2009– ഫെബ്രുവരിയിലെ ഒരു മുൻനിര മലയാള ദിനപത്രത്തിന്റെ ഒരു ലക്കത്തിൽ ‘നദികൾ പവിത്രീകരിക്കപ്പെടുന്നു‘ എന്ന തലക്കെട്ടോടുകൂടി ഒരു വലിയ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രത്യേക ലേഖകനെഴുതിയ വാർത്ത ആരംഭിക്കുന്നതുതന്നെ അതിഭാവുകത്വം കലർന്നതും അതികാല്പനികവുമായ ഈ വരികളിലൂടെയാണ്:
”ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു താഴെ പമ്പാനദിയിലെ സത്രം കടവിൽ റിപ്പബ്ലിക് ദിനത്തിൽ (26, ജനുവരി 2009) രാവിലെ പത്തരമണിക്ക് സ്വാമി സന്ദീപ് ചൈതന്യ, ആകാശത്ത് കത്തിജ്വലിച്ചു നില്ക്കുന്ന സൂര്യദേവനെ സാക്ഷിനിർത്തി, അഭിനവഭഗീരഥന്മാരായ സ്‌കൂൾകുട്ടികൾക്ക് ഗംഗാജലം നിറച്ച കിണ്ടി നദീസമർപ്പണത്തിന് കൈമാറുന്ന ധന്യമൂഹൂർത്തത്തിൽ ഒരു ചരിത്രദൗത്യം പൂർത്തീകരിക്കപ്പെടുകയായിരുന്നു. സുദീർഘമായ ഒരു കർമ്മപരമ്പരയുടെ വിജയകരമായ പരിസമാപ്തി; ഒപ്പം ഒരു പുതുയുഗത്തിന്റെ പിറവി ”.
ചില എഴുത്തുകാർ പരിസ്ഥിതിയുടെ പേരിൽ നമ്മുടെ സാംസ്‌കാരിക ഭൂമികയിൽ ചൊരിഞ്ഞ അതികാല്പനികവും, മതത്തിന്റെ ചുവയുള്ളതുമായ വാക്കുകൾ ചിന്താശൂന്യമായി വിഴുങ്ങുന്ന മലയാളികളുടെ പ്രതിനിധിയാണ് ഈ ലേഖകൻ. ഏറ്റവും ഗൗരവമുള്ള ജീവൽപ്രശ്‌നമായ പരിസ്ഥിതിനാശത്തെ മതാത്മകമായ ആത്മീയതയിലേക്ക് വെട്ടിച്ചുരുക്കുന്ന വിഡ്ഢിത്തം. ഈ കാല്പനികതയിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ്-വർഗ്ഗീയ അപകടങ്ങൾ ഭീകരമാണ്. ആ വാർത്തയിലെ കുറെ വരികൾ കൂടി ഉദാഹരിക്കുമ്പോൾ ഇത് വ്യക്തമാകും.
ഗംഗാനദി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് ഭഗീരഥനിലൂടെയാണെന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നു. ഭാരതീയ ആചാര്യന്മാർ പ്രകൃതിയെക്കുറിച്ചു പഠിപ്പിക്കുന്നത് ഈശ്വരനിലൂടെയാണെന്നും, പ്രകൃതി സംരക്ഷണം മതസംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വാർത്തയിലുടനീളം ധ്വനിപ്പിക്കുന്നു. നദികൾ മലിനമാകുന്നതിന്റെ പ്രധാനകാരണമായി ലേഖകൻ കണ്ടെത്തുന്നത് അറവുശാലയിലെ മാലിന്യങ്ങളാണ്. അറവുശാലകൾ നടത്തുന്നത് ഏത് മതക്കാരാണെന്ന് ഓർക്കുമ്പോൾ ഈ പ്രസ്താവനയിലെ ഫാസിസ്റ്റ് അപകടം തിരിച്ചറിയാനാകും. നമ്മുടെ നദികളെ വിഷലിപ്തമാക്കുന്ന വ്യവസായമാലിന്യങ്ങളെക്കുറിച്ച് ലേഖകൻ ഒരു വാക്കുപോലും പറയുന്നില്ല. സന്ദീപ് ചൈതന്യയും കൂട്ടുകാരും ഹരിദ്വാറിൽ പോയി ശേഖരിച്ചുകൊണ്ടുവന്ന ഗംഗാജലം കേരളത്തിലെ നാല്പ്പത്തിനാലു നദികളിലും കുറെ അഭിനവഭഗീരഥന്മാർ ചൊരിയുമ്പോൾ നമ്മുടെ നദികളൊക്കെ പവിത്രീകരിക്കപ്പെടുമത്രേ! പവിത്രീകരണം എന്ന വാക്കുതന്നെ അപകടം പിടിച്ചതാണ്. കേരളത്തിലാകമാനം പടർന്നുകഴിഞ്ഞിരിക്കുന്ന ബാലഗോകുലങ്ങളിലൂടെയും ഇതര സാംസ്‌കാരിക വിഷസ്രോതസ്സുകളിലൂടെയും കടത്തിവിടുന്ന മാരകമായ ഈ വിഷം, ഇതര മതസ്ഥരുടെ സമാനമായ സംഘടനകളിലേക്കും പകർന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷസഹയാത്രികരായ ചില പരിസ്ഥിതി പ്രവർത്തകർ പോലും മതമൗലികവാദികളുടെ വേദികളിൽ ചെന്നെത്തുന്നത് അപകടത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു. ഈ അപകടത്തിനു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്.
മോണിസം: ഹേക്കലിന്റെ മതം
ജർമ്മൻ ജന്തുശാസ്ത്രജ്ഞനായിരുന്ന ഏണസ്റ്റ് ഹേക്കലാണ് 1866ൽ ‘ഇക്കോളജി’ എന്ന വാക്ക് ഉപയോഗിച്ചതും പരിസ്ഥിതിശാസ്ത്രത്തെ നിർവ്വചിച്ചതും എന്ന് നമുക്കറിയാം. എന്നാൽ ഏറെ അറിയപ്പെടാത്ത വസ്തുത, ഹേക്കലിന്റെ രാഷ്ട്രീയദർശനമാണ്. ‘മോണിസം’ എന്നൊരു ദർശനം മുന്നോട്ടുവയ്ക്കുകയും ‘ജർമ്മൻ മോണിസ്റ്റുലീഗ്’ എന്നൊരു സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു ഹേക്കൽ. ജർമ്മൻ കാല്പനികതയുടെ പിന്തുടർച്ച എന്ന നിലയിലാണ് ഹേക്കലിന്റെ മോണിസം പിറന്നതെന്നത് ശ്രദ്ധേയമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ഇക്കോളജിയെ നിർവ്വചിച്ച് പതിനെട്ടു വർഷങ്ങൾക്കുശേഷം 1894-ലാണ് ഹേക്കൽ തന്റെ ദർശനമായ ‘മോണിസം’ (Monism) വിളംബരം ചെയ്യുന്ന കൃതി പ്രസിദ്ധീകരിച്ചത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ പ്രകൃതിയുടെ ഏകത്വത്തെക്കുറിച്ചുള്ള ഒരു ദർശനം ആവിഷ്‌കരിക്കുന്നതിലൂടെ ശാസ്ത്രവും മതവും തമ്മിലൊരു ബാന്ധവം സാദ്ധ്യമാക്കുക വഴി, അവ തമ്മിൽ നിലനിന്നിരുന്ന ദ്വൈതത്തെ മറി കടക്കുക; അഥവാ ആത്മാവിന്റെ മൂല്യാധിഷ്ഠിത ചോദനകളുടെയും ശാസ്ത്രീയ അറിവുകളുടെ യുക്തിയുക്തമായ ആവിഷ്‌കാരങ്ങളുടെയും ആവശ്യങ്ങളെ സമന്വയിപ്പിക്കുന്ന ഒരു ദർശനം.
മോണിസത്തിന്റെയും അതിന്റെ അനുബന്ധസങ്കല്പങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങൾ ഇവയാണ്:
- ജൈവവും അജൈവവുമായ എല്ലാ സത്തകളും ഒരേ കണികകൾ കൊണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവ രണ്ടിലും കുടികൊള്ളുന്നത് ഒരേ ചേതനയാണ്. അജൈവത്തിൽ നിന്ന് ശതകോടി വർഷങ്ങളിലൂടെ പരിണമിച്ചുണ്ടായതാണ് ജീവൻ. മനുഷ്യരും മൃഗങ്ങളും തമ്മിൽ നിർണ്ണായകമായ വ്യത്യാസമൊന്നുമില്ല.
- മനുഷ്യനും മൃഗങ്ങൾക്കും സമാനമായ മൂല്യങ്ങളും അവകാശങ്ങളും ബാധകമാണ്. അതിനാൽ മനുഷ്യകേന്ദ്രിതത്വം അപ്രസക്തമാണ്.
