചരിത്രത്തിന്‍റെയും സാമൂഹിക ചരിത്രത്തിന്‍റെയും സുപ്രധാന ഭാഗങ്ങള്‍ കൂടിയാണ് എന്നത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നവമലയാളിയുടെ ആദരാജ്ഞലികള്‍.
ടി ടി ശ്രീകുമാര്‍
എഡിറ്റര്‍
നവമലയാളി.
Be the first to write a comment.