സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കുള്ള സാഹിത്യയാത്രകളാണ് ചെറുകഥകൾ. വലിയൊരു ഉറുമ്പിൻ പുറ്റിനു മുന്നിൽ കുറെ നേരം നിന്നശേഷം ഒരുറുമ്പിനെ പിടിച്ചു ഉള്ളം കയ്യിൽ വെച്ച് അതിന്റെ ചലനങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നതു പോലെയോ ഒരു ഉറുമ്പ് അത് യദൃശ്ചയാ വീണുപോയ വെള്ളത്തിൽ നിന്ന് കരകേറാൻ ശ്രമിക്കുന്നത് നോക്കിക്കൊണ്ടിരിക്കുന്നത് പോലെയോ ഉള്ള ഒരു വികാരമാണ് ചെറുകഥാപാരായണങ്ങൾ സൃഷ്ടിക്കുക. ആധുനികതയുടെ ഒരു സാഹിത്യോത്പന്നമെന്ന നിലയിൽ വളർന്ന ഗദ്യത്തിന്റെ പൂർത്തീകരണങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് നോവലിലും ചെറുകഥയിലും ആണെങ്കിലും അവതമ്മിൽ പരസ്പരാശ്രിതത്വം ഉണ്ടെന്നു പറയുക വയ്യ. പാടിനീട്ടിയാൽ ഗുരുക്കളാകുന്ന ചെറുകഥകളല്ല നോവലുകൾ, സംക്ഷേപിച്ചാൽ ചെറുതാകുന്ന നോവലുകളുമല്ല ചെറുകഥകൾ. കഥ പോലും പറയുന്ന ഒന്നല്ല ചെറുകഥകൾ ഇന്ന്. കെട്ടിലും മട്ടിലും ആഖ്യാന സ്ഥാനങ്ങളിലും ഒക്കെത്തന്നെ കഥകൾ മാറിപ്പോയിരിക്കുന്നു. പണ്ടൊരിടത്ത് എന്ന് തുടങ്ങുന്ന ഒരു ഭൂമികയോ ഉദ്ദേശിച്ച സമയക്രമത്തിനുള്ളിൽ തീരുന്ന ഒരു ആഖ്യാന ഉറപ്പോ ഇന്ന് ചെറുകഥകൾക്കില്ല. എന്തിനെയൊക്കയോ അടയാളപ്പെടുത്തലുകളായി അവ നിൽക്കുന്നു. ഉപേക്ഷിക്കപ്പെട്ട ശില്പങ്ങളെപ്പോലെയും പൂർത്തീകരിക്കാത്ത ചിത്രങ്ങളെപ്പോലെയും തുടക്കത്തിലേയ്ക്കും ഒടുക്കത്തിലേയ്ക്കും സന്നിഗ്ധതകൾ ബാക്കിവെച്ച് ഒരു മിയാസാക്കി സിനിമയുടെ അവസാനരംഗം പോലെ അത് കടലാസുകളിൽ നിന്ന് അല്പം ഇളകി മാറി നിൽക്കുന്നു.

ഇന്ന് എഴുതപ്പെടുന്ന എല്ലാ മലയാള കഥകളുടെയും ലോക കഥകളുടെയും ഒരു പൊതു സ്വഭാവമാണോ ഇപ്പറഞ്ഞതെന്നു പറയുവാൻ ഞാനാളല്ല. എന്നാൽ ഒരു പാട് കഥാകാരന്മാർ ഇത്തരത്തിൽ ഇന്ന് കഥകൾ എഴുതുന്നുണ്ടെന്നു മാത്രം പറയാം. അവരിൽ ഒരാളാണ് വി. ജയദേവ്. അദ്ദേഹം കവിയും പത്രപ്രവർത്തകനും കൂടിയാണ്. ഇത് രണ്ടുമല്ലെങ്കിലും അദ്ദേഹം കഥാകൃത്താണെന്നു തെളിയിക്കാൻ ‘ഭയോളജി‘ എന്ന ഒറ്റക്കഥാസമാഹാരം മാത്രം മതി. പേരിന്റെ പൂർവഭാഗം സൂചിപ്പിക്കുന്നത് പോലെ ഇത് ഭയത്തിന്റെ മാത്രം കഥകളല്ല. ഉത്തരാർത്ഥം പറയുന്നത് പോലെ ഇതൊരു ശാസ്ത്രകഥാ സമാഹാരമോ, cover(1)ആലങ്കാരികാർത്ഥത്തിലുള്ള വ്യംഗ്യസ്വാരസ്യത്തിന്റെ കഥകളോ അല്ല. എന്നാൽ ഇക്കഥകളിൽ പണ്ട് എം പി പോൾ ബഷീറിന്റെ ബാല്യകാലസഖിയെ അവതരിപ്പിച്ചു പറഞ്ഞതിനെ പിൻപറ്റി പറഞ്ഞാൽ ഭയത്തിന്റെ രക്തം