- എല്ലാ മൂല്യങ്ങളുടെയും ഉറവിടം പ്രകൃതിയാണ്. പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ മനുഷ്യസമൂഹം പുനഃസംഘടിപ്പിക്കപ്പെടണം. മത്സരവും, കഴിവുള്ളതിന്റെ നിലനില്പും പ്രകൃതിനിയമമാണ്.
- പ്രകൃതിനിയമമനുസരിച്ച് നിലനില്ക്കുന്ന ഒരു ‘ജൈവശൃംഖല’യിലെ ഏറ്റവുമൊടുവിലത്തെ കണ്ണിയാണ് മനുഷ്യൻ; അത്തരമൊരു ഏകത്വത്തിന്റെ ഒരംശം മാത്രം.
- യൂറോപ്യൻ ലിബറൽ ചിന്തയിലെ മനുഷ്യസ്വാതന്ത്ര്യം, യുക്തി, സ്വന്തം ഇച്ഛാശക്തികൊണ്ടും പ്രവൃത്തികൊണ്ടും മനുഷ്യനു ചരിത്രം തിരുത്തിയെഴുതാം തുടങ്ങിയ സങ്കല്പങ്ങൾക്കു സാധുതയില്ല.
- മനുഷ്യൻ സൃഷ്ടിക്കുന്ന ചരിത്രം എന്നൊന്നില്ല; പ്രകൃതിയാണ് ചരിത്രമെഴുതുന്നത്. ചരിത്രബോധത്തേക്കാൾ പ്രകൃതിബോധമാണ് പ്രധാനം. മറ്റൊരു കൃതിയിൽ ഹേക്കൽ ഇങ്ങനെ എഴുതി: ” മനുഷ്യ സംസ്‌കാരത്തെയും ജീവിതത്തെയും നിയന്ത്രിക്കുന്നത് പ്രകൃതിയിലും ഇതര ജൈവസത്തകൾക്കും ബാധകമായ അതേ നിയമങ്ങൾ തന്നെയാണ്.”
- സാമൂഹ്യശാസ്ത്രം വ്യർത്ഥമാണ്, പ്രകൃതിശാസ്ത്രം മാത്രമാണ് സത്യം.
- മനുഷ്യന്റെ മേന്മ നിശ്ചയിക്കുന്നത് അവന്റെ ശാരീരിക പ്രത്യേകതകളാണ്-അതായത് അവന്റെ ബയോളജി. ആര്യന്മാരാണ്-പ്രത്യേകിച്ച് ജർമ്മൻകാർ-ഏറ്റവും പരിണാമം വന്ന, പരിപൂർണ്ണരായ, ഏറ്റവും മേന്മയുള്ള വംശം.
- ജർമ്മൻ മണ്ണിന്റെ ശുദ്ധിയും ജർമ്മൻ രക്തത്തിന്റെ ശുദ്ധിയും വേർപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു (Blood & Soil സിദ്ധാന്തം).
ചുരുക്കത്തിൽ, ഡാർവ്വിന്റെ പരിണാമസിദ്ധാന്തത്തെ സാമൂഹ്യശാസ്ത്രത്തിലേക്കു കടത്തിക്കൊണ്ടുവന്ന് സൃഷ്ടിച്ച സാമൂഹ്യഡാർവ്വിനിസ്റ്റുസിദ്ധാന്തമായിരുന്നു മോണിസം. ബയോളജിയുടെയും പരിണാമസിദ്ധാന്തത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും സഹായത്തോടെ, വംശീയമേന്മയിലും വംശവിദ്വേഷത്തിലും അധിഷ്ഠിതമായി, ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന ഒരു പ്രതിലോമ രാഷ്ട്രീയസിദ്ധാന്തം മെനയുകയാണ് ഹേക്കൽ ചെയ്തത്. ഇതിലൂടെ ഇക്കോളജിയെയും വലതുപക്ഷ- ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ ഹേക്കൽ വ്യാഖ്യാനിച്ചു. വംശീയശുദ്ധി നിലനിർത്താനായി മോണിസ്റ്റുകൾ വർഗ്ഗസങ്കലനത്തെ എതിർക്കുകയും, വർഗ്ഗസംസ്‌കാര ശാസ്ത്രത്തെ (Eugenics) പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജർമ്മൻ മണ്ണിന്റെ ശുദ്ധിയിലും, മണ്ണും രക്തവും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രതയിലും വിശ്വസിച്ച മോണിസ്റ്റുകൾ, ഫാസിസത്തിനു വളരാൻ വേണ്ട വളക്കൂറുകളുള്ള മണ്ണ് തയ്യാറാക്കി.
ഇക്കോ-ഫാസിസത്തിന്റെ ചരിത്രം
ആധുനികവിരുദ്ധത, ജർമ്മൻ മണ്ണിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രത, ജർമ്മൻ പ്രകൃതിയുടെ പവിത്രത, ജർമ്മൻ ദേശീയത എന്നിവ കൂടിക്കുഴഞ്ഞുകിടന്ന ഫലഭൂയിഷ്ഠമായ ഈ മണ്ണിലേക്കാണ് ഫാസിസ്റ്റുകൾ വിളവിറക്കിയത്. ഹേക്കൽ മാത്രമല്ല, ഏണസ്റ്റ് മോറിറ്റ്‌സ് ആർണ്ട്, വിൽഹെം ഹെൻറിക് റൈൽ, ഫ്രെഡറിക് നീത്‌ഷെ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പല ചിന്തകരും ജർമ്മൻ മണ്ണിൽ ഫാസിസത്തിന്റെ വിത്തുപാകിയിരുന്നു. വിൽഹെം റൈൽ 1853-ൽ പ്രസിദ്ധീകരിച്ച ”കൃഷിഭൂമിയും വനവും” എന്ന പ്രബന്ധം അവസാനിക്കുന്നത് ഇങ്ങനെയാണ്: ”ശീതകാലത്ത് നമ്മുടെ അടുപ്പുകളിലെ ചൂടു നിലനിർത്താൻ മാത്രമല്ല, ജർമ്മൻ ജനതയുടെ ആഹ്ലാദകരമായ നാഡിമിടുപ്പുകളുടെ ചൂടുനിലനിർത്താനും വേണ്ടിയാണ് നാം വനങ്ങൾ സംരക്ഷിക്കേണ്ടത്.” ജർമ്മൻ ജനത എന്നാൽ ആര്യവംശജരാണ്. ജൂതന്മാർ വരുത്തരായ അശുദ്ധരായിരുന്നു. കാലാകാലമായി കർഷകരുടെ വിദ്വേഷത്തിന്റെയും മദ്ധ്യവർഗ്ഗ നീരസത്തിന്റെയും ഇരയായിരുന്ന ജൂതന്മാരെ വ്യാവസായികതയുടെയും നഗരസംസ്‌കാരത്തിന്റെയുമൊക്കെ വികൃത പ്രതീകങ്ങളായി ചിത്രീകരിക്കുന്ന പ്രവണത പത്തൊമ്പതാം നൂറ്റാണ്ടിലെ ‘വോക്കിഷ്’ (Volkish) പ്രസ്ഥാനക്കാരും ജർമ്മനിയിൽ പ്രാവർത്തികമാക്കിയിരുന്നു. നാസികൾക്കു മുമ്പു തന്നെ ജർമ്മൻ സംസ്‌കാരത്തിൽ പ്രബലമായിരുന്ന ഒരു സങ്കല്പമാണ് ‘വോക്ക്'(Volk) എന്നത്. നാസികൾ ഇതവരുടെ ആയുധങ്ങളിലൊന്നാക്കി. ഈ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആധികാരികമായ ഒരു ഗ്രന്ഥത്തിൽ അന്ന ബ്രാംവെൽ പറയുന്നതിങ്ങനെയാണ്: ”വംശീയ വിശുദ്ധിയുള്ള സാധാരണ ജർമ്മൻകാരന്റെ നന്മയിലുള്ള ദുർജ്ജേയവും മതസമാനവുമായ വിശ്വാസമാണത്. ഒന്നാം ലോകയുദ്ധത്തിനു ശേഷം ജർമ്മൻ ജീവിതത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, ബൗദ്ധിക മണ്ഡലങ്ങളെയാകെ ഈ സങ്കല്പം സ്വാധീനിച്ചു-പ്രത്യേകിച്ചും പ്രകൃതി സംരക്ഷണ പ്രസ്ഥാനത്തെ. ഈ വഴിയിലൂടെയാണ് തവിട്ടുനിറവും പച്ചയും ഒന്നായി ഇഴുകി ചേർന്നത്.”
