“Let the author be resurrected to what he is best at. Write.” – From Madras High Court’s judgement resurrecting writer Perumal Murugan.

പെരുമാൾ മുരുഗനെ തിരിച്ചുകൊണ്ടുവന്നുകൊണ്ട്, ഉയിർത്തെഴുന്നേൽപ്പിച്ചുകൊണ്ട്, മദ്രാസ് ഹൈക്കോടതി നടത്തിയ പ്രസ്താവത്തിൽ നമ്മുടെ വിക്ടോറിയൻ സദാചാരത്തെ പരിഹസിച്ചുകൊണ്ട് പിക്കാസോയെ ഉദ്ധരിക്കുന്നുണ്ട്- കല പാവനമായതല്ല, പാവനമായതൊന്നും കലയുമല്ല. ഫാസിസത്തിന്റെ കാലത്ത് വർഗീയത കലയിൽ നശീകരണസ്വഭാവത്തോടെ ഇടപെടുന്നത് അല്പകാലം മുൻപ് വരെ നമുക്ക് ദൂരക്കാഴ്ചയായിരുന്നെങ്കിൽ ഇന്നങ്ങനെയല്ല, മലയാളത്തിന്റെ മണ്ഡലങ്ങളിലും അത് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. റിയാസ് കോമുവിന്റെ നാരായണഗുരുശില്പചിത്രവും ടോം വട്ടക്കുഴിയുടെ അന്ത്യഅത്താഴചിത്രവും യഥാക്രമം ഹൈന്ദവ, ക്രൈസ്തവ മതഭ്രാന്തരുടെ അട്ടഹാസങ്ങളെത്തുടർന്ന് ഭാഷാപോഷിണി പിന്വലിച്ചതും, എം എം ബഷീറിന്റെ രാമായണപാഠങ്ങൾ വിരലിലെണ്ണാനില്ലാത്ത ഹനുമാൻസേനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മാതൃഭൂമി നിർത്തിവച്ചതും പി ജിംഷാർ എന്ന നോവലിസ്റ്റ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന പുസ്തകത്തിന്റെ പേരിൽ മുസ്ലീം വർഗീയവാദികളുടെ ആക്രമണത്തിനിരയായതുമൊക്കെ ഇക്കഴിഞ്ഞ കൊല്ലങ്ങളിലാണ്. ഇവിടെത്തന്നെയാണ് ജയൻ ചെറിയാൻ എന്ന സംവിധായകൻ ഒറ്റയ്ക്ക് സംഘപരിവാറിനെതിരെ ചെറുത്തുനിന്നുകൊണ്ട്  വെട്ടിയും മുറിച്ചും ഒരുപാട് പരിക്കുകളേറ്റ തന്റെ ‘ക ബോഡിസ്കേപ്സ്’ എന്ന സിനിമയ്ക്ക് ഒടുവിൽ ലഭ്യമായ സർട്ടിഫിക്കറ്റും പിടിച്ചുകൊണ്ട് നിൽക്കുന്നതും. ഇതാ ഒടുവിൽ എസ് ഹരീഷ് എന്ന പുതുമലയാളസാഹിത്യത്തിലെ പ്രതിഭാധനനായ ഒരെഴുത്തുകാരന്റെ നോവലായ “മീശ” ഹൈന്ദവമതഭ്രാന്തരുടെ കൊലവിളികൾ മൂലം നിർത്തിയിരിക്കുന്നു. ലളിതമാണ്. അപ്പോൾ ഇതാണ് നാം കൊട്ടിഘോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന പുരോഗമനകേരളസാംസ്കാരികരംഗത്തിന്റെ അസൽ ചിത്രം.. അഥവാ ഇത്രയേയുള്ളൂ തൽക്കാലം അതിന്റെ വലിപ്പവും കരുത്തും.

ഇനിയുമേറെ വികസിക്കുവാനുള്ള നോവലിന്റെ രണ്ടാം ലക്കത്തിൽ നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ഒരു സംഭാഷണത്തിൽ കുറ്റം ആരോപിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചുകാലങ്ങളായി എഴുത്തുകാരനെതിരെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു നേരെപോലും നടന്നുവന്ന സാംസ്കാരിക ഫാസിസ്റ്റ് ആക്രമണങ്ങൾ  ഒടുവിൽ നോവൽ പിന്വലിക്കാൻ എഴുത്തുകാരനെ നിർബന്ധിതനാക്കിയിരിക്കുന്നു.