പുരണ്ടിരിക്കുന്നു. ഭയം എന്നത് ഒരു തരാം ആത്മീയാനുഭവമാണ്. അതിനു രക്തവുമായി നേരിട്ട് ബന്ധമില്ല. ഭയത്തിന്റെ ഉപോത്പന്നങ്ങളാണ് രക്തവും ഇതര ശരീര സ്രവങ്ങളും. ഭയം അതിന്റെ അടിസ്ഥാനഭാവത്തിൽ എടുത്താൽ വളരെ വരണ്ടതും സ്ഥാനരഹിതമായതും സ്ഥിതപ്രജ്ഞനെക്കൂടി ചലിപ്പിക്കുന്നതും സംശയത്തിന്റെ ലൂതകളെ നെയ്തെടുക്കാൻ കഴിവുള്ളതുമായ അരൂപവും അപാരവുമായ ഒരു വികാരമാണ്. അതിനെ എങ്ങിനെ വേണമെങ്കിലും നമുക്ക് പ്രകടിപ്പിക്കാം- നിലവിളിച്ചു കൊണ്ട്, ബോധം കേട്ട് വീണുകൊണ്ട്, പിടഞ്ഞു കൊണ്ട്, തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടു. ഇല്ലെങ്കിൽ ഒളിച്ചിരുന്ന് കൊണ്ട്.

ഇതൊന്നുമല്ലാതെ തന്നെ ഭയത്തെ നേരിടാൻ കഴിയും അല്ലെങ്കിൽ അനുഭവിക്കാനാകും എന്നാണു ജയദേവന്റെ കഥകൾ പറയുന്നത്. അത് വലിയൊരു തിരിച്ചറിവുകൂടിയാണ് (അറിയുന്നതിനിനെ അറിയാതിരിക്കുമ്പോൾ ഓർമ്മപ്പെടുത്തുന്നതിലൂടെ ആ അറിവിനെ അംഗീകരിക്കുന്നതിനെക്കൂടി നാം തിരിച്ചറിവ് എന്ന് പറയുന്നുണ്ടല്ലോ. ആ അർത്ഥത്തിലാണ് നമുക്കറിയാത്തതൊന്നും നാം അറിയുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല എന്ന് പറയുന്നത്). ആ തിരിച്ചറിവാണ് ഭയത്തിന്റെ നേരിട്ട് കൊണ്ട് ജീവിക്കുക എന്നത്. ദൈനംദിനമായി അനുഭവിക്കുന്നതെന്തും ഒരു വേള പഴക്കമേറുന്നതു കൊണ്ടാകാം സ്വാഭാവികമായി തോന്നുന്നത്. അതിനാൽ എന്നും ഭയത്തിന്റെ നേരിടുന്ന നാം ഭയത്തെ ഭയമായല്ല കാണുന്നത്. അത് നമ്മിലേൽപ്പിക്കുന്ന സംത്രാസങ്ങളും രോഗങ്ങളും എല്ലാം തന്നെ നാം ജീവിതശൈലീജന്യങ്ങളായി കണക്കാക്കി സ്വാഭാവികതയെയും സാധാരണത്വത്തെയും വീണ്ടെടുക്കുന്നു. കഥാകാരൻ കാട്ടിത്തരുമ്പോഴാണ്, ഒറ്റയ്ക്കിരുന്നു വായിക്കുമ്പോഴാണ്, അല്ലെങ്കിൽ ഓഫീസിലേയ്‌ക്കോ മറ്റെവിടേക്കെങ്കിലുമോ ഉള്ള യാത്രയ്ക്കിടയിൽ വായിക്കുമ്പോഴോ ആണ് നാം ഈ ഭയത്തിന്റെ നേരിടുന്നത്. ഈ സാധാരണത്വങ്ങളെല്ലാം വേഷം മാറിനിൽക്കുന്ന ഭീകരതകൾ ആണെന്ന് നാമറിയുന്നു. അപ്പോൾ ഉണ്ടാകുന്ന പ്രധാന ചോദ്യം ഇതാണ്, എന്താണ് ഭയത്തിനും അപ്പുറത്തു നിൽക്കുന്ന സ്വാഭാവികത? എന്താണ് മനുഷ്യരുടെ ആദിമ നിഷ്കളങ്കത? അതെന്നെങ്കിലും മനുഷ്യന് ഇനി തിരിച്ചറിയാൻ കഴിയുമോ? ഈ ചോദ്യങ്ങളിലേക്കാണ് ജയദേവന്റെ കഥകൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആ ഏദൻ തോട്ടം സാധ്യമാണ്, പക്ഷെ ‘അതിനു നാം കൊടുക്കേണ്ടി വരും’ കാരണം ഒരു സാധാരണ മനുഷ്യന്റെ ഉള്ളിൽ ഇത്രയും ഭീതി നിറഞ്ഞിരിക്കുന്നു.