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നു ദശകങ്ങളിൽ ജർമ്മൻ ജനപ്രിയ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത് അവിടുത്തെ ‘യൂത്ത് മൂവ്‌മെന്റ്’ ആയിരുന്നു. ജർമ്മൻ ഭാഷയിൽ ‘വാൻഡെർവോഗൽ‘ (Wandervogel) എന്നറിയപ്പെട്ടിരുന്ന ഈ പ്രസ്ഥാനം ഒട്ടൊക്കെ അരാഷ്ട്രീയരും സ്വതന്ത്ര ആത്മാക്കളുമായ ആയ യുവറിബലുകളുടെ സംഘമായിരുന്നു. നവകാല്പനികതയുടെയും പ്രകൃത്യധിഷ്ഠിത ആത്മീയതയുടെയും യുക്തിവിരുദ്ധതയുടെയും പൗരസ്ത്യദർശനങ്ങളുടെയും അവിയൽ രൂപത്തിലുള്ളതും, സ്പഷ്ടതയില്ലാത്തതുമായ ഒരു ദാർശനിക സ്വാധീനമാണ് ഇവരെ നയിച്ചിരുന്നത്. സാമൂഹ്യ-രാഷ്ട്രീയ പരിഷ്‌കരണങ്ങൾക്കു പകരം അവർ വ്യക്തിതലത്തിലെ മാറ്റങ്ങൾക്ക് പ്രാധാന്യം നല്കി. സാമൂഹ്യ വിപ്ലവത്തിനുള്ള സാദ്ധ്യതയെ അവർ കാല്പനികതയുടെ നിഷ്‌ക്രിയതയിലേക്ക് തരം താഴ്ത്തി. ഫാസിസത്തിന്റെ ഭ്രാന്തിലേക്ക് അവർ ചെന്നെത്തി. ‘മണ്ണിലേക്കു മടങ്ങുക’ എന്ന അവരുടെ സമീപനം പ്രകൃതിനാശത്തിലേക്കു ശ്രദ്ധതിരിക്കാൻ കാരണമായിരുന്നു. ഈ ‘വലതുപക്ഷഹിപ്പി’കളുടെ പ്രകൃത്യാരാധന ഒടുവിൽ ‘ഹിറ്റ്‌ലർ ആരാധന’യായി പരിണമിച്ചത് ചരിത്രത്തിന്റെ വികൃതമായ ഒരു പരിണാമമാണ്.
ഈ പശ്ചാത്തലത്തിലാണ് നാസികളിൽ ഒരു വിഭാഗം പരിസ്ഥിതിവാദത്തെ പിന്തുണയ്ക്കുന്നവരായി അവതരിച്ചത്. അവരുടെ നേതാവ് 1933 മുതൽ 1942 വരെ ഹിറ്റ്‌ലറുടെ കൃഷിമന്ത്രിയായിരുന്ന വാൾട്ടർ ഡെറെയായിരുന്നു (Walther Darre). ഹേക്കലിന്റെ ‘ജർമ്മൻരക്തം’ (German Blood) എന്ന സങ്കല്പത്തെ ഡെറെ ‘ജർമ്മൻവംശം’ (German Race) എന്നു പുനർവ്യാഖ്യാനം ചെയ്തു. അങ്ങനെ മണ്ണിന്റെ ശുദ്ധിയും വംശീയ ശുദ്ധിയും (The Purity of Blood and Soil) അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ വിഭാഗം നാസികൾ സിദ്ധാന്തിച്ചു. 1930-ൽ ഡെറെ ഇങ്ങനെ പ്രഖ്യാപിച്ചു : ”രക്തത്തിന്റെയും മണ്ണിന്റെയും ഐക്യം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.” ജൂതന്മാരെ ഡെറെ വിളിച്ചത് ‘ജർമ്മൻ മണ്ണിലെ കളകൾ’ (Weeds) എന്നാണ്-ജർമ്മൻ മണ്ണിൽ നിന്നു പിഴുതെറിയേണ്ട പാഴ്‌ച്ചെടികൾ. അവർ മരുഭൂമിയുടെ സന്തതികളും, ദേശം നഷ്ടപ്പെട്ട് വേരറ്റ ദേശാടനക്കാരുമായ അന്യരാണ്. അവരെ ഉന്മൂലനം ചെയ്യുകയെന്നത് ജർമ്മൻ മണ്ണിന്റെയും വംശത്തിന്റെയും സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഡെറെ പ്രഖ്യാപിച്ചു. ഈ സങ്കരസിദ്ധാന്തത്തെ ‘ഇക്കോ-ഫാസിസം’ (Ecofascism) എന്നു വിളിക്കാം.
ഹിറ്റ്‌ലറുടെ ‘പ്രകൃതിദർശനം’!
നാസികളുടെ ഇടയിലെ പ്രകൃതിവാദികൾക്ക് ഹിറ്റ്‌ലറുടെ പ്രത്യേക പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഹരിതചിന്ത അയാൾക്ക് നല്ലൊരു പ്രചരണ ആയുധമായിരുന്നു. തന്റെ സസ്യഭക്ഷണശീലവും മൃഗസ്‌നേഹവും ഡോക്യുമെന്ററികളിലൂടെയും ഇതരമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതിൽ ഹിറ്റ്‌ലർ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. സ്വന്തം സൃഷ്ടിയായ വികലമായ പ്രകൃതിപാഠങ്ങൾ ആത്മകഥയിൽ ഹിറ്റ്‌ലർ നിരത്തുന്നത് വംശശുദ്ധിയെയും ജൂതവിരോധത്തെയും ന്യായീകരിക്കാനാണ്. പ്രധാനമായും ആത്മകഥയുടെ പതിനൊന്നാം അദ്ധ്യായത്തിൽ പറയുന്ന ഇത്തരം സങ്കല്പങ്ങളുടെ സാരാംശം ഇനി പറയാം: ”പ്രകൃതിയുടെ ആരാമത്തിൽ ചുറ്റിത്തിരിയുന്ന മനുഷ്യർ കരുതുന്നത് അവർക്ക് പ്രകൃതിയെക്കുറിച്ച് എല്ലാം അറിയാം എന്നാണ്. എന്നാൽ പ്രകൃതിയുടെ പ്രവർത്തനത്തിന്റെ ഒരു മൂലതത്ത്വമായ ‘ആന്തരിക വിയുക്തി’ (Inner isolation) യെക്കുറിച്ച് അവർ അജ്ഞരാണ്. ഈ തത്വമാണ് ഭൂമിയിലുള്ള ഓരോ ജൈവ ഉപഗണത്തെയും വ്യത്യസ്തമാക്കുന്നത്. ഓരോ ജൈവഗണത്തിന്റെയും സവിശേഷതകളുടെ സീമകൾക്കുള്ളിൽ നിന്നുകൊണ്ട് പ്രത്യുല്പാദനം നടത്താൻ അവയെ നിർബ്ബന്ധിക്കുന്നത് പ്രകൃതിയുടെ ഈ ഉരുക്കുനിയമമാണ്. ഈ നിയമത്തിൽ നിന്നു വ്യതിചലിക്കുന്ന അത്യപൂർവ്വ സംഭവങ്ങളുണ്ടാകാമെങ്കിലും, അത്തരം പ്രകൃതിവിരുദ്ധ ഇണചേരലിനെ പ്രകൃതി അംഗീകരിക്കുന്നില്ല. അങ്ങനെയുണ്ടാകുന്ന സങ്കരസന്തതികൾ വന്ധ്യരോ പ്രത്യുൽപാദനശേഷി കുറഞ്ഞവരോ ആയിരിക്കും. കാരണം, ജീവന്റെ ക്രമേണയുള്ള പുരോഗതിക്കായി പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പിനു വിരുദ്ധമാണത്. ശക്തിയുള്ളതും മേന്മയേറിയതുമായതിന്റെ നിലനില്പാണ് പ്രകൃതി കാംക്ഷിക്കുന്നത്. ശക്തമായതിന്റെ മേധാവിത്വം നിലനിർത്തണമെങ്കിൽ ദുർബ്ബലമായതുമായി ഇണചേരാൻ പാടില്ല. അതിനാൽ ഗുണമേന്മയില്ലാത്തതിനെ ഉന്മൂലനം ചെയ്യാനും, വംശമേന്മ നിലനിർത്താനുമുള്ള കരുതിക്കൂട്ടിയുള്ള ഇടപെടൽ അനിവാര്യമാണ്.”
