അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 9

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

വ്ലാഡിസ്ലാവ് ലിയോനിഡോവിച് സനാഡ്വാറോവ്

വ്ലാഡിസ്ലാവ് ലിയോനിഡോവിച് സനാഡ്വാറോവ്  1914 സെപ്റ്റംബര്‍ 28ന് യൂറോപ്പ്യന്‍ റഷ്യയിലെ യുറാള്‍ പര്‍വ്വത പ്രദേശങ്ങളുടെ സമീപം കമാ നദിക്കരയിലെ പേം ക്രായ് എന്ന പട്ടണത്തില്‍ ജനിച്ചു. സ്വര്‍ഡ്‌ലോവ്സ്ക് എന്ന സ്ഥലത്ത് താമസിക്കുന്ന കാലത്ത് 1929 ല്‍ ഭൂഗര്‍ഭശാസ്‌ത്രത്തില്‍ ഖനനം പ്രത്യേക വിഷയമായെടുത്ത് എട്ടാം ക്ലാസ്സില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉന്നതപഠനത്തിന് ഹൈസ്കൂളില്‍ ചേര്‍ന്നു.
വ്ലാഡിസ്ലാവ് സനാഡ്വാറോവിന്‍റെ ആത്മകഥയില്‍ അദ്ദേഹം എഴുതി :
“ഭൂഗര്‍ഭഗവേഷകരുടേയും പര്യവേക്ഷകസംഘത്തിന്‍റെയും കൂടെ നാട് മുഴുവന്‍ ചുറ്റിക്കറങ്ങി. അത് ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കാലമായിരുന്നു. ഗൌരവമേറിയ ചുറ്റുപാടുകളുടെ ആകര്‍ഷണത്തില്‍ പെട്ട് ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാന്‍ കഴിഞ്ഞില്ല. സ്കൂള്‍ പുസ്തകങ്ങള്‍ മുഴുവനും മുറിയുടെ ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. പര്യവേക്ഷണഭ്രാന്തില്‍ ഞങ്ങള്‍ വെയിലില്‍ കറുത്ത് കരുവാളിച്ചു.

പഠനം ഉപേക്ഷിച്ച് സനാഡ്വാറോവ് ലെനിന്‍ഗ്രാഡില്‍ പോയി ഒരു ഭൂഗര്‍ഭശാസ്ത്ര ട്രസ്റ്റില്‍ ജോലിക്ക് ചേര്‍ന്നു.1933-34ല്‍ കോലാ പെനിന്‍സുലയിലും, ഉത്ത്രരധ്രുവത്തിനുമപ്പുറം സ്ഥിതി ചെയ്യുന്ന റഷ്യന്‍ പ്രദേശമായ ഫാര്‍ നോര്‍ത്തിലും, ഖസാക്കിസ്ഥാനിലും പര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് പോയി.

1935ല്‍ സനാഡ്വാറോവ് സ്വര്‍ഡ്‌ലോവ്സ്ക് സര്‍വ്വകലാശാലയില്‍ ഭൂഗര്‍ഭശാസ്ത്രപഠനത്തിന് ചേര്‍ന്നു.പിന്നീട് പേമിലേയ്ക്ക് മാറ്റം കിട്ടി. പേമിലെ പ്രാദേശിക സര്‍വ്വകലാശാലയില്‍നിന്നും ഭൂമിശാസ്ത്രപഠനത്തില്‍ ഉയര്‍ന്ന വിജയം നേടി. ജിയോളജിക്കല്‍ അക്കാദമിയില്‍ വീണ്ടും ഉപരിപഠനത്തിനു ചേര്‍ന്നു. അദ്ദേഹം സിദ്ധാന്തങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിവുള്ള ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞന്‍ ആകാന്‍ തീരുമാനിച്ചു. കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വെര്‍ഖ്നെ നൈവിന്‍സ്ക് പട്ടണത്തിലേയ്ക്ക് പോയി. തന്‍റെ പഠന-ഗവേഷണ-വിഷയത്തില്‍ ഉള്ള അതേ താല്‍പ്പര്യം സാഹിത്യത്തിലും കാണിച്ചിരുന്നു. സ്വര്‍ഡ്‌ലോവ്സ്ക് സാഹിത്യപ്രസിദ്ധീകരണമായ ഷ്ടൂം (shturm) മാസികയില്‍ കിസേല്‍ എന്ന കവിതാപരമ്പര പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കൂടാതെ ‘എഞ്ചിനീയറുടെ വഴി’ (engineer’s road) എന്ന ഒരു നീണ്ട കവിതയും പ്രസിദ്ധീകരിച്ചു. മുപ്പതുകളുടെ അവസാനം എഴുത്തുകാരുടെ സംഘം ആയിരുന്ന ദി കട്ടറിലും – the cutter- ( കൊത്തുപണിക്കാരന്‍ ) അംഗമായി. ഇതേ പേരിലുള്ള മാസികയിലും, യുറാള്‍ സമകാലികം ( uralski souvremennik – ural contemporary ), പ്രികാമൈ*** (prikamye ), തുടങ്ങിയ വാര്‍ഷികപ്പതിപ്പുകളിലും ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചു. 1936 ല്‍ “ചെമ്പുപര്‍വതങ്ങള്‍” എന്ന ഒരു കഥ കുട്ടികള്‍ക്കായി പ്രത്യേകം പ്രസിദ്ധീകരിച്ചു. 1941 ല്‍ സനാഡ്വാറോവിന്‍റെ ആദ്യ കവിതാസമാഹാരം “പരപ്പ്‌” – expanse – പേം പ്രസിദ്ധീകരണശാല പുറത്തിറക്കി.