സംശയജന്യ രോഗമാണ് ഭയം. ജയദേവന്റെ കഥകൾ മനുഷ്യന്റെ ഭയത്തെക്കുറിച്ചുള്ളതാകുമ്പോൾ തന്നെ സംശയത്തെ കുറിച്ചുള്ളത്കൂടിയാകുന്നു. അവനിലേയ്ക്കും അവളിലേയ്ക്കും സംശയമുള്ള മനുഷ്യൻ ചുരുങ്ങിപ്പോകുന്നു. പുറകിൽ ഒരു കത്തി പിടിച്ചു കൊണ്ട് അവർ മുന്നിൽ സ്നേഹം നടിക്കുന്നു. അകാരണമായി എന്തോ തന്നെ പിന്തുടരുന്നതായി ഓരോ മനുഷ്യനും ശങ്കിക്കുന്നു. സ്വയം ഒരു കോട്ടയായി മാറുകയും അതിനുള്ളിലിരുന്നു തന്നിലേയ്ക്കുള്ള പടനീക്കങ്ങൾ ശ്രദ്ധിക്കുകയുമാണ് മനുഷ്യർ.എന്നാൽ എല്ലാം സ്വാഭാവികമാണെന്ന് കരുതാൻ അവൻ നിരന്തരം ശ്രമിക്കുന്നു. എന്തായിരിക്കാം ഈ സംശയങ്ങൾക്കും ഭയങ്ങൾക്കും കാരണം? നമ്മിലേക്ക്‌ സുരക്ഷിതത്വത്തിന്റെയും സുഖത്തിന്റെയും അനുഭവങ്ങളാണ്, നമ്മുടെ സ്വകാര്യ-പൊതു ഇടങ്ങളെ  നിർണ്ണയിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും വാർത്താമാധ്യമങ്ങളും പരസ്യ -വാർത്താ-ചർച്ചാ-വിനോദ രൂപങ്ങളിൽ തന്നു കൊണ്ടിരിക്കുന്നത്. അതിനിടയിൽ എവിടെയാണ് സംശയത്തിനും ഭയത്തിനും ഇടം? അപ്പോഴാണ് നാം ഈ കഥകൾക്കെല്ലാം പിന്നിൽ കുടികൊള്ളുന്ന കാലത്തെക്കുറിച്ചു ബോധമുള്ളവരാകുന്നത്. ഭൗതികമായ ഏതൊരു സുഖത്തിനും സുഖാന്വേഷണത്തിനും പിന്നിൽ കാലം ഒളിഞ്ഞിരിക്കുന്നു. ആ കാലത്തിന്റെ സ്വാധീനം തന്നെയാണ് മനുഷ്യനെ സംശയത്തിന്റെയും ഭയത്തിന്റെയും പരകോടിയിൽ കൊണ്ട് ചെന്ന് നിറുത്തുന്നത്. കാലത്തിൽ നിന്ന് വിമുക്തമായി മനുഷ്യജീവിതം നിർണ്ണയിക്കപ്പെടുന്നില്ല എന്ന ശാസ്ത്രീയമായ തീർപ്പാണ് ജയദേവന്റെ കഥകളിലെ ഭയമുൾപ്പെടെയുള്ള ഓരോ വികാരത്തെയും നിയന്ത്രിക്കുന്നത്. അത് മനുഷ്യനിലെ ഹിംസാത്മകതയെ പുറത്തു കൊണ്ട് വരുന്നു. നന്മ-തിന്മകളുടെ സാംഗത്യം എന്തെന്ന് ചോദ്യം ഉയർത്തുന്നു. പുതിയ നൂറ്റാണ്ടിലെ പ്രധാന ചോദ്യങ്ങളിൽ ഒന്നായി മാറിയേയ്ക്കാവുന്ന, ഒരു മനുഷ്യന് ഒരേ സമയം നന്മയും -തിന്മയും ഉള്ളവൻ/ഉള്ളവൾ ആകാൻ കഴിയുമോ എന്ന ചോദ്യം പ്രത്യക്ഷമായിട്ടല്ലെങ്കിലും ഈ കഥകളിൽ വന്നു കൊണ്ടേയിരിക്കുന്നു.

