“വെനീസ്, അനുമാനങ്ങളെ നിരാകരിക്കുന്നു. അതിന്റെ യാഥാർത്ഥ്യം അത്രയേറെ മൗലികവും ഉപമയില്ലാത്തതുമാണ്. ഭരണാധികാരികളുടെ താൽപ്പര്യങ്ങളോ ശിൽപ്പികളുടെ ഭാവനാശേഷിയോ അല്ല വെനീസിന്റെ നാഗരാകൃതി നിരൂപിച്ചിട്ടുള്ളത്; ആഡ്രിയാറ്റിക്കിന്റെ ചതുപ്പുനില പ്രകൃതിയാണ്. അതുകൊണ്ടു തന്നെ അതു മനുഷ്യഭാവനയ്ക്ക് അന്യമാണ്.” (പേജ് 317, രവീന്ദ്രന്റെ യാത്രകൾ)

എങ്ങനെയാണൊരെഴുത്തുകാരൻ അപരിചിത ദേശവിദേശങ്ങളിലൂടെയുള്ള കൂട്ടം തെറ്റിയുള്ള മേച്ചിലുകൾ പിന്നീടോർത്തെടുത്തു വിവരിക്കുന്നത്? യാത്രാവിവരണങ്ങളിലൂടെravi-yathrakal-c-1 ഉടനീളം പ്രകടമാവുന്ന മനോഭാവം ഏതു തരത്തിലുള്ളതാണ്? എത്തിച്ചേർന്ന സ്ഥലത്തിന്റെ അനുകൂല പ്രചാരകനായി വായനക്കാരെ നേരനുഭവമല്ലാത്ത വിവരങ്ങൾ അറിയിക്കുന്നൊരാൾ മാത്രമായി യാത്രാവിവരണക്കാരൻ മാറുന്ന വിരസ സഞ്ചാര സാഹിത്യമുണ്ട്. കയറിയ വിമാനം മുതൽ പേനയും കണ്ണും കർത്തവ്യബോധത്തോടെ ഒന്നും വിടരുതെന്ന ബോധ്യത്തോടെ തുറന്നുവയ്ക്കുന്നവരുണ്ട്. സന്ദർശിക്കുന്ന സ്ഥലങ്ങളെ കുറിച്ചു വേണ്ടത്ര ഗൃഹപാഠമില്ലാതെ, അറിവില്ലായ്മ കൊണ്ടുണ്ടാവുന്ന നിസ്സാര അബദ്ധങ്ങൾ ഗ്രാമീണമായൊരു ആഹ്ലാദഭാവത്തോടെത്തോടെ വായനക്കാരുമായി പങ്കുവക്കുന്നവരുണ്ട്. ചെന്ന ഇടത്തെ ജനജീവിതത്തെ കുറിച്ചു ആരെങ്കിലും പറഞ്ഞുകേട്ട കെട്ട വിവരങ്ങൾ പോലും, ഒട്ടും വസ്തുതാപരമല്ലെന്നറിഞ്ഞിട്ടും, വായനക്കാർക്കു മുമ്പിൽ നിരുത്തരവാദിത്വത്തോടെ വിളമ്പി വിസിലടിച്ചു രസിക്കുന്നവരുണ്ട്. പുസ്തകത്തെ തികഞ്ഞ ഗൗരവത്തിൽ ഒരു വിശ്വവിജ്ഞാനകോശമാക്കി മാറ്റുന്നവരുണ്ട്. കൊച്ചുകുട്ടികളുടെ ഉല്ലാസഭാവത്തോടെ എന്തും വിസ്മയഭാവത്തോടെ കണ്ടു വാതുറന്നു വണ്ടറടിക്കുന്നവരുണ്ട്. സൗജന്യ യാത്ര ഇഷ്ടപ്പെടാത്തവർ പോലും സഞ്ചാരസാഹിത്യം വായിക്കാൻ കൗതുകപ്പെടുന്നു.

