സംഘപരിവാർ ഉയര്‍ത്തിയ അന്ത:സാര ശൂന്യവും സംസ്കാര വിരുദ്ധവുമായ അക്രമ- അവഹേളനങ്ങളുടെ കടുത്ത ഭീഷണിയെത്തുടർന്ന് യുവ എഴുത്തുകാരന്‍ എസ്.ഹരീഷ് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച തന്‍റെ നോവല്‍ നോവൽപിൻവലികാന്‍ നിബദ്ധിതനായ സാഹചര്യം സമാനമായ പശ്ചാത്തലത്തില്‍ തമിഴ് നാട്ടിലെ എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് സംഭവിച്ചതിനേക്കാള്‍ ഗൌരവതരമായ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് വെളിവാക്കിയിരിക്കുകയാണ്. ഹരീഷിന്റെ കുടുംബത്തെയും കുട്ടികളെയും തിരഞ്ഞു പിടിച്ചു സൈബര്‍ ആക്രമണത്തിന് വിധേയരാക്കി ഹിന്ദുത്വ ശക്തികള്‍ നടത്തിയ നീചമായ ആക്രമണമാണ് അദ്ദേഹത്തെ നോവല്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്. പെരുമാള്‍ മുരുഗന് തന്റെ എഴുത്തു നിര്ത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം ദക്ഷിണേന്ത്യയില്‍ പടരുന്ന പരിവാര്‍ രാഷ്ട്രീയത്തിന്റെ അക്ഷര വിരുദ്ധതയുടെതായിരുന്നു. സഹ്യന് ഇപ്പുറത്തേക്ക് അനായാസം അത് കടന്നു വന്നിരിക്കുന്നു.
ഹരീഷ് സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കഥകള്‍ കേരള ചരിത്രത്തിലെ സങ്കീര്‍ണ്ണമായ ഏടുകളില്‍ നിന്ന് രാഷ്ട്രീയോര്‍ജ്ജം നേടുന്നവയാണ്. പുതിയ കാലത്തിന്റെ മനസ്സില്‍ കാലൂന്നിക്കൊണ്ടാണ് തന്റെ ചരിത്ര വായനകള്‍ ഹരീഷ് നിര്‍വഹിച്ചിട്ടുള്ളത്. ഏതാണ്ട് ഒരു ദശാബ്ദത്തിനു മുന്‍പ് ഞാന്‍ എഴുതിയ “ജാതിയുടെ ഭാവി രസവിദ്യകള്‍” എന്ന ലേഖനം അവസാനിപ്പിച്ചത് ആയിടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഒരു കഥയില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചു കൊണ്ടായിരുന്നു. അക്കാലത്ത് തന്നെ അദ്ദേഹം വലിയ ഉള്‍ക്കാഴ്ചകള്‍ ഉള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍ പെടുകയും കഥാസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ വ്യക്തമായ സാന്നിദ്ധ്യം ഞാന്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.
അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ഉണ്ടായ ആക്രമണം വായനയുടെ കേവലമായ പരിമിതിയില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയുടെ പേരിലാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത്തരം തെറ്റിദ്ധാരണകള്‍ഉണ്ടായിട്ടുള്ളവര്‍ ഉണ്ടാകാം. പക്ഷെ ഇതുണ്ടായത് മത വിഭാഗീയതയുടെ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ പഴുതുകള്‍ നോക്കി നടക്കുന്ന ഹിന്ദുത്വ തന്ത്രത്തിന്റെ ഗവേഷണ ശാലയില്‍ നിന്നാണ്. വലിയൊരു കാന്വാസ്സിലേക്ക് വികസിക്കുന്ന ഒരു നോവലിന്റെ ആദ്യ അദ്ധ്യായത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ചെറിയൊരു സംഭാഷണ ശകലത്തില്‍ പിടിച്ചു തൂങ്ങിക്കിടന്നുകൊണ്ട് ദിവസങ്ങളോളം കൊലവിളികള്‍ ഉയര്‍ത്തിയ സംഘദുര്ബോധം നമ്മുടെ നൈതികാവബോധത്തെയും സാംസ്കാരികതയേയും ജനാധിപത്യ വിരുദ്ധതയുടെ പാതാളക്കിണറ്റിറിലേക്ക് ചവിട്ടി വീഴ്ത്തിയിരിക്കുകയാണ്.
കേരളത്തെ തൊട്ടു ആണയിടാന്‍ ഞാനില്ല. കാരണം എന്റെ ജീവിതകാലത്ത് എന്റെ കണ്മുന്നില്‍ ആണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. എണ്‍പതുകളില്‍ ഭഗവാന്‍ കാലു മാറുന്നു എന്ന നാടകത്തിനെതിരെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു ആരംഭിച്ച സംഘ പരിവാര്‍ വിരുദ്ധ രാഷ്ട്രീയമാണ് എന്റേത്. കൂടുതല്‍ കൂടുതല്‍ ആ ശക്തിക്ക് മുന്നില്‍ ഈ ചെറിയ പ്രദേശം വഴങ്ങികൊടുക്കുന്നത് കണ്ടുകൊണ്ടുതന്നെയാണ് ഞാന്‍ എന്റെ രാഷ്ട്രീയബോദ്ധ്യങ്ങളെ ദൃഡപ്പെടുത്തിയത്. ഇന്നത് ഒരു യുവ എഴുത്തുകാരനെക്കൊണ്ട് അയാളുടെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു കൃതി പിന്‍വലിപ്പിക്കാന്‍ ശക്തി നേടിയിരിക്കുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യരും ഞടുങ്ങേണ്ട സന്ദര്‍ഭം ആണിത്. ശക്തമായ പ്രതിഷേധം എല്ലാ രംഗത്തുനിന്നും ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന് ഞാന്‍ കരുതുകയാണ്. ജീവനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എന്തെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി എത്രയും പെട്ടെന്ന് ഹരീഷിനെയും വീട്ടുകാരെയും സന്ദര്‍ശിക്കുകയും ഇത്രയും ഹീനമായ ആക്രമണം ഒരു എഴുത്തുകാരനെതിരെ ഉണ്ടായപ്പോള്‍ ചെറു വിരല്‍ പോലും അനക്കാതെ തലപൂഴ്ത്തിയിരുന്ന തന്റെ പോലീസിനോട് കാരണം ചോദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.
എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല. ഈ രാഷ്ട്രത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശമാണു. ആ അവകാശം സംരക്ഷിക്കാന്‍ ബാദ്ധ്യതപെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയെങ്കിലും ജാഗ്രതയോടെ ഇടപെടണ്ടതുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ജന്മിത്വ വിരുദ്ധ- കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ ചരിത്രത്തിലെ ഓരോ ഈടുവയ്പ്പുകളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികളോടുള്ള നിരന്തരമായ പോരാട്ടത്തില്‍ ഉത്തമ ബോദ്ധ്യത്തോടെ മുന്നോട്ടുപോവുക എന്നത് ജനാധിപത്യവിശ്വാസികളുടെ കടമയും കര്‍ത്തവ്യവുമാണ്.
Be the first to write a comment.