രണ്ടായിരത്തി പത്തു മുതൽ പതിനാറു വരെയുള്ള വർഷങ്ങളിൽ ജയദേവ് എഴുതിയതും വിവിധ മാസികകളിൽ അടിച്ചു വന്നതുമായ പത്തു കഥകളുടെ സമാഹാരമാണ് ഭയോളജി. നമ്മുടെ രാജ്യത്ത് ഇന്ന് പേര് പറയാൻ നാം മടിക്കുന്ന ഒരുതരം ഭീതി പടർന്നു പിടിച്ചിരിക്കുന്നു. അപരസ്വത്വങ്ങളെ നിരന്തരം നിർവചിച്ചുകൊണ്ട് രാജ്യസ്നേഹം വളർത്തുന്ന അസഹിഷ്ണുതാശാലികളായ, മുഖമില്ലാത്ത മനുഷ്യർ നയിക്കുന്ന ആൾക്കൂട്ടങ്ങളാണ് നമ്മുടെ രാജ്യത്തിൽ ഇന്ന് മേൽക്കോയ്മ നേടിയിരിക്കുന്നത്. അതിനു മൗനാനുവാദം നൽകുന്ന ഒരു ഭരണകൂടം. ചിലപ്പോൾ അധികാരികൾ തന്നെ പുറത്തു വരികയും ശത്രുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടു പിൻവാങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വാതന്ത്ര്യം ഉണ്ടാക്കിയ മുറിവ് ഉണങ്ങുന്നതിനു  പുതിയ മുറിവുകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മുടി വളർത്തുന്നതും പ്രണയിക്കുന്നതും ചുംബിക്കുന്നതും എന്തിനു രതി ക്രിയയിൽ ഏർപ്പെടുന്നത് പോലും രാജ്യസ്നേഹവും രാജ്യദ്രോഹവുമായി കണക്കാക്കപ്പെടാൻ സാധ്യതയുള്ള ഓർ കാലം വന്നു ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ആരാണ് ബന്ധു ആരാണ് ശത്രു എന്ന് തിരിച്ചറിയാതെ പോകുന്നു. ഇതൊരു ആശയക്കുഴപ്പത്തിൽ രാജ്യത്തെ ജനങ്ങളെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. ആ കാലത്ത് എഴുതപ്പെടുന്ന കഥകൾ ഭയത്തെയും സംശയത്തെയും അവയുടെ കാതൽ ആക്കാതെ ഇരിക്കില്ല. ജയദേവ് ആ കാലത്തെ ഉള്ളം കയ്യിൽ എടുത്തു വെച്ച് നോക്കുകയാണ്.