എസ് കെ പൊറ്റെക്കാട്, എൻ വി കൃഷ്ണ വാരിയർ, എം പി വീരേന്ദ്രകുമാർ, എം ടി വാസുദേവൻ നായർ, പുനത്തിൽ, സച്ചിദാനന്ദൻ, സക്കറിയ തുടങ്ങി ഫേസ്‌ബുക്കിൽ വരുന്ന യാത്രാകുറിപ്പുകൾ വരെ ഞാൻ സമയം കിട്ടുമ്പോഴെല്ലാം കൗതുകത്തോടെ പിന്തുടരുന്നു. സവിശേഷമായി തോന്നുന്ന ഇടങ്ങളെ കുറിച്ചു ഗൂഗിൾ ചെയ്തു കിട്ടുന്ന യൂട്യൂബ് വീഡിയോ കുടുംബത്തോടൊപ്പം കണ്ടു നോക്കുന്നു. കേബിളിൽ ട്രാവൽ ചാനലുകൾ പലപ്പോഴും കാണുന്നു. ഈ ജീവിതത്തിനിടയിൽ, കേട്ടും വായിച്ചുമറിയുന്ന അതിവിചിത്രദേശങ്ങൾ എന്റെ സുരക്ഷിത മേഖലയായ ഈ വായനാമുറി വിടാതെ, സൈബർ, അച്ചടി മാധ്യമങ്ങൾ വഴി വായിക്കുന്ന എനിക്കു എന്തു കൊണ്ടാണ് ചിന്താ രവിയുടെ യാത്രാ വിവരങ്ങൾ മാത്രം വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നത്?

ആവിഷ്കാരത്തിൽ രവിയുടെ മനോഭാവത്തിന്റെ പ്രത്യേകതയാണ് കാരണം. അതെന്തെന്നു ഞാൻ വ്യക്തമാക്കാം നിരൂപകൻ ആഷാമേനോൻ കഴിഞ്ഞാൽ ഗദ്യത്തിൽ ഏറ്റവും അധികം സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്ന എഴുത്തുകാരനാണ് രവീന്ദ്രൻ. എന്നാൽovvijayan-c-6 ആഷാമേനോൻ ഉപയോഗിക്കുന്ന ‘വഴുവഴുപ്പുള്ള’ ആത്മീയ പദാവലിയല്ല ഭാഷാനവീകരണത്തിൽ ചിന്താരവിയുടെ ‘പ്രവർത്തന മൂലധനം’. ഒരു ക്ലാസ്സിക് ശിൽപ്പിയുടെ ഉളി വെണ്ണക്കല്ലിൽ നിന്നു സ്ഥൂലത വെട്ടിനീക്കിയ പോലെ ആകർഷകമായി തോന്നുന്ന, കൃത്യം വാക്കുകൾ കൊണ്ടു കണ്ട കാര്യങ്ങൾ കമനീയമായി പറയുന്ന ചിന്താരവിയുടെ കരവിരുത് മറ്റേതെങ്കിലും സഞ്ചാര സാഹിത്യകാരനിൽ കാണാൻ എനിക്കു കഴിഞ്ഞിട്ടില്ല. ഒ വി വിജയന്റെ ദാർശനികതയുടെ ഭാരം ചുമക്കുന്ന സംസ്കൃതമലയാളത്തെ പരിഹസിച്ചവർ പക്ഷെ ചിന്താരവിയുടെ മലയാളത്തെ ‘തോണ്ടാൻ’ തുനിഞ്ഞിട്ടില്ല എന്നത് എഴുത്തുഭാഷയുടെ പരിചരണത്തിൽ കാണുന്ന ജാഗ്രത നിറഞ്ഞ ആ ‘രവിമുദ്ര’യെ വ്യക്തമാക്കുന്നു.