ഏതൊരു കലാസൃഷ്ടിയും ചെയ്യാതെ/ നടക്കാതെ പോയ ഒരു കുറ്റകൃത്യമാണു – “Every work of art is an uncommitted crime”- എന്ന് സാമൂഹ്യവിമർശകനും തത്വചിന്തകനുമായ തിയഡോർ അഡോർണോ നിരീക്ഷിക്കുന്നു. സമൂഹത്തിന്റെ പൊതുമനഃസാക്ഷിയെ മുറിവേൽപ്പിക്കുന്ന ഒന്നിനെയാണു ക്രൈം എന്ന് വിശേഷിപ്പിക്കുക എന്ന്  ആധുനിക സാമൂഹ്യശാസ്ത്രത്തിലെ അഗ്രഗാമിയായ എമിലി ദർഖെയിം. കളക്റ്റീവ് സെന്റിമെന്റ്സ് എന്നത് നല്ലതോ ചീത്തയോ (പുരോഗമനപരം X പിന്തിരപ്പൻ) ആകാം. ചീത്തതിനെയാണു മുറിവേല്പിക്കുന്നതെങ്കിൽ ആ അപരാധം/ ക്രൈം നല്ലതാണെന്നു വരുമെന്നും അത് കലയുടെ ധർമ്മമാണെന്നുമാണു ദർഖെയിം ഫലത്തിൽ പറഞ്ഞുവയ്ക്കുന്നത്. അഡോർണോ ആവർത്തിക്കുന്നതും അത് തന്നെ. ഒരു അനീതി നടന്ന നഗരം  അന്ന് രാത്രിയ്ക്കകം ചാമ്പലാകണമെന്ന് ബ്രെഹ്റ്റ് രൂക്ഷമാകുന്നിടത്തോളം തന്നെയാണു കലയെ മഹാപരാധം അഥവാ ക്രൈം എന്ന് പറയുന്നതിലൂടെ ദർഖെയിമും എത്തുന്നത്. – ഇത്രയും മുൻപുമിവിടെ എഴുതിയിട്ടുള്ളതാണ്. കലയിലെ തിന്മയെന്നാൽ നല്ലതിനുവേണ്ടിയുള്ള ആഹ്വാനമാണ്. ഇനി ഇങ്ങനെയൊന്നുമല്ലെങ്കിൽ കൂടി ആശയപ്രകാശനത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈവയ്ക്കാൻ ഒരാൾക്കും അവകാശമില്ല. സൃഷ്ടിക്ക് ഇന്നയിന്ന ഉദ്ദേശലക്ഷ്യങ്ങൾ വേണമെന്നും അതിനു ഇന്നയിന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും പറയുന്നതിൽക്കവിഞ്ഞ് ഭോഷ്ക്കൊന്നുമില്ല. കലയെന്നാൽ നിങ്ങൾ സംസാരിക്കുന്നതോ ചിന്തിക്കുന്നതോ ആയ തരത്തിൽ  ഒന്നായിരിക്കണമെന്ന് വാശിപിടിക്കരുത്. അത്  അതിന്റെ സൃഷ്ടികർത്താവ് അനന്തതയുമായി നടത്തുന്നൊരു പാരസ്പര്യത്തിന്റെ ഭ്രാന്തമായ കല്പനകളുമാകാം. നിങ്ങൾക്ക് അത് മനസ്സിലാക്കാനും ആസ്വദിക്കാനുമുള്ള വളർച്ചയില്ലാ എന്നുള്ളത് സ്രഷ്ടാവിന്റെ കുഴപ്പമല്ല. പെരുമാൾ മുരുഗനെ  ഉയിർത്തെഴുന്നേൽപ്പിച്ച് തിരിച്ചുകൊണ്ടുവന്നുകൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞതാണ് കൃത്യമായത്. നിങ്ങൾക്കൊരു പുസ്തകം ഇഷ്ടമല്ലായെങ്കിൽ അത് കത്തിക്കാനോ എഴുത്തുകാരനെ ക്രൂശിക്കാനോ നിങ്ങൾക്ക് അവകാശമില്ല. പകരം അത് വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ.

എഴുത്തുനിർത്തേണ്ടി വരുന്ന എഴുത്തുകാരനെ തള്ളിപ്പറയാൻ, അയാളുടെ ധീരതയെ ചോദ്യം ചെയ്യാൻ ഞങ്ങൾ അശേഷം തയ്യാറല്ല. എഴുത്തുകാരന്റെ ആഹ്വാനത്തിനനുസരിച്ച്, അയാൾക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാനും എഴുത്തുകാരനോട് ഐക്യദാർഢ്യം പറയാനും അവസരത്തിനൊത്ത് ഉയരാനാകാതെയും പോയ ഒരു സമൂഹമാണ് ഇവിടെ പ്രതിസ്ഥാനത്ത്.