ഈ ‘പ്രകൃതിതത്ത്വ’മാണ് വംശീയ വിദ്വേഷത്തിനും, ഉന്മൂലനസിദ്ധാന്തത്തിനും ഉപോൽബലകമായി ഉപയോഗിച്ചത്. വംശസങ്കലനം സർവ്വശക്തനും സ്രഷ്ടാവുമായ ദൈവത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായ പാപമാണെന്നും, ആര്യന്റെ രക്തം സംശുദ്ധമായി സൂക്ഷിക്കേണ്ടത് വംശീയമേന്മയ്ക്ക് അനിവാര്യമാണെന്നും, അതാണ് പ്രകൃതിയുടെ നിയമമെന്നും വരെ പറഞ്ഞുവെയ്ക്കുന്നു. ജൂതന്മാരും മാർക്‌സിസ്റ്റുകളും ‘മനുഷ്യന് പ്രകൃതിയെ നിയന്ത്രിക്കാമെന്ന’ വ്യർത്ഥതയിൽ വിശ്വസിക്കുന്നതിനെ പുച്ഛിക്കുന്നു. പ്രകൃതിയുടെ ‘ ഉരുക്കുനിയമങ്ങൾ’ പാലിക്കുന്ന വംശമാണ് ആര്യന്മാരെന്നും അതാണവരുടെ മേന്മയുടെ രഹസ്യമെന്നും, ”ഇന്നു ലോകത്തു നാം ശ്ലാഘിക്കുന്നതെല്ലാം-പുരോഗതി, ശാസ്ത്രം, കല, സാങ്കേതികവികാസങ്ങൾ, കണ്ടുപിടുത്തങ്ങൾ എല്ലാം-മേന്മയേറിയ ആര്യവംശത്തിന്റെ സംഭാവനകളാണ്” എന്ന് ഊറ്റം കൊള്ളുമ്പോൾ ഇതരരുടെ ഉന്മൂലനത്തിന്റെ ന്യായീകരണമായി.
ഒരുവശത്ത് പ്രകൃതിയുടെ മേൽക്കോയ്മയെക്കുറിച്ചു പറയുകയും, മറുവശത്ത് ആര്യന്റെ സൃഷ്ടിയായ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക പുരോഗതിയെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന ആന്തരവൈരുദ്ധ്യങ്ങളിലധിഷ്ഠിതമായ ‘പ്രകൃതിദർശന’മാണ് ഹിറ്റ്‌ലറുടേത്. ‘പ്രകൃതിനിയമം’ എന്നത് വംശീയവിദ്വേഷം നിലനിർത്താനുള്ള ഉപാധിയാണ്. മേന്മയേറിയ വംശത്തിന് ഇതരരെ ആക്രമിച്ചു കീഴടക്കാനും ഉന്മൂലനം ചെയ്യാനുമുള്ള അവകാശം പ്രകൃതിസിദ്ധമാണെന്നു ചുരുക്കം. ജൂതന്മാരുടെ കമ്മ്യൂണിസ്റ്റ് അനുഭാവവും അവർക്കെതിരെ തിരിയാനുള്ള കാരണങ്ങളിലൊന്നാണ്. കമ്മ്യൂണിസ്റ്റുവിരുദ്ധതയും, തൊഴിലാളിവിരുദ്ധതയും, സ്ത്രീവിരുദ്ധതയും ഹിറ്റ്‌ലറുടെ ആത്മകഥയിൽ ഉടനീളം കാണാം. പൊതുവെ എല്ലാവരും സ്വദേശത്തെ ‘മാതൃഭൂമി’ എന്നു വിളിക്കുമ്പോൾ ഹിറ്റ്‌ലർക്ക് ജർമ്മനി ‘പിതൃഭൂമി’ (Fatherland) ആയിരുന്നു. ഹിറ്റ്‌ലറുടെ പ്രതിലോമപരമായ ‘പ്രകൃതിദർശന’ത്തിൽ സാമൂഹ്യനീതിയ്‌ക്കോ, സമത്വത്തിനോ, മനുഷ്യാവകാശങ്ങൾക്കോ സ്ഥാനമില്ല. ആധുനികപരിസ്ഥിതിദർശനവും പരിസ്ഥിതിപ്രസ്ഥാനങ്ങളും സാമൂഹ്യനീതിയിലും മനുഷ്യാവകാശസംരക്ഷണത്തിലും അധിഷ്ഠിതമാണ്. അതിനാൽത്തന്നെ ഫാസിസ്റ്റു മൂടുപടമിട്ട ഇക്കോളജിയെ നമുക്കു നിരാകരിക്കേണ്ടിവരുന്നു.
ജർമ്മൻ ഗ്രീൻ പാർട്ടിയും ഫാസിസവും
ജർമ്മനിയിലെ ‘ഗ്രീൻപാർട്ടി’ ഫാസിസ്റ്റുകൾ ഹൈജാക്ക് ചെയ്ത ചരിത്രം നാം മറക്കരുത്. 1980-ലാണ് ലോകത്തിലെ ആദ്യത്തെ പ്രധാന പാരിസ്ഥിതിക രാഷ്ട്രീയകക്ഷി എന്നു പറയാവുന്ന ‘ജർമ്മൻ ഗ്രീൻ പാർട്ടി’ രൂപീകൃതമായത്. ജൂതന്മാരുടെ കൂട്ടക്കൊലകൾ നടപ്പാക്കിയ ‘നാസി എസ്. എസ്.’ എന്ന ഭീകരപ്പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന ഹോസ്‌ലൈറ്ററായിരന്നു അതിന്റെ സ്ഥാപക അദ്ധ്യക്ഷൻ. ജർമ്മൻ ഹരിതകക്ഷിയുടെ ‘മനുഷ്യനും ഭൂമിയും’ എന്ന ആദ്യത്തെ മാനിഫെസ്റ്റോ, 1913-ലെ ലഡ്‌വിഗ് ക്ലേജസിന്റെ നാസി അനുകൂല യുവസംഗമത്തിന്റെ കരടുരേഖയായിരുന്നുവെന്ന് ഒരു ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. കുറെ കാലത്തിനു ശേഷം, പ്രസ്ഥാനത്തിന് കൂടുതൽ ആകർഷകമായ യുവനേതൃത്വം വേണമെന്നതിനാൽ ആണവവിരുദ്ധ ആക്ടിവിസ്റ്റായിരുന്ന പെട്രാ കെല്ലിയെ ഹരിതകക്ഷിയുടെ അദ്ധ്യക്ഷയായി അവരോധിക്കുകയായിരുന്നു. ജനറൽ ഗെർട്ട് ബാസ്റ്റ്യൻ എന്ന മുൻ പട്ടാളമേധാവിയുടെ (ഹോസ്‌ലൈറ്ററുടെ സുഹൃത്ത്) കാമുകിയായിരുന്നു പെട്രാ കെല്ലി. അവർ ഫാസിസ്റ്റ് അനുഭാവിയായിരുന്നില്ല. കെല്ലിയുടെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിലെ താല്പര്യം കാരണം അവരെ കാലക്രമേണ പാർട്ടിനേതൃത്വത്തിൽ നിന്ന് മാറ്റുകയും, 1992-ൽ ഗെർട്ട് ബാസ്റ്റ്യൻ തന്നെ അവരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. നമ്മുടെ കാലത്തും പാരിസ്ഥിതിക പ്രസ്ഥാനങ്ങളെ ഫാസിസ്റ്റുകൾ ഹൈജാക്ക് ചെയ്യാനുളള സാധ്യതയാണ് ഇത് കാണിക്കുന്നത്. പരിസ്ഥിതിസമസ്യയെ ഫലപ്രദമായി നേരിടാനും, സമത്വം പുലരുന്നൊരു ഭാവിസമൂഹം പടുത്തുയർത്തുന്നതിനും, ഇടതുപക്ഷപ്രസ്ഥാനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇന്ത്യയിലും ഇടതുപക്ഷത്തിന്റെ ഐക്യവും, ആശയപരിണാമവും അവരുടെ വളർച്ചയ്ക്ക് അനിവാര്യമാണ്; പ്രത്യേകിച്ചും ഇക്കോ-ഫാസിസത്തിനുള്ള സാധ്യതകൾ ഇന്ത്യയിൽ ഏറുന്ന സന്ദർഭത്തിൽ.