പല കാലങ്ങളിലായി ഒന്നിലധികം പ്രാവശ്യം വായിക്കാൻ തോന്നിപ്പിക്കുന്ന ഈ രവീന്ദ്രൻ യാത്രാവിവരണങ്ങളുടെ സവിശേഷതയെന്താണ്? ഒന്നാമത് അവ പതിവ് യാത്രാ‘വിവരണ’ങ്ങളല്ല; സംക്ഷിപ്തയാണ്. ക്ഷുദ്രവിശദശാംശങ്ങൾ തീർത്തും ഒഴിവാക്കിയിരിക്കുന്നു. ചപലവൃത്താന്തങ്ങൾ അശേഷം നമുക്ക് കൈമാറുന്നില്ല, സഞ്ചാരസാഹിത്യത്തിന്റെ സന്തതസഹചാരിയായ അത്യുക്തിയും താരതമ്യവും. ഒച്ച വച്ചു വായനക്കാരനോട് വിളിച്ചു കൂവുന്ന യാത്രികനായിട്ടല്ല രവി ഈ രചനകളിൽ വരുന്നത്. കാണുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും പലതും ആർജ്ജിത വിജ്ഞാനത്തിന്റെയും ആലോചനയുടെയും ബലത്തിൽ കൂട്ടി വായിച്ചു നവ സാമൂഹ്യനിരീക്ഷണങ്ങൾ നടത്തുന്ന സജീവചിന്തയുടെ തത്സമയ സ്വാധീനം ഈ ലേഖനങ്ങളിൽ വായനക്കാരന് കാണാനാവുന്നു. രവിക്ക് മുപ്പത്തെത്തും മുമ്പ് തുടങ്ങിയ ഈ യാത്രകളിൽ ആ വിധമൊരു ഉയർന്ന സാംസ്കാരിക ആലോചനയുടെ ആവിഷ്കാര പരിസരം ഉണ്ടായിട്ടും, അർഹിക്കുന്ന സാഹിത്യ പുരസ്‌കാരങ്ങൾ വരാൻ എന്തു കൊണ്ട് വൈകി എന്നത്, സാഹിത്യ പുരസ്‌കാരനിർണയത്തെ കുറിച്ചു അശുഭകരമായ എന്തോ സംശയം നമ്മോട് പറയുന്നുണ്ട്. കൃത്യമായി തിരഞ്ഞെടുത്തവാക്കുകൾ കൊണ്ടു (ഭാഷാപോഷിണി പത്രാധിപർ കെ സി നാരായണന്റെ അഭിപ്രായത്തിൽ ആശാൻ കൃതികളുടെ ആദ്യകാല സ്വാധീനം കാണുന്ന, സംസ്‌കൃതാഭിനിവേശമുള്ള) ആശയവിനിമയം സാധ്യമാക്കുന്ന, ഗംഭീരം എന്നൊക്കെ നിസ്സംശയം വിളിക്കാവുന്ന ഒരു നവ മലയാളഭാഷയുടെ കാര്യക്ഷമമായ പ്രയോഗം ആദ്യവായനയിൽ തന്നെ വായനക്കാരനു തോന്നുന്നു. രണ്ടാം വായനയിൽ ആ തോന്നലിനു ഉറപ്പു വരും. പദാവലിയുടെ സ്വീകരണത്തിലും പരിചരണത്തിലും കാണാം ആധുനികവും എന്നാൽ പ്രദർശനപരമല്ലാത്തതുമായ ഒരു ബൗദ്ധികസൂക്ഷ്മത.