പത്തു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. എന്നാൽ അവയിൽ പലതും ഇത്തരമൊരു കാലം കൃത്യമായി തിരിച്ചറിയപ്പെടും മുൻപ് എഴുതിയവയാണ്. പ്രത്യേകിച്ചും ‘ഒരു കത്തിയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ മൂർച്ച’ എന്ന കഥ. രേണുക-പ്രസാദ് ദമ്പതികൾ കത്തിയുടെ മൂർച്ചയെ കുറിച്ചുള്ള ചർച്ചയിൽbhayo 3എത്തിപ്പെടുന്നതും, അഭയം തേടി ഓടിയെത്തുന്ന പെണ്കുട്ടിയുമായുള്ള സംവാദത്തിനൊടുവിൽ പരസ്പരം കുത്തുന്നതുമാണ് കഥ. പക്ഷെ കഥ വിവിധ സംശയങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. തുടക്കത്തിൽ ഞാൻ പറഞ്ഞത് പോലെ, യാദൃശ്ചികം എന്ന് തോന്നുന്ന പലതും യാദൃശ്ചികം അല്ലാതാകുന്നു. സംശയങ്ങൾ മനസ്സിനെ കടന്നാക്രമിക്കുന്ന. അതോടെ ശരി-തെറ്റുകൾ മായും വിധം വിദ്യാസമ്പന്നരായ മനുഷ്യർ പോലും മുഖമില്ലാത്ത ഒരു ആൾക്കൂട്ടമായി മാറുന്നു. സത്യത്തിൽ ഈ കഥയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ പിന്തുടരുന്നവർ രംഗത്തു വരുന്നത് പോലുമില്ല. എന്നാൽ അതിന്റെ ആസുരത മുഴുവൻ, നന്മയുടെ നിറകുടങ്ങൾ എന്ന് കരുതാവുന്ന ദമ്പതികളിൽ സംക്രമിക്കുകയാണ്. ഇതിനോട് തന്നെ ചേർത്ത് വെച്ച് വായിക്കാവുന്ന കഥയാണ് ‘ഭയോളജി’. സുകേശൻ എന്ന കൊല്ലൻ രാജ്യം മുഴുവൻ ശത്രുക്കളെ പേടിച്ചു വേഷം മാറി ജീവിക്കാൻ തുടങ്ങുമ്പോൾ, വേഷം മാറാതെ ഭാര്യയ്ക്ക് ഒരു കത്തി ഉണ്ടാക്കിക്കൊടുക്കാൻ തീരുമാനിക്കുന്നു. അയാളെ രാജ്യദ്രോഹിയാക്കാൻ ആ ഒരൊറ്റ കുറ്റം മതി. ‘ധനസഹായം ബാർ’ എന്ന കഥയിലാകട്ടെ, മനുഷ്യന്റെ ഹിംസാത്മകത അവനെ ക്രൂരതയുടെ ഭ്രമണപഥത്തിലേയ്ക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം പ്രക്ഷേപിക്കുന്നതിന്റെ കഥ പറയുന്നു. മൂന്നു കുടിയന്മാർ ജീവിതകാലം മുഴുവൻ സൗജന്യമായി കുടിക്കാൻ വേണ്ടി ഒരു കൊലപാതകം, ഒരു ആക്രമണം, ഒരു മാനഭംഗം എന്നിങ്ങനെ മൂന്നു പണികൾ ബാറുടമയ്ക്കു വേണ്ടി ഏറ്റെടുക്കുകയാണ് ഇക്കഥയിൽ. സമകാലിക ബാങ്കിങ് മുതൽ ബുദ്ധിജീവികളുടെ നിസംഗ ജീവിതം വരെ വന്നു പോകുന്ന ബാറിൽ നമ്മുടെ ആസുരകാലത്തിന്റെ നേർചിത്രം കാണാം.

സംശയങ്ങൾ മനസ്സിൽ വന്നു കയറിയാൽ പിന്നെ ഭയം പിന്നാലെയെത്തും എന്ന് പറയേണ്ടല്ലോ. അത് ഒരു ദമ്പതികളുടെ ആത്മഹത്യയിലേക്കു തന്നെ നയിക്കുന്ന കഥയാണ് ‘എൻ മകനെ’ പറയുന്നത്. രവിയും ശൈലജയും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ പോവുകയാണ്. ശൈലജയുടെ മനസ്സിൽ അവൾ എങ്ങോ കണ്ട ഒരു ചിത്രം വരുന്നു. തലവീർത്തു എല്ലുകൾ അലിഞ്ഞു ഒരു പുഴുവിനെ പോലെയായി അവളുടെ കണ്ണൻ. എൻഡോസൾഫാൻ എന്നൊരു വാക്കു പോലും ഉച്ചരിക്കാതെ ജയദേവ് അതിന്റെ ഒരു ഇരയുടെ ചിത്രം കണ്ട ഒരു യുവതിയുടെ മനസ്സിൽ ഉടലെടുക്കുന്ന സംശയത്തെയും ഭയത്തെയും അവതരിപ്പിക്കുന്നു. ഒടുവിൽ എ ഗർഭം അലസിപ്പിക്കുകയും, എന്നാൽ അതൊരു സമൂഹ വിഷയമായി മാറി ആ ദമ്പതികൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. സംശയം തുടരുകയാണ് ‘മാലാഖയന്ത്രം’, ‘ലക്ഷ്മണരേഖ; എന്നീ കഥകളിൽ. അച്ഛൻ എവിടെ പോകുന്നു എന്നറിയാൻ ഒരു ലൈ ഡിറ്റക്ടർ വാങ്ങുകയാണ് കുടുംബം. എന്നാൽ ക്രമേണ ഗൃഹനാഥൻ ഒഴികെ മറ്റാരുടെയും നുണകൾ യന്ത്രം കണ്ടെത്തുന്നില്ല. അത് അയാളെ ഭീതിയുടെ ലോകത്തേയ്ക്ക് പ്രക്ഷേപിക്കുന്നു. ലക്ഷ്മണരേഖയിൽ സ്വയം വരച്ച നിയമങ്ങളിൽ കണിശമായി ജീവിക്കുന്ന ഒരു മനുഷ്യന് ലോകത്തോട് തോന്നുന്ന സംശയങ്ങളും ഒടുവിൽ മരണം വരുന്നത് അയാൾ അറിയാതെ അറിയുന്നതുമാണ്.