ഇക്കോഫാസിസം ഇന്ത്യയിൽ
ഇന്ത്യയിലെ ഹിന്ദുത്വ-ഫാസിസ്റ്റ് ദേശീയവാദികളും അവരുടെ രാഷ്ട്രീയത്തിനനുയോജ്യമായ സാഹചര്യങ്ങളിൽ ഇത്തരം ഇക്കോഫാസിസ്റ്റു സമീപനങ്ങൾ പ്രകടമാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഭാരതത്തിൽ പലയിടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഹിന്ദുത്വ ദേശീയതയുടെയും ഏട്ടിൽ പിടിച്ചുകെട്ടാൻ അവർ ശ്രമിക്കുന്നുണ്ട്. പ്രകൃതിയിൽ നിന്ന് മതസ്വത്വബോധത്തിലൂടെ ദേശീയതയിലേക്കുള്ള നേർവഴിയാണ് (From nature to nationalism) അവർക്ക് പരിസ്ഥിതി സമസ്യകൾ. രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളപ്പോൾ മാത്രം ഇത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ടെഹ്‌റിയിൽ ‘ഗംഗാമാതാ’വിനെ സംരക്ഷിക്കാൻ വിശ്വഹിന്ദുപരിഷത്ത് രംഗത്തിറങ്ങിയിരുന്നു. പഴയ ഉത്തർപ്രദേശിൽ ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ അവർ ഈ സമരം ഉപേക്ഷിക്കുകയും ചെയ്തു. അതുപോലെ തുടർച്ചയായി ബി. ജെ. പി. അധികാരത്തിലിരുന്ന ഗുജറാത്തിൽ നർമ്മദാമാതാവിനെ രക്ഷിക്കാൻ അവർ ഒന്നും ചെയ്യുന്നില്ല. കാരണം സർദാർ സരോവർ ഡാമിൽ നിന്ന് ഗുജറാത്തിൽ തേനും പാലും ഒഴുക്കാമെന്ന് അവർ ഗുജറാത്തിലെ മുഖ്യധാരാ മനുഷ്യരെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ആദിവാസികളും കുറെ വനവും ജലസമാധിയടഞ്ഞാൽ അവർക്ക് രാഷ്ട്രീയമായി ഒന്നും നഷ്ടപ്പെടാനില്ല. ‘ഗംഗാമാതാ’വിനെയും ഹിമാലയത്തിലെ ‘ദേവഭൂമി’യെയും പ്രകൃതിയുടെ ‘പൗരാണികത’യെയും ‘പാരമ്പര്യ’ത്തെയും എല്ലാം വിഷലിപ്തമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയ-ദേശീയബോധ സമ്മിശ്രണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കാൻ ഫാസിസ്റ്റുകൾ എപ്പോഴും സന്നദ്ധരായിരിക്കുന്നു. ‘പച്ചയും കാവിയും’ എന്ന കൃതിയിൽ മുകുൽ ശർമ്മ ഇത് ഭംഗിയായി വിശകലനം ചെയ്യുന്നുണ്ട്.
കേരളത്തിൽ ‘ഹിന്ദുത്വ’ ഫാസിസ്റ്റുകൾ ഏറെ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും (2016 അസംബ്ലി തെരഞ്ഞെടുപ്പിലെ 15 ശതമാനം വോട്ട് അവഗണിക്കാവുന്നതല്ല) സാംസ്‌കാരിക രംഗത്ത് അവർ ഗണ്യമായി നുഴഞ്ഞു കയറിക്കഴിഞ്ഞു. സംസ്‌കാരത്തിൽ നിന്നു രാഷ്ട്രീയത്തിലേക്കു കുറുക്കുവഴികളുണ്ടെന്ന് അവർക്കറിയാം. സാംസ്‌കാരിക സംഘടനകൾ/ മാധ്യമങ്ങൾ എന്ന മറയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഹൈന്ദവ ഫാസിസ്റ്റുകളുടെ പട്ടിക ഇങ്ങനെ നീളുന്നു: തപസ്യ, ബാലഗോകുലം, സൗരക്ഷിക, ഭാരതീയവിദ്യാനികേതൻ, ഭാരതീയവിചാരകേന്ദ്രം, ക്ഷേത്രസംരക്ഷണ സമിതി, ജന്മഭൂമി, കേസരി, മയിൽപ്പീലി…… വനസംരക്ഷണജാഥകൾ, നദീമിത്രസമിതികൾ, വനവാസി സംഗമങ്ങൾ, സ്വദേശിശാസ്ത്രസമ്മേളനങ്ങൾ, മത്സ്യപ്രവർത്തക സംഘത്തിന്റെ സാഗരപൂജകൾ, മഴ പെയ്യിക്കാനുള്ള യാഗങ്ങളും യജ്ഞങ്ങളും തുടങ്ങി നിരവധി പരിപാടികൾ ഇവർ സംഘടിപ്പിക്കുന്നു. വർദ്ധിച്ച യന്ത്രവത്കൃത മത്സ്യക്കൊയ്ത്തുകാരണം കുറഞ്ഞുവരുന്ന മത്സ്യശേഖരം മൂലമുണ്ടാകുന്ന മത്സ്യത്തൊഴിലാളികളുടെ സംഘർഷങ്ങളെ മതാടിസ്ഥാനത്തിൽ ഇവർ ചൂഷണം ചെയ്യുന്നു. വനം സംരക്ഷിക്കേണ്ടത് ആദിവാസി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനാണെന്നു വ്യാഖ്യാനിക്കുന്നു. ഇടുക്കി അണക്കെട്ടിനു നടുവിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷേധിക്കുന്നു. പമ്പാനദിസംരക്ഷണത്തെ ശബരിമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നു. കേരളത്തിലെ നദികളുടെ പ്രദൂഷണത്തിനു കാരണമായി അവർ കണ്ടെത്തുക അറവുശാലകളിലെ മാലിന്യങ്ങളാണ് -വ്യവസായിക മാലിന്യങ്ങൾ അവർ കാണുന്നില്ല. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള വിമാനത്താവളത്തിനെതിരെ ‘പൈതൃക സംരക്ഷണ’ത്തിന്റെ പേരിൽ അവർ നടത്തിയ സമരം. ആറന്മുള വിമാനത്താവളം അനാവശ്യമാണ്, അത് എതിർക്കപ്പെടേണ്ടതുമാണ്- എന്നാലത് ഏതിർക്കപ്പെടേണ്ടത് അതിന് സാമ്പത്തിക ന്യായീകരണമില്ലെന്നതിനാലും, അതുണ്ടാക്കുന്ന വലിയ സാമൂഹ്യ-പാരിസ്ഥിതിക ദുരന്തങ്ങളുടെ പേരിലുമാണ്. ‘പൈതൃകസംരക്ഷണം’ പാരിസ്ഥിതികമല്ല; അത് ഫാസിസത്തിന്റെ വിളനിലമാണ്.
പാരിസ്ഥിതിക സമസ്യകളുടെയും മതസങ്കുചിതത്വത്തിന്റെയും സങ്കീർണ്ണവും അപകടകരവുമായ സങ്കലനമാണ് ഇതിലൂടെ സംഭവിക്കുന്നത്. മിക്ക പാരിസ്ഥിതിക സംരക്ഷണ മുന്നേറ്റങ്ങളും, സ്വത്വരാഷ്ട്രീയത്തിലധിഷ്ഠിതമായ ആദിവാസി സംഘടനകളുമൊക്കെ ഏറെയും അരാഷ്ട്രീയമായതിനാൽ അവയിൽ കടന്നുകയറി ഹൈജാക്ക് ചെയ്യാൻ ഫാസിസ്റ്റുകൾ ശ്രമിക്കും. ആദിവാസിനേതാവായ ജാനു ഫാസിസ്റ്റുകളുടെ ചേരിയിൽ ചേർന്ന് 2016-ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഇതിന്റെ തെളിവാണ്. പാരിസ്ഥിതികമായതെന്തും മതേതരമാകേണ്ടതുണ്ട്. കാരണം അല്ലെങ്കിലത് ഹൈന്ദവന്റെ പരിസ്ഥിതിയും, ക്രൈസ്തവന്റെ പരിസ്ഥിതിയും, ഇസ്ലാമിക പരിസ്ഥിതിയുമൊക്കെയായി മാറും. മത ദർശനങ്ങളിലെ പരിസ്ഥിതിബോധത്തെ മതേതരമായി വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും മനസ്സിലാക്കാൻ കഴിയും. എന്നാലത് വർഗ്ഗീയ-വംശീയ വിദ്വേഷങ്ങളുടെയും മതാധിഷ്ഠിത ദേശീയതയുടെയും ഫാസിസത്തിന്റെയും വളർച്ചയ്ക്കു വേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്.
ഇത്രയും പറഞ്ഞതിന്റെ അർത്ഥം പരിസ്ഥിതിചിന്ത അനിവാര്യമായും ഫാസിസ്റ്റ് ആണെന്നോ, പരിസ്ഥിതിപ്രശ്‌നങ്ങൾക്ക് പ്രതിലോമരാഷ്ട്രീയവുമായി ഇഴപിരിയാത്ത ബന്ധമുണ്ടെന്നോ അല്ല. അങ്ങനെ ഒരു അപകടസാധ്യത നിലനില്ക്കുന്നുവെന്നും, അതിന്റെ ചരിത്രപശ്ചാത്തലം ചൂണ്ടിക്കാണിക്കാനും മാത്രമാണ് ശ്രമിച്ചത്. തുടക്കത്തിൽ പറഞ്ഞ പത്രവാർത്തയിലെ ‘പവിത്രീകരണം’ പ്രകൃതിയെ നിശ്ചലമായ ഒരു പ്രതിഭാസമായി കാണുന്നതിനു തുല്യമാണ്; മനുഷ്യനും അവന്റെ സാങ്കേതികവിദ്യയും ചേർന്ന് പ്രദൂഷിതമാക്കുന്ന ഒരു നിശ്ചല പവിത്ര പ്രതിഭാസം. വരും കാലത്തെ ഏറ്റവും വലിയ സമസ്യയെ ഇടതുപക്ഷം സ്വാംശീകരിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. അങ്ങനെ ചെയ്യുമ്പോൾ മതമില്ലാത്ത ആത്മീയതെയും അംഗീകരിക്കേണ്ടി വരും.