രവിരചനകളിൽ ആവർത്തിച്ചു വരുന്ന രണ്ടു വാക്കുകൾ – കുലീനം, അഭിജാതം എന്നിവ – തെറ്റിദ്ധാരണാജനകമാണ്. (ശീതകാലയാത്രകൾ എന്ന പുസ്തകത്തിൽGrihadesarasikal-ravindran-3 കാണുന്ന പോലെ “ഇംഗ്ലീഷ് ഭൂരിപക്ഷ സാന്നിധ്യമുള്ള നഗരഭാഗങ്ങളിലെ വെള്ളക്കാർ നിറഞ്ഞ കുലീനവീഥികളിൽ പോലും തൊലിനിരത്തിന്റെ ഊക്കിൽ അവർക്കു തെരുവ്പ്രമാണിത്തം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല”, “ഹൈഗേറ്റ് പോലുള്ള അഭിജാതമായ അയൽപക്കങ്ങളുണ്ടെങ്കിലും”) ജാതീയസംഘർഷങ്ങളാൽ ശ്വാസം മുട്ടുന്ന ഇന്നത്തെ സാമൂഹ്യരാഷ്ട്രീയ പരിസരങ്ങളിൽ ഈ വാക്കുകൾക്ക് പൊതുസമൂഹം ബോധപൂർവം വാക്കിലും എഴുത്തിലും ഇന്ന് എത്രമാത്രം അയിത്തം കൽപ്പിക്കുന്നു എന്നു ഒരുപക്ഷേ അറിഞ്ഞിട്ടും എന്തു കൊണ്ടു ആ വാക്കുകൾക്ക് തന്റെ രചനയിൽ ‘അയഞ്ഞു മേയാൻ’ അവസരം കൊടുത്തു എന്നത് എന്നെ ഇന്നും കൗതുകപ്പെടുത്തുന്നു, വിസ്മയിപ്പിക്കുന്നു. അങ്ങനെ വാക്കുകളുടെ അപകടസാധ്യത അവഗണിക്കുന്ന കാണിക്കുന്ന ആളല്ല എഴുത്തുകാരൻ രവി. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ ഈ ‘പൊട്ട’ വാക്കുകൾ ‘സവർണ’ മേന്മ പ്രകടിപ്പിക്കുന്ന അയിത്ത പദാവലിയിലേക്ക്, സ്വാഭാവികമായ കഠിന വെറുപ്പോടെ പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട്. രവിയുടെ രാഷ്ട്രീയവും സാമൂഹ്യവും ആയ പുരോഗമന ശാഠ്യങ്ങൾ (അങ്ങനെ ഒന്നില്ലാതെ വരില്ല എന്നു തർക്കത്തിനായി പരിഗണിച്ചാൽ പോലും), അതു അദ്ദേഹത്തിന്റെ ദേശവിദേശ യാത്രാവിവരണങ്ങളിൽ വ്യക്തമായി കാണുക വായനക്കാർക്കു പ്രയാസമായിരിക്കും. ശബ്ദതാരാവലിയുടെയും പൊതുബോധത്തിന്റെയും അർഥസൂചനയിൽ നിന്നു മാറി “അറിവിന്റെയും ആലോചനയുടെയും ബലത്തിൽ, മാനസികതലത്തിലും പെരുമാറ്റത്തിലും ഒരു വ്യക്തിയിൽ സ്വാഭാവികമായി കണ്ടു വരുന്ന തെളിച്ചം” എന്ന വിശാലമായ മതേതര അർത്ഥമായിരിക്കില്ലേ രവി ഉദ്ദേശിച്ചത് എന്നു വേണം നാം സഹായകരമായി പറയാൻ

രവിയുടെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ  ഓരോ വർഷവുംഅനുസ്മരണ പ്രഭാഷണപരിപാടി  സംഘടിപ്പിച്ചുവരുന്നുണ്ട്. എന്നാൽ ആ പ്രഭാഷണങ്ങളിൽ ചലച്ചിത്രകാരൻ, യാത്രികൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ചിന്താരവിയെപ്പറ്റിയുള്ള ഓർമ്മകൾ ശുഷ്കമാണു. അതങ്ങനെ ഇത്തവണയും ആയിക്കൂടാ എന്ന് ഞാൻ വിചാരിക്കുന്നു. പ്രഭാഷണത്തിന് വരുന്ന ഈ പ്രമുഖ ക്ഷണിതാക്കൾ രവിയെ കുറിച്ചു അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ, ക്ഷണത്തിനൊപ്പം എത്തിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം അനുസ്മരണ പ്രഭാഷണ സംഘാടകർക്കു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുന്നു. രവിയുടെ മരണശേഷം ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകളുടെ ലിങ്കുകളെങ്കിലും അവർക്കു ഇമെയിൽ ആയി നേരത്തെ അയച്ചിരുന്നെങ്കിൽ എന്നു ഞാൻ സങ്കൽപ്പിക്കുന്നു. അനുസ്മരണ പ്രഭാഷണത്തിന് പുറമെ, ചിന്താരവിയുടെ ഓർമക്കായി ഒരു ഔദ്യോഗിക ഫേസ്ബുക് പേജ് തുടങ്ങി ലോകമെമ്പാടുമുള്ള രവിവായനക്കാർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും മൾട്ടി മീഡിയ ഉള്ളടക്കം ( രവിയുടെ/രവിയെ കുറിച്ചുള്ള ഫിലിം, ഫോട്ടോ, കുറിപ്പുകൾ, ഓർമകൾ) അപ്ലോഡ് ചെയ്യാൻ അവസരമുണ്ടാക്കുക എന്നതാണ്, യാന്ത്രികമായി ഒരനുഷ്ഠാനമായി ചെയ്തു വരുന്ന, ചെയ്തു തീർക്കുന്ന അനുസ്മരണപ്രഭാഷണങ്ങളെക്കാൾ ഉത്തമം എന്നു ഞാൻ കരുതുന്നു.

രവീന്ദ്രന്റെ രചനകൾ വായിക്കുക എന്നതാണ് എനിക്കു പ്രധാനം. എഴുതാൻ സാഹചര്യം ഉണ്ടായപ്പോൾ രവിയുടെ എന്റെ കേരളം എന്ന പുസ്തകത്തെ കുറിച്ചു മാതൃഭൂമി ആഴ്ചപ്പതിപ്പിലും സമാഹരിക്കപ്പെട്ട യാത്രാ പുസ്തകങ്ങളെ കുറിച്ചു മാധ്യമത്തിലും എഴുതി. ഇപ്പോൾ ഇതാ മുരളി ആവശ്യപ്പെട്ടപ്പോൾ നവമലയാളിയിലും.

“ജൂലായ് മാസാവസാനത്തോടെ റോമിൽ വേനലൊഴിവുകാലം തുടങ്ങുന്നു. ആഗസ്തിൽ മിക്ക റോമൻ കുടുംബങ്ങളും കടൽത്തീരങ്ങളിലേക്കു കുടിയേറും. വേനൽമാസങ്ങളിൽ അതിനാൽ റോമിൽ റോമാക്കാരേക്കാളേറെ വിദേശങ്ങളിൽ നിന്നുള്ള യാത്രക്കാരാവും” (പേജ് 385, രവീന്ദ്രന്റെ യാത്രകൾ)

അങ്ങനെ ഒരു ജൂലായ് മാസത്തിലാണ് അഞ്ചു കൊല്ലം മുമ്പ് ചിന്താരവി ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു ഇനി മടക്കമില്ലാത്ത വേറെ ഒരു യാത്രക്കായി പടിയിറങ്ങി പോയത്. അതോ, ഞാൻ അത്ഭുതപ്പെടുന്നു, റോമിലും ഫ്ലോറൻസിലും സ്വിസ്സ് മലനിരകളിലും ഒഡിഷയുടെ ഉൾപ്രദേശങ്ങളിലും അരുണാചലിലും ഇപ്പോഴും താങ്കൾ ഞങ്ങളറിയാതെ താങ്കളുടെ നിരീക്ഷണയാത്ര തുടരുകയാണോ? മടങ്ങി വരുമ്പോൾ, ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരുമായി ആ സാംസ്കാരികഗാഥ പങ്കിടാൻ? രോഗം വന്നു മരിച്ചു പോവാതെ താങ്കൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട എഴുത്തുകാരനായിരുന്നു.

Comments

comments