കഥകളിൽ തെളിയുന്നത് മാജിക്കൽ റീയലിസമാണ്. നമുക്കറിയാവുന്നതും എന്നാൽ അറിയാത്തതുമായ ഇടങ്ങളിലാണ് കഥകൾ നടക്കുന്നത്. എല്ലാറ്റിനെയും അനുകരിക്കാൻ കഴിയുന്ന പ്രഗത്ഭനായ ഒരു മിമിക്രി കലാകാരന് ഒരു ദിനം കേൾവി നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി- അയാളുടെ ആത്മ നാശം തന്നെ. അതാണ് ‘മിമിക്രിയ‘ എന്ന കഥ പറയുന്നത്. പക്ഷെ, അത് പുഷ്‌പാംഗദൻ എന്ന മിമിക്രി ആർട്ടിസ്റ്റിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ എല്ലാവരുടെയും പ്രശ്നമായി അത് വളരുകയാണ്. എല്ലാറ്റിനെയും അതേപടി അനുകരിക്കാൻ നാമോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കെ ഒരു ദിനം നമുക്ക് കേൾവി നഷ്ടപ്പെടുകയും നാം എന്താണ് പറയുന്നതെന്ന് നമുക്ക് പോലും കേൾക്കാൻ കഴിയാതാവുകയും ചെയ്യുന്ന bhayologyഅവസ്ഥയെക്കുറിച്ചു ഒന്നാലോചിച്ചു നോക്കൂ. എല്ലാം ചുളുവിന്‌ കിട്ടും എന്ന് കരുതുന്ന നമ്മുടെ പ്രതിനിധി തന്നെയാണ് ‘കാലയോനി‘ എന്ന കഥയിലെ ജയകൃഷ്ണൻ. ജയകൃഷ്ണന് താൻ അറിയാത്ത ഒരു തമ്പുരാനിൽ നിന്ന് ഒസ്യത്തായി വലിയൊരു മാളിക ലഭിക്കുകയാണ്; ഒപ്പം അവിടത്തെ ജംഗമ-സ്ഥാവരങ്ങളെല്ലാം.അതിൽ നളിനി എന്ന പെണ്ണ് കൂടി ഉൾപ്പെടുന്നു. ഒടുവിൽ അവൾ കാട്ടിക്കൊടുക്കുന്ന തുരംഗങ്ങളിൽ ഒന്നിലൂടെ ജയകൃഷ്ണൻ മരണത്തിന്റെ തീരത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന. ‘പ്രേതപുരസ്സരം’ എന്ന കഥയാണ് ഈ സമാഹാരത്തിലെ ക്‌ളാസ്സിക് എന്ന് പറയാം. രമണിയും മുരളിയും ദമ്പതികൾ. അവരെടുക്കുന്ന വാടക വീടാകട്ടെ ഒരു ശ്മാശാനത്തിനു തൊട്ടടുത്ത്. ആദ്യം ഭയക്കുന്ന രമണി ക്രമേണ ശ്മാശാനവും പ്രേതങ്ങളുമായും സഹഭാവം കൈക്കൊള്ളുന്നു. ഓരോ ദിവസവും അധികൃതമായും അനധികൃതമായും ദഹിക്കപെടുന്ന ജഡങ്ങളുമായി അവൾ പ്രണയത്തിലാകുന്നു എന്ന് തന്നെ പറയാം-മുരളിയുടെ മരണം പോലും, മുരളി കാണെ അവൾ കണ്ടു നിൽക്കുന്നു.