മതമില്ലാത്ത ആത്മീയത
ഗോത്രജീവിതത്തിലും പ്രകൃത്യാരാധനയിലും നിന്നു പരിണമിച്ചു തുടങ്ങിയ മനുഷ്യൻ, വ്യക്തിസത്തകളുടെ സാമൂഹ്യസംലഗ്നതയ്ക്കായി സൃഷ്ടിച്ച ആത്മീയ ഉപാധികളാണ് മതങ്ങൾ. അവ ജ്ഞാനോദയത്തിനും പ്രത്യയശാസ്ത്രത്തിനും മുമ്പു പിറന്നവയുമാണ്. എന്നാൽ ക്രമേണ, സ്ഥാപനവല്ക്കരണത്തിലൂടെ മതങ്ങളിലെ ആത്മീയതയുടെ സത്ത നഷ്ടമായി; മതം അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണമായി. ഇന്നത്തെ മതനേതാക്കളിൽ പലരും ഫാൻസി ഡ്രസ്സിട്ട കോർപ്പറേറ്റ് മാനേജർമാരും രാഷ്ട്രീയക്കാരുമാണ്; ആത്മീയത അവർക്ക് കച്ചവടമാണ്. സാംസ്‌കാരികവും ചരിത്രപരവുമായ സന്ദർഭങ്ങൾക്കു പുറത്തുള്ള ഏതോ മായാവിലാസമല്ല ഉണ്മ; ഭൗതിക യാഥാർത്ഥ്യങ്ങളെ വെടിഞ്ഞ് ഉണ്മയെ കണ്ടെത്താനാകില്ല. എല്ലാം ‘മായ’യാണെന്നും സ്വർഗ്ഗം പരലോകത്താണെന്നും പറയുമ്പോൾ, നിത്യജീവിതയാഥാർത്ഥ്യങ്ങളെ അവഗണിക്കാനാണ് മതങ്ങൾ പീഡിതരെ പഠിപ്പിക്കുന്നത്. ഒരുപക്ഷേ ഒരു കെട്ടുകഥയിലെ നായകൻ മാത്രമായ രാമന്റെ ജന്മസ്ഥലത്തിന്റെ പേരിൽ ദരിദ്രരും നിരക്ഷരരുമായ ജനങ്ങളെ വഴിതെറ്റിച്ച് അധികാരം കയ്യടക്കാനും ഒരു ദേശത്തെയാകെ അരാജകത്വത്തിലേക്കു നയിക്കാനും മതമൗലികവാദികൾക്കു കഴിയുമെന്ന് സമകാലിക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മൂല്യസ്രോതസ്സാകുന്നതിനു പകരം, മതം പീഢനയന്ത്രവും അധികാരസ്രോതസ്സുമാകുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു.
മതാധിഷ്ഠിത വിപുലനത്തിനും വികലനത്തിനും അപ്പുറം ‘ആത്മീയത’യ്ക്ക് ഏറെ മാനങ്ങളും പ്രസക്തിയുമുണ്ട്. ആത്മാവിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന സംസ്‌കൃതത്തിലെ ‘ആത്മാൻ’, ഗ്രീക്കിലെ ‘സൈക്കി’, ലാറ്റിനിലെ ‘സ്പിരിറ്റസ്’ എന്നിങ്ങനെയുള്ള വാക്കുകളുടെയെല്ലാം അർത്ഥം ‘പ്രാണവായു’ എന്നാണ്. ‘ജഡ’മായ ഭൗതികവസ്തുവിന് ചേതന നൽകുന്നത് പ്രാണവായുവാണ്. എന്നാൽ ഭൗതികവസ്തുവില്ലാതെ, അതിന്റെ സവിശേഷമായ പ്രതിപ്രവർത്തനമില്ലാതെ പ്രാണവായു സചേതനമാകുന്നില്ല. അതിനാൽ ആത്മീയമെന്നത് ഭൗതികതത്തിന് അപ്പുറമുള്ളതല്ല; ഭൗതികത്തെക്കൂടി ഉൾക്കൊള്ളുന്നതാണ്. തീർച്ചയായും അതിന് അനിർവചനീയമായ ഭാവങ്ങളുണ്ട്, നിഗൂഢതയുണ്ട്. എന്നാൽ നിഗൂഢമായ ഈ അനുഭവത്തിന്റെ സത്തയിൽ മതപരമായി ഒന്നുമില്ലെന്നതാണ് സത്യം. അതിനെ വർണിക്കാനായി മനുഷ്യർ കണ്ടെത്തിയ ഉപാധി മാത്രമാണ് മതം. ശരിയായ ആത്മീയത മതത്തിന്റെ അതിരുകൾക്കും, കാർട്ടീസിയനിസത്തിന്റെ വരണ്ട യുക്തിക്കും അപ്പുറമുള്ള അനുഭവമാണ്. എന്നാലത് ഭൗതികയാഥാർത്ഥ്യങ്ങളിൽ നിന്നു മുക്തമല്ല. സാംസ്‌കാരികവും ഭൗതികവുമായ യാഥാർത്ഥ്യങ്ങളിൽ കാലുറച്ചുനിന്നുകൊണ്ടുവേണം ഉണ്മ തേടേണ്ടത്. മനസ്സ് ശരീരാധിഷ്ഠിതമാണെന്ന (Mind is enbodied) പ്രജ്ഞാനശാസ്ത്രത്തിലെ (Cognitive Science) പുതിയ കണ്ടെത്തലുകൾ ഈ ഭൗതികബന്ധത്തെ ബലപ്പെടുത്തുന്നതേയുള്ളൂ.
ക്വാണ്ടം മെക്കാനിക്‌സിനും ആപേക്ഷികതാസിദ്ധാന്തത്തിനും ശേഷം മതാത്മകമായ ആത്മീയതയ്ക്ക് ഉപോൽബലകമായ ഒരു നവഭൗതികസിദ്ധാന്തം ഉരുത്തിരിഞ്ഞു വരുന്നതായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വേദാന്തസാരം തന്നെയാണ് ഈ നവഭൗതികതയെന്നവർ പറയും. അങ്ങനെ ശാസ്ത്രത്തെ മതത്തിന്റെ ഏട്ടിൽ പിടിച്ചുകെട്ടാനുള്ള വ്യാപകമായ ശ്രമങ്ങൾ ഇന്നും നടക്കുന്നു. ഒരായുഷ്‌കാലം ഇടതുപക്ഷരാഷ്ട്രീയത്തിൽ പ്രവർത്തിച്ചവർ പോലും ഈ ചിന്താഗതിയിലേക്ക് ആകർഷിക്കപ്പെടുന്നു. അതിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ് കേരളത്തിൽ ഏറെ ചർച്ചാവിഷയമായ സി. ഐ. ടി.യു നേതാവ് പി. കേശവൻ നായരുടെ ‘ഭൗതികത്തിനപ്പുറം’ എന്ന പുസ്തകം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഇളവൂർ ശ്രീകുമാർ എന്ന നോവലിസ്റ്റ് ‘നിയോ കമ്മ്യൂൺ’ എന്നൊരു നോവൽ പ്രസിദ്ധപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നഷ്ടപ്പെട്ട ആത്മീയതയെക്കുറിച്ചുള്ള വേദനയാണ് ഇത്തരമൊരു നോവലെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീകുമാർ പറഞ്ഞതായി ഒരു ലേഖകൻ എഴുതിയിരുന്നു. എന്നാൽ ഇത്തരം പുതിയ വികാസങ്ങളെ ചിലർ ‘സി.പി.എമ്മിൽ വിടരുന്ന സഹസ്രദലപത്മങ്ങൾ’ എന്ന മട്ടിൽ ചിത്രീകരിക്കുമ്പോൾ വികലമായ ആത്മീയതകൊണ്ട് ഇപ്പോൾതന്നെ കലുഷമായ നമ്മുടെ സാംസ്‌കാരിക രംഗത്തെ അത് കൂടുതൽ അപകടത്തിലേക്കു നയിക്കും.