1942 ഫെബ്രുവരിയില്‍ സനാഡ്വാറോവ് പട്ടാളത്തില്‍ ചേര്‍ന്നു. വോള്‍ഗാ നദീതീരത്തുണ്ടായ, സ്റ്റാലിന്‍ഗ്രാഡിനടുത്തുള്ള റോസ്റ്റോവ് ഒബ്ലാസ്റ്റ് ഗ്രാമത്തില്‍ ജര്‍മനിയുമായുള്ള ഏറ്റുമുട്ടലില്‍ 1942 നവംബര്‍ 28 ന് മരിച്ചു – വെറും 28 വയസ്സുള്ളപ്പോള്‍.

അദ്ദേഹത്തിന്‍റെ മറ്റൊരു കാവ്യസമാഹാരം, “രാജ്യസ്നേഹം” (loyalty) 1941ല്‍ ത്തന്നെ പ്രസിദ്ധീകരിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മരണശേഷം 1946 ല്‍ ആണ് പ്രസിദ്ധീകരിച്ചത്.

1945 ല്‍ ‘കൂടാരത്തിലെ വെളിച്ചം’ (camp-lights) പുറത്തിറങ്ങി . തുടര്‍ന്ന് 1953 ല്‍ ‘തിരഞ്ഞെടുത്ത കവിതകള്‍’ (selected poems) ചെറുകഥാ സമാഹാരം എന്നിവയും 1954ല്‍ “ധീരതയുടെ കൊടുങ്കാറ്റ്” ( the wind of valour ) പുറത്തിറങ്ങി.


എന്‍റെ രാജ്യം

എന്‍റെ രാജ്യം – മൂലം: വ്ലാഡിസ്ലാവ് സനാഡ്വാറോവ്
ആംഗലേയ പരിഭാഷ –  ഡോറിയന്‍ റൊട്ടന്‍ബെര്‍ഗ്
മലയാള പരിഭാഷ – അച്യുതന്‍ വടക്കേടത്ത് രവി
…………………………………………………………………………
യുദ്ധക്കളത്തിലെ വിശാലതകളിലൂടെ നടക്കുമ്പോള്‍
ഒരു ഇടുങ്ങിയ നടപ്പാത കാണാം-
അതു ചെന്നെത്തുന്നത്
കുന്നുകള്‍ക്കപ്പുറം വളരെ അകലെയുള്ള
ഒരു ഗ്രാമത്തില്‍, എന്‍റെ നാട്ടില്‍.
അവിടെ പ്രാപ്പിടിയന്മാര്‍ വട്ടം കറങ്ങുന്നുണ്ട്.

കമാ*നദിക്കരയിലാണ് വനനിബഡമായ എന്‍റെ രാജ്യം.
നദിയുടെ മുകളില്‍ക്കൂടെ മിന്നല്‍വേഗത്തില്‍
മീവല്‍പ്പക്ഷികള്‍ എപ്പോഴും പറക്കുന്നതു കാണാം.
പഴുത്തു പാകമായ കറുത്ത മുന്തിരിക്കുലകള്‍ –
സുന്ദരികളുടെ ആര്‍ദ്രമായ
കറുത്ത കണ്ണുകളാണെന്നു തോന്നും –
സത്ത് നിറച്ച് തൂങ്ങി നില്‍ക്കുന്നു.

കാടിന്‍റെ അതിര്‍ത്തിയില്‍,
കൊടുമുടികളുടേയും അപ്പുറത്ത്,
രാവിലത്തെ മഞ്ഞുതുള്ളികളേറ്റ്
പുല്‍നാമ്പുകള്‍ വിറകൊള്ളുന്നു.
ഇടിമിന്നലേറ്റ് പിളര്‍ന്ന ചില്ലകള്‍
മുറിഞ്ഞു വീഴുന്നത് ഞാന്‍ കാണുന്നു.