മുകളിൽ പറഞ്ഞുകഴിഞ്ഞതുപോലെ, നമ്മുടെ മുഖ്യധാരാമാധ്യമങ്ങളിൽ നിന്നും ഇതിൽനിന്നു വിരുദ്ധമായ ഒരുനിലപാട്, ആർജ്ജവമുള്ള ഒരു നിലപാട് വെറുതേ മോഹിക്കാമെന്നേയുള്ളൂ എന്ന സ്ഥിതിയാണ്. കേരളത്തിന്റെ ആശയപ്രചരണമണ്ഡലത്തിൽ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളായ മനോരമയും മാതൃഭൂമിയും മതവർഗ്ഗീയവാദത്തോടും അതിന്റെ പൊളിറ്റിക്കൽ എക്കണോമിയോടും പഞ്ചപുച്ഛം വണങ്ങിനിൽക്കുന്ന കാഴ്ചയേ കാണാനായിട്ടുള്ളൂ. ഹരീഷിനോട് സ്വകാര്യമായും മൗനത്തിലും മാതൃഭൂമി എന്തെങ്കിലും ഐക്യദാർഢ്യം അറിയിച്ചിരുന്നോ എന്നറിയില്ല, അത് പ്രസക്തവുമല്ല. ഹരീഷിനെതിരെ ഹിന്ദുത്വമെഷീനറി വാളോങ്ങിയപ്പോൾ ഫാസിസ്റ്റുകാലത്തെ ആ നിമിഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, അതിനെ ഉപയോഗപ്പെടുത്തുക എന്ന സാമൂഹ്യപരമായ കർത്തൃത്വത്തെ മനസ്സിലാക്കി, ഒപ്പം തങ്ങളുടെ എഴുത്തുകാരനെന്ന പ്രത്യേക ഉത്തരവാദിത്തവും കൂടി ഏറ്റെടുത്ത് വർഗ്ഗീയതയ്ക്കെതിരെ, എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വലിയൊരു സമരമുഖം തുറക്കാൻ അവർ തയ്യാറാകണമായിരുന്നു. ഇക്കാര്യത്തിലും എം എം ബഷീറിന്റെ രാമായണപാഠം മാതൃഭൂമി നിർത്തിവച്ചപ്പോൾ എടുത്ത അതേ നിലപാടുതന്നെയാണ് നവമലയാളിക്ക് ഇന്നും.

നമ്മുടെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ മണ്ഡലങ്ങളിൽ എടുത്തുപറയത്തക്ക ശക്തമായ സാന്നിധ്യമൊന്നുമില്ലാഞ്ഞിട്ടും സംഘപരിവാർ ഫാസിസം പത്തിവിടർത്തി ആടിത്തിമിർക്കുകയാണ്. ഇവിടുത്തെ സർക്കാരിനും പുരോഗമനരാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ഒരെഴുത്തുകാരൻ ഏകാകിയായി, അനാഥനായി, എഴുത്ത് നിർത്തിവയ്ക്കേണ്ടിവന്ന ഒരു സ്ഥിതിയിലേക്ക് നടന്നുപോകേണ്ടിവന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കാൻ കഴിയില്ല. രാഷ്ട്രീയത്തിന്റെ സൗന്ദര്യവൽക്കരണവുമായി ഫാസിസം കളം നിറയുന്ന കാലത്ത് പ്രതിരോധം കലയുടെ രാഷ്ട്രീയവൽക്കരണമാണെന്ന വാൾട്ടർ ബെഞ്ചമിന്റെ നിരീക്ഷണം പ്രസക്തമാണ്. കലയുടെ രാഷ്ട്രീയവൽക്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുള്ള ബാധ്യത ഇടതുപക്ഷവും മറ്റ് രാഷ്ട്രീയകക്ഷികളും നിറവേറ്റേണ്ടതുണ്ട്. എഴുത്തുകാരനു പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ട്. സർഗ്ഗപ്രക്രിയയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വർഗ്ഗീയതയുടെ കടന്നുവരവിനെ ചെറുക്കാനായി പ്രചരണം സംഘടിപ്പിക്കേണ്ടതുണ്ട്.

താല്പര്യമില്ലാത്തവർക്ക് അയാളുടെ സാഹിത്യം വായിക്കാതിരിക്കാം, വലിച്ചെറിയാം. പക്ഷേ സാംസ്കാരികകേരളത്തിനു വലിച്ചെറിയാനുള്ളത് നമ്മുടെ പ്രകാശനത്തിന്റെ സ്വതന്ത്രലോകത്തേക്ക് രഥമുരുട്ടുന്ന ഹിന്ദുത്വയുൾപ്പടെയുള്ള വർഗ്ഗീയവിഷങ്ങളെയാണ്. അതിനു സന്നാഹങ്ങളൊരുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

അയാൾ ഒറ്റയ്ക്കല്ല എന്ന് സാംസ്കാരിക രാഷ്ട്രീയ കേരളം ഒന്നടങ്കം എഴുത്തുകാരനെ ചേർത്തുപിടിച്ചുകൊണ്ട് വിളിച്ചുപറയേണ്ട മുഹൂർത്തമാണിത്.  അത്തരത്തിലൊരു ഒത്തൊരുമ അതിലേക്ക് നയിക്കുമെന്നുള്ള ശുഭപ്രതീക്ഷയുണ്ട് – നാമേവരും കൈകോർത്തുപിടിച്ചുകൊണ്ട് ആ എഴുത്തുകാരനെ ഉയിർത്തെഴുന്നേൽപ്പിക്കേണ്ടതുണ്ട്. അയാൾ ഏറ്റവും മനോഹരമായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യത്തിലേക്ക് – എഴുത്തിലേക്ക്. ഹരീഷിനൊപ്പം നിൽക്കുക.

Comments

comments