ഭാരതത്തിൽ ഇന്ന് ആത്മീയത രാഷ്ട്രീയവത്കൃതം മാത്രമല്ല, കമ്പോളവത്കൃതം കൂടിയാണ്. രവിശങ്കർമാരും അമൃതാനന്ദമയിമാരും നമ്മുടെ മണ്ണിൽ പടർന്നു പന്തലിച്ചുകൊണ്ട് ‘സാക്ഷര’കേരളത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാർ ഈ പ്രവണതയെ, സ്വാഭാവികമായും, നിശിതമായിത്തന്നെ എതിർക്കുന്നുണ്ട്. ഇത്തരം നിശിത വിമർശനങ്ങൾ ആവശ്യമാണ്. എന്നാൽ ഭൗതികത്തിനപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്ന വരട്ടുയുക്തിയുടെ പ്രവണത ചിലരിലെങ്കിലും കാണുന്നു. അത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണ്. ദൈവത്തെയും ദൈവത്തിന്റെ വിപണനത്തെയും ഗുരുക്കന്മാരെയും അമ്മമാരെയും അവിശ്വസിക്കുമ്പോഴും തള്ളിപ്പറയുമ്പോഴും വ്യക്തിയുടെ സാമൂഹ്യനിഷ്ഠമല്ലാത്ത ആന്തരിക മാനസികതലങ്ങളെ നാം തള്ളിപ്പറയേണ്ടതില്ല.
മാർക്‌സിസവും വൈയക്തിക ആത്മീയതയും
മാർക്‌സിന്റെ ചരിത്രപരമായ ഭൗതികവാദം ഒരുതരം ആത്മീയതയ്ക്കും ഇടമില്ലാത്ത ഒച്ചയില്ലാത്ത താഴ്‌വാരമാണോ? മാർക്‌സിന്റെ ഗവേഷണപ്രബന്ധം എപിക്യൂറസ് എന്ന ദാർശനികനെക്കുറിച്ചായിരുന്നു. ഭൗതികവാദത്തിന്റെ പിതാവാണ് എപിക്യൂറസ് എന്നു സാമാന്യമായി പറയാം. എപിക്യൂറിയൻ ദർശനത്തിൽ യാഥാർത്ഥ്യം അന്തിമമായി പരമാണുവും ശൂന്യതയും (Atoms and Void) ആണ്. ശൂന്യതയിൽ നിന്ന് ഒന്നുമുണ്ടാകുന്നില്ല (Nothing comes from nothing) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രമുഖ വിശ്വാസസംഹിത. ഭൗതിക നിലനില്പിന്റെ അടിസ്ഥാനം പരമാണുക്കളുടെ നിരന്തരമായ പുനരേകീകരണമാണ്. മതം മനുഷ്യനിൽ വളർത്തിയ മരണഭീതിയും നിരാശാബോധവും ശാസ്ത്രവീക്ഷണത്തിലൂടെ ഇല്ലാതാക്കാൻ ഉദ്ദേശിച്ച ദർശനമായിരുന്നു എപിക്യുറിയനിസം. ശാസ്ത്രത്തിന്റെ വികാസം ലോകത്തിന്റെ ക്രമേണയുള്ള നിരാത്മീകരണത്തിനു വഴിതെളിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പല മികച്ച ശാസ്ത്രജ്ഞരും വൻ ദൈവവിശ്വാസികളായി മാറി. എപിക്യൂറസിന്റെ ഭൗതികവാദം മാർക്‌സിനു പ്രേരണയായെങ്കിലും, മാർക്‌സിയൻ ഭൗതികവാദം എല്ലാത്തരം ആത്മീയതകൾക്കും വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് ജോയ്ൽ കോവലിനെപ്പോലുള്ള പുതിയ മാർക്‌സിസ്റ്റു ചിന്തകർ വാദിക്കുന്നു.
‘ആത്മീയത’ എന്നു കേൾക്കുമ്പോൾ നാം വാളെടുക്കേണ്ടതില്ല. ആത്മീയത ശാസ്ത്രവിരുദ്ധവും അയുക്തികവും മതാത്മകവും അന്ധവിശ്വാസജടിലവുമായ സങ്കല്പം മാത്രമല്ല. ഭൗതികവാദത്തിനെതിരെ ആശയവാദികൾ അണിനിരത്തുന്ന മതത്തിന്റെ ആയുധം മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. വ്യക്തിയുടെ മാനസികതലത്തിൽ മതേതരമായ ഒരു ആത്മീയത സാദ്ധ്യമാണ്-അത് നിലനില്ക്കുന്നു എന്നു കാണാം. വ്യക്തിയുടെ മാനസികതലം പലപ്പോഴും ബാഹ്യയാഥാർത്ഥ്യവുമായി സംഘർഷത്തിലായിരിക്കും.നിലവിലുള്ള വ്യവസ്ഥയുടെ സാമൂഹ്യനിർമ്മിത (Socially constructed) അതിരുകൾക്കപ്പുറം കടന്ന് പുതിയൊരു സ്വത്വത്തെ ആവിഷ്‌കരിക്കാൻ വെമ്പുന്ന മനുഷ്യാസ്തിത്വത്തിന്റെ ഒരവസ്ഥയായി ആത്മീയതയെ കാണാം. അത് മനുഷ്യന്റെ സർഗ്ഗശക്തിയുടെയും പ്രതിരോധശക്തിയുടെയും ഉറവിടമാണ്; സാമൂഹ്യനിർമ്മിത യാഥാർത്ഥ്യങ്ങൾക്കപ്പുറം കടന്ന ഉണ്മയെ തൊട്ടറിയാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന എന്തോ ഒന്ന്. ഉൾക്കാഴ്ച, ദീർഘദൃഷ്ടി, സഹജാവബോധം എന്നൊക്കെ അറിയപ്പെടുന്ന ശക്തിവിശേഷങ്ങളുടെ പ്രഭവസ്ഥാനം ഇത്തരമൊരു ആത്മീയതയാണ്. വ്യക്തിയുടെ ഇത്തരം ആത്മീയഭാവം രണ്ടു വിധത്തിൽ ഗുണകരമായി ഭവിക്കാം.
- സ്വാതന്ത്ര്യത്തിനും അടിമത്തിത്തിനുമെതിരെ പൊരുതാനായി മുന്നിട്ടിറങ്ങാൻ വ്യക്തിയെ പ്രേരിപ്പിക്കുക വഴി ഈ ആത്മീയ ഭാവം സാമൂഹ്യമാറ്റങ്ങൾക്കു നിദാനമാകാം. ഗാന്ധിജിയും നമ്മുടെ ആദ്യകാല കമ്മ്യൂണിസ്റ്റു സഖാക്കളും ഇത്തരം ഋഷിമാരായിരുന്നു.
- സാമ്പ്രദായിക ചിന്തയ്ക്കും സിദ്ധാന്തങ്ങൾക്കും അപ്പറുത്തേക്കു കടന്നു ചിന്തിക്കാനും പുതിയ വെളിച്ചങ്ങൾ തേടാനും മനുഷ്യനെ സഹായിക്കുന്നത് ഈ ആന്തരചൈതന്യമാണ്. ശാസ്ത്രത്തിലെ വലിയ കുതിച്ചുചാട്ടങ്ങൾക്കും ഉജ്ജ്വലമായ കലാസൃഷ്ടികൾക്കും ഇത് കാരണമാകും.
മതം മനുഷ്യന്റെ മയക്കുമരുന്നാണെന്നു പറഞ്ഞ മാർക്‌സ് മതത്തിന്റെ വികലതയെ വെറുത്തിരുന്നു. അതിന്റെയർത്ഥം വ്യക്തിയുടെ ആത്മീയഭാവങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല എന്നല്ല. വ്യക്തിയുടെ ആത്മീയ മാനസികതലത്തിന്റെ നിരാകരണം മാർക്‌സിയൻ ചിന്തയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതുമല്ല. രവിശങ്കർമാരെ നിരാകരിക്കുമ്പോൾ, യോഗയുടെയും ധ്യാനത്തിന്റെയും ഭൗതിക ഗുണങ്ങൾ നാം നിരാകരിക്കേണ്ടതില്ല. അവയുടെ ചികിത്സാമൂല്യം തികച്ചും ഭൗതികവും ശാരീരികവുമായ കാരണങ്ങളിൽ നിന്ന് ഉരുത്തിരിയുന്നതാണ്. മുതിർന്ന മാർക്‌സിസ്റ്റ് നേതാക്കളായ വി. എസ്. അച്യുതാനന്ദൻ, ശ്രീ വിജയകുമാർ തുടങ്ങിയവർ യോഗയുടെ മികവ് തിരിച്ചറിഞ്ഞവരാണ്. മൂന്നു ദശകങ്ങളിലേറെയായി യോഗയും ധ്യാനവും ചെയ്യുന്ന എനിക്ക് ദൈവത്തിന്റെയോ മതത്തിന്റെയും ഗുരുവിന്റെയോ ആവശ്യം തോന്നിയിട്ടില്ല. യോഗയുടെ പരമാചാര്യനായ പതഞ്ജലി നാസ്തികനായിരുന്നുവെന്ന് ഒരു പക്ഷമുണ്ട്. ധ്യാനം രോഷത്തെ കെടുത്തേണ്ടതില്ല. രോഷമെന്നാൽ പൊതുമുതൽ തല്ലിതകർക്കാനുള്ള പ്രേരണയുമല്ല. വിപ്ലവകാരിയുടെ രോഷം ഉന്നതമായ സാമൂഹ്യനീതിക്കുവേണ്ടിയാണ്. ഋഷികൾ വിപ്ലവകാരികളല്ല. എന്നാൽ ഒരു വലിയ വിപ്ലവകാരി ഋഷിയാണ്.