ഞങ്ങള്‍ ചെറുപ്പക്കാര്‍,
പുല്‍പ്പടര്‍പ്പിന്‍റെ നിഗൂഢതകളിലിരുന്ന്
പൂര്‍വ്വകഥകള്‍ കേള്‍ക്കുകയാണ്-
വോള്‍ഗാ നദികളില്‍ക്കൂടി പഗാഷോവി**നോടൊപ്പം
സമൂഹത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ട യുവാക്കള്‍
ധീരമായ ആക്രമണത്തിന് പോയ കഥകള്‍.

നദിക്കരയില്‍ എന്‍റെ പൂര്‍വ്വീകരുടെ ശവക്കല്ലറകളില്‍
സ്ഥാപിച്ച കുരിശുകള്‍ക്കു മീതെ,
ഭൂര്‍ജ്ജവൃക്ഷച്ചില്ലകളില്‍നിന്നും,
യാതൊരു നിയന്ത്രണവുമില്ലാതൊഴുകുന്ന
എന്‍റെ കവിതകളേക്കാളും ഭംഗിയുള്ള
ചുകന്ന പൂക്കള്‍ തൂങ്ങിയാടുന്നു
മനഃസമാധാനമുള്ള യുദ്ധവിരാമകാലം പോലെ.

വീട്ടില്‍നിന്നും എത്ര ദൂരെ പോയാലും
നടന്നു നടന്നു എത്ര തളര്‍ന്നാലും
ആയിരം നക്ഷത്രങ്ങള്‍
എന്‍റെ മേല്‍ ഉതിര്‍ത്തുകൊണ്ട്
എന്‍റെ നാട് എന്നെ നോക്കി ചിരിക്കും
നാടിന്‍റെ ഉപ്പും രുചിയും
എന്നെ എപ്പോഴും സ്വീകരിക്കും.

മേഘാവൃതമായ പര്‍വ്വത ശൃംഗങ്ങള്‍ക്കിടയില്‍ നിന്നും
കമാ ടാട്ടാര്‍ നദി മലവെള്ളപ്രവാഹംപോലെ
ഗാംഭീര്യത്തോടെ ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.
കൂട്ടുകാരോ ബന്ധുക്കളോ സ്ത്രീകളോ
എന്‍റെ രാജ്യത്തെപ്പോലെ എന്നെ സ്നേഹിച്ചിട്ടില്ല.

……………………………………………………………………….
* – കമാ ടാട്ടാര്‍ : റഷ്യയിലെ പ്രധാന നദികളില്‍ ഒന്ന്. വോള്‍ഗാ നദിയുടെ ഇടത്തുഭാഗത്തുള്ള പോഷകനദി. ഏറ്റവും കൂടുതല്‍ നീരൊഴുക്കുള്ള നദി. വോള്‍ഗയുടേയും കമാ ടാട്ടാറിന്‍റെയും സംഗമസ്ഥാനത്തെത്തുന്നതിനും മുന്നേ കമാ ടാട്ടാര്‍, വോള്‍ഗയേക്കാള്‍ വിസ്താരമുള്ളതാണ്.

** – റഷ്യന്‍ രാജാവകാശം ഉന്നയിച്ച് കാതറിന്‍ II ന്‍റെ ഭരണകാലത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച യെമെലിന്‍ ഇവാനോവിച് പഗാഷോവ് (ജനനം ഏകദേശം 1742 – ജനുവരി 21 മരണം 1775 ജനുവരി 10).ഈ കലാപത്തിന്‍റെ പ്രശസ്തമായ ഒരു ചരിത്രംതന്നെ അലക്സാണ്ടര്‍ പുഷ്കിന്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല പുഷ്കിന്‍റെ നോവല്‍ ആയ ‘കപ്പിത്താന്‍റെ പുത്രി’ – the captain’s daughter (1836).–യില്‍ അദ്ദേഹം ഈ പ്രക്ഷോഭത്തേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
* – കമാലാന്‍റ് “kamalanad” എന്നുകൂടി അറിയപ്പെടുന്ന പ്രികാമൈ, കമാ നദിക്കരയിലെ ഒരു പ്രദേശം – നേരത്തെ സൂചിപ്പിച്ച പേം ക്രായ്. കിഴക്കന്‍ യൂറോപ്യന്‍ സമതലത്തിന്‍റെ കിഴക്കുഭാഗത്ത് മദ്ധ്യ യൂറാള്‍ പര്‍വ്വത പ്രദേശത്തിന്‍റെ പടിഞ്ഞാറന്‍ ചെരുവിലും ആയി അതിഥി ചെയ്യുന്നു. റഷ്യയിലെ യൂറോപ്യന്‍ പ്രദേശം ആണ്.


 

Comments

comments