യാഥാർഥ്യത്തിനും ഭ്രമാത്മകതയ്ക്കും ഇടയിൽ നിൽക്കുന്ന ലോകമാണ് ജയദേവ് എഴുതിയിടുന്നത്. എന്നാൽ കഥയിൽ ഇത് പുതിയൊരു സങ്കേതമല്ല. ഗോപീകൃഷ്ണന്റെ കഥാസമാഹാരത്തിൽ ഈയൊരു ലോകം കാണാം. എന്നാൽ ജയദേവ് അടുത്ത് നിൽക്കുന്നത്, ജോൺ അബ്രഹാം എഴുതിയ നേർച്ചക്കോഴി എന്ന സമാഹാരത്തിലെ കഥകളോടാണ്. ‘പ്ലാസ്റ്റിക്ക് കണ്ണുകളുള്ള അൾസേഷ്യൻ പട്ടി’, ‘ഒരു കഴുതയുടെ തലയോട് തേടി’, ‘രാമൻ’,’എത്ര മത്തായി’ എന്നൊക്കെയുള്ള കഥകളിലെ ഒരു സെന്സിബിലിറ്റിയാണ് ജയദേവന്റെ കഥകളിലും കാണുന്നത്. ഗോപീകൃഷ്ണനും ജോൺ അബ്രഹാമും കൈകാര്യം ചെയ്യുന്നത് വൈയക്തികഭീതികളും സംശയങ്ങളുമാണെങ്കിൽ, ജയദേവ് സമകാലത്തിന്റെ പൊതു ഭീതികളെയാണ് തന്റെ കഥകളിൽ വരച്ചിടുന്നത്. മുകുന്ദന്റെ പഴയൊരു കഥയിൽ മൈതാന മധ്യത്തു വെച്ച് ഒരു പെൺകുട്ടി മാനഭംഗം ചെയ്യപ്പെടുന്നത് ഒരു ഫ്ളാറ്റിലെ ജാലകത്തിൽ നിന്ന് നോക്കിനിൽക്കുന്ന രണ്ടു സുഹൃത്തുക്കളിലൂടെ നിർവികാരമായ ഒരു ലോകം വിടർന്നു വരുന്നുണ്ട്. എന്നാൽ ജയദേവന്റെ കഥകളിൽ ഉപ്പു പോലെ നാമെല്ലാം എന്നും രുചിക്കുന്ന ഭയത്തിന്റെ പകർപ്പുകളാണ് നാം കാണുന്നത്. വെറുതെ തുടങ്ങുന്ന കൗതുകം മത്തായിയിൽ ഒരു ഒബ്സെഷൻ ആകുന്നത് അയാളുടെ  തന്നെ സ്വഭാവം അത്തരത്തിൽ ഒബ്‌സെസ്സിവ് ആയതുകൊണ്ടാണ്. എന്നാൽ ജയദേവന്റെ കഥകളിൽ വെറുതെയിരിക്കുന്ന മനുഷ്യരെ അവർ ജീവിക്കുന്ന കാലം സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്ക് കൊണ്ട് പോകുന്നു. ജോണും ഗോപീകൃഷ്ണനുമായുള്ള സാദൃശ്യം ശില്പതലത്തിൽ മാത്രമാണ്. അതൊരു കുറവാണെന്നു കരുതേണ്ടതില്ല; കഥയുടെ ഒരു ശില്പരീതിയെ ജയദേവും ഇഷ്ടപ്പെടുന്നുവെന്നേ അതിനര്ഥമുള്ളൂ. പത്തു കഥകളുള്ള ഈ സമാഹാരത്തിലെ ‘ഓർമ്മ കൊണ്ട് മുറിഞ്ഞവൻ’ എന്ന കഥ ഞാൻ രണ്ടു പ്രാവശ്യം വായിക്കാൻ ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു. ആ കഥ ഈ സമാഹാരത്തിനു ആവശ്യമില്ലായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാൻ വിരമിക്കട്ടെ.


വി ജയദേവിന്റെ  നവമലയാളി പ്രസിദ്ധീകരിച്ച  രണ്ട് കഥകൾ –
ഉടൽവീട്
തെമ്മാടിക്കുഴി

Comments

comments