വരണ്ട ഭൗതികതയും വരട്ടുയുക്തിവാദവും പ്രപഞ്ചത്തെക്കുറിച്ചുള്ള സഹജാവബോധത്തെ ഉൾക്കൊള്ളുന്നില്ല. പ്രകൃതിയെന്നാൽ എപിക്യൂറസ് പറഞ്ഞതുപോലെ പരമാണുവും ശൂന്യതയുമല്ല. അങ്ങനെ പരിമിതപ്പെടുത്തുന്നത് കാർട്ടീസിയൻ ലോകവീക്ഷണത്തിന് അടിവരയിടലാണ്. ജഡഭൗതികതയിൽ മൂല്യങ്ങൾക്കു സ്ഥാനമില്ല. ഭൗതികതയും ഭൗതികത്തിനപ്പുറമുള്ള ചിലതും സന്ധിക്കുമ്പോഴാണ് മൂല്യങ്ങൾ പ്രസക്തമാവുന്നത്. എപിക്യൂറിയനിസത്തെ പൂർണമായി അംഗീകരിക്കുമ്പോൾ ‘ശബ്ദവും ഗന്ധവും വർണ്ണവും ചൈതന്യവുമില്ലാത്ത വിരസമായ വസ്തുവിന്റെ അർത്ഥരഹിതവും അനന്തവുമായ പ്രയാണമായി’ പ്രകൃതിയെ പരിമിതപ്പെടുത്തുകയാവും ഫലം.
മാർക്‌സും ഏംഗൽസും ചേർന്നെഴുതിയ ‘ദ ഹോളി ഫാമിലി‘ എന്ന ഗ്രന്ഥത്തിലെ ഈ വരികൾ ശ്രദ്ധിക്കുക: ”വസ്തുവിന്റെ സഹജമായ ഗുണങ്ങളിൽ ഏറ്റവും പ്രധാനം ചലനമാണ്. അത് യാന്ത്രികവും ഗണിതരീതിയിലുള്ളതുമായ ചലനം മാത്രമല്ല; മുഖ്യമായും വസ്തുവിന്റെ ആവേഗത്തിന്റെയോ പ്രക്ഷുബ്ധതയുടെയോ ചൈതന്യത്തിന്റെയോ രൂപത്തിലുള്ള ചലനമാണ്. വസ്തുവിന്റെ സഹജവും വ്യക്തിഗതവുമായ ജൈവചൈതന്യമാണ് അതിന്റെ പ്രാഥമിക രൂപങ്ങളെ നിർണയിക്കുന്നത്; അതുതന്നെയാണ് ജീവജാലങ്ങൾ തമ്മിലുള്ള വ്യത്യസ്തതകൾക്കു നിദാനവും” ഇത് അവരുടെ ചെറുപ്പകാലത്തെ കാല്പനികതയായി തള്ളിക്കളയാനാവില്ല. എല്ലാം ജഡമാണെങ്കിൽ, മാർക്‌സിയൻ ദർശനത്തിന്റെ ഉന്നതമായ മൂല്യബോധത്തിനും പ്രകൃതിയിൽ സ്ഥാനമുണ്ടാകില്ല. ചലിക്കുന്ന, ചൈതന്യമുള്ള വിവിധതകളുടെ പരസ്പരാശ്രിതമായ ജീവിതത്തിന്റെ സന്ദർഭത്തിലാണ് സാമൂഹ്യദർശനങ്ങൾക്കു പ്രസക്തി കൈവരുന്നത്.
സൃഷ്ട്യുന്മുഖവും സഹജവുമായ ആന്തരചൈതന്യം കുടികൊള്ളുന്ന പ്രകൃതിയുമായി മാത്രമേ പ്രകൃതി തന്നെയായ മനുഷ്യനും സംവദിക്കാനും സഹജീവനം നടത്താനും സാധിക്കുകയുള്ളൂ. തന്റെ സഹജീവികളായ ഇതര മനുഷ്യരോടും പ്രകൃതിയിലെ ജൈവവും അജൈവവുമായ ഇതര സത്തകളോടുമുള്ള പാരസ്പര്യത്തിന്റെ ഉണ്മയെക്കുറിച്ചുള്ള ബോധം തന്നെയാകണം ശരിയായ മൂല്യസ്രോതസ്സ്. സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉത്ഭവിക്കുന്നത് അങ്ങനെയാണ്. മതങ്ങളല്ല, ഇത്തരം പ്രകൃതിപാഠങ്ങൾ തന്നെയാണ് ശരിയായ അറിവിന്റെ പ്രഭവസ്ഥാനം. അതിന് സൗന്ദര്യശാസ്ത്രവുമായി ഉറ്റബന്ധമുണ്ടുതാനും. ‘സത്യം ശിവം സുന്ദരം’ എന്നതിലെ ‘ശിവം’ ദൈവമല്ല, പ്രകൃതിയാണ്. സുന്ദരമായത് എപ്പോഴും സത്യമാകണമെന്നില്ലെങ്കിലും സത്യം എപ്പോഴും സുന്ദരമാണ്.
മാർക്‌സിസത്തെയും ആത്മീയതയെയും കുറിച്ചുള്ള ഒരു മികച്ച ഗ്രന്ഥത്തിൽ നിന്നുള്ള ഈ ഉദ്ധരണി എടുത്തെഴുതി ഇതവസാനിപ്പിക്കാം:
” മാർക്‌സിസം നിരീശ്വരമായിരിക്കുന്നതിന് കാരണം, നീരീശ്വരവാദം അതിലെ ലോകവീക്ഷണത്തിന്റെ അഭേദ്യമായ ഭാഗമായതിനാലാണ്. മതവും ആശയവാദവും മനുഷ്യരെ ഭൗതിക യാഥാർത്ഥ്യങ്ങൾക്ക് അപ്പുറത്തേക്ക് നിർബ്ബന്ധിതമായി ആനയിച്ച് അന്യവല്കരിച്ച് വിമോചനസാധ്യതകളെ ഇല്ലായ്മ ചെയ്യുമ്പോൾ, മാർക്‌സിസം ഭൗതികയാഥാർത്ഥ്യങ്ങളുടെ സത്യാത്മകതയും അനിവാര്യതയും തിരിച്ചറിയുന്നു. അത്തരം നിരീശ്വരവാദം മനുഷ്യത്വത്തിന്റെ നിരാസമല്ല, അതിന്റെ പ്രകടരൂപമാണ്; അന്ത്യവിധികളെക്കുറിച്ചുള്ള വ്യത്യസ്തമായ സിദ്ധാന്തമാണ്. അധിഭൗതികതയെ നിരാകരിക്കുകയെന്നത് മാർക്‌സിസ്റ്റുകളെ സംബന്ധിച്ച് ഒരു കുറ്റമല്ല, മറിച്ച് മികവാണ്; കാരണം ആ നിരാകരണം മനുഷ്യന് സ്വയം വീണ്ടും കണ്ടെത്താനുള്ള വഴിത്താരയാണ്.”
ജി. മധുസൂദനൻ
കൊല്ലം സ്വദേശി. കൊല്ലം എസ്. എൻ. കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദാനന്തര ബിരുദം. 1976 മുതൽ ഐ.എ.എസ്.-ൽ (മഹാരാഷ്ട്ര കേഡർ). മലയാളത്തിൽ ഇതുവരെ ഏഴ് കൃതികൾ പ്രസിദ്ധീകരിച്ചു: കഥയും പരിസ്ഥിതിയും, ഭാവുകത്വം 21-ാം നൂറ്റാണ്ടിൽ, ഹരിതനിരൂപണം മലയാളത്തിൽ (എഡിറ്റർ), ജി. പ്രണാമം (എഡിറ്റർ), ഭാവനയുടെ ജലസ്ഥലികൾ, എൻ.വി.യുടെ പരിസ്ഥിതിചിന്തകൾ (എഡിറ്റർ). നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി. വികസനം, ബദൽഊർജ്ജം എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷിൽ നാല് ഗ്രന്ഥങ്ങളും, പരിസ്ഥിതി, സുസ്ഥിരവികസനം, ഹരിത ഊർജ്ജം എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും
Be the first to write a comment.